Saturday, August 11, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ് - 02


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഒരു പൈലറ്റ് എന്ന നിലയിലുള്ള അവളുടെ വൈദഗ്ദ്ധ്യം നേരിൽ കാണുവാൻ എനിക്ക് അവസരം ലഭിച്ചത് അടുത്ത കുറേ നിമിഷങ്ങളിലായിരുന്നു. തിരമാലയുടെ മുകളിൽ തട്ടി ഒന്ന് കുതിച്ച് അടുത്ത തിരമാലകളുടെ മുകളിലൂടെ തെന്നി തെന്നി വിമാനം സാവധാനം നിശ്ചലമായി. ജലപ്പരപ്പിൽ ലാന്റ് ചെയ്തതിന്റെ പരിഭ്രാന്തി അവളുടെ മുഖത്ത് ഉണ്ടായിരുന്നുവെങ്കിലും അടുത്ത നിമിഷം തന്നെ അവൾ ക്യാബിൻ ഡോർ തുറന്നു.

അദ്ദേഹത്തെയും പുറത്തേക്ക് കൊണ്ടുവന്നോളൂ...” ധൃതിയിൽ വിമാനത്തിന്റെ ചിറകിന് മുകളിലേക്ക് ഇറങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു.

മുന്നോട്ടാഞ്ഞ് ഞാൻ ഡ്യൂപോണ്ടിന്റെ സീറ്റ് ബെൽറ്റ് അഴിച്ചിട്ട് തുറന്ന് കിടന്ന വാതിലിലൂടെ അയാളെ പുറത്തേക്ക് വലിച്ചിഴച്ചു. വിമാനത്തിന്റെ ചിറകിൽ നിന്നും താഴോട്ട് വഴുതിയിറങ്ങിയ അവൾ അയാളെ വലിച്ച് വെള്ളത്തിലേക്ക് ഇറക്കി. അതിന് പിന്നാലെ ഞാനും ചിറകിൽ നിന്നും വെള്ളത്തിലേക്ക് ഇറങ്ങി. കടലിൽ ലാന്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇതിന് മുമ്പ് അവൾ വിവരിക്കാറുണ്ടായിരുന്ന ചില വസ്തുതകൾ എന്റെ ഓർമ്മയിലെത്തി. വിമാനം വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതിന് മുമ്പുള്ള തൊണ്ണൂറ് സെക്കന്റ്... അത്യന്തം നിർണ്ണായകമാണത്.

മഞ്ഞ നിറമുള്ള ലൈഫ് ജാക്കറ്റുകൾ അണിഞ്ഞിരുന്ന ഡെനിസും ഡ്യൂപോണ്ടും വെള്ളത്തിൽ പൊന്തിക്കിടന്നു. അബോധാവസ്ഥയിലുള്ള അയാളെ അവൾ തന്നോടൊപ്പം ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. വിമാനം സാവധാനം മുങ്ങിക്കൊണ്ടിരിക്കെ ഞാൻ അവളുടെ നേർക്ക് നീന്തി. അപ്പോഴാണ് അവൾ ഉറക്കെ ഒച്ച വെച്ചത്. “, ഗോഡ്...! ടർക്വിൻ വിമാനത്തിനുള്ളിലാണല്ലോ...”

ഇവിടെ അല്പം വിശദീകരണം ആവശ്യമുണ്ട്... ടർക്വിൻ എന്നത് ഒരു കരടിയാണ്. മറ്റെവിടെയും കാണാൻ കിട്ടാത്ത ഒരു കരടി... ബ്രൈറ്റണിലെ ഒരു പുരാവസ്തു ഷോപ്പിലെ ഷെൽഫിൽ ആ ബൊമ്മയെ ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ഒരു ലെതർ ഫ്ലൈയിങ്ങ് ഹെൽമറ്റും ഫ്ലൈയിങ്ങ് ബൂട്സും രണ്ടാം ലോക മഹായുദ്ധകാലത്ത് റോയൽ എയർഫോഴ്സിലെ വൈമാനികർ ഉപയോഗിച്ചിരുന്ന തരം ഫ്ലൈയിങ്ങ് ഓവറോളും ആണ് ധരിച്ചിരുന്നത്. മാത്രവുമല്ല, ഒന്നാം ലോക മഹായുദ്ധകാലത്തെ റോയൽ ഫ്ലൈയിങ്ങ് കോർപ്സ് വിംഗ്സ് ബാഡ്ജും വേഷത്തിൽ തുന്നിച്ചേർത്തിരുന്നു. ആ കരടിയുടെ മുഖത്ത് മൊത്തത്തിൽ ഒരു ദുരൂഹത നിറഞ്ഞ് നിൽക്കുന്നത് പോലെ എനിക്ക് തോന്നി. തന്റെ മുൻ യജമാനനായിരുന്ന ഫൈറ്റർ പൈലറ്റിനോടൊപ്പം ബ്രിട്ടീഷ് യുദ്ധകാലത്ത് നിരവധി തവണ പറന്ന ചരിത്രമുള്ളതിനാൽ അതിൽ അതിശയപ്പെടേണ്ട കാര്യമില്ലെന്നാണ് ആ കടയുടെ ഉടമസ്ഥൻ തമാശ മട്ടിൽ എന്നോട് പറഞ്ഞത്. രസകരമായ ഒരു കഥ എന്നതിനപ്പുറം പ്രാധാന്യമൊന്നും ഞാൻ അതിന് കൊടുത്തില്ലെങ്കിലും എന്തുകൊണ്ടോ എനിക്കും ഭാര്യയ്ക്കും ആ കരടിയോട് വല്ലാത്തൊരു മാനസിക അടുപ്പം തോന്നിത്തുടങ്ങിയിരുന്നു. ഒന്നുമല്ലെങ്കിലും നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും പലതിനും സാക്ഷിയാകുകയും ചെയ്ത കരടിയല്ലേ... എന്തായാലും അവിടുന്നങ്ങോട്ട് എന്റെ ഭാര്യ തന്റെ എല്ലാ വ്യോമയാത്രകളിലും ഒരു ഭാഗ്യചിഹ്നം പോലെ ആ ബൊമ്മയേയും അവളോടൊപ്പം കൂട്ടുമായിരുന്നു. അത്തരമൊരു ബൊമ്മയെ കടലിൽ ഉപേക്ഷിച്ച് പോവുകയോ...? അവൾക്കത് ആലോചിക്കാൻ പോലും ആകുമായിരുന്നില്ല.

ക്യാബിന് പിറകിൽ ഒരു ഷോപ്പിങ്ങ് ബാഗിലായിരുന്നു ഞങ്ങൾ അവനെ വച്ചിരുന്നത്. ഞാൻ തിരികെ നീന്തിച്ചെന്ന് പിൻഭാഗത്തെ ഡോർ തുറന്ന് അവനെ ബാഗോടു കൂടി വലിച്ചെടുത്തു.

കമോൺ, ഓൾഡ് ലാഡ്... നമുക്കൽപ്പം നീന്താൻ പോകാം...” ഞാൻ പറഞ്ഞു.

അസഹനീയമായ തണുപ്പായിരുന്നു വെള്ളത്തിന്. എല്ലുകൾക്കുള്ളിലെ മജ്ജയ്ക്കുള്ളിലേക്ക് ആസിഡ് ഒഴുകിയിറങ്ങുന്നത് പോലെ... അത്രയ്ക്കും ഭീകരമായിരുന്നു ആ അവസ്ഥ. എങ്കിലും ലുഫ്ത്വാഫിലെയും റോയൽ എയർഫോഴ്സിലെയും നിരവധി ഫൈറ്റർ പൈലറ്റുമാർ ഇംഗ്ലീഷ് ചാനലിൽ അനുഭവിച്ചയത്ര കഷ്ടപ്പാടുകളൊന്നും ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നില്ല എന്നതായിരുന്നു വാസ്തവം.

ഡ്യൂപോണ്ടിനെയും ടർക്വിനെയും ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ വെള്ളത്തിൽ പൊങ്ങിക്കിടന്നു. എന്റെ ഒരു കൈയിൽ പിടിച്ചു കൊണ്ട് ഡെനിസും.

ലാന്റിങ്ങ് മനോഹരമായിരുന്നു... നീ എന്നെ അതിശയിപ്പിച്ചുകളഞ്ഞു....” ഞാൻ പറഞ്ഞു.

വെള്ളം കുടിച്ച് മരിക്കുവാനാണോ നമ്മുടെ വിധി...?” അത് ചോദിക്കുന്നതിനിടെ അൽപ്പം കടൽവെള്ളം അവൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

എന്ന് തോന്നുന്നില്ല... തല ഉയർത്തിപ്പിടിക്കുകയാണെങ്കിൽ ആ പ്രശ്നം ഉദിക്കുന്നില്ല...” ഞാൻ പറഞ്ഞു.

പെട്ടെന്നാണ് മൂടൽമഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ നിന്നും ഒരു RNLI ടൈൻ ക്ലാസ് ലൈഫ്ബോട്ട് ഞങ്ങൾക്ക് നേരെ വരുന്നത് കണ്ടത്. റെയിലിനരികിൽ നിന്നിരുന്ന ക്രൂവിൽ എല്ലാവരും മഞ്ഞ ഓയിൽസ്കിൻ കോട്ടും ഓറഞ്ച് ലൈഫ്ജാക്കറ്റും ധരിച്ചിരുന്നു. ഞങ്ങളുടെ അരികിലെത്തി നിശ്ചലമായ ബോട്ടിൽ നിന്നും മൂന്നു പേർ കടലിലേക്ക് എടുത്ത് ചാടി.

നന്നേ വയസ്സായ ഒരാൾ കൈവരികളിൽ പിടിച്ച് മുന്നോട്ടാഞ്ഞ് താഴെ വെള്ളത്തിലേക്ക് നോക്കി നിൽക്കുന്നുണ്ട്. നരച്ച തലമുടിയും താടിയുമുള്ള അദ്ദേഹത്തെ കണ്ടാൽ എൺപതിന് മുകളിൽ പ്രായം തോന്നുമായിരുന്നു. അദ്ദേഹം സംസാരിക്കുവാൻ തുടങ്ങിയപ്പോഴാണ് ആ കനത്ത സ്വരം ഞങ്ങൾ തിരിച്ചറിഞ്ഞത്. റേഡിയോയിലൂടെ അല്പം മുമ്പ് വരെ കേട്ട അതേ സ്വരം...

മൈ ഗോഡ്... വിമാനം നീ സുരക്ഷിതമായി താഴെയെത്തിച്ചല്ലോ കുട്ടീ...” സെക്ക് ആക്ലന്റ് പറഞ്ഞു.

എന്ന് പറയാം...” മുകളിലേക്ക് നോക്കി ഡെനിസ് വിളിച്ചു പറഞ്ഞു.

അവർ ഞങ്ങളെ ബോട്ടിലേക്ക് വലിച്ച് കയറ്റി. പിന്നെയാണ് തികച്ചും അമ്പരപ്പിക്കുന്ന ആ സംഭവമുണ്ടായത്. എന്റെ കൈയിലെ ആ നനഞ്ഞ കരടിയെ കണ്ടതും അദ്ദേഹത്തിന്റെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. “ഡിയർ ഗോഡ്...! ഇത് ടർക്വിൻ ആണല്ലോ...! എവിടെ നിന്നാണ് നിങ്ങൾക്ക് ഇവനെ കിട്ടിയത്...?”

                                                     ***

മെയിൻ ക്യാബിനിലെ ബെഞ്ചിൽ, അവർ നൽകിയ ബ്ലാങ്കറ്റുകൾ പുതച്ച് ഞാനും ഡെനിസും ഇരുന്നു. നിലത്ത് കിടത്തിയിരിക്കുന്ന ഡ്യൂപോണ്ടിനെ പരിചരിച്ചുകൊണ്ടിരിക്കുന്ന രണ്ട് ക്രൂ അംഗങ്ങളെ നോക്കിക്കൊണ്ട് ഞങ്ങൾ തെർമോസ് ഫ്ലാസ്കിൽ നിന്നും പകർന്ന ചായ നുകർന്നു. എതിർവശത്തെ ബെഞ്ചിൽ ഇരുന്ന് ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്ന സെക്ക് ആക്ലന്റ് എഴുന്നേറ്റ് പഴയ ഒരു സിൽവർ ഫ്ലാസ്ക് എടുത്ത് തുറന്ന് ഞങ്ങളുടെ മഗ്ഗുകളിലേക്ക് അല്പം ഒഴിച്ചു.

റം ആണ്... ഈ തണുപ്പിന് അല്പം ശമനം കിട്ടും...” അദ്ദേഹം പറഞ്ഞു. ആ നിമിഷമാണ് മറ്റൊരു ചെറുപ്പക്കാരൻ ക്യാബിനിലെത്തിയത്. കറുത്ത മുടിയുള്ള ചുറുചുറുക്കുള്ള ഒരു യുവാവ്. ആക്ലന്റിന്റെ മറ്റൊരു പതിപ്പ് എന്ന് പറയാം. “ഇത് എന്റെ മകൻ... സിമിയോൺ... ലേഡി കാർട്ടർ എന്ന ഈ ബോട്ടിന്റെ അമരക്കാരനാണ്...” സെക്ക് ആക്ലന്റ് പറഞ്ഞു.

നിങ്ങളെയെല്ലാം ജീവനോടെ കാണാനായതിൽ സന്തോഷം... വല്ലാത്തൊരു ലാന്റിങ്ങ് തന്നെയായിരുന്നു...” സിമിയോൺ പറഞ്ഞു.

RNLI എന്നത് വാസ്തവത്തിൽ യാതൊരു പ്രതിഫലേച്ഛയും കൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. എങ്കിലും തികച്ചും ആത്മാർത്ഥമായിരുന്നു അയാളുടെ സന്തോഷപ്രകടനം. ഡ്യൂപോണ്ടിനെ പരിശോധിച്ചു കൊണ്ടിരുന്നവരിൽ ഒരാൾ ഒരു ഓക്സിജൻ മാസ്ക് ആ ഫ്രഞ്ചുകാരന്റെ മുഖത്ത് ഘടിപ്പിച്ചിട്ട് ഞങ്ങളെ നോക്കി. “ഹീ ഈസ് സ്റ്റിൽ വിത്ത് അസ്... പക്ഷേ, അവസ്ഥ വളരെ മോശമാണ്...”

അല്പസമയത്തിനകം ഒരു നേവി സീ കിങ്ങ് ഹെലികോപ്ടർ കോൾഡ് ഹാർബറിൽ ലാന്റ് ചെയ്യുന്നുണ്ട്...” സിമിയോൺ ആക്ലന്റ് പറഞ്ഞു. “അധികം താമസിയാതെ നിങ്ങൾക്കെല്ലാം പുറംലോകത്ത് എത്തിപ്പെടാം...”

ഞാൻ ഡെനിസിനെ ഒന്ന് നോക്കി. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

സത്യം പറഞ്ഞാൽ വല്ലാത്തൊരു ദിനമായിരുന്നു ഇന്ന്... ഞങ്ങളുടെ സുഹൃത്ത് ഡ്യൂപോണ്ടിനാണെങ്കിൽ വൈദ്യസഹായവും ആവശ്യമായി വന്നിരിക്കുകയാണല്ലോ... അതുകൊണ്ട് അദ്ദേഹത്തെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചുകൊള്ളൂ... എനിക്കും ഭാര്യയ്ക്കും ഇന്ന് രാത്രി ഇവിടെ എവിടെയെങ്കിലും തങ്ങുവാനുള്ള സൗകര്യം ഉണ്ടാകുമോ...?” ഞാൻ ചോദിച്ചു.

വെൽ... എങ്കിൽ നിങ്ങൾ എത്തിയിരിക്കുന്നത് ശരിയായ സ്ഥലത്ത് തന്നെയാണ്...” സിമിയോൺ ചിരിച്ചു. “എന്റെ പിതാവിന് ഇവിടെ ഗ്രാമത്തിൽ ഒരു ചെറിയ പബ്ബ് ഉണ്ട്... Hanged Man എന്നാണ് പബ്ബിന്റെ പേര്... മിക്കവാറും എല്ലായ്പ്പോഴും അവിടെ ഒന്നോ രണ്ടോ മുറികൾ കാലിയായിരിക്കും...” അയാൾ തന്റെ പിതാവിന് നേർക്ക് തിരിഞ്ഞു. അപ്പോഴാണ് അദ്ദേഹത്തിനരികിൽ ബെഞ്ചിൽ ഇരിക്കുന്ന നനഞ്ഞ് കുതിർന്ന ബൊമ്മയെ ശ്രദ്ധിച്ചത്. “ഇതെന്താണ്...?” കൗതുകത്തോടെ അയാൾ ചോദിച്ചു.

അതാണ് ടർക്വിൻ...” സെക്ക് ആക്ലന്റ് പറഞ്ഞു.

സിമിയോണിന്റെ മുഖത്ത് അമ്പരപ്പ് മിന്നി മറഞ്ഞു. “മൈ ഗോഡ്...! എന്താണീ പറയുന്നത്...? ഡാഡ്, അപ്പോൾ നിങ്ങൾ എന്നോട് പറഞ്ഞതൊന്നും നുണയായിരുന്നില്ലേ...?  ടർക്വിൻ എന്നൊരു ബൊമ്മ ഉണ്ടായിരുന്നുവെന്നോ...? ഞാൻ വിചാരിച്ചിരുന്നത് അതെല്ലാം നിങ്ങൾ മെനഞ്ഞെടുത്ത ഒരു കഥയായിരുന്നു എന്നാണ്...!” ആശ്ചര്യത്തോടെ അയാൾ ആ കരടിയെ എടുത്ത് നോക്കി. അതിനുള്ളിൽ നിന്നും വെള്ളം പുറത്തേക്ക് ഒലിച്ചിറങ്ങി. “ഇവൻ ആകെ നനഞ്ഞ് കുതിർന്നിരിക്കുകയാണല്ലോ...”

അതോർത്ത് വിഷമിക്കണ്ട...” സെക്ക് ആക്ലന്റ് പറഞ്ഞു. “പതുക്കെ ഉണങ്ങിക്കോളും... ഇവൻ ഇതിന് മുമ്പും വെള്ളത്തിൽ  മുങ്ങിയിട്ടുള്ളതാണ്...”

കാര്യങ്ങൾ സങ്കീർണ്ണമാകുന്നത് പോലെ എനിക്ക് തോന്നി. കരടിയുടെ രഹസ്യം എന്താണെന്നറിയാൻ കൂടുതൽ ചോദ്യങ്ങളുമായി മുന്നോട്ട് പോകാൻ ഒരുങ്ങവെയാണ് കടൽച്ചൊരുക്ക് ഡെനിസിനെ ആവേശിച്ചത്. മാത്രവുമല്ല, കുറച്ച് കടൽ വെള്ളം അവൾ അകത്താക്കുകയും ചെയ്തിരുന്നു. അവൾ ഛർദ്ദിക്കുവാനാരംഭിച്ചു. നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല എനിക്കും മനം മറിഞ്ഞു തുടങ്ങുവാൻ. അവൾക്ക് പിന്നാലെ ഞാനും ഛർദ്ദിൽ  ആരംഭിച്ചു. എന്നാൽ അധിക നേരം ആകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഇരുവരും സാധാരണ നിലയിലേക്കെത്തി. ഒരു മുനമ്പിനെ വലം വച്ച് ബോട്ട് മരങ്ങൾ നിറഞ്ഞ് നിൽക്കുന്ന കര ലക്ഷ്യമാക്കി നീങ്ങി.

മരങ്ങൾക്കിടയിൽ ഗ്രേ നിറത്തിലുള്ള കല്ലുകൾ കൊണ്ട് പണി തീർത്ത ഒരു വലിയ കെട്ടിടവും പിന്നെ അതിനെ ചുറ്റിപ്പറ്റി പത്തോ മുപ്പതോ ചെറിയ കോട്ടേജുകളും കാണാമായിരുന്നു. തുറമുഖത്ത് ഏതാനും ഫിഷിങ്ങ് ബോട്ടുകൾ നങ്കൂരമിട്ടിരിക്കുന്നു. ജെട്ടിയിലേക്ക് സാവധാനം അടുത്ത ബോട്ടിൽ നിന്നും എറിഞ്ഞു കൊടുത്ത കയർ, കരയിൽ ഉണ്ടായിരുന്ന രണ്ട് മൂന്ന് മുക്കുവർ പിടിച്ചെടുത്ത് തൂണിൽ ബന്ധിച്ചു. ബോട്ടിന്റെ എൻജിൻ ഓഫ് ചെയ്തതോടെ കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രമായി  ഞങ്ങൾക്ക് ചുറ്റും. ഒപ്പം വീണ്ടും പരന്നു തുടങ്ങിയ മൂടൽമഞ്ഞും.

അധികം അകലെയല്ലാതെ ഒരു  ഇരമ്പൽ ശബ്ദം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. “അത് ഹെലികോപ്ടർ ആണെന്ന് തോന്നുന്നു... ഇദ്ദേഹത്തെ ഞങ്ങൾ അങ്ങോട്ട് കൊണ്ടുപോകുകയാണ്...” ഡ്യൂപോണ്ടിനെ ഒന്ന് നോക്കിയിട്ട് സിമിയോൺ പറഞ്ഞു.

നല്ലത്, മകനേ... അങ്ങനെയാവട്ടെ...” സെക്ക് ആക്ലന്റ് പറഞ്ഞു. “ഇവർ ഇരുവരുടെയും കാര്യം ഞാൻ നോക്കിക്കൊള്ളാം... ചൂടു വെള്ളത്തിൽ ഒരു കുളി... പിന്നെ മോശമല്ലാത്ത ഡിന്നറും...” അദ്ദേഹം ടർക്വിനെ എടുത്തു.

അതിന് ശേഷം ഈ ടർക്വിന്റെ കഥയും... അതറിയാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്...” ഞാൻ പറഞ്ഞു.

തീർച്ചയായും... ഐ പ്രോമിസ് യൂ...” ആക്ലന്റ് പറഞ്ഞു.

സ്ട്രെച്ചറിലേക്ക് മാറ്റിയ ഡ്യൂപോണ്ടിനെയും എടുത്തുകൊണ്ട് അവർ കരയിലേക്കിറങ്ങി. ബോട്ടിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ അവരെ അനുഗമിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday, August 4, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ് - 01


1997

ഇംഗ്ലീഷ് ചാനൽ


വലതുഭാഗത്തെ എൻജിൻ പ്രവർത്തനരഹിതമായതോടെ എനിക്ക് മനസ്സിലായി, ഞങ്ങളുടെ കാര്യം പ്രശ്നത്തിലാണെന്ന്. യാത്രയുടെ ആരംഭം തന്നെ അത്ര ശുഭകരമായിരുന്നില്ല എന്ന് വേണം പറയാൻ.

ചാനൽ ഐലന്റ്സിലെ ജെഴ്സിയിൽ ഉള്ള ഞങ്ങളുടെ വസതിയിൽ ഏതാനും ദിവസങ്ങൾ ചെലവഴിക്കുവാനായി എന്റെ പത്നി ഡെനിസ് എത്തിയ സമയത്താണ് എനിക്ക് ആ ഫോൺ സന്ദേശം ലഭിക്കുന്നത്. ഒരു പ്രമുഖ ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാവിന് എന്റെ ഒരു പുസ്തകം സിനിമയാക്കുവാൻ അതിയായ താല്പര്യമുണ്ടത്രെ. എന്ന് വച്ചാൽ എത്രയും പെട്ടെന്ന് ഇംഗ്ലണ്ടിൽ ചിചെസ്റ്ററിലെ ഞങ്ങളുടെ വീട്ടിൽ തിരിച്ചെത്തേണ്ടിയിരിക്കുന്നു എന്ന് സാരം. പതിവ് പോലെ എയർ ടാക്സി കമ്പനിയിൽ ഫോൺ ചെയ്ത് ഞാൻ അന്വേഷിച്ചുവെങ്കിലും വിമാനങ്ങളൊന്നും തന്നെ ഒഴിവില്ല എന്ന മറുപടിയാണ് ലഭിച്ചത്. എങ്കിലും തങ്ങളാൽ കഴിയുന്ന സഹായം ചെയ്തുതരാമെന്ന് അവർ ഉറപ്പ് നൽകി. അല്പസമയത്തിന് ശേഷം, ബ്രിട്ടനിയുടെ തീരത്തെ ഗ്രാൻവിൽ എയർബേസിൽ കിടക്കുന്ന ഒരു സെസ്-310 വിമാനവും ഡ്യൂപോണ്ട് എന്നൊരു പൈലറ്റിനെയും ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞ് അവരുടെ കോൾ വന്നു. മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വാഗ്ദാനം സ്വീകരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. മാത്രവുമല്ല, അനുനിമിഷം മോശമായിക്കൊണ്ടിരുന്ന കാലാവസ്ഥയും എത്രയും പെട്ടെന്ന് ചാനൽ ഐലന്റ്സിൽ നിന്നും പുറത്ത് കടക്കുവാൻ ഞങ്ങളെ നിർബന്ധിച്ചു. പൈലറ്റിന്റെ പിന്നിലുള്ള സീറ്റായിരുന്നു ഞാൻ തെരഞ്ഞെടുത്തത്. ഡ്യൂവൽ കൺട്രോൾ സിസ്റ്റമുള്ള വിമാനം ആയിരുന്നു അത്. പരിചയ സമ്പന്നയായ ഒരു പൈലറ്റ് എന്ന നിലയിൽ എന്റെ ഭാര്യ, പൈലറ്റിനോടൊപ്പം വലതുവശത്തുള്ള സീറ്റാണ് തെരഞ്ഞെടുത്തത്. അതിന് ഏതായാലും ദൈവത്തിന് നന്ദി...

നിമിഷ നേരം കൊണ്ട് കനത്ത മൂടൽമഞ്ഞ് പരന്ന് എല്ലാം അദൃശ്യമാക്കും വിധമുള്ള കാലാവസ്ഥയാണ് പൊതുവേ ഇംഗ്ലീഷ് ചാനലിനും ചാനൽ ഐലന്റ്സിനും മുകളിൽ. അന്ന് രാവിലെ സംഭവിച്ചതും അതു തന്നെയായിരുന്നു. ജെഴ്സിയിൽ നിന്നുമുള്ള ടേക്ക് ഓഫ് സാധാരണ ഗതിയിലായിരുന്നു. പക്ഷേ, പത്ത് മിനിറ്റ് കഴിഞ്ഞതോടെ സ്ഥിതിഗതികൾ മാറി മറിഞ്ഞു.. കനത്ത മൂടൽമഞ്ഞ് ദ്വീപിനെ വിഴുങ്ങി. ഫ്രഞ്ച് തീരം മാത്രമല്ല, ഗ്വെൺസേയും പുകമറയിൽ അപ്രത്യക്ഷമായി.

ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെ സൗതാംപ്ടൺ ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഞങ്ങളുടെ പൈലറ്റ് ഡ്യൂപോണ്ടിനെ കണ്ടാൽ ഏതാണ്ട് അറുപതിനോട് അടുത്ത് പ്രായം തോന്നിക്കുമായിരുന്നു. നരച്ച മുടിയോടു കൂടിയ ഒരു സ്ഥൂലഗാത്രൻ. ഭാര്യയുടെ പിന്നിലെ സീറ്റിൽ ഇരിക്കുന്ന ഞാൻ അയാളുടെ പ്രവൃത്തികൾ വീക്ഷിച്ചുകൊണ്ടിരുന്നു. അയാളുടെ മുഖത്ത് വിയർപ്പിന്റെ ഒരു നേർത്ത ആവരണം കാണാനുണ്ട്.

ഹെഡ്ഫോൺ ധരിച്ചിരുന്ന ഡെനിസ് നീട്ടിയ സ്പെയർ ഹെഡ്ഫോൺ ഞാൻ ചെവിയിൽ വച്ചു. പൈലറ്റ് എയർട്രാഫിക്ക് കൺട്രോളുമായി ബന്ധം പുലർത്തിക്കൊണ്ടിരുന്ന സമയത്ത് അവളായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ഡ്യൂപോണ്ട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതും അവൾ എന്റെ നേർക്ക് തിരിഞ്ഞു.

അയ്യായിരം അടി ഉയരത്തിലാണ് നമ്മൾ ഇപ്പോൾ... കനത്ത മൂടൽമഞ്ഞാണ് താഴെ... സൗതാംപ്ടൺ എയർഫീൽഡ് കാണുവാനേ സാധിക്കുന്നില്ല... കിഴക്കൻ തീരത്തെ എല്ലാ എയർഫീൽഡുകളുടെ സ്ഥിതിയും ഇത് തന്നെയാണ്... ബോൺമൗത്ത് എയർഫീൽഡിൽ ഇറങ്ങുവാനാണ് ഇപ്പോൾ ശ്രമിക്കുന്നത്... വിജയിക്കുമോ എന്നറിയില്ല...” അവൾ പറഞ്ഞു.

ബെൽഫാസ്റ്റിലെ ബാല്യകാലമാണ് പെട്ടെന്ന് എനിക്കോർമ്മ വന്നത്. IRA യുടെ ബോംബിങ്ങിൽ നിന്നും പലപ്പോഴും ഞാൻ രക്ഷപെട്ടിരുന്നത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. പിന്നീട് ആർമിയിൽ സേവനം അനുഷ്ഠിക്കുമ്പോൾ നേരിട്ട അപകടങ്ങൾ... വരുന്നത് പോലെ വരട്ടെ എന്ന ചിന്തയോടെ എല്ലാത്തിനെയും നേരിടുവാനുള്ള മനോധൈര്യം സ്വായത്തമായത് കാലഘട്ടത്തിലായിരുന്നു. എൻജിനുകളുടെ മുരൾച്ചയിലും എന്റെ ഭാര്യയുടെ കഴിവിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് ഞാൻ പുഞ്ചിരിച്ചു. ബാർ ബോക്സിനുള്ളിൽ നിന്നും ഷാംപെയ്ൻ ബോട്ട് എടുത്ത് ഞാൻ പ്ലാസ്റ്റിക് ഗ്ലാസിലേക്ക് അല്പം പകർന്നു. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന ചിന്താഗതിക്കാരനായിരുന്നു ഞാൻ. പക്ഷേ, ഇത്തവണ സംഭവിച്ചത് നേരെ വിപരീതമായിരുന്നു.

കൃത്യമായി പറഞ്ഞാൽ നിമിഷമായിരുന്നു വലതുഭാഗത്തെ എൻജിൻ നിശ്ചലമായത്. ഹൃദയം നിലച്ച് പോകുന്ന നിമിഷം... എൻജിൻ പുറംതള്ളിയ കറുത്ത പുകയുടെ പ്രവാഹം നിമിഷങ്ങൾക്കകം അലിഞ്ഞ് അപ്രത്യക്ഷമായി.

കൺട്രോൾ പാനലുമായി ഗുസ്തി പിടിച്ചുകൊണ്ടിരുന്ന ഡ്യൂപോണ്ട് പല അഡ്ജസ്റ്റുമെന്റുകളും നടത്തി നോക്കിയെങ്കിലും അവയൊന്നും ഫലം കാണുകയുണ്ടായില്ല. വിമാനം പതുക്കെ താഴോട്ട് ഗ്ലൈഡ് ചെയ്യുവാൻ  തുടങ്ങിയിരുന്നു. അതിന്റെ പരിഭ്രമത്തിൽ അയാൾ ബോൺമൗത്തിലെ കൺട്രോൾ ടവറുമായി ഫ്രഞ്ച് ഭാഷയിൽ എന്തൊക്കെയോ വിളിച്ചു പറയുവാൻ തുടങ്ങി. എന്നാൽ പെട്ടെന്ന് തന്നെ എന്റെ ഭാര്യ അയാളുടെ നേർക്ക് കൈ ഉയർത്തിയിട്ട് മൈക്ക് സെറ്റ് വാങ്ങി തികഞ്ഞ ശാന്തതയോടെ സംസാരിക്കുവാൻ ആരംഭിച്ചു.

ഒരു മണിക്കൂർ കൂടി പറക്കുവാനുള്ള ഇന്ധനം ഉണ്ടെന്നാണ് തോന്നുന്നത്...” അവൾ റിപ്പോർട്ട് ചെയ്തു. “ഡൂ യൂ ഹാവ് എനി സജഷൻ...?”

എയർ ട്രാഫിക്ക് കൺട്രോളിൽ ആ സമയം ഒരു വനിത ആയിരുന്നു ഇരുന്നിരുന്നത്. അവരുടെ സ്വരവും തികച്ചും ശാന്തമായിരുന്നു.

ഉറപ്പൊന്നും പറയാൻ കഴിയില്ല... കോൺവാൾ ആയിരിക്കും കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു... കാരണം, അത് പൂർണ്ണമായും അടച്ചിട്ടില്ല... ലിസാർഡ് പോയിന്റ് തീരത്ത് കോൾഡ് ഹാർബർ എന്നൊരു ചെറിയൊരു മത്സ്യബന്ധന തുറമുഖമുണ്ട്... അതിന് സമീപത്തായി റോയൽ എയർഫോഴ്സ് രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു എയർസ്ട്രിപ്പുണ്ട്... വർഷങ്ങളായി ഉപയോഗത്തിൽ ഇല്ലാത്തതാണെങ്കിലും നിങ്ങൾക്കത് പ്രയോജനപ്പെട്ടേക്കും... നിങ്ങളുടെ ഡീറ്റെയ്ൽസ് എല്ലാ റെസ്ക്യൂ സർവീസുകൾക്കും ഇപ്പോൾത്തന്നെ ഞാൻ കൈമാറുകയാണ്... ഗുഡ് ലക്ക്...”

                                                     ***

അടുത്ത ഇരുപത് മിനിറ്റ് നേരത്തേക്ക് ഞങ്ങൾ 3000 അടി ഉയരത്തിലായിരുന്നു പറന്നു കൊണ്ടിരുന്നത്. ഇടയ്ക്കിടെ മുറിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ റേഡിയോ സന്ദേശങ്ങൾ മിക്കപ്പോഴും ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. മൂടൽമഞ്ഞിനാൽ ചുറ്റപ്പെട്ട് ബുദ്ധിമുട്ടുന്നതിനിടയിലാണ് പൊടുന്നനെ ശക്തിയായ മഴ ആരംഭിച്ചത്. ഡ്യൂപോണ്ട് അങ്ങേയറ്റം പരിഭ്രാന്തനായിക്കഴിഞ്ഞിരുന്നു. അയാളുടെ മുഖത്തെ വിയർപ്പ് തുള്ളികൾ ഇപ്പോൾ വളരെ വ്യക്തമായി കാണാനാകുന്നുണ്ട്. വളരെ കുറച്ച് മാത്രമേ അയാൾ റേഡിയോയിലൂടെ സംസാരിക്കുന്നുണ്ടായിരുന്നുള്ളൂ. അതും ഫ്രഞ്ച് ഭാഷയിൽ. റേഡിയോയുടെ കൺട്രോൾ വീണ്ടും ഡെനിസ് ഏറ്റെടുത്തു. പലയിടത്തു നിന്നും വരുന്ന സന്ദേശങ്ങളും ഇരമ്പലും എല്ലാം ചേർന്ന് അവ്യക്തമായിരുന്നു അവയെല്ലാം. പെട്ടെന്നാണ് ഇടിമിന്നലോടു കൂടിയ കാറ്റ് വീശുവാനാരംഭിച്ചത്. കാറ്റ് പിടിച്ചതോടെ വിമാനത്തിന് ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി.

തികഞ്ഞ ആത്മസംയമനത്തോടെ ഡെനിസ് ഞങ്ങളുടെ വിശദവിവരങ്ങൾ കൺട്രോൾ ടവറിലേക്ക് കൈമാറി. “പോസിബ്ൾ മെയ് ഡേ... അറ്റെംപ്റ്റിങ്ങ് എ ലാന്റിങ്ങ് അറ്റ് എയർസ്ട്രിപ്പ് അറ്റ് കോൾഡ് ഹാർബർ...”

പെട്ടെന്നാണ് റേഡിയോയിലെ ഇരമ്പൽ നിന്നതും വ്യക്തവും സ്ഫുടവുമായ ആ സന്ദേശം ശ്രവിച്ചതും. “ദിസ് ഈസ് റോയൽ നാഷണൽ ലൈഫ്ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ, കോൾഡ് ഹാർബർ, സെക്ക് ആക്ലന്റ് സ്പീക്കിങ്ങ്... നോ വേ യൂ ആർ ഗോയിങ്ങ് റ്റു ലാന്റ് ഹിയർ, ഗേൾ... കനത്ത മൂടൽമഞ്ഞാണ്... കൺമുന്നിലുള്ള സ്വന്തം കൈ പോലും എനിക്ക് കാണാൻ പറ്റുന്നില്ല...”

ഡ്യൂപോണ്ടിനെ സംബന്ധിച്ചിടത്തോളം അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു  അത്. പെട്ടെന്ന് ഒരു ഞരക്കത്തോടെ അദ്ദേഹത്തിന്റെ ശരീരമാസകലം വിറച്ചു. പിന്നെ തല ഒരു വശത്തേക്ക് ചരിഞ്ഞ് അയാൾ അബോധാവസ്ഥയിലായി. വിമാനം പൊടുന്നനെ ഒന്നുലഞ്ഞ് താഴോട്ടിറങ്ങി. എന്നാൽ തക്ക സമയത്ത് തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഡെനിസ് സാവധാനം ആൾടിറ്റ്യൂഡ് ലെവൽ ചെയ്തു. അല്പം മുന്നോട്ടാഞ്ഞ് ഞാൻ അയാളുടെ കഴുത്തിലെ നാഡിമിടിപ്പ് പരിശോധിച്ചു.

പൾസ് ഉണ്ട്... പക്ഷേ, വളരെ ദുർബലമാണ്... ഹാർട്ട് അട്ടാക്ക് ആണെന്ന് തോന്നുന്നു...”

ഡെനിസിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുവാൻ ഭാവിച്ച അയാളെ താങ്ങി പതുക്കെ ഞാൻ നേരെയിരുത്തി. തികഞ്ഞ ശാന്തതയോടെ അവൾ എന്നോട് പറഞ്ഞു. “അയാളുടെ സീറ്റിന്റെ അടിയിൽ ലൈഫ് ജാക്കറ്റ് ഉണ്ടാവും... അതെടുത്ത് അയാളെ ധരിപ്പിക്കൂ... പിന്നെ നിങ്ങളും ലൈഫ് ജാക്കറ്റ് അണിഞ്ഞോളൂ...”

വിമാനം ഓട്ടോമാറ്റിക്ക് മോഡിൽ ഇട്ടിട്ട് അവൾ സീറ്റിനടിയിൽ നിന്നും തന്റെ ലൈഫ് ജാക്കറ്റ് എടുത്ത് ധരിച്ചു. ഞാനാകട്ടെ, ഡ്യൂപോണ്ടിനെ ലൈഫ് ജാക്കറ്റ് അണിയിക്കുവാൻ കുറച്ച് പാട് പെടുക തന്നെ ചെയ്തു. ശേഷം എന്റെ ജാക്കറ്റും ധരിച്ചു.

അപ്പോൾ നാം വെള്ളം കുടിക്കുവാൻ തന്നെ പോകുകയാണെന്ന് ഉറപ്പിച്ചോ...?” ഞാൻ ചോദിച്ചു.

വേറെ മാർഗ്ഗമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല...” വിമാനം വീണ്ടും മാനുവൽ കൺട്രോളിലേക്ക് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

പക്ഷേ, ഇത് മാർച്ച് മാസമാണല്ലോ... സഹിക്കാൻ പറ്റാത്ത അത്ര തണുപ്പായിരിക്കും കടൽ വെള്ളത്തിന്...” സ്വതവേയുള്ള ദുഃസ്വഭാവമായ വായാടിത്തരം അടക്കി വയ്ക്കുവാൻ എനിക്കായില്ല.

ജസ്റ്റ് ഷട്ടപ്പ്...! ദിസ് ഈസ് ബിസിനസ്...” വിമാനം താഴ്ന്നു കൊണ്ടിരിക്കവെ പരുഷ സ്വരത്തിൽ പറഞ്ഞിട്ട് അവൾ മൈക്ക് എടുത്തു. “RNLI, കോൾഡ് ഹാർബർ... കടലിൽ ഇറങ്ങുവാൻ ഞങ്ങൾ നിർബ്ബന്ധിതരായിരിക്കുകയാണ്... പൈലറ്റാണെങ്കിൽ ഒരു ഹാർട്ട് അറ്റാക്ക് വന്ന് അബോധാവസ്ഥയിലുമാണ്...”

കനമുള്ള ആ സ്വരം വീണ്ടും റേഡിയോയിൽ എത്തി. “ഡൂ യൂ നോ വാട്ട് യൂ ആർ ഡൂയിങ്ങ്, ഗേൾ...?”

, യെസ്... പിന്നെ, ഒരു പാസഞ്ചറും കൂടിയുണ്ട് വിമാനത്തിൽ...”

ഞാൻ റോയൽ നേവി എയർ സീ റെസ്ക്യൂ വിഭാഗത്തിന് വിവരം കൈമാറിയിട്ടുണ്ട്... പക്ഷേ, ഈ നശിച്ച കാലാവസ്ഥയിൽ അവർക്ക് എത്രത്തോളം നിങ്ങളെ സഹായിക്കാനാവുമെന്ന് എനിക്കറിയില്ല... കോൾഡ് ഹാർബറിലെ ലൈഫ് ബോട്ട് ഇപ്പോൾത്തന്നെ കടലിലാണ്... അതിൽ നിന്നുമാണ് ഞാൻ സംസാരിക്കുന്നത്... നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം കഴിയുന്നിടത്തോളം കൃത്യമായി അറിയിക്കൂ...”

ഭാഗ്യവശാൽ,  സാറ്റലൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു GPS സിസ്റ്റം വിമാനത്തിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അത് നോക്കി അവൾ ഞങ്ങളുടെ സ്ഥാനം അദ്ദേഹത്തെ അറിയിച്ചു.

ഞങ്ങൾ നേരെ താഴോട്ട് വരികയാണ്...” അടുത്ത നിമിഷം അവൾ പറഞ്ഞു.

മൈ ഗോഡ്...! യൂ ഹാവ് ഗോട്ട് ഗട്ട്സ്, ഗേൾ... ഞങ്ങൾ ഇവിടെത്തന്നെയുണ്ടാകും... ഒട്ടും ഭയപ്പെടേണ്ട...” അദ്ദേഹം ധൈര്യം പകർന്നു.

വിമാനം പറത്തുമ്പോൾ ഉണ്ടാകാറുള്ള മിക്ക അനുഭവങ്ങളും ഭാര്യ എന്നോട് പങ്ക് വയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു ഫിക്സഡ് വിങ്ങ് ലൈറ്റ് ട്വിൻ എയർക്രാഫ്റ്റ് കടലിൽ ഇറക്കുമ്പോൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ച് ഞാൻ ബോധവാനായിരുന്നു. ലാന്റിങ്ങ് ഗിയർ റിലീസ് ചെയ്യാതെ ഫുൾ ഫ്ലാപ്പിൽ മിതമായ പവറിൽ വേണം ജലനിരപ്പിനെ സമീപിക്കുവാൻ. എന്നാൽ ഇവിടുത്തെ മുഖ്യ പ്രശ്നം ഒരു എൻജിൻ പ്രവർത്തിക്കുന്നില്ല എന്നതാണ്.

മിതമായ കാറ്റും ചെറു തിരകളുമാണെങ്കിൽ കാറ്റിനെതിരെ ഇറങ്ങുക... ശക്തിയായ കാറ്റും വലിയ തിരമാലകളുമാണെങ്കിൽ തിരകളുടെ മുകൾഭാഗത്തിന് സമാന്തരമായി ഇറങ്ങുക... എന്നാൽ താഴെ ഞങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. ഒന്നും തന്നെ കാണുവാൻ സാധിക്കാത്ത അവസ്ഥ.

ഡെനിസ് വിമാനത്തിന്റെ വേഗത കുറച്ചുകൊണ്ടിരുന്നു. താഴ്ന്നുകൊണ്ടിരിക്കവെ വിമാനത്തിന്റെ ആൾട്ടിമീറ്റർ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആയിരം അടി... അഞ്ഞൂറ് അടി... ഇല്ല... താഴെ ഒന്നും തന്നെ കാണാൻ പറ്റുന്നില്ല... മുന്നൂറ് അടി... ഇരുനൂറ്... നൂറ്... മഞ്ഞിനിടയിലൂടെ താഴെ അതാ കടൽ തെളിയുന്നു... ചെറു തിരമാലകൾ... കാറ്റിനെതിരെ നീങ്ങി അവൾ വിമാനത്തിന്റെ വേഗത വീണ്ടും കുറച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...