Thursday, June 25, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 65


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ബ്രിട്ടീഷ് ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ആരെയും അറസ്റ്റ് ചെയ്യുവാനുള്ള അധികാരം ഉണ്ടായിരുന്നില്ല എന്നതായിരുന്നു മറ്റു രാജ്യങ്ങളിലെ സമാന വിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ കാണാവുന്ന ഏറ്റവും വലിയ സവിശേഷത. അതുകൊണ്ട് തന്നെ എപ്പോഴും അവർ സ്കോട്ട്ലണ്ട് യാർഡുമായി വളരെ അടുത്ത ബന്ധം പുലർത്തിപ്പോന്നു. SOE യുടെ സെക്ഷൻ Dയുമായി, പ്രത്യേകിച്ച് ബ്രിഗേഡിയർ മൺറോയുമായി വളരെ നല്ല ബന്ധമായിരുന്നു ഷോൺ റിലേയ്ക്ക്. ഏതാണ്ട് എട്ടര മണിയോടെ ബേക്കർ സ്ട്രീറ്റിലേക്ക് അദ്ദേഹം ഫോൺ ചെയ്തു. ജാക്ക് കാർട്ടർ ആയിരുന്നു ഫോൺ അറ്റൻഡ് ചെയ്തത്.

ജോയൽ റോഡ്രിഗ്സിന്റെ കാര്യം അദ്ദേഹം വിശദീകരിച്ചു. “കാര്യമെന്താണെന്ന് വച്ചാൽ...” ഷോൺ പറഞ്ഞു. “ഒരു പോർച്ചുഗീസ് എംബസി കാർ പുറത്ത് കാത്തു കിടക്കുന്നുണ്ടായിരുന്നു... അയാളെ സ്വീകരിക്കാൻ വന്നയാളെയും കാറിന്റെ ഡ്രൈവർ, റോഡ്രിഗ്സ് എന്ന് വിളിക്കുന്നത് കേട്ടുവെന്ന് എന്റെ അസിസ്റ്റന്റ് ലെയ്സി പറഞ്ഞു...”

അങ്ങനെയാണോ...?” ജാക്ക് കാർട്ടർ അത്ഭുതം കൂറി. “ദാറ്റ് ഈസ് ഇന്ററസ്റ്റിങ്ങ്... വേറെന്തെങ്കിലും...?”

ഉണ്ട്... പോകുന്ന വഴി അവർ കെൻസിങ്ങ്ടൺ ഗാർഡൻസിന് സമീപം എന്നിസ്മോർ മ്യൂവ്സിലുള്ള ഒരു ഫ്ലാറ്റിന് മുന്നിൽ നിർത്തി... അയാളുടെ സ്യൂട്ട്കെയ്സ് അവിടെ ഒരു അപ്പാർട്ട്മെന്റിൽ വച്ചിട്ട് അവർ എംബസിയിലേക്ക് യാത്ര തുടർന്നു... തിരിച്ചു വന്ന ലെയ്സി ആ ഫ്ലാറ്റ് ആരുടേതാണെന്ന് പരിശോധിച്ചു... ഒരു ഫെർണാണ്ടോ റോഡ്രിഗ്സിന്റെ പേരിലാണ് അതുള്ളത്... അന്വേഷിച്ചപ്പോൾ പോർച്ചുഗീസ് എംബസിയിലെ സീനിയർ കൊമേർഷ്യൽ അറ്റാഷെ ആണ് അയാൾ എന്നറിയാൻ സാധിച്ചു...”

ജാക്ക് ഒന്ന് ഇരുത്തി മൂളി. “അവരിൽ മിക്കവരും കൊമേർഷ്യൽ അറ്റാഷെ ആയിട്ടാണ് ജോലി ചെയ്യുന്നത്... എന്തായാലും ഇതിൽ എന്തോ ഒരു പന്തികേട് തോന്നുന്നുണ്ട്... ബ്രിഗേഡിയറുമായി ചെക്ക് ചെയ്തിട്ട് എന്താണ് വേണ്ടതെന്ന് ഞാൻ അറിയിക്കാം...”

തന്റെ മുന്നിൽ എത്തിയ ഫയലുകളും സന്ദേശങ്ങളും പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഡോഗൽ മൺറോ. അദ്ദേഹം തലയുയർത്തി. “ആഹാ, എത്തിയല്ലോ... ജക്കോദിന്റെ ഒരു സന്ദേശം കൂടിയുണ്ടായിരുന്നു... ഹാരിയുടെ കാര്യത്തിൽ കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലത്രെ... ഷറ്റോ മൊർലെയ്ക്‌സും പരിസരവും SS സേനയെ വിന്യസിച്ചിരിക്കുകയാണ്...  അതീവ സുരക്ഷയിലാണത്രെ അവിടെങ്ങും... ഇന്നലെ ഉച്ചയ്ക്ക് ഒരു സ്റ്റോർക്ക് വിമാനം അവിടെയുള്ള എയർസ്ട്രിപ്പിൽ ലാന്റ് ചെയ്യുന്നത് കണ്ടിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലെന്നാണ് പറയുന്നത്...”

അപ്പോൾ ഹാരി അവിടെത്തന്നെ ഉണ്ടെന്നാണോ നാം കരുതേണ്ടത് സർ...?”

അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്ന് നമുക്കറിയില്ലല്ലോ ജാക്ക്... ജീവനോടെയുണ്ടോ ഇല്ലയോ എന്നു പോലും അറിയില്ല... എനിവേ, വാട്ട് ഹാവ് യൂ ഗോട്ട്...?”

റോഡ്രിഗ്സ് സഹോദരങ്ങളുടെ കാര്യം അദ്ദേഹം അവതരിപ്പിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ടതിന് ശേഷം മൺറോ തല കുലുക്കി. “റിലേ മിടുക്കനാണ്... അയാളുടെ സംശയം തികച്ചും ന്യായം... ആ പാസ്പോർട്ടിലെ ബെർലിൻ സ്റ്റാമ്പുണ്ടല്ലോ... ദാറ്റ്സ് ദി തിങ്ങ്...”

അപ്പോൾ എന്തായിരിക്കണം സർ നമ്മുടെ അടുത്ത നീക്കം...?”

ഒരു സമ്പൂർണ്ണ സർവെയ്‌ലൻസ് വേണമെന്ന് റിലേയോട് പറയൂ... അവർ എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ സന്ധിക്കുന്നു എന്നതിന്റെ പൂർണ്ണ വിവരങ്ങൾ ഫോട്ടോകൾ സഹിതം...”

ഇതാ ഇപ്പോൾത്തന്നെ തുടങ്ങിയേക്കാം ബ്രിഗേഡിയർ...”

                                                             ***

മൊർലെയ്ക്‌സിലെ പ്രഭാതഭക്ഷണത്തിന് അധികം പേരൊന്നും ഉണ്ടായിരുന്നില്ല. ഷ്രൂഡർ അറേഞ്ച് ചെയ്ത ക്രച്ചസിന്റെ സഹായത്തോടെ സ്റ്റെയർകെയ്സ് ഇറങ്ങിയ ഹാരി ഡൈനിങ്ങ് ടേബിളിന് മുന്നിൽ ഇരിപ്പുറപ്പിച്ചു. അദ്ദേഹത്തിന്റെ ഇടതുവശത്ത് എൽസയും വലതുവശത്ത് മാക്സും ഇരുന്നു. മറുവശത്താണ് ബുബി ഇരുന്നത്. വെള്ള ജാക്കറ്റ് ധരിച്ച SS ഓർഡർലി വിളമ്പിയ ഭക്ഷണം നിശ്ശബ്ദരായിരുന്ന് അവർ കഴിച്ചു. സ്ക്രാംബ്‌ൾഡ് എഗ്ഗും ഉണക്കിയ പോർക്കിറച്ചിയും ടോസ്റ്റും പിന്നെ രുചികരമായ കോഫിയും...

നിങ്ങൾ SS സേനയിലുള്ളവർ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായിത്തന്നെ ചെയ്യുന്നുണ്ടല്ലോ...” പ്രാതലിനെ പ്രകീർത്തിച്ചു കൊണ്ട് എൽസ പറഞ്ഞു.

അതിഥികളുടെ സന്തോഷമാണ് ഞങ്ങളുടെ ലക്ഷ്യം...” വരുത്തിത്തീർത്ത നർമ്മം പോലെ ബുബി പറഞ്ഞു. ആ സമയത്താണ് അവരുടെ തലയ്ക്ക് മുകളിലൂടെ പറന്നടുക്കുന്ന ഒരു വിമാനത്തിന്റെ ശബ്ദം കേട്ടത്. അദ്ദേഹം ചാടിയെഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. “ഫെർമൻവിലേയിൽ നിന്നുള്ള ME109 ആണ്...”

ഫ്രൈബർഗ് ആയിരിക്കും...” മാക്സ് പറഞ്ഞു.

ബുബി തിരിഞ്ഞ് തന്റെ വാച്ചിൽ നോക്കി. “ഇപ്പോൾ ഒമ്പതര... പത്തു മണിയ്ക്ക് ഞാൻ തിരികെയെത്തും... അപ്പോഴേക്കും നിങ്ങളുടെ തീരുമാനം ഞാൻ പ്രതീക്ഷിക്കുന്നു...” അദ്ദേഹം പുറത്തേക്ക് നടന്നു.

അയാളോട് പോകാൻ പറ...” എൽസ ഓർഡർലിയെ വിളിച്ച് കുറച്ചു കൂടി കോഫി ആവശ്യപ്പെട്ടു. അയാൾ അവരുടെ ഗ്ലാസിലേക്ക് വീണ്ടും കോഫി പകർന്നു.

ഇറ്റ് ഈസ് നോട്ട് ദാറ്റ് സിമ്പിൾ...” മാക്സ് പറഞ്ഞു. പിന്നീടവർ സംസാരിച്ചത് മുഴുവനും ഇംഗ്ലീഷിലായിരുന്നു.

നീ ആരാണെന്നുള്ള കാര്യം ഓർക്കണം മാക്സ്... ബാരൺ വോൺ ഹാൾഡർ ആണ് നീ... ബ്ലാക്ക് ബാരൺ... ഒരു പക്ഷേ, ജർമ്മനിയുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ട്... അവർക്ക് നിന്നെ എന്തു ചെയ്യാൻ കഴിയും...?”

മാക്സ് തലയാട്ടി. “നിങ്ങൾക്കിനിയും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല മൂട്ടീ... ഹിംലറെപ്പോലുള്ളവരുടെ കൈകളിൽ നമ്മളാരും ഒന്നുമല്ല...” അദ്ദേഹം ഹാരിയുടെ നേർക്ക് തിരിഞ്ഞു. “പറഞ്ഞ് മനസ്സിലാക്കിക്കൊടുക്ക് ഹാരീ...”

അവൻ പറയുന്നതിൽ കാര്യമുണ്ട് മൂട്ടീ... ഒരു ഊരാക്കുടുക്കിലാണ് നാം ഇപ്പോൾ പെട്ടിരിക്കുന്നത്...” ഹാരി പറഞ്ഞു.

എന്ന് വച്ചാൽ ഈ മണ്ടൻ പദ്ധതിയുമായി നീയും സഹകരിക്കാൻ പോകുന്നുവെന്നാണോ...?”

എന്റെ സഹകരണം ഇല്ലാതെ അവന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല മൂട്ടീ...”

നിങ്ങളെ ഇരുവരെയും ഓർത്ത് ഞാൻ ലജ്ജിക്കുന്നു...” അവർ എഴുന്നേറ്റു.

മൂട്ടീ, നിങ്ങളുടെ ജീവനിൽ ഞങ്ങൾക്ക് ഉത്ക്കണ്ഠയുണ്ട്... അതത്ര നിസ്സാരമായി കാണാൻ ഞങ്ങൾക്കാവില്ല...” മാക്സ് പറഞ്ഞു.

എൽസാ വോൺ ഹാൾഡർ ആണ് ഞാൻ... റൈമാർഷൽ ഗൂറിങ്ങ് എന്റെ സുഹൃത്താണ്... എന്നെ തൊടാൻ പോലും അവർക്ക് കഴിയില്ല...” ഒരു കൊടുങ്കാറ്റ് പോലെ ഡൈനിങ്ങ് റൂമിൽ നിന്നും പുറത്തിറങ്ങിയ അവർ വാതിൽ വലിച്ചടച്ച് നടന്നകന്നു.

                                                                  ***

മൊർലെയ്ക്‌സ് കൊട്ടാരത്തിന്റെ തെക്കേ അറ്റത്തുള്ള സിറ്റിങ്ങ് റൂമിൽ ഒരു പതിനാറ് മില്ലിമീറ്റർ പ്രൊജക്ഷൻ ക്യാമറ സെറ്റ് ചെയ്യുന്നതിന്റെ മേൽനോട്ടം വഹിക്കുകയാണ് ബുബി ഹാർട്മാൻ. ഒരു വശത്തെ ചുമർ വെള്ള നിറം ആയതുകൊണ്ട് ഒരു സ്ക്രീൻ പോലെ ഉപയോഗപ്പെടുത്താം എന്നതിനാലായിരുന്നു അദ്ദേഹം ആ റൂം തന്നെ തെരഞ്ഞെടുത്തത്. എല്ലാം റെഡിയായി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അദ്ദേഹം ആ ഓർഡർലിയെ പറഞ്ഞു വിട്ടിട്ട് ഒരു ടിൻ ക്യാനിൽ നിന്നും പുറത്തെടുത്ത ഫിലിമിന്റെ ചുരുൾ പ്രൊജക്ടറിൽ ഘടിപ്പിച്ച് ലോഡ് ചെയ്തു. വാതിൽ തുറന്ന് മുള്ളർ അവിടെയെത്തി.

ഞാനെന്തെങ്കിലും ചെയ്യണോ...?” മുള്ളർ ചോദിച്ചു.

യെസ്... അവരെ ഇങ്ങോട്ട് കൊണ്ടുവരൂ... എന്നിട്ട് പുറത്ത് വെയ്റ്റ് ചെയ്യൂ... ആവശ്യം വരുമ്പോൾ ഞാൻ വിളിക്കാം...”

വാതിൽ തുറന്ന് മുള്ളർ പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, June 16, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 64


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

എൽസ തന്റെ റൂമിലേക്ക് തിരിച്ചു പോയതിന് പിറകെ SS ഭടന്മാർ വന്ന് ഹാരിയെ അദ്ദേഹത്തിന്റെ റൂമിലേക്ക് കൊണ്ടുപോയി ബെഡ്ഡിൽ കിടത്തി. അൽപ്പ സമയത്തിന് ശേഷം മാക്സ് അവിടെയെത്തി.

ഒന്നല്ല, രണ്ട് കാവൽക്കാരാണ് വാതിൽക്കൽ... അവർ നിന്നെ നന്നായി പരിചരിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ...” മാക്സ് ഇംഗ്ലീഷിൽ പറഞ്ഞു.

നിന്റെ യൂണിഫോം എനിക്കിഷ്ടപ്പെട്ടു...” ഹാരി അദ്ദേഹത്തോട് പറഞ്ഞു. “ഈ വേഷത്തിൽ നീ വളരെ സുന്ദരനായിരിക്കുന്നു...”

ഹാരി തന്റെ ട്യൂണിക്ക് കൊളുത്തിയിട്ടിയിരുന്ന കസേരയുടെ നേർക്ക് മാക്സ് ചെന്നു. ആ യൂണിഫോമിലെ മെഡൽ റിബണുകൾ പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞു. “നീ ഒട്ടും മോശമല്ലല്ലോ...” ഒരു കസേര വലിച്ച് ഹാരിയുടെ കട്ടിലിനരികിൽ ഇട്ടിട്ട് മാക്സ് സിഗരറ്റ് കെയ്സ് എടുത്തു. “അങ്ങനെ, വീണ്ടും നാം ഒരുമിച്ച്...” ഒരു സിഗരറ്റ് എടുത്ത് തീ കൊളുത്തിയിട്ട് അദ്ദേഹം ഹാരിയ്ക്ക് നൽകി. “ടർക്വിന്റെ കുറവും കൂടിയേ ഉള്ളൂ... അവൻ എന്തു പറയുന്നു ഹാരീ...?”

അക്കാര്യം ഒന്നും പറയണ്ട...” ഹാരി പറഞ്ഞു. “എന്റെ ഏത് ദൗത്യത്തിലും എന്നോടൊപ്പം കോക്ക്പിറ്റിൽ തന്റെ ജമ്പ് ബാഗിൽ അവൻ ഉണ്ടായിരുന്നു... ഏത് യുദ്ധനിരയിലും... വൈറ്റ് ഐലിൽ വച്ച് പാരച്യൂട്ടിൽ... പിന്നെ രണ്ട് തവണ എന്നോടൊപ്പം കടലിൽ വെള്ളം കുടിച്ചു...”

ഇത്തവണ എന്തു സംഭവിച്ചുവെന്നാണ്...?”

ടേക്ക് ചെയ്യുമ്പോഴാണ് അവർ വെടിവെച്ചത്... താഴോട്ട് പതിക്കവെ നിയന്ത്രണം നഷ്ടമായി മരച്ചില്ലയിൽ തട്ടി...” അദ്ദേഹം ചുമൽ വെട്ടിച്ചു. “തകർന്നു വീണ ലൈസാഡറിന് തീ പിടിച്ചു... ജമ്പ് ബാഗും എടുത്തു കൊണ്ട് പുറത്തേക്ക് ചാടിയത് എനിക്കോർമ്മയുണ്ട്... എന്റെ ഫ്ലൈയിങ്ങ് ജാക്കറ്റിൽ തീ പടർന്നിരുന്നു... ആ സമയത്താണ് SS ഭടന്മാർ ഓടിയെത്തിയത്... എന്നെ ദൂരേയ്ക്ക് വലിച്ച് മാറ്റിയതിന് പിറകെ വിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി മാറി...”

ടർക്വിനും  അതോടൊപ്പം കത്തിയമർന്നുവെന്നാണോ...?”

എന്നാണ് തോന്നുന്നത്... എന്റെ ഭാഗ്യ ചിഹ്നമായിരുന്നു മാക്സ് അവൻ... അവനും പോയി...”

വിവരക്കേട് പറയാതിരിക്കൂ... നീ തന്നെയാണ് നിന്റെ ഭാഗ്യചിഹ്നം... മിടുക്കനായ ഒരു പൈലറ്റാണ് നീ... എന്നെപ്പോലെ തന്നെ...” ഒന്ന് പുഞ്ചിരിച്ചിട്ട് മാക്സ് ചുമൽ വെട്ടിച്ചു. “ആരെയെങ്കിലും വിട്ട് ആ പ്രദേശത്ത് ഒന്നു കൂടി തിരയുവാൻ ബുബിയോട് ഞാൻ പറയാം...”

ബുബിയുടെ കാര്യം പറഞ്ഞപ്പോഴാണ്, ഈ കഥയിൽ അദ്ദേഹത്തിന് എന്താണ് റോൾ...?”

, അദ്ദേഹം ലുഫ്ത്‌വാഫിൽ ആയിരുന്ന കാലത്ത് ഞങ്ങൾ ഒന്നിച്ചായിരുന്നു ഫ്രാൻസിലേക്ക് പറന്നിരുന്നത്...” അവരുടെ സൗഹൃദത്തിന്റെ പശ്ചാത്തലം മുഴുവനും വിവരിച്ചിട്ട് മാക്സ് പറഞ്ഞു. “ബുബി പറഞ്ഞത് സത്യമാണ്... ഞങ്ങളെപ്പോലെ തന്നെ ഹിംലറുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവർത്തിക്കേണ്ടി വരുന്ന ഹതഭാഗ്യരിൽ ഒരുവനാണ് അദ്ദേഹവും...” ജാലകത്തിനരികിൽ ചെന്ന് മാക്സ് പുറത്തേക്ക് നോക്കി നിന്നു.

ഇനിയിപ്പോൾ എന്താണ് സംഭവിക്കുക...?” ഹാരി ചോദിച്ചു. 

എനിക്കറിയില്ല... നാളെ രാവിലെ ബുബിഎന്താണ് പറയുന്നതെന്ന് നോക്കട്ടെ... എന്നിട്ട് തീരുമാനിക്കാം...”

എന്ന് വച്ചാൽ ഈ വിഷയവുമായി മുന്നോട്ട് പോകാൻ നീ തയ്യാറാണെന്നാണോ...? ഐസൻഹോവറിനെ വധിക്കാൻ...?”

മാക്സ് തിരിഞ്ഞു. “ഐസൻഹോവർ എന്ന വ്യക്തി എനിക്കാരുമല്ല ഹാരീ... മറുപക്ഷത്താണ് അദ്ദേഹം... എത്രയോ പേരെ ഞാൻ കൊന്നിരിക്കുന്നു... അതുപോലെ തന്നെ നീയും എത്ര പേരുടെ ജീവൻ എടുത്തിരിക്കുന്നു... യുദ്ധം എന്നാൽ ഇങ്ങനെയാണ്...”

ഓകെ... എങ്കിലും വ്യത്യാസമുണ്ട്... മറ്റൊരു വിധത്തിൽ ചിന്തിച്ചു നോക്കൂ... ഇപ്പോൾ സംഭവിച്ചത് ഇംഗ്ലണ്ടിൽ ആയിരുന്നുവെന്ന് കരുതുക... നീ അവരുടെ പിടിയിൽ ആവുകയും ഹിംലർ എന്ന ആ നാസി ബാസ്റ്റർഡിനെ വധിക്കുവാൻ അവർ എന്നോട് ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലോ...?”

അമേരിക്കയിലും ഇംഗ്ലണ്ടിലും ഉള്ളവർക്ക് ഞാനും ഒരു നാസി ബാസ്റ്റർഡ് അല്ലേ...?”       

അങ്ങനെ പറയരുത് മാക്സ്... ജർമ്മൻ ജനതയിലെ മഹാഭൂരിപക്ഷം പേരും നാസി പാർട്ടി അംഗങ്ങളല്ല... തങ്ങളുടെ രാഷ്ട്രത്തെ ഹിറ്റ്‌ലർ യുദ്ധത്തിലേക്ക് വലിച്ചിഴച്ചപ്പോൾ ഗതികേട് കൊണ്ട് അതിൽ പെട്ടു പോയതാണ്... അവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല...”

, ഞങ്ങൾക്ക് മുന്നിൽ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു ഹാരീ... അത് മനസ്സിലാക്കി വന്നപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു എന്ന് മാത്രം...” വാതിലിനരികിൽ ചെന്ന് മാക്സ് തിരിഞ്ഞു. “ആ ചെറുപ്പക്കാരിയില്ലേ...? ആ ഡോക്ടർ... അവളെ നീ പ്രണയിക്കുന്നുണ്ടോ...?”

അവൾക്ക് എന്നോട് പ്രണയമാണ്... പക്ഷേ, ഈ പ്രണയം എന്നാൽ എന്താണെന്ന് സത്യമായിട്ടും എനിക്കറിയില്ല... അതിനുള്ള സമയം എനിക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം... പ്രണയത്തെക്കാൾ ഉപരി, ശാരീരിക അടുപ്പത്തിനായിരുന്നു മുൻതൂക്കം... ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ നിനക്ക്...?”

മനസ്സിലാവുന്നു... വല്ലാത്തൊരു ജീവിതം തന്നെ അല്ലേ...?” മാക്സ് വാതിൽ തുറന്നു. “എന്നാൽ ശരി, നാളെ രാവിലെ കാണാം...”

                                                              ***

തനിയ്ക്ക് ലഭിച്ച നിർദ്ദേശ പ്രകാരം ജോയൽ റോഡ്രിഗ്സ് ലിസ്ബൻ എയർപോർട്ടിന്റെ പ്രധാന കവാടത്തിൽ കാത്തു നിന്നു. കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ഈയിടെയായി കൊറിയർ വർക്കിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇരട്ട എൻജിൻ വിമാനമായ ME110 ൽ ബെർലിനിൽ നിന്നുമുള്ള യാത്ര തീർത്തും ദുഷ്കരമായിരുന്നു അയാൾക്ക്. പുറപ്പെടുന്നതിന് മുമ്പ്  തന്റെ കുടുംബത്തെ ഒന്ന് കാണുവാനുള്ള അവസരം പോലും അവർ നൽകിയിരുന്നില്ല. എല്ലാം കൊണ്ടും ഒട്ടും സന്തോഷവാനായിരുന്നില്ല അയാൾ... ഒട്ടും തന്നെ...

അധികം അകലെയല്ലാതെ വന്ന് ബ്രേക്ക് ചെയ്ത ഒരു കറുത്ത ലിമോസിനിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവർ പിന്നിലെ ഡോർ തുറന്നു പിടിച്ചു. പിൻസീറ്റിൽ നിന്നും കറുത്ത ഓവർകോട്ട് ധരിച്ച ഒരു യുവാവ് ഇറങ്ങി ജോയലിന് നേർക്ക് നടന്നടുത്തു. തീക്ഷ്ണമായ കണ്ണുകളുള്ള അയാളുടെ പേര് റൊമാവോ എന്നായിരുന്നു.

“സമയത്ത് തന്നെ എത്തി അല്ലേ റോഡ്രിഗ്സ്...? മിനിസ്റ്ററിന് രണ്ട് വാക്ക് സംസാരിക്കണമത്രെ...” അയാൾ പറഞ്ഞു.

ജോയൽ തിടുക്കത്തിൽ അയാൾക്ക് പിന്നാലെ കാറിനടുത്തേക്ക് നടന്നു. പിൻസീറ്റിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി ന്യൂൺസ് ഡസിൽവ പുറത്തേക്ക് നോക്കി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തിൽ അദ്ദേഹത്തിന്റെ നരച്ച മുടി വെള്ളി നിറത്തിൽ തിളങ്ങി. ചുളിവ് വീണ മുഖത്ത് കണ്ണുകൾ രണ്ടും വിളറിയത് പോലെ തോന്നി.

“അപ്പോൾ, നിങ്ങളാണല്ലേ റോഡ്രിഗ്സ്...?”

“യെസ്, മിനിസ്റ്റർ...”

“എന്താണ് നിങ്ങളുടെ ദൗത്യം എന്ന് അറിയാമോ...?”

“യെസ്, മിനിസ്റ്റർ...”

“റൈഫ്യൂറർ ഹിംലറുടെ നിങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് എനിക്കറിയില്ല... അറിയണമെന്നൊട്ട് ആഗ്രഹവുമില്ല... ഒരു എംബസി വക്താവ് എന്ന നിലയിൽ നിങ്ങൾ ലണ്ടനിലേക്ക് ചെല്ലുക... എന്നിട്ട് നിങ്ങളുടെ സഹോദരനെ സന്ധിക്കുക... നിങ്ങൾ റോഡ്രിഗ്സ് സഹോദരന്മാർ എന്തായാലും അത്യാഗ്രഹികളാണെന്ന് മനസ്സിലായി... നിങ്ങൾ ഇരുവരുടെയും പ്രവൃത്തികളുടെ ഫലമാണ് നിങ്ങൾ ഇനി അനുഭവിക്കാൻ പോകുന്നത്...”

“എത്ര നാൾ ഞാനവിടെ തങ്ങണം, മിനിസ്റ്റർ...?”

“ഞാൻ പറയുന്നത് വരെ...” ഡസിൽവ തിരിഞ്ഞ് റൊമാവോയെ നോക്കി. “എത്ര മണിക്കാണ് ഫ്ലൈറ്റ്...?”

“രാത്രി ഒരു മണിക്ക്, മിനിസ്റ്റർ... TAP ഡക്കോട്ടയാണ് വിമാനം... രാത്രിയിൽ പറക്കുവാനാണ് അവർ താല്പര്യപ്പെടുന്നത്... ജർമ്മൻ‌കാർ കരുത്തരാണെങ്കിലും വീഴ്ച്ച സംഭവിച്ചു കൂടെന്നില്ലല്ലോ...”

“കേട്ടല്ലോ റോഡ്രിഗ്സ്...?” ഡസിൽവ പറഞ്ഞു. “ചിലപ്പോൾ ബിസ്കേ ഉൾക്കടലിൽ ആയിരിക്കാം നിങ്ങളുടെ അന്ത്യം... എല്ലാം നിങ്ങളുടെ കർമ്മഫലം... ഇയാളെ യാത്രയാക്കിയിട്ട് എന്റെ അപ്പാർട്ട്മെന്റിലേക്ക് വരൂ റൊമാവോ...” അദ്ദേഹം സൈഡ് ഗ്ലാസ് ഉയർത്തി. ലിമോസിൻ മുന്നോട്ട് നീങ്ങി അപ്രത്യക്ഷമായി.

ഗേറ്റിനരികിൽ തിരിച്ചെത്തി റോഡ്രിഗ്സ് തന്റെ സ്യൂട്ട്കെയ്സ് എടുത്തു. റൊമാവോ പറഞ്ഞു. “വയസ്സൻ പറഞ്ഞത് അൽപ്പം കൂടിപ്പോയെങ്കിലും അതിൽ കാര്യമില്ലാതില്ല... ഫിലിം സ്റ്റാർ ലെസ്ലി ഹോവാർഡിനെ അറിയില്ലേ...? അടുത്ത കാലത്താണ് അദ്ദേഹം സഞ്ചരിച്ച വിമാനം അവർ വെടി വെച്ചിട്ടത്... സകലരും കൊല്ലപ്പെട്ടു...”

“പറഞ്ഞതിന് നന്ദി...”

“ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് നാളെ രാവിലെ ലണ്ടനിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം... മനോഹരമായ നഗരം... മാത്രവുമല്ല, അവരാണ് യുദ്ധത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്നതും...” അയാൾ പുഞ്ചിരിച്ചു. “പിന്നെ, ഒരു കാര്യം... ഈ പറഞ്ഞത് ഞാനാണോ എന്ന് ചോദിച്ചാൽ തീർച്ചയായും അല്ല എന്നേ ഞാൻ പറയൂ...”

                                                       ***

എന്തായാലും അത്ര സുഖകരമായിരുന്നില്ല ആ യാത്ര. ബിസ്കേ ഉൾക്കടലിന് മുകളിൽ കാലാവസ്ഥ അങ്ങേയറ്റം മോശമായിരുന്നു. ശക്തിയായ കാറ്റും മഴയുമായിരുന്നു അവരെ എതിരേറ്റത്. വിമാനത്തിലെ എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു. എയർപോക്കറ്റുകളിൽ വീഴുന്നതിന്റെ ഫലമായി യാത്രികരിൽ പലരും ഛർദ്ദിക്കുന്നുണ്ടായിരുന്നു. ആ ദുർഗന്ധം മൂലം പലപ്പോഴും ഓക്കാനം തോന്നിയ അയാളെ രക്ഷിച്ചത് ഒരു മുൻകരുതൽ എന്ന നിലയിൽ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന അരക്കുപ്പി ബ്രാണ്ടിയായിരുന്നു.

ക്രോയ്ഡൺ എയർപോർട്ടിൽ കസ്റ്റംസ് & സെക്യൂരിറ്റി പരിശോധനക്കായി അയാൾ യാത്രക്കാരുടെ ക്യൂവിൽ നിന്നു. അപ്പോഴാണ് കസ്റ്റംസ് ലൈനിന് അപ്പുറം നിന്ന് കൈ ഉയർത്തി വീശുന്ന തന്റെ സഹോദരനെ അയാൾ കണ്ടത്. സ്യൂട്ട്കെയ്സുമായി അയാൾ ക്യൂവിന്റെ മുന്നിലേക്ക് നടന്ന് ഇമിഗ്രേഷൻ കൗണ്ടറിന് മുന്നിലെത്തി.

“പാസ്പോർട്ട്, സർ...” സെക്യൂരിറ്റി ഓഫീസർ പറഞ്ഞു.

ജോയൽ തന്റെ പാസ്പോർട്ട് അയാൾക്ക് നേരെ നീട്ടി. “ഐ ഹാവ് ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി... അയാം ഗോയിങ്ങ് റ്റു ദി പോർച്ചുഗീസ് എംബസി ഹിയർ...”

“ഐ സീ, സർ...” ഓഫീസർ അയാളുടെ പാസ്പോർട്ട് പരിശോധിച്ചു.

വളരെ നിസ്സാരമായ എന്തെങ്കിലും കാര്യങ്ങളായിരിക്കും പലപ്പോഴും ജീവിതത്തിൽ വലിയ ദുരന്തങ്ങളുടെ വിത്തുകൾ പാകുന്നത്. അത്തരമൊരു മണ്ടത്തരമായിരുന്നു ജോയൽ റോഡ്രിഗ്സിന്റെ പാസ്പോർട്ടിൽ ഉണ്ടായിരുന്നത്. ഹിംലറോ ഡസിൽവയോ റൊമാവോയോ അത് മുൻകൂട്ടി കാണേണ്ടതായിരുന്നു. അയാളുടെ പാസ്പോർട്ടിൽ ബെർലിൻ എയർപോർട്ടിലെ അറൈവൽ സ്റ്റാമ്പും ഡിപ്പാർച്ചർ സ്റ്റാമ്പും വളരെ വ്യക്തമായി പതിഞ്ഞിരുന്നു.

സ്കോട്ട്ലണ്ട് യാർഡ് സ്പെഷൽ ബ്രാഞ്ചിന്റെ സാന്നിദ്ധ്യം ക്രോയ്ഡൺ എയർപോർട്ടിൽ എപ്പോഴുമുണ്ടായിരുന്നു. ചീഫ് ഡിറ്റക്ടിവ് ഇൻസ്പെക്ടർ ഷോൺ റിലേ തന്റെ പ്രതിവാര പരിശോധനയ്ക്കായി അന്ന് അവിടെ എത്തിയിരുന്നു എന്നത് ജോയലിന്റെ ഭാഗ്യക്കേട് എന്നേ പറയേണ്ടൂ. കവിളിൽ വലിയൊരു മുറിപ്പാടുള്ള നീണ്ട് മെലിഞ്ഞ ആ ലണ്ടൻ ഐറിഷ്കാരൻ ഇമിഗ്രേഷൻ കൗണ്ടറിന് അധികം അകലെയല്ലാതെ നിൽക്കുന്നുണ്ടായിരുന്നു.

പാസ്പോർട്ട് പരിശോധിച്ച സെക്യൂരിറ്റി ഓഫീസർ റിലേയുടെ നേർക്ക് നോക്കി കണ്ണിറുക്കി. അരികിലെത്തിയ റിലേ, പാസ്പോർട്ട് വാങ്ങി നോക്കാനൊന്നും നിന്നില്ല. അവിടെ നിന്നുകൊണ്ട് ആ പേജിലേക്ക് നോട്ടമെയ്ത അദ്ദേഹം ആവശ്യമുള്ളതെല്ലാം കണ്ടു കഴിഞ്ഞിരുന്നു. ജോയലിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “വെൽക്കം റ്റു ലണ്ടൻ, സർ...”

കൗണ്ടറിന് അപ്പുറം എത്തിയ ജോയൽ തന്റെ സഹോദരനെ ആലിംഗനം ചെയ്തു. “പുറത്ത് കാർ വെയ്റ്റ് ചെയ്യുന്നുണ്ട്...” സഹോദരന്റെ സ്യൂട്ട്കെയ്സ് എടുത്തു കൊണ്ട് ഫെർണാണ്ടോ പറഞ്ഞു.

അവർ ഇരുവരും ടെർമിനൽ ഗേറ്റ് കടന്ന് പുറത്തേക്ക് നീങ്ങവെ ഷോൺ റിലേ അവിടെ നിന്നിരുന്ന ഒരു പഴയ റെയിൻകോട്ട് ധരിച്ച ചെറുപ്പക്കാരനെ മാടി വിളിച്ചു. “ലെയ്സി, ഒരു സെർജന്റ് ആയി പ്രൊമോഷൻ ലഭിക്കാൻ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സുവർണ്ണാവസരമാണ്... ആ പോകുന്ന രണ്ടു പേരെയും ഫോളോ ചെയ്യണം... ഭൂമിയുടെ ഏതറ്റം വരെയും...”

“സന്തോഷമേയുള്ളൂ ചീഫ് ഇൻസ്പെക്ടർ...” ലെയ്സി അവരെ അനുഗമിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...