Saturday, May 30, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 62


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വൈകുന്നേരം മാക്സ്, ഫെർമൻവിലേ എയർബേസിലെ മെസ്സിൽ ഡ്രിങ്ക് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബുബി ഹാർട്മാൻ കടന്നു വന്നത്. ഒപ്പമുണ്ടായിരുന്ന ഓഫീസർമാരോട് ക്ഷമ ചോദിച്ചിട്ട് അദ്ദേഹം എഴുന്നേറ്റ് ഹാർട്മാനെ സ്വീകരിക്കുവാനായി മുന്നോട്ട് ചെന്നു.

“ബുബീ, എന്താണ് അപ്രതീക്ഷിതമായി...?” മാക്സിന്റെ സ്വരത്തിൽ ഉത്കണ്ഠയുണ്ടായിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ...? എന്റെ അമ്മയുടെ കാര്യത്തിൽ...?”

“നമുക്ക് അങ്ങോട്ട് മാറി നിൽക്കാം...” ബുബി പറഞ്ഞു. “രഹസ്യ സ്വഭാവമുള്ളതാണ്...”

അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്ന മറ്റ് ഓഫീസർമാർ ബുബിയുടെ രൂക്ഷമായ നോട്ടം കണ്ട് തല തിരിച്ചു.

“എന്താണ് പ്രശ്നം...?” മാക്സ് ചോദിച്ചു.

അവർക്കരികിലേക്ക് വരാനൊരുങ്ങിയ വെയ്റ്ററെ ദൂരെ വച്ച് തന്നെ തടഞ്ഞു കൊണ്ട് ഹാർട്മാൻ തുടങ്ങി വച്ചു. “ഇവിടെ നിന്നും ഏതാണ്ട് നാൽപ്പത് മൈൽ അകലെയുള്ള ഷറ്റോ മൊർലെയ്ക്‌സ് എന്നൊരു സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ...?”

“തീർച്ചയായും... ലുഫ്ത്‌വാഫിന്റെ ഒരു ഫീഡർ സ്റ്റേഷൻ ഉണ്ടവിടെ... ഒരു എമർജൻസി എയർസ്ട്രിപ്പ് ആയി പലപ്പോഴും ഞങ്ങളത് ഉപയോഗിക്കാറുമുണ്ട്...” മാക്സ് പറഞ്ഞു.

“ഇന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ ലാന്റ് ചെയ്തത്... ബെർലിനിൽ നിന്നും നിങ്ങളുടെ അമ്മയെയും പരിചാരികയെയും കൂട്ടി ഒരു സ്റ്റോർക്ക് വിമാനത്തിൽ ഞാൻ പോന്നു...”

“മാക്സിന്റെ മുഖം ഉത്ക്കണ്ഠാകുലമായി. “അവർ അറസ്റ്റിലാണോ...?”

“നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ അല്ല... ഇത് വായിക്കൂ മാക്സ്...” പോക്കറ്റിൽ നിന്നും എടുത്ത എൻവലപ്പ് തുറന്ന് ഹാർട്മാൻ ആ കത്ത് അദ്ദേഹത്തിന് നേർക്ക് നീട്ടി. മേൽത്തരം പേപ്പറിൽ പ്രിന്റ് ചെയ്തിരിക്കുന്ന ഹെഡ്ഡിങ്ങ് കറുത്ത നിറത്തിൽ എംബോസ് ചെയ്തതായിരുന്നു.

Berlin, April 1944

DER REICHSFUHRER – SS

The bearer acts under my personal orders on business of the utmost importance to the Reich. All personnel, civil and military must assist him in any way he sees fit.

Heinrich Himmler.

ഹിംലറുടേതിന് പുറമേ ഹിറ്റ്‌ലറുടെ കൈയ്യൊപ്പും അതിൽ ഉണ്ടായിരുന്നു.

മാക്സ് അത് തിരികെ നൽകി. “ഈ അധികാരപത്രത്തിൽ യാതൊരു സംശയവും എനിക്കില്ല... എന്തായാലും ഈ അവസരത്തിൽ ഒരു ഡ്രിങ്ക് കഴിക്കുക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം...” മാക്സ് കൈ ഉയർത്തി വെയ്റ്ററെ വിളിച്ചു. “കോന്യാക്ക്... ലാർജ്ജ് വൺസ്...” അദ്ദേഹം ബുബിയുടെ നേർക്ക് വീണ്ടും തിരിഞ്ഞു. “ഡോൾഫോ ഗാലന്റ് നാളെ അബ്‌വിലെയിൽ എത്തുന്നുണ്ട്... വിമാനവുമായി അവിടെയെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു...”

“എനിക്കറിയാം അത്... ഫൈറ്റർ കമാൻഡിൽ നിന്നും നിങ്ങളെ ഡിറ്റാച്ച് ചെയ്തതായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്...”

“സ്ഥിതി അത്രയ്ക്കും മോശമാണോ...?” വെയ്റ്റർ കൊണ്ടുവന്ന കോന്യാക്ക് ഒറ്റയിറക്കിന് കാലിയാക്കിയിട്ട് മാക്സ് ചോദിച്ചു. “പറയൂ ബുബീ... എന്താണ് സംഭവം...? ഷറ്റോ മൊർലെയ്ക്‌സ് പ്രദേശം മുഴുവനും SS പൻസർ യൂണിറ്റിന്റെ അധീനതയിലാണെന്ന് ഞാൻ കേട്ടിരുന്നു...”

“അതെ... മാത്രമല്ല, ആ യൂണിറ്റ് മുഴുവനും ഇപ്പോൾ എന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ്... കനത്ത സുരക്ഷയാണ് ഇപ്പോൾ അവിടെങ്ങും...”

“എന്റെ അമ്മ അവിടെയുള്ളതു കൊണ്ടാണോ...? കമോൺ ബുബീ...”

“അല്ല... നിങ്ങളുടെ സഹോദരൻ അവിടെയുള്ളതു കൊണ്ട്...” ബുബി തന്റെ ഗ്ലാസ് കാലിയാക്കി. “നിങ്ങളുടെ സാധനങ്ങൾ എടുത്ത് വരൂ... പെട്ടെന്ന് തന്നെ പുറപ്പെടാം നമുക്ക്...”

“ഹാരി മൊർലെയ്ക്‌സ് കൊട്ടാരത്തിലോ...?” മാക്സിന്റെ മുഖം വിളറി. “എന്ത് സംഭവിച്ചുവെന്ന് പറയൂ ബുബീ...”

“പോകുന്ന വഴിയ്ക്ക് പറയാം മാക്സ്... പെട്ടെന്ന് റെഡിയായി വരൂ... പിന്നെ ഓർമ്മയിരിക്കട്ടെ, ടോപ്പ് സീക്രറ്റാണിത്...”

തന്റെ ഓർഡർലിയെ വിളിക്കാൻ മെനക്കെടാതെ സാധനങ്ങളെല്ലാം മാക്സ് തനിയേ പായ്ക്ക് ചെയ്യാൻ തുടങ്ങി. അത് ഏതാണ്ട് പൂർത്തിയായ സമയത്താണ് വാതിൽ തുറന്ന് സ്റ്റേഷന്റെ ചുമതലയുള്ള മേജർ ബെർഗർ പ്രവേശിച്ചത്. “ഹിംലർ നൽകിയ ഒരു അധികാര പത്രം ഹാർട്മാൻ എന്നെ കാണിച്ചു... ഞാനാകെ വിറച്ചു പോയി... മൊർലെയ്ക്‌സിലെ SS കമാൻഡിന് കീഴിലേക്ക് താങ്കളെ ട്രാൻസ്ഫർ ചെയ്തിരിക്കുകയാണല്ലോ...”

“അൽപ്പം മുമ്പ് അറിഞ്ഞു...”

“ഇതിനും മാത്രം എന്താണ് അവിടെ സംഭവിക്കുന്നത്...? മൊർലെയ്ക്‌സ് ഫീഡർ സ്റ്റേഷനിലേക്ക് പോകാനായി ഒരു ME109 വിമാനം വിട്ടു നൽകാൻ എനിക്ക് നിർദ്ദേശം ലഭിച്ചു... അതും ഹാർട്മാന്റെ കമാൻഡിന് കീഴിലായിരിക്കുമത്രെ...”

മാക്സ് തന്റെ ബാഗ് അടച്ച് പൂട്ടി. “ആരെയാണ് വിമാനവുമായി അയക്കുന്നത്...?”

“നമ്മുടെ പയ്യൻ ഫ്രൈബർഗിനെ വിടാമെന്നാണ് വിചാരിക്കുന്നത്...”

“കുഴപ്പമില്ല... കഴിവുള്ളവനാണ്...” ഇരു കൈകളിലും തന്റെ ബാഗുകൾ എടുത്തു കൊണ്ട് മാക്സ് പറഞ്ഞു. “എനിക്ക് പെട്ടെന്ന് പോകേണ്ടതുണ്ട്...”

“മാക്സ്...” ബെർഗർ വിളിച്ചു. “നാം സുഹൃത്തുക്കളായിട്ട് ഏറെക്കാലമായിരിക്കുന്നു... പറയൂ, എന്തെങ്കിലും പ്രശ്നത്തിലാണോ നിങ്ങൾ...?”

“1933 ൽ ഫ്യൂറർ ഭരണത്തിലേറിയപ്പോൾ മുതൽ നാം അനുഭവിക്കുന്നതാണല്ലോ... അതിനേക്കാൾ വലുതായിട്ടൊന്നുമില്ല...” മാക്സ് പുഞ്ചിരിച്ചു. “എന്തായാലും നിങ്ങളും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്...” അദ്ദേഹം പുറത്തേക്ക് നടന്നു.

നീളം കൂടിയ ആ കറുത്ത സിട്രോങ്ങ് കാർ ബുബി തന്നെയാണ് ഓടിച്ചിരുന്നത്. അദ്ദേഹത്തിനരികിലെ പാസഞ്ചർ സീറ്റിൽ ഇരുന്ന മാക്സ് ഒരു സിഗരറ്റിന് തീ കൊളുത്തി.

“പറയൂ, ഹാരിയ്ക്ക് എന്താണ് സംഭവിച്ചത്...?” മാക്സ് ചോദിച്ചു.

“കോൺവാളിലെ കോൾഡ് ഹാർബറിൽ നിന്നും ലൈസാൻഡറിൽ ഒരു ഏജന്റിനെ ഡ്രോപ്പ് ചെയ്യുകയായിരുന്നു അദ്ദേഹം... ഏജന്റിന്റെ പേര് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു...”

“ഞാനെങ്ങനെ അറിയുമെന്നാണ്...?”

“മാക്സ്... ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് നിങ്ങളുടെ സഹോദരൻ സഞ്ചരിച്ച ലൈസാൻഡർ വെടിവെച്ചിടപ്പെട്ടത്... പ്രമുഖനായ ഒരു ഫ്രഞ്ച് ഓഫീസറുമായി കോൾഡ് ഹാർബറിലേക്ക് യാത്ര തിരിച്ച വിമാനത്തിന് അകമ്പടി സേവിക്കുകയായിരുന്നു ഹാരി... നമ്മുടെ രണ്ട് ME109 കളെ വീഴ്ത്തിയിട്ടാണ് അദ്ദേഹം കടലിലേക്ക് ചാടിയത്... സംഭവ സ്ഥലത്തുണ്ടായിരുന്ന മൂന്നാമത്തെ ME109 ന്റെ പൈലറ്റ് നിങ്ങളായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചത് ഹിംലറാണ്... വാസ്തവത്തിൽ എന്താണ് സംഭവിച്ചത് മാക്സ്...?”

“ഓൾറൈറ്റ് ബുബീ...” മാക്സ് ചിരിച്ചു. “എന്താണുണ്ടായതെന്ന് ഞാൻ പറയാം... പക്ഷേ, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളും പറയണം...”

“സമ്മതിച്ചു...”

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബുബി പറഞ്ഞു. “ഞാൻ കുറ്റം പറയില്ല... നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിലും അതൊക്കെത്തന്നെയേ ചെയ്യുമായിരുന്നുള്ളൂ...”

“ഇനി ഹാരിയുടെ കാര്യം പറയൂ...”

“ആ ഫ്രഞ്ച് പ്രതിരോധ നേതാക്കളിൽ ഒരാളെ ഡ്രോപ്പ് ചെയ്യുന്ന ദൗത്യത്തിലായിരുന്നു അദ്ദേഹമെന്നാണ് മനസ്സിലാക്കുന്നത്... മൈതാനത്തിൽ സൈക്കിൾ ലാമ്പുകൾ കത്തിച്ച് വച്ച് ഒരു ഇൻ & ഔട്ട് മിഷൻ... ചാനലിൽ വച്ച് സഖ്യകക്ഷി നാവികസേനയുടെ ആക്രമണത്തെ തുടർന്ന് ആൾട്ടിട്യൂഡ് വളരെയധികം ഉയർത്തിയ അദ്ദേഹം നമ്മുടെ റഡാറിന്റെ ദൃഷ്ടിയിൽ പെട്ടു... വിശ്വസിക്കാനാവുന്നുണ്ടോ നിങ്ങൾക്ക്...?”

“ഞാനിപ്പോൾ എന്തും തന്നെ വിശ്വസിക്കും...”

“എന്തായാലും നിങ്ങളുടെ ബേസിൽ നിന്നും കുതിച്ചു പൊങ്ങിയ ചുണക്കുട്ടികൾ ലാന്റിങ്ങ് ഏരിയയിൽ വച്ച് ഹാരിയുടെ വിമാനം വെടിവെച്ചിട്ടു... അദ്ദേഹം പുറത്തു കടന്നയുടൻ തന്നെ വിമാനം തീ പിടിച്ച് കത്തിയെരിഞ്ഞു... വിചിത്രമെന്ന് പറയട്ടെ, ആ പരിസരത്തുണ്ടായിരുന്ന നമ്മുടെ പൻസർ പട്രോൾ യൂണിറ്റിലെ സൈനികരാണ് അദ്ദേഹത്തെ രക്ഷിച്ചത്... തീ പടർന്നു പിടിച്ച ഫ്ലൈയിങ്ങ് ജാക്കറ്റ് ഊരി മാറ്റി പൊള്ളലേൽക്കാതെ സുരക്ഷിതനാക്കി... പക്ഷേ, അദ്ദേഹത്തിന്റെ ഇടതു കണങ്കാലിൽ ഗുരുതരമായ ഫ്രാക്ച്ചർ സംഭവിച്ചിട്ടുണ്ട്...”

“അത് മാറ്റി നിർത്തിയാൽ അവൻ ഓകെയല്ലേ...?”

“അതെ...”

“ഞാൻ വരുന്ന കാര്യം അവന് അറിയാമോ...? എന്റെ അമ്മയ്ക്ക് അറിയാമോ...?”

“ഇല്ല...”

“നിങ്ങൾ ഒരു ME109 ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഞാനറിഞ്ഞു... ആ പയ്യൻ ഫ്രൈബർഗിനെയാണ് അവർ അലോക്കേറ്റ് ചെയ്തിരിക്കുന്നത്... അതെന്താ...?”

“ഒരു മുൻകരുതൽ മാത്രം... ഏതെങ്കിലും ശത്രുവിമാനങ്ങളെ നേരിടേണ്ടി വന്നാലോ...  ആ പ്രദേശത്ത് അതൊക്കെ സാധാരണമാണിപ്പോൾ...”

മാക്സ് രണ്ട് സിഗരറ്റുകൾക്ക് തീ കൊളുത്തിയിട്ട് ഒന്ന് ബുബിയ്ക്ക് നൽകി. “എന്താണിതെല്ലാം...? റൈഫ്യൂറർക്ക് ഞങ്ങളുടെ കാര്യത്തിൽ ഇത്രയ്ക്കും താൽപ്പര്യം...?”

“പിന്നീട് പറയാം മാക്സ്... പിന്നീട്... ഇത്രയേ എനിക്കിപ്പോൾ പറയാനാകൂ...” ബുബി ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

                                                        ***

മൊർലെയ്ക്‌സിലെ തരക്കേടില്ലാത്ത ഒരു അപ്പാർട്ട്‌മെന്റ് സ്വീറ്റിലാണ് എൽസയെയും റോസയെയും താമസിപ്പിച്ചത്. മേജർ മുള്ളർ ആയിരുന്നു അവർക്കുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയത്. മറ്റെല്ലാവരെയും എന്ന പോലെ ബുബിയുടെ കൈവശമുള്ള ഹിംലറുടെ അധികാരപത്രം എല്ലാ വഴികളും അതിവേഗമാണ് തുറന്നു കൊടുത്തത്.

“കേണൽ ഹാർട്മാൻ, ബാരൺ വോൺ ഹാൾഡറിനെ പിക്ക് ചെയ്യാനായി ഫെർമൻവിലേയിലേക്ക് പോയിരിക്കുകയാണ് പ്രഭ്വീ...” അയാൾ പറഞ്ഞു. “നിങ്ങൾ എപ്പോൾ റെഡിയാണോ ആ നിമിഷം തന്നെ മകനെ കാണാൻ ഏർപ്പാടാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു...”

“ആഹ്, അക്കാര്യം നിങ്ങൾക്കും അറിയാമോ...?”

“തീർച്ചയായും... ഒരു SS ഓഫീസർ എന്ന നിലയിൽ മേലധികാരികളുടെ ആജ്ഞ എന്തു തന്നെയായാലും അനുസരിക്കണമെന്ന പ്രതിജ്ഞയെടുത്തവനാണ് ഞാൻ... മാത്രവുമല്ല, ഇക്കാര്യത്തിൽ റൈഫ്യൂററുടെ നേരിട്ടുള്ള കമാൻഡിന് കീഴിലുമാണ് ഞാൻ...”

“മതി മതി...” ആഹ്ലാദത്തോടെ എൽസ പറഞ്ഞു. “ഇത്രയും ആയ നിലയ്ക്ക് എന്റെ മകനെ എത്രയും പെട്ടെന്ന് കാണുവാനുള്ള സൗകര്യമൊരുക്കൂ...”

“തീർച്ചയായും പ്രഭ്വീ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, May 24, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 61


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പുറത്ത് കടന്ന ഹാർട്മാൻ ആദ്യം ട്രൂഡിയോട് ആവശ്യപ്പെട്ടത് ജോയൽ റോഡ്രിഗ്സിനെ കോൺടാക്റ്റ് ചെയ്യുവാനും ഉടൻ തന്നെ തന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യുവാൻ പറയാനുമായിരുന്നു. അതിന് ശേഷം, അവളുടെ ഷോർട്ട്‌ഹാൻഡ് ബുക്കുമായി വരുവാൻ പറഞ്ഞിട്ട് അദ്ദേഹം ഗ്ലാസിലേക്ക് അല്പം ബ്രാണ്ടി പകർന്നു.

ഇപ്പോൾ മദ്യം കഴിക്കണോ...?” അവൾ ചോദിച്ചു.

മനഃസാന്നിദ്ധ്യം കൈവെടിയാതിരിക്കാൻ ഇപ്പോൾ ഇത് കൂടിയേ തീരൂ... ടൈപ്പ് ചെയ്യാനുള്ളതെല്ലാം കേട്ടു കഴിയുമ്പോൾ നിനക്ക് മനസ്സിലാവും...”

ഫെർണാണ്ടോ റോഡ്രിഗ്സിനും സാറാ ഡിക്സണും ഉള്ള നിർദ്ദേശങ്ങളായിരുന്നു ടൈപ്പ് ചെയ്യുന്നതിന് വേണ്ടി അദ്ദേഹം അവൾക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത്. ഹിംലർ വിവരിച്ച പ്രോജക്ടിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ വരെ അതിലുണ്ടായിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞതും ട്രൂഡി പറഞ്ഞു. “അങ്ങേർക്ക് ഭ്രാന്താണ്... ഒരു സംശയവുമില്ല... കെൽസോയും ബാരണും വിചാരിച്ചാലല്ലേ ഇതൊക്കെ നടക്കൂ...? അവർ ഇതിന് സമ്മതിക്കുമോ...?”

എങ്ങനെയാണ് അവരെ സമ്മതിപ്പിക്കാൻ പോകുന്നത് എന്നതിന്റെ വിശദാംശങ്ങൾ ബുബി അവളോട് പറഞ്ഞു. അവളുടെ മുഖം വിളറി വെളുത്തു. അടുത്ത നിമിഷം അവൾ അദ്ദേഹത്തിന്റെ ബാത്ത് റൂമിലേക്ക് ഓടി. വാഷ് ബേസിനിലേക്ക് അവൾ ഛർദ്ദിക്കുന്നതിന്റെയും ടാപ്പിൽ നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെയും ശബ്ദം അദ്ദേഹം  കേട്ടു. അൽപ്പ നേരത്തിന് ശേഷം തിരികെ വന്നപ്പോഴും അവളുടെ മുഖം വിളറിത്തന്നെയിരുന്നു.

എന്തൊരു വൃത്തികെട്ട പന്നിയാണയാൾ...! എന്നിട്ട് ഇതുമായി മുന്നോട്ട് പോകാനാണോ നിങ്ങളുടെ തീരുമാനം...?” അവൾ ചോദിച്ചു.

എന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല ട്രൂഡീ... എന്റെ കുടുംബത്തിൽ ജൂത രക്തമുണ്ട്... ആർക്കും അത് അറിയില്ലെന്നായിരുന്നു എന്റെ ധാരണ... പക്ഷേ, അദ്ദേഹം അത്  അറിഞ്ഞിരിക്കുന്നു... എന്റെ പിതാവിന്റെയും വയസ്സായ ആന്റിയുടെയും ജീവനുകൾ അപകടത്തിലാണ്... എന്തിന്, എന്റെ സെക്രട്ടറി എന്ന നിലയിൽ നിന്റെ ജീവൻ പോലും...”

, മൈ ഗോഡ്...!”

അപ്പോൾ പിന്നെ എന്റെ മുന്നിൽ മറ്റെന്ത്  മാർഗ്ഗമാണുള്ളത് ട്രൂഡീ...?”

ഒന്നും പറയാനാവാതെ അദ്ദേഹത്തെത്തന്നെ നോക്കിക്കൊണ്ട് അവൾ അവിടെ ഇരുന്ന് പോയി. പുറത്ത് അവളുടെ ഓഫീസിലെ കോളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയെഴുന്നേറ്റത്. ഒന്നും പറയാതെ പുറത്തിറങ്ങിയ അവൾ തിരിച്ചെത്തിയത് ജോയൽ റോഡ്രിഗ്സിനോടൊപ്പമായിരുന്നു.

ആ ലെറ്റർ ടൈപ്പ് ചെയ്ത് റെഡിയാക്കൂ... എത്രയും പെട്ടെന്ന്...” ഹാർട്മാൻ അവളോട് പറഞ്ഞു.

അവൾ പുറത്തേക്ക് നടന്നു. റെയിൻകോട്ട് ധരിച്ചിരുന്ന ജോയൽ തന്റെ ഹാറ്റ് ഊരി വിരലിൽ വട്ടം കറക്കിക്കൊണ്ട് പറഞ്ഞു. “അത്ഭുതപ്പെടുത്തുന്ന ഒരു വാർത്തയുണ്ട് കേണൽ...”

ഞാനറിഞ്ഞു...” ബുബി  പറഞ്ഞു. “പെട്ടെന്ന് തന്നെ ലിസ്ബനിലേക്ക് എത്താൻ നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു... അതിനായുള്ള വിമാന സൗകര്യം ഏർപ്പെടുത്താൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്... ഈ സംഭവ വികാസങ്ങളെല്ലാം നിങ്ങളുടെ വിദേശകാര്യ മന്ത്രാലയത്തിലെ ന്യൂൺസ് ഡസിൽവയിൽ നിന്നായിരിക്കും ഒരു പക്ഷേ, നിങ്ങൾ അറിഞ്ഞിട്ടുണ്ടാവുക... ശരിയല്ലേ...?”

അതെ... കേണൽ, താങ്കൾ ഇതെല്ലാം എങ്ങനെ അറിഞ്ഞു...?”

എല്ലാം ഞാൻ അറിയുന്നു... എന്താണ് നിങ്ങളുടെ പുതിയ ചുമതല എന്നവർ പറയുകയുണ്ടായോ...?”

ഇല്ല...”

വെൽ... എങ്കിൽ ഞാൻ പറയാം... നിങ്ങൾ കൊറിയർ സർവീസിൽ ജോയ്‌ൻ ചെയ്യുവാൻ പോകുകയാണ്... ഡിപ്ലോമാറ്റിക്ക് ബാഗുമായി വിമാന മാർഗ്ഗം ലണ്ടനിലേക്ക്... ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും നിങ്ങൾ ലിസ്ബനിൽ തങ്ങുക...”

ഷോക്കേറ്റതു പോലെ ജോയൽ അമ്പരന്നു. “പക്ഷേ, കേണൽ... ഇതായിരുന്നില്ല നാം തമ്മിലുള്ള എഗ്രിമെന്റ്...”

എന്നാൽ ഇതാണ് ഇപ്പോഴത്തെ എഗ്രിമെന്റ്... തീർച്ചയായും റൈഫ്യൂററുമായോ അല്ലെങ്കിൽ ലിസ്ബനിൽ ചെന്നിട്ട് ഡസിൽവയുമായോ നിങ്ങൾക്ക് ഇക്കാര്യം ചർച്ച ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്... പക്ഷേ, ഞാനൊരിക്കലും അതിന് ശിപാർശ ചെയ്യില്ല... റോഡ്രിഗ്സ്, വലിയ കാര്യങ്ങൾക്കിടയിൽ പെട്ടു പോയ വളരെ ചെറിയ ഒരു മനുഷ്യനാണ് നിങ്ങൾ... അതു പോലെ തന്നെയാണ് ഞാനും... അതു കൊണ്ട് നന്നായി ആലോചിക്കൂ... നമ്മുടെ മുന്നിൽ വേറെ മാർഗ്ഗങ്ങളൊന്നുമില്ല... നമ്മുടെ പിന്നാലെയാണവർ...” ബുബി ഹാർട്മാൻ പറഞ്ഞു.

ടൈപ്പ് ചെയ്ത ലെറ്ററുമായി ട്രൂഡി എത്തി. അത് വായിച്ചു നോക്കിയിട്ട് സൈൻ ചെയ്യാതെ മടക്കി അദ്ദേഹം ഒരു എൻവലപ്പിനുള്ളിൽ തിരുകി. എന്നിട്ട് ജോയൽ റോഡ്രിഗ്സിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. “ഇത് നിങ്ങളുടെ സഹോദരനുള്ളതാണ്... രണ്ട് മണിക്കുറിനുള്ളിൽ എയർപോർട്ടിൽ എത്തിയിരിക്കണം...”

യെസ് കേണൽ...”

ജോയൽ പുറത്ത് കടന്നതും ബുബി ഒരു സിഗരറ്റിന് തീ കൊളുത്തി. “മാക്സ് എവിടെയാണുള്ളതെന്ന് അന്വേഷിച്ചറിയൂ... എന്നിട്ട് മൂന്നു മണിക്കൂറിനുള്ളിൽ പുറപ്പെടുവാൻ സാധിക്കും വിധം ഒരു വിമാനം അറേഞ്ച് ചെയ്യണം... സ്റ്റോർക്ക് ആയാലും മതി... പൈലറ്റിന്റെ ആവശ്യമില്ല... ഞാൻ തന്നെ പറത്തിക്കൊള്ളാം...”

 യാത്രക്കാർ ആരെങ്കിലും...?”

തീർച്ചയായും... പ്രഭ്വിയും ഉണ്ടായിരിക്കും...” പുറത്തിറങ്ങാൻ വാതിൽക്കൽ എത്തിയ അവളെ അദ്ദേഹം വിളിച്ചു. “ട്രൂഡീ...”

യെസ്...?” അവൾ തിരിഞ്ഞു.

അപ്രത്യക്ഷയാകാൻ പറ്റിയ എന്തെങ്കിലും അവസരം ഒത്തു വന്നാൽ പ്രയോജനപ്പെടുത്താൻ മടിക്കണ്ട... അഥവാ നമ്മുടെ കണക്കു കൂട്ടലുകൾ എവിടെയെങ്കിലും പിഴച്ചാൽ... നിനക്ക് മനസ്സിലാവുന്നുണ്ടോ...?”

തീർച്ചയായും... പക്ഷേ, കാത്തിരുന്ന് കാണാനാണ് എനിക്കിഷ്ടം...” പുറത്തേക്ക് നടന്ന അവൾ തികച്ചും അക്ഷോഭ്യയായിരുന്നു.

                                                           ***

എൽസ വോൺ ഹാൾഡർ പ്രഭ്വിയെ കൈകാര്യം ചെയ്യുന്നത് വളരെ എളുപ്പമായിരുന്നു. കാര്യങ്ങൾ വിവരിക്കുമ്പോൾ കഴിയുന്നതും യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുവാൻ ബുബി ഹാർട്മാൻ ശ്രദ്ധിച്ചു. അഡ്‌ലണിലെ സ്വീറ്റിന്റെ വാതിലിൽ മുട്ടിയ അദ്ദേഹത്തെ വരവേറ്റത് പ്രഭ്വിയുടെ പരിചാരികയായ റോസാ സ്റ്റൈൻ ആയിരുന്നു. നെരിപ്പോടിനരികിൽ ഇരിക്കുകയായിരുന്ന എൽസ, ഹാർട്മാനെ കണ്ടതും താൻ വായിച്ചു കൊണ്ടിരുന്ന മാഗസിൻ താഴെ വച്ചു. അവർ നീട്ടിയ കൈത്തലത്തിൽ അദ്ദേഹം മുത്തം നൽകി.

കേണൽ... അത്ഭുതകരമായിരിക്കുന്നല്ലോ ഈ സന്ദർശനം...”

വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത് പ്രഭ്വീ... നിങ്ങളുടെ മകൻ കേണൽ കെൽസോ... ബ്രിട്ടനിയിലേക്കുള്ള ഒരു മിഷനിടയിൽ അദ്ദേഹത്തിന്റെ വിമാനം വെടിവച്ചിടപ്പെട്ടു... ഞങ്ങളുടെ കൈവശമാണ് അദ്ദേഹമിപ്പോൾ ഉള്ളത്...”

അവന് എന്തെങ്കിലും...?” തികച്ചും ശാന്തമായിരുന്നു അവരുടെ സ്വരം.

കണങ്കാലിൽ ഫ്രാക്ചറുണ്ട്... മൊർലെയ്ക്‌സ് എന്നയിടത്തുള്ള സൈനിക കേന്ദ്രത്തിലാണ് അദ്ദേഹം  ഇപ്പോൾ... അദ്ദേഹത്തെ  ചോദ്യം ചെയ്യുവാനായി ഞാൻ ഉടൻ തന്നെ അങ്ങോട്ട് പറക്കുകയാണ്...”

മാക്സിന് ഇതേക്കുറിച്ച് അറിയുമോ...?”

ഇല്ല... പക്ഷേ, അദ്ദേഹത്തെ അറിയിക്കാൻ പോകുകയാണ്... SD യ്ക്ക് വേണ്ടി ഇപ്പോൾ ഈ വിഷയം കൈകാര്യം ചെയ്യുന്നത് ഞാനാണ്... SD ഇടപെടുന്നു എന്ന് വച്ചാൽ റൈഫ്യൂറർ ഇടപെട്ടിരിക്കുന്നു എന്നർത്ഥം... താൽപ്പര്യമുണ്ടെങ്കിൽ നിങ്ങളെയും എന്നോടൊപ്പം കൂട്ടുവാൻ അദ്ദേഹം അനുവാദം തന്നിട്ടുണ്ട്...”

എന്റെ പരിചാരികയെയും കൂടെ കൊണ്ടുപോകാൻ പറ്റുമോ...?”

സ്വാഭാവികമായും...”

അവർ എഴുന്നേറ്റു. “എത്ര സമയമുണ്ട് കേണൽ, പുറപ്പെടുവാൻ...?

ഒരു മണിക്കൂറിനുള്ളിൽ നിങ്ങളെ പിക്ക് ചെയ്യുവാൻ കാർ എത്തുന്നതായിരിക്കും...” ക്യാപ്പ് തലയിൽ വച്ചിട്ട് അദ്ദേഹം സല്യൂട്ട് ചെയ്തു. “എന്നാൽ ഞാനിറങ്ങുന്നു... ധാരാളം ജോലികളുണ്ട് തീർക്കാൻ...”

                                                               ***

തിടുക്കത്തിൽ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന റോസയോട് ബുബി ഹാർട്മാനുമായി നടന്ന സംഭാഷണത്തിന്റെ രത്നച്ചുരുക്കം എൽസ വിവരിച്ചു.

അത്ഭുതകരമായിരിക്കുന്നു പ്രഭ്വീ...” റോസ പറഞ്ഞു. “രണ്ട് മക്കളെയും ഒരുമിച്ച് കാണുവാൻ സാധിക്കുക എന്നത് വലിയ ഭാഗ്യം തന്നെ...”

അതെ... വളരെ നാളുകളായി അവനെ കണ്ടിട്ട്... വളരെയേറെ...” തന്റെ ആഭരണങ്ങൾ ബോക്സിനുള്ളിലാക്കി അവർ റോസയ്ക്ക് നൽകി. “ഇത് എന്റെ ആ വലിയ ഹാൻഡ് ബാഗിനുള്ളിൽ വച്ചോളൂ...”

മേശവലിപ്പ് തുറന്ന് ഒരു വാൾട്ടർ PPK  പിസ്റ്റൾ എടുത്ത് ഒരു വിദഗ്ദ്ധയെപ്പോലെ അതിന്റെ മാഗസിൻ തുറന്ന് തിരകൾ പരിശോധിച്ചിട്ട് അവർ റോസയ്ക്ക് നൽകി. “ആഹ്, പിന്നെ ഇതും കൂടി...”

റോസ അതും ഹാൻഡ് ബാഗിനുള്ളിൽ വച്ചു. “ഇതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നുണ്ടോ പ്രഭ്വീ...?”

ആർക്കറിയാം...?” തികഞ്ഞ ശാന്തതയോടെ അവർ പുഞ്ചിരിച്ചു. “എന്തായാലും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണല്ലോ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...