Saturday, December 15, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 11

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


1930 ലെ വേനൽക്കാലത്തായിരുന്നു ആ ദുരന്തം സംഭവിച്ചത്. കൊളറാഡോ പർവ്വതനിരകളിലെ മലമ്പാതയിൽ വച്ച് ജാക്ക് കെൽസോയുടെ ബെന്റ്‌ലി കാർ നിയന്ത്രണം വിട്ട് തകിടം മറിഞ്ഞ് അഗ്നിഗോളമായി മാറി. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ബോസ്റ്റണിലേക്ക് കൊണ്ടുവരപ്പെട്ടു. ഇതിനോടകം അമേരിക്കൻ കോൺഗ്രസ്സിലെ സെനറ്റർ ആയിക്കഴിഞ്ഞിരുന്ന ആബെ കെൽസോ അദ്ധ്യക്ഷം വഹിച്ച ശവസംസ്കാരച്ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റും സന്നിഹിതനായിരുന്നു. കറുത്ത സ്യൂട്ട് അണിഞ്ഞ് ജാക്ക് കെൽസോയുടെ ഇരട്ടക്കുട്ടികൾ മാതാവിന്റെ ഇരുവശത്തുമായി എല്ലാം നോക്കിക്കൊണ്ട് നിന്നു. അസാധാരണമാം വിധം മൂകരായി വേദന ഉള്ളിലൊതുക്കി  തങ്ങളുടെ പന്ത്രണ്ട് വയസ്സിനെക്കാൾ പക്വതയോടെ പ്രതിമകൾ കണക്കെ അവർ കാണപ്പെട്ടു.

എല്ലാം കഴിഞ്ഞ് ആൾക്കൂട്ടം പിരിഞ്ഞതോടെ അവർ മടങ്ങി. ആ വലിയ സൗധത്തിന്റെ സ്വീകരണമുറിയിലെ തുറന്നിട്ട ഫ്രഞ്ച് ജാലകത്തിനരികിൽ കുലീനമായ കറുത്ത വസ്ത്രവുമണിഞ്ഞ് ഇരുന്നിരുന്ന എൽസ ഗ്ലാസ്സിലെ ബ്രാണ്ടി അൽപ്പം അകത്താക്കി. ആബെ കെൽസോ നെരിപ്പോടിനരികിൽ നിൽക്കുന്നുണ്ടായിരുന്നു.

"ഇനിയെന്താണ്...?" അദ്ദേഹം ചോദിച്ചു. "നിന്റെ ഭാവി ഇരുളടഞ്ഞു പോയല്ലോ കുട്ടീ..."

"ഇല്ല..." അവൾ പറഞ്ഞു. "എന്റെ കടമകൾ എല്ലാം നന്നായിത്തന്നെ ഞാൻ ചെയ്തിട്ടുണ്ട്... ഇക്കണ്ട വർഷങ്ങളോളം നല്ലൊരു ഭാര്യയായിരുന്നു ഞാൻ... അതിന് വേണ്ടി എത്രത്തോളം ത്യാഗങ്ങൾ ഞാൻ സഹിച്ചു എന്നത് നിങ്ങൾക്ക് അറിവുള്ളതാണല്ലോ ആബെ... എനിക്കിനി ജർമ്മനിയിലേക്ക് മടങ്ങിപ്പോകണം..."

"എന്നിട്ട് നീ എ‌ങ്ങനെ ജീവിക്കുമെന്നാണ്...? അവന്റെ അമ്മ അവന് വേണ്ടി നീക്കി വച്ചിരുന്ന സമ്പത്തിൽ ഭൂരിഭാഗവും അവൻ ധൂർത്തടിച്ച് നശിപ്പിച്ച് കളഞ്ഞു... അവന്റെ മരണപത്രമനുസരിച്ച് നിനക്ക് കാര്യമായിട്ടൊന്നും ലഭിക്കാനും പോകുന്നില്ല... അത് നിനക്ക് അറിയാവുന്നതുമാണല്ലോ എൽസാ..."

"അതെ... അതെനിക്കറിയാം..." അവൾ പറഞ്ഞു. "പക്ഷേ, നിങ്ങളുടെ കൈവശം മില്യൺ കണക്കിന് പണമാണല്ലോ ഉള്ളത്... എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത അത്രയും സ്വത്ത്... നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയും, ആബെ..."

"ഐ സീ..."

"ആബെ, എന്നും നല്ല സുഹൃത്തുക്കളായിരുന്നു നാം... എന്നെ തിരിച്ച് പോകാൻ അനുവദിക്കൂ... എനിക്ക് എന്റെ എസ്റ്റേറ്റ് തിരിച്ച് പിടിക്കണം... എന്റെ കുടുംബത്തിന്റെ പേരും മഹിമയും എനിക്ക് വീണ്ടെടുക്കണം..."

"അപ്പോൾ എന്റെ പേരക്കുട്ടികളെയും കൂടെ കൊണ്ടുപോകുമെന്നാണോ...?" അദ്ദേഹം തലയാട്ടി. "എനിക്കത് സഹിക്കാനാവില്ല..."

"പക്ഷേ, അവർ എന്റെ മക്കൾ കൂടിയാണെന്ന കാര്യം മറക്കരുത് ആബെ... സ്വന്തം മാതാവിനാണ് അവരുടെ മേൽ അവകാശം... പിന്നെ, മാക്സ് - മാക്സ് ആണ് ബാരൺ വോൺ ഹാൾഡർ... അതായത് ഹാൾഡർ പ്രഭുകുമാരൻ... അവൻ ആ പദവിയിൽ എത്തുന്നതിന് നിങ്ങളൊരു വിഘാതമാകരുത് ആബെ... അത് ശരിയല്ല... ഒരിക്കലും ശരിയല്ല... പ്ലീസ്, ആബെ... ഞാൻ യാചിക്കുകയാണ്..."

ആബെ കെൽസോ അൽപ്പനേരം തല കുനിച്ച് ഇരുന്നു. ഏതാനും നിമിഷനേരത്തെ ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം ഒടുവിൽ അദ്ദേഹം മൗനം ഭഞ്ജിച്ചു.

"ഇതേക്കുറിച്ചോർത്ത് പലപ്പോഴും ഞാൻ വിഷമിച്ചിട്ടുണ്ടെന്ന കാര്യം നിനക്കറിയുമോ...? മാക്സ് വളർന്ന് ബാരൺ പദവി ഏറ്റെടുക്കേണ്ട പ്രായം എത്തുമ്പോൾ എന്താകുമെന്നോർത്ത്... നമ്മളെയെല്ലാം ഉപേക്ഷിച്ച് ആ പദവിക്ക് വേണ്ടി അവൻ പോകുമോ...? വെറുതെയെന്ന് അറിയാമെങ്കിലും പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് കുറേ വർഷങ്ങൾ കൂടി അവനോടൊപ്പം കഴിയുവാൻ എനിക്ക് സാധിച്ചിരുന്നുവെങ്കിൽ എന്ന്... പക്ഷേ..." ഒന്ന് നിർത്തിയിട്ട് അദ്ദേഹം നെടുവീർപ്പിട്ടു. "പക്ഷേ, ഇപ്പോൾ ജാക്ക് നമ്മോടൊപ്പമില്ല, നീയാണെങ്കിൽ ജർമ്മനിയിലേക്ക് തിരിച്ച് പോകണമെന്ന് പറയുന്നു... 'നമ്മൾ' എന്ന് പറയാൻ തന്നെ ഇനി കാര്യമായിട്ട് ഒന്നുമില്ല... എന്താ, ശരിയല്ലേ...?" വിഷാദഭാവത്തിൽ അദ്ദേഹം പുഞ്ചിരിച്ചു. "നീ പറഞ്ഞത് ശരിയാണ് എൽസാ... മാക്സ് ആ സ്ഥാനം അർഹിക്കുക തന്നെ ചെയ്യുന്നു... അതുപോലെ തന്നെ നീയും... പക്ഷേ, ഒരു വ്യവസ്ഥയിൽ..." അദ്ദേഹത്തിന്റെ സ്വരം ദൃഢവും ഉറച്ചതുമായി. "ഹാരി ഇവിടെത്തന്നെ നിൽക്കും... പേരക്കുട്ടികളിൽ എല്ലാവരെയും ഉപേക്ഷിക്കാൻ എനിക്കാവില്ല... അതെനിക്ക് സമ്മതിക്കാൻ കഴിയില്ല... വോൺ ഹാൾഡർ എസ്റ്റേറ്റ് വീണ്ടെടുക്കുവാൻ വേണ്ടതെല്ലാം ഞാൻ തരാം... പക്ഷേ, ഹാരി എന്നോടൊപ്പം ഇവിടെ നിൽക്കുന്നു... എന്താ, സമ്മതമാണോ...?"

അവൾ തർക്കിക്കുക പോലും ചെയ്തില്ല. "സമ്മതം, ആബെ..."

"ഓകെ... അവരുടെ വിദ്യാഭ്യാസം, പരസ്പര സന്ദർശനം തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് ചർച്ച ചെയ്യാം... കുട്ടികൾക്ക് ഇതെങ്ങനെ താങ്ങാൻ കഴിയും എന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്..." ആബെ പറഞ്ഞു.

"അവരോട് ഞാൻ സംസാരിക്കാം..." അവൾ പറഞ്ഞു.

"വേണ്ട... ഇക്കാര്യം ഞാൻ തന്നെ അവരോട് പറയാം... രണ്ട് പേരോടും എന്റെ സ്റ്റഡീ റൂമിലേക്ക് ഒന്ന് വരാൻ പറയുമോ...?"

                                     ***

അന്ന് വൈകിട്ട് അത്താഴത്തിന് തൊട്ടു മുമ്പ് സ്വീകരണമുറിയിലേക്ക് ചെന്ന എൽസ കണ്ടത് അത്ഭുതകരമാം വിധം ശാന്തരായി ഇരിക്കുന്ന മാക്സിനെയും ഹാരിയെയും ആണ്. ഒന്നോർത്താൽ ഒട്ടു മിക്കപ്പോഴും അവർ അങ്ങനെ തന്നെ ആയിരുന്നു താനും. തങ്ങളുടെ മാതാവിനെ അളവറ്റ് സ്നേഹിക്കുമ്പോഴും അവളുടെ ഉള്ളിൽ കുടികൊണ്ടിരുന്ന സ്വാർത്ഥതയെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ സംഭവ വികാസങ്ങളിൽ കുട്ടികൾ ഒട്ടും അതിശയപ്പെട്ടില്ല.

"മുത്തച്ഛൻ വിവരങ്ങൾ പറഞ്ഞുവോ...?" ഇരുവർക്കും മുത്തം നൽകിയിട്ട് അവൾ ചോദിച്ചു.

"തീർച്ചയായും... കാര്യങ്ങൾ അവർക്ക് മനസ്സിലായി..." ആബെ പറഞ്ഞു. "വളരെ പക്വതയോടെ തന്നെ അവരതിനെ സ്വീകരിച്ചു. ഒരേയൊരു പ്രശ്നം മാത്രമേ അവർക്കുള്ളൂ... ടർക്വിൻ ആരുടെയൊപ്പം ആയിരിക്കുമെന്ന കാര്യത്തിൽ... അക്കാര്യത്തിൽ ഞാൻ തന്നെ തീരുമാനമെടുത്തു... ടർക്വിൻ ഇവിടം വിട്ട് എങ്ങോട്ടും പോകുന്നില്ല... ജാക്കിന്റെ എല്ലാ പറക്കലിലും ടർക്വിൻ അവനോടൊപ്പം കോക്ക്പിറ്റിൽ  ഉണ്ടായിരുന്നു..." മകന്റെ ഓർമ്മകളിലേക്ക് ഒരു നിമിഷം അദ്ദേഹം സഞ്ചരിച്ചത് പോലെ തോന്നി. എന്നാൽ അടുത്ത നിമിഷം തന്നെ അദ്ദേഹം തിരികെയെത്തി. "ഷാംപെയ്ൻ... അര ഗ്ലാസ് വീതം..." അദ്ദേഹം പറഞ്ഞു. "അത് കഴിക്കാനുള്ള പ്രായമൊക്കെ ആയി നിങ്ങൾക്ക്... പരസ്പര ആരോഗ്യത്തിന് വേണ്ടി ഇതങ്ങ് കഴിക്കൂ മക്കളേ... ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളെന്നും ഒരുമിച്ച് തന്നെ ആയിരിക്കും..."

കുട്ടികൾ ഒന്നും തന്നെ ഉരിയാടിയില്ല. പതിവ് പോലെ പ്രായത്തിലുമധികം പക്വതയോടെ, ടർക്വിൻ എന്ന ആ കരടിക്കുട്ടനെപ്പോലെ ആർക്കും പിടി കൊടുക്കാത്ത മുഖഭാവവുമായി ഇരുവരും തങ്ങളുടെ നേർക്ക് നീട്ടിയ ഷാംപെയ്ൻ  അകത്താക്കി.

                                     ***

എൽസാ വോൺ ഹാൾഡർ തിരിച്ചെത്തിയപ്പോൾ കണ്ട ജർമ്മനി അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്ന ജർമ്മനിയുമായി ഏറെ വിഭിന്നമായിരുന്നു. രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും തെരുവ് ലഹളയും ഒക്കെയായി പൊറുതി മുട്ടുന്ന ജർമ്മനി ആയിരുന്നു അത്. നാസി പാർട്ടി തല ഉയർത്തി തുടങ്ങുന്ന കാലം. പക്ഷേ, അവളെ അതൊന്നും ബാധിച്ചതേയില്ല. ആബെ നൽകിയ പണം അവളുടെ കൈവശമുണ്ടായിരുന്നു. മാക്സിനെ നല്ലൊരു സ്കൂളിൽ ചേർത്തിട്ട് നാശോന്മുഖമായി കിടക്കുന്ന തന്റെ വോൺ ഹാൾഡർ എസ്റ്റേറ്റിനെ പുനഃരുദ്ധരിക്കുവാനുള്ള ശ്രമങ്ങൾ അവൾ തുടങ്ങി വച്ചു. പിന്നെ ബെർലിൻ സമൂഹത്തിൽ നല്ലൊരു സ്ഥാനവും അവൾക്ക് ഉണ്ടായിരുന്നു. തന്റെ പിതാവിന്റെ സുഹൃത്തുക്കളിൽ പ്രമുഖനായിരുന്ന ഫൈറ്റർ പൈലറ്റ് ഹെർമൻ ഗൂറിങ്ങ് നാസി പാർട്ടിയിലെ ഒരു സമുന്നത നേതാവായി ഉയർന്നു തുടങ്ങിയിരുന്നു. ഹിറ്റ്‌ലറുമായി അടുത്ത സുഹൃദ് ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കുലീന കുടുംബാംഗമായ അദ്ദേഹത്തിനും എൽസയ്ക്കും മുന്നിൽ എല്ലാ വാതിലുകളും തുറക്കപ്പെട്ടു. ധനികയും സുന്ദരിയും കുലീനയും ആയ എൽസ നാസി പാർട്ടിക്ക് ഒരു മുതൽക്കൂട്ട് ആയി മാറി. പാർട്ടിയിലെ എല്ലാ ഉന്നതരെയും അവൾ പരിചയപ്പെട്ടു. ഹിറ്റ്‌ലർ, ഗീബൽസ്, റിബ്ബെൻട്രോപ് അങ്ങനെ സകലരെയും. സാവധാനം അവളും പാർട്ടിയിലെ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറി.

1933 ലാണ് ഹിറ്റ്‌ലർ അധികാരത്തിലേറിയത്. 1934 ൽ അമേരിക്കയിൽ പോയി തന്റെ സഹോദരനോടും മുത്തച്ഛനോടും ഒപ്പം ആറു മാസം തങ്ങുവാൻ  എൽസ മാക്സിനെ അനുവദിച്ചു. പ്രിപ്പറേറ്ററി സ്കൂളിൽ ആയിരുന്നു ഹാരി അന്ന്. മാക്സിനെ കണ്ട ആബെയുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഹാരിയെയും മാക്സിനെയും സംബന്ധിച്ചിടത്തോളം ദീർഘകാലം പിരിഞ്ഞിരുന്നതിന്റെ യാതൊരു അകൽച്ചയും ഉണ്ടായിരുന്നില്ല. അവരുടെ ജന്മദിനത്തിന്റെയന്ന് ഒരു പ്രത്യേക സമ്മാനമാണ്‌ ആബെ നൽകിയത്. തങ്ങളുടെ പിതാവ് വിമാനം പറത്താൻ ഉപയോഗിച്ചിരുന്ന എയർഫീൽഡിലേക്ക് അവരെ അദ്ദേഹം കൂട്ടിക്കൊണ്ടു പോയി. ജാക്ക് കെൽസോയുടെ സുഹൃത്ത് റോക്കി ഫാർസൺ അവിടെയുണ്ടായിരുന്നു. കുറേക്കൂടി പ്രായം ചെന്ന് തടി വച്ചിരുന്നു അദ്ദേഹം. എങ്കിലും വെസ്റ്റേൺ ഫ്രണ്ടിലെ ആ പഴയ ഫൈറ്റർ പൈലറ്റിന്റെ ചുറുചുറുക്കിന് ഒട്ടും കുറവില്ലായിരുന്നു.

"റോക്കി നിങ്ങൾക്ക് ഏതാനും പാഠങ്ങൾ പറഞ്ഞു തരാൻ പോകുകയാണ്..." ആബെ പറഞ്ഞു. "എനിക്കറിയാം നിങ്ങൾക്ക് വയസ്സ് പതിനാറേ ആയിട്ടുള്ളൂ എന്ന്... സോ വാട്ട്...?   അമ്മയോട് ഇതേക്കുറിച്ച് ഒന്നും പറയാതിരുന്നാൽ മതി..."

പഴയ ഒരു ഗ്രെഷാം വിമാനമാണ് അവരെ പഠിപ്പിക്കുവാനായി റോക്കി ഫാർസൺ ഉപയോഗിച്ചത്. മെയിൽ ബാഗുകൾ കൊണ്ടുപോകാനായി അതിന്റെ റിയർ കോക്ക്പിറ്റ് വലിപ്പം കൂട്ടിയിരുന്നത് കൊണ്ട് അവർ ഇരുവരെയും ഒരുമിച്ച് കൂടെ കൂട്ടുവാൻ അദ്ദേഹത്തിനായി. പിന്നീട് അവർ ഓരോരുത്തരെയും ഒറ്റയ്ക്കും കൊണ്ടുപോയി പരിശീലനം കൊടുത്തു. അധിക നേരം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് മനസ്സിലായി അവരുടെ പിതാവിനെ പോലെ തന്നെ അവരും പൈലറ്റുകൾ ആകാൻ വേണ്ടി ജനിച്ചവരാണെന്ന്. മാത്രവുമല്ല, തങ്ങളുടെ പിതാവിനെ പോലെ, പറക്കുമ്പോൾ തങ്ങളോടൊപ്പം കോക്ക്പിറ്റിൽ ടർക്വിനെയും ഒപ്പമിരുത്തുവാൻ ഇരുവരും മറന്നില്ല.

ഒരു സാധാരണ പൈലറ്റ് പരിശീലന രീതികൾക്ക് അപ്പുറത്തേക്ക് റോക്കി അവരെ കൂട്ടിക്കൊണ്ടു പോയി. 'ഡോഗ് ഫൈറ്റിങ്ങ്' എന്താണെന്നുള്ളതിനെക്കുറിച്ച് അദ്ദേഹം അവർക്ക് പ്രത്യേക പാഠങ്ങൾ നൽകി. സൂര്യകിരണങ്ങൾ കണ്ണിൽ തട്ടി കാഴ്ച മങ്ങും വിധം കെണിയിൽ പെടുത്തുവാൻ  ശത്രു വിമാനത്തിന്റെ പൈലറ്റ് ശ്രമിക്കും, അതിൽ പെട്ടുപോകാതിരിക്കാനുള്ള വിദ്യയായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. പിന്നെ എയർ ട്രാഫിക്ക് കൺട്രോളിന്റെ സഹായമില്ലാതെ ഒരിക്കലും പതിനായിരം അടിയിൽ താഴെ പറക്കരുത്, മുപ്പത് സെക്കന്റിൽ കൂടുതൽ നേരം സ്ട്രെയ്റ്റ് ആന്റ് ലെവൽ ചെയ്ത് പറക്കരുത് എന്നിങ്ങനെ ഫൈറ്റർ പൈലറ്റുകൾ അറിഞ്ഞിരിക്കേണ്ടുന്ന വിദ്യകളൊക്കെ അദ്ദേഹം അവർക്ക് പറഞ്ഞു കൊടുത്തു.

ഒരു നാൾ പരിശീലനപ്പറക്കൽ വീക്ഷിച്ചുകൊണ്ട് നിന്ന ആബെ അവർ ലാന്റ് ചെയ്ത് അരികിലെത്തിയപ്പോൾ ചോദിച്ചു. "വാട്ട് ദി ഹെൽ, റോക്കീ... ഇതെല്ലാം കാണുമ്പോൾ നിങ്ങൾ അവരെ യുദ്ധത്തിന്‌ പോകാൻ തയ്യാറെടുപ്പിക്കുകയാണെന്ന് തോന്നുമല്ലോ..."

 "ആർക്കറിയാം സെനറ്റർ...?" റോക്കി പറഞ്ഞു.

ശരിയായിരുന്നു... ആബെ കെൽസോയുടെ മനോവ്യാപാരവും അത് തന്നെയായിരുന്നു. "ആർക്കറിയാം...?"

അത്രയ്ക്കും മിടുക്കന്മാരായിരുന്നു അവർ. ആബെയെക്കൊണ്ട് പണം മുടക്കിപ്പിച്ച് റോക്കി രണ്ട് കെർട്ടിസ് ട്രെയ്‌നിങ്ങ് വിമാനങ്ങൾ വാങ്ങി. എന്നിട്ട് മാക്സിനെയും ഹാരിയെയും രണ്ട് വിമാനങ്ങളിലായി പരിശീലനപ്പറക്കലിന്‌ വിട്ടു. ക്രമേണ ഇരുവരും വ്യോമയുദ്ധ പാഠങ്ങളുടെ ശൃംഗങ്ങൾ കീഴടക്കി.

ഒന്നാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയുടെ മികച്ച ഫൈറ്റർ പൈലറ്റ് ആയിരുന്ന മാക്സ് ഇമ്മെൽമാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു തന്ത്രമുണ്ടായിരുന്നു. ഡോഗ് ഫൈറ്റിനിടയിൽ ശത്രു വിമാനത്തിന് നേരെ ഒറ്റ മൂവിൽ രണ്ട് ആക്രമണങ്ങൾ നടത്തുക...  ഒരു കാലത്ത് വെസ്റ്റേൺ ഫ്രണ്ടിൽ മിക്ക വൈമാനികരും പയറ്റിയിരുന്ന ആ വിദ്യ US എയർ കോർപ്‌സും RAF ഉം ക്രമേണ മറന്നു കളയുകയായിരുന്നു.

ശത്രു വിമാനത്തിന് നേരെ അതിവേഗം പാഞ്ഞ് ചെന്ന് ഒരു ഹാഫ് ലൂപ്പിൽ കരണം മറിഞ്ഞ് മുകളിലേക്ക് ഉയരുക... എന്നിട്ട് ആ വിമാനത്തിന്റെ അമ്പതടി മുകളിൽ പൊടുന്നനെ തിരിച്ചെത്തുക... പരിശീലനം കഴിയുമ്പോഴേക്കും മാക്സും ഹാരിയും ഇമ്മെൽമാൻ ട്രിക്കിൽ അഗ്രഗണ്യരായിക്കഴിഞ്ഞിരുന്നു.

"ദേ ആർ എമേസിങ്ങ്... ട്രൂലി എമേസിങ്ങ്..." റോക്കിയോടൊപ്പം എയർഫീൽഡിലെ കാന്റീനിൽ ഇരിക്കുമ്പോൾ ആബെ അഭിപ്രായപ്പെട്ടു.

"പഴയ കാലത്തായിരുന്നെങ്കിൽ വ്യോമസേനയിലെ ഒന്നാം നിരക്കാരാവുമായിരുന്നു ഇവർ, സെനറ്റർ... ഫ്ലൈയിങ്ങ് കോർപ്സിലെ ചില കുട്ടികളെ ഞാൻ ഓർക്കുന്നു... ഇരുപത്തിയൊന്ന് വയസ്സാപ്പോഴേക്കും നാല് മെഡലുകളും മേജർ പദവിയും കരസ്ഥമാക്കിയവർ... ഒരു മികച്ച സ്പോർട്ട്സ്മാൻ ആകുന്നത് പോലെയാണിത്... ടച്ച് ഓഫ് ജീനിയസ് എന്നൊക്കെ പറയില്ലേ... നമ്മുടെ ഇരട്ടകൾക്ക് അതുണ്ട്... ബിലീവ് മീ..."

ബാറിന്റെ ഒരു മൂലയിൽ ഓറഞ്ച് ജ്യൂസും നുകർന്ന് മാക്സും ഹാരിയും പതിഞ്ഞ സ്വരത്തിൽ പരസ്പരം സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അവരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ആബെ പറഞ്ഞു. "നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു... പക്ഷേ, എന്ത് പ്രയോജനം...? അങ്ങിങ്ങായി ചില ഉരസലുകൾ ഒക്കെയുണ്ടെന്നത് ശരി തന്നെ... പക്ഷേ, ഇനിയൊരു യുദ്ധം ഉണ്ടാകാൻ പോകുന്നില്ല... അത് ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്..."

"എന്ന് വിശ്വസിക്കുന്നു, സെനറ്റർ..." റോക്കി പറഞ്ഞു. എന്നാൽ ഏതാനും വർഷങ്ങൾ കഴിഞ്ഞ് 1939 ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തെ ബാധിച്ചതേയില്ല... അറ്റകുറ്റപ്പണികൾ നടത്തി ടെസ്റ്റ് ഫ്ലൈറ്റിനായി ഒരു നാൾ ടേക്ക് ഓഫ് ചെയ്ത അദ്ദേഹത്തിന്റെ ആ പഴയ ബ്രിസ്റ്റളിന്റെ എൻജിൻ 500 അടി ഉയരത്തിൽ വച്ച് നിശ്ചലമായി.

റോക്കി ഫാർസന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ അത് നോക്കിക്കൊണ്ട് നിൽക്കുന്ന മാക്സിനെയും ഹാരിയെയും നിരീക്ഷിക്കുകയായിരുന്നു ആബെ. ഒരു നടുക്കത്തോടെ അദ്ദേഹത്തിന്റെ മനസ്സ് ഏതാനും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചു. അവരുടെ പിതാവിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ  കാണുവാൻ കഴിഞ്ഞ അതേ മുഖഭാവം... മനസ്സിനുള്ളിലെ വേദനകൾ അത്രയും മൂടി വച്ച് നിർവ്വികാരതയോടെയുള്ള ആ നിൽപ്പ്... അത് എന്തിന്റെയൊക്കെയോ ദുഃസൂചനയായി ഒരു നിമിഷം അദ്ദേഹത്തിന് തോന്നി. പക്ഷേ, അദ്ദേഹത്തിന് ഒന്നും തന്നെ ചെയ്യാൻ ആകുമായിരുന്നില്ല. തൊട്ടടുത്ത ആഴ്ചയിൽ അദ്ദേഹവും ഹാരിയും മാക്സിനെയും കൊണ്ട് ന്യൂയോർക്കിലേക്ക് തിരിച്ചു. ഇംഗ്ലണ്ടിലെ സൗതാംപ്ടണിലേക്ക് പുറപ്പെടുന്ന ക്വീൻ മേരിയിൽ മടങ്ങുന്ന മാക്സിനെ യാത്രയയക്കാനായി...  മൂന്നാം സാമ്രാജ്യം എന്നറിയപ്പെടുന്ന ഹിറ്റ്‌ലറുടെ നാസി ജർമ്മനിയിലേക്കുള്ള മാക്സിന്റെ തിരിച്ചു പോക്കിന്റെ ആദ്യ ഘട്ടം.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

25 comments:

  1. മിടുക്കരായ ഹാരിയും മാക്സും എല്ലാ വിദ്യകളും പഠിച്ചെടുത്തു. ആര്‍ക്കറിയാം അവരെന്തായി തീരുമെന്ന്.

    ReplyDelete
    Replies
    1. കാത്തിരുന്ന് കാണാം സുകന്യാജീ...

      Delete
  2. ഹാരിയും മാക്സും പിന്നെ ടർക്വിനും നമ്മുടെ താരങ്ങളാകാൻ പോകാണെന്ന് തോന്നുന്നു... ആശംസകൾ.....

    ReplyDelete
    Replies
    1. ഒരു സംശയവും വേണ്ട അശോകേട്ടാ...

      Delete
  3. പതിനാറാം വയസ്സിൽ, വീട്ടിലറിയാതെ ജീപ്പോടിച്ചിരുന്നത് ഓർത്തുപോയി..

    ഹാരിയും മാക്സും കൊതിപ്പിക്കുന്നു..

    ReplyDelete
    Replies
    1. അപ്പോൾ ജിമ്മൻ ഒരു പുലിയായിരുന്നു അല്ലേ...? :)

      Delete
  4. Though Max moved to Germany with his mom at a younger age, മികച്ച fighter pilot ആയത് ഈ പരിശീലനം കൊണ്ട് ആണല്ലേ.They both are amazing 😍

    ReplyDelete
    Replies
    1. അതെ സുചിത്രാജീ... റോക്കി ഫാർസന്റെ പരിശീലനം തന്നെയായിരുന്നു അതിന് പിന്നിൽ...

      Delete
  5. മിടുക്കരായ ഹാരിയും മാക്സും...

    ReplyDelete
    Replies
    1. യെസ്... മിടുമിടുക്കന്മാർ...

      Delete
  6. മനോഹരമായിരിക്കുന്നു.. നല്ല എഴുത്ത്
    നല്ല ഫീലിംഗ്..
    അഭിനന്ദനങ്ങൾ

    ReplyDelete
  7. ഇവിടെ പതിനാറാം വയസ്സിൽ സൈക്കിൾ അല്ലാതെ വേറൊരു വാഹനവും പരിചയമില്ലായിരുന്നു...

    ReplyDelete
    Replies
    1. ഇവിടെയും അങ്ങനെ തന്നെ ശ്രീ... :(

      Delete
  8. ആത്മാവു നഷ്ടപ്പെടുത്താത്ത വിവര്‍ത്തനം

    ReplyDelete
    Replies
    1. വളരെ സന്തോഷം, വെട്ടത്താൻ ചേട്ടാ...

      Delete
  9. ലവകുശന്മാരെ പോലെ എല്ലാ വിദ്യകളും
    അഭ്യസിച്ച് ഇരട്ട സഹോദരങ്ങൾ വളരുകയാണ് ...!
    ഇനി ഇവരായിരിക്കുമോ വില്ലനും നായകനുമായി കഥയിൽ
    വരുന്നത് എന്നൊരു സംശയവും ഇല്ലാതില്ല കേട്ടോ ..
    പിന്നീട് എല്ലാം നമ്മുടെ കരടിക്കുട്ടൻ സോൾവ് ചെയ്യുമായിരിക്കും.. അല്ലെ

    ReplyDelete
    Replies
    1. മുരളിഭായിയുടെ ഭാവന വാനോളം ഉയരുകയാണല്ലോ... കൊള്ളാം...

      നമുക്ക് കാത്തിരിക്കാം...

      Delete
  10. മിടുക്കരായ കുട്ടികൾ. ഇനിയും അവരിലൂടെയാവും കഥ മുന്നോട്ടു പോവുക. വിവർത്തനം അസ്സലാവുന്നുണ്ട്.

    ReplyDelete
    Replies
    1. അതെ ഗീതാജീ...

      അഭിപ്രായത്തിന് നന്ദി...

      Delete
  11. വിത്തുഗുണം പത്തുഗുണം എന്നല്ലോ! ചെടിയിൽ വിഷം വർഷിക്കതിരുന്നൽ മതിയായിരുന്നു.തീർച്ചയായും,അനുവാചകൻ കഥാപാത്രങ്ങളുമായി ലയിച്ചുച്ചേരുന്ന രചനാഗുണം!!!
    ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം തങ്കപ്പൻ ചേട്ടാ...

      Delete
  12. വിമാനം പറത്താൻ പഠിച്ചല്ലൊ.

    ReplyDelete
    Replies
    1. പഠിക്കാതിരിക്കാൻ പറ്റില്ലല്ലോ സുധീ...

      Delete
  13. ഒരുക്കങ്ങൾ ഗംഭീരം.2പേരും കിടുവാണ്.എൽസ നാസിയാവേം ചെയ്തു.

    ReplyDelete