Saturday, December 8, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 10


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


യുദ്ധം ആരംഭിച്ച സമയത്ത് ഫ്രാൻസിൽ കുടുങ്ങിപ്പോയതായിരുന്നു എൽസാ വോൺ ഹാൾഡർ പ്രഭുകുമാരിയും മാതാവും. അവൾക്ക് ഇരുപത്തിരണ്ട് വയസ്സുള്ളപ്പോഴാണ് ഫ്രാൻസിലെ സോം നദീ തീരത്ത് ആംഗ്ലോ ഫ്രഞ്ച് സംയുക്തസേനയും ജർമ്മൻ സേനയുംതമ്മിലുള്ള പോരാട്ടത്തിൽ ഒരു ഇൻഫൻട്രി ജനറൽ ആയ അവളുടെ പിതാവ് കൊല്ലപ്പെടുന്നത്. ഇടിഞ്ഞ് വീഴാറായ പഴയ ഒരു കൊട്ടാരവും എസ്റ്റേറ്റും മാത്രമേ പുരാതന പ്രഷ്യൻ കുടുംബാംഗമായ അവൾക്ക് സ്വന്തമായിട്ടെന്ന് പറയുവാൻ ഉണ്ടായിരുന്നുള്ളൂ. ദൈനംദിനാവശ്യത്തിന് പോലും പണം ഇല്ലാതിരുന്ന അവസ്ഥ. ദിനങ്ങൾ കടന്നു പോകവേ കെൽസോ അവളുമായി കൂടുതൽ അടുത്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തന്റെ കുടുംബത്തിന്റെ ഉന്നത സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചുള്ള കഥകൾ പൊടിപ്പും തൊങ്ങലും വച്ച് അദ്ദേഹം അവളെ പറഞ്ഞു കേൾപ്പിച്ചു. അവരുടെ ജീവിതത്തിൽ പൊതുവായ ഒന്നുണ്ടായിരുന്നു. ഇരുവരുടെയും അമ്മമാർ മരണമടഞ്ഞത് 1916 ൽ ആയിരുന്നു. അതും ക്യാൻസർ ബാധയെ തുടർന്ന്.

ആശുപത്രിയിൽ എത്തിയിട്ട് മൂന്ന് ആഴ്ചയോളമാകുന്നു. പരിക്കേറ്റ മറ്റ് സൈനിക ഓഫീസർമാരോടൊപ്പം ടെറസിൽ ഇരുന്ന് താഴത്തെ പുൽത്തകിടിയിലേക്ക് കണ്ണും നട്ട് വെയിൽ കായവെ രോഗികളോട് കുശലാന്വേഷണം നടത്തി നടന്നടുക്കുന്ന എൽസയെ അദ്ദേഹം കണ്ടു. തന്റെ കൈയിൽ ഉണ്ടായിരുന്ന പാക്കറ്റ് അവൾ കെൽസോയുടെ നേർക്ക് നീട്ടി.

"ഫീൽഡ് പോസ്റ്റാണ്..."

"അതൊന്ന് തുറക്കാമോ...?" അദ്ദേഹം ചോദിച്ചു.

ചെറിയ ലെതർ ബോക്സിനോടൊപ്പം ഒരു കത്ത് കൂടിയുണ്ടായിരുന്നു അതിനുള്ളിൽ.

"ജാക്ക്... ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണല്ലോ ഇത്... നിങ്ങൾക്ക് ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് ഓർഡർ ബഹുമതി ലഭിച്ചിരിക്കുന്നു..." അത് പുറത്തെടുത്ത് അവൾ ഉയർത്തിക്കാണിച്ചു. "സന്തോഷം തോന്നുന്നില്ലേ ജാക്ക്...?"

"തീർച്ചയായും... അങ്ങനെ, ഒരു മെഡലും കൂടി ലഭിച്ചിരിക്കുന്നു... ഇനി എനിക്ക് ഒന്നിന്റെ കുറവ് കൂടിയുണ്ട്... അത് നീയാണ്..." അദ്ദേഹം അവളുടെ കരം കവർന്നു. "എന്നെ വിവാഹം കഴിക്കൂ എൽസാ... നോക്കൂ, നീ സമ്മതിക്കുന്നത് വരെയും ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും..."

അവൾക്ക് വിസമ്മതം ഒന്നും ഉണ്ടായിരുന്നില്ല. "സമ്മതിച്ചിരിക്കുന്നു... പക്ഷേ, നിങ്ങളുടെ പിതാവിന്റെ സമ്മതം കൂടി വേണ്ടേ...?" അവൾ ആരാഞ്ഞു.

"ഓ, സ്റ്റേറ്റ്സിലേക്ക് കത്തയച്ച് അതിന് മറുപടിയൊക്കെ വരുവാൻ വളരെയേറെ സമയമെടുക്കും. മാത്രവുമല്ല, മറ്റ് പല ഗുണങ്ങളോടൊപ്പം ഒരു പൊങ്ങച്ചക്കാരൻ കൂടിയാണ് അദ്ദേഹം... അതുകൊണ്ട് നിന്നെ അദ്ദേഹത്തിന് ഇഷ്ടമാകാതിരിക്കുന്ന പ്രശ്നമില്ല... അതുപോലെ തന്നെ ബോസ്റ്റൺ സമൂഹവും നിന്നെ സ്വീകരിക്കും... ഇക്കാര്യത്തിൽ ഇനി വച്ച് താമസിപ്പിക്കേണ്ടതില്ല... ഇവിടെ ഒരു പുരോഹിതൻ ഉണ്ടല്ലോ... എപ്പോൾ നാം തീരുമാനിക്കുന്നുവോ ആ നിമിഷം നമ്മുടെ വിവാഹം നടത്തി തരുവാൻ അദ്ദേഹം തയ്യാറാണ്..."

"ഓ, ജാക്ക്... യൂ ആർ എ നൈസ് മാൻ... സച്ച് എ നൈസ് മാൻ..."

"എൽസാ... യുദ്ധത്തിൽ ജർമ്മനി പരാജയപ്പെടാൻ പോകുകയാണെന്നതിൽ ഒരു സംശയവുമില്ല... നശിച്ചുകൊണ്ടിരിക്കുന്ന ഒരു കൊട്ടാരവും എസ്റ്റേറ്റും അല്ലാതെ സാമ്പത്തികമായി എന്ത് വരുമാന മാർഗ്ഗമാണ് നിനക്കവിടെയുള്ളത്...? ഐ വിൽ ടേക്ക് കെയർ ഓഫ് യൂ... ഞാൻ വാക്ക് തരുന്നു..." അദ്ദേഹം അവളുടെ കരം കവർന്നു. "കമോൺ... നിന്റെ നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത്... എന്നെ വിശ്വസിക്കൂ..."

ആ വാക്കുകളിൽ അവൾ വീണു. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് അവർ വിവാഹിതരായി... അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. തിരിച്ചു ചെന്നാൽ ജർമ്മനിയിൽ അവൾക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

പാരീസിൽ ആയിരുന്നു അവരുടെ മധുവിധു. ലോകോത്തരം, അലൗകികം എന്നൊന്നും വിശേഷിപ്പിക്കാനാവില്ലായിരുന്നു അവരുടെ പ്രണയത്തെ. തന്നോടുള്ള  പ്രിയം കൊണ്ടൊന്നുമല്ല അവൾ വിവാഹത്തിന്‌ സമ്മതിച്ചതെന്ന് കെൽസോയ്ക്ക് അറിയാമായിരുന്നു. കാലിനേറ്റ പരിക്കിനെ തുടർന്ന് അദ്ദേഹത്തിനുണ്ടായ മുടന്ത് ശരിയാക്കുവാൻ ഫിസിയോ തെറാപ്പി ആവശ്യമായിരുന്നു. ഉടൻ തന്നെ പാരീസിലെ ഒരു റെഡ് ക്രോസ് ഹോസ്പിറ്റലിലേക്ക് അവൾക്ക് മാറ്റം ലഭിച്ചു. അധികം താമസിയാതെ അവൾ ഗർഭിണിയാവുകയും അതിനെത്തുടർന്ന് സ്റ്റേറ്റ്സിലേക്ക് പോകുവാൻ കെൽസോ അവളെ നിർബ്ബന്ധിക്കുകയും ചെയ്തു.

"നമ്മുടെ കുഞ്ഞ് ജനിക്കേണ്ടത് എന്റെ നാട്ടിലാണ്... അതിനെക്കുറിച്ച് ഒരു തർക്കം വേണ്ട..." കെൽസോ പറഞ്ഞു.

"നിങ്ങളും കൂടി വരണം ജാക്ക്... നിങ്ങളുടെ കാൽ ഇനിയും ശരിയായിട്ടില്ല... കേണൽ കാർസ്റ്റേഴ്സിനോട് ഞാൻ സംസാരിച്ചിരുന്നു... നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഡിസ്ചാർജ് തരാമെന്നാണ് അദ്ദേഹം പറഞ്ഞത്..."

"എൽസാ... നീ എന്താണീ ചെയ്തത്...? ഇനിയൊരിക്കലും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുത്..." ഒരു നിമിഷം അദ്ദേഹം മറ്റൊരാൾ ആയത് പോലെ തോന്നി. പതിനഞ്ച് ജർമ്മൻ പോർവിമാനങ്ങളെ വെടിവച്ച് വീഴ്ത്തിയ വീരയോദ്ധാവ്... പിന്നെ അദ്ദേഹത്തിന്റെ മുഖത്ത് ആ പുഞ്ചിരി വിരിഞ്ഞു. വീണ്ടും ആ പഴയ ജാക്ക് കെൽസോ ആയി മാറി. "പ്രിയേ, എനിക്ക് പൊരുതുവാനായി യുദ്ധം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്... മാത്രവുമല്ല, അമേരിക്കയും കൂടി യുദ്ധത്തിൽ പങ്ക് ചേർന്നതോടെ അധികകാലം നീളുമെന്നും തോന്നുന്നില്ല... നിനക്കൊരു കുഴപ്പവും സംഭവിക്കില്ല... എന്റെ പിതാവിന് വളരെ സന്തോഷവുമാകും നിന്നെ കാണുമ്പോൾ..."

അങ്ങനെ അവൾ അമേരിക്കയിലേക്ക് കപ്പൽ മാർഗ്ഗം യാത്ര തിരിച്ചു. അളവറ്റ ആഹ്ലാദത്തോടെ ആയിരുന്നു ആബെ കെൽസോ അവളെ സ്വീകരിച്ചത്. ബോസ്റ്റണിലെ സമൂഹ സദസ്സുകളിൽ അവൾ ഒരു നിറസാന്നിദ്ധ്യം തന്നെയായിരുന്നു.
ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തോടെ അവളുടെ സന്തോഷം മൂർദ്ധന്യത്തിലെത്തി. മൂത്തവന് അവളുടെ പിതാവിന്റെ പേരായ മാക്സ് എന്നും ഇളയവന് ആബെയുടെ പിതാവിന്റെ പേരായ ഹാരി എന്നും നാമകരണം ചെയ്യപ്പെട്ടു.

പടിഞ്ഞാറൻ യുദ്ധനിരയിൽ ആയിരുന്ന ജാക്ക് കെൽസോ തന്റെ മക്കളുടെ ജനന വാർത്ത ടെലിഗ്രാഫ് സന്ദേശം വഴിയാണ് അറിഞ്ഞത്. അമേരിക്കൻ വ്യോമസേനയിൽ ചേരാതെ അപ്പോഴും അദ്ദേഹം റോയൽ ഫ്ലൈയിങ്ങ് കോർപ്സിൽത്തന്നെ ആയിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇതിനോടകം ലെഫ്റ്റ്നന്റ് കേണൽ പദവിയിൽ എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം‌. അവശേഷിച്ചിരുന്ന അപൂർവ്വം സീനിയർ വൈമാനികരിൽ ഒരാൾ...  ഇരുപക്ഷത്തും കനത്ത ആൾനാശമാണ് യുദ്ധത്തിൽ സംഭവിച്ചു കൊണ്ടിരുന്നത് എന്നതായിരുന്നു കാരണം. അങ്ങനെയിരിക്കെ പെട്ടെന്നൊരു നാൾ യുദ്ധമങ്ങ് അവസാനിച്ചു. അതെ, ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷമായിരുന്നു അത്.

                                      ***

ബോസ്റ്റണിൽ ഇറങ്ങിയ ജാക്ക് കെൽസോ യൂണിഫോം പോലും മാറാതെ ബെഡ്റൂമിൽ ഓടിയെത്തി. വല്ലാതെ മെലിഞ്ഞ് ശോഷിച്ച് ക്ഷീണിതനായ അദ്ദേഹത്തിന് ഉള്ളതിലും ഏറെ പ്രായം തോന്നിച്ചിരുന്നു. സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുന്ന തന്റെ മക്കളെ നിർന്നിമേഷനായി നോക്കിക്കൊണ്ട് അദ്ദേഹം നിന്നു. ഒട്ടു ഭയത്തോടെ ഒരു അപരിചിതനെയെന്ന പോലെ അദ്ദേഹത്തെ മിഴിച്ചു നോക്കിക്കൊണ്ട് എൽസ വാതിൽക്കൽത്തന്നെ നിന്നു.

"ഫൈൻ..." കെൽസോ പറഞ്ഞു. "ദേ ലുക്ക് ഫൈൻ... വരൂ, നമുക്ക് താഴോട്ട് പോകാം..."

വിശാലമായ ആ സ്വീകരണമുറിയിലെ നെരിപ്പോടിനരികിൽ ആബെ കെൽസോ നിൽക്കുന്നുണ്ടായിരുന്നു. കറുത്ത തലമുടിയുമായി ജാക്കിന്റെ അതേ രൂപഭാവങ്ങളായിരുന്നു അദ്ദേഹത്തിനും. ജാക്കിനെക്കാൾ അൽപ്പം കൂടി ഉയരമുണ്ടെന്നതൊഴിച്ചാൽ അവർ തമ്മിൽ പറയത്തക്ക വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല.

"ഇത്രയും മെഡലുകൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, ജാക്ക്..." ഷാംപെയ്ൻ നിറച്ച രണ്ട് ഗ്ലാസുകൾ എടുത്തിട്ട് അദ്ദേഹം തന്റെ മകനും ഭാര്യക്കും നൽകി.

"അതെ..‌‌. കുറെയധികമുണ്ട്..." ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കിയിട്ട് ജാക്ക് പറഞ്ഞു.

"പോയ വർഷം ശരിക്കും കഷ്ടപ്പെട്ടു അല്ലേ മകനേ...?" വീണ്ടും ഗ്ലാസ്സ് നിറച്ചു കൊടുത്തുകൊണ്ട് ആബെ കെൽസോ ചോദിച്ചു.

"ഒന്നും പറയണ്ട... ജീവനോടെ തിരികെയെത്താൻ സാധിച്ചത് തന്നെ ഭാഗ്യം... സഹപ്രവർത്തകരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു..." ജാക്ക് കെൽസോ നിർവ്വികാരനായി പുഞ്ചിരിച്ചു.

"വല്ലാത്തൊരു ദുരന്തം തന്നെ..." എൽസ പറഞ്ഞു.

"പക്ഷേ, അതാണ് വാസ്തവം..." അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. "അതൊക്കെ പോട്ടെ... നമ്മുടെ മക്കളുടെ തലമുടി കണ്ടില്ലേ... നരച്ച് വെളുത്തത് പോലെ ഇരിക്കുന്നു..." പുക ഊതി പുറത്തേക്ക് വിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

"പാതി ജർമ്മൻ അല്ലേ അവർ...?" അവൾ ചോദിച്ചു.

"ആങ്ഹ്‌... അതവരുടെ കുറ്റമല്ലല്ലോ..." അദ്ദേഹം പറഞ്ഞു. "ബൈ ദി വേ... അവിടുത്തെ എന്റെ പേഴ്സണൽ സ്കോർ എത്രയാണെന്നറിയുമോ...? നാൽപ്പത്തിയെട്ട് വിമാനങ്ങൾ..."

എൽസ അദ്ദേഹത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ഹോസ്പിറ്റലിൽ വച്ച് കണ്ട ജാക്ക് കെൽസോയിൽ നിന്നും ഒട്ടേറെ മാറിപ്പോയിരിക്കുന്നു തന്റെ ഭർത്താവ്. ശരീരം ക്ഷീണിച്ച് അവശനായത് പോലെ... അന്തരീക്ഷം അൽപ്പമെങ്കിലും സന്തോഷദായകമാക്കി നിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നത് ആബെ ആയിരുന്നു. 

"ജാക്ക്... ഇനിയിപ്പോൾ എന്ത് ചെയ്യാനാണ് നിന്റെ ഉദ്ദേശ്യം...? ഹാർവാർഡിൽ തിരികെ പ്രവേശിച്ച് നിയമ ബിരുദ പഠനം പൂർത്തിയാക്കുന്നോ...? എങ്കിൽ ഏതെങ്കിലും കമ്പനിയിൽ ഒരു ജോലി ലഭിക്കുവാൻ ഒരു പ്രയാസവുമുണ്ടാകില്ല..."

"യൂ മസ്റ്റ് ബീ ജോക്കിങ്ങ്... എനിക്ക് വയസ്സ് ഇരുപത്തി മൂന്നായി... അവിടെ ആ ട്രെഞ്ചുകളിൽ കിടന്ന് പോരാട്ടം നടത്തിയ വർഷങ്ങൾ കൂടി കണക്കിലെടുക്കണം... നൂറ് കണക്കിന് ആൾക്കാരെയാണ് ഞാൻ കൊന്നൊടുക്കിയിട്ടുള്ളത്... ഹാർവാർഡുമില്ല, ഒരു കമ്പനിയുമില്ല... അമ്മയുടെ ഓർമ്മക്കായി രൂപീകരിച്ച ട്രസ്റ്റിലെ പണം എനിക്കുള്ളതാണ്... ഞാൻ എന്റെ ജീവിതം ആസ്വദിക്കാൻ പോകുകയാണ്..." അദ്ദേഹം തന്റെ ഗ്ലാസ്സ് കാലിയാക്കി. "എക്സ്ക്യൂസ് മീ... എനിക്കൊന്ന് ബാത്ത്റൂമിൽ പോകണം..."

മുടന്തിക്കൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നു. ആബെ കെൽസോ അൽപ്പം ഷാംപെയ്ൻ എൽസയുടെ ഗ്ലാസ്സിലേക്ക് പകർന്നു. "നോക്കൂ മകളേ... അവൻ കുറേയേറെ അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു... അൽപ്പമൊക്കെ വിട്ടുവീഴ്ച നമ്മളും ചെയ്തല്ലേ പറ്റൂ..."

"അദ്ദേഹത്തിന് വേണ്ടി താങ്കൾ ക്ഷമാപണം നടത്തേണ്ട ആവശ്യമില്ല..." അവൾ ഗ്ലാസ് താഴെ വച്ചു. "ഞാൻ വിവാഹം കഴിച്ച ആ ജാക്ക് കെൽസോ അല്ല ഇത്... അദ്ദേഹം ഇപ്പോഴും ആ നശിച്ച ട്രെഞ്ചുകളിലെവിടെയോ ആണ്... അദ്ദേഹം അവിടെ നിന്നും പുറത്ത് വന്നിട്ടില്ല..."

ആ പറഞ്ഞത് യാഥാർത്ഥ്യത്തിൽ നിന്നും അത്രയൊന്നും അകലെ അല്ലായിരുന്നു. കാരണം, പിന്നീടുള്ള വർഷങ്ങളിലെ ജാക്ക് കെൽസോയുടെ ജീവിതം അത്തരത്തിലായിരുന്നു. യാതൊന്നിലും ശ്രദ്ധയില്ലാതെ, ജീവിച്ചാലെന്ത് മരിച്ചാലെന്ത് എന്ന മട്ടിലുള്ള ജീവിതം... കാർ റേസിങ്ങിലുള്ള അദ്ദേഹത്തിന്റെ കമ്പം കുപ്രസിദ്ധമായിരുന്നു. പലപ്പോഴായി പിന്നെയും വിമാനം പറത്തുവാൻ അദ്ദേഹം പോയി. മൂന്ന് തവണ ക്രാഷ് ലാന്റിങ്ങ് നടത്തി... മദ്യനിരോധനത്തിന്റെ സമയത്ത് മദ്യം കടത്തുവാനായി അദ്ദേഹം തന്റെ മോട്ടോർ ബോട്ട് ഉപയോഗിക്കുക പോലുമുണ്ടായി. അത്രക്കും ആസക്തിയായിരുന്നു അദ്ദേഹത്തിന് മദ്യത്തോട്.

ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹം തന്റെ ഭാര്യയോട് വളരെ മാന്യമായിത്തന്നെയാണ് പെരുമാറിയിരുന്നത്. തിരിച്ച് എൽസയുടെ സമീപനവും  അതേ രീതിയിൽ തന്നെയായിരുന്നു. നല്ലൊരു ഭാര്യയായി, കുലീനയായ ഒരു ആതിഥേയ ആയി, സ്നേഹമയിയായ ഒരു മാതാവായി അവൾ നിലകൊണ്ടു. മാക്സിനും ഹാരിയ്ക്കും അവൾ എല്ലായ്പ്പോഴും തങ്ങളുടെ പ്രീയപ്പെട്ട 'മൂട്ടി' ആയിരുന്നു. (*മൂട്ടി - ജർമ്മൻ ഭാഷയിൽ അമ്മ എന്നർത്ഥം) അവൾ അവരെ ഫ്രഞ്ചും ജർമ്മനും കൂടി പഠിപ്പിച്ചു. അവർ അവളെ അളവറ്റ് സ്നേഹിച്ചു. എന്നാൽ അതിനേക്കാളും ഒരു പിടി മുകളിലായിരുന്നു മുഴുക്കുടിയനും വാർ ഹീറോയുമായ തങ്ങളുടെ പിതാവിനോടുള്ള അവരുടെ സ്നേഹം.

ഇതിനിടയിൽ ഒരു പഴയ ബ്രിസ്റ്റൾ പോർവിമാനം സ്വന്തമായി വാങ്ങുവാൻ ജാക്ക് കെൽസോക്ക് കഴിഞ്ഞു. റോയൽ ഫ്ലൈയിങ്ങ് കോർപ്സിലെ മുൻ വൈമാനികനായ റോക്കി ഫാർസന്റെ ഉടമസ്ഥതയിലുള്ള ബോസ്റ്റണിലെ ഫ്ലൈയിങ്ങ് ക്ലബ്ബിലായിരുന്നു അദ്ദേഹം വിമാനം സൂക്ഷിച്ചിരുന്നത്. കുട്ടികൾക്ക് പത്ത് വയസ്സ് തികഞ്ഞ ആ ദിവസം തന്നെ അദ്ദേഹം അവരെ കോക്ക്പിറ്റിന് പിറകിൽ ഇരുത്തി ആകാശയാത്ര നടത്തി. അവർക്കുള്ള ജന്മദിന സമ്മാനം എന്നായിരുന്നു അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. കുട്ടികൾ കുറച്ചൊന്നുമല്ല അത് ആസ്വദിച്ചത്. എന്നാൽ വിവരം അറിഞ്ഞ എൽസ,  ഇനി ഇത് ആവർത്തിച്ചാൽ താൻ ജാക്കിനെ ഉപേക്ഷിച്ച് പോകുമെന്ന് ഭീഷണിപ്പെടുത്തി.

പതിവ് പോലെ ആബെ ആയിരുന്നു അവർക്കിടയിലെ മദ്ധ്യസ്ഥൻ. ജാക്ക് മുഴുക്കുടിയൻ ആയിരുന്നത് കൊണ്ട് മിക്കപ്പോഴും എൽസയുടെ പക്ഷം ചേർന്ന് നിന്ന് ആബെ ആ വീട്ടിൽ സമാധാനം നിലനിർത്തുവാൻ പരിശ്രമിച്ചു. എങ്കിലും അളവറ്റ സ്വത്തിന്റെ ഉടമയായ ജാക്കിന് കടിഞ്ഞാണിടാൻ അവർ ഇരുവർക്കും ആയില്ല.

ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയെട്ടും ഇരുപത്തിയൊമ്പതും കടന്നു പോയി. വിവാഹ ബന്ധത്തെക്കുറിച്ചുള്ള തന്റെ മിഥ്യാധാരണകളിൽ നിന്നൊക്കെ അപ്പോഴേക്കും അവൾ മോചനം നേടിക്കഴിഞ്ഞിരുന്നു. അമേരിക്കയോട് പോലും മനസ്സിൽ വെറുപ്പ് തോന്നിത്തുടങ്ങിയ കാലം. ആബെയോടുള്ള പിതൃതുല്യമായ സൗഹൃദവും മക്കളോടുള്ള വാത്സല്യവും കൊണ്ട് മാത്രമാണ് അവൾ അവിടെത്തന്നെ പിടിച്ചു നിന്നത്. മക്കൾ ഇരുവരുടെയും രൂപത്തിലുള്ള സാദൃശ്യം അത്ഭുതകരമായിരുന്നു. കോലൻ ചെമ്പൻ മുടി, ഹരിതനിറം കലർന്ന കണ്ണുകൾ, ഉയർന്ന് നിൽക്കുന്ന ജർമ്മൻ കവിളെല്ലുകൾ, അവരുടെ സ്വരം എന്ന് വേണ്ട, ചേഷ്ടകൾ പോലും ഒരുപോലെ ആയിരുന്നു. ഇരുവരെയും തമ്മിൽ തിരിച്ചറിയുവാൻ ജന്മനാ ഉള്ള അടയാളങ്ങളോ എന്തെങ്കിലും മുറിപ്പാടുകളോ പോലും ഉണ്ടായിരുന്നില്ല. പലപ്പോഴും അവരെ തമ്മിൽ തിരിച്ചറിയുവാൻ എൽസയ്ക്കോ ആബെയ്ക്കോ പോലും സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ആൾമാറാട്ടം നടത്തി എല്ലാവരെയും വിഡ്ഢികളാക്കുക എന്നത് മാക്സിന്റെയും ഹാരിയുടെയും ഇഷ്ട വിനോദമായിരുന്നു. എല്ലാ കാര്യത്തിലും മറ്റെങ്ങും കാണാത്ത പരസ്പര ഐക്യം... എപ്പോഴെങ്കിലും അവർ തമ്മിൽ വഴക്ക് കൂടിയിട്ടുണ്ടെങ്കിൽ അത് ടർക്വിന്റെ ഉടമസ്ഥാവകാശത്തിന് വേണ്ടി മാത്രമായിരുന്നു. കേവലം പത്ത് മിനിറ്റ് നേരത്തെ ജനിച്ചതിനെത്തുടർന്നാണ് മാക്സ് ഔദ്യോഗികമായി ബാരൺ വോൺ ഹാൾഡർ അതായത് ഹാൾഡർ പ്രഭുകുമാരൻ ആയി മാറിയത് എന്ന വസ്തുതയൊന്നും അവരെ തെല്ലും അലട്ടിയില്ല.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


32 comments:

  1. നല്ലൊരു വായനാനുഭവം..ആശംസകൾ വിനുവേട്ടാ

    ReplyDelete
    Replies
    1. ഇത്തവണ പുനലൂരാൻ ആദ്യം തന്നെ എത്തിയല്ലോ... സന്തോഷം...

      Delete
  2. ജാക്ക്നെ ഇനി കാത്തിരിക്കുന്നതെന്തായിരിക്കും?

    ReplyDelete
    Replies
    1. ങ്‌ഹും... അത്... അത് ഇപ്പോൾ പറയണോ സുചിത്രാജീ... :(

      Delete
  3. ആകാംഷയോടെ വായിച്ചു വിനുവേട്ടാ...

    ReplyDelete
  4. മാക്സിന്റെയും ഹാരിയുടെയും രൂപ സാദൃശ്യം കഥയുടെ പുരോഗതിയിൽ പിന്നീടെപ്പോഴെങ്കിലും പ്രയോജനപ്പെടുമായിരിയ്ക്കുമല്ലേ

    ReplyDelete
    Replies
    1. അതല്ലേ അതിന്റെ ഇത്..

      Delete
    2. അദന്നേ... നമ്മൾ മനസ്സിൽ കാണുമ്പോഴേക്കും ശ്രീ അത് മാനത്ത് കാണും... പത്ത് തലയാ... തനി രാവണനാ... :)

      Delete
  5. നന്നായിരിക്കുന്നു.. അടുത്ത ഭാഗത്തിനായി കാത്തു നിൽക്കുന്നു.

    ReplyDelete
  6. പശ്ചാത്തല വിവരണം ആയതുകൊണ്ടാവണം, പതിവുള്ള ‘ഫീൽ’ കിട്ടിയില്ല എന്നാണ് എനിക്ക് പറയാനുള്ളത്.. (അതോ, മൊബൈൽ വഴിയുള്ള വിവർത്തനത്തിന്റെ പരാധീനതയോ?)

    ഇരട്ടകളുടെ വീരസാഹസിക കഥകൾക്കായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. അത് ആക്ഷൻ സീനുകൾ ഒന്നും ഇല്ലാത്തതു കൊണ്ടാ ജിം... അതിനൊക്കെ ഇത്തിരീം കൂടി കഴിയണം... മൊബൈൽ വിവർത്തനം ആയത് കൊണ്ട് ക്വാളിറ്റിയെ ബാധിക്കുകയൊന്നും ഇല്ലാട്ടോ...

      Delete
  7. ടർക്ക്വിനുവേണ്ടിമാത്രം വഴക്ക്‌ കൂടുന്ന സഹോദരങ്ങൾ. എന്താലെ ടർക്ക്വിൻ. പുതിയ പദം "മൂട്ടി" കിട്ടി😀

    ReplyDelete
    Replies
    1. ഈ പദം അങ്ങനെ തന്നെ ഉപയോഗിക്കണോ അതോ "അമ്മ" എന്ന് വിവർത്തനം ചെയ്യണമോ എന്ന് ഒരുപാട് നേരം ചിന്തിച്ചു ഞാൻ... ജർമ്മനിയുടെ വടക്കൻ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള വാക്കാണ് "മൂട്ടി"... മാതാവിനോടുള്ള അതുല്യമായ സ്നേഹവും വാത്സല്യവും അവർ പ്രകടിപ്പിക്കുന്നത് " മൂട്ടി" എന്ന അഭിസംബോധനയിലൂടെയാണ്... അതിനാൽ ഈ നോവലിൽ ആ വാക്ക് തന്നെ ഉപയോഗിക്കുന്നതായിരിക്കും ഉചിതം എന്ന് തീരുമാനിക്കുകയായിരുന്നു.

      Delete
    2. നന്നായി. അതാ അതിന്റെ ഒരു രസം

      Delete
  8. നോവൽ രസകരമായി വരുന്നു. മാക്സിന്റെയും സാരിയുടേയും ധീരകഥകളും പോരട്ടെ..
    ആശംസകൾ ....

    ReplyDelete
    Replies
    1. അശോകേട്ടൻ ട്രാക്കിലായി അല്ലേ... സന്തോഷം...

      Delete
  9. കുറിഞ്ഞിDecember 10, 2018 at 7:43 AM

    ആൾമാറാട്ടം നടത്തി എല്ലാവരെയും വിഡ്ഢികളാക്കുക എന്നത് മാക്സിന്റെയും ഹാരിയുടെയും ഇഷ്ട വിനോദമായിരുന്നു

    ഇത് പ്രശ്‌നമാകും .....

    ReplyDelete
    Replies
    1. കുറിഞ്ഞിയും മാനത്ത് കണ്ടു അല്ലേ...? :)

      Delete
  10. ഞാനും വന്നൂട്ടോ. എത്തിയേ ഉള്ളൂ. ഇനി വായിക്കട്ടെ. എന്നാപ്പിന്നെ അത് കഴിഞ്ഞിട്ട് പോരെ എന്നാവും. അത് കഴിഞ്ഞിട്ടും ആവാല്ലോ.

    ReplyDelete
    Replies
    1. എന്നാൽ പിന്നെ വായിച്ചതിന് ശേഷമുള്ള ആ കമന്റിനായി കാത്തിരിക്കുന്നു...

      Delete
  11. പദവിവിട്ട്, നിയന്ത്രണമില്ലാത്ത ജീവിതമാണല്ലോ ലെഫ്റ്റ്നന്റ് കേണൽ ജാക്ക് കെൽസൊയുടേത്? ആകാംഷാഭരിതം!!
    ആശംസകൾ

    ReplyDelete
    Replies
    1. അതെ തങ്കപ്പേട്ടാ... കൈ വിട്ട കളി...

      Delete
  12. Replies
    1. ഒടുവിൽ ഒപ്പമെത്തിയല്ലേ വെട്ടത്താൻ ചേട്ടാ...

      Delete
  13. വായിച്ചൂട്ടോ. ഇരട്ടകളുടെ ആള്‍മാറാട്ടം രസകരമായിരിക്കും ഇല്ലേ.

    ReplyDelete
    Replies
    1. അതെ... ആ രംഗങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം...

      Delete
  14. നന്ന് ...
    ഒരേ രൂപ സാദൃശ്യമുള്ള മാക്സിന്റെയും ഹാരിയുടെയും
    അഭിനയ ചാരുതകൾ തന്നെയാവും ഇനി തുടർന്നുള്ള കഥയിൽ
    മുഖ്യമായും എല്ലാവരെയും വെട്ടിലാക്കുവാൻ പോകുന്ന വസ്തുത ...!
    കാത്തിരുന്നു കാണാം ...അല്ലെ

    ReplyDelete
    Replies
    1. ഏറെക്കുറെ അതെ എന്ന് പറയാം മുരളിഭായ്...

      Delete
  15. ഇരട്ടകൾ ജനിച്ചു.ടർക്വീൻ തലമുറകൾ കടന്ന് പോവാനുള്ളതാ ലെ..ആബെ യെ ഇഷ്ടായി.

    ReplyDelete