Saturday, March 28, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 53


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

സാവൈൽ റോയിലെ ടെയ്‌ലറിങ്ങ് ഷോപ്പിൽ ക്രോസ്‌ലിയും അയാളുടെ സഹായി ജോർജ്ജും കൂടി  ഹാരിയുടെ പുതിയ യൂണിഫോം മേശപ്പുറത്ത് നിവർത്തി വച്ചു.

വിങ്ങ് കമാൻഡർ, ഇതിൽ അധികവും സംഘടിപ്പിച്ചത് ഞങ്ങളുടെ കൈവശമുള്ള സ്റ്റോക്കിൽ നിന്നാണ്...” വൃദ്ധനായ ക്രോസ്‌ലി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “സോറി, വിങ്ങ് കമാൻഡർ അല്ല... ലെഫ്റ്റ്നന്റ് കേണൽ...”

ദാറ്റ്സ് ക്വൈറ്റ് ഓൾറൈറ്റ്...” ഹാരി പറഞ്ഞു.

എന്തായാലും രണ്ട് യൂണിഫോമുകൾ ട്യുണിക്ക് സഹിതമാണ്... RAF സർവ്വീസിൽ ആയിരുന്നപ്പോൾ താങ്കൾ ഏത് തരം വേഷമാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് അമേരിക്കൻ പൈലറ്റുമാർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വേറെയും രണ്ട് ജോഡി കൂടി തയ്യാറാക്കിയിട്ടുണ്ട്... താങ്കളുടെ മെഡലുകളും ഞങ്ങൾ റെഡിയാക്കിയിട്ടുണ്ട്... സേഫ്റ്റി പിൻ കൊണ്ട് ഘടിപ്പിക്കാൻ സാധിക്കുന്ന പാച്ച് സ്റ്റൈലിൽ ഉള്ളത്...”

ഹാരി എല്ലാം ഒന്ന് ഓടിച്ചു നോക്കി. “ഓഹോ, ലെജിയൻ ഓഫ് ഓണർ ബഹുമതിയും പിന്നെ DSO യിൽ ഒരു ബാറും ഒക്കെ തുന്നിച്ചേർത്തിട്ടുണ്ടല്ലോ...”

സമയം ലാഭിക്കാനാണ് സർ... വീണ്ടും ഇങ്ങോട്ടുള്ള ഒരു വരവ് ഒഴിവാക്കാൻ വേണ്ടി...”

ഇതൊന്ന് ഇട്ടു നോക്കൂ ഹാരീ...” മോളി പറഞ്ഞു. “എങ്ങനെയുണ്ടെന്ന് ഞങ്ങളൊന്ന് കാണട്ടെ...” ജോർജ്ജിനോടൊപ്പം ഹാരി ട്രയൽ റൂമിന് നേർക്ക് നടന്നു.

തിരികെ അദ്ദേഹം വന്നത് ക്രീം നിറത്തിലുള്ള മുറിക്കൈയ്യൻ ഷർട്ടും ബ്രൗൺ ബാറ്റ്‌ൽ ഡ്രസ്സും അണിഞ്ഞായിരുന്നു. ക്രോസ്‌ലി പറഞ്ഞത് പോലെ US എയർഫോഴ്സിൽ ഉള്ള ഭൂരിഭാഗം പൈലറ്റുമാരും ഇഷ്ടപ്പെട്ടിരുന്ന ട്യൂണിക്ക് ടൈപ്പിലുള്ള വേഷം. പൈലറ്റ് എന്ന് സൂചിപ്പിക്കുന്ന സിൽവർ വിങ്ങ്സ് ഇടതു ഭാഗത്ത് നെഞ്ചിൽ മെഡലുകൾക്ക് മുകളിലായി തുന്നിച്ചേർത്തിരിക്കുന്നു. RAF വിങ്ങ്സ് നെഞ്ചിൽ വലതു ഭാഗത്തും.

വെരി നൈസ്... ഇനി  പീക്ക്ഡ് ക്യാപ്പ് ആണോ സൈഡ് ക്യാപ്പ് ആണോ വേണ്ടത്, കേണൽ...?” ക്രോസ്‌ലി ചോദിച്ചു.

 രണ്ടും എടുത്തോളൂ...”

സൈഡ് ക്യാപ്പ് തലയിൽ വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് ഹാരി കണ്ണാടിയിലേക്ക് നോക്കി. “ഛെ... ഇത് ഞാനല്ല...”

നോൺസെൻസ്... യൂ ലുക്ക് ലവ്‌ലി...” മോളി പറഞ്ഞു. “ടെറിബ്‌ളി ഡാഷിങ്ങ്...”

ഒരു കാര്യം കൂടി കേണൽ... ഒരു അമേരിക്കൻ ക്യാമ്പെയ്ൻ റിബ്ബൺ കൂടി താങ്കളുടെ യൂണിഫോമിൽ ചേർക്കേണ്ടതുണ്ട്... സ്റ്റോക്ക്  ഉണ്ടോ എന്ന് നോക്കട്ടെ... അൽപ്പമൊന്ന് വെയ്റ്റ് ചെയ്താൽ മതി...”

മോളി വാച്ചിൽ നോക്കി. “ഞങ്ങൾക്ക് ഇപ്പോൾത്തന്നെ പുറപ്പെട്ടേ തീരൂ... ജനറൽ ഡിഗോൾ കാത്തിരിക്കുകയാണ്... എല്ലാം ശരിയാക്കിയിട്ട് ഹേസ്റ്റൺ പ്ലേസിലേക്ക് കൊടുത്തയച്ചാൽ മതി മിസ്റ്റർ ക്രോസ്‌ലി...”

തീർച്ചയായും ഡോക്ടർ... ജോർജ്ജ്, ആ വാതിൽ തുറന്നു കൊടുക്കൂ...”

പുറത്തെ നരച്ച വെയിലിലേക്ക് ഇറങ്ങി നടക്കവെ അവൾ ഹാരിയുടെ കൈയ്യിൽ തൂങ്ങി. “ആ വേഷത്തിൽ കാണാൻ നല്ല സുന്ദരനായിരുന്നു കേട്ടോ... അബ്സൊല്യൂട്ട്‌ലി സ്മാഷിങ്ങ്...”  എന്നിട്ട് കൈ ഉയർത്തി അടുത്തു കണ്ട ടാക്സിയുടെ ശ്രദ്ധ ക്ഷണിച്ചു.

                                                       ***

കൊണാട്ട് ഹോട്ടലിലെ സ്യൂറ്റ് നമ്പർ 103 ജനറൽ ചാൾസ് ഡി ഗോൾ 1943 ൽ തന്നെ ഒഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാഫിലെ ഉന്നത ഉദ്യോഗസ്ഥർക്കായി എപ്പോഴും ആ സൗകര്യം ലഭ്യമായിരുന്നു.

“ഞാൻ ഇവിടെ വെയ്റ്റ് ചെയ്തോളാം...” റിസപ്ഷന് നേർക്ക് നടക്കവെ മോളി പറഞ്ഞു.

“വെയ്റ്റ് ചെയ്തോളാമെന്ന്...! സുപ്രീം കമാൻഡർ എന്താണ് പറഞ്ഞത്...? എപ്പോഴും എന്റെ മേൽ ഒരു കണ്ണ് വേണമെന്ന്... ആ ജോലി നടക്കട്ടെ...”

റിസപ്ഷനിസ്റ്റിന്റെ മുന്നിലെത്തിയ ഹാരി പറഞ്ഞു. “കേണൽ കെൽസോയും ഡോക്ടർ സോബെലും... ജനറൽ ഡി ഗോളിനെ കാണാനെത്തിയതാണ്... ഞങ്ങൾക്കിവിടെ ക്ഷണമുണ്ട്...”

“അറിയാം കേണൽ...” റിസപ്ഷനിസ്റ്റ് ഫോൺ എടുത്തു.

ഹാരിയും മോളിയും വെയ്റ്റ് ചെയ്തു. “ഈ സ്ഥലം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു...” അവൾ പറഞ്ഞു. “കോബർഗ് എന്നായിരുന്നു മുമ്പ് ഇവിടം അറിയപ്പെട്ടിരുന്നത്... വിക്ടോറിയാ രാജ്ഞിയുടെ ആൽബർട്ട് രാജകുമാരനുമായി ബന്ധപ്പെട്ട കഥയാണ്... മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ജോർജ്ജ് രാജാവ് എടുത്ത തീരുമാനമാണ്... രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ ജർമ്മൻ നാമങ്ങളും ഒഴിവാക്കുക എന്നത്... അങ്ങനെ കോബർഗ് എന്ന ഈ ഹോട്ടൽ കോണാട്ട് ആയി...”

“ദിവസവും ഓരോ പുതിയ അറിവാണല്ലോ...”

ചെറുപ്പക്കാരനായ  ഒരു ഫ്രഞ്ച് ക്യാപ്റ്റൻ അവർക്ക് മുന്നിലെത്തി. “കേണൽ കെൽസോ...?” പിന്നെ അൽപ്പം ചിന്താക്കുഴപ്പത്തോടെ മോളിയുടെ നേർക്ക് നോക്കി. “താങ്കളോടൊപ്പമുള്ളതാണോ ഈ യുവതി...?”

“അതെ... ജനറൽ ഐസൻ‌ഹോവറിന്റെ നിർദ്ദേശപ്രകാരം എത്തിയതാണ്... ഡോക്ടർ സോബെൽ...”

“ഓ, അതു ശരി...” ക്യാപ്റ്റൻ മനോഹരമായ ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു. “എന്റെയൊപ്പം വന്നോളൂ...” മുകളിലേക്കുള്ള പടവുകൾ കയറവെ അയാൾ കൂട്ടിച്ചേർത്തു. “ജനറലിന്റെ പഴയ റൂമിൽ കേണൽ ജോബർട്ട് വെയ്റ്റ് ചെയ്യുന്നുണ്ട്... താങ്കളോട് നേരിട്ട് നന്ദി അറിയിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു...”

റൂം നമ്പർ 103 ന്റെ വാതിൽ തുറന്ന് അയാൾ അവരെ അകത്തേക്ക് കൊണ്ടുപോയി. ജാലകത്തിനരികിലുള്ള കോഫി ടേബിളിന് മുന്നിൽ ജനറൽ ഡി ഗോൾ ഇരിക്കുന്നുണ്ടായിരുന്നു. മൊറോക്കൻ ലെതർ കൊണ്ട് നിർമ്മിച്ച ഒരു ചെറിയ ബോക്സ് മേശപ്പുറത്ത് ഇരിക്കുന്നുണ്ട്. യൂണിഫോമിൽ അദ്ദേഹത്തിനരികിൽ നിന്നിരുന്ന കേണൽ ജോബർട്ട് ഹാരിയെ കണ്ടതും ഓടി വന്ന് ആലിംഗനം ചെയ്തു.

“വിങ്ങ് കമാൻഡർ അല്ല, ഇനിയങ്ങോട്ട് ലെഫ്റ്റ്നന്റ് കേണൽ അല്ലേ...? യൂ ആർ എ റിമാർക്കബ്‌ൾ മാൻ... നിങ്ങളുടെ ആ ഹീറോയിസം എന്റെ ജീവിതകാലം മുഴുവനും ഓർമ്മയുണ്ടായിരിക്കും... കാരണം, എന്റെ ജീവനാണ് അന്ന് നിങ്ങൾ രക്ഷിച്ചത്...”

“ഡോക്ടർ സോബെലിനെ ഞാൻ പരിചയപ്പെടുത്തട്ടെ...? സുപ്രീം കമാൻഡറുടെ നിർദ്ദേശപ്രകാരമാണ് ഇവർ ഇവിടെ എത്തിയിരിക്കുന്നത്...” ഹാരി പറഞ്ഞു.

“കേണലിന് അടുത്തയിടെ ഉണ്ടായ പരിക്കിന്റെ ഗൗരവം വച്ച് നോക്കുമ്പോൾ അത് ഉചിതമായിരിക്കുമെന്ന് ഞങ്ങൾ കരുതി...” മോളി പറഞ്ഞു.
“ഡോക്ടറുടെ പിതാവ് മേജർ ജനറൽ സോബെൽ ഐസൻഹോവറിന്റെ സ്റ്റാഫിൽപ്പെട്ട ആളാണ്...” ഹാരി ജോബർട്ടിനോട് പറഞ്ഞു.

“എക്സലന്റ്...” അദ്ദേഹം ഡി ഗോളിന് നേർക്ക് തിരിഞ്ഞു. അവിടെ നടക്കുന്ന സംഭാഷണങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത മട്ടിൽ ഒരു സിഗരറ്റിന് തീ കൊളുത്തുകയായിരുന്നു ജനറൽ ഡി ഗോൾ. “ജനറൽ, താങ്കളുടെ അനുവാദത്തോടെ...?”

ജനറൽ ഡി ഗോൾ തല കുലുക്കി. മേശപ്പുറത്ത് വച്ചിരിക്കുന്ന ആ ബോക്സ് തുറന്ന് ജോബർട്ട് ഷെവലിയർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ മെഡൽ പുറത്തെടുത്തു. എന്നിട്ട് ഹാരിയുടെ ട്യൂണിക്കിൽ പിൻ ചെയ്തു കൊടുത്തു. ശേഷം അദ്ദേഹത്തിന്റെ രണ്ട് കവിളുകളിലും മുത്തം നൽകിയിട്ട് ഒരടി പിറകോട്ട് മാറി നിന്ന് സല്യൂട്ട് ചെയ്തു.

ജനറൽ ഡി ഗോൾ ഇതാദ്യമായി വായ് തുറന്നു. “ദി റിപ്പബ്ലിക്ക് താങ്ക്സ് യൂ കേണൽ... ബട്ട് നൗ യൂ വിൽ എക്സ്ക്യൂസ് അസ്... ദേർ ഈസ് മച്ച് റ്റു ഡൂ...”

ആദരസൂചകമായി അദ്ദേഹത്തെ സല്യൂട്ട് ചെയ്തിട്ട് തിരിഞ്ഞ ഹാരി മോളിയെ നോക്കി കണ്ണിറുക്കി. ക്യാപ്റ്റൻ തുറന്നു കൊടുത്ത വാതിലിലൂടെ പുറത്തു കടന്ന അവർ സ്റ്റെയർകെയ്സിന് അരികിലെത്തിയതും പൊട്ടിച്ചിരിച്ചു പോയി.

“ദി റിപ്പബ്ലിക്ക് താങ്ക്സ് യൂ...” സ്വരം കടുപ്പിച്ച് മോളി പറഞ്ഞു. “ആ മനുഷ്യന് ഒരുത്തനെയും ഇഷ്ടമല്ല... നന്ദി പോലും... ഒരാളോട് പോലും അയാൾക്ക് നന്ദിയില്ല... വിൻസ്റ്റൺ ചർച്ചിലിനും ഐസൻഹോവറിനും എന്തു മാത്രം പ്രശ്നങ്ങളാണ് അയാൾ ഉണ്ടാക്കി വയ്ക്കുന്നതെന്നറിയാമോ...?”

ആ മെഡൽ ഊരിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഹാരി. “ഈ നാശം ഊരാൻ പറ്റുന്നില്ലല്ലോ...”

“ഞാൻ ഊരിത്തരാം... എന്തായാലും കാണാൻ ഭംഗിയുണ്ട്... ആ ബോക്സ് ഇങ്ങ് തരൂ...”

പടവുകളിറങ്ങവെ ആ മെഡൽ ബോക്സിനുള്ളിലാക്കി അടച്ചിട്ട് മോളി അദ്ദേഹത്തിന് നേർക്ക് നീട്ടി.

“വേണ്ട... അത് നീ തന്നെ വച്ചോളൂ... എന്റെ വക ഒരു സുവനീർ...” ഹാരി പറഞ്ഞു.

“ഡോണ്ട് ബീ സില്ലി...”

“ഞാൻ തമാശ പറഞ്ഞതല്ല... വേറൊന്നു കൂടി കിട്ടാൻ പോകുകയാണെനിക്ക്... നാളെ രാവിലെ പതിനൊന്ന് മണിക്ക്... ബക്കിങ്ങ്ഹാം പാലസിൽ വച്ച്... നീ വരില്ലേ...? അതിഥികൾക്കും  പ്രവേശനമുണ്ട്...”

“തീർച്ചയായും ഹാരീ... സന്തോഷമേയുള്ളൂ...” നിറഞ്ഞ മനസ്സോടെ അവൾ അദ്ദേഹത്തിന്റെ കൈകളിൽ തൂങ്ങി ആ പാതയോരത്ത് നിന്നു. “പക്ഷേ, ഇപ്പോൾ എനിക്ക് പോയേ തീരൂ...” ആ സമയത്താണ് ആരെയോ ഡ്രോപ്പ് ചെയ്യാനായി ഒരു ടാക്സി അവരുടെ അരികിൽ വന്ന് നിന്നത്. ഡ്രൈവറുടെ നേർക്ക് കൈ ഉയർത്തി ശ്രദ്ധ ക്ഷണിച്ചിട്ട് അവൾ ഹാരിയോട് പറഞ്ഞു. “ഗൈസ് ഹോസ്പിറ്റലിൽ ഈവനിങ്ങ് ഷിഫ്റ്റിന് ചെല്ലേണ്ടതുണ്ട്... ജോലി കഴിയുമ്പോൾ മിക്കവാറും ലേറ്റാകും...”

“ഡോണ്ട് വറി... പാലസിൽ നാം പോകുന്നു... രാവിലെ പതിനൊന്ന് മണിക്ക്... മറക്കണ്ട...”

“മറക്കുകയോ...?” അദ്ദേഹത്തിന്റെ കവിളിൽ ചുംബിച്ചിട്ട് ഉള്ളിലേക്ക് കയറിയ അവളെയും കൊണ്ട് കാർ നീങ്ങി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, March 15, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 52


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ലണ്ടനിൽ മൺറോയൊടൊപ്പം തങ്ങിയ ഹാരി രണ്ട് ദിവസം കഴിഞ്ഞ് ഒരു ടാക്സി പിടിച്ച് ഗൈസ് ഹോസ്പിറ്റലിലേക്ക് തിരിച്ചു. മോളി മുഖേന കാഷ്വാലിറ്റി ഡിപ്പാർട്ട്മെന്റിൽ ഒരു അപ്പോയ്ൻമെന്റ് ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു അദ്ദേഹം. റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തിട്ട് അവിടെ കണ്ട ബെഞ്ചുകളിലൊന്നിൽ ഹാരി ഇരിപ്പുറപ്പിച്ചു. ആശുപത്രിയിൽ എമ്പാടും തിരക്ക് തന്നെ. ഒഴിഞ്ഞ ഇടങ്ങൾ എവിടെയുമില്ല. എങ്കിലും അധികം താമസിയാതെ തന്നെ ഒരു നേഴ്സ് അദ്ദേഹത്തിനരികിലെത്തി.

ഇതിലെ വന്നോളൂ, വിങ്ങ് കമാൻഡർ...”

ഇടനാഴിയിലൂടെ അവളെ അനുഗമിച്ച ഹാരി ഒരു സർജിക്കൽ തീയേറ്ററിലാണ് എത്തിയത്. വെള്ള കോട്ട് ധരിച്ച മോളി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

ആഹ്, എത്തിയല്ലോ... എങ്ങനെയുണ്ടെന്ന് നോക്കാം നമുക്ക്... പ്രൊഫസർ ജോസഫിനോട് ഞാൻ റെഡിയാണെന്ന് പറഞ്ഞേക്കൂ...” അവൾ നേഴ്സിനെ നോക്കി പറഞ്ഞു.

വേദനിക്കുമോ...? ഹാരി ചോദിച്ചു.

തീർച്ചയായും... അതുകൊണ്ട് ഏറ്റവും നല്ല വഴി, വച്ച് താമസിപ്പിക്കാതെയിരിക്കുക എന്നതാണ്...” ചടുലമായ നീക്കത്തിൽ ഹാരിയുടെ മുഖത്തെ ടേപ്പ് ഇളക്കി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. “വേദനിച്ചൊന്നും ഇല്ലല്ലോ അല്ലേ...?”

പിന്നെ... എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട...”

വാതിൽ തുറന്ന് വെള്ള സർജിക്കൽ കോട്ട് ധരിച്ച നരച്ച താടിയുള്ള പ്രസന്നവദനനായ ഒരു ഡോക്ടർ പ്രവേശിച്ചു. “റൈറ്റ്, മോളീ... പറയൂ, എന്താണ് സംഭവം...?”

ഇത് വിങ്ങ് കമാൻഡർ കെൽസോ... ആകാശത്ത് വച്ചുള്ള യുദ്ധത്തിനിടയിൽ അൽപ്പം പരിക്ക്...” അവൾ പറഞ്ഞു. “വിമാനത്തിന് തീ പിടിച്ചതിനെത്തുടർന്ന് കടലിൽ ചാടേണ്ടി വന്നു... അതുകൊണ്ട് മുറിവൊക്കെ നന്നായി വൃത്തിയായി...”

ശരി, നോക്കട്ടെ...” ഹാരിയുടെ മുഖം പരിശോധിച്ചിട്ട് അദ്ദേഹം തല കുലുക്കി. “വെരി നൈസ് മോളീ... ഇദ്ദേഹത്തിന്റെ മുഖത്തുള്ള ഈ എംബ്രോയ്ഡറി എടുത്ത് മാറ്റിക്കോളൂ... പിന്നെ, വിങ്ങ് കമാൻഡർ, ഒരിക്കലും മായാത്ത ഒരു മുറിപ്പാട് നിങ്ങളുടെ മുഖത്ത് ഉണ്ടായിരിക്കും എന്നതിന് ഒരു സംശയവും വേണ്ട...”

അതിനെന്താ... മോളിയ്ക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എനിക്കും കുഴപ്പമൊന്നുമില്ല...”

ഓഹോ, അങ്ങനെയാണോ...? എക്സലന്റ്...” ജോസഫ് അവളുടെ ചുമലിൽ കൈ വച്ചു. “ഇവളെ പെട്ടെന്നങ്ങനെ കൊണ്ടുപോയേക്കല്ലേ വിങ്ങ് കമാൻഡർ... യുദ്ധം നടന്നു കൊണ്ടിരിക്കുകയാണെന്നത് ഓർമ്മ വേണം...”

അദ്ദേഹം പുറത്ത് പോയതും മോളി പറഞ്ഞു. “ഇനിയിപ്പോൾ ടേപ്പിന്റെ ആവശ്യമൊന്നുമില്ല... ഉപ്പുവെള്ളത്തിൽ വീണതു കൊണ്ട് മുറിവ് ഉണങ്ങാൻ എളുപ്പമായി... ഉണങ്ങിത്തുടങ്ങുകയും ചെയ്തു... ഇനി ശുദ്ധവായുവാണ് വേണ്ടത്...” അവൾ ഒരു ചെറിയ ക്യാൻ എടുത്തു. “അല്പം ആന്റിസെപ്റ്റിക് സ്പ്രേ... അതോടെ പെട്ടെന്ന് ഉണങ്ങിക്കോളും...”

എല്ലാം കഴിഞ്ഞപ്പോൾ ഹാരി ചോദിച്ചു. “ഇനി എന്താണ്...? ലഞ്ച് കഴിക്കാൻ വരുന്നോ എന്റെ കൂടെ...?”

വാസ്തവത്തിൽ ഞാൻ ഫ്രീ ആണ്... പക്ഷേ, അമ്മാവന്റെ ഒരു കോൾ ഉണ്ടായിരുന്നു... നിങ്ങളോട് ഹേസ്റ്റൻ പ്ലേസിലേക്ക് ഉടൻ ചെല്ലാൻ ആവശ്യപ്പെട്ടിരിക്കുന്നു... എയർവൈസ് മാർഷൽ വെസ്റ്റിന് എന്തോ സംസാരിക്കനുണ്ടത്രെ...”

ഓകേ... എന്നാൽ ഭക്ഷണം പിന്നീടാവാം...”

വീ വിൽ സീ... ഒരു നിമിഷം, ഞാൻ ഇപ്പോൾ വരാം...” അവൾ റൂമിന് പുറത്തേക്ക് നടന്നു.

                                                              ***

ഹേസ്റ്റൻ പ്ലേസിൽ എത്തിയ അവർ മുകളിലത്തെ നിലയിലുള്ള ബ്രിഗേഡിയർ മൺറോയുടെ ഫ്ലാറ്റിലേക്ക് നടന്നു. മോളിയാണ് കോളിങ്ങ് ബെൽ അമർത്തിയത്. വാതിൽ തുറന്ന് എത്തി നോക്കിയ ജാക്ക് കാർട്ടർ മോളിയുടെ കവിളിൽ ഒരു മുത്തം നൽകിയിട്ട് ഹാരിയുടെ കരം കവർന്നു.

ജീവനോടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം...” കാർട്ടർ പറഞ്ഞു.

ശരിക്കും... വല്ലാത്തൊരു രക്ഷപെടൽ തന്നെയായിരുന്നു അത്...” ഹാരി പറഞ്ഞു.

ഉള്ളിൽ സിറ്റിങ്ങ് റൂമിൽ നിന്നും ആരുടെയോ പൊട്ടിച്ചിരി കേൾക്കാമായിരുന്നു. കാർട്ടർ അവരെ ഉള്ളിലേക്ക് ആനയിച്ചു. മൺറോയും വെസ്റ്റും പിന്നെ പൈലറ്റ്സ് വിങ്ങ്സ് ഉള്ള ഒരു അമേരിക്കൻ മേജർ ജനറലും അവിടെയുണ്ടായിരുന്നു. ജാലകത്തിനരികിൽ ഇരിക്കുന്ന ജനറൽ ഐസൻഹോവറിന്റെ കണ്ടതും ഹാരി അത്ഭുതപരതന്ത്രനായി.

എന്താണിത്..? ഗൂഢാലോചന വല്ലതുമാണോ...?” ഹാരി മോളിയോട് ചോദിച്ചു.

ഒരിക്കലുമല്ല...” മൺറോ പറഞ്ഞു. “സുപ്രീം കമാൻഡർ ഇവിടെയുള്ള കാര്യം മോളിക്ക് അറിയില്ലായിരുന്നു...”

അയാം സോറി ഹാരീ...” ഹാരിയുടെ കാതിൽ മന്ത്രിച്ചിട്ട് അവൾ മേജർ ജനറലിന്റെ അരികിലെത്തി അദ്ദേഹത്തിന്റെ കവിളിൽ മുത്തമിട്ടു. “ഹലോ ഡാഡ്...”

ഐസൻഹോവർ എഴുന്നേറ്റ് ഹാരിയുടെ അരികിൽ വന്ന് കൈ നീട്ടി. “വിങ്ങ് കമാൻഡർ... നിങ്ങളൊരു അസാധാരണ മനുഷ്യനാണ്... മോളിയുടെ അച്ഛനെ നിങ്ങൾ കണ്ടിട്ടില്ലല്ലോ... മേജർ ജനറൽ ടോം സോബെൽ...”

ശരാശരി ഉയരവും കറുത്ത തലമുടിയും കട്ട മീശയും ഉള്ള അദ്ദേഹത്തിന്റെ മുഖം മറ്റേതൊരു ഉന്നത മിലിട്ടറി ഉദ്യോഗസ്ഥന്റെയും പോലെ കാർക്കശ്യമുള്ളതായിരുന്നു. ഒട്ടും ദാക്ഷിണ്യമില്ലാത്ത രൂപഭാവം. അദ്ദേഹത്തിന്റെ ഹസ്തദാനത്തിന് പോലും കാരിരുമ്പിന്റെ ഉറപ്പായിരുന്നു.

ഇറ്റ്സ് ആൻ ഓണർ റ്റു മീറ്റ് യൂ സൺ...”

ഫൈൻ... പരിചയപ്പെടലൊക്കെ കഴിഞ്ഞല്ലോ... നൗ ബാക്ക് റ്റു ബിസിനസ്...” ഐസൻഹോവർ പറഞ്ഞു. “ഞാൻ ഒരാഴ്ച്ച സമയം തന്നിരുന്നു...”

എന്റെ നിലപാട് ഞാൻ പറഞ്ഞിരുന്നല്ലോ ജനറൽ...” ഹാരി പറഞ്ഞു.

ലിസൻ റ്റു മീ...” സോബെൽ പറഞ്ഞു. “ഒന്നാം മഹായുദ്ധ കാലത്ത് ലഫായത്ത് സ്ക്വാഡ്രണിൽ ആയിരുന്നു ഞാൻ... അമേരിക്കൻ എയർഫോഴ്സിലേക്ക് മാറുവാൻ ആവശ്യപ്പെട്ട് നമ്മുടെ ആൾക്കാർ എന്നെ സമീപിച്ചപ്പോൾ എനിക്ക്  ഒട്ടും സമ്മതമായിരുന്നില്ല... പക്ഷേ, എന്നിട്ടും ഞാൻ ട്രാൻസ്ഫർ വാങ്ങി... കാരണം  എന്നെ അവർക്ക് ആവശ്യമുണ്ടായിരുന്നു... നിങ്ങളുടെ കാര്യത്തിലും അതു തന്നെയാണ്... RAF ന് വേണ്ടി ഗംഭീര സേവനമാണ് ഇതുവരെ നിങ്ങൾ കാഴ്ച്ച വച്ചിരിക്കുന്നത്... എന്നാൽ ഇപ്പോൾ സ്വന്തം രാജ്യത്തിന്റെ യൂണിഫോം അണിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്...”

കുറേ നേരത്തേക്ക് ആരും ഒന്നും ഉരിയാടിയില്ല. പിന്നെ ഐസൻഹോവർ പറഞ്ഞു. “വേണമെങ്കിൽ ഒരു ഡയറക്റ്റ് ഓർഡർ വഴി നിങ്ങളെ ട്രാൻസ്ഫർ ചെയ്യാൻ എനിക്ക് കഴിയും...”

എയർ വൈസ് മാർഷൽ വെസ്റ്റ് ആണ് ആ പിരിമുറുക്കത്തിന് അൽപ്പം അയവ് വരുത്തിക്കൊണ്ട് മറുപടി പറഞ്ഞത്. “RAF ൽ ഉള്ള അമേരിക്കക്കാർ എല്ലാം അമേരിക്കൻ എയർഫോഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കണമെന്ന് നമ്മുടെ എഗ്രിമെന്റിൽ ഉള്ളതാണെന്ന് സമ്മതിക്കുന്നു ജനറൽ... അമേരിക്കൻ യൂണിഫോമും തത്തുല്യ റാങ്കും സഹിതം... പക്ഷേ, RAF ന്റെ ഏതെങ്കിലും ടൂറിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെങ്കിൽ ആ ദൗത്യം പൂർത്തീകരിക്കുന്നത് വരെ അവിടെത്തന്നെ തുടരണമെന്നും ഉണ്ട്... വിങ്ങ് കമാൻഡർ കെൽസോ ഉൾപ്പെട്ടിരിക്കുന്ന ടൂർ പൂർത്തിയാകുവാൻ ഏതാനും നാൾ കൂടി വേണ്ടി വരുമെന്നാണ് എന്റെ കണക്കു കൂട്ടൽ...”

ഐസൻഹോവർ അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി. “ഓകേ... റ്റെൽ മീ ദി വേഴ്സ്റ്റ്...”

വിങ്ങ് കമാൻഡർ കെൽസോ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രണിൽ ഒരു ടൂറിന്റെ ചാർജ് എടുത്തിട്ട് അധികം ആയിട്ടില്ല...”

എത്ര മിഷൻസ് കഴിഞ്ഞു...?” സോബെൽ ചോദിച്ചു.

സത്യം പറഞ്ഞാൽ ഒന്ന്... സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രന്റെ കാര്യം പറയുകയാണെങ്കിൽ ഒരു ടൂറിൽ അറുപത് മിഷനുകൾ വരെ ഉണ്ടാകാറുണ്ട്... കെൽസോയ്ക്ക് ഇനിയും അമ്പത്തിയൊമ്പത് മിഷൻസ് ബാക്കിയുണ്ട്...” അദ്ദേഹം ഐസൻഹോവറിന് നേർക്ക് തിരിഞ്ഞു. “പിന്നെ, വിവിധ ഘട്ടങ്ങളിലായി താങ്കളെയും കൊണ്ട് പറക്കുക എന്നതും ഈ മിഷനുകളിൽ പെട്ടതാണ് സർ... കൊറിയർ സർവീസ് എന്ന നിലയിൽ...”

ഒരു നീണ്ട മാത്ര വെസ്റ്റിനെ തുറിച്ച് നോക്കി ഐസൻഹോവർ ഇരുന്നു. പിന്നെ നിയന്ത്രണം വിട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. സോബെലിന്റെ മുഖത്തും പുഞ്ചിരി പരന്നു. “പറയാതിരിക്കാനാവില്ല... നിങ്ങളൊരു കുറുക്കൻ തന്നെ...” ഐസൻഹോവർ പറഞ്ഞു. “ബ്രിഗേഡിയർ, നിങ്ങളെയും ചേർത്താണ് പറഞ്ഞത്... ശരി, ഇത്തവണ നിങ്ങൾ വിജയിച്ചിരിക്കുന്നു... പക്ഷേ, എനിക്ക് ഇയാളെ അമേരിക്കൻ യൂണിഫോമിൽ കാണണം... ഇന്നു തന്നെ...” അദ്ദേഹം ഹാരിയുടെ നേർക്ക് തിരിഞ്ഞു. “ദാറ്റ്സ് ആൻ ഓർഡർ, കേണൽ...”

മൺറോ പുഞ്ചിരിച്ചു. “അക്കാര്യം എല്ലാം ഏർപ്പാടാക്കിക്കഴിഞ്ഞു ജനറൽ... വിങ്ങ് കമാൻഡർ കെൽസോയുടെ ടെയ്‌ലറുമായി ഞാനും എയർ വൈസ് മാർഷലും ഇന്നലെ സംസാരിച്ചിരുന്നു... യൂണിഫോം അടിയന്തിരമായി തയ്ച്ചു തരാമെന്ന് അവർ ഏറ്റിട്ടുണ്ട്...”

ഐസൻഹോവർ മന്ദഹസിച്ചു. “ഇയാളുടെ കാര്യത്തിൽ നിങ്ങൾ ഇരുവർക്കും നല്ല ശ്രദ്ധയാണല്ലോ...”

“വെൽ... ഇദ്ദേഹത്തിന്റെ വേഷവിധാനം നന്നായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബ്ബന്ധമുണ്ട്... താങ്കൾക്കറിയാമല്ലോ മൂന്നു മണിക്ക് കൊണാട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ജനറൽ ചാൾസ് ഡിഗോൾ ഇദ്ദേഹത്തെ ലെജിയൻ ഓഫ് ഓണർ ബഹുമതി നൽകി ആദരിക്കുന്ന കാര്യം...”

“മൈ ഗോഡ്...!” ഹാരി വായ് പൊളിച്ചു.

“പിന്നെ നാളെ രാവിലെ പതിനൊന്ന് മണിക്ക് ബക്കിങ്ങ്‌ഹാം പാലസിൽ വച്ച് രണ്ടാമത്തെ DSO ബഹുമതിയും...”

ഐസൻഹോവർ പുഞ്ചിരിച്ചു കൊണ്ട് ഹാരിയുടെ നേർക്ക് തിരിഞ്ഞു. “ഹാരീ, ഇപ്പോൾ മനസ്സിലായല്ലോ നിങ്ങളെ നോക്കുവാനും ശ്രദ്ധിക്കുവാനും ആളുകളുണ്ടെന്ന്...?”

മൺറോ മോളിയുടെ നേർക്ക് തിരിഞ്ഞു. “ഹോസ്പിറ്റലിലേക്ക് പോകുന്നതിന് മുമ്പ് സമയമുണ്ടെങ്കിൽ ഹാരിയെയും കൂട്ടി സാവൈൽ റോയിൽ ടെയ്‌ലറുടെ അടുത്ത് ചെന്ന് യൂണിഫോം ഒക്കെ ഭംഗിയായി തയ്ച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക... ജനറൽ ഡിഗോളിന്റെ മുന്നിൽ ഹാരി ചെല്ലുന്നത് നല്ല വേഷത്തിലായിരിക്കണം... അക്കാര്യത്തിലൊക്കെ വളരെ നിർബ്ബന്ധമുള്ളയാളാണ് അദ്ദേഹം...”

“യൂ ക്യാൻ ഓൾ ഗോ റ്റു ഹെൽ...” രോഷത്തോടെ ഹാരി പുറത്തേക്ക് നടന്നു. ചാടിയെഴുന്നേറ്റ മോളി അദ്ദേഹത്തിന് പിന്നാലെ പാഞ്ഞു.

“അയാളുടെ മേൽ ഒരു കണ്ണ് വേണം ഡോക്ടർ...” ഐസൻഹോവർ വിളിച്ചു പറഞ്ഞു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...