Friday, November 30, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 09

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥാരംഭം

1917 - ആഗസ്റ്റ്

ഫ്രാൻസി‌ന് മുകളിൽ 10,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കവെ ജാക്ക് കെൽസോ അങ്ങേയറ്റം ആഹ്ലാദചിത്തനായിരുന്നു.‌ ബോസ്റ്റണിലെ ഒരു ഉന്നത ധനിക കുടുംബത്തിലെ ഇളമുറക്കാരനായ ആ ഇരുപത്തിരണ്ടുകാരൻ ഇപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കേണ്ടവനാണ്. എന്നാൽ അതിന് പകരം ബ്രിട്ടീഷ് റോയൽ ഫ്ലൈയിങ്ങ് കോർപ്സിൽ വിജയകരമായ രണ്ടാമത്തെ വർഷത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് അയാൾ.

ഒരു ബ്രിസ്റ്റൾ ഫൈറ്റർ ആണ് അദ്ദേഹം പറത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ മികച്ച യുദ്ധ വിമാനങ്ങളിൽ ഒന്ന്. ആ ടൂ സീറ്റർ വിമാനത്തിന്റെ പിൻസീറ്റ് ഒബ്സർവർ ഗണ്ണർക്ക് വേണ്ടിയുള്ളതാണ്.  കെൽസോയുടെ സഹായിയായ സെർജന്റിനെ തലേദിവസത്തെ ആകാശപ്പോരാട്ടത്തിനിടയിൽ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനഞ്ച് ജർമ്മൻ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്ത്തുകയും മിലിട്ടറി ക്രോസ് ബഹുമതി കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ജാക്ക് കെൽസോ ഇത്തവണ ഒറ്റയ്ക്കാണ് ടേക്ക് ഓഫ് ചെയ്തിരിക്കുന്നത്. അതും അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം. എന്നാൽ ഒറ്റയ്ക്കാണോ എന്ന് ചോദിച്ചാൽ അല്ല... കോക്ക്പിറ്റിൽ താഴെ തന്റെ സീറ്റിനരികിലായി ലെതർ ഹെൽമറ്റും ഫ്ലൈയിങ്ങ് ജാക്കറ്റും അണിഞ്ഞ് അവനും ഇരിക്കുന്നുണ്ടായിരുന്നു... ടർക്വിൻ എന്ന് പേരുള്ള ആ കരടിക്കുട്ടൻ...

കെൽസോ ആ ബൊമ്മയുടെ തലയിൽ പതുക്കെ ഒന്ന് തട്ടി. "ഗുഡ് ബോയ്... എന്നെ നിരാശപ്പെടുത്തരുത്..."

അക്കാലത്ത് ബ്രിട്ടീഷ് വാർ ഓഫീസ് പാരച്യൂട്ടുകളുടെ ഉപയോഗം നിരോധിച്ചിരിക്കുകയായിരുന്നു. പൈലറ്റുകളെ അവ ഭീരുക്കളായി മാറ്റുന്നു എന്നായിരുന്നു അവരുടെ വാദം. എന്നാൽ യാഥാർത്ഥ്യ ബോധം ഉള്ളവനും ധനികനുമായ ജാക്ക് കെൽസോ ഏറ്റവും പുതിയ തരം പാരച്യൂട്ട് സ്വന്തമായി വാങ്ങി ധരിച്ചിട്ടുണ്ടായിരുന്നു.

മറ്റ് പല കാര്യങ്ങളിലും അദ്ദേഹം യാഥാർത്ഥ്യ ബോധം‌ പുലർത്തിയിരുന്നു. പൊടുന്നനെയുള്ള ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കണം എന്നതായിരുന്നു ഒന്ന്. പിന്നെ ശത്രുരാജ്യത്തിന്റെ വ്യോമമേഖലയിൽ 10,000 അടിയിൽ താഴെ ഒരിക്കലും പറക്കരുത് എന്നും.

കാലാവസ്ഥ വളരെ മോശമായിരുന്നു അന്ന് രാവിലെ. കാറ്റും മഴയും കട്ടി മേഘങ്ങളും എല്ലാം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. ആ കോലാഹലങ്ങൾക്കിടയിൽ ഏത് വിമാനമാണ് തനിക്കരികിലൂടെ കടന്നു പോയതെന്ന് തിരിച്ചറിയാൻ പോലും കെൽസോക്ക് ആയില്ല. പൊടുന്നനെ ഒരു ഗർജ്ജനം... ഇടതുഭാഗത്തു കൂടി പാഞ്ഞു പോയ നിഴൽ പോലെയുള്ള എന്തോ ഒന്ന്... മെഷീൻ ഗണ്ണിൽ നിന്നുള്ള വെടിയുണ്ടകളേറ്റ് ബ്രിസ്റ്റൾ ആടിയുലഞ്ഞു. വെടിയുണ്ടകളിൽ ഒന്ന് അദ്ദേഹത്തിന്റെ ഇടതു കാലിൽ തുളച്ചു കയറി. പെട്ടെന്ന് തന്നെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ച് കെൽസോ മേഘപാളികളുടെ സുരക്ഷിതത്വത്തിലേക്ക് ഇറങ്ങി.

അദ്ദേഹം വിമാനത്തിന്റെ ഗതി മാറ്റി ബ്രിട്ടീഷ് വ്യോമ മേഖല ലക്ഷ്യമാക്കി നീങ്ങി. 7000 അടി... പിന്നെ 5000 അടി... എന്തോ പുകഞ്ഞ് കരിയുന്ന ഗന്ധം അദ്ദേഹം അറിയുന്നുണ്ടായിരുന്നു. വിമാനം 3000 അടിയിലേക്ക് താഴ്ന്നു. എൻജിന് ചുറ്റും തീനാമ്പുകൾ ജ്വലിച്ച് തുടങ്ങിയിരിക്കുന്നു. താഴെ ഫ്ലാൻഡേഴ്സിലെ യുദ്ധഭൂമിയും ട്രെഞ്ചുകളും കാണുവാൻ സാധിക്കുന്നുണ്ട്. അതെ... ചാടുവാനുള്ള സമയമായിരിക്കുന്നു. സീറ്റ് ബെൽറ്റ് അഴിച്ചിട്ട് ടർക്വിനെ എടുത്ത് അദ്ദേഹം തന്റെ ലെതർ കോട്ടിനുള്ളിൽ തിരുകി. പിന്നെ വിമാനത്തെ തലകീഴായി ടിൽറ്റ് ചെയ്ത് പുറത്തേക്ക് ഊർന്ന് വീണു‌. 1000 അടിയിൽ എത്തിയതും പാരച്യൂട്ടിന്റെ റിപ്പ് കോഡ് വലിച്ച് ഫ്ലോട്ട് ചെയ്ത് താഴോട്ട് നീങ്ങി.

പാതി വെള്ളം നിറഞ്ഞ ഒരു ട്രെഞ്ചിലേക്കാണ്‌ അദ്ദേഹം വന്നു പതിച്ചത്. അത് ബ്രിട്ടീഷ് സൈഡിലേതാണോ അതോ ജർമ്മൻ സൈഡിലേതാണോ എന്ന് തീർച്ചയുണ്ടായിരുന്നില്ല. എന്തായാലും ഭാഗ്യം കെൽസോയോടൊപ്പമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ചളി പുരണ്ട കാക്കി യൂണിഫോം ധരിച്ച ഒരു സംഘം സൈനികർ നീട്ടിപ്പിടിച്ച റൈഫിളുകളുമായി അദ്ദേഹത്തിനരികിലെത്തി.

"ഡോണ്ട് ഷൂട്ട്... അയാം ഫ്ലൈയിങ്ങ് കോർപ്സ്..." കെൽസോ വിളിച്ചു പറഞ്ഞു.

ആ പരിസരത്തെവിടെയോ മെഷീൻ ഗണ്ണുകൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. രണ്ട് ഭടന്മാർ ചേർന്ന് കെൽസോയുടെ പാരച്യൂട്ടിന്റെ ബക്ക്‌ൾ വേർപെടുത്തി. മറ്റൊരു സെർജന്റ് ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹത്തിന്റെ ചുണ്ടിൽ വച്ചു കൊടുത്തു.

"നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം രസകരമാണല്ലോ ക്യാപ്റ്റൻ..." ലണ്ടൻ ചുവയുള്ള ഇംഗ്ലീഷിൽ അയാൾ പറഞ്ഞു.

"ഞാനൊരു അമേരിക്കനാണ്..." കെൽസോ പറഞ്ഞു.

"വെൽ... ഇവിടെയെത്തിപ്പെടാൻ കുറേക്കാലം എടുത്തല്ലോ നിങ്ങൾ..." ആ സെർജന്റ് പറഞ്ഞു. "1914 മുതൽ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ..."

                                      ***

യുദ്ധ മേഖലയിൽ നിന്നും പുറത്തേക്കുള്ള അവരുടെ യാത്ര അപകടകരം തന്നെയായിരുന്നു. ഇൻഫൻട്രി പട്രോൾ നൽകിയ മോർഫിൻ ഇൻജക്ഷനെ തുടർന്ന് യാത്രയുടെ ഭൂരിഭാഗവും ജാക്ക് കെൽസോ അബോധാവസ്ഥയിൽ ആയിരുന്നു.

മനോഹരമായ പാടശേഖരത്തിന് അരികിലുള്ള ഒരു പഴയ ഫ്രഞ്ച് കൊട്ടാരത്തിലായിരുന്നു ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തിച്ചിരുന്നത്. ഒരു മായിക ലോകത്തേക്കാണ് ജാക്ക് കെൽസോ കണ്ണ് തുറന്നത്. ചെറിയ ഒരു റൂം... തൂവെള്ള ഷീറ്റുകൾ... മട്ടുപ്പാവിലേക്ക് തുറക്കുന്ന ഫ്രഞ്ച് ജാലകങ്ങൾ... കിടക്കയിൽ എഴുന്നേറ്റിരിക്കുവാൻ ശ്രമം നടത്തിയ അദ്ദേഹം കാലിലെ അസഹ്യമായ വേദന കൊണ്ട് അലറി വിളിച്ചു. തന്നെ പുതപ്പിച്ചിരുന്ന ഷീറ്റ് ഒരു വശത്തേക്ക് വകഞ്ഞു മാറ്റിയ അദ്ദേഹം കണ്ടത് കാലിലെ കനത്ത ബാൻഡേജാണ്. 

വാതിൽ തള്ളിത്തുറന്ന് റെഡ് ക്രോസ് യൂണിഫോം ധരിച്ച ചെറുപ്പക്കാരിയായ ഒരു നഴ്സ് പ്രവേശിച്ചു. സ്വർണ്ണ വർണ്ണമുള്ള തലമുടിയും ഹരിതനിറം കലർന്ന കണ്ണുകളും അഴക് വഴിഞ്ഞൊഴുകുന്ന മുഖവും വിലയിരുത്തിയ അദ്ദേഹം അവളുടെ പ്രായം ഇരുപതുകളുടെ ആരംഭത്തിൽ ആവാനേ വഴിയുള്ളൂ എന്ന് ഊഹിച്ചു. താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് ഇവൾ എന്ന് അദ്ദേഹത്തിന് തോന്നി. അവളെ ദർശിച്ച ആ നിമിഷം തന്നെ ജാക്ക് കെൽസോ അവളിൽ അനുരക്തനായി കഴിഞ്ഞിരുന്നു.

"നോ... എഴുന്നേൽക്കാൻ പാടില്ല..." അദ്ദേഹത്തെ തലയിണയിലേക്ക് താങ്ങി കിടത്തിയിട്ട് അവൾ ഷീറ്റ് മേലോട്ട് വലിച്ച് പുതപ്പിച്ച് കൊടുത്തു.

മെഡിക്കൽ കോർപ്സിന്റെ അടയാളങ്ങൾ അണിഞ്ഞ ഒരു ആർമി കേണൽ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. "പ്രോബ്ലംസ്, ബാരണെസ്സ്..?"

"നോട്ട് റിയലി...  അൽപ്പം കൺഫ്യൂഷനിലാണ് ഇദ്ദേഹം... അത്രയേ ഉള്ളൂ ..." അവൾ പറഞ്ഞു.

"അത് പാടില്ല..." കേണൽ പറഞ്ഞു. "നിങ്ങളുടെ ആ കാലിൽ നിന്ന് വലിയ ഒരു ബുള്ളറ്റാണ് നീക്കം ചെയ്തത് മകനേ... അതുകൊണ്ട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം... ഒരു ഡോസ് മോർഫിൻ കൂടി വേണ്ടി വരുമെന്ന് തോന്നുന്നു..."

അയാൾ പുറത്തേക്ക് നടന്നു. സിറിഞ്ചിൽ മോർഫിൻ ചാർജ് ചെയ്തിട്ട് അവൾ കെൽസോയുടെ വലതു കൈയിൽ ഇൻജക്റ്റ് ചെയ്യുവാനായി അരികിലെത്തി.

"നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം... നിങ്ങൾ ജർമ്മൻകാരിയാണല്ലേ... മാത്രമല്ല, അദ്ദേഹം നിങ്ങളെ 'ബാരണെസ്സ്' എന്ന് വിളിക്കുന്നതും കേട്ടു... അതായത് പ്രഭുകുമാരി എന്ന്..." കെൽസോ ചോദിച്ചു.

"ലുഫ്ത്‌വാഫ് പൈലറ്റുമാരെ പരിചരിക്കേണ്ടി വരുമ്പോൾ അത് പ്രയോജനപ്പെടാറുണ്ട്..." അവൾ പറഞ്ഞു.

ഇൻജക്ഷൻ എടുത്ത് പോകാൻ തുനിഞ്ഞ അവളുടെ കയ്യിൽ അദ്ദേഹം കയറിപ്പിടിച്ചു. "നോക്കൂ, നിങ്ങൾ ആരായിരുന്നാലും എനിക്കൊന്നുമില്ല...  പക്ഷേ, എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാക്ക് തന്നേ മതിയാവൂ പ്രഭുകുമാരീ..." അദ്ദേഹത്തിന്റെ കണ്ണുകളിൽ മയക്കത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു.  "ആട്ടെ, ടർക്വിൻ എവിടെ...?" അദ്ദേഹം ചോദിച്ചു.

"ആ കരടിയെ ആണോ ഉദ്ദേശിക്കുന്നത്...?" അവൾ ആരാഞ്ഞു.

"സാധാരണ കരടിയല്ല അത്... പതിനഞ്ച് ശത്രു വിമാനങ്ങൾ ഞാൻ വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്... അപ്പോഴെല്ലാം ടർക്വിൻ എന്റെയൊപ്പം ഉണ്ടായിരുന്നു... എന്റെ ഭാഗ്യചിഹ്നമാണവൻ..."

"വെൽ... അവൻ അതാ ആ ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ ഇരിപ്പുണ്ട്..." അവൾ പറഞ്ഞു.

അവൻ അവിടെ ഉണ്ടായിരുന്നു. ജാക്ക് കെൽസോ അവനെ ഒന്ന് നോക്കി. "ഹൈ ദേർ... ഓൾഡ് ബഡ്ഡി..." അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.


Saturday, November 24, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 08

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



Hanged Man ലോഡ്ജിലെ ബെഡ്റൂമിന്റെ ചെറിയ ബാൽക്കണിയിൽ കോർണിഷിലേക്ക് കണ്ണും നട്ട് നിൽക്കവെ മൂടൽമഞ്ഞിന്റെ അകമ്പടിയോടെ പ്രഭാതം വരവറിയിച്ചു. ഓർമ്മകളുടെ ഘോഷയാത്രകളായിരുന്നു രാത്രി മുഴുവനും. ഭാര്യ ഇനിയും ഉണർന്നിട്ടില്ല. ശബ്ദമുണ്ടാക്കാതെ വേഷം മാറി പുറത്ത് കടന്ന് കോണിപ്പടികളിറങ്ങി ഞാൻ ബാറിന്റെ ലോഞ്ചിൽ എത്തി. അവൾ പറഞ്ഞത് ശരിയായിരുന്നു... ആ കഥയിലെ ജർമ്മൻ കണക്ഷൻ ആണ് ഇനി കണ്ടെത്താനുള്ളത്. അതിനുള്ള ഏക മാർഗ്ഗമായിരുന്നു കോൺറാഡ് സ്ട്രാസ്സർ... വർഷങ്ങളായിരിക്കുന്നു അദ്ദേഹവുമായി സംസാരിച്ചിട്ട്. അമ്മാവന്റെയും ജർമ്മൻ അമ്മായിയുടെയും മരണശേഷം ആ ബന്ധം ഏതാണ്ട് പൂർണ്ണമായും അറ്റു പോയത് പോലെ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ നമ്പർ എന്റെ പേഴ്സിലെ കാർഡിൽ ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. ഈർപ്പമടിച്ച് കുതിർന്നിരുന്നുവെങ്കിലും അതിലെ നമ്പർ മാഞ്ഞ് പോയിരുന്നില്ല. അടുക്കള വാതിൽ തുറന്ന് സെക്ക് ആക്‌ലന്റ് എത്തി നോക്കിയത് അപ്പോഴായിരുന്നു.

"നേരത്തെയുണർന്നല്ലോ..." അദ്ദേഹം പുഞ്ചിരിച്ചു.

"താങ്കളും..."

"ഓ, എന്റെ ഈ പ്രായത്തിൽ ഉറക്കമൊക്കെ കുറവാണ്... ചായ തിളപ്പിച്ചിട്ടുണ്ട്... എടുത്തുകൊണ്ട് വരാം..." അദ്ദേഹം പറഞ്ഞു.

"ഒരു രണ്ട് മിനിറ്റ്... ഒന്ന് ഫോൺ ചെയ്യാനുണ്ട്... ഹാംബർഗിലേക്ക്... പരിഭ്രമിക്കേണ്ട... എന്റെ ബില്ലിൽ ചേർത്തോളൂ..."

"ഹാംബർഗ്... ദാറ്റ്സ് ഇ‌ന്ററസ്റ്റിങ്ങ്... അവിടെയും നേരം പുലർന്ന് വരുന്നതേയുള്ളല്ലോ..."

"അതും ഒരു വൃദ്ധനാണ്... ഉറക്കമൊന്നും ഉണ്ടാവില്ല..." ഞാൻ പറഞ്ഞു.

ആക്‌ലന്റ് കിച്ചണിലേക്ക് പോയി. ബാറിലെ സ്റ്റൂളിന്മേൽ ഇരുന്ന് കാർഡിലെ നമ്പർ നോക്കി ഞാൻ ഡയൽ ചെയ്തു. എന്റെ ഓർമ്മ വച്ച് കോൺറാഡ് ജനിച്ചത് 1920 ൽ ആണ്. എന്ന് വച്ചാൽ ഇപ്പോൾ എഴുപത്തിയേഴ് വയസ്സ്. അദ്ദേഹത്തിന്റെ ഭാര്യ മരണമടഞ്ഞ വിവരം ഞാൻ അറിഞ്ഞിരുന്നു. ഒരു മകൾ ഉള്ളത് ഓസ്ട്രേലിയയിലും.

അപ്പുറത്ത് റിസീവർ എടുത്തതും ജർമ്മൻ ഭാഷയിൽ ആ പരുക്കൻ സ്വരം കേൾക്കാറായി. "ഏത് നശിച്ചവനാണ് ഈ നേരത്ത്...?"

"യുവർ ഐറിഷ് കസിൻ..." ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു. "എങ്ങനെയുണ്ട് ഹാംബർഗിൽ ഇന്നത്തെ പ്രഭാതം...?"

ബ്ലാങ്കനീസിലെ എൽബെയിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.  "നദിയിൽ എമ്പാടും മൂടൽമഞ്ഞാണ്... ഏതാനും ബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്..." അദ്ദേഹം ഉറക്കെ ചിരിച്ചു. പണ്ടത്തെ പോലെ അപ്പോഴും എന്നെ 'ബോയ്' എന്നാണ് അദ്ദേഹം വിളിച്ചത്. "ഗുഡ് റ്റു ഹിയർ ഫ്രം യൂ ബോയ്... ഇനി നീ ആ ഐറിഷ് മണ്ടത്തരങ്ങളൊന്നും വിളമ്പില്ല എന്ന് കരുതിക്കോട്ടെ...?"

"തീർച്ചയായും ഇല്ല... ഇപ്പോൾ ഞാനും വളർന്ന് വലുതായില്ലേ..."

"യെസ്... ഞാനോർക്കുന്നു... നീ നിന്റെ ഇപ്പോഴത്തെ ഭാര്യയെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് എന്നോട് പറഞ്ഞത്... നിന്നെക്കാൾ ഇരുപത്തിയഞ്ച് വയസ്സിന് ചെറുപ്പമാണ് അവൾ എന്ന് പറഞ്ഞപ്പോൾ ഏറിയാൽ ഒരു വർഷം എന്ന് ഞാൻ പറഞ്ഞത്..."

"അതെ... പതിനഞ്ച് വർഷം മുമ്പായിരുന്നു അത്..."

"എന്ന് വച്ചാൽ ഒരു പഴയ ഗെസ്റ്റപ്പോക്കാരനും തെറ്റ് പറ്റാമെന്ന്..."

പെട്ടെന്നുണ്ടായ ചുമ നിർത്താൻ അദ്ദേഹം പാടു പെടുന്നത് പോലെ തോന്നി. ചുമ തീരുന്നത് വരെ ഞാൻ കാത്തു നിന്നു. പിന്നെ ചോദിച്ചു. "ആർ യൂ ഓകേ...?"

"തീർച്ചയായും... രക്തവും ഉരുക്കും കൂടിച്ചേർന്നത്... അതാണ് ഞങ്ങൾ ജർമ്മൻസ്... നിന്റെ ഭാര്യ ഇപ്പോഴും ഒരു അത്ഭുത വനിത തന്നെയാണോ...? ഫോർമുലാ വൺ... ഡൈവിങ്ങ്... വിമാനം പറത്തൽ... അതൊക്കെയുണ്ടോ ഇപ്പോഴും...?"

"ഇന്നലെ അവൾ ഒരു അത്ഭുത വനിത തന്നെയായിരുന്നു... ഞങ്ങളുടെ ജീവൻ രക്ഷിച്ചത് അവളാണ്..." ഞാൻ പറഞ്ഞു.

"വിശദമായി പറയൂ..."

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. "മൈ ഗോഡ്, വാട്ട് എ വുമൻ...!"

"ആ പറഞ്ഞത് തീരെ കുറഞ്ഞു പോയി... അവൾ കേട്ടാൽ ഇവിടെ യുദ്ധം നടക്കും..."

"അപ്പോൾ അല്ലാത്ത സമയത്തോ...?"

"അങ്ങേയറ്റം നല്ല കുട്ടി..."

കോൺറാഡ് വീണ്ടും ചുമയ്ക്കുവാൻ തുടങ്ങി. പിന്നെ ചോദിച്ചു. "സോ, വാട്ട്സ് ഇറ്റ് ഓൾ എബൗട്ട്...? വർഷങ്ങൾക്ക് ശേഷമുള്ള ഈ ഫോൺ കോൾ... അതും കിഴക്ക് വെള്ള കീറും മുമ്പ്..."

"എനിക്ക് നിങ്ങളുടെ ഒരു സഹായം ആവശ്യമായി വന്നിരിക്കുന്നു... അത്യന്തം അമ്പരപ്പിക്കുന്ന ഒരു കഥ എന്റെ മുന്നിൽ എത്തിയിട്ടുണ്ട്... 1918 ൽ ജനിച്ച സഹോദരന്മാർ... അതും ഇരട്ട സഹോദരന്മാർ... ഹാരി കെൽസോയും മാക്സ് കെൽസോയും... അവരുടെ പിതാവ് അമേരിക്കൻ... മാതാവ് എൽസ വോൺ ഹാൾഡർ പ്രഭ്വി..."

"വോൺ ഹാൾഡേഴ്സ്... ഉന്നത പ്രഷ്യൻ കുലീന കുടുംബമാണല്ലോ അത്... " കോൺറാഡ് മുരണ്ടു.

"ഇരട്ടകൾ പിന്നീട് ഇരുവഴികളിലായി വേർപെട്ടു... ഇളയവൻ ഹാരി തന്റെ മുത്തച്ഛനായ ആബെ കെൽസോയോടൊപ്പം അമേരിക്കയിൽ... 1930 ൽ ഒരു കാർ അപകടത്തിൽ പെട്ട് മകൻ മരണമടഞ്ഞതോടെ ആബെ കെൽസോ മകന്റെ ഭാര്യയായ എൽസ പ്രഭ്വിയെയും മാക്സിനെയും ജർമ്മനിയിലേക്ക് മടക്കി അയച്ചു. മൂത്തവനായ മാക്സ് സ്വാഭാവികമായും അങ്ങനെ ബാരൺ വോൺ ഹാൾഡർ... അതായത് ഹാൾഡർ പ്രഭു ആയി..."

"ആ പേര് ഞാൻ കേട്ടിട്ടുണ്ട്..." കോൺറാഡ് പറഞ്ഞു.

"എങ്ങനെ കേൾക്കാതിരിക്കും... ബ്ലാക്ക് ബാരൺ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്... ലുഫ്ത്‌വാഫിലെ ഒന്നാം നമ്പർ ഫൈറ്റർ പൈലറ്റ് ആയിരുന്നു അദ്ദേഹം... സഹോദരൻ ഹാരിയും പൈലറ്റ് ആയിരുന്നു... റഷ്യക്കെതിരെ ഫിന്നിഷ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു... പിന്നെ റോയൽ എയർഫോഴ്സിൽ അമേരിക്കൻ വൈമാനികനായി ബാറ്റ്‌ൽ ഓഫ് ബ്രിട്ടനിൽ... നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലും അധികം മെഡലുകൾ..."

ഒരു നീണ്ട മൗനത്തിന് ശേഷം കോൺറാഡ് ആരാഞ്ഞു. "വാട്ട് എ സ്റ്റോറി... പിന്നെന്തുകൊണ്ട് അദ്ദേഹത്തിന്റെ നാമം രണ്ടാം ലോക മഹായുദ്ധത്തിലെ വീരയോദ്ധാക്കളുടെ പട്ടികയിൽ വന്നില്ല...?"

"ചില പ്രത്യേക കാരണങ്ങൾ കൊണ്ട്... രഹസ്യ സ്വഭാവമുള്ള ഫയലുകളിൽ ഉറങ്ങുകയാണ് ആ കഥകൾ..."

"ഇത്രയും വർഷങ്ങൾക്ക് ശേഷവും...?"

"ഇവിടെ ഒരാളുമായി സംസാരിക്കുകയായിരുന്നു ഞാൻ... എൺപത്തിയെട്ട് കഴിഞ്ഞ ആ വൃദ്ധനിൽ നിന്നും കുറേയേറെ വസ്തുതകൾ എനിക്ക് ലഭിച്ചു... ഇനി അതിന്റെ ജർമ്മൻ സൈഡ് മാത്രമാണ് അറിയുവാനുള്ളത്... പഴയ ഒരു ഗെസ്റ്റപ്പോ എന്ന നിലയിൽ രഹസ്യ രേഖകൾ തേടിയെടുക്കുവാൻ നിങ്ങൾക്ക് സാധിച്ചേക്കുമെന്ന് ഞാൻ കരുതി... ഇനി അഥവാ കഴിയില്ലെങ്കിൽത്തന്നെ വിഷമിക്കേണ്ട കാര്യമില്ല... ബുദ്ധിമുട്ട് എനിക്ക് മനസ്സിലാക്കാൻ കഴിയും..."

"എനിക്ക് കഴിയില്ലെങ്കിൽ എന്നോ...?" വീണ്ടും അദ്ദേഹം ചുമയ്ക്കുവാൻ തുടങ്ങി. "എനിക്കതിൽ സന്തോഷമേയുള്ളൂ... ഇത്തരം ജോലികൾ എനിക്കൊരു ഹരമാണ്... ജീവിതത്തിന് പുതിയൊരു ഉന്മേഷമായിരിക്കും എനിക്ക് അത് നൽകുക... മറ്റൊന്നും കൊണ്ടല്ല... എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു മകനേ... ലങ്ങ് ക്യാൻസറാണ് എനിക്ക്..."

എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു വാർത്ത ആയിരുന്നു അത്. കാരണം അത്രയധികം അദ്ദേഹത്തെ ഇഷ്ടമായിരുന്നു എനിക്ക്.

"ജീസസ്... വേണ്ട കോൺറാഡ്... വിട്ടു കളഞ്ഞേക്കൂ ഇക്കാര്യം..." ഞാൻ പറഞ്ഞു.

"എന്തിന് വിട്ടു കളയണം...? എനിക്കിഷ്ടമാണ് ഇത്തരം തമാശയൊക്കെ... ദിവസങ്ങൾ എണ്ണിക്കഴിയുന്ന ഒരു വൃദ്ധനാണ് ഞാൻ... അതുകൊണ്ട് ആ രേഖകളുടെ രഹസ്യ സ്വഭാവമൊന്നും എനിക്കൊരു പ്രശ്നമേയല്ല... ഇതൊക്കെയല്ലേ ഒരു രസം... ഇന്റലിജൻസ് വകുപ്പിൽ നീണ്ട കാലം പ്രവർത്തിച്ചു എന്നതിന്റെ പേരിൽ എനിക്ക് വേ‌ണമെങ്കിൽ കൈ കഴുകാം... പക്ഷേ, നീ ഒരിക്കൽ എന്നെ സഹായിച്ചിട്ടുള്ളതാണ്... നമുക്ക് കുറച്ച് കൂടി ആഴത്തിലേക്കിറങ്ങാം... ആദ്യം ബ്ലാക്ക് ബാരണെക്കുറിച്ച് നിനക്ക് അറിയാവുന്ന വസ്തുതകൾ എന്നോട് പറയൂ... എന്നിട്ട് അവിടെ നിന്നും ഞാൻ തുടങ്ങി വയ്ക്കാം..."

                                     ***

അൽപ്പനേരം കഴിഞ്ഞതും അവിടേക്ക് ഒഴുകിയെത്തിയ ഇറച്ചി മൊരിയുന്ന ഗന്ധം എന്നെ കിച്ചണിലേക്ക് നടത്തിച്ചു. സെക്ക് ആക്‌ലന്റ് സാൻഡ്‌വിച്ച് ഉണ്ടാക്കിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മേശയുടെ ഒരരികിൽ ഇരുന്ന് രുചികരമായ ആ സാൻഡ്‌വിച്ചിനോടൊപ്പം ചായ മൊത്തിക്കൊണ്ടിരിക്കുമ്പോൾ ലോകത്തിന്റെ നിറുകയിലാണ് ഞാൻ ഇരിക്കുന്നതെന്ന് തോന്നിപ്പോയി.

"ഫോൺ കോൾ ഓകെ...?" അദ്ദേഹം ആരാഞ്ഞു.

"ഓ, യെസ്..." ഞാൻ പറഞ്ഞു. "എന്റെ ഒരു ബന്ധു ആയിരുന്നു... നമ്മുടെ കഥയുടെ ജർമ്മൻ സൈഡ്... അതായത് മാക്സ് കെൽസോയെക്കുറിച്ചുള്ള വിവരങ്ങൾ... ആർക്കെങ്കിലും അത് കണ്ടെത്തുവാൻ കഴിയുമെങ്കിൽ അത് അദ്ദേഹത്തിന് മാത്രമായിരിക്കും..."

"താങ്കൾക്ക് നല്ല ഉറപ്പുള്ളത് പോലെ..."

"തീർച്ചയായും... അദ്ദേഹവും നിങ്ങളെപ്പോലെയാണ് സെക്ക്... വയസ്സ് എഴുപത്തിയേഴ് ആയിരിക്കുന്നു... അനുഭവങ്ങളുടെ കൂടാരമാണ്... എല്ലായിടത്തും വേണ്ടത്ര പിടിപാടുകളും..." ഞാൻ മഗ്ഗിലേക്ക് കുറച്ച് കൂടി ചായ പകർന്നു. "യുദ്ധത്തിന്റെ നാളുകളിൽ അദ്ദേഹം ഗെസ്റ്റപ്പോയിൽ ആയിരുന്നു..."

"എന്റെ ദൈവമേ...!" ചിരി നിയന്ത്രിക്കാനാവാതെ അദ്ദേഹം കസേരയിൽ നിന്നും വീഴാൻ പോയി.

"നിങ്ങൾക്ക് അറിയാവുന്ന എല്ലാ വസ്തുതകളും എന്നോട് പറഞ്ഞു കഴിഞ്ഞു എന്നുറപ്പാണോ...?" ഞാൻ ചോദിച്ചു.

"ഒരിക്കലുമില്ല... എന്തൊക്കെ വിവരങ്ങളണ് താങ്കൾ കണ്ടുപിടിച്ച് കൊണ്ടുവരിക എന്ന് നോക്കട്ടെ... എന്നിട്ട് നമുക്ക് ഒരുമിച്ചിരുന്ന് വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാം..." അദ്ദേഹം എഴുന്നേറ്റു. "ബിയറിന്റെ വീപ്പ എന്തായി എന്ന് നോക്കാനുണ്ട്... നമുക്ക് പിന്നെ കാണാം..."

ബ്രേക്ക്ഫാസ്റ്റിന് ശേഷം ഞാൻ ബോട്ട് ജെട്ടിയുടെ അറ്റത്ത് ചെന്ന് നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. കനത്ത മൂടൽമഞ്ഞിലേക്ക് നോക്കിക്കൊണ്ട് നിൽക്കുമ്പോഴും സെക്ക് പറഞ്ഞ കഥ തന്നെയായിരുന്നു എന്റെ മനസ്സിൽ. 

ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞതും ഡെനിസ് എനിക്കരികിലെത്തി. തനിക്ക് പാകമല്ലാത്ത വലിയ ഒരു സ്വെറ്ററും ജീൻസും ആയിരുന്നു അവളുടെ വേഷം. മറ്റാരുടേതോ ആണെന്ന് വ്യക്തം.  അവളുടെ കൈയിൽ രണ്ട് കപ്പ് ചായ ഉണ്ടായിരുന്നു.

"ഞാൻ ഗുഡ്‌വുഡ് എയറോ ക്ലബ്ബിൽ പോയിരുന്നു... നമ്മളെ പിക്ക് ചെയ്യാനായി ബെർണി സ്മിത്ത് വരുന്നുണ്ട്..." അവൾ പറഞ്ഞു.

"ദാറ്റ്സ് ഗുഡ്..." അൽപ്പം ചായ രുചിച്ചിട്ട് അവളെ അരക്കെട്ടിൽ കൈ ചുറ്റി ചേർത്തു പിടിച്ച് ഞാൻ നന്ദി പ്രകടിപ്പിച്ചു. "താങ്ക്സ്..."

"കാളരാത്രി ആയിരുന്നുവോ ഇന്നലെ...?" അവൾ‌ ചോദിച്ചു.

"അതെ... ജർമ്മൻ കണക്ഷൻ... ഇതുവരെ നീ അറിയാത്ത പല കാര്യങ്ങളും... വർഷങ്ങൾക്ക് മുമ്പ് ജർമ്മൻ അതിർത്തിയിൽ ഞാൻ സേവനമനുഷ്ഠിച്ചത്... അയർലണ്ട്... അവിടുത്തെ കലാപങ്ങൾ... ഒന്നിന് പുറകെ ഒന്നായി എല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു..." ഒന്ന് സംശയിച്ചിട്ട് ഞാൻ തുടർന്നു. "ഹാംബർഗിൽ ഗെസ്റ്റപ്പോയിൽ ഉണ്ടായിരുന്ന എന്റെ കസിനെക്കുറിച്ച് ഇന്നലെ നീ സൂചിപ്പിച്ചില്ലേ...?"

"അതെ..."

"അൽപ്പം മുമ്പ് ഞാൻ അയാളെ വിളിച്ചിരുന്നു... പഴയ കാര്യങ്ങളൊക്കെ ചികഞ്ഞെടുക്കാൻ സാധിക്കുന്ന പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തിന്റേത്..."

"എന്നിട്ട് സഹായിക്കാൻ തയ്യാറാണോ അദ്ദേഹം...?"

ഞാനൊരു ദീർഘശ്വാസമെടുത്തു. "കാര്യം അറിഞ്ഞതും അങ്ങേയറ്റം ആവേശഭരിതനായി അദ്ദേഹം... ശ്വാസകോശാർബുദം ബാധിച്ചിരിക്കുകയാണ് അദ്ദേഹത്തിന്... ഈ വിഷയം അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു നവോന്മേഷം പകരുമെന്നാണ് പറഞ്ഞത്... എന്തായാലും ഇനി അധികകാലമൊന്നും അദ്ദേഹം ജീവനോടെയുണ്ടാവില്ലെന്നാണ് തോന്നുന്നത്..."

അവൾ എന്നെ മുറുകെ പിടിച്ചു. "എത്ര നീചനാണ് നിങ്ങൾ..."

എത്ര നീചനാണ് ഞാൻ...? "വരൂ, നമുക്ക് പബ്ബിലേക്ക് ചെല്ലാം... ബ്രേക്ക്ഫാസ്റ്റ് കഴിക്കണ്ടേ നിനക്ക്...? എന്തെങ്കിലും വിവരങ്ങളുമായി കോൺറാഡ് വരാതിരിക്കില്ല... ഗെസ്റ്റപ്പോ ആയിരുന്നു അദ്ദേഹം..."

                                       ***

കോൺറാഡ് തന്റെ ജോലി ഭംഗിയായി നിർവ്വഹിക്കുക തന്നെ ചെയ്തു. തികച്ചും അഭിനന്ദനാർഹമായ രീതിയിൽ. അതിന് ശേഷം ഏതാണ്ട് ആറ് മാസം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. അദ്ദേഹം കണ്ടെത്തി കൊണ്ടുവന്ന അമൂല്യ വിവരങ്ങളും സെക്ക് എന്നോട് പറഞ്ഞ കാര്യങ്ങളും പിന്നെ ഞാൻ സ്വയം നടത്തിയ ഗവേഷണങ്ങളും എല്ലാം ഏകോപിപ്പിച്ച് ഞങ്ങൾ എത്തിച്ചേർന്നത് അനിതരസാധാരണമായ ഒരു ട്രൂ സ്റ്റോറിയിലേക്ക് ആയിരുന്നു... കെൽസോ സഹോദരന്മാരുടെ ജീവിത കഥ.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Saturday, November 17, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 07

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

എന്റെ അമ്മാവന്റെ ഫ്ലാറ്റിൽ ഗ്ലാസിൽ നിന്നും വിസ്കി നുണഞ്ഞു കൊണ്ട് നിൽക്കവെ കോൺറാഡ് പറഞ്ഞു. "ആ എൻവലപ്പ് ഇങ്ങ് തരൂ..."

ആ കവർ അയാൾക്ക് കൈമാറിക്കൊണ്ട് ഞാൻ ചോദിച്ചു. "എന്താണ് ഇതിനുള്ളിൽ...?"

"അത് നിങ്ങൾ അറിയേണ്ട ആവശ്യമില്ല..."

അയാളുടെ ആ മറുപടിയിൽ എന്റെ രക്തം തിളച്ചുവെങ്കിലും ഒന്ന് ആലോചിച്ചപ്പോൾ അയാളുടെ ഭാഗത്താണ് ന്യായം എന്നെനിക്ക് തോന്നി.

"നോക്കൂ..." ഞാൻ പറഞ്ഞു. "പലവട്ടം ചോദിക്കണമെന്ന് കരുതിയതാണ്... 21 SAS ന്റെ ഒരു തപാൽക്കാരനാണ് ഞാനെന്നാണല്ലോ നിങ്ങൾ പറഞ്ഞത്... എന്നെ ഈ ജോലി ഏൽപ്പിച്ചത് ഒരു മേജർ വിൽസൺ ആണ്... എന്നാൽ തികച്ചും യാദൃച്ഛികം എന്ന് പറയട്ടെ, ഇപ്പോൾ നിങ്ങളും ഇതിൽ ഭാഗഭാക്കായിരിക്കുന്നു... എന്തൊക്കെയാണിത്...?"

"ഇത് യാദൃച്ഛികമൊന്നുമല്ല സുഹൃത്തേ.. നിങ്ങൾ ഇനിയും വളരേണ്ടിയിരിക്കുന്നു... എല്ലാത്തിനും അതിന്റേതായ നിയോഗങ്ങളുണ്ട്... 21 SAS എന്നതിനെ വേണമെങ്കിൽ ഒരു വാരാന്ത്യ സൈന്യം എന്ന് വിശേഷിപ്പിക്കാം... അഭിഭാഷകർ മുതൽ ടാക്സി ഡ്രൈവർമാർ വരെ ഉൾപ്പെടുന്ന വിപുലമായ ഒരു സംഘടന... വിവിധ ഭാഷക്കാരും വിവിധ മേഖലകളിൽ ജോലി നോക്കുന്നവരും അതിൽ അംഗങ്ങളാണ്... എന്നാൽ 22 റെജിമെന്റിന്റെ കാര്യം വിഭിന്നമാണ്... സ്ഥിരം ജോലിക്കാരായ അവർ മലയായിൽ ചൈനക്കാർക്കെതിരെയും ഒമാനിൽ അറബികൾക്കെതിരെയും ഒക്കെ പൊരുതിക്കൊണ്ട് കാലം കഴിക്കുന്നു... 21 റെജിമെന്റിലെ അംഗങ്ങൾ നിങ്ങളെപ്പോലെ വല്ലപ്പോഴും മാത്രം ദൗത്യം ഏറ്റെടുക്കുന്നവരാണ്... നിങ്ങൾ ബെർലിനിലേക്ക് വരുന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുകയും അത് ഉപയോഗപ്രദം ആണെന്ന് അവർക്ക് തോന്നുകയും ചെയ്തു..."

"അത് അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു...?"

"എക്സാക്റ്റ്‌ലി... മാത്രവുമല്ല, നിങ്ങളുമായുള്ള എന്റെ കുടുംബ ബന്ധം തികച്ചും ഒരു യാദൃച്ഛികതയുമായി..."

"എന്തായും നിങ്ങളെന്റെ ജീവൻ രക്ഷിച്ചു എന്ന് പറയാം..."

"ഓ, അതൊന്നുമില്ല... അത് നിങ്ങളുടെ കഴിവ് മാത്രമാണ്..." അയാൾ ഉറക്കെ ചിരിച്ചു. "ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ ഇഷ്ടകേന്ദ്രമായ ആ ബാൾറൂമിൽ നിങ്ങൾക്ക് തിരിച്ചെത്താം... പെൺകുട്ടികളോടൊപ്പം അവിടെ ചുവട് വയ്ക്കാം... ഇത്രയ്ക്കും ഗതി കെട്ടവനാണ് നിങ്ങളെന്ന് അവരിലൊരാൾ പോലും തിരിച്ചറിയില്ല..."

"സോ ദാറ്റ്സ് ഇറ്റ്... ഐ ജസ്റ്റ് ഗോ ബാക്ക്...?"

"അതെ, അത്രയേ ഉള്ളൂ... വിൽസൺ എന്തായാലും ഈ വിഷയത്തിൽ സംതൃപ്തനായിരിക്കും..." അയാൾ തന്റെ ഗ്ലാസ് കാലിയാക്കി. "പക്ഷേ, ഒരുപകാരം നിങ്ങളെനിക്ക് ചെയ്ത് തരണം... ബെർലിനിലേക്ക് ഇനിയൊരിക്കലും തിരിച്ചു വരരുത്... അടുത്ത തവണ നിങ്ങളെയും കാത്ത് അവരവിടെ നിൽപ്പുണ്ടായിരിക്കും..." വാതിൽക്കലേക്ക് ചെന്ന് അയാൾ ഡോർ തുറന്നു.

"എന്ത്, ഇനിയും ദൗത്യങ്ങൾ ഉണ്ടാകുമെന്നോ...?" ഞാൻ ചോദിച്ചു.

"ഞാൻ പറഞ്ഞല്ലോ, 21 SAS ആളുകളെ ഉപയോഗിക്കുന്ന രീതി അങ്ങനെയാണ്... ചേരുന്നയിടത്ത് ചേർക്കും... ആർക്കറിയാം...?" ഒരു നിമിഷം അയാൾ ചിന്തയിലാണ്ടു. "അന്ന് നിങ്ങളുടെ മുന്നിൽ അവർ വഴി കൊട്ടിയടച്ചു... പക്ഷേ, അത് വെറും നൈമിഷികമായ പകിട്ടിൽ നിന്നുമായിരുന്നു... യൂണിഫോം, ക്യാപ്, Who Dares Wins എന്നെഴുതിയ ബാഡ്ജ് തുടങ്ങിയവയിൽ നിന്നും..."

"അപ്പോൾ എനിക്ക് ഇതിൽ നിന്നും മോചനമില്ലെന്നാണോ...?"

"അയാം അഫ്രെയ്ഡ് നോട്ട്... ടേക്ക് കെയർ..." അയാൾ പുറത്തേക്ക് നടന്നു.

                                     ***

അയാൾ പറഞ്ഞത് നൂറ് ശതമാനവും ശരിയായിരുന്നു. തീർത്തും ഊഷരമായ നാളുകളായിരുന്നു പിന്നീട് കുറേക്കാലം എന്റെ ജീവിതത്തിൽ. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി നിരവധി ഉദ്യോഗങ്ങൾ, കോളേജ്, യൂണിവേഴ്സിറ്റി, വിവാഹം, വിജയകരമായ അദ്ധ്യാപക ജീവിതം... അതോടൊപ്പം തന്നെ എഴുത്തിന്റെ ലോകത്തിലും എനിക്ക് മുദ്ര പതിപ്പിക്കുവാനായി. എഴുപതുകളുടെ ആരംഭത്തിൽ യൂൾസ്റ്ററിൽ ഐറിഷ് കലാപം പൊട്ടിപ്പുറപ്പെട്ട സമയത്താണ് മേജർ വി‌ൽസൺ വീണ്ടും എന്നെ തേടിയെത്തുന്നത്. ഐറിഷ് വിമോചന പശ്ചാത്തലവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയ ഒരു നോവൽ വൻ ഹിറ്റ് ആയി മാറിയ സമയമായിരുന്നു അത്. അപ്പോഴേക്കും അദ്ദേഹം ഒരു ഫുൾ റാങ്ക് കേണൽ ആയിക്കഴിഞ്ഞിരുന്നു എന്നാണ് റോയൽ എഞ്ചിനീയേഴ്സ് യൂണിഫോമിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്. എങ്കിലും എനിക്കതിൽ തെല്ല് സംശയം ഇല്ലാതിരുന്നില്ല താനും.

ലീഡ്സ് നഗരത്തിലെ ഒരു മുന്തിയ ഹോട്ടലിന്റെ ബാറിലേക്കായിരുന്നു അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയത്. സാഹിത്യ ജീവിതത്തിലെ എന്റെ വിജയം ആഘോഷിക്കുവാനായി അദ്ദേഹം ഷാംപെയ്ൻ ഓർഡർ ചെയ്തു. "യൂ ഹാവ് ഡൺ വെരി വെൽ, ഓൾഡ് ചാപ്... ഗംഭീര പുസ്തകം... തികച്ചും ആധികാരികം..."

"താങ്കൾക്കത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..."

"ഇന്നത്തെ ഈ ടെലിവിഷൻ റിപ്പോർട്ടേഴ്സ് എഴുതിയുണ്ടാക്കുന്ന ചവറ് പോലെയല്ല... അതൊക്കെ വെറും ഉപരിപ്ലവം മാത്രം... മറിച്ച് നിങ്ങളോ... നിങ്ങൾക്ക് ഐറിഷ് ഭാഷ അറിയാം... ആ സംസ്കാരം അറിയാം... ആൻ ഓറഞ്ച് പ്രോഡ് വിത്ത് കാത്തലിക്ക് കണക്ഷൻസ്... അത് ഒട്ടേറെ സഹായിച്ചിട്ടുണ്ടാകും..."

വരാൻ പോകുന്ന ദൗത്യത്തിന്റെ സൂചനകൾ എനിക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. പഴയ ബെർലിൻ ദൗത്യത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയും എല്ലാം എന്റെ ഓർമ്മയിൽ ഓടിയെത്തി.

"താങ്കൾക്കിപ്പോൾ എന്താണ് വേണ്ടത്...?" അൽപ്പം കരുതലോടെ ഞാൻ ചോദിച്ചു.

"അധികമൊന്നും വേണ്ട... അടുത്തയാഴ്ച നിങ്ങൾ ഡബ്ലിനിൽ ഏതോ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നില്ലേ...? പുസ്തകങ്ങളുടെ കോൺട്രാക്റ്റ് സൈൻ ചെയ്യലും ടെലിവിഷൻ ഇന്റർവ്യൂവും ഒക്കെയായി...?"

"അതുകൊണ്ട്...?"

"ഞങ്ങൾക്ക് വേണ്ടി ഒന്നു രണ്ട് പേരെ സന്ധിക്കുവാൻ പറ്റുമെങ്കിൽ വളരെ ഉപകാരമാകുമായിരുന്നു..."

"ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് മുമ്പ് നിങ്ങൾക്ക് വേണ്ടി ബെർലിനിൽ ഒരാളെ ഞാൻ സന്ധിച്ചു... അന്ന് തലനാരിഴക്കാണ് മരണത്തിൽ നിന്നും രക്ഷപെട്ട് ഞാൻ തിരിച്ചെത്തിയത്..."

"അതിന് മറ്റൊരു വശം കൂടിയുണ്ട്... എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് മറ്റേ കക്ഷിയാണ് ആയുധമെടുത്തത്..." അദ്ദേഹം പുഞ്ചിരിച്ചു. "അതുകൊണ്ട് തന്നെ നിങ്ങളെ അത് ബാധിക്കുമായിരുന്നില്ല... ആ റഷ്യക്കാരുടെ കാര്യത്തിലെന്ന പോലെ..."

ഒരു സിഗരറ്റ് എടുത്ത് ഞാൻ തീ കൊളുത്തി. "ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്...? അന്നത്തെ പ്രകടനം ആവർത്തിക്കണമെന്നാണോ...? സ്പ്രീ നദിക്ക് പകരം ലിഫേ നദിയാണോ ഇത്തവണ...?"

"അല്ലേയല്ല... അത്ര കടുത്ത ജോലികളൊന്നും തന്നെയില്ല... ഒരു ഇടനിലക്കാരന്റെ റോൾ... ഏതാനും വ്യക്തികളുമായി സംസാരിക്കുക... അത്ര മാത്രം..."

അതേക്കുറിച്ചോർത്തുള്ള ഉദ്വേഗം എന്നിലൂടെ കടന്നു പോകുന്നത് ഒരു നിമിഷം ഞാനറിഞ്ഞു.

"നിങ്ങൾ ഒരു കാര്യം മറക്കുന്നു... പത്ത് വർഷത്തെ ആർമി റിസർവ്വ് പീരീഡ് വർഷങ്ങൾക്ക് മുമ്പേ അവസാനിച്ചു എന്ന വിഷയം..." ഞാൻ പറഞ്ഞു.

"തീർച്ചയായും... പക്ഷേ, 21 SAS ൽ ചേർന്ന സമയത്ത് ഒരു ഒഫിഷ്യൽ സീക്രട്ട് ആക്റ്റിൽ നിങ്ങൾ സൈൻ ചെയ്തിരുന്നു..."

"അതെ... അതാണല്ലോ എന്നെ കുരുക്കിൽ പെടുത്തിയതും..."

"യെസ്, വെൽ... പണ്ടേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളതാണ്... നിങ്ങൾ വിചാരിക്കുന്നതിലും സങ്കീർണ്ണമാണ് കാര്യങ്ങൾ..."

"യൂ മീൻ, വൺസ് ഇൻ, നെവെർ ഔട്ട്...?" ഞാൻ സിഗരറ്റ് കുത്തിക്കെടുത്തി. "ബെർലിനിൽ വച്ച് കോൺറാഡ് പറഞ്ഞത് അങ്ങനെ ആയിരുന്നു... അത് പോട്ടെ,  അയാളുടെ വിവരങ്ങൾ വല്ലതുമുണ്ടോ...? അതിന് ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല..."

"അയാൾ സുഖമായിരിക്കുന്നു... വെരി ആക്ടിവ്... അപ്പോൾ  എന്നോട് സഹകരിക്കുവാൻ നിങ്ങൾ തയ്യാറാണെന്ന് വിശ്വസിക്കാമല്ലോ...?"

"എന്റെ മുന്നിൽ വേറെ മാർഗ്ഗമൊന്നും ഇല്ലല്ലോ...? എന്താ, ഉണ്ടോ...?"

അദ്ദേഹം ഷാംപെയ്ൻ ഗ്ലാസ് കാലിയാക്കി. "ആശങ്കപ്പെടാനൊന്നുമില്ല... ഈസി വൺ, ദിസ്..."

                                    ***

കടുത്ത ജോലികൾ ഒന്നും തന്നെയില്ല... ഈസി വൺ, ദിസ്... ആ ബാസ്റ്റഡിന് വേണ്ടി അഞ്ച് ട്രിപ്പുകൾ... ബോംബിങ്ങ്, ഷൂട്ടിങ്ങ്, ചില്ല് കഷണങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ... ബെൽഫാസ്റ്റിലെ‌ അപകടകരമായ ശനിയാഴ്ച രാവുകൾ... ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവ് പാടില്ല എന്ന വ്യവസ്ഥയിൽ ആയുധധാരികളുടെ അകമ്പടിയോടെ ഒടുവിൽ എയർപോർട്ടിലേക്കുള്ള യാത്ര...

വർഷങ്ങളോളം പിന്നെ ഞാൻ ബെൽഫാസ്റ്റിലേക്ക് പോയിട്ടില്ല. പിന്നീടൊരിക്കലും ഞാൻ മേജർ വിൽസണെക്കുറിച്ച് കേട്ടിട്ടുമില്ല... കേട്ടിട്ടില്ലേ എന്ന് ചോദിച്ചാൽ കേട്ടു... ഡെയ്‌ലി ടെലിഗ്രാഫിന്റെ ചരമ കോളത്തിൽ ഒരു നാൾ...  എന്നെ തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു... കേണൽ ആയിരുന്നില്ല, വെറുമൊരു ബ്രിഗേഡിയർ മാത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേര് വിൽസൺ എന്നും ആയിരുന്നില്ല.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, November 16, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 06

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ചാർലിയിലെ ചെക്ക് പോയിന്റിലൂടെയാണ് ടൂർ ബസ് ഞങ്ങളെ കൊണ്ടുപോയത്. യാതൊരു ബുദ്ധിമുട്ടും ഞങ്ങൾക്കവിടെ നേരിടേണ്ടി വന്നില്ല. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾ ബസ്സിൽ ഉണ്ടായിരുന്നു. ബോർഡർ പോലീസ് ഞങ്ങളുടെ യാത്രാരേഖകൾ എല്ലാം പരിശോധിച്ചു. എന്റെ ടൂറിസ്റ്റ് വിസയിലും ഐറിഷ് പാസ്പോർട്ടിലും ഒന്നും അവർക്ക് ഒരു സംശയവും ഉദിച്ചതേയില്ല.

പുരാതന ശൈലിയിൽ ഉള്ള ഒരു ഹോട്ടലിൽ ആയിരുന്നു ഉച്ചഭക്ഷണം. വിനോദയാത്രക്കിടയിൽ ആരെങ്കിലും കൂട്ടം തെറ്റിപ്പോകുകയോ മറ്റോ ചെയ്താൽ അവർ നേരെ ഹോട്ടലിൽ എത്തണമെന്നും അഞ്ച് മണിക്ക് അവിടെ നിന്നും ബസ് പുറപ്പെടുമെന്നും ഞങ്ങളുടെ ഗൈഡ് ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു.

എന്നെ ഏൽപ്പിച്ച ആ ബ്രൗൺ എൻവലപ്പിലെ നിർദ്ദേശം നാല് മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാനായിരുന്നു. അതിനാൽ വിരസമായ രണ്ട് മണിക്കൂർ അവിടെത്തന്നെ ചെലവഴിച്ചതിന് ശേഷം ഞാൻ മൂന്നര മണിയോടെ ഒരു ടാക്സി പിടിച്ച് കൃത്യസമയത്ത് തന്നെ അവിടെ എത്തിച്ചേർന്നു.

അക്കാലത്ത് കിഴക്കൻ ജർമ്മനിയിൽ വിചിത്രമായ ഒരു നിയമം നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യ‌ൻ ദേവാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. പക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം ആയിരിക്കെ നിങ്ങൾക്ക് ദേവാലയത്തിൽ പോകുവാൻ അനുവാദമില്ല. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെ അത് പിറകോട്ടടിക്കും. അത്തരം നിയന്ത്രണങ്ങൾ മൂലം ക്രിസ്തീയ സഭകൾ വളരെ ചെറുതും നാമമാത്രവുമായിരുന്നു.

ദി ചർച്ച് ഓഫ് ഹോളി നെയിം എന്ന ആ ദേവാലയം അങ്ങേയറ്റം മോശമായ അവസ്ഥയിലായിരുന്നു നിലകൊണ്ടിരുന്നത്. തണുപ്പും ഈർപ്പവും വൃത്തിയില്ലായ്മയും എന്റെ മനം മടുപ്പിച്ചു. മെഴുകുതിരികൾക്ക് പോലും അവിടെ ക്ഷാമമാണെന്ന് തോന്നിച്ചു. കുമ്പസാരക്കൂടിനരികിൽ തങ്ങളുടെ ഊഴവും കാത്ത് മൂന്ന് വൃദ്ധകൾ ഇരിക്കുന്നുണ്ടായിരുന്നു. അതിന് സമീപത്തുള്ള ചാരുബെഞ്ചിൽ ബ്രൗൺ റെയിൻകോട്ട് അണിഞ്ഞ ഒരാൾ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നുണ്ട്. എനിക്ക് ലഭിച്ച നിർദ്ദേശം അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഞാൻ അവിടെ കാത്തിരുന്നു. ഒടുവിൽ എന്റെ ഊഴം എത്തിയതും കുമ്പസാരക്കൂട്ടിനുള്ളിലേക്ക് ഞാൻ കയറി.

ഗ്രില്ലിനപ്പുറം ആളനക്കം ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.
"ഞാൻ ചെയ്ത പാപങ്ങൾക്ക് എന്നോട് പൊറുക്കുമാറാകണം ഫാദർ..." ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു.

"ഇൻ വാട്ട് വേ, മൈ സൺ...?"

എൻവലപ്പിനുള്ളിലെ നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. "ദൈവത്തിന്റെ സന്ദേശവാഹകനായിട്ടാണ് ഞാനിവിടെ എത്തിയിരിക്കുന്നത്..."

"എങ്കിൽ ദൈവം ഏൽപ്പിച്ച ജോലി തന്നെ ചെയ്തു കൊള്ളുക..." ഗ്രില്ലിന് അടിഭാഗത്തുകൂടി ഒരു എൻവലപ്പ് എന്റെ മുന്നിലേക്ക് നീങ്ങി വന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അപ്പുറത്ത് ലൈറ്റ് അണഞ്ഞു. ആ എൻവലപ്പ് വലിച്ചെടുത്ത് ഞാൻ പുറത്തിറങ്ങി.

ബ്രൗൺ കോട്ട് ധരിച്ച ആ മനുഷ്യൻ എന്നെ പിന്തുടരുകയായിരുന്നു എന്ന് തിരിച്ചറിയുവാൻ എത്ര നേരംവേണ്ടി വന്നു എന്ന് എനിക്ക് ഓർമ്മയില്ല. സായാഹ്നം ഇരുട്ടിന് വഴി മാറിത്തുടങ്ങിയിരുന്നു. പൊടുന്നനെ കൊഴിഞ്ഞു തുടങ്ങിയ മഴ ശക്തി പ്രാപിക്കവെ ഒരു ടാക്സി ലഭിക്കുമോ എന്നറിയുവാൻ ഞാൻ ആ പരിസരമാകെ പരതിയെങ്കിലും ഫലമുണ്ടായില്ല. ഒട്ടും സമയം പാഴാക്കാതെ ഞാൻ നടക്കുവാൻ തീരുമാനിച്ചു. സ്പ്രീ നദി ലക്ഷ്യമാക്കി തെരുവുകളിൽ നിന്നും തെരുവുകളിലേക്ക് നീങ്ങുമ്പോൾ പഴയ പരിചയം വച്ച് നഗരഭാഗങ്ങളെ ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഓരോ വളവിലും ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്നെ പിന്തുടർന്നുകൊണ്ട് അയാളുമുണ്ടായിരുന്നു.

ഒരു വളവ് കഴിഞ്ഞതും ആദ്യം കണ്ട തെരുവിലേക്ക് ഞാൻ അതിവേഗം ഓടി. പെട്ടെന്നാണ് തൊട്ടുമുന്നിൽ നദി ദൃശ്യമായത്. നിരനിരയായി നിലകൊള്ളുന്ന പഴക്കം ചെന്ന വെയർഹൗസുകൾ താണ്ടി ഞാൻ ഒരു പ്രവേശനകവാടത്തിന് മുന്നിലെത്തി. അകത്ത് കയറി അൽപ്പനേരം ഞാൻ കാത്തു നിന്നു. അയാൾ ഓടിയടുക്കുന്നതിന്റെ പാദപതനം ശ്രദ്ധിച്ച് ഞാൻ അനങ്ങാതെ നിന്നു. കോരിച്ചൊരിയുന്ന മഴയുടെ ആരവം മാത്രം. ഏതാനും നിമിഷങ്ങൾക്ക് ശേഷം ശ്രദ്ധയോടെ  പുറത്തിറങ്ങി ഞാൻ വാർഫിലേക്ക് നീങ്ങി.

"നിൽക്കൂ...! ഒരടി അനങ്ങിപ്പോകരുത്...!"

തെരുവിന്റെ മൂലയിൽ നിന്നും എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട അയാളുടെ ഇടതു കൈയിൽ ഒരു വാൾട്ടർ PPK തോക്ക് ഉണ്ടായിരുന്നു. അയാൾ എന്റെ നേർക്ക് നടന്നടുത്തു.

തികഞ്ഞ നീരസത്തോടെ ഞാൻ ശബ്ദമുയർത്തി. ഇംഗ്ലീഷിൽത്തന്നെയാണ് ഞാൻ ചോദിച്ചത്. "ഐ സേ, വാട്ട് ഓൺ എർത്ത് ഈസ് ദിസ്...?"

അയാൾ കുറച്ചുകൂടി മുന്നോട്ട് വന്നു. "എന്നോട് മല്ലിടാൻ നോക്കണ്ട... അത് നിനക്ക് ഒരു ഗുണവും ചെയ്യില്ല എന്ന് നമുക്ക് രണ്ട് പേർക്കും നന്നായിട്ടറിയാം... ദേവാലയത്തിലെ ആ കിഴവനെ കുറേ ആഴ്ചകളായി ഞാൻ നിരീക്ഷിച്ച് വരികയായിരുന്നു..."

പിന്നെയാണ് അയാൾക്ക് തെറ്റ് പറ്റിയത്. എന്റെ മുഖത്ത് അടിക്കുവാനായി അയാൾ തൊട്ടുമുന്നിലേക്ക് വന്നു. അയാളുടെ വലതുകൈത്തണ്ടയിൽ പിടുത്തമിട്ട ഞാൻ ഇടത് കൈയിൽ ഒരു തട്ട് കൊടുത്തിട്ട് ആ കൈത്തണ്ടയും കൂട്ടിപ്പിടിച്ചു. ബഹളത്തിനിടയിൽ പിസ്റ്റളിൽ നിന്നും ഉതിർന്ന വെടിയുണ്ട ലക്ഷ്യം കണ്ടില്ല. മൽപ്പിടുത്തത്തിനിടയിൽ ഞങ്ങൾ വാർഫിന്റെ അറ്റത്ത് എത്തിയിരുന്നു. ആ പിസ്റ്റൾ ഞാൻ അയാളുടെ നേർക്ക് തിരിച്ചു പിടിച്ചു. ഒരു വട്ടം കൂടി അത് തീ തുപ്പി. ഒരു അലർച്ചയോടെ വാർഫിന്റെ അറ്റത്ത് നിന്നും താഴെ നദിയിലേക്ക് മറിയുമ്പോഴും ആ പിസ്റ്റൾ അയാളുടെ കൈയ്യിൽത്തന്നെ ഉണ്ടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ അവിടെ നിന്നും ഞാൻ തിരിഞ്ഞോടി. ഹോട്ടലിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ ബസ് പൊയ്ക്കഴിഞ്ഞിരുന്നു.

                                     ***

ഏതാണ്ട് ഒരു മണിക്കൂർ വേണ്ടി വന്നു എനിക്ക് ഹെയ്നി ബാർ കണ്ടുപിടിക്കുവാൻ. അപ്പോഴേക്കും നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. ബാറിൽ ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. നരച്ച മുടിയുള്ള വില്ലൻ രൂപമുള്ള ഒരു വയസ്സനായിരുന്നു ബാർ നടത്തിപ്പുകാരൻ. ഇടത് കവിളിൽ നിന്നും മുകളിലേക്ക് പോകുന്ന മുറിപ്പാട് എപ്പോഴോ നഷ്ടമായ ഇടത് കണ്ണിന് താഴെ അവസാനിക്കുന്നു.

ഒരു കോന്യാക്ക് ഓർഡർ ചെയ്തിട്ട് ഞാൻ അയാളോട് ഇംഗ്ലീഷിൽ പറഞ്ഞു. "ലുക്ക്... മൈ അക്കൊമൊഡേഷൻ ഈസ് അൺസാറ്റിസ്ഫാക്ടറി ആന്റ് ഐ മസ്റ്റ് മൂവ് അറ്റ് വൺസ്..."

എന്നെ അത്ഭുതപ്പെടുത്തും വിധം ശാന്തമായിരുന്നു അയാളുടെ പ്രതികരണം. "ഓകെ... സിറ്റ് ബൈ ദി വിൻഡോ..." ഇംഗ്ലീഷിൽത്തന്നെയായിരുന്നു അയാളുടെ മറുപടിയും. "ലാംബ് സ്റ്റൂ ആണ് ഇന്ന് രാത്രിയിലെ ഭക്ഷണം ... ഞാൻ കുറച്ച് എടുത്തുകൊണ്ടു വരാം... പോകേണ്ട സമയം ആകുമ്പോൾ ഞാൻ അറിയിക്കാം..."

സ്റ്റൂവും കുറച്ച് ഡ്രിങ്ക്സും കഴിച്ചു കഴിഞ്ഞതും അയാൾ പെട്ടെന്ന് പ്ലേറ്റുകൾ എടുത്തുകൊണ്ടു പോയി. അപ്പോഴേക്കും ഏതാണ്ട് അര ഡസൻ കസ്റ്റമേഴ്സ് എത്തിക്കഴിഞ്ഞിരുന്നു.

"ആ തെരുവ് ക്രോസ് ചെയ്താൽ വാർഫിലേക്ക് എത്താം... നദീമുഖത്തുള്ള ക്രെയിനുകൾക്ക് അരികിലേക്ക് ചെല്ലുക... കറുത്ത ഫോക്സ്‌വാഗൺ ലിമോസിൻ... നോ ചാർജ്... ജസ്റ്റ് ഗോ..."

അയാളുടെ നിർദ്ദേശം അക്ഷരംപ്രതി ഞാൻ അനുസരിച്ചു. മഴയെ അവഗണിച്ച് റോഡ് ക്രോസ് ചെയ്ത എനിക്ക് ആ കാർ കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുന്ന കോൺറാഡ് സ്ട്രാസ്സറെ കണ്ട് ഒട്ടും അമ്പരപ്പ് തോന്നിയില്ല എന്നതായിരുന്നു വാസ്തവം.

"ലെറ്റ്സ് ഗോ..." അയാൾ പറഞ്ഞു.

"ഇതെന്ത് അത്ഭുതം...! സ്പെഷൽ ട്രീറ്റ്മെന്റാണോ...?" കാറിനുള്ളിലേക്ക് കയറവെ ഞാൻ ചോദിച്ചു.

"ഞാൻ തന്നെ വരാമെന്ന് ഒടുവിൽ തീരുമാനിച്ചു... ഇതിന് മുമ്പ് അതിർത്തിയിൽ വച്ച് എത്രയായിരുന്നു നിങ്ങളുടെ സ്കോർ...? രണ്ട് റഷ്യാക്കാർ...? വെൽ.. ഇപ്പോൾ നിങ്ങൾ ചില്ലറക്കാരനൊന്നുമല്ല... ഒരു സ്റ്റാസി ഏജന്റിനെയാണ് സ്പ്രീ നദിയിലേക്ക് കൊ‌ന്ന് തള്ളിയിരിക്കുന്നത്..."

ഈസ്റ്റ് ജർമ്മൻ സ്റ്റേറ്റ് സെക്യൂരിറ്റി പോലീസിലെ അംഗങ്ങളാണ് സ്റ്റാസികൾ എന്ന പേരിൽ അറിയപ്പെടുന്നത്.

"അതല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു..."

"സ്റ്റാസികൾ അങ്ങനെയാണ്..."

തലങ്ങും വിലങ്ങും കിടക്കുന്ന ചെറിയ തെരുവുകൾ താണ്ടി ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിച്ചു.

"നിങ്ങൾ തന്നെ വാഹനവുമായി ഇവിടെയെത്താൻ ആയിരുന്നുവോ യഥാർത്ഥ പ്ലാൻ...?" ഞാൻ ചോദിച്ചു.

"സത്യം പറഞ്ഞാൽ, അല്ല..."

"ശരിക്കും റിസ്ക് നിറഞ്ഞ പ്ലാൻ തന്നെ..."

"അതെ... എന്തൊക്കെ ആയാലും നിങ്ങൾ എന്റെ ഒരു ബന്ധു ആയിപ്പോയില്ലേ... കുടുംബ ബന്ധം എന്നത് അത്ര നിസ്സാരമല്ലല്ലോ... നിങ്ങൾ, നിങ്ങളുടെ അമ്മാവൻ, രാജ്യാതിർത്തി, ഞാൻ, ഗെസ്റ്റപ്പോ കണക്ഷൻ അങ്ങനെ അങ്ങനെ... ചിലപ്പോഴെങ്കിലും ഒരു തിരഞ്ഞെടുപ്പിന് നമുക്ക് അവസരമുണ്ട്... അങ്ങനെ ഇന്ന് രാത്രി നിങ്ങൾക്ക് വേണ്ടി എത്തുവാൻ എനിക്ക് സാധിച്ചു... എന്തായാലും‌ മറ്റൊരു ചെക്ക് പോസ്റ്റിലൂടെയാണ്  നാം തിരികെ പോകുന്നത്... അവിടെയുള്ള സെർജന്റ് എന്റെ പരിചയക്കാരനാണ്... നിങ്ങൾ ചാരിക്കിടന്ന് ഉറങ്ങിക്കോളൂ..." അയാൾ ഒരു ഹാഫ് ബോട്ട്‌ൽ എന്റെ നേർക്ക് നീട്ടി. "കോന്യാക്ക് ആണ്... ദേഹത്ത് കൂടി ഒഴിച്ചോളൂ..."

മഴ ശക്തിയാർജ്ജിച്ച് തുടങ്ങിയിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ ഇരുവശവും തകർന്നടിഞ്ഞ കെട്ടിടങ്ങൾ നിറഞ്ഞ പ്രദേശത്തു കൂടിയായി ഞങ്ങളുടെ യാത്ര. പിന്നെ ആൾപ്പെരുമാറ്റം ഇല്ലാത്ത നോ മാൻസ് ലാന്റ്... പടിഞ്ഞാറൻ ജർമ്മനിയിൽ നിന്നും രാജ്യത്തെ വേർതിരിക്കുന്ന വേലി... മുൾചുരുളുകൾ കൊണ്ട് തീർത്ത കമ്പിവേലി ആയിരുന്നു അത്. അക്കാലത്ത് ബെർലിൻ മതിൽ പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നില്ല... ചുവപ്പും വെളുപ്പും ഇടകലർന്ന ബാരിക്കേഡ് റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. പഴക്കം തോന്നുന്ന റെയിൻകോട്ട് അണിഞ്ഞ റൈഫിൾ ധാരികളായ രണ്ട് ഭടന്മാർ അതിന് സമീപം കാവൽ നിൽക്കുന്നുണ്ടായിരുന്നു. പിറകോട്ട് ചാരിയിരുന്ന് ഞാൻ കണ്ണുകൾ അടച്ചു.

കോൺറാഡ് സാവധാനം ബ്രേക്ക് ചെയ്ത് വാഹനം അവർക്കരികിൽ നിർത്തി. ഒരു സെർജന്റ് മുന്നോട്ട് വന്നു.

"വന്നയുടൻ തന്നെ മടങ്ങുകയാണല്ലോ കോൺറാഡ്... ആരാണ് നിങ്ങളുടെ ഈ സുഹൃത്ത്...?" അയാൾ ആരാഞ്ഞു.

"അയർലണ്ടിൽ നിന്നുള്ള ഒരു കസിൻ ആണ്..." കോൺറാഡ് എന്റെ ഐറിഷ് പാസ്പോർട്ട് എടുത്ത് അയാളെ കാണിച്ചു. "കുടിച്ച് ഓവറായി കിടക്കുകയാണ്..." ശുദ്ധമായ കോന്യാക്കിന്റെ ഗന്ധം അത് ശരി വയ്ക്കുകയും ചെയ്തു.  "പിന്നെ, നിങ്ങൾ ആവശ്യപ്പെട്ട ആ അമേരിക്കൻ സിഗരറ്റ് ഇല്ലേ... മാൾബറോ... അത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്... പക്ഷേ, ആയിരം എണ്ണം മാത്രമേ സംഘടിപ്പിക്കാൻ സാധിച്ചുള്ളൂ..."

"മൈ ഗോഡ്...!" അത്ഭുതം കൂറിയ സെർജന്റ് എന്റെ പാസ്പോർട്ട് തിരികെ നൽകിയിട്ട് കോൺറാഡ് നീട്ടിയ അഞ്ച് കാർട്ടൺ സിഗരറ്റ് കൈപ്പറ്റി. "ഇനിയും വരണം കേട്ടോ..."

ചെക്ക് പോസ്റ്റിലെ ബാർ ഉയർന്നു. വെസ്റ്റ് ബെർലിനിലെ പ്രകാശമാനമായ പാതയിലേക്ക് ഞങ്ങളുടെ വാഹനം കുതിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...