Sunday, January 27, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 16

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ബോഗ്‌നറിന് സമീപമുള്ള റഡാർ സ്റ്റേഷനുകൾ ആക്രമിക്കാൻ പുറപ്പെട്ട സ്റ്റൂക്കാ ബോംബറുകൾക്ക് ME 109 ൽ അകമ്പടി പറക്കൽ നടത്തുന്ന ചുമതലയായിരുന്നു മാക്സിനും അദ്ദേഹത്തിന്റെ സ്ക്വാഡ്രണിനും ആ ദിവസം. പ്രത്യാക്രമണത്തിനെത്തിയ RAF ന്റെ സ്പിറ്റ്ഫയറുകളുമായി നടത്തിയ തരക്കേടില്ലാത്ത ഡോഗ്ഫൈറ്റിങ്ങിൽ ഒരു സ്പിറ്റ്ഫയറിനെ വെടിവച്ചിടാനും മറ്റൊന്നിന് സാരമായ കേടുപാടുകൾ വരുത്താനും മാക്സിന് സാധിച്ചു. എങ്കിലും തങ്ങളുടെ സ്റ്റൂക്കാ ബോംബറുകളിൽ ഭൂരിഭാഗത്തോടുമൊപ്പം മൂന്ന് ME 109കളും അവർക്ക് നഷ്ടമായി. ഇന്ധന ടാങ്കിന്റെ പരിമിതി കാരണം ഇംഗ്ലീഷ് വൻകരയ്ക്ക് മുകളിൽ അധിക സമയം തങ്ങുവാൻ കഴിയുമായിരുന്നില്ല. ഇന്ധനം തീരുന്നതിന് മുമ്പ് ഇംഗ്ലീഷ് ചാനൽ താണ്ടി തിരിച്ചെത്തുക എന്നത് ആയാസകരം തന്നെയായിരുന്നു. എങ്കിലും അദ്ദേഹം സുരക്ഷിതമായി തിരിച്ചെത്തി ഒന്നര മണിക്കൂറിന് ശേഷം അടുത്ത ആക്രമണത്തിനായി വീണ്ടും ബ്രിട്ടന് മുകളിലെത്തി. ബ്രിട്ടീഷ് തീരപ്രദേശങ്ങളിലെ RAF എയർഫീൽഡുകൾ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ദിനവും ഇത് തന്നെയായിരുന്നു അവസ്ഥ. RAF ന്റെ എയർഫീൽഡുകൾ ഉപയോഗശൂന്യമാക്കുക എന്നതായിരുന്നു ലുഫ്ത്‌വാഫിന്റെ തന്ത്രം. മാക്സും സഹപ്രവർത്തകരും ഡോണിയർ ബോംബറുകൾക്ക് സുരക്ഷയൊരുക്കി ബ്രിട്ടീഷ് വൻകരയ്ക്ക് മുകളിലെത്തും‌. അവരെ തുരത്തുവാനായി ഹാരിയും കൂട്ടുകാരും പറന്നുയരും. ഇരുപക്ഷത്തും ചെറുപ്പക്കാരായ നിരവധി വൈമാനികർ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. റോയൽ എയർഫോഴ്സിനെ അലട്ടിയിരുന്ന പ്രശ്നം നിസ്സാരമായിരുന്നില്ല. ലുഫ്ത്‌വാഫിന് ധാരാളം പൈലറ്റുമാർ ഉണ്ടായിരുന്നു എന്നതായിരുന്നു അത്.  എയർ ചീഫ് മാർഷൽ സർ ഹ്യൂഗ് ഡൗഡിങ്ങ് ഒരിക്കൽ പറയുകയുണ്ടായി, ഒരു RAF പൈലറ്റിന് പകരം നാല് ലുഫ്ത്‌വാഫ് പൈലറ്റുമാർ എന്ന നിലയിൽ വകവരുത്തിയെങ്കിൽ മാത്രമേ അൽപ്പമെങ്കിലും സന്തുലിതാവസ്ഥ കൈവരിക്കാനാവുകയുള്ളൂ എന്ന്. അത് ഒരിക്കലും പ്രായോഗികമായിരുന്നില്ല താനും.

                                      ***

ആഗസ്റ്റ് 30 വരെ അത് അങ്ങനെ തുടർന്നു. അന്നാണ് RAF ഫൈറ്റർ കമാൻഡിന്റെ അഭിമാന കേന്ദ്രമായ ബിഗിൻ ഹിൽ ആക്രമിക്കപ്പെടുന്നത്. ഡോണിയർ ബോംബറുകളുടെ ഒരു സംഘം ആ എയർബേസിന് മുകളിൽ ബോംബുകൾ വർഷിച്ചു. ആ സംഘത്തിന് അകമ്പടി സേവിച്ചിരുന്നവരിൽ മാക്സും ഉണ്ടായിരുന്നു. തിരിച്ചുള്ള യാത്രക്കിടയിൽ RAF ന്റെ സ്പിറ്റ്ഫയറുകൾ അവർക്ക് പിന്നാലെ കുതിച്ചെത്തി. ഫൈറ്റർ വിമാനങ്ങളെ അപേക്ഷിച്ച് വേഗത കുറഞ്ഞ ഡോണിയറുകൾക്ക് സുരക്ഷ ഒരുക്കേണ്ട ചുമതലയുണ്ടായിരുന്നത് കൊണ്ട് മാക്സിന്റെയും കൂട്ടരുടെയും ME 109കൾക്ക് വിലയേറിയ സമയവും ഇന്ധനവും കുറച്ചൊന്നുമല്ല ഇംഗ്ലണ്ടിന് മുകളിൽ പാഴായത്. ഒടുവിൽ ഇംഗ്ലീഷ് ചാനലിന് മുകളിലേക്ക് പ്രവേശിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ കൺട്രോൾ പാനലിൽ ലോ ഫ്യൂവൽ വാണിങ്ങ് ലൈറ്റ് തെളിഞ്ഞിരുന്നു.

ആ നിമിഷമാണ് ഫോക്ക്സ്റ്റണിന് സമീപം കടലിന് മുകളിൽ വച്ച് രണ്ട് ഡോണിയർ വിമാനങ്ങളെ ഹാരി കെൽസോ വെടിവച്ച് വീഴ്ത്തിയത്. എന്നാൽ ജർമ്മൻ വിമാനത്തിന്റെ റിയർ ഗണ്ണർ ഉതിർത്ത വെടിയുണ്ടകളിലൊന്ന് അദ്ദേഹത്തിന്റെ എൻജിനിൽ കൊള്ളുക തന്നെ ചെയ്തു. ഉടൻ തന്നെ "Mayday" സന്ദേശമയച്ചിട്ട് ഹാരി ഫ്ലാപ്പുകൾ ഡ്രോപ്പ് ചെയ്തു. എൻജിൻ കത്തിയെരിയുന്ന രൂക്ഷഗന്ധം അദ്ദേഹത്തിന് അറിയാൻ കഴിയുന്നുണ്ടായിരുന്നു. മനഃസാന്നിദ്ധ്യം കൈവെടിയാതെ അദ്ദേഹം കോക്ക്പിറ്റിന് മുകളിലെ കവചം തുറക്കുവാൻ തുനിഞ്ഞു. കഴിഞ്ഞയാഴ്ചയിലായിരുന്നു വൈറ്റ് ഐലിന് മുകളിൽ വച്ച് ഇതുപോലെ ഒരു എൻജിൻ നഷ്ടപ്പെട്ടത്. അന്ന് രണ്ടായിരം അടി ഉയരത്തിൽ വച്ച് പാരച്യൂട്ടിൽ ചാടിയ ഹാരി ഒരു ദേവാലയത്തിന്റെ അങ്കണത്തിലാണ് ഇറങ്ങിയത്. ചായയും ബിസ്കറ്റും ഡ്രൈ ഷെറിയുമായി രണ്ട് കന്യാസ്ത്രീകളായിരുന്നു അദ്ദേഹത്തെ അന്ന് സ്വീകരിച്ചത്.

എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. നൂറു കണക്കിന് വൈമാനികരുടെ ശവപ്പറമ്പായി മാറിയ ഇംഗ്ലീഷ് ചാനലാണ് താഴെ. ബ്രിട്ടീഷ് തീരത്തേക്ക് തിരികെയെത്താൻ പത്ത് മൈൽ പറക്കാനുണ്ട്. ടർക്വിൻ വിശ്രമിക്കുന്ന ബാഗ് അദ്ദേഹം കൈയെത്തി എടുത്തു. ഇത്തരം അവസരത്തിൽ ഉപയോഗിക്കുവാനായി കരുതിയിരുന്ന സ്ട്രാപ്പും സ്പെഷൽ ക്ലിപ്പും എടുത്ത് ആ ബാഗ് അരയിലെ ബെൽറ്റിനോട് ബന്ധിച്ചു. പിന്നെ എഴുന്നേറ്റ് തല കീഴായി പുറത്തേക്ക് ചാടി.

ആയിരം അടിയിലേക്ക് വീണുകഴിഞ്ഞപ്പോഴാണ് പാരച്യൂട്ട് തുറന്ന് കിട്ടിയത്. പിന്നെ നിമിഷങ്ങൾക്കകം അദ്ദേഹം ശാന്തമായ കടലിലേക്ക് പതിച്ചു. വെള്ളത്തിനടിയിൽ നിന്നും മുകൾപ്പരപ്പിലെത്തിയ ഹാരി തന്റെ ലൈഫ് ജാക്കറ്റ്  ഇൻഫ്ലേറ്റ് ചെയ്തതിന് ശേഷം പാരച്യൂട്ടുമായുള്ള ബന്ധം വേർപെടുത്തി. അരയിൽ ബന്ധിപ്പിച്ച വാട്ടർപ്രൂഫ് ബാഗിൽ ടർക്വിൻ വെള്ളത്തിൽ ചാഞ്ചാടുന്നുണ്ടായിരുന്നു. മേലെ തെളിഞ്ഞ മാനത്തേക്ക് ഹാരി തലയുയർത്തി നോക്കി. രക്ഷപെടാൻ മാർഗ്ഗമൊന്നും കാണുന്നില്ല.  കാറ്റ് നിറച്ച് ഉപയോഗിക്കാവുന്ന ഡിങ്കി, വിമാനത്തോടൊപ്പം സമുദ്രത്തിനടിയിൽ വിലയം പ്രാപിച്ചിരിക്കുന്നു. താൻ അയച്ച "Mayday" സന്ദേശം ആർക്കെങ്കിലും ലഭിച്ചുവോ എന്നതിന് പോലും ഒരുറപ്പുമില്ല.

കഴിഞ്ഞ ഒരാഴ്ച ഇംഗ്ലീഷ് ചാനലിൽ കാണാതായ തന്റെ സഹപ്രവർത്തകരെക്കുറിച്ച് ഓർത്തുകൊണ്ട് അദ്ദേഹം വെള്ളത്തിൽ തുടിച്ചുകൊണ്ട് കിടന്നു. ഇതായിരിക്കുമോ അവസാനം...? പെട്ടെന്ന് മുഴങ്ങിയ ഒരു സൈറൻ ശബ്ദം ‌കേട്ട് തിരിഞ്ഞു നോക്കിയ ഹാരി കണ്ടത് തനിക്കരികിലേക്ക് പാഞ്ഞ് വരുന്ന ഒരു RAF ക്രാഷ് ബോട്ടിനെയാണ്. കനമുള്ള സ്വെറ്ററും ജീൻസും ബൂട്ട്സും അണിഞ്ഞ് നാവികരുടെ വേഷത്തിലായിരുന്നു അവരെല്ലാം. അരികിലെത്തി നിന്ന ബോട്ടിൽ നിന്നും അവർ ഒരു കയറേണി ഇട്ടു കൊടുത്തു.

താഴേക്ക് നോക്കിയ വാറന്റ് ഓഫീസർ ആരാഞ്ഞു. "ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് കെൽസോ, സർ...?"

"ദാറ്റ്സ് മീ..."

"യുവർ ലക്ക് ഈസ് ഗുഡ് സർ...‌ താങ്കളുടെ സന്ദേശം ലഭിക്കുമ്പോൾ ഞങ്ങൾ വെറും ഒരു മൈൽ ചുറ്റളവിലുണ്ടായിരുന്നു..."

ക്രൂ മെമ്പേഴ്സ് രണ്ടുപേർ ചേർന്ന് ഹാരിയെ ഡെക്കിലേക്ക് വലിച്ച് കയറ്റി. ഡെക്കിൽ ചടഞ്ഞിരുന്ന അദ്ദേഹത്തിന്റെ യൂണിഫോമിൽ നിന്നും വെള്ളം ഇറ്റുവീണുകൊണ്ടിരുന്നു. "ഒരു ഡെക്ക് ഇത്രമാത്രം സുഖപ്രദമാണെന്ന് ഒരിക്കലും ഞാൻ കരുതിയില്ല..."

"താങ്കൾ അമേരിക്കനാണോ സർ...?" വാറന്റ് ഓഫീസർ ചോദിച്ചു.

"അതെ..."

"വെൽ, ദാറ്റ്സ് ബ്ലഡി മാർവെലസ്... ഞങ്ങൾ രക്ഷിക്കുന്ന ആദ്യത്തെ അമേരിക്കക്കാരൻ..."

"നോ...  ഞങ്ങൾ രണ്ടു പേരുണ്ട്..."

"രണ്ടു പേരോ സർ...?" വാറന്റ് ഓഫീസർ ശരിക്കും ചിന്താക്കുഴപ്പത്തിലായി.

"വരൂ, നമുക്ക് താഴേക്ക് പോകാം... എനിക്ക് ഒരു ഡ്രിങ്ക് വേണം... എന്നിട്ട് രണ്ടാമത്തെയാളെ ഞാൻ കാണിച്ചു തരാം..." ഹാരി തന്റെ അരയിലെ ബാഗിലേക്ക് ചൂണ്ടിക്കാണിച്ചു.

                                    ***

500 അടി ഉയരത്തിൽ മാക്സ് ഫ്രഞ്ച് തീരം ലക്ഷ്യമാക്കി പറന്നു. അദ്ദേഹത്തി‌ന്റെ ഇടതുകാൽമുട്ടിൽ ചായം നിറച്ച ഒരു ലി‌നൻ ബാഗ് കെട്ടിയിട്ടുണ്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ കടലിൽ പതിക്കുകയാണെങ്കിൽ മഞ്ഞ നിറത്തിൽ ആ ചായം പടർന്ന് പെട്ടെന്ന് കാണാവുന്ന ഒരു അടയാളമായി മാറും. ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറക്കുമ്പോൾ അത്തരം അടയാളങ്ങൾ പല തവണ കണ്ടിട്ടുള്ളതാണ്. പെട്ടെന്നാണ് ബൂലോണിന് കിഴക്ക് വശത്തുള്ള തീരപ്രദേശം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഇനി ഒരു ക്രാഷ് ലാന്റിങ്ങിന്റെ ആവശ്യമില്ല. വേലിയിറക്കത്തിന്റെ സമയമാണ്. വിശാലമായ മണൽപ്പരപ്പ് തെളിഞ്ഞു കാണാം. ഇന്ധനം തീർന്ന് എൻജിൻ നിലച്ചതോടെ അദ്ദേഹം കാറ്റിനെതിരെ തിരിഞ്ഞ് ഫ്ലാപ് ഡ്രോപ്പ് ചെയ്തു.

കടൽത്തീരത്ത് സുഗമമായി ലാന്റ് ചെയ്തതിന് ശേഷം തന്റെ ലൊക്കേഷനെക്കുറിച്ച് അധികാരികൾക്ക് ചെറിയൊരു സന്ദേശം അയച്ചു. പിന്നെ കോക്ക്പിറ്റിന്റെ മേലാപ്പ് തുറന്ന് പുറത്തിറങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തി മണൽക്കുന്നുകളുടെ നേർക്ക് നടന്നു. അവിടെയെത്തിയതും മറ്റൊരു സിഗരറ്റിന് തീ കൊളുത്തി ദൂരെ കടലിലേക്ക് നോക്കി പുകയെടുത്തുകൊണ്ട് മണലിൽ ചടഞ്ഞിരുന്നു.

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് ട്രക്കുകളിലായി ലുഫ്ത്‌വാഫിന്റെ റിക്കവറി ക്രൂ അവിടെയെത്തി. തൊട്ടു പിറകെ എത്തിയ മഞ്ഞ പ്യൂഷോ സ്പോർട്സ് കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങിയ അഡോൾഫ് ഗാലന്റ് തിടുക്കത്തിൽ മുന്നോട്ട് വന്നു.

"നിങ്ങളെ നഷ്ടപ്പെട്ടു എന്നാണ് ഞങ്ങൾ കരുതിയത്..." ഗാലന്റ് അദ്ദേഹത്തിന്റെ ചുമലിൽ തട്ടി.

"ഓ, അങ്ങനെയൊന്നും ഞാൻ പോകില്ല... പിന്നെ, വിമാനത്തിന് കുഴപ്പമൊന്നുമില്ല... ഇന്ധനത്തിന്റെ ആവശ്യമേയുള്ളൂ..." മാക്സ് പറഞ്ഞു.

"ഗുഡ്... ഞാനൊരു സെർജന്റ് പൈലറ്റിനെ കൊണ്ടുവന്നിട്ടുണ്ട്... വിമാനം അയാൾ തിരിച്ച് കൊണ്ടു പൊയ്ക്കൊള്ളും‌... നിങ്ങൾ എന്നോടൊപ്പം കാറിൽ വരുന്നു... പോകുന്ന വഴിയിൽ ഡിന്നറും ആകാം..."

"അത് കൊള്ളാമല്ലോ..."

ക്രൂ ഇൻചാർജ് ആയ തടിയനെ വിളിച്ച് ഗാലന്റ് പറഞ്ഞു. "ബാക്കി കാര്യങ്ങൾ തുടങ്ങിക്കോളൂ... എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ..."

ലെ ടൂക്കെയിലേക്ക് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കവെ ഗാലന്റ് പറഞ്ഞു. "ബിഗിൻ ഹില്ലിലെ ആക്രമണം വൻ വിജയമായിരുന്നു... നാം അവരെ തകർത്തു കളഞ്ഞു..."

"അതൊക്കെ ശരി തന്നെ..." മാക്സ് പറഞ്ഞു. "പക്ഷേ, എത്ര വിമാനങ്ങളാണ് നമുക്ക് നഷ്ടമായത് ഡോൾഫോ...? ബോംബറുകളുടെ കാര്യമല്ല ഞാൻ പറയുന്നത്... ഫൈറ്റർ പ്ലെയ്നുകൾ..."

"ഓൾ റൈറ്റ്... അതൊരു നല്ല കാര്യമല്ല... നിങ്ങൾ പറഞ്ഞു വരുന്നതെന്താണ്...?"

"തെറ്റായ തീരുമാനങ്ങൾ... ഒന്നാമത്തേത് സ്റ്റൂക്കാസ്... ബ്രിട്ടന്റെ സ്പിറ്റ്ഫയേഴ്സിനോടും ഹരിക്കേനോടും ഏറ്റുമുട്ടാൻ അവയെക്കൊണ്ടാവില്ല... രണ്ടാമത്തേത് നമ്മുടെ ബോംബിങ്ങ് പോളിസി... അവരുടെ എയർഫീൽഡുകൾ നശിപ്പിക്കുക എന്നത് നല്ല കാര്യം തന്നെ... പക്ഷേ, ഒരു കാര്യം ഓർമ്മ വേണം... ഫൈറ്റർ പ്ലെയിനുകൾ ഫൈറ്റ് ചെയ്യാനുള്ളതാണ് ഡോൾഫോ... അല്ലാതെ മുഴുവൻ സമയവും ഡോണിയർ വിമാനങ്ങൾക്ക് അകമ്പടി സേവിക്കാനുള്ളതല്ല... പന്തയക്കുതിരയെക്കൊണ്ട് പാൽവണ്ടി വലിപ്പിക്കുന്നത് പോലെയാണിത്... അങ്ങേയറ്റം തെറ്റായ തീരുമാനം..."

"അപ്പോൾ ഇനി ലണ്ടന് മേൽ ആക്രമണം തുടങ്ങുമ്പോൾ സാക്ഷാൽ ദൈവം തന്നെ വരേണ്ടി വരും നിങ്ങളുടെ സഹായത്തിന്..."

"ലണ്ടൻ...?" മാക്സ് അന്തം വിട്ടു. "ഓൾ റൈറ്റ്... ലിവർപൂളും മറ്റ് പ്രദേശങ്ങളും നാം ബോംബ് ചെയ്തത് എനിക്കറിയാം... പക്ഷേ, ലണ്ടൻ...? ഡോൾഫോ, സൗത്ത് കോസ്റ്റിലെ RAF ബേസുകളാണ് നാം നശിപ്പിക്കേണ്ടത്... അവരുടെ ഫൈറ്റർ പ്ലെയിനുകൾ ഒന്നൊന്നായി... അതായിരിക്കും നമ്മുടെ ജയവും തോൽവിയും തീരുമാനിക്കുന്നത്..." മാക്സ് ചുമൽ വെട്ടിച്ചു. "അതല്ല, ഗൂറിങ്ങിനും ഫ്യൂറർക്കും മരിക്കാനാണ് ആഗ്രഹമെങ്കിൽ പിന്നെ മറ്റൊന്നും പറയാനില്ല എനിക്ക്..."

"മാക്സ്, ഇതിപ്പോൾ എന്നോട് പറഞ്ഞത് ഇരിക്കട്ടെ... പക്ഷേ, വേറെ ആരുടെയും അടുത്ത് ഇങ്ങനെയൊരു കാര്യം മിണ്ടിപ്പോകരുത്... മനസ്സിലായോ...?"

"എന്ന് വച്ചാൽ സർവ്വനാശത്തിലേക്കാണ് നമ്മൾ എല്ലാവരും കുതിച്ചു കൊണ്ടിരിക്കുന്നതെന്ന്..." മാക്സ് തല കുലുക്കി. "എനിക്ക് നന്നായി മനസ്സിലാകുന്നു..." പിറകോട്ട് ചാഞ്ഞിരുന്ന് അദ്ദേഹം മറ്റൊരു സിഗരറ്റിന് തീ കൊളുത്തി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, January 15, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 15

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗ്ലേഡിയേറ്റർ വിമാനങ്ങളിൽ നിന്നും ഹരിക്കേൻ വിമാനങ്ങളിലേക്ക് മാറുവാനുള്ള നടപടികൾ 607 സ്ക്വാഡ്രണിൽ പുരോഗമിക്കുന്നതിനിടയിലാണ് മേയ് 10 ന് ജർമ്മൻ വ്യോമസേന പടിഞ്ഞാറൻ നിരകളിൽ ആക്രമണമഴിച്ചു വിട്ടത്. തുടർന്നുണ്ടായ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളും ആൾനാശവുമാണ് ബ്രിട്ടീഷ് നിരകളിൽ സംഭവിച്ചത്. പഴക്കം ചെന്ന ഗ്ലേഡിയേറ്റർ വിമാനങ്ങളെ ആക്രമിച്ച് വീഴ്ത്തുവാൻ ലുഫ്ത്‌വാഫിന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.

ആബ്‌വില്ലെക്ക് മുകളിൽ വച്ച് തന്റെ ഹരിക്കേനിൽ 15,000 അടി ഉയരത്തിൽ പറന്ന് ഹാരി രണ്ട് ME 109 വിമാനങ്ങളെ  വെടി വച്ച് വീഴ്ത്തി. അതേ ദിവസം തന്നെയായിരുന്നു അവന്റെ സഹോദരൻ മാക്സ്, റോയൽ എയർഫോഴ്സിന്റെ ഒരു ഹരിക്കേനെയും സ്പിറ്റ്ഫയറിനെയും വെടി വച്ച് വീഴ്ത്തിയത്. എന്നാൽ ഈ വിവരങ്ങളൊന്നും ഇരുവരും പരസ്പരം അറിഞ്ഞിരുന്നില്ല എന്നതാണ് രസകരമായ കാര്യം.

607 സ്ക്വാഡ്രണിൽ അവശേഷിച്ചിരുന്ന വിമാനങ്ങളെയും വൈമാനികരെയും ഇംഗ്ലണ്ടിലേക്ക് തിരിച്ച് വിളിക്കപ്പെട്ടു. DFC ബഹുമതി നൽകി ആദരിച്ച ഹാരിയെ ഫ്ലൈയിങ്ങ് ഓഫീസർ ആയി സ്ഥാനക്കയറ്റം നൽകി ഹോക്ക് എന്ന കോഡ് നാമത്തിലുള്ള സ്ക്വാഡ്രണിൽ സ്പെഷൽ ഡ്യൂട്ടിയിൽ നിയമിച്ചു. എന്നാൽ വെസ്റ്റ് സസ്സക്സിലെ ചൈചെസ്റ്ററിലുള്ള ആ ക്യാമ്പിൽ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തെളിഞ്ഞ സൂര്യനും നീലാകാശത്തിനും താഴെ വിരസതയോടെ അവർ ദിനങ്ങൾ തള്ളി നീക്കി.

ഇതേ സമയം ഇംഗ്ലീഷ് ചാനലിന് മറുവശത്ത് മാക്സും അവന്റെ കൂട്ടാളികളും സമാനമായ പരിതസ്ഥിതിയിൽ എയർഫീൽഡുകളിൽ ഇട്ടിരിക്കുന്ന ഡെക്ക് ചെയറുകളിൽ ചാരിക്കിടന്ന് മാനം നോക്കി സമയം കൊന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ജൂലൈ ആരംഭത്തോടെ ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് കോൺവോയിയുടെ നേർക്ക് വ്യോമാക്രമണം ഉണ്ടാകുന്നത്. ലുഫ്ത്‌വാഫിന്റെ കൈവശമുള്ള  മുന്തിയ ഇനം ഫൈറ്റർ വിമാനങ്ങളുടെ അകമ്പടിയോടെ എത്തിയ സ്റ്റൂക്കാ എന്നറിയപ്പെടുന്ന ജങ്കേഴ്സ്-87 വിമാനങ്ങളായിരുന്നു ഡൈവ് ബോംബിങ്ങ് നടത്തിയത്. ഇംഗ്ലീഷ് ചാനലിലൂടെയുള്ള ഗതാഗതം അവസാനിപ്പിക്കുക എന്നതായിരുന്നു ജർമ്മനിയുടെ ലക്ഷ്യം. എന്നാൽ അതിനെ പ്രതിരോധിക്കുവാനായി ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് ഫൈറ്ററുകൾ ആകാശത്തേക്ക് കുതിച്ചു.

അങ്ങനെ ഹാരി കെൽസോയും ബ്ലാക്ക് ബാരൺ എന്നറിയപ്പെടുന്ന ഇരട്ട സഹോദരൻ മാക്സ് കെൽസോയും വീണ്ടും യുദ്ധമുഖത്തേക്ക് പ്രവേശിച്ചു.

ഇംഗ്ലീഷ് ചാനലിന് മുകളിലെ വ്യോമയുദ്ധം ജൂലൈ മാസം മുഴുവനും നീണ്ടു നിന്നു. പിന്നീടാണ് യഥാർത്ഥ ബാറ്റ്‌ൽ ഓഫ് ബ്രിട്ടൺ ആരംഭിച്ചത്. ഈഗ്‌ൾ ഡേ എന്ന് പിന്നീട് അറിയപ്പെട്ട ആഗസ്റ്റ് 12ന്.

വെസ്റ്റ് സസ്സക്സിലെ ഫെയർലി ഫീൽഡ് ഫ്ലൈയിങ്ങ് ക്ലബ്ബിലായിരുന്നു ഹോക്ക് സ്ക്വാഡ്രന്റെ താവളം. ഗ്രാസ് റൺവേകളും നാല് ഹാങ്കറുകളും മാത്രമുള്ള അവിടെ സാമാന്യത്തിൽ കവിഞ്ഞ അന്തരീക്ഷ താപമായിരുന്നു അനുഭവപ്പെട്ടിരുന്നത്. മൈതാനത്തിട്ടിരിക്കുന്ന ഡെക്ക് ചെയറുകളിലിരുന്ന് ഹാരിയും മറ്റ് പൈലറ്റുമാരും പുക വലിച്ച് കൊച്ചു വർത്തമാനവും പുസ്തക വായനയുമൊക്കെയായി സമയം ചെലവഴിച്ചു കൊണ്ടിരുന്നു. ആക്രമണവും പ്രത്യാക്രമണവും ഒന്നുമില്ലാത്ത രണ്ടാഴ്ചകൾ അക്ഷരാർത്ഥത്തിൽ വിരസമായിരുന്നു അവർക്ക്.  ഹരിക്കേൻ വിമാനങ്ങളുടെ ഗ്രൗണ്ട് ക്രൂവിന് പോലും ഉന്മേഷമറ്റ നാളുകൾ.

ഹാരിയുടെ അരികിൽ വന്ന് ഇരുന്നിട്ട് സ്ക്വാഡ്രൺ ലീഡർ ഹോൺബി പറഞ്ഞു. "എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം പറയട്ടെ... ഐ തിങ്ക് ദി ബഗ്ഗേഴ്സ് ആർ നോട്ട് കമിങ്ങ്..."

"ദേ വിൽ കം..." അദ്ദേഹത്തിന് ഒരു സിഗരറ്റ് നീട്ടിക്കൊണ്ട് ഹാരി പറഞ്ഞു.

ചില പൈലറ്റുമാർ ഫ്ലൈയിങ്ങ് ഓവറോൾ ആണ് ധരിച്ചിരുന്നത്. മറ്റുള്ളവർ നോർമൽ യൂണിഫോമും. വേറൊന്നും ധരിക്കാൻ സാധിക്കാത്ത അത്രയും ചൂടായിരുന്നു അന്തരീക്ഷത്തിന്. ഹാരിയുടെ യൂണിഫോമിൽ വലതു ചുമലിൽ ഫിൻലണ്ട് പതാകയുടെ ബാഡ്ജ് തുന്നിച്ചേർത്തിരുന്നു. അതിന് താഴെ ഷോൾഡർ ഫ്ലാഷിൽ ബ്രിട്ടീഷ്-അമേരിക്കൻ പതാകകൾ കാൽനഖങ്ങളിൽ വഹിച്ചുകൊണ്ട് പറക്കുന്ന ഒരു അമേരിക്കൻ ഈഗ്‌ളിന്റെ ചിത്രം തുന്നിച്ചേർത്തിരിക്കുന്നു.

"നല്ല ഭംഗിയുണ്ടല്ലോ ഇത്..." ഹോൺബി പറഞ്ഞു.

"സാവൈൽ റോയിലെ ഒരു ടെയ്‌ലറാണ് ഇത് ചെയ്തു തന്നത്..." ഹാരി പറഞ്ഞു.

"ടർക്വിൻ എന്തു പറയുന്നു...? സുഖമല്ലേ അവന്...?" ഹാരിയുടെ കാൽച്ചുവട്ടിലെ ജംപ് ബാഗിലേക്ക് ചൂണ്ടിക്കൊണ്ട് ഹോൺബി ചോദിച്ചു.

"തീർച്ചയായും... അവനിതൊക്കെ എത്ര കണ്ടതാണ്..."

"എപ്പോഴെങ്കിലും ഒരു ട്രിപ്പിൽ കൂടെ കൊണ്ടു പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..." ഹോൺബി പറഞ്ഞു. അധികമകലെയല്ലാതെ ഉച്ചത്തിൽ ഉയർന്ന ഇരമ്പൽ ശബ്ദത്തിന് ചെവി കൊടുത്ത അദ്ദേഹം തുടർന്നു. "ബ്ലഡി ട്രാക്ടർ..."

"അത് ട്രാക്ടറല്ല..." ചാടിയെഴുന്നേറ്റ ഹാരി കെൽസോ ബാഗുമെടുത്ത് തന്റെ വിമാനത്തിന് നേർക്ക് കുതിച്ചു. അവർക്ക് മുകളിൽ ആകാശത്ത് സ്റ്റൂക്കാ ബോംബർ വിമാനങ്ങൾ വട്ടമിട്ട് വന്ന് ഡൈവ് ചെയ്തു.

ഫ്ലൈറ്റ് സെർജന്റ് എറിഞ്ഞു കൊടുത്ത പാരച്യൂട്ട് കിറ്റ് വാങ്ങി ഹാരി കെൽസോ കോക്ക്പിറ്റിലേക്ക് ചാടിക്കയറി. കൈയിലെ ബാഗ് സീറ്റിനരികിൽ ഇട്ടിട്ട് എൻജിൻ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു. വിമാനം നിലത്ത് നിന്ന് ഉയർന്നതും ആദ്യത്തെ ബോംബ് റൺവേയിൽ പതിച്ചു. അവിടെ കിടന്നിരുന്ന ഒരു ഹരിക്കേൻ വിമാനം സ്ഫോടനത്തിൽ കത്തിപ്പിടിച്ചതിന്റെ പുകച്ചുരുളുകൾക്കുള്ളിലൂടെ ഹാരി തന്റെ വിമാനത്തെ ഇടതു വശത്തേക്ക് വളച്ചെടുത്ത് ആൾടിറ്റ്യൂഡ് ഉയർത്തി. താഴെ നാല് ഹരിക്കേൻ വിമാനങ്ങളായിരുന്നു കത്തിയെരിഞ്ഞു കൊണ്ടിരുന്നത്.

ഹാരി വിമാനം ഒന്ന് കൂടി ചരിച്ചെടുത്ത് മുകളിലേക്ക് കയറി. പെട്ടെന്നാണ് ആ സ്റ്റൂക്കാ വിമാനം കണ്ണിൽപ്പെട്ടത്. പിന്നെ ഒട്ടും താമസിച്ചില്ല.  ഹാരിയുടെ പീരങ്കിയിൽ നിന്നും വെടിയുതിർന്നു. വെടിയേറ്റ ആ ജർമ്മൻ വിമാനം താഴേക്ക് പതിച്ചു. പിന്നെയുമുണ്ടായിരുന്നു നാല് വിമാനങ്ങൾ കൂടി. തങ്ങളുടെ ദൗത്യം ലക്ഷ്യം കണ്ടതിനെത്തുടർന്ന് തിരിച്ചു പോകുകയായിരുന്ന അവയെ ഹാരി പിന്തുടർന്നു. ഓരോന്നോരോന്നായി വെടിയുതിർത്ത് അവയെ കടലിൽ വീഴ്ത്തുമ്പോൾ അവന് ദ്വേഷ്യമോ പകയോ ഉണ്ടായിരുന്നില്ല. വളരെ കൃത്യതയോടെ കണക്ക് കൂട്ടിയുള്ള ആക്രമണം... അതാണ് ഹാരി ചെയ്തു കൊണ്ടിരുന്നത്.

തിരിച്ച് ഫെയർലി ഫീൽഡിന് മുകളിലെത്തിയ ഹാരിയെ കാത്തിരുന്നത് കനത്ത നാശനഷ്ടത്തിന്റെ കാഴ്ചകളായിരുന്നു. അധികം കേടുപാടുകൾ സംഭവിക്കാതിരുന്ന ഒരു റൺവേയിൽ അവൻ വിമാനം ഇറക്കി. സ്ട്രെച്ചറിൽ കിടക്കുന്ന ഹോൺബിയുടെ ഇടതു കൈയിലും മുഖത്തും ബാൻഡേജ് ഇട്ടിരുന്നു.

"പോയിട്ട് എന്തെങ്കിലും ഗുണമുണ്ടായോ...?" അദ്ദേഹം ആരാഞ്ഞു.

"അഞ്ചെണ്ണം..." ഓടിയെത്തുന്ന ആംബുലൻസിനെ ഒന്ന് നോക്കിയിട്ട് ഹാരി അദ്ദേഹത്തിന് ഒരു സിഗരറ്റ് നൽകി.

"അഞ്ചെണ്ണമോ...?" ഹോൺബിയ്ക്ക് വിശ്വസിക്കാനായില്ല.

"അതെ... അഞ്ച് സ്റ്റൂക്കാസ്..." ഹാരി ചുമൽ വെട്ടിച്ചു. "അൽപ്പം ആയാസകരമായിരുന്നുവെങ്കിലും ഞാൻ വീഴ്ത്തി... അവർക്ക് അധിക സമയം ഇവിടെ തങ്ങാനാവില്ല... നാം ഭയക്കേണ്ടത് ME 109 കളെയാണ്...'

ബ്ലാങ്കറ്റുകൾ കൊണ്ട് മൂടിയ നിരവധി ശരീരങ്ങൾ സ്ട്രെച്ചറുകളിൽ കിടക്കുന്നുണ്ടായിരുന്നു. "ആറ് പൈലറ്റുകൾ കൊല്ലപ്പെട്ടു..." ഹോൺബി പറഞ്ഞു. "ടേക്ക് ഓഫ് ചെയ്യാൻ പോലും അവർക്ക് ആയില്ല.. നിങ്ങൾക്ക് മാത്രമാണ് അതിന് സാധിച്ചത്... ഇത്രയും മോശം ആയിരുന്നോ ഫി‌‌ൻലണ്ടിലും...?"

"ഒരു വ്യത്യാസവുമില്ല... അവിടെ മഞ്ഞ് കൂടി പെയ്തിരുന്നു എന്ന് മാത്രം..."

ആംബുലൻസ് പ്രവർത്തകർ വന്ന് ഹോൺബിയെ വാഹനത്തിലേക്ക് എടുത്തു. "ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് പദവിയിലേക്ക് നിങ്ങൾക്ക് സ്ഥാനക്കയറ്റം നൽകുവാൻ ഞാൻ ശിപാർശ ചെയ്യുന്നുണ്ട്... ഇവിടേയ്ക്ക് ആവശ്യമുള്ള പൈലറ്റുമാരെ ഉടൻ തന്നെ അവർ ഏർപ്പാടാക്കുന്നതായിരിക്കും... ആട്ടെ, ആ ടർക്വിനെ ഒന്ന് കാണിക്കൂ..."

ഹാരി ബാഗ് തുറന്ന് ടർക്വിനെ പുറത്തെടുത്തു. രക്തം പുരണ്ട തന്റെ ഷർട്ടിൽ നിന്നും ഒരു ചെറിയ ഗിൽറ്റ് ബാഡ്ജ് അഴിച്ചെടുത്ത് ഹോൺബി അവന് നൽകി. നയന്റീൻ സ്ക്വാഡ്രൺ... അവിടെയായിരുന്നു എന്റെ തുടക്കം‌... ഈ ബാഡ്ജ് ടർക്വിൻ ധരിക്കട്ടെ..."

"തീർച്ചയായും ഞാൻ അണിയിക്കാം..."

ഹോൺബി ക്ഷീണിതനായിരുന്നു. അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. "ആ സ്റ്റൂക്കാസ്... എവിടെയാണ് നിങ്ങൾ അവയെ വീഴ്ത്തിയത്...? കരയിലോ അതോ ചാനലിലോ...?"

"ഒരെണ്ണം കരയിലാണ്‌ വീണത്..."

"അത് കഷ്ടമായിപ്പോയി... ആ ബാസ്റ്റഡ്സ് അത് നിങ്ങളുടെ അക്കൗണ്ടിൽ ചേർക്കില്ല..." ഹോൺബി പറഞ്ഞു.

"ഹൂ കെയേഴ്സ്‌...? എന്തായാലും ഈ യുദ്ധം അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ല..." ആംബുലൻസിന്റെ ഡോർ അടച്ചു കൊണ്ട് ഹാരി പറഞ്ഞു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, January 8, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 14

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



എൽസാ വോൺ ഹാൾഡർ നാട്ടിൻപുറത്തുള്ള തന്റെ വസതിയിലെ ചെറിയ ഡ്രോയിങ്ങ് റൂമിൽ കോഫി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാക്സ് എത്തിയത്. പതിവ് പോലെ തന്റെ ഫ്ലൈയിങ്ങ് യൂണിഫോമിലായിരുന്നു അവൻ. കൈയിലുണ്ടായിരുന്ന ഹോൾഡോൾ തറയിൽ വച്ചിട്ട് അവൻ അവരുടെ അരികിലെത്തി.

"മൂട്ടീ... യൂ ലുക്ക് വണ്ടർഫുൾ..."

അവർ എഴുന്നേറ്റ് അവനെ ആലിംഗനം ചെയ്തു. "ഇതൊരു സർപ്രൈസ് ആയിപ്പോയല്ലോ... എത്ര നാളത്തേക്കാണ്...?"

"മൂന്ന് ദിവസം..."

"അതിന് ശേഷം...?"

"അത് അപ്പോഴേ അറിയൂ..."

അവർ ഡ്രിങ്ക്സ് ടേബിളിനടുത്ത് ചെന്ന് ഗ്ലാസിൽ ഒരു ഡ്രൈ ഷെറി എടുത്തു. "നാം അധിനിവേശത്തിന് തുനിഞ്ഞാൽ ബ്രിട്ടനും ഫ്രാൻസും ചെറുത്ത് നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?"

"പിന്നേ... അധിനിവേശം നടത്തുമ്പോഴത്തെ കാര്യമല്ലേ...?" അവൻ അവരെ ഒന്ന് ചൊടിപ്പിക്കാൻ നോക്കി. "മഹാനായ നമ്മുടെ ഫ്യൂററുടെ നേതൃത്വ പാടവത്തിൽ എനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്..." പരിഹാസരൂപേണ അവൻ പറഞ്ഞു.

"മാക്സ്....! ദൈവത്തെയോർത്ത് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കൂ... നിന്റെ ജീവന് പോലും ഭീഷണിയായേക്കാം നിന്റെ വാക്കുകൾ... നാസി പാർട്ടിയുടെ ഒരംഗം പോലുമല്ല നീ എന്നോർക്കണം..."

"മൂട്ടീ... ഞാൻ വിചാരിച്ചത് നി‌ങ്ങൾ അവരെയെല്ലാം കണ്ണുമടച്ച് വിശ്വസിക്കുകയാണെന്നായിരുന്നു..."

"ഒരിക്കലുമല്ല... ദേ ആർ ഓൾ ബാസ്റ്റഡ്സ്... ഫ്യൂറർ, പിന്നെ ആ വട്ടൻ ഹിംലർ, എല്ലാവരും... പിന്നെ ഗൂറിങ്ങ് നല്ല മനുഷ്യനാണ്... അതുപോലെ തന്നെ സൈന്യത്തിലെ ഒട്ടുമിക്ക ജനറൽമാരും... ആട്ടെ, നിന്റെ കാര്യം എങ്ങനെയാണ്...?"

"രാഷ്ട്രീയം ഒരിക്കലും എന്നെ മോഹിപ്പിച്ചിട്ടില്ല മൂട്ടീ... ഞാനൊരു ഫൈറ്റർ പൈലറ്റ് മാത്രമാണ്... ഇതാ, ഇയാളെപ്പോലെ..." ഹോൾഡോൾ തുറന്ന് അവൻ ലൈഫ് മാഗസിന്റെ ലക്കം എടുത്ത് അവർക്ക് നേരെ നീട്ടി. "ഇന്നലെ ബെർലിനിൽ വച്ച് ഗൂറിങ്ങിനെ ഞാൻ കണ്ടിരുന്നു... അദ്ദേഹമാണ്‌ ഇതെനിക്ക് നൽകിയത്..."

കസേരയിലേക്ക് ഇരുന്നുകൊണ്ട് എൽസ ആ മാസികയുടെ മുഖചിത്രം പരിശോധിച്ചു. "വല്ലാതെ പ്രായമായത് പോലെ തോന്നുന്നല്ലോ... എന്ത് പറ്റി ഇവന്...?"

"ഉള്ളിലെ ലേഖനം കൂടി വായിക്കൂ മൂട്ടീ... അധികകാലം നീണ്ടു നിന്നില്ലെങ്കിലും വല്ലാത്തൊരു യുദ്ധം തന്നെയായിരുന്നു അത്... അവൻ അതിനെ അതിജീവിച്ചത് തന്നെ ഒരത്ഭുതമാണ്... ആ ടർക്വിന് മാത്രം ഒരു മാറ്റവുമില്ല... കണ്ടില്ലേ...? പിന്നെ, ഗൂറിങ്ങ് എന്നോടൊരു കാര്യം പറഞ്ഞു... നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങൾ മുഖാന്തരം അറിഞ്ഞതാണ്... ഒരു ഹരിക്കേൻ യുദ്ധ വിമാനവുമായി ഹാരി ഫിൻലണ്ടിൽ നിന്നും സ്റ്റോക്ക്‌ഹോമിലേക്ക് രക്ഷപെട്ടുവത്രെ... അവിടെ നിന്നും ലണ്ടനിൽ എത്തിയ അവൻ RAF ൽ ചേർന്നുവെന്നാണ് ഏറ്റവും പുതിയ വിവരം..."

ലേഖനത്തിൽ നിന്നും തലയുയർത്തിയ എൽസയുടെ ചുണ്ടുകളിൽ നിന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് ആബെ കെൽസോ ആരാഞ്ഞ അതേ ചോദ്യം പുറത്ത് വന്നു. "ഇത് എങ്ങനെ എവിടെ ചെന്ന് അവസാനിക്കും...?"

"നല്ല രീതിയിൽ ആയിരിക്കുമെന്ന് തോന്നുന്നില്ല..." മാക്സ്‌ പറഞ്ഞു. "മൂട്ടീ, അത്താഴത്തിന് മുമ്പ് എനിക്കൊന്ന് കുളിക്കണം... പെട്ടെന്ന് വരാം..." തന്റെ ബാഗ് എടുത്ത് മുറിയിലേക്ക് നടന്ന അവൻ വാതിൽക്കൽ ചെന്ന് തിരിഞ്ഞ് നിന്നു. "ഫിൻലണ്ടിൽ വച്ച് ഇരുപത്തിയെട്ട് റഷ്യൻ വൈമാനികരെയാണ്‌ അവൻ വെടി വച്ച് വീഴ്ത്തിയത് മൂട്ടീ... പോളണ്ടിൽ വച്ച് ഇരുപത് പേരെ മാത്രമേ എനിക്ക് വീഴ്ത്തുവാനായുള്ളൂ... അവന്റെയത്രയും എന്നെക്കൊണ്ട് പറ്റുമോ മൂട്ടീ...?"

        ‌‌‌‌‌                              ***

1940 ലെ വസന്തത്തിലും പിന്നെ വേനലിലും ബാറ്റിൽ ഓഫ് ബ്രിട്ടൻ നടക്കുമ്പോൾ ചുരുങ്ങിയത് പതിമൂന്ന് അമേരിക്കൻ വളണ്ടിയേഴ്സ് എങ്കിലും പൈലറ്റുമാരായി ഉണ്ടായിരുന്നു. ചിലരെയെല്ലാം കനേഡിയൻസ് എന്ന മട്ടിൽ RAF സ്വീകരിച്ചു. ഉദാഹരണത്തിന് 1940 ൽ റോയൽ എയർഫോഴ്സിൽ ചേർന്ന റെഡ് റ്റോബിൻ, ആൻഡി മെംഡോഫ്, വെർണൻ കോഗ് എന്നിവർ...  അവരോടൊപ്പമായിരുന്ന ഒരു ശതകോടീശ്വരന്റെ മകനായ ബില്ലി ഫിസ്ക് ആയിരുന്നു രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെ അമേരിക്കൻ ഫൈറ്റർ പൈലറ്റ്.

1940 മാർച്ച് 12 ന് ഫിൻലണ്ട് റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങി. മാക്സ് തന്റെ മാതാവിനോട് പറഞ്ഞത് പോലെ ഹാരി തന്റെ കൈവശമുണ്ടായിരുന്ന ഹരിക്കേൻ യുദ്ധവിമാനത്തിൽ അനധികൃതമായി ഫിൻലണ്ടിൽ നിന്നും പുറത്ത് കടന്നു. സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു എയറോ ക്ലബ്ബിന്റെ റൺവേയിൽ ലാന്റ് ചെയ്ത അവൻ വിമാനം ഉപേക്ഷിച്ച് നഗരത്തിലെത്തി. ലണ്ടനിലേക്കുള്ള ഫ്ലൈറ്റിന് ടിക്കറ്റ് കരസ്ഥമാക്കിയ അവൻ അധികാരികൾ അറിയുന്നതിന് മുൻപേ സ്റ്റോക്ക്‌ഹോമിൽ നിന്നും പറന്നുയർന്നു കഴിഞ്ഞിരുന്നു.

ലണ്ടനിലെ എയർ മിനിസ്ട്രിയിലാണ് പിന്നെ അവൻ റിപ്പോർട്ട് ചെയ്തത്. അവന്റെ രേഖകളും മെഡലുകളും പരിശോധിച്ച മദ്ധ്യവയസ്സ് പിന്നിട്ട സ്ക്വാഡ്രൺ ലീഡർ പറഞ്ഞു. "വെരി ഇംപ്രസ്സിവ്, ഓൾഡ് ബോയ്... പക്ഷേ, ഒരു പ്രശ്നം... നിങ്ങളൊരു അമേരിക്കക്കാരനാണ്... എന്ന് വച്ചാൽ നിങ്ങൾ കാനഡയിൽ ചെന്ന് റോയൽ കനേഡിയൻ എയർഫോഴ്സിൽ ജോയിൻ ചെയ്യേണ്ടി വരും..."

"നോക്കൂ... ഇരുപത്തിയെട്ട് റഷ്യക്കാരെയാണ് ഞാൻ വെടിവെച്ചിട്ടത്... അതിൽ പന്ത്രണ്ട് പേരെയും വകവരുത്തിയത് ഞാൻ ഹരിക്കേൻ പറപ്പിക്കുമ്പോഴായിരുന്നു... ഐ നോ മൈ സ്റ്റഫ്... യൂ നീഡ് പീപ്പിൾ ലൈക്ക് മീ..."

"ഹരിക്കേൻ...?" സ്ക്വാഡ്രൺ ലീഡർ ഒന്നുകൂടി ഹാരിയുടെ പേപ്പറുകൾ പരിശോധിച്ചു. "ഐ സീ... അവർ നിങ്ങൾക്ക് ഫിന്നിഷ് ഗോൾഡ് ക്രോസ്സ് ഓഫ് വാലർ മെഡൽ സമ്മാനിച്ചിട്ടുണ്ടല്ലേ..."

ഹാരി തന്റെ പോക്കറ്റിൽ നിന്നും ചെറിയ ഒരു ലെതർ ബോക്സ് എടുത്ത് തുറന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് മിലിട്ടറി ക്രോസ്സ് മെഡൽ നേടിയിട്ടുള്ള സ്ക്വാഡ്രൺ ലീഡർ അത് കണ്ട് പറഞ്ഞു. "മെഡൽ നല്ല ഭംഗിയുണ്ടല്ലോ..."

"മെഡലുകൾ എല്ലാം അങ്ങനെ തന്നെയല്ലേ...?" ഹാരി ചോദിച്ചു.

അരികിലുണ്ടായിരുന്ന മറ്റൊരു ഓഫീസർ ഒരു ഫോം അവന്റെ നേർക്ക് നീട്ടി. "ഓൾ റൈറ്റ്... ഈ ഫോം ഒന്ന് പൂരിപ്പിച്ചേക്കൂ... കൺട്രി ഓഫ് ഒറിജിൻ - അമേരിക്ക... പാരമ്പര്യമായി ലഭിച്ച നി‌ങ്ങളുടെ കുടുംബവീട് റഷ്യക്കാരിൽ നിന്നും സംരക്ഷിക്കുവാനായി ഫിൻലണ്ടിലേക്ക് മടങ്ങിച്ചെന്നു... എന്താ, അങ്ങനെയല്ലേ...?"

"എക്സാറ്റ്‌ലി..."

"വെൽ... അങ്ങനെ നിങ്ങൾ ഒരു ഫിൻലണ്ട്‌കാരനാകുന്നു... നിങ്ങളുടെ റെക്കോർഡ്സിൽ അങ്ങനെയാണ് ഞങ്ങൾ രേഖപ്പെടുത്താൻ പോകുന്നത്..." സ്ക്വാഡ്രൺ ലീഡർ ഒന്ന് പുഞ്ചിരിച്ചു. "മണ്ടൻ ക്ലർക്കുമാരെ പറഞ്ഞാൽ മതിയല്ലോ... എപ്പോഴും എന്തെങ്കിലും തെറ്റുകൾ വരുത്തും..."

                                    ***

എസ്സക്സ് ചതുപ്പിന്റെ സമീപം ഈർപ്പം നിറഞ്ഞ വല്ലാത്തൊരിടത്തായിരുന്നു ഓപ്പറേഷണൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്. വെസ്റ്റ് എന്ന് പേരുള്ള ഒരു വിങ്ങ് കമാൻഡർ ആയിരുന്നു ചീഫ് ഓഫീസർ.  1918 ലെ പോരാട്ടത്തിൽ വച്ച് ഒരു കാൽ മുറിച്ച് മാറ്റപ്പെട്ട അദ്ദേഹം കൃത്രിമക്കാലുമായാണ് നടക്കുന്നത്. പൈലറ്റ് ഓഫീസർ ഹാരി കെൽസോയുടെ ഡോക്യുമെന്റ്സ് പരിശോധിച്ച ശേഷം തലയുയർത്തിയ അദ്ദേഹത്തിന്റെ കണ്ണുകൾ അവന്റെ യൂണിഫോമിൽ വിങ്ങ്സിന് താഴെയുള്ള മെഡൽ റിബ്ബണിൽ പതിഞ്ഞു.

"ഏതൊക്കെയാണ് ഈ മെഡലുകൾ...?"

ഹാരി അവയെക്കുറിച്ച് വിശദീകരിച്ചു.

"അവിടെ എത്ര പേരെ വെടിവെച്ചിട്ടുവെന്നാണ് നിങ്ങൾ പറഞ്ഞത്...?"

"ഇരുപത്തിയെട്ട്..."

"ഹരിക്കേൻ വിമാനങ്ങൾ പറപ്പിക്കുന്നതിൽ നല്ല വൈദഗ്ദ്ധ്യം ഉണ്ടെന്നാണല്ലോ ഈ രേഖകളിൽ കാണുന്നത്...?"

"അതെ... യുദ്ധത്തിന്റെ അവസാന മാസങ്ങൾ ആയപ്പോഴേക്കും ഫിന്നിഷ് എയർഫോഴ്സിന് ഏതാനും ഹരിക്കേൻ വിമാനങ്ങൾ ലഭിച്ചിരുന്നു..."

"ഓൾ റൈറ്റ്... ലെറ്റ്സ് സീ വാട്ട് യൂ കാൻ ഡൂ..."

വെസ്റ്റ് മേശപ്പുറത്തെ ബെൽ അമർത്തി. സ്റ്റേഷൻ വാറന്റ് ഓഫീസർ മുറിയിലേക്ക് എത്തി.

"മിസ്റ്റർ ക്വിഗ്‌ലീ... ഞാൻ ഈ പൈലറ്റ് ഓഫീസറെ ഒന്ന് ടെസ്റ്റ് ചെയ്യാൻ പോകുകയാണ്... എന്റെ വിമാനവും പിന്നെ ഒരു ഹരിക്കേൻ വിമാനവും തയ്യാറാക്കി നിർത്തൂ... ഇരുപത് മിനിറ്റിനുള്ളിൽ വേണം..." വെസ്റ്റ് പറഞ്ഞു.

"ഇപ്പോൾത്തന്നെ ശരിയാക്കാം സർ..."  പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇല്ലാതെ വാറന്റ് ഓഫീസർ പറഞ്ഞു.

സീറ്റിൽ നിന്ന് എഴുന്നേറ്റ വെസ്റ്റ് തന്റെ വാക്കിങ്ങ് സ്റ്റിക്ക് എടുത്തു. "എന്റെ കൃത്രിമക്കാൽ കണ്ട് നിരാശപ്പെടേണ്ട... ഡഗ്ലസ് ബദർ എന്നൊരാളെ എനിക്കറിയാം... ഒരു പ്ലെയ്‌ൻ ക്രാഷിൽ ഇരുകാലുകളും നഷ്ടപ്പെട്ടുവെങ്കിലും ഇപ്പോഴും അദ്ദേഹം വിമാനം പറത്തുന്നു..." വാതിൽ തുറന്നിട്ട് ഒരു നിമിഷം അദ്ദേഹം നിന്നു. "അപകടത്തിൽ പെടുന്നതിന് മുമ്പ് ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്നപ്പോൾ ഇരുപത്തിരണ്ട് പേരെയാണ് ഞാൻ വെടിവെച്ച് വീഴ്ത്തിയത്... അതുകൊണ്ട് എന്നെ അത്ര മോശക്കാരനായിട്ട് കരുതേണ്ട... ലെറ്റ്സ് സീ ഇഫ് യൂ കാൻ ടേക്ക് മീ..."

ആകാശത്തേക്ക് കണ്ണും നട്ട് ഉദ്വേഗഭരിതരായി മഴയത്ത് നിന്നിരുന്ന കാണികൾക്ക് ഒരിക്കലും മറക്കാനാവാത്തതായിരുന്നു ആ കാഴ്ച. 5000 അടി ഉയരത്തിൽ വെസ്റ്റ് തന്റെ വിമാനത്തിൽ ഹാരി കെൽസോയുടെ പിന്നാലെ കുതിച്ചു. പൊടുന്നനെ മുകളിലേക്കുയർന്ന് വശങ്ങളിലേക്ക് ഒഴിഞ്ഞു മാറി പരസ്പരം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അവർ അഭ്യാസപ്രകടനം നടത്തവെ കാണികൾ ഭയം കൊണ്ട് ശ്വാസമടക്കിപ്പിടിച്ച് നിന്നു. വെസ്റ്റിൽ  നിന്നും വിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയ ഹാരി ഒരു ലൂപ്പ് എടുത്ത് ചുറ്റിക്കറങ്ങി അദ്ദേഹത്തിന്റെ വിമാനത്തിന്റെ തൊട്ടു പിന്നിലെത്തി.

"വെരി നൈസ്..." വെസ്റ്റ് റേഡിയോയിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, ഇടത്തോട്ട് വെട്ടിച്ച് കരണം മറിഞ്ഞ് ഒഴിഞ്ഞു മാറി വീണ്ടും ഹാരിയുടെ പിന്നിലെത്തി. അത് മനസ്സിലാക്കിയ ഹാരിയാകട്ടെ, ഫ്ലാപ്പുകൾ ഡ്രോപ്പ് ചെയ്ത് പൊടുന്നനെ വിമാനത്തിന്റെ വേഗത കുറച്ചു.

"ഓ മൈ ഗോഡ്...!"  അലറി വിളിച്ചുകൊണ്ട് കൺട്രോൾ കോളത്തിൽ ബലം പിടിച്ച വെസ്റ്റ് മുടിനാരിഴയ്ക്കാണ് കൂട്ടിയിടി ഒഴിവാക്കിയത്‌.

വീണ്ടും വെസ്റ്റിന് തൊട്ടുപിന്നിൽ എത്തിയ ഹാരി റേഡിയോയിലൂടെ വിളിച്ചു പറഞ്ഞു. "ബാങ്ങ്... യൂ ആർ ഡെഡ്..."

അവനിൽ നിന്നും രക്ഷപെടാനായി വെസ്റ്റ് വഴുതി മാറി. എന്നാൽ ഒരു ഹാഫ് ലൂപ്പ് എടുത്ത് മുകളിലേക്കുയർന്ന ഹാരി ഒന്ന് കരണം മറിഞ്ഞ് ഇമ്മെൽമാൻ ട്രിക്ക് പുറത്തെടുത്തു. വെസ്റ്റിന്റെ കോക്ക്പിറ്റിന് അമ്പതടി തൊട്ടു മുകളിൽ പാഞ്ഞെത്തിയ ഹാരി വിളിച്ചു പറഞ്ഞു. "ആന്റ് ബാങ്ങ്... യൂ ആർ ഡെഡ് എഗെയ്‌ൻ സർ..."

ലാന്റ് ചെയ്ത് നടന്നടുക്കുന്ന ഇരുവരെയും കാണികൾ ഹർഷാരവങ്ങളോടെ വരവേറ്റു. വെസ്റ്റിന്റെ പാരച്യൂട്ട് കിറ്റ് വാങ്ങിയ ശേഷം അദ്ദേഹത്തിന് വാക്കിങ്ങ് സ്റ്റിക്ക് കൈമാറവെ ഹാരി കെൽസോയെ ചൂണ്ടി ക്വിഗ്‌ലി ചോദിച്ചു.

"ഹൂ ഇൻ ദി ഹെൽ ഈസ് ഹീ, സർ...?"

"ഓ... ഞാൻ ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്ന സമയത്ത്‌ കുറെയേറെ മിടുക്കന്മാരുണ്ടായിരുന്നു... അവരെല്ലാം ചേർന്ന് ഒരൊറ്റ മനുഷ്യനായാൽ എങ്ങനെയുണ്ടാവും...? അതാണയാൾ..."

ഓഫീസിലെത്തി ഇരുന്നയുടൻ വെസ്റ്റ് ഒരു ഫോം എടുത്ത് പെട്ടെന്ന് പൂരിപ്പിച്ചു. "ഫ്രാൻസിലുള്ള 607 സ്ക്വാഡ്രണിലേക്ക് ഇമ്മീഡിയറ്റ് പോസ്റ്റിങ്ങ് തരികയാണ് ഞാൻ..‌. ഗ്ലേഡിയേറ്റർ വിമാനങ്ങളിൽ നിന്ന് ഈ അടുത്തയിടെയാണ് അവർ ഹരിക്കേനിലേക്ക് മാറിയത്... നിങ്ങളെ അവർക്കവിടെ ആവശ്യം വരും..."

"ഫിൻലണ്ടിൽ വച്ച് ഗ്ലേഡിയേറ്ററുകളും ഞാൻ പറപ്പിച്ചിട്ടുണ്ട് സർ... മഞ്ഞ് പൊഴിയുന്ന സമയത്ത് അതിന്റെ കോക്ക്പിറ്റിൽ എന്തൊരു തണുപ്പായിരുന്നു...!"

ഡ്രോയർ തുറന്ന് വെസ്റ്റ് ഒരു ബോട്ട്‌ൽ ബ്രാണ്ടിയും രണ്ട് ഗ്ലാസ്സുകളും എടുത്തു. ഗ്ലാസ്സിലേക്ക് മദ്യം പകരവെ അദ്ദേഹം പറഞ്ഞു. "കെൽസോ... ഈ പേര് ഇവിടെ അത്ര സുപരിചിതമല്ല... നിങ്ങൾ എന്തായാലും ഫിൻലണ്ടുകാരനല്ലെന്നുറപ്പാണ്... ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്ന സമയത്ത് കെൽസോ എന്നൊരു അമേരിക്കക്കാരനെ എനിക്ക് പരിചയമുണ്ടായിരുന്നു..."

"മൈ ഫാദർ, സർ..."

"ഗുഡ് ഗോഡ്... അദ്ദേഹം എന്തു ചെയ്യുന്നു ഇപ്പോൾ...?"

"അദ്ദേഹം ഇപ്പോഴില്ല... ഏതാനും വർഷം മുമ്പുണ്ടായ ഒരു കാർ ആക്സിഡന്റിൽ കൊല്ലപ്പെട്ടു..."

"ഐ സീ... പറക്കുമ്പോൾ അദ്ദേഹം ഒരു കരടിക്കുട്ടനെയും കൂടെ കൊണ്ടു പോകാറുണ്ടായിരുന്നില്ലേ...?"

"ശരിയാണ് സർ... ടർക്വിൻ..."  അഭ്യാസ പ്രകടനത്തിനിടയിലും ഹാരി തന്നോടൊപ്പം കൊണ്ടുപോയിരുന്ന ആ ബാഗ് തുറന്ന് ടർക്വിനെ പുറത്തെടുത്ത് മേശപ്പുറത്ത് വച്ചു.

വെസ്റ്റിന്റെ മുഖം ആർദ്രമായി. "വെൽ... ഹലോ ഓൾഡ് ലാഡ്... നൈസ് റ്റു സീ യൂ എഗെയ്‌ൻ..." അദ്ദേഹം ഗ്ലാസ് ഉയർത്തി. "നിങ്ങളുടെ പിതാവിനും നിങ്ങൾക്കും പിന്നെ ലോകത്ത് എല്ലായിടത്തുമുള്ള ധീരവൈമാനികർക്കും വേണ്ടി..."

"ഒപ്പം എന്റെ ഇരട്ട സഹോദരനും വേണ്ടി, സർ..."

വെസ്റ്റ് പുരികം ചുളിച്ചു. "അയാളും പൈലറ്റാണോ...?"

"ലുഫ്ത്‌വാഫിൽ ഓബർലെഫ്റ്റ്നന്റാണ് സർ..."

"അങ്ങനെയാണോ...? എങ്കിൽ എനിക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്, പൈലറ്റ് ഓഫീസർ... യൂ ആർ ഇൻ ഫോർ എ വെരി ഇ‌ന്ററസ്റ്റിങ്ങ് വാർ..." വെസ്റ്റ് തന്റെ ഗ്ലാസ് ഒറ്റയടിക്ക് കാലിയാക്കി.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...