Friday, November 30, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 09

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥാരംഭം

1917 - ആഗസ്റ്റ്

ഫ്രാൻസി‌ന് മുകളിൽ 10,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കവെ ജാക്ക് കെൽസോ അങ്ങേയറ്റം ആഹ്ലാദചിത്തനായിരുന്നു.‌ ബോസ്റ്റണിലെ ഒരു ഉന്നത ധനിക കുടുംബത്തിലെ ഇളമുറക്കാരനായ ആ ഇരുപത്തിരണ്ടുകാരൻ ഇപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കേണ്ടവനാണ്. എന്നാൽ അതിന് പകരം ബ്രിട്ടീഷ് റോയൽ ഫ്ലൈയിങ്ങ് കോർപ്സിൽ വിജയകരമായ രണ്ടാമത്തെ വർഷത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് അയാൾ.

ഒരു ബ്രിസ്റ്റൾ ഫൈറ്റർ ആണ് അദ്ദേഹം പറത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ മികച്ച യുദ്ധ വിമാനങ്ങളിൽ ഒന്ന്. ആ ടൂ സീറ്റർ വിമാനത്തിന്റെ പിൻസീറ്റ് ഒബ്സർവർ ഗണ്ണർക്ക് വേണ്ടിയുള്ളതാണ്.  കെൽസോയുടെ സഹായിയായ സെർജന്റിനെ തലേദിവസത്തെ ആകാശപ്പോരാട്ടത്തിനിടയിൽ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനഞ്ച് ജർമ്മൻ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്ത്തുകയും മിലിട്ടറി ക്രോസ് ബഹുമതി കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ജാക്ക് കെൽസോ ഇത്തവണ ഒറ്റയ്ക്കാണ് ടേക്ക് ഓഫ് ചെയ്തിരിക്കുന്നത്. അതും അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം. എന്നാൽ ഒറ്റയ്ക്കാണോ എന്ന് ചോദിച്ചാൽ അല്ല... കോക്ക്പിറ്റിൽ താഴെ തന്റെ സീറ്റിനരികിലായി ലെതർ ഹെൽമറ്റും ഫ്ലൈയിങ്ങ് ജാക്കറ്റും അണിഞ്ഞ് അവനും ഇരിക്കുന്നുണ്ടായിരുന്നു... ടർക്വിൻ എന്ന് പേരുള്ള ആ കരടിക്കുട്ടൻ...

കെൽസോ ആ ബൊമ്മയുടെ തലയിൽ പതുക്കെ ഒന്ന് തട്ടി. "ഗുഡ് ബോയ്... എന്നെ നിരാശപ്പെടുത്തരുത്..."

അക്കാലത്ത് ബ്രിട്ടീഷ് വാർ ഓഫീസ് പാരച്യൂട്ടുകളുടെ ഉപയോഗം നിരോധിച്ചിരിക്കുകയായിരുന്നു. പൈലറ്റുകളെ അവ ഭീരുക്കളായി മാറ്റുന്നു എന്നായിരുന്നു അവരുടെ വാദം. എന്നാൽ യാഥാർത്ഥ്യ ബോധം ഉള്ളവനും ധനികനുമായ ജാക്ക് കെൽസോ ഏറ്റവും പുതിയ തരം പാരച്യൂട്ട് സ്വന്തമായി വാങ്ങി ധരിച്ചിട്ടുണ്ടായിരുന്നു.

മറ്റ് പല കാര്യങ്ങളിലും അദ്ദേഹം യാഥാർത്ഥ്യ ബോധം‌ പുലർത്തിയിരുന്നു. പൊടുന്നനെയുള്ള ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കണം എന്നതായിരുന്നു ഒന്ന്. പിന്നെ ശത്രുരാജ്യത്തിന്റെ വ്യോമമേഖലയിൽ 10,000 അടിയിൽ താഴെ ഒരിക്കലും പറക്കരുത് എന്നും.

കാലാവസ്ഥ വളരെ മോശമായിരുന്നു അന്ന് രാവിലെ. കാറ്റും മഴയും കട്ടി മേഘങ്ങളും എല്ലാം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. ആ കോലാഹലങ്ങൾക്കിടയിൽ ഏത് വിമാനമാണ് തനിക്കരികിലൂടെ കടന്നു പോയതെന്ന് തിരിച്ചറിയാൻ പോലും കെൽസോക്ക് ആയില്ല. പൊടുന്നനെ ഒരു ഗർജ്ജനം... ഇടതുഭാഗത്തു കൂടി പാഞ്ഞു പോയ നിഴൽ പോലെയുള്ള എന്തോ ഒന്ന്... മെഷീൻ ഗണ്ണിൽ നിന്നുള്ള വെടിയുണ്ടകളേറ്റ് ബ്രിസ്റ്റൾ ആടിയുലഞ്ഞു. വെടിയുണ്ടകളിൽ ഒന്ന് അദ്ദേഹത്തിന്റെ ഇടതു കാലിൽ തുളച്ചു കയറി. പെട്ടെന്ന് തന്നെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ച് കെൽസോ മേഘപാളികളുടെ സുരക്ഷിതത്വത്തിലേക്ക് ഇറങ്ങി.

അദ്ദേഹം വിമാനത്തിന്റെ ഗതി മാറ്റി ബ്രിട്ടീഷ് വ്യോമ മേഖല ലക്ഷ്യമാക്കി നീങ്ങി. 7000 അടി... പിന്നെ 5000 അടി... എന്തോ പുകഞ്ഞ് കരിയുന്ന ഗന്ധം അദ്ദേഹം അറിയുന്നുണ്ടായിരുന്നു. വിമാനം 3000 അടിയിലേക്ക് താഴ്ന്നു. എൻജിന് ചുറ്റും തീനാമ്പുകൾ ജ്വലിച്ച് തുടങ്ങിയിരിക്കുന്നു. താഴെ ഫ്ലാൻഡേഴ്സിലെ യുദ്ധഭൂമിയും ട്രെഞ്ചുകളും കാണുവാൻ സാധിക്കുന്നുണ്ട്. അതെ... ചാടുവാനുള്ള സമയമായിരിക്കുന്നു. സീറ്റ് ബെൽറ്റ് അഴിച്ചിട്ട് ടർക്വിനെ എടുത്ത് അദ്ദേഹം തന്റെ ലെതർ കോട്ടിനുള്ളിൽ തിരുകി. പിന്നെ വിമാനത്തെ തലകീഴായി ടിൽറ്റ് ചെയ്ത് പുറത്തേക്ക് ഊർന്ന് വീണു‌. 1000 അടിയിൽ എത്തിയതും പാരച്യൂട്ടിന്റെ റിപ്പ് കോഡ് വലിച്ച് ഫ്ലോട്ട് ചെയ്ത് താഴോട്ട് നീങ്ങി.

പാതി വെള്ളം നിറഞ്ഞ ഒരു ട്രെഞ്ചിലേക്കാണ്‌ അദ്ദേഹം വന്നു പതിച്ചത്. അത് ബ്രിട്ടീഷ് സൈഡിലേതാണോ അതോ ജർമ്മൻ സൈഡിലേതാണോ എന്ന് തീർച്ചയുണ്ടായിരുന്നില്ല. എന്തായാലും ഭാഗ്യം കെൽസോയോടൊപ്പമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ചളി പുരണ്ട കാക്കി യൂണിഫോം ധരിച്ച ഒരു സംഘം സൈനികർ നീട്ടിപ്പിടിച്ച റൈഫിളുകളുമായി അദ്ദേഹത്തിനരികിലെത്തി.

"ഡോണ്ട് ഷൂട്ട്... അയാം ഫ്ലൈയിങ്ങ് കോർപ്സ്..." കെൽസോ വിളിച്ചു പറഞ്ഞു.

ആ പരിസരത്തെവിടെയോ മെഷീൻ ഗണ്ണുകൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. രണ്ട് ഭടന്മാർ ചേർന്ന് കെൽസോയുടെ പാരച്യൂട്ടിന്റെ ബക്ക്‌ൾ വേർപെടുത്തി. മറ്റൊരു സെർജന്റ് ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹത്തിന്റെ ചുണ്ടിൽ വച്ചു കൊടുത്തു.

"നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം രസകരമാണല്ലോ ക്യാപ്റ്റൻ..." ലണ്ടൻ ചുവയുള്ള ഇംഗ്ലീഷിൽ അയാൾ പറഞ്ഞു.

"ഞാനൊരു അമേരിക്കനാണ്..." കെൽസോ പറഞ്ഞു.

"വെൽ... ഇവിടെയെത്തിപ്പെടാൻ കുറേക്കാലം എടുത്തല്ലോ നിങ്ങൾ..." ആ സെർജന്റ് പറഞ്ഞു. "1914 മുതൽ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ..."

                                      ***

യുദ്ധ മേഖലയിൽ നിന്നും പുറത്തേക്കുള്ള അവരുടെ യാത്ര അപകടകരം തന്നെയായിരുന്നു. ഇൻഫൻട്രി പട്രോൾ നൽകിയ മോർഫിൻ ഇൻജക്ഷനെ തുടർന്ന് യാത്രയുടെ ഭൂരിഭാഗവും ജാക്ക് കെൽസോ അബോധാവസ്ഥയിൽ ആയിരുന്നു.

മനോഹരമായ പാടശേഖരത്തിന് അരികിലുള്ള ഒരു പഴയ ഫ്രഞ്ച് കൊട്ടാരത്തിലായിരുന്നു ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തിച്ചിരുന്നത്. ഒരു മായിക ലോകത്തേക്കാണ് ജാക്ക് കെൽസോ കണ്ണ് തുറന്നത്. ചെറിയ ഒരു റൂം... തൂവെള്ള ഷീറ്റുകൾ... മട്ടുപ്പാവിലേക്ക് തുറക്കുന്ന ഫ്രഞ്ച് ജാലകങ്ങൾ... കിടക്കയിൽ എഴുന്നേറ്റിരിക്കുവാൻ ശ്രമം നടത്തിയ അദ്ദേഹം കാലിലെ അസഹ്യമായ വേദന കൊണ്ട് അലറി വിളിച്ചു. തന്നെ പുതപ്പിച്ചിരുന്ന ഷീറ്റ് ഒരു വശത്തേക്ക് വകഞ്ഞു മാറ്റിയ അദ്ദേഹം കണ്ടത് കാലിലെ കനത്ത ബാൻഡേജാണ്. 

വാതിൽ തള്ളിത്തുറന്ന് റെഡ് ക്രോസ് യൂണിഫോം ധരിച്ച ചെറുപ്പക്കാരിയായ ഒരു നഴ്സ് പ്രവേശിച്ചു. സ്വർണ്ണ വർണ്ണമുള്ള തലമുടിയും ഹരിതനിറം കലർന്ന കണ്ണുകളും അഴക് വഴിഞ്ഞൊഴുകുന്ന മുഖവും വിലയിരുത്തിയ അദ്ദേഹം അവളുടെ പ്രായം ഇരുപതുകളുടെ ആരംഭത്തിൽ ആവാനേ വഴിയുള്ളൂ എന്ന് ഊഹിച്ചു. താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് ഇവൾ എന്ന് അദ്ദേഹത്തിന് തോന്നി. അവളെ ദർശിച്ച ആ നിമിഷം തന്നെ ജാക്ക് കെൽസോ അവളിൽ അനുരക്തനായി കഴിഞ്ഞിരുന്നു.

"നോ... എഴുന്നേൽക്കാൻ പാടില്ല..." അദ്ദേഹത്തെ തലയിണയിലേക്ക് താങ്ങി കിടത്തിയിട്ട് അവൾ ഷീറ്റ് മേലോട്ട് വലിച്ച് പുതപ്പിച്ച് കൊടുത്തു.

മെഡിക്കൽ കോർപ്സിന്റെ അടയാളങ്ങൾ അണിഞ്ഞ ഒരു ആർമി കേണൽ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. "പ്രോബ്ലംസ്, ബാരണെസ്സ്..?"

"നോട്ട് റിയലി...  അൽപ്പം കൺഫ്യൂഷനിലാണ് ഇദ്ദേഹം... അത്രയേ ഉള്ളൂ ..." അവൾ പറഞ്ഞു.

"അത് പാടില്ല..." കേണൽ പറഞ്ഞു. "നിങ്ങളുടെ ആ കാലിൽ നിന്ന് വലിയ ഒരു ബുള്ളറ്റാണ് നീക്കം ചെയ്തത് മകനേ... അതുകൊണ്ട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം... ഒരു ഡോസ് മോർഫിൻ കൂടി വേണ്ടി വരുമെന്ന് തോന്നുന്നു..."

അയാൾ പുറത്തേക്ക് നടന്നു. സിറിഞ്ചിൽ മോർഫിൻ ചാർജ് ചെയ്തിട്ട് അവൾ കെൽസോയുടെ വലതു കൈയിൽ ഇൻജക്റ്റ് ചെയ്യുവാനായി അരികിലെത്തി.

"നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം... നിങ്ങൾ ജർമ്മൻകാരിയാണല്ലേ... മാത്രമല്ല, അദ്ദേഹം നിങ്ങളെ 'ബാരണെസ്സ്' എന്ന് വിളിക്കുന്നതും കേട്ടു... അതായത് പ്രഭുകുമാരി എന്ന്..." കെൽസോ ചോദിച്ചു.

"ലുഫ്ത്‌വാഫ് പൈലറ്റുമാരെ പരിചരിക്കേണ്ടി വരുമ്പോൾ അത് പ്രയോജനപ്പെടാറുണ്ട്..." അവൾ പറഞ്ഞു.

ഇൻജക്ഷൻ എടുത്ത് പോകാൻ തുനിഞ്ഞ അവളുടെ കയ്യിൽ അദ്ദേഹം കയറിപ്പിടിച്ചു. "നോക്കൂ, നിങ്ങൾ ആരായിരുന്നാലും എനിക്കൊന്നുമില്ല...  പക്ഷേ, എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാക്ക് തന്നേ മതിയാവൂ പ്രഭുകുമാരീ..." അദ്ദേഹത്തിന്റെ കണ്ണുകളിൽ മയക്കത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു.  "ആട്ടെ, ടർക്വിൻ എവിടെ...?" അദ്ദേഹം ചോദിച്ചു.

"ആ കരടിയെ ആണോ ഉദ്ദേശിക്കുന്നത്...?" അവൾ ആരാഞ്ഞു.

"സാധാരണ കരടിയല്ല അത്... പതിനഞ്ച് ശത്രു വിമാനങ്ങൾ ഞാൻ വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്... അപ്പോഴെല്ലാം ടർക്വിൻ എന്റെയൊപ്പം ഉണ്ടായിരുന്നു... എന്റെ ഭാഗ്യചിഹ്നമാണവൻ..."

"വെൽ... അവൻ അതാ ആ ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ ഇരിപ്പുണ്ട്..." അവൾ പറഞ്ഞു.

അവൻ അവിടെ ഉണ്ടായിരുന്നു. ജാക്ക് കെൽസോ അവനെ ഒന്ന് നോക്കി. "ഹൈ ദേർ... ഓൾഡ് ബഡ്ഡി..." അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.


33 comments:

  1. ടർക്വീൻ വീണ്ടും വന്നല്ലോ...

    ReplyDelete
    Replies
    1. അതെ... ടർക്വിന്റെ ആദ്യ ഉടമയാണ് ജാക്ക് കെൽസോ...

      Delete
  2. കുറച്ചേ എഴുതിയുള്ളൂ അല്ലേ.....

    ReplyDelete
    Replies
    1. കുറേശ്ശെ കുറേശ്ശെ ആയി നമുക്ക് എല്ലാ ആഴ്ചയിലും വായിക്കാം സതീഷ്...

      Delete
  3. കണ്ട ഉടനെ വിവാഹാഭ്യർത്ഥന. 😅😁

    ReplyDelete
    Replies
    1. ചില വട്ടൻ സായിപ്പന്മാരൊക്കെ അങ്ങനെയാണ് സുചിത്രാജീ‌...

      Delete
  4. നന്നായിട്ടുണ്ട്.

    ReplyDelete
  5. കരടിക്കുട്ടനും കെൽസോയും പിന്നെ പ്രഭുകുമാരിയും!!

    ReplyDelete
    Replies
    1. യെസ് ജിം... അവിടെയാണ് കഥ തുടങ്ങുന്നത്...

      Delete
  6. ഇത്രയും വേദനിച്ചിട്ടും കരടിക്കുട്ടനെ മറന്നില്ല!

    ReplyDelete
    Replies
    1. അതെ... അതാണല്ലോ അതിന്റെയൊരു ഇത്... :)

      Delete
  7. ഭാഗ്യ ചിഹ്നമായ ടര്‍ക്വിന്‍ ആണ് താരം.

    ReplyDelete
    Replies
    1. അതെ..‌. കഥാകൃത്തിന്റെ കൈവശം കണ്ടെത്തിയ ആ ടർക്വിൻ ആണല്ലോ ഇങ്ങനെയൊരു ട്രൂ സ്റ്റോറിയിലേക്ക് നമ്മെ എത്തിച്ചത്...

      Delete
  8. കുറേശെ ആയി എഴുതിയാൽ ഒരർത്ഥത്തിൽ ഈ തിരക്കിൻറെ ലോകത്ത് നല്ലതാണ്..
    പക്ഷെ, വായിച്ചു രസം പിടിച്ചു വരുമ്പോഴേക്കും സംഗതി കഴിയും.
    ആശംസകളോടെ

    ReplyDelete
    Replies
    1. മൊബൈലിൽ എഴുതുന്നത് കൊണ്ട് നീണ്ട ലക്കം ഇത്തിരി ബുദ്ധിമുട്ടാണ് അബൂതീ...

      Delete
  9. കരടിക്കുട്ടനും പിന്നെ, പ്രഥമദർശനത്തിൽ അനുരാഗം മുളപ്പിച്ച പ്രഭുകുമാരിയും.....
    ആസംസകൾ

    ReplyDelete
  10. കുറിഞ്ഞിDecember 3, 2018 at 8:39 PM

    കെൽസോ, ഗെറിക്കിനെ ഓർമിപ്പിച്ചു.

    ReplyDelete
    Replies
    1. ആഹാ... കുറേ നാളുകൾക്ക് ശേഷം വീണ്ടും എത്തിയല്ലോ... സന്തോഷം...

      ഈഗ്‌ൾ ഹാസ് ലാന്റഡിലെ പീറ്റർ ഗെറിക്കിനെ മറന്നിട്ടില്ല അല്ലേ...

      സാങ്കേതികപ്രശ്നങ്ങൾക്ക് പരിഹാരമായല്ലോ... കമന്റിടാൻ സാധിച്ചല്ലോ...

      Delete
  11. നമ്മുടെ സ്ഥിരം വായനക്കാരായ രണ്ടു മൂന്ന് പേരുണ്ടായിരുന്നു... ഉണ്ടാപ്രി, ശ്രീജിത്ത്, ജസ്റ്റിൻ മാത്യു... അവരൊക്കെ ഇപ്പോൾ എവിടെയാണോ ആവോ... !

    ReplyDelete
  12. വായിച്ചു തുടങ്ങുന്നു

    ReplyDelete
    Replies
    1. വളരെ സന്തോഷം... പെട്ടെന്ന് ഒപ്പമെത്തൂ വെട്ടത്താൻ ചേട്ടാ...‌

      Delete
  13. നമ്മുടെ ടർക്വിന്റ കഥ പറയുകയാണല്ലെ.അത് നന്നായി. ഇവിടന്നാണല്ലെ കഥാരംഭം. എന്നാലും ആ സുന്ദരി ....!

    ReplyDelete
    Replies
    1. അതെ... നമ്മുടെ കഥ തുടങ്ങുകയായി... ഇനി ശ്രദ്ധിച്ച് ശ്രദ്ധിച്ച് വായിച്ചോണം അശോകേട്ടാ... :)

      Delete
  14. 100 കൊല്ലം മുമ്പ് നടന്ന
    കഥയുടെ ത്രസിപ്പിക്കുന്ന ഭാഗങ്ങൾ ..
    ഈ പ്രഭാകുമാരിയായ ഫ്ലോറെൻസ് നൈറ്റിഗേളും ഇനി
    വല്ല ചാർത്തി വകുപ്പിൽ പെട്ടവളാണോ എന്നൊരു സംശയം
    ഇല്ലാതില്ല കേട്ടോ വിനുവേട്ടാ ..?
    എന്തിനാ ...കാണാൻ പോകുന്ന പൂരം ...!

    ReplyDelete
    Replies
    1. കണ്ടോ കണ്ടോ... ഒരു ചാരൻ എന്തും ഏതും ചാരക്കണ്ണുകളോടെയേ വീക്ഷിക്കൂ...

      Delete
  15. വെടി കൊണ്ട്‌ കിടന്ന് കാറുമ്പോഴും ഐ ഡബ്ല്യൂന്ന് ..ഇയാൾ കൊള്ളാല്ലോ.

    ReplyDelete
  16. വെടിയോടെ തുടക്കം...നായികയും വന്ന് എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. അതെ... ആ കാലഘട്ടത്തിലെ കഥാനായിക...

      Delete