ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
നാട്ടിൻപുറത്തെ തങ്ങളുടെ വീടിന്റെ മട്ടുപ്പാവിൽ ഇരിക്കുമ്പോൾ എല്ലാ കാര്യങ്ങളും മാക്സ് തന്റെ മാതാവിനോട് പറഞ്ഞു. വിമാനം പറത്തിയതിനെക്കുറിച്ചും വൈമാനിക രംഗത്ത് താൻ നേടിയ വിവിധ പരിശീലനങ്ങളെക്കുറിച്ചും എല്ലാം വിശദമായിത്തന്നെ അവൻ അവരെ ധരിപ്പിച്ചു. വിമാനത്തിനരികിൽ ഫ്ലൈയിങ്ങ് ഡ്രെസ്സിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളും അവൻ അവരെ കാണിച്ചു.
"മൂട്ടീ... ഒരു വൈമാനികനാവുക എന്നതാണ് എന്റെ ലക്ഷ്യം... എനിക്കതിൽ വിജയിക്കാൻ കഴിയും..."
അവന്റെ കണ്ണുകളിൽ എൽസ തന്റെ ഭർത്താവിനെത്തന്നെ കാണുകയായിരുന്നു. ഉള്ളിൽ എതിർപ്പ് തോന്നിയെങ്കിലും അവൾ പറഞ്ഞത് ഇപ്രകാരമാണ്. "നിനക്ക് വയസ്സ് പതിനാറേ ആയിട്ടുള്ളൂ മാക്സ്... അതിനുള്ള പ്രായമായിട്ടില്ല..."
"എനിക്ക് ബെർലിൻ എയറോ ക്ലബ്ബിൽ ചേരാൻ പറ്റും... നിങ്ങൾക്ക് ഗൂറിങ്ങുമായി നല്ല പരിചയമുണ്ടല്ലോ... അദ്ദേഹത്തിന്റെ സ്വാധീനമുണ്ടെങ്കിൽ എളുപ്പമാണ്..."
അവൻ ആ പറഞ്ഞത് സത്യമായിരുന്നു. നേരത്തെ അനുമതി വാങ്ങിയത് പ്രകാരം മാക്സിന് ഗൂറിങ്ങുമായുള്ള കൂടിക്കാഴ്ച അനുവദിക്കപ്പെട്ടു. എൽസയും അവനോടൊപ്പമുണ്ടായിരുന്നു. വ്യോമസേനാ മേധാവി സംശയാലു ആയിരുന്നെങ്കിലും ഗൂറിങ്ങിന്റെ നിർദ്ദേശ പ്രകാരം അവർ അവന് ഒരു ഹെങ്കെൽ ഇരട്ട എൻജിൻ വിമാനം നൽകി. ഇരുപത്തിമൂന്ന് കാരനായ ഒരു ലുഫ്ത്‌വാഫ് ലെഫ്റ്റ്നന്റും അവിടെ സന്നിഹിതനായിരുന്നു. പിന്നീട് ലുഫ്ത്‌വാഫ് ജനറൽ പദവിയിൽ എത്തിച്ചേർന്ന അഡോൾഫ് ഗാലന്റ് ആയിരുന്നു അത്.
"നിന്നെക്കൊണ്ട് ഈ വിമാനം കൈകാര്യം ചെയ്യാൻ കഴിയുമോ കുട്ടീ...?" ഗാലന്റ് ചോദിച്ചു.
"വെൽ... എന്റെ പിതാവ് ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്നപ്പോൾ നമ്മുടെ നാൽപ്പത്തിയെട്ട് വിമാനങ്ങളെയാണ് വെടിവെച്ചിട്ടത്... എനിക്ക് നല്ല ഉറപ്പുണ്ട് എന്നെക്കൊണ്ട് സാധിക്കുമെന്ന്..."
ഉറക്കെ ചിരിച്ചുകൊണ്ട് ഗാലന്റ് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ തിരുകി. "ഓകെ... മറ്റൊരു വിമാനത്തിൽ നിന്റെ പിന്നിൽ ഞാനും ഉണ്ടാകും... വരൂ, നമുക്ക് നോക്കാം..."
പിന്നീട് അവിടെ നടന്ന ആകാശ പ്രകടനം ശ്വാസമടക്കിപ്പിടിച്ചാണ് ഹെർമ്മൻ ഗൂറിങ്ങ് വീക്ഷിച്ചത്. ഗാലന്റിനാകട്ടെ ഒരിക്കൽ പോലും മാക്സിനെ തോൽപ്പിക്കുവാനായില്ല. ഇമ്മെൽമാൻ ട്രിക്ക് കൂടി മാക്സ് പുറത്തെടുത്തതോടെ ഗാലന്റിന് മതിയായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ലാന്റ് ചെയ്യാനൊരുങ്ങി. തൊട്ടു പിറകെ മാക്സും.
തന്റെ മെഴ്സെഡിസിന് സമീപം നിൽക്കുകയായിരുന്ന ഗൂറിങ്ങ് ഭൃത്യന് നേർക്ക് തലയാട്ടി. മത്സ്യത്തിന്റെ മുട്ടകൾ കൊണ്ടുണ്ടാക്കിയ വിശിഷ്ട വിഭവവും ഷാംപെയ്നും അയാൾ കൊണ്ടുവന്നു. "പ്രഭുകുമാരീ... നിങ്ങളുടെ മകൻ ഒരു ജീനിയസ്സാണ്... അവന്റെ പ്രകടനം എന്നെ എന്റെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി..."
അത് വെറുമൊരു മുഖസ്തുതി ആയിരുന്നില്ല. മികച്ച ഒരു ഫൈറ്റർ പൈലറ്റ് കൂടിയായിരുന്ന ഹെർമ്മൻ ഗൂറിങ്ങിന് ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല.
അവർക്കരികിലേക്ക് നടന്നടുക്കവെ അത്ഭുതം അടക്കാനാവാതെ ഗാലന്റ്, മാക്സിനോട് ചോദിച്ചു. "ഫന്റാസ്റ്റിക്ക്... ഇതെല്ലാം എവിടെ നിന്നാണ് നീ പഠിച്ചത് മകനേ...?"
മാക്സിന്റെ മറുപടി കേട്ട് തല കുലുക്കുവാനേ ഗാലന്റിന് ആയുള്ളൂ.
അന്ന് രാത്രി അദ്ദേഹം ഗൂറിങ്ങ്, വോൺ റിബ്ബെൻട്രോപ്പ്, എൽസ, മാക്സ് എന്നിവരോടൊപ്പം അഡ്‌ലൺ ഹോട്ടലിൽ അത്താഴത്തിന് ഒത്തു ചേർന്നു. എമ്പാടും ഷാംപെയ്ൻ നുരഞ്ഞൊഴുകി. "ഈ പയ്യനെ എന്ത് ചെയ്യണം നമ്മൾ...?" ഗൂറിങ്ങ്, ഗാലന്റിനോട് ആരാഞ്ഞു.
"അടുത്ത വർഷമാകണം അവന് പതിനേഴ് വയസ്സ് എങ്കിലും തികയാൻ..." ഗാലന്റ് പറഞ്ഞു. "ഞാൻ ഒരു അഭിപ്രായം പറയട്ടെ...?"
"തീർച്ചയായും..."
"ഇവിടെ ബെർലിനിലെ ഇൻഫൻട്രി കേഡറ്റ് സ്കൂളിൽ അവനെ ചേർക്കുക... ഔദ്യോഗിക ക്രമങ്ങൾ പാലിക്കാൻ വേണ്ടി മാത്രം... എന്നിട്ട് എയറോ ക്ലബ്ബിൽ പരിശീലനപ്പറക്കലിനുള്ള ഏർപ്പാടും ചെയ്തു കൊടുക്കുക... അടുത്ത വർഷം പതിനേഴ് വയസ്സ് തികയുമ്പോൾ ലെഫ്റ്റ്നന്റ് പദവിയോടെ അവന് ലുഫ്ത്‌വാഫിൽ നിയമനം നൽകുക..."
"അതെനിക്ക് ഇഷ്ടപ്പെട്ടു..." തല കുലുക്കിക്കൊണ്ട് ഗൂറിങ്ങ് മാക്സിന് നേർക്ക് തിരിഞ്ഞു. "എന്തു പറയുന്നു ബാരൺ...?"
"മൈ പ്ലെഷർ..." മാക്സ് കെൽസോ ഇംഗ്ലീഷിൽ മൊഴിഞ്ഞു. അവനിലുള്ള പാതി അമേരിക്കൻ രക്തം പെട്ടെന്നായിരുന്നു ഉപരിതലത്തിൽ എത്തിയത്.
"അവന്റെ പിതാവ് ഒരു അമേരിക്കക്കാരൻ ആയിരുന്നു എന്ന വസ്തുത ഒരു പ്രശ്നമൊന്നും അല്ലെന്നാണോ...?" എൽസ ചോദിച്ചു.
"അതൊന്നും ഒരു പ്രശ്നമേയല്ല... ഫ്യൂററുടെ പുതിയ ഉത്തരവ് നിങ്ങൾ ശ്രദ്ധിച്ചിരുന്നില്ലേ...?" ഗൂറിങ്ങ് ചോദിച്ചു. "നമ്മുടെ ഈ ബാരണ് നാസി ജർമ്മനിയുടെ പൗരത്വമല്ലാതെ മറ്റൊന്നും തന്നെ അനുവദനീയമല്ല..."
"ഒരേയൊരു പ്രശ്നം മാത്രം..." ഗാലന്റ് ഇടയിൽ കയറി.
"എന്താണത്...?" ഗൂറിങ്ങ് ചോദിച്ചു.
"പ്രഭുകുമാരന് അറിയുന്ന കുറച്ച് വിദ്യകൾ എനിക്കും കൂടി പഠിപ്പിച്ച് തരേണ്ടി വരും... പ്രത്യേകിച്ചും ആ ഇമ്മെൽമാൻ ട്രിക്ക്..."
"വെൽ... അത് വേണമെങ്കിൽ ഞാൻ പഠിപ്പിച്ച് തരാം..." ഗൂറിങ്ങ് പറഞ്ഞു. "എങ്കിലും ബാരണ് അതിൽ വിരോധമൊന്നും ഉണ്ടാകില്ല എന്നെനിക്ക് ഉറപ്പുണ്ട്..." അദ്ദേഹം തിരിഞ്ഞ് ആദ്യമായി അവനെ അഭിസംബോധന ചെയ്തു. "മാക്സ്..."
"എന്റെ ഇരട്ട സഹോദരൻ ഹാരി ഇവിടെ ഇല്ലാത്തത് കഷ്ടമായിപ്പോയി ലെഫ്റ്റ്നന്റ് ഗാലന്റ്... ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഇരുവരും ചേർന്ന് നിങ്ങളെ വെള്ളം കുടിപ്പിച്ചേനെ..."
"നോ..." അഡോൾഫ് ഗാലന്റ് പറഞ്ഞു. "പുതിയ അറിവുകൾ ഒരു എക്സ്പീരിയൻസ് തന്നെയാണ്... യൂ ആർ സ്പെഷൽ, ബാരൺ... ബിലീവ് മി... പിന്നെ, ഇനി മുതൽ എന്നെ ഡോൾഫോ എന്ന് വിളിച്ചാൽ മതി..."
അതുല്യമായ ഒരു സുഹൃദ് ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
***
ഇതേ സമയം ഹാരി അമേരിക്കയിൽ ഗ്രോട്ടൺ സ്കൂളിൽ പഠനം ആരംഭിച്ചു. വളരെ കർശനമായ നിയമങ്ങൾ ആയിരുന്നു അവിടെയെങ്കിലും വാരാന്ത്യങ്ങളിലെ പറക്കൽ ഉപേക്ഷിക്കുവാൻ അവൻ തയ്യാറായിരുന്നില്ല. ആബെ കെൽസോയുടെ സ്വാധീനം മൂലം വലിയ പ്രശ്നങ്ങളില്ലാതെ സ്കൂൾ കാലഘട്ടം പൂർത്തിയാക്കിയ ഹാരി ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടി. ആ സമയത്തായിരുന്നു മാക്സ് ഒരു ലെഫ്റ്റ്നന്റ് ആയി ലുഫ്ത്‌വാഫിൽ ജോലിക്ക് കയറുന്നത്.
***
നാസി ജർമ്മനി അതിന്റെ കുതിപ്പ് തുടർന്ന് കൊണ്ടേയിരുന്നു. അതേത്തുടർന്ന് യൂറോപ്പിലെ മുഴുവൻ രാഷ്ട്രീയ സമവാക്യങ്ങളും മാറി മറിഞ്ഞു. ജർമ്മനിയോട് പൊരുതുവാൻ ബ്രിട്ടണിൽ ആർക്കും തന്നെ താൽപ്പര്യമുണ്ടായിരുന്നില്ല. കാരണം, ഒന്നാം ലോകമഹായുദ്ധം അത്രമേൽ ദുരിതവും നാശനഷ്ടങ്ങളുമാണ് അവർക്ക് സമ്മാനിച്ചത്. ഹാരി തന്റെ യൂണിവേഴ്സിറ്റി പഠനവുമായി മുന്നേറുമ്പോൾ യൂറോപ്പ് ഒന്നാകെ ഫാസിസത്തോട് അടുക്കുകയായിരുന്നു. ലോകം അത് കണ്ട് നോക്കി നിന്നു.
അങ്ങനെയിരിക്കെയാണ് സ്പെയിനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അതോടെ അവർക്ക് യുദ്ധ രംഗത്തേക്ക് ഇറങ്ങേണ്ടി വന്നു. ഗാലന്റും മാക്സും HE 51 പോർവിമാനങ്ങളുമായി യുദ്ധനിരയിൽ പൊരുതി. 280 കോംബാറ്റ് മിഷനുകളാണ് ആ പോരാട്ടത്തിൽ മാത്രം മാക്സ് നടത്തിയത്. 1938 ൽ തിരികെയെത്തുമ്പോഴേക്കും മാക്സ് അയേൺ ക്രോസ് സെക്കന്റ് ക്ലാസ് മെഡൽ കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. ഒപ്പം ഓബർലെഫ്റ്റ്നന്റ് പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും.
അതിന് ശേഷം കുറച്ച് കാലം മാക്സ് ബെർലിനിൽ സ്റ്റാഫ് ഉദ്യോഗം വഹിച്ചു. ആ കാലഘട്ടത്തിലാണ് അവൻ സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവർക്ക് സുപരിചിതനാകുന്നത്. തന്റെ മാതാവിന് അകമ്പടി സേവിച്ചുകൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ അവൻ തന്റെ സാന്നിദ്ധ്യമറിയിച്ചു. നാസി പാർട്ടിയുടെ അധികാര സ്ഥാനത്ത് എത്തപ്പെട്ട ഹെർമ്മൻ ഗൂറിങ്ങിന്റെ പ്രിയങ്കരനായി മാറി മാക്സ് കെൽസോ. അപ്പോഴാണ് പോളണ്ട് പ്രശ്നം ഉടലെടുക്കുന്നത്.
***
ഇരുപത്തിയേഴ് ദിവസം നീണ്ടു നിന്ന മിന്നലാക്രമണം പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തന്നെ നാമാവശേഷമാക്കിക്കളഞ്ഞിരുന്നു. ഇരുപത് യുദ്ധവിമാനങ്ങൾ വെടി വെച്ച് വീഴ്ത്തിയ മാക്സ് കെൽസോയെ കാത്തിരുന്നത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് മെഡൽ ആയിരുന്നു. ഒപ്പം ക്യാപ്റ്റൻ പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും. പിന്നീടങ്ങോട്ട് ബ്രിട്ടണും ഫ്രാൻസുമായി തുടർന്ന ശീതയുദ്ധ സമയത്ത് മാക്സ് വീണ്ടും ബെർലിൻ ഓഫീസിൽ സ്റ്റാഫ് ഉദ്യോഗത്തിൽ പ്രവേശിച്ചു.
മാക്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. യൂറോപ്പിന്റെ നിയന്ത്രണം ജർമ്മനിയുടെ കൈപ്പിടിയിൽ ഒതുങ്ങിയ നാളുകൾ. ജർമ്മനി വിചാരിച്ചാൽ എന്തും തന്നെ സാദ്ധ്യമാണെന്ന തോന്നൽ പൊതുവേ എല്ലായിടത്തും കാണാമായിരുന്നു. സമൂഹത്തിന്റെ ഉന്നത നിരയിലായിരുന്നു എൽസാ വോൺ ഹാൾഡറുടെ സ്ഥാനം. മാക്സിനാണെങ്കിൽ അവന്റേതായ ഒരു പ്രതിച്ഛായ തന്നെ സമൂഹത്തിൽ ഉണ്ടായിരുന്നു. എവിടെയും സൈനികവേഷത്തിലായിരുന്നു അവൻ പ്രത്യക്ഷപ്പെട്ടിരുന്നത്. ബാഗി പാന്റ്സ്, ഫ്ലൈയിങ്ങ് ജാക്കറ്റ്, ഷിഫ് എന്നറിയപ്പെടുന്ന സൈഡ് ക്യാപ്, പിന്നെ മെഡലുകൾ... നാസി ജർമ്മനിയുടെ പ്രൊപ്പഗാണ്ട മിനിസ്റ്റർ ആയ ജോസഫ് ഗീബൽസിന് മാക്സിന്റെ ആ രീതി അങ്ങേയറ്റം ഇഷ്ടമായിരുന്നു. ഗൂറിങ്ങും എന്തിന്, ഹിറ്റ്‌ലറും വരെ പങ്കെടുക്കുന്ന ഗവണ്മന്റിന്റെ ഉന്നത ചടങ്ങുകളിലെല്ലാം മാക്സ് തന്റെ കുലീനയും സുന്ദരിയുമായ മാതാവിനൊപ്പം സ്ഥിരം സാന്നിദ്ധ്യമായി മാറി. അവർ അവന് ബഹുമാനപൂർവ്വം 'ബ്ലാക്ക് ബാരൺ' എന്ന വിളിപ്പേര് ചാർത്തി നൽകി. പ്രണയം, കാമുകിമാർ ഇവയ്ക്കൊന്നും അവന്റെ ജീവിതത്തിൽ കാര്യമായ ഇടം കണ്ടെത്താനായില്ല. അതിൽ നിന്നെല്ലാം അകലം പാലിച്ച് ആർക്കും പിടി കൊടുക്കാത്ത മുഖഭാവവുമായി അവൻ നടന്നു. ആരുടെയും പക്ഷം പിടിക്കുവാൻ ഒരുക്കമായിരുന്നില്ല മാക്സ്. നാസി ചിന്താഗതികളോട് അവന് ഒരിക്കലും അനുഭാവവും ഉണ്ടായിരുന്നില്ല. ഒരു ഫൈറ്റർ പൈലറ്റ്... അത് മാത്രമായിരുന്നു അവൻ.
(തുടരും)
മാക്സും അമ്മയും, ആർക്കും ഇഷ്ടം തോന്നും അവരോട്
ReplyDeleteഅതെന്താ… നിങ്ങക്ക് ഞമ്മന്റെ ഹാരിയെ ഇഷ്ടപ്പെട്ടില്ല??
Deleteഹ ഹ ഹ... ഡോണ്ട് യൂ ലൈക്ക്...?
Deleteസാരമില്ല സുകന്യാജീ... ജിമ്മൻ ഓന്റെ ആളാ... :)
നമ്മള്‍, ജാക്കേട്ടന്‍ പിന്നെ വിനുവേട്ടന്‍..ല്ലാം ജര്‍മ്മന്‍ ഫാന്‍സാ..
Deleteപിന്നല്ല...
Deleteഇവിടെ ഇങ്ങനെയൊക്കെ സംവാദം നടന്നോ? :)
Deleteഈ അധ്യായത്തില്‍ മാര്‍ക്സിന്റെ സവിശേഷതകള്‍ കൂടുതല്‍ പറഞ്ഞതുകൊണ്ട്..;)
നമ്മൾ ഒരു വിമാനയാത്രപോലും അത്ഭുതമായി കാണുമ്പോൾ അവർ വിമാനം പറപ്പിക്കലും അഭ്യാസങ്ങളും യുദ്ധവും വിജയവും....എല്ലാം കൂടി ഒരു അതിശയ ലോകം തന്നെ...രസകരമായ കഥാപാശ്ചാത്തലം..
ReplyDeleteഅതെ മുഹമ്മദ്ക്കാ... ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളിലൂടെ നമ്മൾ വായനക്കാരും ധാരാളം പഠിച്ചു കൊണ്ടിരിക്കുന്നു...
Deleteമാക്സും അമ്മയും. ഇനി കഥയുടെ പേര് അങ്ങനെ മതി. ആശംസകൾ.....
ReplyDeleteഅത് വേണോ അശോകേട്ടാ...?
Deleteബ്ളാക്ക് ബാരണ്‍.. കേള്‍ക്കുമ്പോ തന്നെ ഒരിതില്ലേ
Deleteഅതെ... എന്താ അതിന്റെയൊരു തലയെടുപ്പ്...
Delete“അതുല്യമായ ഒരു സുഹൃദ് ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.”
ReplyDeleteചില തുടക്കങ്ങൾ അങ്ങനെയാണ്.. ഇ-മെയിൽ ഫൂട്ട് നോട്ടിലൂടെ, കരിമ്പിൻ ജ്യൂസിലൂടെ, ബ്ലോഗ് കമന്റിലൂടെ.. :) :)
സത്യം ജിം...
DeleteUmma. U said it
Deleteഉണ്ടാപ്രി ഇപ്പോഴെങ്കിലും എത്തീല്ലോ... അതാണ് അതുല്യ സൗഹൃദം എന്ന് പറയുന്നത്... സന്തോഷായി...
Deleteരസകരമായി കഥ മുന്നോട്ടു പോകാൻ തുടങ്ങി.പിന്നെ translation ഗംഭീരം.all the best
ReplyDeleteനന്ദി ടീച്ചർ....
Deleteഅമ്മയോടൊപ്പമുള്ള മാക്‌സ് പ്രതീക്ഷിച്ച പോലെ തന്നെ. മുത്തച്ഛൻ വളർത്തുന്ന ഹാരിയെ കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
ReplyDeleteഹാരിയുടെ വിശേഷങ്ങൾ അടുത്തയാഴ്ച മുബീ...
Deleteമാക്‌സ് തകർത്തു. ഇനി ഹാരിയെ പറ്റി...
ReplyDelete(ക്രിസ്‌തുമസ് ആശംസകൾ...)
വളരെ സന്തോഷം, ശ്രീ...
Deleteഎല്ലാവർക്കും ക്രിസ്മസ് ആശംസകൾ...
യൂറോപ്പിലെ വല്ല്യേട്ടനായ ജർമ്മൻ
ReplyDeleteഅധിനിവേശത്തിന്റെ ചരിതത്തോടൊപ്പം
ഹാരിയുടെയും മാക്സിന്റെയും കഥ ..
അതെ... നാഷണൽ സോഷ്യലിസം അഥവാ നാസിസം യൂറോപ്പിനെ മോഹിപ്പിച്ച നാളുകൾ...
DeleteNext episode notification nu wait cheyyanu
ReplyDeleteനാളെ പോസ്റ്റ് ചെയ്യുന്നതാണ് സുചിത്രാജീ...
Deleteനാസി ചിന്താഗതികളോട് അവന് ഒരിക്കലും അനുഭാവവും ഉണ്ടായിരുന്നില്ല... ആകാംക്ഷയോടെ... ആശംസകൾ
ReplyDeleteമാക്സ് നല്ല കുട്ടി... ഇനി അടുത്ത ആളെപ്പറ്റി കൂടുതലറിയാൻ അടുത്ത പോസ്റ്റിലേക്ക് പോവട്ടെ... കുറെ വായന മുടങ്ങി.
ReplyDeleteപെട്ടെന്ന് വായിച്ചെത്തൂ ഗീതാജീ...
Deleteമാക്സും ഹാരിയും പരസ്പരം ഏറ്റുമുട്ടുമായിരിക്കും അല്ലേ??
ReplyDeleteഅവരെ തമ്മിൽ തല്ലിച്ചാലേ സമാധാനമാവൂ അല്ലേ...?
Deleteവീണ്ടും വന്നു വിനുവേട്ടാ.വായന ഏതാണ്ട് നിന്ന പോലെ ആയിരുന്നു.FB ലേ 9 ആം വീട് മാത്രമാ വായിച്ചു പോന്നത്.വീണ്ടും മാക്സിലേക്കും ഹാറിയിലേക്കും എത്തി.
ReplyDeleteസന്തോഷം കൂട്ടുകാരാ... വായന തുടരൂ...
Delete