Sunday, July 28, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 33


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ബെർലിനിൽ, സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ ഗീബൽസിന് തന്റെ ഉത്തരവ് പിൻവലിക്കേണ്ടി വന്നു. അങ്ങനെ, മിശ്രവിവാഹിതിരായ ജൂത വംശജർ എല്ലാം തടവറയിൽ നിന്നും മോചിതരായി. എൽസയുടെ പരിചാരിക റോസയ്ക്ക് അവളുടെ ഭർത്താവ് ഹെയ്‌നിയെ തിരികെ ലഭിച്ചു. ഒരു സ്റ്റാഫ് മീറ്റിങ്ങിനായി മാക്സ് ബെർലിനിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞ എൽസ ഹർഷോന്മാദത്തിലായിരുന്നു.

അത്ഭുതകരമായിരിക്കുന്നു അല്ലേ...? ആ നാസി ബാസ്റ്റഡിനെ ഞങ്ങൾ തോൽപ്പിച്ചു കളഞ്ഞു...” മാക്സിനെ കണ്ടതും അവർക്ക് ആവേശം നിയന്ത്രിക്കാനായില്ല.

ഇപ്പോഴത്തേക്ക് മാത്രം, മൂട്ടീ... ഇപ്പോഴത്തേക്ക് മാത്രം... നിങ്ങൾ അങ്ങേയറ്റം കരുതിയിരിക്കണം...”

എന്തിന്...? എനിക്ക് ഒട്ടും ഭയമില്ല ഈ പന്നികളെ...” അവർ പറഞ്ഞു.

ആ നിമിഷമാണ് ടെലിഫോൺ റിങ്ങ് ചെയ്തത്. ടെലിഫോൺ അറ്റൻഡ് ചെയ്ത അവർ റിസീവർ മാക്സിന് നേർക്ക് നീട്ടി. “നിനക്കുള്ളതാണ്...”

മാക്സ്, ഇത് ഞാനാണ്... ബുബി... ഗാലന്റിനൊപ്പം ഡിന്നർ കഴിക്കുവാൻ നിങ്ങൾ ഇന്നിവിടെ ഉണ്ടാകുമെന്ന് ഞാനറിഞ്ഞു... ഒരു അഞ്ച് മിനിറ്റ് നിങ്ങളോട് സംസാരിക്കുവാൻ സാധിക്കുമോ...?”

തീർച്ചയായും...”

റിസീവർ ക്രാഡിലിൽ വച്ചിട്ട് അദ്ദേഹം അമ്മയെ നോക്കി. “ബുബി ആയിരുന്നു... അദ്ദേഹം ബാറിൽ ഇരിക്കുന്നുണ്ട്...  എന്നോട് എന്തോ പറയാനുണ്ടെന്ന്...”

ശരി, നീ ചെല്ലൂ... ഈ വേഷം മാറിയിട്ട് ഞാനും വരുന്നുണ്ട്...” അവർ ഡ്രെസ്സിങ്ങ് റൂമിലേക്ക് നടന്നു. റോസ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

കോർണറിലുള്ള ബൂത്തിൽ ഇരുന്ന് ബുബി ഓർഡർ ചെയ്ത ഷാംപെയ്ൻ നുണയവെ മാക്സ് ചോദിച്ചു. “ന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?”

മാക്സ്... നിങ്ങൾ എന്റെ സുഹൃത്താണ്... ഡൺകിർക്കിനും മുമ്പ് നമ്മൾ ഒരുമിച്ച് ഫ്രാൻസിലേക്ക് പറന്നിട്ടുള്ളതാണ്... ഒരവസരത്തിൽ നിങ്ങൾ എന്റെ ജീവൻ പോലും രക്ഷിച്ച ആളാണ്...”

അതുകൊണ്ട്...?”

അതുകൊണ്ട്... എന്റെ ഔദ്യോഗിക ജീവിതം... എന്തിന്, എന്റെ ജീവൻ പോലും നിങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്...”

ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം...?” മാക്സ് നെറ്റി ചുളിച്ചു.

നിങ്ങളുടെ മാതാവ്... ജൂതന്മാരുടെ പ്രതിഷേധ പ്രകടനത്തിലെ അവരുടെ സാന്നിദ്ധ്യം... അത് എത്തേണ്ടയിടത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു...”

റൈഫ്യൂറർ അറിഞ്ഞുവെന്നാണോ...?”

അതിനുമപ്പുറം... കൂടുതൽ വിവരങ്ങളൊന്നും എനിക്കറിയില്ല... പക്ഷേ, ചില അന്വേഷണങ്ങളൊക്കെ നടക്കുന്നുണ്ട്... കൂറില്ലാത്ത ആർമി ഓഫീസേഴ്സ്, ഫ്യൂറർക്ക് എന്തെങ്കിലും ആപത്ത് പിണഞ്ഞാൽ ഒരിറ്റ് കണ്ണീര് പോലും വീഴ്ത്താൻ മനസ്സില്ലാത്തവർ എന്നിവരെയൊക്കെക്കുറിച്ചുള്ള വിവരങ്ങൾ അവർ ശേഖരിക്കുന്നുണ്ട്... ഫ്യൂറർക്ക് നേരെ വിഫലമായ രണ്ട് തവണ ബോംബാക്രമണം നടന്നു കഴിഞ്ഞു എന്നാണ് ഞാൻ കേട്ടത്...”

പക്ഷേ, ഇതെല്ലാം എന്റെ അമ്മയെ എങ്ങനെയാണ് ബാധിക്കുന്നത്...?”

അനഭിമതരുമായിട്ടാണ് അവരുടെ കൂട്ടുകെട്ട്... നോക്കൂ മാക്സ്... എനിക്കറിയാം അവർക്കിതിൽ നേരിട്ട് ബന്ധമൊന്നുമില്ലെന്ന്... പക്ഷേ, അവരുടെ സുഹൃത്തുക്കൾക്ക് ഇതിൽ പങ്കുള്ളതായിട്ടാണ് അറിയാൻ കഴിഞ്ഞത്... മുങ്ങുന്ന കപ്പലിലാണ് നിങ്ങളുടെ മാതാവും സഞ്ചരിക്കുന്നത്...” ഹാർട്മാന്റെ സ്വരത്തിൽ ഉത്കണ്ഠ കലർന്നിരുന്നു.

ഓൾ റൈറ്റ് ബുബി... ഇക്കാര്യം പറഞ്ഞതിന് വളരെ നന്ദി...” മാക്സ് പറഞ്ഞു.

പക്ഷേ, ഒരു ഉപകാരം ചെയ്യണം നിങ്ങളെനിക്ക്... എന്നിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഒരു കാരണവശാലും നിങ്ങൾ പ്രഭ്വിയോട് പറയരുത്... കാരണം, അവർ സംസാരിക്കാൻ ആരംഭിച്ചാൽ ഈ പ്രദേശം മുഴുവനും കേൾക്കുന്നത്ര ഉച്ചത്തിലായിരിക്കും... പിന്നെ, അവരെക്കുറിച്ച് ഇത് പറഞ്ഞതിന് നിങ്ങൾക്കെന്റെ മുഖം ഇടിച്ച് പരത്തണമെന്ന് തോന്നുന്നുണ്ടെങ്കിൽ പെട്ടെന്നായിക്കോട്ടെ... എനിക്ക് പോയിട്ട് ജോലിയുള്ളതാണ്...”

മാക്സ് പുഞ്ചിരിച്ചു. “നിങ്ങൾ പറഞ്ഞതിൽ ഒട്ടും തെറ്റില്ല ബുബി... വിവരം തന്നതിൽ വളരെ നന്ദിയുണ്ട്...”

എങ്കിൽ ശരി... അധികം വൈകാതെ കാണാം...” ബുബി ഹാർട്മാൻ പുറത്തേക്ക് നടന്നു.

മറ്റൊരു ഗ്ലാസ് ഷാംപെയ്നിന് ഓർഡർ കൊടുത്തിട്ട് ഹാർട്മാൻ പറഞ്ഞ കാര്യത്തെക്കുറിച്ച് മാക്സ് ചിന്താമഗ്നനായി. ഇക്കാര്യത്തിൽ അമ്മയുമായി തർക്കിച്ചിട്ട് ഒരു നേട്ടവുമുണ്ടാകാൻ പോകുന്നില്ല. കരുതലോടെ വേണം ഈ വിഷയം കൈകാര്യം ചെയ്യാൻ...

അൽപ്പനേരം കഴിഞ്ഞതും അവിടെയെത്തിയ അഡോൾഫ് ഗാലന്റ് മാക്സിനരികിൽ വന്ന് ഇരുന്നു. “നിങ്ങളുടെ അമ്മ നമ്മോടൊപ്പം കൂടുന്നുണ്ടോ...?”

യെസ്...” ബാർമാന്റെ നേർക്ക് കൈ ഉയർത്തിക്കൊണ്ട് മാക്സ് പറഞ്ഞു. “പക്ഷേ, അതിന് മുമ്പ് നിങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്... ഈ സ്റ്റാഫ് ജോലി... ഫ്രാൻസിൽ പോയി നടത്തിക്കൊണ്ടിരിക്കുന്ന ഇൻസ്പെക്ഷനുകൾ... എനിക്ക് മടുത്തു ഡോൾഫോ...”

ലിസൻ യൂ ഡോഗ്... ഫ്രഞ്ച് തീരത്ത് നിങ്ങൾ നടത്തുന്ന നിരന്തരമായ പറക്കലിനെക്കുറിച്ച് എനിക്ക് നന്നായിട്ടറിയാം... ME109 കൾ... കഴിഞ്ഞയാഴ്ച്ച ഒരു ജങ്കേഴ്സ് 88S... ക്രൂ പോലുമില്ലാതെ ഒരു വെറും ഡെലിവറി പൈലറ്റ് ആയി...” ഗാലന്റ് പറഞ്ഞു.

നോക്കൂ, ഞാനൊരു ഫൈറ്റർ പൈലറ്റാണ്... ഇങ്ങനെ പോയാൽ എന്റെ കഴിവുകളൊക്കെ നഷ്ടപ്പെടും...”

എനിക്കറിയാം മാക്സ്...” ഗാലന്റ് പുഞ്ചിരിച്ചു. “പക്ഷേ, അൽപ്പം കൂടി ക്ഷമ കാണിച്ചേ തീരൂ നിങ്ങൾ... ക്രിസ്മസിന് ശേഷം... അതായത് ജനുവരിയിൽ നിങ്ങളെ ഞാൻ ഫൈറ്റർ വിമാനങ്ങളിലേക്ക് മാറ്റാം... രാത്രി വേണോ പകൽ വേണോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം...”

ഇപ്പോൾ നിങ്ങൾ പറയുന്നത് കാര്യം...” അങ്ങോട്ട് കടന്നു വരുന്ന തന്റെ മാതാവിനെ കണ്ടതും ചാടിയെഴുന്നേറ്റു കൊണ്ട് മാക്സ് പറഞ്ഞു.

ഭക്ഷണത്തിന് ശേഷം അവരുടെ റൂമിന്റെ ബാൽക്കണിയിലെ തുറന്ന ഫ്രഞ്ച് ജാലകത്തിനരികിൽ സിഗരറ്റും പുകച്ച് പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് നിൽക്കുന്ന മാക്സിനരികിലേക്ക് എൽസ എത്തി.

ഇന്ന് RAF ന്റെ ആക്രമണം ഇല്ലെന്ന് തോന്നുന്നു...” അവർ പറഞ്ഞു.

ഇംഗ്ലണ്ടിനുള്ള കാലാവസ്ഥാ റിപ്പോർട്ട് ഞാൻ കണ്ടിരുന്നു... തിരിച്ചു ചെല്ലുമ്പോൾ അവരുടെ ലങ്കാസ്റ്ററുകൾക്ക് ലാന്റ് ചെയ്യാൻ കഴിയില്ല... കനത്ത മൂടൽമഞ്ഞാണ് അവിടെങ്ങും...” മാക്സ് പറഞ്ഞു.

ദൈവത്തിന് നന്ദി... ഇന്ന് രാത്രിയെങ്കിലും സമാധാനമായിട്ടുറങ്ങാമല്ലോ... അടുത്തിടെയായി വല്ലാത്ത രാത്രികളായിരുന്നു... ആട്ടെ, അടുത്തെങ്ങാനും നീ ഫ്രാൻസിലേക്ക് പറക്കുന്നുണ്ടോ...?”

അതിരാവിലെ...” മാക്സ് ഒന്ന് സംശയിച്ചു നിന്നു. “മൂട്ടീ... ഈയിടെയായി പുറമെ പലതും പറഞ്ഞു കേൾക്കുന്നുണ്ട്... ഫ്യൂറർക്ക് എതിരെ സ്റ്റാഫ് ഓഫീസർമാർ നടത്തിയ വധശ്രമങ്ങൾ...”

അതിൽ ഏതെങ്കിലും വിജയിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ...”

വിഡ്ഢിത്തരം പറയാതിരിക്കൂ മൂട്ടീ... നിങ്ങളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നുള്ളതിനെക്കുറിച്ച് ഓർമ്മ വേണം... പ്ലീസ് മൂട്ടീ... ആ ജൂത പ്രതിരോധ പ്രകടനം പോലുള്ളവയിൽ ഒന്നും ദയവ് ചെയ്ത് തലയിടാതിരിക്കുക... വലിയ വില കൊടുക്കേണ്ടി വരും അതിന്...”

എൽസാ വോൺ ഹാൾഡർ ആണ് ഞാൻ... എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും...”

വല്ലാത്ത അഹങ്കാരം തന്നെ...” മാക്സിന് ദ്വേഷ്യം വന്നു തുടങ്ങിയിരുന്നു. “ഈ തന്തയില്ലാത്തവന്മാരുടെ യഥാർത്ഥ സ്വഭാവം നിങ്ങൾക്കിനിയും മനസ്സിലായിട്ടില്ലേ മൂട്ടീ...? ഒരു ദാക്ഷിണ്യവുമില്ലാതെ കെട്ടിത്തൂക്കിയിരിക്കും നിങ്ങളെ അവർ...”

അസംബന്ധം പറയാതിരിക്കൂ...” അവർ പറഞ്ഞു. എങ്കിലും അവരുടെ കണ്ണുകളിൽ അല്പം ഭീതി നിറയുന്നത് മാക്സ് ശ്രദ്ധിച്ചു.

ഒരാളെ അറസ്റ്റ് ചെയ്തെന്ന്  വിചാരിക്കുക... പിന്നെ സകലരും അകത്താകും...” മാക്സ് പറഞ്ഞു. “എന്ന് വച്ചാൽ എസ്റ്റേറ്റിലെ സ്റ്റാഫുകളെല്ലാം തന്നെ... പിന്നെ പാവം റോസ, എന്തിന്, ലുഫ്ത്‌വാഫിലെ വീരയോദ്ധാവായ ഈ ബ്ലാക്ക് ബാരൺ പോലും... നിങ്ങളുടെ വിഡ്ഢിത്തരം മൂലം തടവറയിലേക്ക് പോകുന്നത് നമ്മളെല്ലാവരും കൂടിയായിരിക്കും...”

മാക്സ്... ആവശ്യമില്ലാതെ അതിശയോക്തി കലർത്തുകയാണ് നീ...”

ബാൽക്കണിയിൽ നിന്നും റൂമിലേക്ക് വന്ന് അദ്ദേഹം തന്റെ ക്യാപ്പ് എടുത്തണിഞ്ഞു. “ഇന്ന് രാത്രി എയർബേസിലാണ് ഞാൻ തങ്ങാൻ പോകുന്നത്... പുലർച്ചെ തന്നെ പോകാനുള്ളതാണ്...” അദ്ദേഹം വാതിലിന് നേർക്ക് നീങ്ങി.

മാക്സ്...!” അവർ വിളിച്ചു.

ആ പിൻവിളി അവഗണിച്ച് വാതിൽ തുറന്ന് അദ്ദേഹം പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Friday, July 19, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 32


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അവസാന കാലഘട്ടം  (1943 – 1944)

ഒക്ടോബർ മാസം മുഴുവനും ടെഡ്ഡി വെസ്റ്റിനൊപ്പമായിരുന്നു ഹാരി. ബ്രിട്ടണിൽ കേന്ദ്രീകരിച്ചിരിക്കുന്ന  വിവിധ സ്ക്വാഡ്രണുകൾ സന്ദർശിച്ചു് അടുത്ത വർഷം - അതായതു് 1944 ൽ നടക്കാൻ പോകുന്ന യൂറോപ്പ് അധിനിവേശത്തിനായുള്ള തയ്യാറെടുപ്പുകൾ എവിടെ വരെയെത്തി എന്ന് വിലയിരുത്തുക എന്നതായിരുന്നു അവരുടെ ചുമതല. അങ്ങേയറ്റം വിരസമായിരുന്നുവെങ്കിലും ഒഴിവാക്കാൻ പറ്റാത്ത ജോലി... മറുഭാഗത്തു് അഡോൾഫ് ഗാലന്റിനു് കീഴിൽ ഏതാണ്ടു് സമാനമായ ജോലി തന്നെയായിരുന്നു മാക്സും ചെയ്തിരുന്നതു്. അധികവും ബെർലിനിൽത്തന്നെ ആയിരുന്നുവെങ്കിലും ഇംഗ്ലണ്ട് അധിനിവേശം എന്ന ആശയത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഇടയ്ക്കെല്ലാം ഫ്രാൻസിലേക്കും പോകേണ്ടി വന്നു അവർക്കു്. ഹാരിയെപ്പോലെ തന്നെ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ച മാക്സിനോടു് ക്ഷമയോടെ ഇരിക്കുവാൻ നിർബ്ബന്ധിക്കുകയായിരുന്നു ഗാലന്റ്.

എന്നാൽ തീരെ ക്ഷമയില്ലാതിരുന്ന ഒരാളുണ്ടായിരുന്നു അവിടെ. എൽസ വോൺ ഹാൾഡർ... ജർമ്മൻ വനിതകളെ വിവാഹം കഴിച്ചു് ജീവിക്കുന്ന ജൂതന്മാരെ കണ്ടെത്തുക എന്നൊരു ദൗത്യം ഗെസ്റ്റപ്പോ തുടങ്ങി വച്ചു കഴിഞ്ഞിരുന്നു. യുദ്ധസംബന്ധിയായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ധാരാളം പേരുണ്ടായിരുന്നു അത്തരത്തിൽ. എല്ലാവരെയും പിടി കൂടുവാൻ കഴിയാതിരുന്ന അവസ്ഥയിൽ ഒക്ടോബർ അവസാന വാരത്തോടെ SS ഭടന്മാരും ഗെസ്റ്റപ്പോ ഏജന്റുമാരും ചേർന്നു് ജർമ്മനിയിലെ വിവിധ ലബോറട്ടറികളിലേക്കും ഓഫീസുകളിലേക്കും നിർമ്മാണ ശാലകളിലേക്കും ഇരച്ചു കയറി ജൂതന്മാരെ അറസ്റ്റ് ചെയ്യുവാനാരംഭിച്ചു. മിശ്രവിവാഹിതരായിരുന്ന ജൂതന്മാരെയെല്ലാം കൊണ്ടുപോയി റോസൻസ്ട്രാസയിലെ ജ്യൂവിഷ് കമ്യൂണിറ്റി അഡ്മിനിസ്ട്രേഷൻ ബിൽഡിങ്ങിൽ പാർപ്പിച്ചു.

നിനച്ചിരിക്കാത്ത സംഭവങ്ങളാണു് പിന്നീടുണ്ടായതു്. മുന്നൂറിലധികം വരുന്ന ജർമ്മൻ വനിതകൾ പ്രതിഷേധവുമായി പ്രിൻസ് ആൽബ്രസ്ട്രാസയിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ തടിച്ചു കൂടി. ആ പ്രതിഷേധ പ്രകടനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നതു് എൽസ വോൺ ഹാൾഡർ പ്രഭ്വിയും അവരുടെ പരിചാരികയായ റോസാ സ്റ്റെയ്‌നും ആയിരുന്നു. റോസയുടെ ഭർത്താവു് ഹെയ്‌നിയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതാണു് കാരണം. ബുബി ഹാർട്മാനോടൊപ്പം തന്റെ ഓഫീസ് റൂമിന്റെ ജാലകത്തിനരികിൽ നിന്ന് അതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ഹിംലർ ഒട്ടും സന്തോഷവാനായിരുന്നില്ല.

ജർമ്മൻ വനിതകൾ സാമ്രാജ്യത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു... അതും കുലീന കുടുംബത്തിൽ പിറന്ന പ്രഭ്വിയുടെ നേതൃത്വത്തിൽ...! അപമാനകരം... അതിലും അപമാനകരമാണു് ആ വനിതകൾ വിവാഹം കഴിച്ചിരിക്കുന്നതു് ജൂതന്മാരെയാണെന്നുള്ളതു്...” ഹിംലർ രോഷം കൊണ്ടു.

വാസ്തവത്തിൽ ബുബി ഹാർട്മാനു് ജൂതന്മാരോടു് യാതൊരു വിദ്വേഷവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മാതാവിന്റെ മുത്തശ്ശി വിവാഹം കഴിച്ചിരുന്നത് ഒരു ജൂതനെയായിരുന്നു താനും. അതെല്ലാം വളരെ വർഷങ്ങൾക്കു് മുമ്പു് ആയിരുന്നു എന്നതു കൊണ്ടു് അതൊന്നും പുറത്തു വന്നില്ല എന്നതിൽ അദ്ദേഹം ആശ്വാസം കൊണ്ടു.

ഇത്തരത്തിലുള്ളവരെ അറസ്റ്റ് ചെയ്തതിൽ വ്യവസായികൾക്കെല്ലാം പ്രതിഷേധമുണ്ടു്...” ബുബി പറഞ്ഞു. “അവരവരുടെ തൊഴിലുകളിൽ അതിവിദഗ്ദ്ധരായ അവർ സാമ്രാജ്യത്തിനു് ഒരു മുതൽക്കൂട്ടു് തന്നെയാണു്... അവരെക്കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചു് താങ്കൾ തന്നെ ഏതാനും മാസങ്ങൾക്കു് മുമ്പു് ഫ്യൂററോടു് സൂചിപ്പിക്കുകയും ചെയ്തിരുന്നുവല്ലോ റൈഫ്യൂറർ...”

അത്ര സുഖകരമല്ലാത്ത മട്ടിൽ ഹിംലർ തല കുലുക്കി. “ശരിയാണ്... മൃഗങ്ങളാണെങ്കിലും നമുക്ക് ഉപയോഗമുണ്ടെങ്കിൽ........” അദ്ദേഹം ചുമൽ വെട്ടിച്ചു.

താങ്കൾ പറഞ്ഞതു് പക്ഷേ പ്രൊപ്പഗാണ്ട മിനിസ്റ്റർ അന്ന് ചെവിക്കൊണ്ടില്ല എന്നതാണു് കഷ്ടം...” പതിഞ്ഞ സ്വരത്തിൽ ബുബി പറഞ്ഞു. “അതിന്റെ ഫലമാണു് നാം ഇപ്പോൾ ഈ കാണുന്നതു്...”

ഗീബൽസ്... വിഡ്ഢി... മണ്ടത്തരം മാത്രമേ ആ മനുഷ്യൻ ചെയ്യൂ...” ഹിംലർ പറഞ്ഞു.

ഈ സംഭവ വികാസങ്ങളിൽ ഒട്ടും സന്തുഷ്ടനായിരിക്കില്ല ഫ്യൂറർ... ഞാൻ ഒരു കാര്യം പറയട്ടെ റൈഫ്യൂറർ...? പതിവു് പോലെ വിവേകപൂർവ്വമുള്ള താങ്കളുടെ ഒരു വാക്കു്... അതു് മതിയാവും ഗീബൽസിനെ നമുക്കു് ചെറുതാക്കാൻ...”

ശരിയാണു് ഹാർട്മാൻ... ഫ്യൂററെ കാണുവാൻ എനിക്കൊരു കാരണവുമായി... അദ്ദേഹവുമായി ചർച്ച ചെയ്യുവാൻ വേറെ ചില കാര്യങ്ങളുമുണ്ടു്...”

തീർച്ചയായും റൈഫ്യൂറർ...”

ഹാർട്മാൻ പോകാനായി തിരിയവെ ഹിംലർ പറഞ്ഞു. “ഒരു കാര്യം കൂടി... അവിടെ ആ പ്രകടനത്തിനൊപ്പമുള്ള വോൺ ഹാൾഡർ പ്രഭ്വിയുടെ സാന്നിദ്ധ്യം... അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണതു്... ഇതിനു് മുമ്പും നിങ്ങളോടു് ഞാൻ സൂചിപ്പിച്ചിട്ടുണ്ടു്, അവരുടെ കൂട്ടുകെട്ടു് ശരിയല്ല എന്നു്... അവരുടെ മകൻ ഒരു വാർ ഹീറോ ആണെന്നുള്ള കാര്യമൊന്നും അവരുടെ രക്ഷയ്ക്കു് എത്താൻ പോകുന്നില്ല...”

എനിക്കറിയാം റൈഫ്യൂറർ...” ബുബിയുടെ വായ വരണ്ടിരുന്നു.

നിങ്ങൾക്കറിയാമല്ലോ, ഇത്തരം രാജ്യദ്രോഹികളെയും ജനറൽമാരെയും കൈകാര്യം ചെയ്യാൻ എനിക്കൊരു സ്പെഷൽ യൂണിറ്റ് ഉള്ള കാര്യം... നിങ്ങളെ സംബന്ധിക്കുന്ന കാര്യം അല്ല... എങ്കിലും പറയുകയാണു്... നിങ്ങളുടെ സേവനം എത്ര തന്നെ പ്രാധാന്യമേറിയതാണെങ്കിലും ശരി, ആരും നിയമത്തിനു് അതീതരല്ല... എനിക്കറിയാം നിങ്ങൾ വോൺ ഹാൾഡർ പ്രഭ്വിയുടെ അടുത്ത സുഹൃത്താണെന്നു്... ഒരു മുന്നറിയിപ്പു് തന്നുവെന്നു് മാത്രം...”

വളരെ നന്ദി, റൈഫ്യൂറർ...”

തിടുക്കത്തിൽ പുറത്തു കടന്ന ബുബി തന്റെ ഓഫീസിലേക്കു് നടന്നു. ഒന്നും ഉരിയാടാതെ ട്രൂഡിയുടെ അരികിലൂടെ ചെന്നു് തന്റെ കസേരയിൽ ഇരുന്ന അദ്ദേഹം മേശവലിപ്പു് തുറന്നു് കോണ്യാക്കിന്റെ ബോട്ട്‌ൽ എടുത്തു് ഗ്ലാസിലേക്കു് ഒരു ലാർജ്ജ് പകർന്നു.

പ്രശ്നമാണോ...?” അരികിലെത്തിയ ട്രൂഡി ആരാഞ്ഞു.

നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം അവളോടു് പറഞ്ഞു.

എന്താവുമെന്നാണു് താങ്കൾ കരുതുന്നതു്...?” അവൾ ചോദിച്ചു.

ആ വിഡ്ഢി ഗീബൽസിനു് തന്റെ ഉത്തരവു് പിൻവലിക്കേണ്ടി വരും...”

അങ്ങനെ ചെയ്യുമെന്നു് തോന്നുന്നുണ്ടോ...?”

തീർച്ചയായും... ഗീബൽസിനെ ഒരു മണ്ടനായി മുദ്ര കുത്താൻ ഹിംലറിനു് ലഭിക്കുന്ന സുവർണ്ണാവസരമാണിതു്... പ്രത്യേകിച്ചും ഫ്യൂററുടെ മുന്നിൽ...”

പ്രഭ്വിയുടെ കാര്യമോ...?”

അദ്ദേഹം ചുമൽ വെട്ടിച്ചു. “നല്ല മനക്കരുത്തുള്ള ഒരു വനിതയാണവർ... നൂറ്റാണ്ടുകളായി സ്വന്തം വഴിയിലൂടെ നടന്നു് മുന്നേറിയവരാണു് വോൺ ഹാൾഡർ കുടുംബത്തിലുള്ളവർ...”

പക്ഷേ, കാലം മാറിയിരിക്കുന്നു...”

അതു് അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കൂ...” ഹാർട്മാൻ പറഞ്ഞു.

പക്ഷേ, മാക്സ് വോൺ ഹാൾഡർ നിങ്ങളുടെ ഉറ്റ സുഹൃത്താണെന്ന കാര്യം മറക്കണ്ട...”

അതിന് ഞാൻ എന്തു ചെയ്യണമെന്നാണു് നീ പറയുന്നതു്...? ചുമരിൽ തല തല്ലി ചതയ്ക്കണോ...?” അദ്ദേഹം ശബ്ദമുയർത്തി. “നീ പോയി നിന്റെ ജോലി ചെയ്യാൻ നോക്കു്...”

അവൾ തലയാട്ടി. “നല്ലൊരു മനുഷ്യനാണു് ബുബീ നിങ്ങൾ... പക്ഷേ, തെറ്റായ ജോലിയിലാണു് നിങ്ങൾ എത്തിപ്പെട്ടതെന്നു മാത്രം...”

                                                               ***

അന്നു് വൈകിട്ടു് വാഷിങ്ങ്ടണിൽ വൈറ്റ് ഹൗസിന്റെ പടിഞ്ഞാറെ ബേസ്മെന്റിനു് സമീപമുള്ള കവാടത്തിൽ ആബെ കെൽസോ ഒരു ലിമോസിനിൽ വന്നിറങ്ങി. സീക്രറ്റ് സർവീസ് ഏജന്റുമാർക്കു് അദ്ദേഹത്തെ പരിചയമുണ്ടെങ്കിലും പ്രോട്ടോക്കോൾ പ്രകാരം ആബെ തന്റെ പാസ്സ് അവരെ കാണിച്ചു.

പ്രസിഡന്റ് താങ്കളെ പ്രതീക്ഷിച്ചിരിക്കുകയാണു് സെനറ്റർ...” അവരിലൊരുവൻ പറഞ്ഞു. “വരൂ, ഞാൻ വഴി കാട്ടിത്തരാം...”

ഓവൽ ആകൃതിയിലുള്ള ആ ഓഫീസിൽ അരണ്ട വെട്ടമേ ഉണ്ടായിരുന്നുള്ളൂ. മേശപ്പുറത്തു് മുനിഞ്ഞു കത്തുന്ന ടേബിൾ ലാമ്പും അടുക്കും ചിട്ടയും ഇല്ലാതെ എമ്പാടും ചിതറിക്കിടക്കുന്ന കടലാസുകളും. സിഗരറ്റ് പുക തങ്ങി നിൽക്കുന്ന കനം തൂങ്ങിയ അന്തരീക്ഷം. പൈപ്പിനുള്ളിൽ എരിയുന്ന സിഗരറ്റുമായി ഡെസ്കിനു് പിന്നിൽ ഒരു വീൽ ചെയറിൽ പ്രസിഡന്റ് റൂസ്‌വെൽറ്റ് ഇരിക്കുന്നുണ്ടായിരുന്നു.

വരൂ, ആബെ...”

യെസ് മിസ്റ്റർ പ്രസിഡന്റ്...”

യുദ്ധം എങ്ങനെ പോകുന്നു എന്നാണു് നിങ്ങളുടെ അഭിപ്രായം...?”

അപ്പ് ആന്റ് ഡൗൺ... ഇറ്റലിയിലെ കാര്യം പരുങ്ങലിലാണു്...”

അതെ, ശരിയാണു്... മലമുകളിലെ തടവറയിൽ നിന്നും ആ SS സൈനികൻ സ്കോർസെനിയും അയാളുടെ പാരാട്രൂപ്പേഴ്സും ചേർന്നു് മുസ്സോളിനിയെ മോചിപ്പിച്ചു കൊണ്ടു പോയതു് ഒരു സംഭവമായിപ്പോയി... ഹിറ്റ്‌ലറുടെ കൈകൾക്കു് എത്തിപ്പെടാൻ സാധിക്കാത്ത ഇടം ഇല്ലെന്നു് അവർ ലോകത്തിനു് കാണിച്ചു കൊടുത്തിരിക്കുന്നു...”

ചർച്ചിൽ, ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞതു് എന്താണെന്നറിയുമോ...? ഈ യുദ്ധത്തിലെ ഏറ്റവും പ്രഗത്ഭമായ കമാൻഡോ ഓപ്പറേഷൻ ആയിരുന്നു അതെന്നു്...”

അല്ലെങ്കിലും അഭിപ്രായ പ്രകടനത്തിൽ വളരെ ഉദാരമനസ്കനാണല്ലോ വിൻസ്റ്റൺ... പക്ഷേ, അദ്ദേഹം പറഞ്ഞതിൽ കാര്യമില്ലാതില്ല...”

വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ മിസ്റ്റർ പ്രസിഡന്റ്...?”

വെൽ, ആബെ... ടോപ്പ് സീക്രറ്റാണു്... ജനുവരിയിൽ റോമിനു് തെക്കുള്ള ആൻസിയോയിൽ നമ്മുടെ സഖ്യസേന ഇറങ്ങുവാൻ പോകുകയാണു്...”

ഏറ്റവും മിടുക്കൻ എന്നു് വിശേഷിപ്പിക്കപ്പെടുന്ന ജനറൽ കെസ്സൽറിങ്ങ് ആണു് ഇറ്റലിയിൽ വിന്യസിച്ചിരിക്കുന്ന ജർമ്മൻ ആർമിയുടെ തലപ്പത്തു്... അത്ര എളുപ്പമാവില്ല നമുക്കതു്...” ആബെ അഭിപ്രായപ്പെട്ടു.

അക്കാര്യത്തിൽ എനിക്കും സംശയമില്ല... ഐസൻഹോവറും മോണ്ട്ഗോമറിയും ജനുവരിയോടെ ലണ്ടനിലേക്കു് പോകുകയാണു്... ഫ്രാൻസ് അധിനിവേശത്തിനുള്ള തയ്യാറെടുപ്പുകൾക്കായി... ഐ വാണ്ട് യൂ റ്റു ഗോ ഓവർ ആബെ... എന്റെ സ്വകാര്യ വക്താവായി... നിങ്ങളുടെ ജോലികളൊക്കെ തീർത്തു വയ്ക്കുവാൻ വേണ്ടിയാണു് ഇത്ര നേരത്തെ തന്നെ ഞാൻ ഇക്കാര്യം പറഞ്ഞതു്...”

അറ്റ് യുവർ കമാൻഡ് ആസ് ഓൾവേയ്സ്, മിസ്റ്റർ പ്രസിഡന്റ്...”

ഗുഡ്... ഒരു അനൗദ്യോഗിക സ്ഥാനപതി എന്ന സ്ഥാനമാണു് നിങ്ങൾക്കു് ഞാൻ തന്നിരിക്കുന്നതു്... കൃത്യമായ ഒരു ചുമതല തന്നിട്ടില്ല എന്നതും സത്യമാണു്... പക്ഷേ, അതുകൊണ്ടു തന്നെ എപ്പോൾ എങ്ങോട്ടു് വേണമെങ്കിലും യാത്ര ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കണം നിങ്ങളുടെ പ്രിയോറിറ്റി വൺ...” റൂസ്‌വെൽറ്റ് ഒരു എൻവലപ്പ് അദ്ദേഹത്തിന്റെ മുന്നിലേക്കു് നീക്കി വച്ചു. “എന്റെ ഒപ്പോടു കൂടിയ ഒരു പ്രസിഡൻഷ്യൻ വാറന്റ് ആണിതു്... ദാറ്റ് ഷുഡ് ഇം‌പ്രസ് ഈവൺ ഐസൻഹോവർ...”

ആബെ അതെടുത്തു് പോക്കറ്റിനുള്ളിൽ തിരുകി. “വേറെന്തെങ്കിലും മിസ്റ്റർ പ്രസിഡന്റ്...?”

ഐ ഡോണ്ട് തിങ്ക് സോ... നിങ്ങളുടെ പേരക്കുട്ടികൾ എന്തു പറയുന്നു...? എവിടെയാണവരിപ്പോൾ...?”

വെൽ... നാം പരാമർശിക്കാൻ ആഗ്രഹിക്കാത്തയാൾ... അതായതു് മാക്സ്... ഇപ്പോൾ ലുഫ്ത്‌വാഫിൽ കേണൽ പദവി വഹിക്കുന്നു... മെഡൽസ് അപ്പ് റ്റു ഹിസ് ഐസ്...”

മറ്റേയാളോ...? ഹാരി എന്നല്ലേ അയാളുടെ പേര്...?”

അതെ... വിങ്ങ് കമാൻഡർ ആണു്... ഓൾസോ, മെഡൽസ് അപ്പ് റ്റു ഹിസ് ഐസ്...”

റൂസ്‌വെൽറ്റ് നെറ്റി ചുളിച്ചു. “എന്നു വച്ചാൽ ഇപ്പോഴും RAF ൽ ആണെന്നോ...? ആബെ, യുദ്ധം തുടങ്ങിയിട്ട് നാളേറെയായിരിക്കുന്നു... നമ്മുടെ എയർഫോഴ്സിലല്ലേ അയാൾ സേവനം അനുഷ്ഠിക്കേണ്ടതു്...?”

പലരും അവനോടു് അതു് പറഞ്ഞതാണു്... പക്ഷേ, എന്തു കൊണ്ടോ അവനതിൽ അത്ര താല്പര്യമില്ല...”

ദെൻ ഐ തിങ്ക് യൂ ഷുഡ് ചെയ്ഞ്ച് ഹിസ് മൈൻഡ്, ആബെ... അവിടെ എത്തിക്കഴിഞ്ഞാലുടൻ അവനോടു് ഇക്കാര്യം സംസാരിക്കൂ... ഇതു് പ്രസിഡന്റിന്റെ ആഗ്രഹമാണെന്നു് പറയൂ...”

താങ്കളുടെ ആജ്ഞ പോലെ, മിസ്റ്റർ പ്രസിഡന്റ്...”

എക്സലന്റ്... ഇനി എന്നെ സിറ്റിങ്ങ് റൂമിലേക്ക് കൊണ്ടുപോകൂ... പോകുന്നതിനു് മുമ്പു് നമുക്കു് അല്പം മാർട്ടിനി അകത്താക്കാം...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...