Sunday, April 28, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 25


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഏതാണ്ട് രണ്ടാഴ്ച്ചകൾക്ക് ശേഷം ഒരു നാൾ... വാർ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ സാറാ ഡിക്സൺ ആലിപ്പഴങ്ങൾ വീണ് കിടക്കുന്ന തെരുവിലൂടെ മുന്നോട്ട് നടന്നു. ക്രിസ്മസ് അധികം ദൂരെയല്ല. അല്ലെങ്കിലും ഈ യുദ്ധത്തിനിടയിൽ ക്രിസ്മസിന് എന്ത് പ്രാധാന്യം...? അടുത്തുള്ള ട്യൂബ് സ്റ്റേഷനിൽ ചെന്ന് അവൾ ട്രെയിനിൽ കയറി. പതിവ് പോലെ തന്നെ മനം മടുപ്പിക്കുന്ന തിരക്ക്. സകലരുടെയും മുഖത്ത് ഒരൊറ്റ ഭാവം മാത്രം. യുദ്ധക്കെടുതിയിൽ മനം മടുത്ത് ക്ഷീണിതരായിരുന്നു അവരെല്ലാം. എന്നാൽ, ഓഫീസിൽ നിന്നും ഇറങ്ങിയ നേരം മുതൽ ആ യാത്രയിലുടനീളം ഒരാൾ തന്നെ പിന്തുടർന്നു കൊണ്ടിരുന്ന കാര്യം അവൾ അറിയുന്നുണ്ടായിരുന്നില്ല.

ട്രിൽബി ഹാറ്റും ട്രെഞ്ച് കോട്ടും ധരിച്ച ഫെർണാണ്ടോ റോഡ്രിഗ്സ് ശരാശരി ഉയരവും ഇരുനിറവുമുള്ള ഒരു സുമുഖനായിരുന്നു. ഡിപ്ലോമാറ്റിക്ക് പൗച്ച് വഴി തന്റെ സഹോദരൻ അയച്ചു തന്ന ഫയലിൽ സാറാ ഡിക്സന്റെ സകല വിവരങ്ങളും ഫോട്ടോയും അടങ്ങിയിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന മേൽ‌വിലാസം വച്ചാണ് വെസ്റ്റ്ബേണിൽ നിന്നും അധികം അകലെയല്ലാതെ നിലകൊള്ളുന്ന ആ ഫ്ലാറ്റ് അയാൾ കണ്ടുപിടിച്ചത്. ഫ്ലാറ്റിലെ താമസക്കാരുടെ ലിസ്റ്റിൽ അവളുടെ പേരും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

അന്ന് രാവിലെ ഏഴരയ്ക്ക് തന്നെ അയാൾ അവളുടെ ഫ്ലാറ്റിന്റെ മുന്നിലെ റോഡിന്റെ അറ്റത്ത് ഇടം പിടിച്ചിരുന്നു. സാറാ ഡിക്സൺ താഴെ റോഡിൽ എത്തിയപ്പോൾ എട്ട് മണിയോട് അടുത്തിരുന്നു. ഫോട്ടോയിൽ കണ്ടിട്ടുള്ളതിനാൽ ഒറ്റ നോട്ടത്തിൽത്തന്നെ അയാൾക്ക് അവളെ തിരിച്ചറിയാൻ കഴിഞ്ഞു. അവിടെ നിന്നും ക്വീൻസ്‌വേയിലേക്കും പിന്നെ ബേയ്സ്‌വാട്ടർ ട്യൂബ് സ്റ്റേഷനിലേക്കും അയാൾ അവളെ പിന്തുടർന്നു. ശേഷം വാർ ഓഫീസിലേക്കും.

വൈകിട്ട് കൃത്യം അഞ്ച് മണിക്ക് തന്നെ ഫെർണാണ്ടോ റോഡ്രിഗ്സ് വാർ ഓഫീസ് പരിസരത്ത് വീണ്ടുമെത്തി. ഓഫീസ് ജോലിക്കാരുടെ തിരക്കിനൊപ്പം സാറാ ഡിക്സൺ പുറത്തെത്തിയപ്പോൾ സമയം അഞ്ചര കഴിഞ്ഞിരുന്നു.

വേണമെങ്കിൽ ഫ്ലാറ്റിന്റെ വാതിൽക്കലുള്ള കോളിങ്ങ് ബെല്ലിൽ വിരലമർത്തി അയാൾക്ക് നേരിട്ട് അവളോട് സംസാരിക്കാമായിരുന്നു. എന്നാൽ അത്യന്തം ശ്രദ്ധാലുവായിരുന്നു റോഡ്രിഗ്സ്. ഭയമായിരുന്നില്ല അതിന് കാരണം. നീണ്ട കാലം ബെർലിനിൽ SD യ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള പരിചയം കൊണ്ട് ഒരു കാര്യത്തിൽ അയാൾക്ക് ഉറപ്പുണ്ടായിരുന്നു. നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി തന്റെ ഏത് നീക്കവും ന്യായീകരിക്കുവാനാകുമെന്ന്... എന്തൊക്കെയായാലും അത്ര വലിയ നൂലാമാലകളിലിലൊന്നും അയാൾ ഇടപെട്ടിരുന്നുമില്ല. യുദ്ധാവലോകനങ്ങൾ, നാശനഷ്ടങ്ങൾ, സൈനിക നീക്കങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ... അതിൽ കൂടുതൽ ഒന്നും അയാൾക്ക് വിഷയമേ ആയിരുന്നില്ല.

ബേയ്സ്‌വാട്ടർ ട്യൂബ് സ്റ്റേഷനിൽ നിന്നും അവളോടൊപ്പം പുറത്തിറങ്ങിയ റോഡ്രിഗ്സ് ക്വീൻസ്‌വേയിലേക്ക് അവളെ പിന്തുടർന്നു. വെസ്റ്റ്ബേൺ ഗ്രോവിൽ എത്തി അവളുടെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന തെരുവ് വരെയും ഒപ്പം അയാൾ ഉണ്ടായിരുന്നെങ്കിലും അവൾ അത് അറിഞ്ഞതേയില്ല. മുൻവാതിലിന്റെ താക്കോൽ പുറത്തെടുത്ത് കതക് തുറക്കുവാനായി തുനിഞ്ഞ അവളുടെ അരികിലേക്ക് അയാൾ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു.

പെട്ടെന്നാണ് തിരിഞ്ഞ് നോക്കിയതെങ്കിലും അവളുടെ മുഖത്ത് ഞെട്ടലോ ഭയമോ അല്പം പോലും ഉണ്ടായിരുന്നില്ല എന്നത് റോഡ്രിഗ്സിനെ അത്ഭുതപ്പെടുത്തി. അയാൾ പതുക്കെ വിളിച്ചു. “മിസ്സിസ് സാറാ ഡിക്സൺ...?”

യെസ്, വാട്ട് ഡൂ യൂ വാണ്ട്...?” അവളുടെ സ്വരത്തിൽ അക്ഷമ കലർന്നിരുന്നു. ഇനി അവൾ ആരെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നുവോ...?

നിങ്ങൾക്ക് ഒരു സന്ദേശമുണ്ട്... The day of reckoning is here...പാട്രിക്ക് മർഫി എന്ന ഐറിഷ്‌കാരൻ 1938 ൽ അവൾക്ക് നൽകിയ കോഡ് ആയിരുന്നു അത്. അത് കേട്ടതും അവളുടെ മുഖത്തുണ്ടായ ഭാവമാറ്റം അത്ഭുതകരമായിരുന്നു. “ഗുഡ് ലോർഡ്... ഇത്രയും നാൾ എവിടെയായിരുന്നു നിങ്ങൾ...? വരൂ, അകത്ത് വരൂ...” അവൾ അയാളെ ക്ഷണിച്ചു.

വളരെ ചെറിയ ഒരു ഫ്ലാറ്റായിരുന്നു അത്. ഒരു ബാത്ത്റൂം, കിച്ചൺ, സിറ്റിങ്ങ് റൂം, ഒരു ബെഡ്റൂം. “ഇരിക്കൂ... ഞാൻ ചായ ഉണ്ടാക്കാം... നിങ്ങൾ ആരാണെന്ന് പറഞ്ഞില്ല...?” അവൾ തന്റെ കോട്ട് ഊരി മാറ്റവെ ചോദിച്ചു.

അടുക്കളയിലേക്ക് നടന്ന അവളെ വാതിൽക്കൽ വരെ അയാൾ അനുഗമിച്ചു. “എന്റെ മറുപടിയ്ക്ക് മുമ്പായി ഈ ചോദ്യത്തിന് കൂടി ഉത്തരം പറയൂ...” ഫെർണാണ്ടോ റോഡ്രിഗ്സ് പറഞ്ഞു. “1938 ൽ നിങ്ങളെ റിക്രൂട്ട് ചെയ്യുന്ന സമയത്ത് പാട്രിക്ക് മർഫി പറഞ്ഞത് നിങ്ങൾ ഒരു ആന്റി-ബ്രിട്ടീഷ് ആണെന്നായിരുന്നു... ഇപ്പോഴും അങ്ങനെ തന്നെയാണോ നിങ്ങൾ...?”

തീർച്ചയായും...”

പക്ഷേ, നിങ്ങളുടെ പിതാവ് ഒരു ഇംഗ്ലീഷ്‌കാരനായിരുന്നു...”

അതിന് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രാധാന്യവുമില്ല... എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്...” കാര്യമാത്രപ്രസക്തമായി മാത്രം മറുപടി പറഞ്ഞിട്ട് അവൾ ചായ ഉണ്ടാക്കുന്നതിൽ മുഴുകി. “എന്റെ മുത്തച്ഛനെ ഒരു പട്ടിയെ പോലെ അവർ വെടിവെച്ച് കൊന്നത് 1916 ൽ ആണ്... അതിന്റെ പക ഇപ്പോഴും എന്നിൽ അവശേഷിക്കുന്നു... വരൂ, നമുക്ക് അവിടെ പോയി ഇരിക്കാം...”

തികഞ്ഞ സംയമനത്തോടെയുള്ള അവളുടെ പെരുമാറ്റത്തിൽ റോഡ്രിഗ്സിന് അങ്ങേയറ്റം മതിപ്പ് തോന്നി. ഒരു ഇടത്തരം കുടുംബത്തിലെ അംഗം എന്ന് തോന്നിച്ച അവളുടെ വേഷവിധാനത്തിലെ വൃത്തിയും അടുക്കും ചിട്ടയും അയാളെ വല്ലാതെ ആകർഷിച്ചു. ചെമ്പൻ നിറത്തേക്കാൾ വെളുപ്പിനോട് ചേർന്ന് നിൽക്കുന്ന മുടി ഭംഗിയായി ചീകി വച്ചിരിക്കുന്നു. ലാളിത്യം തുളുമ്പുന്ന മുഖമെങ്കിലും പിടി തരാത്ത മുഖഭാവം... അത് അയാളെ തെല്ല് ചിന്താക്കുഴപ്പത്തിലാക്കി.

സോ... വാട്ട് ഈസ് ദിസ് എബൗട്ട്...?” അവൾ ചോദിച്ചു.

അന്ന് മർഫി നിങ്ങളെ റിക്രൂട്ട് ചെയ്തപ്പോൾ... അത് അബ്ഫെറിന് വേണ്ടിയായിരുന്നില്ല... മറിച്ച് SD യ്ക്ക് വേണ്ടിയായിരുന്നു... അതായത് സീക്രട്ട് ഇന്റലിജൻസ് സർവീസിന് വേണ്ടി...”

“SD എന്നാൽ എന്താണെന്ന് എനിക്ക് അറിയാം... അവർക്ക് വേണ്ടിയാണോ നിങ്ങളും വർക്ക് ചെയ്യുന്നത്...?”

എന്ന് വേണമെങ്കിൽ പറയാം എന്ന് മാത്രം... നോക്കൂ, ഇവിടെ അടുത്ത് ചെറിയ റെസ്റ്റാറന്റുകൾ ഏതെങ്കിലും കാണില്ലേ...? ലെറ്റ് മീ ഗിവ് യൂ എ മീൽ...”

അത് നല്ല ഐഡിയ... ആട്ടെ, നിങ്ങൾ പേര് പറഞ്ഞില്ലല്ലോ...”

ഫെർണാണ്ടോ റോഡ്രിഗ്സ്...” കോട്ട് ധരിക്കാൻ അവളെ സഹായിച്ചുകൊണ്ട് അയാൾ പറഞ്ഞു.

പോർച്ചുഗീസ്...? നൗ, ദാറ്റ് ഈസ് ഇന്ററസ്റ്റിങ്ങ്...”

വെസ്റ്റ്ബേൺ ഗ്രോവിലെ ഒരു ചെറിയ ഇറ്റാലിയൻ റെസ്റ്റാറന്റിലേക്ക് അവർ കയറി. സായാഹ്നം ആകുന്നതേയുണ്ടായിരുന്നു എന്നതിനാൽ അധികമാരും എത്തിയിരുന്നില്ല. യുദ്ധകാലമായിരുന്നിട്ടും മേശപ്പുറത്ത് മെഴുക് തിരികൾ കത്തിച്ച് വച്ചിട്ടുണ്ടായിരുന്നു. സ്വകാര്യത ലഭിക്കും വിധം ഒരു മൂലയിലുള്ള മേശയ്ക്ക് മുന്നിൽ ഇരുന്നിട്ട് അയാൾ ഒരു ബോട്ട്‌ൽ റെഡ് വൈനും രണ്ട് ലസാഗ്നയും ഓർഡർ ചെയ്തു. വളരെ തന്മയത്വത്തോടെയായിരുന്നു അവളുടെ മുന്നിൽ അയാൾ കാര്യങ്ങൾ അവതരിപ്പിച്ചത്. സംഭാഷണത്തിനൊടുവിൽ ഇനി പറയുവാൻ ബാക്കി ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.

ബ്രിട്ടനിലെ ഒരു വിധം എല്ലാ അബ്ഫെർ ഏജന്റുമാരെയും പിടികൂടി കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്...” റോഡ്രിഗ്സ് പറഞ്ഞു.

അങ്ങനെയാണ് ബ്രിട്ടീഷ് ഇന്റലിജൻസ് അവകാശപ്പെടുന്നത്... വാർ ഓഫീസ് എന്ന യന്ത്രത്തിലെ തീർത്തും അപ്രധാനമായ ഒരു ഭാഗമാണ് ഞാൻ... അതെനിക്ക് നന്നായി അറിയുകയും ചെയ്യാം...” അവൾ പറഞ്ഞു.

അത് ശരിയായിരിക്കാം... പക്ഷേ, SD അതിന്റെ കണക്ഷനുകൾ ഒരിക്കലും വേർപെടുത്തിയിട്ടില്ല... ക്ലെയ്‌ൻ എന്നൊരു ബുദ്ധിരാക്ഷസൻ കെട്ടിപ്പടുത്ത സംഘടനയാണത്... ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല... മേജർ ബുബി ഹാർട്ട്മാൻ ആണ് അദ്ദേഹത്തിന്റെ പിൻഗാമി... ഹിംലറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്...” റോഡ്രിഗ്സ് പറഞ്ഞു.

മഹത്തായ സംഘടന... ഇതിൽ നിങ്ങളുടെ റോൾ എന്തായിട്ട് വരും...?”

ഇവിടുത്തെ പോർച്ചുഗീസ് എംബസിയിലെ കൊമേർഷ്യൽ അറ്റാഷെയാണ് ഞാൻ... എന്റെ സഹോദരൻ ജോയൽ റോഡ്രിഗ്സ് ബെർലിനിലെ എംബസിയിൽ ഇതേ പോസ്റ്റിൽ ജോലി ചെയ്യുന്നു... ഡിപ്ലോമാറ്റിക്ക് പൗച്ച് വഴിയാണ് ഞങ്ങളുടെ കമ്യൂണിക്കേഷൻ അത്രയും... അതുകൊണ്ട് തന്നെ വിവരം ചോരും എന്നതിനെക്കുറിച്ച് ഭയമേ വേണ്ട... മാത്രവുമല്ല വളരെ സൗകര്യപ്രദവും...”

അത് മാത്രമല്ല, നല്ലൊരു വരുമാനമാർഗ്ഗവും...” അവൾ പുഞ്ചിരിച്ചു.

സന്ദർഭങ്ങൾ എന്തിന് പാഴാക്കണം...?”

വില കൂടിയ സ്യൂട്ട് ആണല്ലോ നിങ്ങൾ ധരിച്ചിരിക്കുന്നത്... നിങ്ങളുടെ വാച്ച് കണ്ടിട്ട് സ്വർണ്ണം കൊണ്ടുള്ളതാണെന്ന് തോന്നുന്നു...?”

 ജീവിതം ആസ്വദിക്കാനുള്ളതാണ് സെനോറാ...” റോഡ്രിഗ്സ് കണ്ണിറുക്കി.

ഐ തിങ്ക് യൂ ആർ എ റോഗ്, മിസ്റ്റർ റോഡ്രിഗ്സ്... ബട്ട്, ഐ ലൈക്ക് യൂ...” അവൾ പറഞ്ഞു.

എന്നെ ഫെർണാണ്ടോ എന്ന് വിളിച്ചാൽ മതി... പിന്നെ, ഇക്കാര്യത്തിൽ നിങ്ങളുടെ തീരുമാനം പറഞ്ഞില്ലല്ലോ... ആർ യൂ ഇൻ ഓർ ഔട്ട്...?”

ഒഫ് കോഴ്സ് അയാം ഇൻ... വാർ ഓഫീസിലെ അക്കൗണ്ട്സ് സെക്ഷനിൽ സെക്രട്ടറി കം ക്ലെർക്ക് ആണ് ഞാൻ... അങ്ങേയറ്റം വിരസമായ ജോലി... മാത്രവുമല്ല, നിർണ്ണായകമായ വിവരങ്ങളൊന്നും എനിക്ക് പ്രാപ്യവുമല്ല...”

ആർക്കറിയാം...? കാര്യങ്ങൾ എപ്പോഴാണ് മാറിമറിയുക എന്നറിയില്ലല്ലോ...” അയാൾ തന്റെ പേഴ്സിൽ നിന്നും ഒരു കാർഡ് എടുത്ത് അവൾക്ക് നീട്ടി. “എംബസിയുടെ വിലാസം ഡയറക്ടറിയിൽ കണ്ടേക്കാം... എന്നാൽ, ഇതിൽ എന്റെ വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്... കെൻസിങ്ങ്ടൺ ഗാർഡൻസിന്റെ എതിർവശത്ത് എന്നിസ്മോർ മ്യൂവ്സിൽ...”

രാജകീയ ജീവിതമാണല്ലോ നിങ്ങളുടേത്...”

പെട്ടെന്നാണ് ദൂരെ സൈറൻ മുഴങ്ങിയത്. “അതാ, അവർ വീണ്ടുമെത്തി...” അവൾ ചാടിയെഴുന്നേറ്റു. “വരൂ, എവിടെയെങ്കിലും രക്ഷ തേടാം...”

റോഡ്രിഗ്സ് ഭക്ഷണത്തിന്റെ ബിൽ അടച്ചു. പിന്നെ കോട്ട് എടുത്ത് ഇരുവരും പുറത്തിറങ്ങി. “എങ്ങോട്ട് പോകണം..?” അയാൾ ചോദിച്ചു. “അടുത്തുള്ള അഭയ കേന്ദ്രം ബേയ്സ്‌വാട്ടർ അണ്ടർഗ്രൗണ്ട് സ്റ്റേഷനാണെന്ന് തോന്നുന്നു...”

ഗുഡ് ഗോഡ്... എയർ റെയ്ഡിന്റെ സമയത്ത് ഞാനൊരിക്കലും അവിടെ പോകില്ല... വീട് വിട്ട് എങ്ങോട്ടും പോകാതിരിക്കുകയാണ് നല്ലത്... കഴിഞ്ഞയാഴ്ച്ചയാണ് ഹോൾബണിൽ നൂറിലധികം പേർ കൊല്ലപ്പെട്ടത്... അണ്ടർഗ്രൗണ്ട് സ്റ്റേഷന് മുകളിലാണ് ബോംബ് വന്ന് പതിച്ചത്... കമോൺ...” അവൾ പറഞ്ഞു.

അയാളുടെ കൈയും പിടിച്ച് വെസ്റ്റ്ബേൺ ഗ്രോവിലൂടെ അവൾ ഓടി. ദൂരെ ബോംബുകൾ പതിക്കുന്നുണ്ടായിരുന്നു. ഫ്ലാറ്റിന് മുന്നിൽ എത്തിയതും അവൾ പ്രധാന കവാടം തുറന്നു. അടുത്ത നിമിഷം ഇരുവരും അന്ധകാരത്തിലേക്ക് പ്രവേശിച്ചു.

ഇലക്ട്രിസിറ്റി വീണ്ടും പോയി... എന്ന് വച്ചാൽ ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല എന്ന് സാരം... എന്റെ കൈയിൽ മുറുകെ പിടിച്ചോളൂ... സ്റ്റെയർകെയ്സ് വഴി പോകാം... എനിക്കിത് കാണാപാഠമാണ്...” അവൾ പറഞ്ഞു.

ഇടയ്ക്കെവിടെയോ വച്ച് റോഡ്രിഗ്സിന് കാൽ തെറ്റി വീഴുവാൻ പോയി. പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ അയാളെ കൈപിടിച്ചുയർത്തി. അപ്പാർട്ട്മെന്റിന് മുന്നിൽ എത്തിയതും അവൾ വാതിൽ തുറന്ന് അയാളെ ഉള്ളിലേക്ക് ആനയിച്ചു.

ഓവർകോട്ട് അഴിച്ച് മാറ്റിയിട്ട് അവൾ ബ്ലാക്കൗട്ട് കർട്ടനുകൾ ഇരുവശത്തേക്കും വകഞ്ഞ് മാറ്റി. പുറമേ നിന്നും നേർത്ത വെട്ടം ഉള്ളിലേക്ക് അരിച്ചെത്തി. അധികമകലെയല്ലാതെ നടക്കുന്ന ബോംബ് സ്ഫോടനങ്ങളുടെ ജ്വാലാകിരണങ്ങൾ അവിടെ നിന്നും ദൃശ്യമായിരുന്നു.

ഇന്ന് രാത്രി ഇനി എന്നിസ്മോർ മ്യൂവിലേക്ക് മടങ്ങിപ്പോകാൻ നിങ്ങൾക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല...” അവൾ പറഞ്ഞു.

പറയൂ... ഈസ് ദേർ എ മാൻ ഇൻ യുവർ ലൈഫ്...?” അയാൾ ചോദിച്ചു.

അതിനെന്ത് പ്രസക്തി...?” അവൾ മുഖമുയർത്തി.

ഒട്ടും തന്നെയില്ല...” അയാൾ പറഞ്ഞു.

നിങ്ങൾ ഒരു തെമ്മാടിയാണെന്ന് കുറച്ച് മുമ്പ് ഞാൻ പറഞ്ഞില്ലേ...? ആ വാക്കുകൾ ഞാൻ തിരിച്ചെടുക്കുന്നു...”

പിന്നിൽ ചെന്ന് അരക്കെട്ടിലൂടെ കൈ ചുറ്റി റോഡ്രിഗ്സ് അവളുടെ കഴുത്തിൽ ചുംബിച്ചു.

ലവ്‌ലി...” അവൾ പറഞ്ഞു. “ബട്ട് സോ മച്ച് നൈസെർ ഇൻ ബെഡ്... എന്ത് തോന്നുന്നു...?”

അസാധാരണമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. ഒരു വിചിത്ര സ്വഭാവത്തിന് ഉടമയായിരുന്നു അവൾ... കടിഞ്ഞാണിന്റെ പൂർണ്ണ നിയന്ത്രണം കൈയിലൊതുക്കി അഭിനിവേശത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ വിഹരിക്കുവാൻ അവൾ ഇഷ്ടപ്പെട്ടു. അവളെ സന്ധിക്കുവാൻ പതിവായിത്തന്നെ അയാൾ എത്തിത്തുടങ്ങി. എങ്കിലും അയാളുടെ ജീവിതത്തിൽ മറ്റ് പ്രണയിനികൾക്കും സ്ഥാനമില്ലാതിരുന്നില്ല. അത് അയാളുടെ പ്രകൃതമായിരുന്നു. ആ വിഷയം അറിയുമായിരുന്നുവെങ്കിലും അവൾക്ക് ഒട്ടും പരാതിയുമുണ്ടായിരുന്നില്ല അക്കാര്യത്തിൽ.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Monday, April 15, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 24


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബ്രിഗേഡിയർ മൺറോയും ജാക്ക് കാർട്ടറും എത്തുമ്പോൾ നെരിപ്പോടിനരികിൽ ദി ടൈംസ് ദിനപത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മോളി സോബെൽ. “മൈ ഡിയർ... എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിനം...? ഇന്ററസ്റ്റിങ്ങ്...?”

“എന്ന് പറയാം...” അവൾ പത്രം മടക്കി വച്ചു. “ജാക്ക്... എന്തു പറയുന്നു...?” അവൾ അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകിക്കൊണ്ട് ചോദിച്ചു.

“ഓൾ റൈറ്റ്, ഓൾഡ് ഗേൾ...”

“കാലിനിപ്പോൾ എങ്ങനെയുണ്ട്...?”

“വെൽ... ഇടയ്ക്കൊക്കെ കടുത്ത വേദന വരാറുണ്ട്... പക്ഷേ, എന്ത് ചെയ്യാൻ...”

“യൂ ആർ എ ലവ്‌ലി മാൻ, ജാക്ക് കാർട്ടർ...”

“മതി മതി... ഇയാളെ സുഖിപ്പിച്ചത് മതി കുട്ടീ... എനിക്കൊരു സ്കോച്ച് എടുക്കൂ...” കസേരയിലേക്ക് ചാഞ്ഞുകൊണ്ട് മൺറോ പറഞ്ഞു. “പിന്നെ, ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും വിവരങ്ങൾ ലഭിച്ചുവോ നിനക്ക്...?”

“കാര്യമായിട്ടൊന്നും ഇല്ല... പിന്നെ, അങ്കിൾ... നിങ്ങളുടെ ചാരപ്പണിയിൽ നിന്നും എന്നെ ഒഴിവാക്കിയേക്കൂ... ഹാരിയുടെ ഭൂതകാലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സഹോദരനെക്കുറിച്ചും ഒക്കെ സംസാരിച്ചു... ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയാം... അദ്ദേഹം തന്റെ സഹോദരനെ അങ്ങേയറ്റം സ്നേഹിക്കുന്നു... ഒപ്പം ബഹുമാനിക്കുകയും ചെയ്യുന്നു... എ റിയൽ എയ്സ് എന്നാണ് അദ്ദേഹം മാക്സിനെ വിശേഷിപ്പിച്ചത്... എന്നാൽ അതുപോലെ പകരം വയ്ക്കാനാളില്ലാത്ത ഒരു ഫൈറ്റർ പൈലറ്റാണ് താനും എന്ന ഭാവം പോലും ഹാരിയ്ക്ക് ഇല്ല...”

“വാട്ട് റബ്ബിഷ്...” കാർട്ടർ പറഞ്ഞു. “ഈ പത്രങ്ങളിൽ കാണുന്നതൊന്നും കണ്ണുമടച്ച് വിശ്വസിക്കരുത്... മികച്ച യോദ്ധാക്കൾ എന്ന് പത്രക്കാർ കൊട്ടിഘോഷിക്കുന്ന,  DFCയും DSOയും ഒക്കെ ലഭിച്ച വൈമാനികരുണ്ട്... പക്ഷേ, ഉയർന്ന സ്കോർ നേടിയ പലരെയും കുറിച്ച് ആരും കേട്ടിട്ട് പോലുമുണ്ടാകില്ല... കെൽസോയുടെ റെക്കോഡ്സ് ഞങ്ങൾ പരിശോധിച്ചു...  താൻ വെടിവച്ച് വീഴ്ത്തിയ വിമാനങ്ങളുടെ എണ്ണം തന്റെ സ്കോറിൽ ഉൾപ്പെടുത്തുവാൻ പലപ്പോഴും അദ്ദേഹം വിമുഖത കാണിക്കുയാണ് പതിവ്... മാത്രവുമല്ല, അതിൽ പലതും തന്റെ സ്ക്വാഡ്രണിലെ തന്നേക്കാൾ പ്രായം കുറഞ്ഞവരുടെ സ്കോറിലേക്ക് നൽകുവാൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്...”

“തന്നേക്കാൾ പ്രായം കുറഞ്ഞവരോ...?” അവൾ അത്ഭുതപ്പെട്ടു. “ഹാരിക്ക് തന്നെ ഇരുപത്തിമൂന്ന് വയസ്സ് ആയിട്ടേയുള്ളൂ...”

“അധികം തല പുകയണ്ട... ഞാൻ പറഞ്ഞു വരുന്നതെന്താണെന്ന് വച്ചാൽ, ഈ യുദ്ധത്തിൽ ടോപ് സ്കോറർ റാങ്കിനോട് മിക്കവാറും അടുത്തെത്തിക്കാണും ഹാരി എന്നാണ്... ഇപ്പോൾ തന്നെ രണ്ട് DFC മെഡലുകളുടെ ഉടമായണദ്ദേഹം...”

“ഒരിക്കലും ഇവിടെ ഇരിക്കേണ്ടവനല്ല താൻ എന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നവൻ...”

“ഒരു മെലോഡ്രമാറ്റിക്ക് ക്യാരക്ടർ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും ശരി...”

ഈ സംഭാഷണത്തിന്റെ ഭൂരിഭാഗവും സ്റ്റെയർകെയ്സിൽ വച്ച് കേട്ടുകൊണ്ടാണ് ഹാരി അവിടെയെത്തിയത്. “വെൽ... ഞാനെത്തി... ഇന്ന് രാത്രി എന്തൊക്കെ പരിപാടികളാണ് ബ്രിഗേഡിയർ ഞങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്...?” പുഞ്ചിരിച്ചുകൊണ്ട് ഹാരി ചോദിച്ചു.

“സവോയിലുള്ള റിവർ റൂം റെസ്റ്റാറന്റിൽ... ചെലവ് അല്പം കൂടുമെങ്കിലും നല്ല ഭക്ഷണമാണ്...” മൺറോ പറഞ്ഞു.

“താങ്കളുടെ സ്വാധീനം അപാരം തന്നെ...” ഹാരി പറഞ്ഞു.

“എന്റെയല്ല... ജാക്കിന്റെ സ്വാധീനം...” മൺറോ പറഞ്ഞു. “റ്റെൽ മീ ഹാരി... നിങ്ങളുടെ സഹോദരൻ യുദ്ധത്തിൽ മരണമടയുകയാണെങ്കിൽ നിങ്ങളായിരിക്കില്ലേ അടുത്ത ബാരൺ വോൺ ഹാൾഡർ...?”

“അതെ... ശരിയാണ്...”

“വെൽ... നിങ്ങൾക്കും ജാക്കിനും ഒരു കാര്യത്തിൽ സമാനതയുണ്ട്... ജാക്കിന്റെ പിതാവ് സൈന്യത്തിലെ മേജർ ജനറൽ മാത്രമല്ല, സർ വില്യം കാർട്ടർ കൂടിയാണ് അദ്ദേഹം... വലിയൊരു ധനികനും... നിർഭാഗ്യവശാൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്താണുണ്ടാകുക എന്നറിയുമോ... നമ്മുടെ ജാക്ക്, സർ ജാക്ക് ആകും...”

“അത് ശരി... അപ്പോൾ ഇന്നത്തെ ഡിന്നറിന്റെ ചെലവ് ജാക്കിന്റെ വക...” ഹാരി പുഞ്ചിരിച്ചു.

റിവർ റൂമിലെ ഡിന്നർ ഗംഭീരമായിരുന്നു. സ്മോക്ക്ഡ് സാൽമൺ, ഡോവർ സോൾ, സലാഡ്, ഷാംപെയ്ൻ തുടങ്ങി വിഭവ സമൃദ്ധം.

“ഇത് യുദ്ധകാലമാണെന്ന് തോന്നുക പോലുമില്ല...” ജാക്ക് അഭിപ്രായപ്പെട്ടു.

ഹാളിന്റെ ഒരു ഭാഗത്ത് വാദ്യസംഘം കരോൾ ഗിബ്സൺസ് & ഓർഫൻസ് വായിക്കുന്നുണ്ടായിരുന്നു.

“വെൽ... ആരും എന്നോട് ഡാൻസ് ചെയ്യാൻ വരുന്നില്ലേ എന്ന് ചോദിക്കുന്നില്ലേ...?” മോളി ആരാഞ്ഞു.

“എനിക്ക് ചുവട് വയ്ക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞു കുട്ടീ... ജാക്കിനാണെങ്കിൽ അതിനൊട്ട് പറ്റുകയുമില്ല... അപ്പോൾ പിന്നെ നിങ്ങളുടെ ഊഴമാണ് ഫ്ലൈറ്റ് ലെഫ്റ്റ്നന്റ്...” മൺറോ ഹാരിയോട് പറഞ്ഞു.

മോളിയെയും കൂട്ടി ഹാരി വേദിയിലേക്ക് നടന്നു. ‘എ ഫോഗി ഡേ ഇൻ ലണ്ടൻ ടൗൺ’ എന്ന ഗാനത്തിനൊപ്പം ചുവട് വയ്ക്കുവാൻ അവർ ആരംഭിച്ചു. “എന്തു കൊണ്ടും അനുയോജ്യമായ ഗാനം... ഫോഗി എന്നതിന് പകരം സ്മോക്കി എന്നാക്കിയാൽ മാത്രം മതി...” ഹാരി പറഞ്ഞു.

“മൈ ഗോഡ്... ദിസ് ഈസ് ഗുഡ്...” അവൾ പറഞ്ഞു. “ആഴ്ച്ചകൾക്ക് ശേഷമാണ് ഇത്രയും ഉന്മേഷദായകമായ ഒരു അവസരം ഉണ്ടാകുന്നത്... എന്ത് തോന്നുന്നു കെൽസോ...?”

ഹാരിയ്ക്ക് എന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് പ്രധാന വെയ്റ്റർ നർത്തകർക്കിടയിലൂടെ അവർക്കരികിലേക്ക് വന്നു. “അയാം സോറി ഡോക്ടർ സോബെൽ... ക്രോംവെൽ ഹോസ്പിറ്റലിൽ നിന്നും ഒരു കോൾ ഉണ്ടായിരുന്നു... കഴിയുന്നതും വേഗം നിങ്ങളോട് അവിടെയെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...”

അവർ തിരികെ മേശയ്ക്കരികിലേക്ക് വന്നു. “ഹോസ്പിറ്റലിൽ നിന്നാണോ...?” മൺറോ ചോദിച്ചു.

“അതെ...”

അദ്ദേഹം കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “എന്റെ സ്റ്റാഫ് കാറിൽ കൊണ്ടുപോയി വിട്ടിട്ട് ഡ്രൈവറോട് പെട്ടെന്ന് തന്നെ തിരികെയെത്താൻ പറയൂ...”

മോളി തന്റെ പേഴ്സ് എടുത്തു. ഓവർകോട്ട് ധരിക്കുവാൻ കാർട്ടർ അവളെ സഹായിച്ചു.

“ടേക്ക് കെയർ, കെൽസോ...” ഹാരിയെ നോക്കി അവൾ പുഞ്ചിരിച്ചു.

ഹാരി ഒന്നും ഉരിയാടിയില്ല. പുറത്തേക്ക് നടന്ന മോളിയെ മുടന്തിക്കൊണ്ട് കാർട്ടർ അനുഗമിച്ചു.

ബ്രാണ്ടി നുകർന്നു കൊണ്ട് മേശയ്ക്ക് ഇരുവശവുമായി ഇരിക്കവെ മൺറോ പറഞ്ഞു. “ആദ്യത്തെ അമേരിക്കൻ സ്ക്വാഡ്രൺ തികയാൻ ഇനിയും രണ്ട് പേരെക്കൂടി വേണമെന്നാണ് കേട്ടത്... അവർ നിങ്ങളുടെ പിന്നാലെ തന്നെയുണ്ടാകും ഹാരീ...”

“എനിക്ക് സമ്മതമല്ലെങ്കിലോ...?”

“പക്ഷേ, എന്തുകൊണ്ട്...?”

“ഉത്തരം ഞാൻ വെസ്റ്റിനോട് പറഞ്ഞു കഴിഞ്ഞതാണ്... ഒരു RAF വൈമാനികനായിട്ടാണ് ഞാനിവിടെ ജോയ്‌ൻ ചെയ്തത്... RAF വൈമാനികനായിത്തന്നെ അവസാനിക്കുവാനാണ് എന്റെ ആഗ്രഹവും... ഒന്നാം ലോക മഹായുദ്ധത്തിൽ എന്റെ പിതാവും അങ്ങനെ തന്നെയായിരുന്നു... താങ്കൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു...”

“യെസ് ഹാരീ... നിങ്ങൾക്ക് അറിയുമോ എന്നെനിക്ക് അറിയില്ല... ആകാശമാർഗ്ഗം ഫ്രാൻസിലേക്ക് ഏജന്റുമാരെ നിയോഗിക്കുന്ന പ്രവൃത്തിയുടെ ചുമതലയാണ് എനിക്ക്... ലൈസാൻഡർ വിമാനമാണ് സാധാരണ ഉപയോഗിക്കുന്നത്... നിങ്ങൾക്ക് താല്പര്യമുണ്ടാകുമെന്ന് കരുതുന്നില്ല...”

“ഞാനൊരു ഫൈറ്റർ പൈലറ്റ് ആണ്...”

“ധാരാളം... പക്ഷേ, ഒരു കാര്യം പറയാം... സ്പെഷൽ ഡ്യൂട്ടിയാണ്... അധിക സുരക്ഷ ഉണ്ടാകും... പ്രത്യേകിച്ചും ആ ജർമ്മൻ ഈഗ്‌ൾസിൽ നിന്നും...”

ഒന്ന് പുഞ്ചിരിച്ചിട്ട് നിഷേധാർത്ഥത്തിൽ ഹാരി വീണ്ടും തലയാട്ടി.

“ഇല്ലെന്നാണോ...? വെൽ, ഓൾ റൈറ്റ്... പക്ഷേ, ഞാൻ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായല്ലോ...?”

“മനസ്സിലായി...” ഹാരി പറഞ്ഞു. “എന്തായാലും താങ്കൾക്ക് വേണ്ടി നാളെ രാവിലെ ആ സ്റ്റോർക്ക് വിമാനം ഞാൻ പറത്താം... ഒരു കാര്യം പറയാം... ലൈസാൻഡർ നല്ല വിമാനമാണ്... എങ്കിലും സ്റ്റോർക്ക് ആണ് കൂടുതൽ നല്ലത്...”

മൺറോ പുഞ്ചിരിച്ചു. “എനിക്കറിയാമായിരുന്നു നിങ്ങൾ ഇങ്ങനെയേ പറയൂ എന്ന്...”

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...