Sunday, September 22, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 37


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ജനറൽ ഐസൻഹോവറും മോണ്ട്ഗോമറിയും ജനുവരിയിൽ ലണ്ടനിലെത്തി. ഗ്രോസ്‌വെണർ സ്ക്വയറിലാണ് ഐസൻഹോവർ തങ്ങിയത്. രണ്ട് വർഷത്തിലേറെയായി ജനറൽ ചാൾസ് ഡിഗോൾ താമസിച്ചുകൊണ്ടിരിക്കുന്ന കൊണാട്ട് ഹോട്ടലിലേക്ക് കാൽനടയായി ചെന്ന് അദ്ദേഹത്തെ സന്ദർശിക്കുവാൻ ഇടയ്ക്കൊക്കെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ആ മാസത്തിൽ തന്നെയാണ് ലുഫ്ത്‌വാഫ് വീണ്ടും ലണ്ടന് മേൽ ബോംബാക്രമണം ആരംഭിച്ചത്. ലിറ്റ്‌ൽ ബ്ലിറ്റ്സ് എന്നായിരുന്നു അതിനെ അവർ നാമകരണം ചെയ്തിരുന്നത്. കഴിഞ്ഞ തവണത്തെ ആക്രമണത്തിന്റെ അത്രയും നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കൃത്യതയുടെയും വൈദഗ്ദ്ധ്യത്തിന്റെയും കാര്യത്തിൽ ഇത്തവണ അവർ മികച്ചു നിന്നു എന്ന് വേണം പറയാൻ. ചാർട്രെസ്സിൽ നിന്നും റെനിസിൽ നിന്നും ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന ജങ്കേഴ്സ്-88S വിമാനങ്ങൾ തെരഞ്ഞെടുത്ത ടാർഗറ്റുകളിൽ കനത്ത നാശം വിതയ്ക്കുക തന്നെ ചെയ്തു. ഗാലന്റിന് മേൽ സമ്മർദ്ദം ചെലുത്തി യുദ്ധവിമാനങ്ങളിൽ വീണ്ടും ജോലിക്ക് കയറിയ മാക്സും ആ ദൗത്യത്തിൽ പങ്കാളിയായിരുന്നു.

ഫെബ്രുവരി അവസാന ആഴ്ചയിൽ ഒരു നാൾ ബ്രിഗേഡിയർ ഡോഗൽ മൺറോ ഹെയ്സ് ലോഡ്ജിൽ എത്തി. ജനറൽ ഐസൻഹോവറുടെ ബ്രിട്ടനിലെ താൽക്കാലിക ഹെഡ്‌ക്വാർട്ടേഴ്സ് അവിടെയാണ് പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ കോഫിയും ഡോണട്ടും രുചിച്ചു കൊണ്ട് ഇരിക്കുന്ന അദ്ദേഹത്തിനടുത്തേക്ക് മൺറോ കയറിച്ചെന്നു.

“ജോയ്‌ൻ മീ ബ്രിഗേഡിയർ...”

നിർബ്ബന്ധമാണെങ്കിൽ ചായ മാത്രം കഴിക്കാം സർ...”

അതാ, ആ സൈഡ് ബോർഡിൽ നിന്ന് എടുത്ത് തയ്യാറാക്കിക്കോളൂ... പിന്നെ, ബ്രിട്ടീഷ് അധിനിവേശം നടത്തുവാനുള്ള റോമലിന്റെ പദ്ധതികളെക്കുറിച്ചുള്ള ആ റിപ്പോർട്ടുണ്ടല്ലോ... അതൊരു വിലയേറിയ ഇൻഫർമേഷൻ തന്നെയായിരുന്നു... അത് ലഭ്യമാക്കുന്നതിൽ നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ഞാൻ മനസ്സിലാക്കുന്നു... അതിന് വേണ്ടി കോൾഡ് ഹാർബർ പ്രോജക്ടിലെ നിങ്ങളുടെ സഹപ്രവർത്തകർ വളരെയേറെ കഷ്ടപ്പെട്ടു എന്നറിയാൻ കഴിഞ്ഞു... അയാം സോറി...”

ഇറ്റ്സ് ദി നെയിം ഓഫ് ദി ഗെയിം, ജനറൽ...”

എനിവേ... D-Day യ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനായി മുന്നിട്ടിറങ്ങുന്നതോടെ സൗത്ത്‌വിക്ക് ഞാൻ കൂടുതൽ ഉപയോഗിക്കുന്നതായിരിക്കും...”

തങ്ങളുടെ ഫ്രഞ്ച് അധിനിവേശ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഓപ്പറേഷൻ ഓവർലോർഡിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയി റോയൽ നേവി നാവിഗേഷൻ സ്കൂൾ ഏറ്റെടുത്തിരിക്കുകയാണ് പോർട്ട്സ്മൗത്തിന് വടക്കുള്ള സൗത്ത്‌വിക്ക് ഹൗസിനെ. സമീപത്തുള്ള ബ്രൂംഫീൽഡ് ഹൗസിൽ മോണ്ട്ഗോമറിയ്ക്ക് ഒരു വാസസ്ഥലം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും ഐസൻഹോവറും കാരവനുകളിലാണ് തങ്ങിയിരുന്നത്.

ഞാൻ ആലോചിക്കുകയായിരുന്നു...” ഐസൻഹോവർ പറഞ്ഞു. “റോഡ് മാർഗ്ഗമുള്ള ഈ സ്ഥിരം ലണ്ടൻ - സൗത്ത്‌വിക്ക് യാത്ര കുറച്ചൊന്നുമല്ല എന്റെ സമയം നഷ്ടപ്പെടുത്തുന്നത്...  സൗത്ത്‌വിക്കിൽ എയർസ്ട്രിപ്പ് ഒന്നുമില്ലേ...?”

ഒരു ഗ്രാസ് റൺവേ ഉണ്ട്... ചെറുതാണെങ്കിലും ഒരു ലൈസാൻഡർ വിമാനത്തിനൊക്കെ ഇറങ്ങാം... ക്രോയ്ഡണിൽ നിന്ന് അര മണിക്കൂർ കൊണ്ട് അവിടെയെത്താൻ പറ്റും...”

പെർഫെക്റ്റ്... യുവർ സ്പെഷൽ ഡ്യൂട്ടീസ് പീപ്പ്‌ൾ ക്യാൻ ഹാൻഡ്‌ൽ ഇറ്റ്..."”

തീർച്ചയായും ജനറൽ... എനിതിങ്ങ് എൽസ്...?”

നോട്ട് അറ്റ് ദി മോമെന്റ്... ലാൻഡിങ്ങ് ബീച്ചുകളാണ് നമ്മുടെ ഏറ്റവും വലിയ രഹസ്യം... റോമലിന് അക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാനിടയായാൽ പ്രശ്നമാണ്... കാരണം വളരെ കൃത്യതയാർന്ന ബോംബിങ്ങ് ആണ് അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്...”

ആ വിവരം ചോരാൻ സാദ്ധ്യത വളരെ കുറവാണ് ജനറൽ... ഇംഗ്ലണ്ടിലെ അബ്ഫെർ ഏജന്റുമാരെയെല്ലാം 1940 ൽ തന്നെ നാം പിടി കൂടിയിരുന്നു... അവരിൽ ഭൂരിഭാഗം ഏജന്റുമാരും നമ്മുടെ നിയന്ത്രണത്തിലാണിപ്പോൾ... തെറ്റായ വിവരങ്ങളാണ് അവരെല്ലാം ഇപ്പോൾ ജർമ്മനിയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്...” മൺറോ പറഞ്ഞു.

“ലെറ്റ്സ് കീപ്പ് ഇറ്റ് ദാറ്റ് വേ...” ഐസൻഹോവർ ഹസ്തദാനം നൽകി. “എങ്കിൽ ശരി... പിന്നെ കാണാം നമുക്ക്... കുറേ ജോലികളുണ്ട് ചെയ്തു തീർക്കാനായിട്ട്...”

                                                            ***

ബ്രിഗേഡിയർ മൺറോയെയും കൊണ്ട് കോൾഡ് ഹാർബറിലേക്ക് പറക്കുകയാണ് ഹാരി കെൽസോ. ഇത്തവണ കാലാവാസ്ഥ കുറേക്കൂടി മോശമായിരിക്കുന്നു. പതിവിലും താഴെ സ്ഥിതി  ചെയ്യുന്ന മേഘപാളികളിൽ നിന്നും പുറത്തു വന്ന് അദ്ദേഹം അഞ്ഞൂറ് അടിയിലേക്ക് ആൾടിറ്റ്യൂഡ് കുറച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ കണ്ട E-ബോട്ട് ഇത്തവണ ഹാർബറിൽ കാണാനില്ല. അതിന് പകരം റോയൽ നാഷണൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ ഒരു ബോട്ട് അവിടെ കിടക്കുന്നുണ്ട്. ലാൻഡ് ചെയ്ത് ഹാങ്കറിനടുത്തേക്ക് നീങ്ങവെ മറ്റൊരു കാര്യം കൂടി അദ്ദേഹം ശ്രദ്ധിച്ചു. കഴിഞ്ഞ തവണ കണ്ട ജങ്കേഴ്സ് വിമാനം ഇപ്പോൾ അവിടെയില്ല. എങ്കിലും സ്റ്റോർക്ക് വിമാനം അവിടെത്തന്നെയുണ്ട്.

“ഇവിടെ ചില മാറ്റങ്ങളൊക്കെ കാണാനുണ്ടല്ലോ...” ഡോർ തുറന്നു കൊണ്ട് ഹാരി പറഞ്ഞു.

“ഞാൻ നേരത്തെ പറഞ്ഞല്ലോ... ഇറ്റ്സ് നൺ ഓഫ് യുവർ ബിസിനസ് ഹാരീ...” ജീപ്പുമായി അവർക്കരികിലേക്ക് എത്തിക്കൊണ്ടിരുന്ന ജൂലി ലെഗ്രാൻഡിനെ ഒന്ന് നോക്കിക്കൊണ്ട് മൺറോ പറഞ്ഞു.

“അങ്ങനെയെങ്കിൽ അങ്ങനെ...” ഹാരി പറഞ്ഞു.

“അധികം വൈകാതെ അത്യാവശ്യമായ ഏതാനും കൊറിയർ സർവീസുകൾ കൂടി നിങ്ങൾ ചെയ്യേണ്ടി വരും... മാത്രമല്ല, ജനറൽ ഐസൻഹോവറെയും കൊണ്ട് ലണ്ടൻ - സൗത്ത്‌വിക്ക് ഷട്ടിൽ സർവീസുകളും...”

“അങ്ങനെയുമോ...?”

“അതെ.... ഒരു കാര്യം ഓർമ്മ വേണം... സ്പെഷൽ ഡ്യൂട്ടി സ്ക്വാഡ്രണിൽ റാങ്കുകൾക്ക് യാതൊരു പ്രസക്തിയുമില്ല... പൈലറ്റ് എന്നാൽ വെറും ഒരു പൈലറ്റ് മാത്രമാണ്...”

“ആജ്ഞകൾ അനുസരിക്കുവാൻ എനിക്കിപ്പോൾ ശീലമായിരിക്കുന്നു ബ്രിഗേഡിയർ...”

“ഇനി തിരിച്ച് ക്രോയ്ഡണിലേക്ക്... ആവശ്യമുള്ളപ്പോൾ ഞാൻ വിളിപ്പിക്കുന്നതായിരിക്കും... ഗുഡ് മോണിങ്ങ് ജൂലീ... ജീപ്പ് ഞാനെടുക്കുകയാണ്... വിങ്ങ് കമാൻഡർ കെൽസോയെ യാത്രയയച്ചോളൂ...” ജീപ്പിൽ കയറി മൺറോ ഓടിച്ചു പോയി.

കാന്റീനിൽ ചായ നുണഞ്ഞ് ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഹാരി ജൂലിയോട് ചോദിച്ചു. “എന്താണിവിടെ സംഭവിക്കുന്നത്...? എന്തായാലും മൺറോ എന്നോടൊന്നും പറയാൻ പോകുന്നില്ല...”

“ദി ജങ്കേഴ്സ് ആന്റ് ദി E-ബോട്ട് വേർ ലോസ്റ്റ് ഇൻ ആക്ഷൻ... അത്രയേ എനിക്ക് പറയാൻ കഴിയൂ...” അവൾ പറഞ്ഞു.

“നശിച്ച യുദ്ധം തന്നെ അല്ലേ...?” ഹാരി എഴുന്നേറ്റു. “എന്നാൽ പിന്നെ ഞാൻ പോകുകയാണ്...”

“മൂടൽമഞ്ഞുണ്ടല്ലോ... ഒന്ന് വെയ്റ്റ് ചെയ്തിട്ട് പോരേ...?”

“വേണമെങ്കിൽ വെള്ളത്തിൽക്കൂടിയും നടക്കുന്നവനാണ് ഞാൻ ജൂലീ... എന്താ, അറിയില്ലേ...?” ലൈസാൻഡറിൽ കയറി അദ്ദേഹം എൻജിൻ സ്റ്റാർട്ട് ചെയ്തു. പിന്നെ, പതിവിലും വേഗത്തിൽ ടേക്ക് ഓഫ് ചെയ്ത് കാഴ്ച്ചയിൽ നിന്നും മറഞ്ഞു.

വിമാനം പറന്നു പോയ ദിശയിലേക്ക് കുറേ നേരം നോക്കി നിന്നിട്ട് ഒരു നെടുവീർപ്പോടെ അവൾ തിരിഞ്ഞു നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Monday, September 2, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 36


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മൺറോയെയും കാർട്ടറെയും കൊണ്ട് കോൾഡ് ഹാർബറിലേക്കുള്ള ആദ്യ യാത്ര അത്ര സുഖകരമായിരുന്നില്ല. പുതുവർഷത്തിന്റെ ആരംഭം. ആകാശമെങ്ങും മേഘാവൃതം. കോൾഡ് ഹാർബറിന്റെ തീരത്ത് കനത്ത മഴ തകർത്ത് പെയ്യുന്ന സമയം. ലൈസാൻഡറിന്റെ ആൾട്ടിറ്റ്യൂഡ് ആയിരം അടിയിലേക്ക് എത്തിയപ്പോൾ തുറമുഖത്തിന്റെ ഏകദേശ രൂപം ഹാരിയ്ക്ക് ദൃശ്യമായി. വാർഫിനോട് ചേർന്ന് ഒരു നേവൽ ഷിപ്പ് നങ്കൂരമിട്ടിരിക്കുന്നു.

“അത് ക്രീഗ്സ്‌മറീൻ E-ബോട്ട് അല്ലേ...?” ആകാശത്ത് ഒരു വട്ടം ചുറ്റവെ ഹാരി ചോദിച്ചു.

“ദാറ്റ്സ് റൈറ്റ്...” ആഹ്ലാദത്തോടെ മൺറോ പറഞ്ഞു. “സീക്രറ്റ് പ്രോജക്റ്റ് ആന്റ് നത്തിങ്ങ് റ്റു ഡൂ വിത്ത് യൂ... ഇതൊരു പ്രത്യേക ഇടമാണ് ഹാരീ... ആരും മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാറില്ല... വഴിയേ മനസ്സിലായിക്കോളും...”

“അപ്പോൾ പ്രദേശവാസികളോ...?” ലാന്റിങ്ങിന് തയ്യാറെടുക്കവെ ഹാരി ആരാഞ്ഞു.

“അവരെയെല്ലാം പുറത്താക്കി...” കാർട്ടർ പറഞ്ഞു. “പക്ഷേ, ഇപ്പോഴും അവിടെയുള്ള പബ്ബ് നമ്മൾ സൈനികർ ഉപയോഗിക്കുന്നുണ്ട്... Hanged Man എന്നാണതിന്റെ പേര്... ജൂലി ലെഗ്രാൻഡ് എന്നൊരു വനിതയാണ് നമുക്ക് വേണ്ടി അത് നടത്തിക്കൊണ്ടു പോരുന്നത്... അവർ തന്നെയാണ് ആ കാണുന്ന കെട്ടിട സമുച്ചയത്തിന്റെ നോട്ടക്കാരിയും... അതാ കണ്ടില്ലേ... ഗ്രൻസെസ്റ്റർ മാനർ എന്നാണ് അതറിയപ്പെടുന്നത്...”

ചാരനിറമുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച ഏതാനും കെട്ടിടങ്ങളും ഗോപുരങ്ങളും മനോഹരമായി അദ്ദേഹത്തിന് തോന്നി. മതിലുകളാൽ സംരക്ഷിക്കപ്പെട്ട പൂന്തോട്ടം തടാകം പോലെ തോന്നിക്കുന്ന നദിയുടെ തീരം വരെ എത്തി നിൽക്കുന്നു.

“നൈസ്...” ഹാരി പറഞ്ഞു.

“ഫ്രാൻസിലേക്ക് ഡ്രോപ്പ് ചെയ്യുവാനായി കൊണ്ടുവരുന്ന നമ്മുടെ ഏജന്റുമാരെ രാത്രിയിൽ താമസിപ്പിക്കുന്നത് ഇവിടെയാണ്... അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ജൂലിയാണ്... അവർക്കതിലൊക്കെ നല്ല പരിചയമാണ്...” കാർട്ടർ പറഞ്ഞു.

ഹാരി ലാന്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ കെട്ടിട സമുച്ചയങ്ങളുടെയും തടാകത്തിന്റെയും മുകളിലൂടെ സ്കിം ചെയ്ത് വിമാനത്തിന്റെ ചക്രങ്ങൾ ആ ഗ്രാസ് റൺവേയിൽ സ്പർശിച്ചു. റൺവേയുടെ അറ്റത്ത് നാട്ടിയ വിൻഡ്-സോക്കിന് സമീപം ചെന്ന് അദ്ദേഹം വിമാനം നിർത്തി.

രണ്ട് ഹാങ്കറുകളും ഏതാനും കുടിലുകളുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഏപ്രണിൽ രണ്ട് വിമാനങ്ങൾ കിടക്കുന്നുണ്ട്. ഒരു ജങ്കേഴ്സ് 88S ഉം ഒരു ഫീസ്‌ലർ സ്റ്റോർക്കും... അവ രണ്ടിലും ലുഫ്ത്‌വാഫ് എംബ്ലം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. അവയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മെക്കാനിക്കുകൾ ധരിച്ചിരിക്കുന്നത് ലുഫ്ത്‌വാഫ് ഓവറോളുകളാണ്. എൻജിൽ സ്വിച്ച് ഓഫ് ചെയ്ത് ഹാരി ഡോർ തുറന്നു. മൂവരും പുറത്ത് കടക്കുമ്പോൾ മഴയുടെ ശക്തി കുറഞ്ഞിരുന്നു.

“ആ സ്റ്റോർക്ക് വിമാനം ഏതാണെന്ന് മനസ്സിലായോ...?” മൺറോ ചോദിച്ചു. “ഏതാനും ദിവസം മുമ്പ് ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ടെസ്റ്റ് ഫ്ലൈറ്റ് നടത്തിയില്ലേ... അതു തന്നെ... എന്താണ് ഇങ്ങനെയൊക്കെ എന്ന് ചോദിച്ചാൽ... ചില അവസരങ്ങളിലെങ്കിലും ശത്രുവിമാനത്തിലുള്ള യാത്ര സുരക്ഷിതമാണ് എന്നത് തന്നെ...”

“അപ്പോൾ ആ E-ബോട്ടിന്റെ കാര്യമോ...?”

“ഫ്രഞ്ച് തീരത്തിന് സമീപം സഞ്ചരിക്കേണ്ടി വരുമ്പോൾ വളരെയധികം ഉപകാരപ്രദമാണത്... ബട്ട്, ഇറ്റ്സ് നോട്ട് യുവർ ബിസിനസ്...”

അവർക്കരികിലേക്ക് ഒരു ജീപ്പ് എത്തി. ഷീപ്പ് സ്കിൻ കോട്ട് ധരിച്ച ഒരു വനിതയായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. മുപ്പതോ മുപ്പത്തിരണ്ടോ വയസ്സ് തോന്നിക്കുന്ന അവർ സ്വർണ്ണ നിറമുള്ള തന്റെ തലമുടി പിറകിലേക്ക് കെട്ടിയിട്ടിരിക്കുന്നു. ശാന്തവും പ്രസന്നവുമായ മുഖഭാവം.

“ആഹാ, എത്തിയോ ബ്രിഗേഡിയർ...?” അവർ പുഞ്ചിരിച്ചു. “ജാക്ക്, എന്തു പറയുന്നു...?”

“ജൂലീ.... ഇത് ഹാരി കെൽസോ... എയർ വൈസ് മാർഷൽ വെസ്റ്റിന്റെ വലംകൈ... അതുകൊണ്ട് അല്പം ബഹുമാനമൊക്കെ ആവാം കേട്ടോ... ഇദ്ദേഹത്തിന്റെ പ്രത്യേക കഴിവുകൾ നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് വിചാരിച്ചു ഞങ്ങൾ...” മൺറോ പറഞ്ഞു.

“ഓ... വിങ്ങ് കമാൻഡറുടെ കഴിവുകൾ അദ്ദേഹത്തിനും മുമ്പേയാണല്ലോ സഞ്ചരിക്കുന്നത്...” അവൾ ചിരിച്ചു.

“മതി മതി... പിന്നെ, ജീപ്പ് ഞങ്ങൾ എടുക്കുകയാണ്...” അദ്ദേഹം ഹാരിയുടെ നേർക്ക് തിരിഞ്ഞു. “ഹാരീ... നിങ്ങൾ തിരിച്ച് നേരെ ക്രോയ്ഡണിലേക്ക്... ഈ സ്ഥലം നിങ്ങൾക്കൊന്ന് കാണിച്ചു തരണമെന്നുണ്ടായിരുന്നു... അത് നടന്നു... ജാക്കും ഞാനും കുറച്ച് ദിവസം ഇവിടെയുണ്ടാകും... ജൂലീ... കാന്റീനിൽ കൊണ്ടു പോയി ഇദ്ദേഹത്തിന് കഴിക്കാൻ എന്തെങ്കിലും കൊടുക്കൂ... എന്നിട്ട് യാത്രയയച്ചോളൂ...”

വളരെ ലളിതമായിരുന്നു ആ കാന്റീൻ. ഏതാനും മേശകളും കസേരകളും. പിന്നെ ഒരു ബാർ കൗണ്ടറും കിച്ചണും.

“കോഫി...?”

“നോ, റ്റീ...”

കാന്റീനിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. കിച്ചണിലേക്ക് പോയ ജൂലിയെയും കാത്ത് ഹാരി ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു. അല്പ സമയത്തിന് ശേഷം ഒരു ട്രേയിൽ ചായപ്പാത്രവും പ്ലേറ്റിൽ ചീസ് സാൻഡ്‌വിച്ചുകളുമായി ജൂലി എത്തി. അദ്ദേഹം ഭക്ഷണം കഴിക്കുന്നതും നോക്കി ഒരു സിഗരറ്റിന് തീ കൊളുത്തി അവർ അരികിൽ ഇരുന്നു.

“ദി ഗ്രേറ്റ് ഹാരി കെൽസോ... ദാറ്റ് ഇറ്റാലിയൻ ക്രൂയ്സർ വാസ് സംതിങ്ങ്...”

“ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ...” അദ്ദേഹം പറഞ്ഞു. “വല്ലപ്പോഴുമാണ് ഞാൻ ബോംബർ വിമാനങ്ങൾ പറത്തിയിരുന്നത്... അത്തരം ദിനങ്ങളിലൊന്നായിരുന്നു അത്... വാസ്തവത്തിൽ ഒരു ഫൈറ്റർ പൈലറ്റാണ് ഞാൻ...”

“എന്ന് വച്ചാൽ എന്താണർത്ഥം...? ഒരാൾ, താനൊരു കലാകാരൻ... അല്ലെങ്കിൽ എഴുത്തുകാരൻ... അല്ലെങ്കിൽ ഒരു നടൻ എന്നൊക്കെ പറഞ്ഞാൽ മനസ്സിലാക്കാം...” നെറ്റി ചുളിച്ച് പെട്ടെന്നവർ തല ചൊറിഞ്ഞു. “ഛെ... ഞാൻ എന്തൊക്കെയാണീ പറയുന്നത്...! പെട്ടെന്ന് സ്ഥലകാല ബോധം നഷ്ടമായതു പോലെ...”

“നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി...” ഹാരി പറഞ്ഞു. “യുദ്ധവിമാനങ്ങൾ പറത്തുന്നത് ഒരു കലയാണെന്ന് നിങ്ങൾ കരുതുന്നില്ല എന്ന്...”

“ഒരു ഫൈറ്റർ പൈലറ്റിന് തന്റെ ജോലി വളരെ കൃത്യതയോടെ ചെയ്യാൻ കഴിയുമെന്നുള്ള കാര്യം ഞാൻ അംഗീകരിക്കുന്നു... നിങ്ങളും നിങ്ങളുടെ സഹോദരനും തന്നെ അതിനുള്ള ഏറ്റവും നല്ല ഉദാഹരണം...” അവർ തല കുലുക്കി. “അതെ... മൺറോ നിങ്ങൾ ഇരുവരെയും കുറിച്ചുള്ള കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞിരുന്നു... ഇൻ അവർ ലൈൻ ഓഫ് വർക്ക്, ഹീ തിങ്ക്സ് ഐ ഷുഡ് ബീ കെപ്റ്റ് ഇൻഫോംഡ്...”

“ഒരു ഫൈറ്റർ പൈലറ്റിന് തന്റെ ജോലി വളരെ കൃത്യതയോടെ ചെയ്യാൻ കഴിയുമെന്ന് അറിയാമെങ്കിൽ പിന്നെ എന്താണ് നിങ്ങളുടെ സംശയം...?”

“അതിന് ശേഷം എന്ത് എന്ന്... ഇതൊരു താൽക്കാലിക അവസ്ഥയല്ലേ... യുദ്ധം വരും പോകും... പക്ഷേ, എന്നെങ്കിലും ഒരിക്കൽ അത് അവസാനിക്കുമല്ലോ... ശരിയല്ലേ...?”

“ഈ നനഞ്ഞ പ്രഭാതത്തിൽ ഫ്രഞ്ച് ഫിലോസഫി പറയുകയാണോ...? അത്രക്കൊന്നും വിവരം എനിക്കില്ല...” അവസാനത്തെ സാൻഡ്‌വിച്ചും അകത്താക്കിയിട്ട് അദ്ദേഹം എഴുന്നേറ്റു. “പോകാൻ നേരമായി...”

“യാത്രയാക്കാൻ ഞാനും വരാം...”

റൺവേയിലൂടെ ലൈസാൻഡറിനരികിലേക്ക് നടക്കവെ ഹാരി ചോദിച്ചു. “മൺറോയുടെ അനന്തിരവൾ... മോളി... നിങ്ങൾ അവളെ അറിയുമോ? ഷീ ഈസ് എ ഡോക്ടർ...”

“യെസ്... എന്തെങ്കിലും എമർജൻസി കെയ്സ് വന്നാൽ ലണ്ടനിൽ നിന്നും ലൈസാൻഡറിൽ ഇവിടെ എത്താറുണ്ട് അവർ...”

“എമർജൻസി എന്ന് പറഞ്ഞാൽ...?”

“ഓ... ചിലപ്പോഴൊക്കെ മറുപക്ഷത്തു നിന്നുള്ള സൈനികർ വളരെ ദയനീയാവസ്ഥയിൽ ഇവിടെ എത്താറുണ്ട്...”

“ഐ സീ...” ഹാരി അവർക്ക് ഹസ്തദാനം നൽകി. “നൈസ് റ്റു മീറ്റ് യൂ...”

“താമസമില്ലാതെ ഇനിയും കാണാം പല വട്ടം...” അവർ പറഞ്ഞു.

ലൈസാൻഡറിൽ ചാടിക്കയറി ഡോർ അടച്ച് എൻജിൻ സ്വിച്ച് ഓൺ ചെയ്ത് അദ്ദേഹം ടാക്സി ചെയ്ത് മുന്നോട്ട് നീങ്ങി. കനത്ത മേഘക്കൂട്ടങ്ങൾക്കിടയിലൂടെ ഉയരങ്ങളിലേക്ക് കയറവെ ജൂലി പറഞ്ഞതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു അദ്ദേഹം. അവർ പറഞ്ഞത് ശരിയാണ്... യുദ്ധമെല്ലാം കഴിയുമ്പോൾ താൻ എന്ത് ചെയ്യുവാനാണ് പോകുന്നത്...? ഒരു ഞെട്ടലോടെ അദ്ദേഹം ഓർത്തു... ഈ യുദ്ധം അവസാനിക്കുമെന്ന് ഒരിക്കൽ പോലും താൻ ചിന്തിച്ചിട്ടേയില്ലല്ലോ എന്ന്... ഒരിക്കൽ പോലും...

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...