Sunday, July 26, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 69


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അടുക്കളയുടെ പാതി തുറന്ന വാതിലിലൂടെ, അവിടെ നടന്ന തർക്കവും തുടർന്നുണ്ടായ ദുരന്തവും എല്ലാം റോസ കാണുന്നുണ്ടായിരുന്നു. ഭയന്ന് വിറച്ചു പോയ അവൾക്ക് എങ്ങനെയും രക്ഷപെടുക എന്നൊരു ചിന്ത മാത്രമേയുണ്ടായുള്ളൂ അപ്പോൾ. ഹാങ്കറിൽ കിടന്നിരുന്ന ഒരു പഴയ റെയിൻകോട്ട് എടുത്തണിഞ്ഞ് അവൾ കിച്ചണിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നു.

ഭാഗ്യം അവൾക്കൊപ്പമായിരുന്നു. വെടിയൊച്ച കേട്ട് കെട്ടിടത്തിന്റെ മുൻഭാഗത്തേക്ക് ഓടുന്ന കാവൽക്കാരെയാണ് അവൾ കണ്ടത്. കൺമുന്നിൽ നിന്നും അവർ എല്ലാവരും മറഞ്ഞതും കെട്ടിടത്തിന്റെ പിന്നാമ്പുറത്തെ മതിലിൽ കണ്ട ഗേറ്റിന് നേർക്ക് അവൾ ഓടി. അതിനപ്പുറം നിറയെ മരങ്ങളായിരുന്നു. ആ മരങ്ങൾക്കിടയിലൂടെ അതിവേഗം അവൾ മുന്നോട്ട് കുതിച്ചു. ഒരു വനം പോലെ തോന്നിച്ച മറുഭാഗത്ത് എത്തിയതും ഒരു ദീർഘശ്വാസം എടുത്ത് അവൾ തന്റെ ജീവന് വേണ്ടി പിന്നെയും ഓട്ടം തുടർന്നു.

                                                        ***

ബുബി ലൈബ്രറിയിൽ എത്തുമ്പോൾ മാക്സും ഹാരിയും അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു. പ്രയാസപ്പെട്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി അയാൾ ചോദിച്ചു. “തീർന്നില്ലേ ഇതുവരെ...?”

“കുറച്ച് കൂടി ഉണ്ടായിരുന്നു...” മാക്സ് പറഞ്ഞു. “അൽപ്പം മുമ്പ് പുറത്ത് എന്തോ പ്രശ്നമുണ്ടായെന്ന് തോന്നുന്നല്ലോ... ഓട്ടവും പാച്ചിലും ഒക്കെ കണ്ട് നോക്കിയപ്പോൾ എല്ലായിടത്തും ഗാർഡുകളെ വിന്യസിച്ചിരിക്കുന്നു...”

“അതെ... വനത്തിൽ ആരോ അതിക്രമിച്ച് കടന്നുവെന്നാണ് ആദ്യം വിചാരിച്ചത്... പക്ഷേ, വേട്ടക്കാരാണെന്ന് തോന്നുന്നു... പിന്നെ, എങ്ങനെയുണ്ട്...? ആത്മവിശ്വാസം തോന്നുന്നുണ്ടോ ഇപ്പോൾ...?”

“നിങ്ങളെന്താ തമാശ പറയുകയാണോ...?” മാക്സ് ചോദിച്ചു. “ഇതത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല ബുബീ... ഉദാഹരണത്തിന്, ഹാരിയെപ്പോലെ മോളിയെ ഞാൻ ചുംബിച്ചാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ...? എന്തു പറഞ്ഞാലും സ്ത്രീകൾ സ്ത്രീകൾ തന്നെയാണ്... കാഴ്ചയിൽ ഹാരിയെപ്പോലെ തന്നെ തോന്നിയേക്കാം അവൾക്ക്... പക്ഷേ, എന്റെ ഉമിനീർക്കണങ്ങളുടെ രുചി ഹാരിയുടേത് പോലെയാവണമെന്നില്ല...”

“നിന്റെ മുഖത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ നിന്നെ ഒന്ന് തൊടാൻ പോലും അവൾ ധൈര്യപ്പെടില്ല...” ഹാരി പറഞ്ഞു.

ബുബി ഒരു സിഗരറ്റിന് തീ കൊളുത്തി. “എന്തായാലും കാര്യങ്ങൾ മുന്നോട്ട് നീങ്ങട്ടെ... നിങ്ങളെക്കൊണ്ട് അതിന് കഴിയും മാക്സ്...”

“പിന്നേ... കഴിയും കഴിയും... കാക്ക മലർന്ന് പറക്കണം...” മാക്സ് പറഞ്ഞു. “ഒരു കാര്യം ഓർത്തോളൂ ബുബീ... ഇതൊരു ശരിയായ പ്രവൃത്തി ആണെന്ന ധാരണയിലല്ല ഞാനും ഹാരിയും ഇതിന് സമ്മതിച്ചിരിക്കുന്നത്... ആ ഇറച്ചിക്കൊളുത്തിൽ ഞങ്ങളുടെ അമ്മ തൂങ്ങിയാടുന്ന കാര്യം ആലോചിക്കാൻ പോലും വയ്യാത്തതു കൊണ്ട് മാത്രം...”

“അറിയാം, അറിയാം... ഭാഗ്യം നമ്മോടൊപ്പമാണെങ്കിൽ എല്ലാം പെട്ടെന്ന് തന്നെ കഴിയും... നിങ്ങൾ കോൾഡ് ഹാർബറിലേക്ക് പറക്കുന്നു... ഒട്ടും വൈകാതെ തന്നെ മൺറോ നിങ്ങളെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നു... തീർച്ചയായും നിങ്ങളെ കാണണമെന്ന് ഐസൻഹോവർ ആവശ്യപ്പെടും... അങ്ങനെ ചെയ്യാതിരിക്കാനാവില്ല അദ്ദേഹത്തിന്... കാരണം ഈ മണിക്കൂറിലെ ഹീറോ നിങ്ങളാണ്... ലണ്ടനിലെ ഹെയ്സ് ലോഡ്ജ്... പോർട്സ്മൗത്തിലെ സൗത്ത്‌വിക്ക് ഹൗസ്... എവിടെ വച്ചായാലും വ്യത്യാസമൊന്നുമില്ല... പോകുന്നു, തിരിച്ചു വരുന്നു... ഏതാനും ദിവസങ്ങളുടെ കാര്യമേയുള്ളൂ... ഞാൻ നേരത്തെ സൂചിപ്പിച്ച ആ പോർച്ചുഗീസ് ഡിപ്ലോമാറ്റ്സ് ഇല്ലേ... ലിസ്ബനിലേക്കുള്ള നിങ്ങളുടെ മടക്കയാത്രയെക്കുറിച്ച് ആരായാൻ അവരെ ഞാൻ ഏൽപ്പിച്ചിട്ടുണ്ട്...”

“ആരൊക്കെയാണ് അവർ എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു...”

റോഡ്രിഗ്സ് സഹോദരന്മാരെക്കുറിച്ചും സാറാ ഡിക്സണെക്കുറിച്ചും ഉള്ള വിശദ വിവരങ്ങൾ പറഞ്ഞതിന് ശേഷം സാറയുടെ അഡ്രസ് ഒരു കഷണം പേപ്പറിൽ എഴുതി അദ്ദേഹം മാക്സിന് കൊടുത്തു.

“ഈ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവർക്ക് അറിയാമോ...?”

“യെസ്... സകല വിവരങ്ങളും... നിങ്ങൾ ശരിക്കും ആരാണെന്നത് ഉൾപ്പെടെ... ഐസൻഹോവർ അവരെ സംബന്ധിച്ചിടത്തോളം ആരുമല്ല... ആ സഹോദരന്മാർക്ക് പണം മാത്രമാണ് മുഖ്യം... പിന്നെ, മിസ്സിസ് ഡിക്സൺ ആണെങ്കിൽ ഒരു IRA അംഗവും...” ബുബി പറഞ്ഞു.

“മിസ്സിസ് ഡിക്സണെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയൂ...”

ഫയൽ തുറന്ന് ബുബി ഒരു പേപ്പർ പുറത്തെടുത്തു. “എല്ലാം ഇതിലുണ്ട്...”

മാക്സ് തല കുലുക്കി. “ഇതിന്റെയൊന്നും ആവശ്യമില്ല... എല്ലാത്തിനും ഒരു എളുപ്പ മാർഗ്ഗമുണ്ട്... ഒരു പക്ഷേ, ഹാരിയ്ക്ക് മനസ്സിലായിക്കാണും... ഇരട്ടകളല്ലേ ഞങ്ങൾ... ഒരു തരം ടെലിപ്പതി ഞങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കരുതിക്കോളൂ... ശരിയല്ലേ ഹാരീ...?”

“ഉം, മനസ്സിലായി... ഫ്യൂറർക്കും സാമ്രാജ്യത്തിനും വേണ്ടി ജീവൻ ത്യജിക്കാൻ തീരുമാനിക്കുന്ന ആ നിമിഷം... ഐസൻഹോവറുടെ ഓഫീസിൽ എല്ലാവരുടെയും മുന്നിൽ വച്ച് ഉറയിൽ നിന്നും പിസ്റ്റൾ വലിച്ചെടുത്ത് അദ്ദേഹത്തിന് നേരെ നിറയൊഴിക്കുക... എന്നിട്ട് ചുറ്റിനുമുള്ളവരുടെ മെഷീൻ ഗണ്ണുകളിലെ വെടിയുണ്ടകൾ ഏറ്റുവാങ്ങി മരിച്ചു വീഴുക...”

“എക്സാക്‌റ്റ്ലി...” മാക്സ് ബുബിയുടെ നേർക്ക് തിരിഞ്ഞു. “എത്ര ലളിതം... എത്ര സൗകര്യപ്രദം... എനി വേ, ബുബീ... എപ്പോഴാണ് ഞാൻ യാത്ര തിരിക്കേണ്ടത്...?

പുലർച്ചെ നാലു മണിയാണ് ഞാൻ ഉദ്ദേശിക്കുന്നത്... എയർസ്ട്രിപ്പിൽ കിടക്കുന്ന എന്റെ സ്റ്റോർക്ക് വിമാനം മോഷ്ടിക്കുക... ഒരു മണിക്കൂറിൽ കൂടുതൽ വേണ്ടി വരില്ലല്ലോ കോൾഡ് ഹാർബറിലേക്ക്... കാലാവസ്ഥ അത്ര സുഖകരം ആയിരിക്കണമെന്നില്ല... എന്തായാലും അഞ്ചു മണിയോടെ നേരം വെളുക്കും...”

“എങ്കിൽ പിന്നെ അങ്ങനെ... പോകുക തന്നെ...”

“വിമാനത്തിന്റെ ഫ്യൂസലേജിൽ ഏതാനും വെടിയുണ്ടകൾ കയറിയ അടയാളങ്ങൾ കൂടിയുണ്ടെങ്കിൽ ഒരു ഒറിജിനാലിറ്റിയും ആകും...” പരിഹാസ സ്വരത്തിൽ ഹാരി പറഞ്ഞു.

“സത്യത്തിൽ നല്ല ഒരു ആശയമാണ്...” ബുബി എഴുന്നേറ്റു. “നോക്കട്ടെ എന്ത് ചെയ്യാൻ പറ്റുമെന്ന്... എന്നാൽ ശരി, ഒമ്പത് മണിക്ക് ഡിന്നറിന് കാണാം...”

“മൂട്ടിയോട് ഗുഡ് ബൈ പറയുകയും ചെയ്യാം...” മാക്സ് ഹാരിയോട് പറഞ്ഞു.

വീണ്ടും നുണകളുടെ ആരംഭം... “അത് നടക്കില്ല...” ബുബി പറഞ്ഞു. “നിങ്ങളുടെ അമ്മ ഇക്കാര്യത്തിൽ കടുത്ത എതിർപ്പിലാണെന്ന കാര്യം അറിയാമല്ലോ... ഈ ഓപ്പറേഷൻ തുടങ്ങുന്ന നിമിഷം മുതൽ അവരെ ഒറ്റയ്ക്ക് പാർപ്പിക്കാനാണ് ഹിംലറുടെ കർശന നിർദ്ദേശം... എസ്റ്റേറ്റിന്റെ മറുവശത്തുള്ള ഹണ്ടിങ്ങ് ലോഡ്ജിലാണ് അവരെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്... നിങ്ങൾക്കവരെ കാണാൻ അനുവാദമില്ല മാക്സ്... ആന്റ് ദാറ്റ്സ് ഫൈനൽ...”

“കമോൺ ബുബി...” മാക്സ് പറഞ്ഞു.

“നിങ്ങൾ ടേക്ക് ഓഫ് ചെയ്തതിന് ശേഷം അവരെ കാണാനുള്ള അനുവാദം നിങ്ങളുടെ സഹോദരന് ഞാൻ നൽകുന്നതായിരിക്കും... അത്ര മാത്രമേ എനിക്കിപ്പോൾ ചെയ്യാൻ കഴിയൂ...” നുണയുടെ പാരമ്യത്തിൽ ബുബി ശ്വാസം എടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

ഒരു നീണ്ട മൗനം... പിന്നെ മാക്സ് ചുമൽ വെട്ടിച്ചു. “ഓ, വാട്ട് ദി ഹെൽ... എന്നാൽ ശരി, പറഞ്ഞത് പോലെ ബുബീ...”

ബുബി ഹാർട്മാൻ പുറത്തേക്ക് നടന്നു. “സമയം പൊയ്ക്കൊണ്ടിരിക്കുകയാണ് മാക്സ്...” ഹാരി പറഞ്ഞു. “ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് ശരിക്കും നീ ചിന്തിച്ചുവോ...?”

വിഷാദഭാവത്തിൽ മാക്സ് തലയാട്ടി. “കളത്തിലേക്ക് ഇറങ്ങിയേ തീരൂ ഹാരീ... എവിടെ വരെ എത്തുമെന്ന് നോക്കാം നമുക്ക്...”

“മൈ ഗോഡ്...!” ഒരു നിമിഷം ഹാരി നിശ്ശബ്ദനായി. “ശരിക്കും അദ്ദേഹത്തെ വധിക്കാൻ സാധിച്ചു എന്ന് തന്നെ കരുതുക... എന്നിട്ട് പുറത്ത് കടക്കാൻ വഴിയൊന്നും ഇല്ലെങ്കിൽ...? എന്ത് ചെയ്യും മാക്സ് നീ...?”

“നീ ആ ഫിലിം കണ്ടതല്ലേ...?” മാക്സ് ചോദിച്ചു. “പിയാനോ വയറിൽ തൂങ്ങിയാടുന്ന ആ രണ്ട് മനുഷ്യരെ...? മരണ വെപ്രാളത്തിൽ കൈകാലിട്ടടിച്ച് കണ്ണുകൾ തുറിച്ച്... ഏറ്റവും ഭീഭത്സമായ കാഴ്ച്ച എന്തായിരുന്നുവെന്ന് അറിയുമോ നിനക്ക്...?”

ഹാരി തല കുലുക്കി. “അന്ത്യ നിമിഷത്തിൽ അവർ അറിയാതെ സംഭവിക്കുന്ന ആ മലവിസർജ്ജനം...”

“ഹാരീ... എന്റെ അമ്മയ്ക്ക് ആ അവസ്ഥ വരാതിരിക്കാൻ ഏത് നരകത്തിൽ വേണമെങ്കിലും പോയി ഏത് ചെകുത്താനെയും വരെ പിടിച്ചു കൊണ്ടു വരാൻ ഞാൻ തയ്യാറാണ്...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Thursday, July 16, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 68


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

തനിക്ക് അനുവദിച്ച ബെഡ്റൂമിന്റെ ജാലകത്തിനരികിൽ ഇരുന്ന് സിഗരരറ്റ് പുകച്ചു കൊണ്ട് എൽസ എല്ലാ കാര്യങ്ങളും തന്റെ പരിചാരിക റോസാ സ്റ്റൈനോട് പറഞ്ഞു. ഇത്തവണ വല്ലാതെ പരിഭ്രമിച്ചു പോയിരുന്നു അവർ.

എല്ലാം തന്തയില്ലാത്തവന്മാരാണ്... അവരെല്ലാം തന്നെ... ബുബി ഹാർട്മാനോട് കുറച്ചെങ്കിലും സഹതാപമുണ്ടായിരുന്നു എനിക്ക്... പക്ഷേ, അതിന്റെ ആവശ്യമില്ലെന്നെനിക്ക് മനസ്സിലായി... മരണത്തിലേക്കാണ് മാക്സിനെ അയാൾ അയക്കുന്നത്... എനിക്ക് ഒന്നും തന്നെ വിശ്വസിക്കാനാവുന്നില്ല...”

പക്ഷേ, സകലതിന്റെയും നിയന്ത്രണം റൈഫ്യൂററുടെ കൈയ്യിൽ ആയിരിക്കെ നമുക്ക് എന്തു ചെയ്യാൻ കഴിയും പ്രഭ്വീ...?” കരുതലോടെ റോസ ചോദിച്ചു.

ഞാൻ ബെർലിനിലേക്ക് പോകും... എന്നിട്ട് ഫ്യൂററെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും...”

പ്രഭ്വീ... തെറ്റാണെങ്കിൽ ക്ഷമിക്കണം... പക്ഷേ, പറയാതിരിക്കാനാവില്ല... ഒന്നാമത്, നമ്മിളിപ്പോൾ ഇവിടെ തടങ്കലിലാണ്... അതുകൊണ്ട് ബെർലിനിലേക്ക് പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല... രണ്ടാമത്തെ കാര്യം നിങ്ങൾ പറയുന്നതല്ല, ഹിംലർ പറയുന്നതേ ഫ്യൂറർ വിശ്വസിക്കൂ...” അവൾ തലയാട്ടി. “ഇനിയെങ്കിലും മനസ്സിലാക്കൂ പ്രഭ്വീ, അവർ വിഭാവനം ചെയ്യുന്ന മൂന്നാം സാമ്രാജ്യം എന്താണെന്ന്...”

അവളെ തുറിച്ചു നോക്കിക്കൊണ്ട് അൽപ്പനേരം എൽസ ഇരുന്നു. “ഈ ദുരന്തത്തിൽ നിന്നും എന്റെ മക്കളെ രക്ഷിക്കുവാൻ എന്തെങ്കിലും ചെയ്തേ പറ്റൂ എനിക്ക്...”

ധാർഷ്ട്യം, കാർക്കശ്യം, അഹങ്കാരം, സ്വാർത്ഥത എന്നീ ദുസ്വഭാവങ്ങൾ ഒക്കെ സഹിച്ച് വർഷങ്ങളോളം താൻ സേവിച്ചു കൊണ്ടിരിക്കുന്ന പ്രഭ്വിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് വേദനയോടെ റോസ അവരെ നോക്കി.

ഇല്ല പ്രഭ്വീ... ഒന്നും തന്നെ ചെയ്യാനാവില്ല നമുക്ക്...”

വാതിലിൽ മുട്ടുന്നത് കേട്ട എൽസ കതക് തുറന്നു. ബുബിയും മേജർ മുള്ളറും ഉള്ളിലേക്ക് പ്രവേശിച്ചു. നിസ്സഹായതയോടെ എൽസ അവരെ നോക്കി. “എനിക്ക് എന്റെ മക്കളെ കാണണം...”

അതിപ്പോൾ സാദ്ധ്യമല്ല പ്രഭ്വീ...” ബുബി പറഞ്ഞു. “ഈ ഓപ്പറേഷൻ പ്രാബല്യത്തിൽ ആയിക്കഴിഞ്ഞു... അതിന്റെ ജോലിത്തിരക്കിലാണവർ... അതിനിടയിൽ യാതൊരു തടസ്സവും അനുവദിക്കാനാവില്ല...”

എനിക്കവരെ കണ്ടേ മതിയാവൂ... ഈ ദൗത്യവുമായി മുന്നോട്ട് പോകാൻ അവരെ ഞാൻ അനുവദിക്കില്ല...”

ബുബി പ്രതീക്ഷിച്ചതായിരുന്നു അത്. അവരുടെ ഈ മനോഭാവം മൊത്തം പദ്ധതിയെത്തന്നെ അവതാളത്തിലാക്കും. അദ്ദേഹം ഒരു ദീർഘശ്വാസം എടുത്തു. “പറയുന്നതിൽ ഖേദമുണ്ട് പ്രഭ്വീ... ഈ ദൗത്യം അവസാനിക്കുന്നത് വരെ നിങ്ങൾ ഇനി മക്കളെ കാണാൻ പാടില്ല എന്നത് റൈഫ്യൂറർ ഹിംലറുടെ ഓർഡറാണ്... നിങ്ങളുടെ സാധനങ്ങൾ എല്ലാം എടുത്ത് എസ്റ്റേറ്റിന്റെ മറുഭാഗത്തുള്ള ഹണ്ടിങ്ങ് ലോഡ്ജിലേക്ക് പോകുവാൻ തയ്യാറായിക്കൊള്ളൂ...”

പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെങ്കിലോ...?” അവർ വാശി പിടിച്ച് നിന്നു.

എങ്കിൽ പിന്നെ നിങ്ങളെ ബെർലിനിലേക്ക് തിരിച്ചയക്കാനാണ് എനിക്കുള്ള നിർദ്ദേശം... ബലം പ്രയോഗിച്ചാണെങ്കിൽപ്പോലും... അതല്ല, ഇവിടെ തുടരാനാണ് തീരുമാനമെങ്കിൽ ഒരു ശല്യവുമില്ലാതെ ഹണ്ടിങ്ങ് ലോഡ്ജിൽ തങ്ങാം...”

നിസ്സഹായയായി അവർ കസേരയിലേക്ക് ചാഞ്ഞു. “ഇല്ല... നിങ്ങൾ വിജയിച്ചിരിക്കുന്നു... ലോഡ്ജിലേക്ക് ഞാൻ പോകാം... പക്ഷേ, എനിക്കെന്റെ മക്കളെ കാണാൻ അനുവാദം തരണം... രു തവണയെങ്കിലും...”

മാക്സ് ലണ്ടനിലേക്ക് പുറപ്പെട്ടതിന് ശേഷം നിങ്ങൾക്ക് ഹാരിയെ കാണാം... അത്രയേ എനിക്ക് ചെയ്യാൻ കഴിയൂ...” ബുബി മുള്ളറുടെ നേർക്ക് തിരിഞ്ഞു. “പ്രഭ്വിയുടെ കാര്യങ്ങളൊക്കെ നോക്കിക്കോളൂ മേജർ...”

തീർച്ചയായും കേണൽ...”

പുറത്തു കടന്ന ബുബി ഒരു സിഗരറ്റിന് തീ കൊളുത്തി. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. തന്നോട് തന്നെ അവജ്ഞ തോന്നുന്ന നിമിഷങ്ങൾ. “എന്റെ ദൈവമേ...” അദ്ദേഹം മന്ത്രിച്ചു. “എവിടെയാണ് ഇതിന്റെയൊക്കെ അവസാനം...?”

ഹാരിയും മാക്സും കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരുന്ന ലൈബ്രറി റൂമിലേക്ക് അദ്ദേഹം നടന്നു.

റൈറ്റ്...” ബുബി പറഞ്ഞു. “ആദ്യം ഫോട്ടോഗ്രാഫുകൾ... എന്തൊക്കെയാണെന്ന് നോക്കട്ടെ ഹാരീ...”

മനസ്സില്ലാ മനസ്സോടെ ഹാരി തന്റെ വാലറ്റ് പുറത്തെടുത്തു. “ഇത് ഞാനും മോളി സോബെലും... സാവോയ് ഹോട്ടലിന്റെ കവാടത്തിൽ വച്ച് എടുത്ത ഫോട്ടായാണ്...”

എന്ത് ചെയ്യുകയായിരുന്നു നിങ്ങളവിടെ...?”

ഡാൻസിങ്ങ്... റിവർ റൂമിൽ...”

ബാൻഡിന്റെ പേരെന്തായിരുന്നു...?”

കരോൾ ഗിബ്സൺസ്... പിന്നെ സാവോയ് ഓർഫൻസ്...”

വെരി ഗുഡ്... സുന്ദരിയാണല്ലോ അവൾ...”

ഹാരി തലയുയർത്തി ബുബിയെ ഒന്ന് നോക്കി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പിന്നെ തുടർന്നു. “ഇത് മോളിയും ഞാനും കോൾഡ് ഹാർബറിൽ വച്ച് എടുത്തതാണ്... കോൾഡ് ഹാർബർ എന്നു പറയുമ്പോൾ എനിക്ക് പരിചയമുള്ളവർ ഇവരൊക്കെയാണ്..... മാക്സ്, നീയുമായി സംസാരിച്ച ആ ലൈഫ്ബോട്ടിന്റെ സ്രാങ്ക് സെക്ക് ആക്‌ലണ്ട്.... പിന്നെ ഹൗസ് കീപ്പർ ജൂലി ലെഗ്രാൻഡ്... അടുത്തത് ബ്രിഗേഡിയർ മൺറോയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മേജർ ജാക്ക് കാർട്ടറും...”

ഹാരി പറയുന്നതെല്ലാം കുറിച്ചെടുത്തുകൊണ്ടിരിക്കുകയായിരുന്നു ബുബി. “ബെർലിനിൽ നിന്നും ഒരു ഫയൽ എനിക്ക് ലഭിച്ചിരുന്നു...” അദ്ദേഹം പറഞ്ഞു. “മൺറോയുടെ ഫോട്ടോയും പിന്നെ അദ്ദേഹത്തിന്റെ സംഘടനയെക്കുറിച്ചുള്ള വിവരങ്ങളും... നമുക്ക് ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് നോക്കാം... ഡോക്ടർ സോബെലുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധം, കോൾഡ് ഹാർബർ, ജനറൽ ഐസൻഹോവർ, സൗത്ത്‌വിക്ക് ഹൗസിലെ അദ്ദേഹത്തിന്റെ ഹെഡ്ക്വാർട്ടേഴ്സ്, പിന്നെ കൊറിയർ സർവീസിന്റെ പ്രവർത്തന രീതികൾ എന്നിങ്ങനെ...”

അദ്ദേഹം ഒരു നെടുവീർപ്പിട്ടു. “ഇന്നത്തേത് ഒരു നീണ്ട ദിനമായിരിക്കും ജെന്റിൽമെൻ... ഇപ്പോൾത്തന്നെ തുടങ്ങേണ്ടിയിരിക്കുന്നു...”

ആ സഹോദരങ്ങൾ തങ്ങളുടെ ജോലി തുടങ്ങി. ഒട്ടും താല്പര്യമില്ലാതെ...

                                                      ***

ആവശ്യത്തിനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു ഹണ്ടിങ്ങ് ലോഡ്ജിൽ. ബീമിന് മുകളിൽ നിർമ്മിച്ച സീലിങ്ങും നെരിപ്പോടുമുള്ള സിറ്റിങ്ങ് റൂം. പ്രധാന ബെഡ്റൂമിൽ പഴയ ഫാഷനിലുള്ള ഓക്ക് ഫർണീച്ചറും നെരിപ്പോടും അറ്റാച്ച്ഡ് ബാത്ത്റൂമും. റോസ സ്യൂട്ട്കെയ്സിലെ സാധനങ്ങൾ പുറത്തെടുത്ത് വയ്ക്കവെ എൽസ ഓരോ മുറിയിലും കയറിയിറങ്ങി പരിശോധിച്ചു. തികച്ചും അസ്വസ്ഥയായിരുന്നു അവർ.

സിറ്റിങ്ങ് റൂമിൽ ഒരു  ഡ്രിങ്ക് കാബിനറ്റ് ഉണ്ടായിരുന്നു. ഒരു ലാർജ്ജ് ബ്രാണ്ടി എടുത്ത് അകത്താക്കിയെങ്കിലും ടെൻഷൻ കുറയുന്നതിന് പകരം അവരുടെ അവസ്ഥ കൂടുതൽ മോശമാകുകയാണുണ്ടായത്. ഗ്ലാസ് വീണ്ടും നിറച്ചിട്ട് അവർ കസേരയിൽ ഇരുന്നു. തന്റെ സൗഭാഗ്യങ്ങളെല്ലാം നഷ്ടമാകാൻ പോകുന്നു... സമൂഹത്തിഇത്രയും കാലം അനുഭവിച്ചു പോന്ന ഉന്നത സ്ഥാനം, അധികാരം... പിന്നെ പണം... അതിന് ആബെ കെൽസോയോട് കടപ്പെട്ടിരിക്കുന്നു...

അവർ മുകളിൽ ബെഡ്റൂമിലേക്ക് ചെന്നു. ചെറിയ ബാഗുകൾ തുറന്ന് ആഭരണങ്ങൾ പുറത്തെടുത്ത് ഡ്രെസ്സിങ്ങ് ടേബിളിൽ വച്ചു കൊണ്ടിരിക്കുകയായിരുന്നു റോസ. ബാഗിനുള്ളിൽ നിന്നും ആ വാൾട്ടർ PPK തോക്ക് പുറത്തെടുത്ത അവൾ ചോദിച്ചു. “ഇത് എവിടെ വയ്ക്കണം പ്രഭ്വീ...?”

അവർ കൈ നീട്ടി. “ഇങ്ങ് തരൂ... ഇതിന്റെ കാര്യം ഞാൻ നോക്കിക്കോളാം...”

സ്റ്റെയർകെയ്സ് ഇറങ്ങി സിറ്റിങ്ങ് റൂമിൽ എത്തിയ അവർ ആ തോക്ക് സോഫയുടെ അരികിൽ വച്ചു. എല്ലാം അവസാനിക്കുകയാണ്... മാക്സിനെ ഇനി ജീവനോടെ കാണാമെന്ന പ്രതീക്ഷ വേണ്ട... അതിന് ശേഷം അവർ ഹാരിയെയും വകവരുത്തും... എല്ലാം താൻ ഒരുത്തി കാരണം... തന്റെ ജീവനെ കരുതിയാണ് മക്കൾ ഇതിന് സമ്മതിച്ചത് തന്നെ... താൻ ജീവനോടെയില്ലെങ്കിൽ പിന്നെ ചിത്രം വേറൊന്നാകില്ലേ...? മദ്യം അവരുടെ തലച്ചോറിനെ ബാധിച്ചു തുടങ്ങിയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവർ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ തോന്നി. തോക്ക് എടുത്ത് അതിന്റെ സ്ലൈഡർ പിറകോട്ട് വലിച്ചതിന് ശേഷം അത് വീണ്ടും താഴെ വച്ചു.

റോസാ... ഇവിടെ വരൂ...” അവർ വിളിച്ചു പറഞ്ഞു.

അടുത്ത നിമിഷം റോസ താഴെയെത്തി. “പറഞ്ഞാലും പ്രഭ്വീ...”

കൊട്ടാരത്തിലേക്ക് ഫോൺ ചെയ്ത് കേണൽ ഹാർട്മാനോട് പെട്ടെന്ന് തന്നെ ഇങ്ങോട്ട് വരാൻ പറയൂ...”

തീർച്ചയായും പ്രഭ്വീ...”

ബുബി ഓഫീസേഴ്സ് മെസ്സിൽ ഇരിക്കുമ്പോഴാണ് ഫോൺ വന്ന കാര്യം പറഞ്ഞ് ഓർഡർലി സെർജന്റ് എത്തിയത്. മുള്ളറും ഷ്രൂഡറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

എനിക്ക് വയ്യ ഇപ്പോൾ അങ്ങോട്ട് പോകാൻ... വേറെ ധാരാളം ജോലിയുണ്ട്...”

ഞങ്ങളും കൂടെ വരാം...” ബുബിയോട് പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് മുള്ളർ ഷ്രൂഡറിന് നേർക്ക് തിരിഞ്ഞു. “നിങ്ങൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആകുകയും ചെയ്യും...”

ലോഡ്ജിന്റെ കവാടത്തിൽ രണ്ട് പാറാവുകാർ ഉണ്ടായിരുന്നു. കൂടാതെ അവിടവിടെയായി ഗാർഡുമാരും. ജാലകത്തിലൂടെ പുറത്തേക്ക് വീക്ഷിച്ചു കൊണ്ടിരുന്ന എൽസ, അവരുടെ കെട്ടിടത്തിനരികിലേക്ക് എത്തുന്ന ക്യൂബൽവാഗൺ കണ്ടതും തിരികെ ചെന്ന് സോഫയിൽ ഇരുന്നു. തിര നിറച്ച തോക്ക് അവർ കുഷ്യനുകൾക്കിടയിൽ ഒളിപ്പിച്ചു വച്ചിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി. ഷാംപെയ്ൻ ബോട്ട്‌ൽ തുറന്നിട്ട് അവർ റോസയെ വിളിച്ചു.

ഷാംപെയ്ൻ ഗ്ലാസ് കൊണ്ടു വരൂ...”

തീർച്ചയായും പ്രഭ്വീ...”

അവരെ ഉള്ളിൽ പ്രവേശിപ്പിച്ചതിന് ശേഷം നീ അടുക്കളയിലേക്ക് പൊയ്ക്കോളൂ... പിന്നെ ഈ ഭാഗത്തേക്ക് വന്നേക്കരുത്...”

ശരി, പ്രഭ്വീ...”

കോളിങ്ങ് ബെൽ അടിച്ചതും റോസ ചെന്ന് വാതിൽ തുറന്നു. ബുബിയും അദ്ദേഹത്തിന് പിന്നിലായി മുള്ളറും ഷ്രൂഡറും മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. “എന്ത് പറ്റി പ്രഭ്വീ....? എന്തെങ്കിലും പ്രശ്നം...?”

നിങ്ങൾ ജീവനോടെ ഇരിക്കുന്നതാണ് എന്റെ പ്രശ്നം, നാസി ബാസ്റ്റഡുകളേ...” അവർ പറഞ്ഞു. “അതു പോലെ തന്നെ ഞാൻ ജീവനോടെ ഇരിക്കുന്നതും... ഞാനില്ലെങ്കിൽ പിന്നെ എന്തിന്റെ പേരിൽ നിങ്ങൾ എന്റെ മക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കും...?”

കുഷ്യനുകൾക്കിടയിൽ നിന്നും പുറത്തെടുത്ത തോക്ക് അവർ ബുബിയുടെ നേർക്ക് നീട്ടിപ്പിടിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ബുബി അലറി. “നോ....”

ഞൊടിയിടയിൽ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ബുബിയോടൊപ്പം ഉണ്ടായിരുന്ന മുള്ളറിനാണ് ആദ്യത്തെ രണ്ട് വെടിയുണ്ടകൾ ഏറ്റത്. ഉയർന്നു പൊങ്ങിയ അയാൾ പിറകോട്ട് മറിഞ്ഞു വീണു. അതേ സമയം മറ്റൊരു സോഫയുടെ മറവിൽ സുരക്ഷിതനായിക്കഴിഞ്ഞിരുന്നു ബുബി. എന്നാൽ ഷ്രൂഡർ ആകട്ടെ, മറ്റൊന്നും ആലോചിക്കാൻ നിന്നില്ല. തന്റെ പിസ്റ്റൾ ഹോൾഡർ തുറന്ന് മോസർ പുറത്തെടുത്ത് എൽസയുടെ നേർക്ക് മൂന്നു വട്ടം നിറയൊഴിച്ചു. എൽസാ ബാരണെസ് വോൺ ഹാൾഡർ പിറകോട്ട് മറിഞ്ഞ് സോഫയിലേക്ക് വീണു.

ബുബി എഴുന്നേറ്റ് മുള്ളറുടെ അരികിൽ ചെന്ന് മുട്ടു കുത്തി ഇരുന്ന് പരിശോധിച്ചതിന് ശേഷം മുഖമുയർത്തി. “മരിച്ചിരിക്കുന്നു...”

എൽസയുടെ അരികിൽ ചെന്ന് നോക്കിയിട്ട് ഷ്രൂഡർ പറഞ്ഞു. “ഇവരും...” അയാൾ തന്റെ മോസറിലേക്ക് നോക്കി. “ആദ്യമായിട്ടാണ് ഒരാളെ ഞാൻ കൊല്ലുന്നത്...” അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.

നിങ്ങളുടെ കുറ്റമല്ല... അവർ മരിക്കാൻ തീരുമാനിച്ചതായിരുന്നു...”

പുറത്തെ വാതിൽക്കൽ ശക്തിയായി തട്ടുന്ന ശബ്ദം കേട്ട് ബുബി ചെന്ന് കതക് തുറന്നു. ഒരു സെർജന്റും രണ്ട് ഗാർഡുകളും ആയിരുന്നു അത്. മുറിയിലെ കാഴ്ച്ച കണ്ട അവർ അമ്പരന്നു നിന്നു.

കേണൽ മുള്ളറും പ്രഭ്വിയും കൊല്ലപ്പെട്ടിരിക്കുന്നു...” അവരോട് പറഞ്ഞിട്ട് അദ്ദേഹം ഷ്രൂഡറുടെ നേർക്ക് തിരിഞ്ഞു. “ഇവിടുത്തെ കാര്യങ്ങളുടെ മേൽനോട്ടം ഞാൻ നിങ്ങളെ ഏൽപ്പിക്കുകയാണ്... എല്ലാം രഹസ്യമായിരിക്കട്ടെ... ബാരണും കേണൽ കെൽസോയും ഒരു കാരണവശാലും ഈ വിവരം അറിയാൻ പാടില്ല...”

പക്ഷേ, എന്തു കൊണ്ട് പാടില്ല കേണൽ...?” ഷ്രൂഡർ അന്ധാളിച്ചത് പോലെ തോന്നി.

രാജ്യദ്രോഹക്കുറ്റത്തിനുള്ള പരമോന്നത ശിക്ഷയിൽ നിന്നും തന്റെ മാതാവിനെ രക്ഷപെടുത്തുക എന്ന ഉദ്ദേശ്യം ഒന്നു കൊണ്ട് മാത്രമാണ് ബാരൺ ഈ ദൗത്യത്തിന് സമ്മതിച്ചതു തന്നെ...  അവർ ജീവനോടെയില്ല എന്നറിയുമ്പോൾ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം...?”

, ഇപ്പോൾ മനസ്സിലാകുന്നു...” ഷ്രൂഡർ തല കുലുക്കി. “ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം...” ടെലിഫോണിനരികിൽ  എത്തിയ അയാൾ ഒന്ന് നിന്നു. “ഇവരുടെ പരിചാരികയുടെ കാര്യമോ കേണൽ...?”

ശപിച്ചു കൊണ്ട് ബുബി സ്റ്റെയർകെയ്സ് ഓടിക്കയറി മുകളിലെത്തി. എന്നാൽ റോസാ സ്റ്റൈനിന്റെ അടയാളം പോലും അവിടെങ്ങും ഉണ്ടായിരുന്നില്ല. വീണ്ടും താഴെയെത്തിയ അദ്ദേഹം കിച്ചണിലേക്ക് പാഞ്ഞു. അടുത്ത മാത്രയിൽത്തന്നെ പുറത്തിറങ്ങിയ അദ്ദേഹം സെർജന്റിന് നേർക്ക് തിരിഞ്ഞു.

വേറൊരു സ്ത്രീ കൂടി ഇവിടെയുണ്ടായിരുന്നു... ഇവരുടെ പരിചാരിക... അവർ എവിടെപ്പോയി എന്ന് നോക്കാൻ ആ കാവൽക്കാരോട് പറയുക...”

ഇപ്പോൾ തന്നെ, കേണൽ...” തന്റെ കൂടെ വന്ന ഗാർഡുകളോട് കൂടെ വരാൻ പറഞ്ഞിട്ട് അയാൾ പുറത്തേക്കോടി.

ഒരു ദീർഘശ്വാസം എടുത്തിട്ട്, പാരീസിൽ ഉള്ള റൈഫ്യൂററെ അറിയിക്കുന്ന കാര്യത്തെക്കുറിച്ച് ബുബി ചിന്തിച്ചു. അല്ലെങ്കിൽ വേണ്ട... അതിന് ഇനിയും സമയമുണ്ട്... ഒരു സിഗരറ്റിന് തീ കൊളുത്തിയ ശേഷം അദ്ദേഹം ക്യൂബൽവാഗണിൽ തിരികെ കൊട്ടാരത്തിലേക്ക് ഡ്രൈവ് ചെയ്തു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...