Saturday, February 22, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 50


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

നാല് എന്ന കാറ്റഗറിയിൽ വീശുന്ന കാറ്റ്. ഉയർന്നു പൊങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ ലൈവ്‌ലി ജെയ്ൻ അതിന്റെ പരമാവധി വേഗതയിൽ തെന്നിത്തെന്നി മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. നാൽപ്പത്തിയൊന്ന് അടി നീളവും പതിനഞ്ച് ടൺ ഭാരവുമുള്ള ഒരു വാട്സൺ ടൈപ്പ് ബോട്ട് ആയിരുന്നു അത്. മുപ്പത്തിയഞ്ച് ഹോഴ്സ് പവറിന്റെ രണ്ട് പെട്രോൾ എൻജിനുകളാണ് ബോട്ടിന്റെ ചാലകശക്തി. എട്ട് പേരാണ് ഇപ്പോൾ ക്രൂവിൽ ഉള്ളത്. മോശമായ കാലാവസ്ഥയിൽ പോലും അമ്പതോളം പേരെ വഹിക്കാനുള്ള ശേഷിയുണ്ടെന്നതാണ് ആ ബോട്ടിന്റെ ഗുണമേന്മ. മാത്രവുമല്ല, ഒരു സെൽഫ്-റൈറ്റിങ്ങ്ടൈപ്പ് ബോട്ട് കൂടിയാണത്. എന്ന് വച്ചാൽ ഏതെങ്കിലും കാരണവശാൽ തലകീഴായി മറിഞ്ഞാൽ പോലും തനിയെ നിവർന്ന് വരുവാൻ സാധിക്കും അതിന്. പിൻഭാഗത്തുള്ള കോക്ക്പിറ്റിൽ വീൽ നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ് സെക്ക് ആക്‌ലന്റ്. സഹപ്രവർത്തകർ എല്ലാം അവരവരുടേതായ സ്ഥാനങ്ങളിൽ നിലകൊണ്ടിരിക്കുന്നു. ഓയിൽസ്കിനും മഞ്ഞ ലൈഫ് ജാക്കറ്റും ധരിച്ച മോളി സോബെൽ അദ്ദേഹത്തിനരികിലായിത്തന്നെ നിൽക്കുന്നുണ്ട്. അവളുടെ കൈവശമുണ്ടായിരുന്ന മെഡിക്കൽ കിറ്റ് കൈയ്യെത്തും ദൂരത്ത് ഡെക്കിൽത്തന്നെ വച്ചിട്ടുണ്ട്.

അദ്ദേഹത്തെ രക്ഷപെടുത്താൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോ സെക്ക്...?” അവൾ ചോദിച്ചു.

പെട്ടെന്നാണ് ലൈവ്‌ലി ജെയ്ൻ ഒരു തിരയുടെ മുകളിൽ കയറി ഇടത്തോട്ട് വെട്ടിത്തിരിഞ്ഞത്. അതോടൊപ്പം വലിയൊരളവ് കടൽവെള്ളം ഡെക്കിലൂടെ ഒലിച്ചു പോയി. അടി തെറ്റിയ മോളി മുട്ടുകുത്തി ഡെക്കിൽ വീണു. എന്നാൽ ഒട്ടും സമയം പാഴാക്കാതെ തന്നെ സെക്ക് ഒരു  കൈയ്യാൽ അവളെ പിടിച്ചുയർത്തി. “നിന്റെ കാര്യം നോക്കാൻ എനിക്ക് ഒട്ടും സമയമില്ല കുട്ടീ... ആ മെഡിക്കൽ കിറ്റും എടുത്ത് താഴോട്ട് ചെല്ലൂ... എന്നിട്ട് പ്രാർത്ഥിച്ചു തുടങ്ങിക്കോളൂ...”

അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു കൊണ്ട് അവൾ താഴോട്ട് നടന്നു. ബോട്ടിന്റെ വേഗത ക്രമീകരിച്ച് സെക്ക് തിരമാലകളുമായി പൊരുതുവാൻ തയ്യാറെടുത്തു.

                                                            ***

തീനാളങ്ങൾ ഹാരീ... എനിക്ക് കാണാം അത്...” വേഗത കുറച്ചിട്ട് ഹാരിയുടെ വിമാനത്തിനൊപ്പം നീങ്ങിക്കൊണ്ട് മാക്സ് പറഞ്ഞു. “നിനക്ക് ചാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സഹോദരാ... അല്ലെങ്കിൽ തീ നിന്നെ വിഴുങ്ങും...”

ഒരു പൈലറ്റിന്റെ എപ്പോഴത്തെയും പേടിസ്വപ്നമാണത്. 1500 അടി ഉയരത്തിലാണ് ഹാരി ഇപ്പോൾ. “ശരിയാണ് സഹോദരാ... നിന്നോട് സംസാരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം... അടുത്ത തവണ സംസാരം ഇത്രയും നീണ്ടു പോകാതിരിക്കാൻ നമുക്ക് ശ്രദ്ധിയ്ക്കാം...”

പണ്ട് ഫോക്ക്സ്റ്റണിൽ സംഭവിച്ചത് ആവർത്തിക്കാൻ പോകുന്നു... തന്റെ ജംപ് ബാഗിന്റെ ലിങ്ക് അദ്ദേഹം കൈപ്പിടിയിൽ ഒതുക്കി. കോക്ക്പിറ്റിന്റെ ക്യാനോപ്പി തുറന്നിട്ട് സീറ്റ് ബെൽറ്റിന്റെ ബക്ക്‌ൾ ഊരി. വിമാനഭാഗങ്ങൾ കത്തിയെരിയുന്നതിന്റെ ഗന്ധം രൂക്ഷമായിരിക്കുന്നു. തന്റെ ഫ്ലൈയിങ്ങ് ബൂട്ട്സിന്റെ അടിഭാഗത്ത് തീനാമ്പുകൾ നക്കിത്തുടങ്ങിയിരിക്കുന്നു. വിമാനത്തെ ഒരു വശത്തേക്ക് ചരിച്ചിട്ട് അദ്ദേഹം പുറത്തേക്ക് വഴുതി വീണു.

സെക്ക് ആക്‌ലന്റിന്റെ സ്വരം മാക്സിന്റെ വിമാനത്തിലെ റേഡിയോ ചാനലിൽ കടന്നു വന്നു. “നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നുണ്ടോ വിങ്ങ് കമാൻഡർ...? നിങ്ങളുടെ പൊസിഷൻ തരാൻ സാധിക്കുമോ...?”

ആ ചോദ്യത്തിന് മറുപടി നൽകിയത് മാക്സ് ആയിരുന്നു. “ലിസൻ റ്റു മീ... ദിസ് ഈസ് യുവർ ഫ്രണ്ട്‌ലി ലോക്കൽ ലുഫ്ത്‌വാഫ് പൈലറ്റ് ഹിയർ... ഹീ ഹാസ് ജസ്റ്റ് ജംപ്ഡ്... നൗ ടേക്ക് ഡൗൺ ഹിസ് പൊസിഷൻ...” ഹാരിയുടെ കൃത്യമായ സ്ഥാനം പറഞ്ഞു കൊടുത്തിട്ട് മാക്സ് ഇടത്തോട്ട് വളച്ചെടുത്ത് വേഗത കുറച്ച് പാരച്യൂട്ടിനെ അനുഗമിക്കാനായി ആൾട്ടിറ്റ്യൂഡ് താഴ്ത്തി.

അറ്റ്ലാന്റിക്കിൽ നിന്നും വീശിയടിക്കുന്ന കാറ്റിനൊപ്പം മഴ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഉയർന്നു പൊങ്ങുന്ന തിരമാലകൾക്കൊപ്പം നുരയും പതയും നിറഞ്ഞ് പ്രക്ഷുബ്ധമാണ് കടൽ. ഭയാനകമായ കാഴ്ച്ച തന്നെ. “മൈ ഗോഡ്...! അവർ ഒരിക്കലും അവനെ കണ്ടെത്താൻ പോകുന്നില്ല...” മാക്സ് മന്ത്രിച്ചു. പെട്ടെന്നാണ് അദ്ദേഹത്തിന്റെ തലയിൽ ആ ബുദ്ധിയുദിച്ചത്. തന്റെ ഇടതുകാലിന് സമീപം വച്ചിരുന്ന ഡൈ ബാഗ് മാക്സ് വലിച്ചെടുത്തു. പിന്നെ കോക്ക്പിറ്റിന്റെ ക്യാനോപ്പി ശക്തിയായി വലിച്ച് തുറന്നിട്ട് വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് വീണ്ടും താഴ്ത്തുവാൻ ആരംഭിച്ചു.

                                                               ***

തിരമാലകൾക്ക് മുകളിലേക്ക് പതിച്ച ഹാരി വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ലൈഫ് ജാക്കറ്റ് ഇൻഫ്ലേറ്റ് ചെയ്തതിന് ശേഷം അദ്ദേഹം തന്റെ ദേഹത്ത് നിന്നും പാരച്യൂട്ടിന്റെ ബന്ധനം വേർപെടുത്തുവാൻ പ്രയത്നിച്ചു. വലിയൊരു തിരമാലയുടെ ഗർത്തഭാഗത്താണ് അദ്ദേഹം പൊന്തിയത്. പരിസരത്തുള്ള ഒന്നും തന്നെ കാണുവാനാകുന്നില്ല. ക്രമേണ ആ ഗർത്തം ഒരു തിരമാലയുടെ ശൃംഗമായി പരിണമിച്ചു. പുലർകാലത്തെ നേർത്ത വെട്ടത്തിൽ ദൂരെ കരയുടെ പച്ചപ്പ് ഒരു നിമിഷം അദ്ദേഹം കണ്ടു. ആകാശം കറുത്തിരുണ്ട മഴമേഘങ്ങളാൽ സമൃദ്ധം.

താൻ കടലിൽ  പതിച്ചതിന്റെ ഇടതുഭാഗത്ത് അൽപ്പം അകലെയായി ഇരുനൂറോ മുന്നോറോ അടി ഉയരത്തിൽ പറക്കുന്ന ആ ME109 നെ ഹാരി കണ്ടു. എന്തു ചെയ്യാനാണാവോ തന്റെ സഹോദരന്റെ ഉദ്ദേശ്യം എന്ന് അദ്ദേഹം അത്ഭുതം കൂറി. മാക്സ് ആകട്ടെ, വീണ്ടും വേഗത കുറച്ച് സ്റ്റാൾ ചെയ്തു കൊണ്ട് അവിശ്വസനീയമാം വിധം നൂറ് അടിയിലേക്ക് ആൾട്ടിറ്റ്യൂഡ് താഴ്ത്തി. പിന്നെ കൃത്യമായ കണക്കു കൂട്ടലിനൊടുവിൽ കോക്ക്പിറ്റിൽ നിന്നും പുറത്തേക്ക് കുനിഞ്ഞ് ആ ഡൈ ബാഗ് താഴേക്ക് ഇട്ടു. ഹാരിയുടെ ഏതാണ്ട് അമ്പത് അടി അകലെയായി വന്നു പതിച്ച ആ ബാഗിൽ നിന്നും തൂവിയ മഞ്ഞച്ചായം കടൽവെള്ളത്തിൽ പരക്കുവാൻ തുടങ്ങി.

ചായം വീണ ഇടത്തേക്ക് നീന്തുവാൻ ഹാരി പാടു പെടവെ മാക്സ് വിമാനത്തിന്റെ വേഗത കൂട്ടി. കോളം പിറകോട്ട് വലിച്ച് വിമാനത്തെ അദ്ദേഹം ആയിരം അടിയിലേക്ക് ഉയർത്തി. അവിടെ നിന്നും അദ്ദേഹത്തിന് അത് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. വടക്ക് ഭാഗത്ത് ഏതാണ്ട് ഒരു മൈൽ അകലെയായി തിരമാലകളെ ഭേദിച്ച് മുന്നേറുന്ന ലൈവ്‌ലി ജെയ്നിനെ.

വാലറ്റത്ത് സ്വസ്തിക അടയാളവുമായി തങ്ങളുടെ മുകളിലൂടെ കടന്നുപോയ ആ കറുത്ത വിമാനത്തെ കണ്ടതും ലൈഫ്ബോട്ട് ക്രൂവിലെ ചിലർ നിരാശയും ഭയവും കലർന്ന സ്വരത്തിൽ ഒച്ചയെടുത്തു.

റേഡിയോയിലൂടെ മാക്സ് അവരെ വിളിച്ചു. “ലൈവ്‌ലി ജെയ്ൻ... ലിസൻ റ്റു മീ... ഹീ ഈസ് എ മൈൽ ഡ്യൂ സൗത്ത് ഓഫ് യൂ...  ഐ ഡ്രോപ്പ്ഡ് മൈ ഡൈ ബാഗ്, സോ ലുക്ക് ഫോർ ദി യെല്ലോ സ്റ്റെയ്‌ൻ... ഐ വിൽ സർക്ക്‌ൾ ഹിം റ്റിൽ യൂ ഗെറ്റ് ദേർ... ആന്റ് ഗെറ്റ് ഇറ്റ് റൈറ്റ്, ഓർ ഐ വിൽ ബ്ലോ യൂ ഔട്ട് ഓഫ് ദി വാട്ടർ...”

ഓൾറൈറ്റ്, യൂ ബാസ്റ്റഡ്... ഐ ഡോണ്ട് നോ വാട്ട് യുവർ ഗെയിം ഈസ്... ബട്ട് വീ വിൽ ബീ ദേർ...” സെക്കിന്റെ മറുപടി കേട്ട മാക്സ് അടുത്ത റൗണ്ടിനായി ദൂരേയ്ക്ക് മാറി. ഹാരിയെ കണ്ടുപിടിക്കുവാനുള്ള കഠിനപ്രയത്നത്തിലായിരുന്നു സെക്ക് ആക്‌ലന്റ്. അതിനിടയിൽ രണ്ട് നിമിഷം കഴിഞ്ഞപ്പോഴാണ് അദ്ദേഹം അത്ഭുതം കൂറിയത്... “അല്ല... ആ ലുഫ്ത്‌വാഫ് പൈലറ്റ് എന്നോട് സംസാരിച്ചത് ഇംഗ്ലീഷിലായിരുന്നല്ലോ...!”

                                                       ***

“എന്തൊരു തണുപ്പാണിത്...!” ഹാരി ശപിച്ചു. ഫോക്ക്സ്റ്റണിലെ വെള്ളത്തെക്കാൾ തണുപ്പ്... പൊങ്ങിയും താഴ്ന്നും നീങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ ഒരു കോർക്ക് കണക്കെ ഹാരി തെന്നി തെന്നി നീങ്ങി. ദേഹത്ത് ബന്ധിച്ചിരുന്ന ജംപ് ബാഗ് അദ്ദേഹത്തെ അനുഗമിച്ചു.

“ഇതൊട്ടും നല്ല ലക്ഷണമല്ല... ഒട്ടും തന്നെ...” ജംപ് ബാഗ് അരികിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് ഹാരി പറഞ്ഞു. പൊടുന്നനെ ഒരു എൻജിന്റെ ശബ്ദം കേട്ട് അദ്ദേഹം മുകളിലേക്ക് നോക്കി.

താഴ്ന്ന് പറക്കുന്ന മാക്സ് അദ്ദേഹം കിടക്കുന്ന പോയിന്റിന് മുകളിലായി ഒരു വട്ടം കൂടി സർക്ക്‌ൾ ചെയ്തു.

“സില്ലി ഡാംൻ ഫൂൾ...” ഹാരി മന്ത്രിച്ചു. “പോകാൻ നോക്കൂ മാക്സ്... ഇവിടെ നിന്ന് പുറത്ത് കടക്കാൻ നോക്കൂ...”

വന്യമായി ഉയർന്ന് പൊങ്ങുന്ന തിരമാലകളുടെ ഇളക്കത്തിൽ മഞ്ഞച്ചായം കുറേക്കൂടി വിസ്താരത്തിൽ പടർന്നു. ആ വൃത്തത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലായിട്ടാണ് ഹാരി ഇപ്പോൾ കിടക്കുന്നത്. ഉയർന്ന് പൊങ്ങിയ ഒരു തിരയുടെ മുകളിൽ എത്തിയ അദ്ദേഹം കണ്ടത് വെറും നൂറ് വാര അകലെ ഇടതുഭാഗത്ത് പ്രത്യക്ഷപ്പെട്ട ലൈവ്‌ലി ജെയ്നിനെയാണ്. അടുത്ത നിമിഷം തിരയുടെ ഗർത്തഭാഗത്ത് ആയിപ്പോയ അദ്ദേഹം വീണ്ടും തിരയുടെ മുകൾഭാഗത്തേക്ക് എടുത്തെറിയപ്പെട്ടു. ഇത്തവണ തന്റെ തൊട്ടടുത്ത് ആയിരുന്നു ആ ബോട്ടിന്റെ സ്ഥാനം.

അദ്ദേഹം വല്ലാതെ ക്ഷീണിതനായിരുന്നു. ബോട്ടിലേക്ക് എത്തിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരയിൽ ലൈഫ്‌ലൈൻ ബന്ധിക്കപ്പെട്ട രണ്ടു പേർ വെള്ളത്തിലേക്ക് ചാടി ഹാരിയെ ചേർത്തു പിടിച്ചു. മുകളിൽ നിന്ന് ഇറക്കിക്കൊടുത്ത ലാഡറിൽ ബന്ധിച്ച അദ്ദേഹത്തെ അവർ മുകളിലേക്ക് വലിച്ചു കയറ്റി. റെയിലിന് മുകളിലൂടെ കോക്ക്പിറ്റിന് പിന്നിലെ ഡെക്കിൽ എത്തിയ ഹാരി മുട്ടുകുത്തിയിരുന്നു കൊണ്ട് ഛർദ്ദിക്കുവാനാരംഭിച്ചു. അതുവരെ കുടിച്ച ഉപ്പുവെള്ളം അത്രയും...

ഓടി അരികിലെത്തിയ മോളി അദ്ദേഹത്തിനരികിൽ വന്ന് ഇരുന്നു. “നിങ്ങളുടെ മുഖത്ത് മുറിവുണ്ടല്ലോ...  വരൂ, താഴേയ്ക്ക് പോകാം... ഡ്രെസ്സിങ്ങ് ആവശ്യമാണ്...”

ആ നിമിഷമാണ് റേഡിയോയുടെ സ്പീക്കർ വീണ്ടും ശബ്ദിച്ചത്. “ഹേയ്, യൂ ഗോട്ട് ഹിം...?”

“യെസ്... താങ്ക്സ് റ്റു യൂ... നിങ്ങൾ ആരായിരുന്നാലും ശരി...” സെക്ക് പറഞ്ഞു.

ഹാരി അവിടെ ഇരുന്നു കൊണ്ട് കൈ നീട്ടി. “ആ മൈക്ക് എനിക്കൊന്ന് തരൂ...” അദ്ദേഹം മൈക്ക് കൈയ്യെത്തി പിടിച്ചു. “മാക്സ്... ഇറ്റ്സ് മീ...”

“ഐ ലവ് യൂ ഹാരീ...”

“ആന്റ് ഐ ലവ് യൂ... ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ... മൂട്ടിയോട് വളരെയധികം ശ്രദ്ധിക്കണമെന്ന് പറയണം...”

ആ ME109 തിരിഞ്ഞ് ദൂരേയ്ക്ക് പറന്നകന്നു. ഉയരത്തിലേക്ക്... ഇരുണ്ട മേഘക്കൂട്ടങ്ങൾ തുളച്ച് കൂടുതൽ ഉയരങ്ങളിലേക്ക് കയറുന്ന വിമാനത്തെ നോക്കിക്കൊണ്ട് ഹാരി ഇരുന്നു.

ക്രൂവിലെ ഒരു അംഗം ഹാരിയെ പിടിച്ചെഴുന്നേൽപ്പിച്ചു. ചുമലിലൂടെ കൈ ഇട്ട് മോളി അദ്ദേഹത്തെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. “ആരായിരുന്നു അത്...?” സെക്ക് ചോദിച്ചു. “വാട്ട് വാസ് ഹീ പ്ലേയിങ്ങ് അറ്റ്...? സംസാരം കേട്ടിട്ട് ഒരു അമേരിക്കക്കാരനെപ്പോലെ തോന്നി...” പിന്നെ പുരികം ചുളിച്ചു. “അല്ല, നിങ്ങളുടെ അതേ സ്വരമായിരുന്നല്ലോ അയാളുടേതും...!”

“അത് പിന്നെ അങ്ങനെയല്ലേ വരൂ...” ഹാരി പറഞ്ഞു. “എന്റെ സഹോദരൻ മാക്സ് ആയിരുന്നു അത്... എന്റെ ഇരട്ട സഹോദരൻ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, February 16, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 49


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അന്നത്തെ സായാഹ്നം. ലൈബ്രറിയിലെ മാപ്പ് ടേബിളിന് ചുറ്റും കൂടിയിരിക്കുകയാണ് എല്ലാവരും. ഇംഗ്ലീഷ് ചാനലിന്റെ ഫ്രഞ്ച് തീരത്തിന്റെ വലിയൊരു ഭൂപടം മേശമേൽ നിവർത്തിയിട്ടിട്ടുണ്ട്. ജാലകത്തിൽ മഴയുടെ ചെണ്ടമേളം.

ഗ്രൂവൈൽ എന്ന ഈ ഗ്രാമത്തിൽ നിന്നും രണ്ട് മൈൽ അകലെയാണ് നമ്മുടെ ടാർഗറ്റ്...” ഭൂപടത്തിൽ വിരൽ തൊട്ടു കാണിച്ച് മൺറോ പറഞ്ഞു. “ഗ്രാന്റ്, ഞാൻ പറഞ്ഞല്ലോ, ഒരു കേണൽ ജോബർട്ടിനെയാണ് നമുക്ക് പിക്ക് ചെയ്യേണ്ടത്... ജനറൽ ചാൾസ് ഡിഗോളിന് വളരെ വേണ്ടപ്പെട്ടയാൾ... കഴിഞ്ഞ കുറേ ആഴ്ച്ചകളായി ഗെസ്റ്റപ്പോ അദ്ദേഹത്തിന്റെ പിന്നാലെയാണ്... അദ്ദേഹത്തെ എങ്ങനെയും അവിടെ നിന്ന് പുറത്ത് എത്തിച്ചേ തീരൂ...”

അതെ... നമ്മുടെ പ്ലാൻ അനുസരിച്ച് പാതിരാത്രിയോടെയാണ് ദൗത്യത്തിനായി ഞാൻ പോകേണ്ടത്... നിലാവെട്ടം ഉണ്ടാകുമെന്നതു കൊണ്ട് എനിക്ക് അകമ്പടി സേവിക്കാൻ വിങ്ങ് കമാൻഡർക്ക് എളുപ്പവുമായിരിക്കും... എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥാ പ്രവചനം വച്ച് നോക്കിയാൽ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു... വെതർ റിപ്പോർട്ട് പ്രകാരം യാതൊരു പുരോഗതിയും കാണുന്നില്ല...” ഗ്രാന്റ് പറഞ്ഞു.

പൈപ്പിനുള്ളിലെ പുകയിലയ്ക്ക്  തീ കൊളുത്തിയിട്ട് സെക്ക്  ആക്‌ലന്റ് നെരിപ്പോടിനരികിൽ നിന്നും തിരിഞ്ഞു. “പതിവ് പോലെ തെറ്റാണ് വെതർ റിപ്പോർട്ട്... നാല് അഞ്ച് എന്ന നിലയിലുള്ള കാറ്റും ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ മഴയും കാരണം പുലർച്ചെ മുന്നര നാല് മണിയോടെ മൂടൽ മഞ്ഞ് അപ്രത്യക്ഷമാകുമെന്നാണ് എന്റെ കണക്കുകൂട്ടൽ... അങ്ങോട്ടും ഇങ്ങോട്ടും കൂടി നാൽപ്പത്തിയഞ്ച് മിനിറ്റ് നേരം പറന്നാൽ മതിയാവുമല്ലോ നിങ്ങൾക്ക്...? പ്രഭാതമാകുന്നത് വരെയും തെളിഞ്ഞ മാനവും നിലാവെട്ടവും നിങ്ങൾക്ക് ലഭിക്കും... പിക്ക് ചെയ്യപ്പെടേണ്ട ആൾക്ക് അതുവരെ കാത്തുനിൽക്കാമെങ്കിൽ തീർച്ചയായും അദ്ദേഹത്തെ അവിടെ നിന്നും പുറത്ത് എത്തിക്കാനാവും...”

ഇതിനാണ് എക്സ്പീരിയൻസ് എന്ന് പറയുന്നത്...” മൺറോ പറഞ്ഞു. “നമുക്ക് റേഡിയോ കോൺടാക്റ്റ് ഉണ്ടല്ലോ... പിക്കപ്പ് ടൈം മുന്നോട്ട് നീക്കുന്നത് കൊണ്ട് എനിക്ക് യാതൊരു വിരോധവുമില്ല...” അദ്ദേഹം ഹാരിയുടെ നേർക്ക് നോക്കി. “നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അതുകൊണ്ട്...?”

ഒരു പ്രശ്നവുമില്ല...” ഹാരി പറഞ്ഞു. “പക്ഷേ, ഒരേയൊരു കാര്യം... അപ്പോഴേക്കും പ്രഭാതമായിരിക്കും... എന്ന് വച്ചാൽ നമ്മുടെ നീക്കങ്ങൾ ശത്രുപക്ഷത്തിന്റെ ദൃഷ്ടിയിൽ പെടാനുള്ള വളരെയേറെയായിരിക്കും...”

അത് നിരീക്ഷിക്കാനാണല്ലോ നിങ്ങളെ അകമ്പടി ആയി അയയ്ക്കുന്നത്...” മൺറോ പറഞ്ഞു. “അപ്പോൾ അതിന് തീരുമാനമായി... ലെറ്റ്സ് ഹാവ് ഡിന്നർ...”

സെക്ക് പറഞ്ഞത് നൂറ് ശതമാനവും  ശരിയായിരുന്നു. നിർത്താതെ പെയ്തുകൊണ്ട് മഴയും അകമ്പടിയായി കാറ്റും പാതിരാത്രി കഴിയുന്നത് വരെയും തുടർന്നുകൊണ്ടിരുന്നു. അതോടെ മൂടൽമഞ്ഞ് ക്രമേണ കുറഞ്ഞു വന്നു. തെളിഞ്ഞു തുടങ്ങിയ മാനത്ത് ചന്ദ്രക്കല വെളിച്ചം വിതറിക്കൊണ്ട് നിന്നു. ഗ്രാന്റ് ആണ് എയർഫീൽഡിൽ നിന്നും ആദ്യം ടേക്ക് ഓഫ് ചെയ്തത്. ആകാശത്തിലേക്കുയർന്ന ആ ലൈസാൻഡർ കടലിന് മുകളിലേക്ക് തിരിഞ്ഞ് കൂടുതൽ ഉയരങ്ങളിലേക്ക് കയറി.

സാധാരണ നിലയിൽ അത്തരം വിമാനങ്ങൾ ആയുധ സജ്ജമായിരിക്കും. അണ്ടർ കാര്യേജിന് ഇരുവശങ്ങളിലുമായി രണ്ട് 20mm ഹിസ്പാനോ പീരങ്കികൾ, വീൽ ഫെയറിങ്ങ്സിൽ ഒരു 0.303 ബ്രൗണിങ്ങ് മെഷീൻ ഗൺ എന്നിങ്ങനെ. എന്നാൽ അതൊക്കെ നിരീക്ഷണ പറക്കൽ നടത്തുവാൻ ഉപയോഗിച്ചിരുന്ന വിമാനമായിരുന്നപ്പോഴായിരുന്നു. അടുത്ത കാലത്ത് സ്പെഷൽ ഡ്യൂട്ടീസിന് വേണ്ടി പരിഷ്കരിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ ആയുധ സന്നാഹങ്ങളെല്ലാം അഴിച്ചു മാറ്റിയിരുന്നു. ലാൻഡ്മാർക്കുകൾ നോക്കി റഡാർ ഹൈറ്റിലും താഴെ വളരെ താഴ്ന്ന ആൾട്ടിറ്റ്യൂഡിൽ പറക്കുവാനാണ് ഇപ്പോൾ അത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

പതിനഞ്ച് മിനിറ്റിന് ശേഷം ടേക്ക് ഓഫ് ചെയ്ത ഹാരി 2000 അടി ഉയരത്തിൽ സ്റ്റാൾ ചെയ്ത് 300 മൈൽ സ്പീഡിൽ ലൈസാൻഡറിന്റെ പാത പിന്തുടർന്നു. മിനിറ്റുകൾക്കകം തന്നെ ഒപ്പമെത്തിയ അദ്ദേഹത്തിന് തന്റെ താഴെയായി പറക്കുന്ന ലൈസാൻഡറിനെ കാണുവാൻ സാധിച്ചു. ആൾട്ടിറ്റ്യൂഡ് കുറച്ച് ഒരു വശത്തേക്ക് മാറി അൽപ്പനേരം അതിനൊപ്പം പറന്നിട്ട് വീണ്ടും 2000 അടിയിലേക്ക് ഉയർന്ന് കയറി തന്റെ വ്യോമപഥം സുസ്ഥിരമാക്കി.

ഫ്രഞ്ച് തീരം കടന്ന് അവർ കരയിലേക്ക് പ്രവേശിച്ചു. “L” ആകൃതിയിൽ അറേഞ്ച് ചെയ്ത സൈക്കിൾ ടോർച്ചുകൾ കൊണ്ട് ടാർഗറ്റ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ട് ഹാരി ആകാശത്തിൽ വട്ടം വട്ടം ചുറ്റവേ ലാന്റ് ചെയ്യുവാനായി ഗ്രാന്റ് ലൈസാൻഡറിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ചു. അപ്പോഴേക്കും നിലാവെട്ടം അരുണോദയത്തിന് വഴിമാറി തുടങ്ങിയിരുന്നു.

                                                             ***

അവിടെ നിന്നും വെറും ഇരുപത് മൈൽ മാത്രം അകലെയുള്ള ഫെർമൻവൈൽ എയർഫീൽഡിൽ നൈറ്റ് ഷിഫ്റ്റിലായിരുന്ന മാക്സും രണ്ട് സഹപ്രവർത്തകരും ചീട്ട് കളിച്ചുകൊണ്ടിരിക്കെയാണ് പൊടുന്നനെ അലാറം അടിച്ചത്.

വീ ഹാവ് ട്രാഫിക്ക്... വീ ഹാവ് ട്രാഫിക്ക്... റ്റൂ ടാർഗറ്റ്സ്... പെട്ടെന്ന് തന്നെ ടേക്ക് ഓഫ് ചെയ്യുക... കൃത്യമായ സ്ഥാനം ഉടൻ തന്നെ തരുന്നതായിരിക്കും...” കൺട്രോളർ ശാന്തസ്വരത്തിൽ പറഞ്ഞു.

ഫ്ലൈയിങ്ങ് ഡ്രെസ്സിൽ ആയിരുന്ന മാക്സും കൂട്ടുകാരും വാതിൽ തുറന്ന് തങ്ങളുടെ ME109 ഫൈറ്റർ വിമാനങ്ങൾക്കരികിലേക്ക് കുതിച്ചു. അവിടെയുണ്ടായിരുന്ന സെർജന്റിന്റെ കൈയിൽ നിന്നും പാരച്യൂട്ട് വാങ്ങി ശരീരത്തിൽ ഘടിപ്പിച്ചിട്ട് ഫ്ലൈയിങ്ങ് ഹെൽമറ്റ് എടുത്ത് തലയിൽ വച്ചു. പിന്നെ ഒന്നോ രണ്ടോ നിമിഷങ്ങൾ കൂടിയേ വേണ്ടി വന്നുള്ളൂ.  ഫ്ലൈറ്റ് ലീഡർ ആയതുകൊണ്ട് മാക്സ് ആണ് ആദ്യം ടേക്ക് ഓഫ് ചെയ്തത്. തൊട്ടു പിന്നാലെ മറ്റ് രണ്ടു പേരുടെയും വിമാനങ്ങളും ആകാശത്തേക്കുയർന്നു.

                                                             ***

പ്രഭാതം ആയതോടെ മേഘങ്ങൾ വീണ്ടും ഒഴുകിയെത്തി. തിരികെ കോൾഡ് ഹാർബറിലേക്കുള്ള യാത്രയിലാണ് ഹാരി. കോക്ക്പിറ്റിന്റെ ക്യാനോപ്പിയിൽ മഴത്തുള്ളികൾ ചരൽവർഷം തുടങ്ങിയിരിക്കുന്നു. ചിന്നി ചിതറിയ നിലയിൽ കിടക്കുന്ന മേഘശകലങ്ങൾക്കിടയിലൂടെ 3000 അടി ഉയരത്തിൽ പറന്ന് വൈഡ് കർവ് എടുക്കുമ്പോൾ വളരെ താഴെയായി പറക്കുന്ന ലൈസാൻഡറിനെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഏതാനും മൈലുകൾ അകലെ മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും ചീറിയെത്തിയ ഒരു ME109 ലൈസാൻഡറിന് നേർക്ക് കുതിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചത്.

ഹാരി തന്റെ ആൾട്ടിറ്റ്യൂഡ് കുറച്ചു. 400 മൈൽ വേഗതയിൽ തന്നെയാണ് അദ്ദേഹം അത് ചെയ്തത്. തന്റെ വലതുഭാഗത്തായി നിഴൽ പോലെ എന്തോ പ്രത്യക്ഷപ്പെട്ടത് അദ്ദേഹം അറിയാതിരുന്നില്ല. എന്ന് വച്ചാൽ മറ്റൊരു ME109 കൂടി...! പക്ഷേ, ഇത് കളിക്കുവാനുള്ള സമയമല്ല... താഴെ പറക്കുന്ന ലൈസാൻഡറിന് സുരക്ഷയൊരുക്കുകയാണ് മുഖ്യം. ആദ്യത്തെ MEയുടെ പിന്നിൽ കുതിച്ചെത്തിയ ഹാരി തന്റെ നാല് ഹിസ്പാനോ പീരങ്കികളും പ്രവർത്തിപ്പിച്ചു. ആ വിമാനത്തിന്റെ പിൻഭാഗം ഏതാണ്ട് മുഴുവാനായിത്തന്നെ ചിതറി തെറിക്കുന്നത് അദ്ദേഹം കണ്ടു. എന്നാൽ തന്റെ വലതു ഭാഗത്തു കൂടി ന്ന ME109 ൽ നിന്നും ഉതിർന്ന വെടിയുണ്ടകൾ ഹെരിക്കെയ്നിന്റെ ഫ്യൂസലേജിൽ കൊള്ളുക തന്നെ ചെയ്തു. കോക്ക്പിറ്റിന്റെ ഒരു ഭാഗവും വിൻഡ് സ്ക്രീനും തകർന്നു. ചിന്നിച്ചിതറിയ ചില്ലുകളിലൊന്ന് അദ്ദേഹത്തിന്റെ ഇടതു കവിളിൽ മുറിവേൽപ്പിച്ചു കൊണ്ട് തെറിച്ചു പോയി. വിമാനത്തെ വീശിയെടുത്ത് ഒന്ന് കരണം മറിഞ്ഞ ഹാരി ആ ME109 തൊട്ടരികിലെത്തിയതും തന്റെ പീരങ്കികൾ പ്രവർത്തിപ്പിച്ചു. അടുത്ത നിമിഷം ആ ലുഫ്ത്‌വാഫ് വിമാനം ഒരു അഗ്നിഗോളമായി മാറി.

                                                      ***

800 അടി ഉയരത്തിൽ മടക്കയാത്രയിലാണ് ലൈസാൻഡർ. തീരത്തേക്ക് ഇനി പതിനഞ്ച് മൈൽ കൂടിയേ ഉള്ളൂ. മുകളിലേക്ക് നോക്കിയ ഗ്രാന്റ് എല്ലാം കാണുന്നുണ്ടായിരുന്നു. തങ്ങളുടെ പിന്നാലെ കുതിച്ചെത്തിയ ഒരു ME109 തകർന്ന് വീഴുന്നതും അകമ്പടി സേവിക്കുന്ന ഹാരിയെ ആക്രമിക്കാൻ തുനിഞ്ഞ മറ്റൊരു ME109 അഗ്നിഗോളമായി മാറുന്നതും എല്ലാം. എന്നാൽ മറ്റൊരു കാഴ്ച്ച കണ്ട് അയാൾ അമ്പരക്കുക തന്നെ ചെയ്തു. പുക തുപ്പിക്കൊണ്ട് നീങ്ങുന്ന ഹാരിയുടെ ഹരിക്കെയ്ൻ വിമാനത്തെ ലക്ഷ്യമാക്കി മേഘക്കൂട്ടത്തിനിടയിൽ നിന്നും വേറൊരു ME109 പ്രത്യക്ഷമാകുന്നു.

“വീണ്ടും പ്രശ്നമാണല്ലോ...” കേണൽ ജോബർട്ട് പറഞ്ഞു. “ഐ ഹാവ് നെവർ സീൻ സച്ച് എ തിങ്ങ്...”

“അദ്ദേഹത്തിന് രക്ഷപെടണമെങ്കിൽ ഇനിയെന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കണം...” ഗ്രാന്റ് പറഞ്ഞു. പിന്നെ മൈക്ക് എടുത്ത് കോൾഡ് ഹാർബർ എയർസ്ട്രിപ്പുമായി ബന്ധപ്പെട്ടു. “എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ ഫിഫ്റ്റീൻ മിനിറ്റ്സ്... പക്ഷേ, ഒപ്പമുള്ള ഹരിക്കെയ്ന് കനത്ത നാശനഷ്ടമാണ് ഏറ്റിട്ടുള്ളത്... സഹായത്തിന് ലൈഫ്ബോട്ട് ഇറക്കുവാൻ അഭ്യർത്ഥിക്കുന്നു...”

                                                            ***

ഒരു വൈഡ് സ്വീപ്പ് എടുത്തു കൊണ്ടിരിക്കവെ ദൂരെ നിന്നും എല്ലാം കാണുന്നുണ്ടായിരുന്നു മാക്സ്. പോരാട്ടം മോശമല്ല.  ഒന്നിന് പിറകെ ഒന്നായി തന്റെ സഹപ്രവർത്തകരുടെ വിമാനങ്ങൾ താഴോട്ട് വീഴുന്നത് അദ്ദേഹം കാണുക തന്നെ ചെയ്തു. ഒരു വട്ടം കൂടി സ്വീപ്പ് ചെയ്ത് കരണം മറിഞ്ഞ്, കറുത്ത പുക വമിച്ചു കൊണ്ട് പോകുന്ന ആ ഹരിക്കെയ്നെ ആക്രമിക്കുവാനായി അദ്ദേഹം തയ്യാറെടുത്തു. പീരങ്കി പ്രവർത്തിപ്പിച്ച് അതിനെ തീർക്കുവാൻ തന്നെ തീരുമാനിച്ചാണ് മാക്സ് അതിനടുത്ത് എത്തിയത്.

ഹരിക്കെയ്നിന്റെ വേഗത കുറഞ്ഞതോടെ മാക്സ് വേഗത കുറച്ച് ആ വിമാനത്തിന്റെ ഇടതുഭാഗത്ത് നിലയുറപ്പിച്ചു. RAF വിമാനങ്ങളുടെ കമ്യൂണിക്കേഷനുകൾ ടാപ്പ് ചെയ്യുവാനായി ഡിസൈൻ ചെയ്തിരുന്ന സെക്കൻഡറി ചാനൽ അദ്ദേഹം സ്വിച്ച് ഓൺ ചെയ്തു.

“ഹേയ് റ്റോമീ... നിനക്ക് പുറത്തേക്ക് ചാടാനുള്ള സമയമായി... ഇല്ലെങ്കിൽ ബാർബിക്യുവിൽ എന്നത് പോലെ മൊരിയും നീ...” മാക്സ് വിളിച്ചു പറഞ്ഞു.

ഹാരിയ്ക്ക് തന്റെ ഹെഡ്ഫോണിൽ കേട്ട സ്വരം ആരുടേതാണെന്ന് മനസ്സിലാക്കാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. തന്റെ കൂടപ്പിറപ്പിന്റെ സ്വരം...!

“ഹലോ മാക്സ്... കുറേ നാളായല്ലോ തമ്മിൽ കണ്ടിട്ട്...” ഹാരി മറുപടി കൊടുത്തു.

“മൈ ഗോഡ്...! ഹാരീ, നീയോ...?” ഹരിക്കെയ്ൻ വീണ്ടും താഴോട്ട് പോകവെ മാക്സ് ചോദിച്ചു. അദ്ദേഹത്തിന് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല.

“തീരം വരെ എത്താൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?” മാക്സ് ചോദിച്ചു.

“സാദ്ധ്യത കുറവാണ്... എങ്കിലും ഞാൻ ഒന്ന് ശ്രമിച്ചു നോക്കാൻ പോകുകയാണ്...” മുഖത്ത് ഏറ്റ മുറിവ് വേദനിച്ചു തുടങ്ങിയിരുന്നു അപ്പോഴേക്കും. “വിമാനത്തിന്റെ നിയന്ത്രണം എളുപ്പമല്ലെന്നാണ് തോന്നുന്നത്... മൂട്ടി എന്തു പറയുന്നു മാക്സ്...?” ഹാരി ചോദിച്ചു.

“ദൈവത്തെയോർത്ത്, ഹാരീ...”

“മൂട്ടിയോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞേക്കൂ... ഒരു അവസരം കിട്ടാൻ കാത്തിരിക്കുകയാണ് ഹിംലർ എന്നാണ് ഞാൻ കേട്ടത്...” ഹാരി പറഞ്ഞു.

“ഹാരീ... ശ്രദ്ധിച്ച്... നിന്റെ വിമാനത്തിന്റെ ഫ്യൂസലേജ് അടർന്ന് വീണു തുടങ്ങി...”

ആ നിമിഷമാണ് സെക്ക് ആക്‌ലണ്ടിന്റെ സ്വരം റേഡിയോയിൽ കയറി വന്നത്. “ദിസ് ഈസ് ലൈവ്‌ലി ജെയ്ൻ ഔട്ട് ഓഫ് കോൾഡ് ഹാർബർ... വീ ആർ ഓൺ അവർ വേ, കെൽസോ... ഗിവ് മി യുവർ പൊസിഷൻ...”

അടുത്ത നിമിഷം റേഡിയോ സെറ്റിനുള്ളിൽ നിന്നും പുക വമിച്ചു തുടങ്ങി. അതോടെ അതിന്റെ പ്രവർത്തനം നിലച്ചു. പിന്നെ ഒന്നും തന്നെ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...