Saturday, May 30, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 62


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വൈകുന്നേരം മാക്സ്, ഫെർമൻവിലേ എയർബേസിലെ മെസ്സിൽ ഡ്രിങ്ക് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബുബി ഹാർട്മാൻ കടന്നു വന്നത്. ഒപ്പമുണ്ടായിരുന്ന ഓഫീസർമാരോട് ക്ഷമ ചോദിച്ചിട്ട് അദ്ദേഹം എഴുന്നേറ്റ് ഹാർട്മാനെ സ്വീകരിക്കുവാനായി മുന്നോട്ട് ചെന്നു.

“ബുബീ, എന്താണ് അപ്രതീക്ഷിതമായി...?” മാക്സിന്റെ സ്വരത്തിൽ ഉത്കണ്ഠയുണ്ടായിരുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടോ...? എന്റെ അമ്മയുടെ കാര്യത്തിൽ...?”

“നമുക്ക് അങ്ങോട്ട് മാറി നിൽക്കാം...” ബുബി പറഞ്ഞു. “രഹസ്യ സ്വഭാവമുള്ളതാണ്...”

അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്ന മറ്റ് ഓഫീസർമാർ ബുബിയുടെ രൂക്ഷമായ നോട്ടം കണ്ട് തല തിരിച്ചു.

“എന്താണ് പ്രശ്നം...?” മാക്സ് ചോദിച്ചു.

അവർക്കരികിലേക്ക് വരാനൊരുങ്ങിയ വെയ്റ്ററെ ദൂരെ വച്ച് തന്നെ തടഞ്ഞു കൊണ്ട് ഹാർട്മാൻ തുടങ്ങി വച്ചു. “ഇവിടെ നിന്നും ഏതാണ്ട് നാൽപ്പത് മൈൽ അകലെയുള്ള ഷറ്റോ മൊർലെയ്ക്‌സ് എന്നൊരു സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ...?”

“തീർച്ചയായും... ലുഫ്ത്‌വാഫിന്റെ ഒരു ഫീഡർ സ്റ്റേഷൻ ഉണ്ടവിടെ... ഒരു എമർജൻസി എയർസ്ട്രിപ്പ് ആയി പലപ്പോഴും ഞങ്ങളത് ഉപയോഗിക്കാറുമുണ്ട്...” മാക്സ് പറഞ്ഞു.

“ഇന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ ലാന്റ് ചെയ്തത്... ബെർലിനിൽ നിന്നും നിങ്ങളുടെ അമ്മയെയും പരിചാരികയെയും കൂട്ടി ഒരു സ്റ്റോർക്ക് വിമാനത്തിൽ ഞാൻ പോന്നു...”

“മാക്സിന്റെ മുഖം ഉത്ക്കണ്ഠാകുലമായി. “അവർ അറസ്റ്റിലാണോ...?”

“നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ അല്ല... ഇത് വായിക്കൂ മാക്സ്...” പോക്കറ്റിൽ നിന്നും എടുത്ത എൻവലപ്പ് തുറന്ന് ഹാർട്മാൻ ആ കത്ത് അദ്ദേഹത്തിന് നേർക്ക് നീട്ടി. മേൽത്തരം പേപ്പറിൽ പ്രിന്റ് ചെയ്തിരിക്കുന്ന ഹെഡ്ഡിങ്ങ് കറുത്ത നിറത്തിൽ എംബോസ് ചെയ്തതായിരുന്നു.

Berlin, April 1944

DER REICHSFUHRER – SS

The bearer acts under my personal orders on business of the utmost importance to the Reich. All personnel, civil and military must assist him in any way he sees fit.

Heinrich Himmler.

ഹിംലറുടേതിന് പുറമേ ഹിറ്റ്‌ലറുടെ കൈയ്യൊപ്പും അതിൽ ഉണ്ടായിരുന്നു.

മാക്സ് അത് തിരികെ നൽകി. “ഈ അധികാരപത്രത്തിൽ യാതൊരു സംശയവും എനിക്കില്ല... എന്തായാലും ഈ അവസരത്തിൽ ഒരു ഡ്രിങ്ക് കഴിക്കുക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം...” മാക്സ് കൈ ഉയർത്തി വെയ്റ്ററെ വിളിച്ചു. “കോന്യാക്ക്... ലാർജ്ജ് വൺസ്...” അദ്ദേഹം ബുബിയുടെ നേർക്ക് വീണ്ടും തിരിഞ്ഞു. “ഡോൾഫോ ഗാലന്റ് നാളെ അബ്‌വിലെയിൽ എത്തുന്നുണ്ട്... വിമാനവുമായി അവിടെയെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു...”

“എനിക്കറിയാം അത്... ഫൈറ്റർ കമാൻഡിൽ നിന്നും നിങ്ങളെ ഡിറ്റാച്ച് ചെയ്തതായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്...”

“സ്ഥിതി അത്രയ്ക്കും മോശമാണോ...?” വെയ്റ്റർ കൊണ്ടുവന്ന കോന്യാക്ക് ഒറ്റയിറക്കിന് കാലിയാക്കിയിട്ട് മാക്സ് ചോദിച്ചു. “പറയൂ ബുബീ... എന്താണ് സംഭവം...? ഷറ്റോ മൊർലെയ്ക്‌സ് പ്രദേശം മുഴുവനും SS പൻസർ യൂണിറ്റിന്റെ അധീനതയിലാണെന്ന് ഞാൻ കേട്ടിരുന്നു...”

“അതെ... മാത്രമല്ല, ആ യൂണിറ്റ് മുഴുവനും ഇപ്പോൾ എന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ്... കനത്ത സുരക്ഷയാണ് ഇപ്പോൾ അവിടെങ്ങും...”

“എന്റെ അമ്മ അവിടെയുള്ളതു കൊണ്ടാണോ...? കമോൺ ബുബീ...”

“അല്ല... നിങ്ങളുടെ സഹോദരൻ അവിടെയുള്ളതു കൊണ്ട്...” ബുബി തന്റെ ഗ്ലാസ് കാലിയാക്കി. “നിങ്ങളുടെ സാധനങ്ങൾ എടുത്ത് വരൂ... പെട്ടെന്ന് തന്നെ പുറപ്പെടാം നമുക്ക്...”

“ഹാരി മൊർലെയ്ക്‌സ് കൊട്ടാരത്തിലോ...?” മാക്സിന്റെ മുഖം വിളറി. “എന്ത് സംഭവിച്ചുവെന്ന് പറയൂ ബുബീ...”

“പോകുന്ന വഴിയ്ക്ക് പറയാം മാക്സ്... പെട്ടെന്ന് റെഡിയായി വരൂ... പിന്നെ ഓർമ്മയിരിക്കട്ടെ, ടോപ്പ് സീക്രറ്റാണിത്...”

തന്റെ ഓർഡർലിയെ വിളിക്കാൻ മെനക്കെടാതെ സാധനങ്ങളെല്ലാം മാക്സ് തനിയേ പായ്ക്ക് ചെയ്യാൻ തുടങ്ങി. അത് ഏതാണ്ട് പൂർത്തിയായ സമയത്താണ് വാതിൽ തുറന്ന് സ്റ്റേഷന്റെ ചുമതലയുള്ള മേജർ ബെർഗർ പ്രവേശിച്ചത്. “ഹിംലർ നൽകിയ ഒരു അധികാര പത്രം ഹാർട്മാൻ എന്നെ കാണിച്ചു... ഞാനാകെ വിറച്ചു പോയി... മൊർലെയ്ക്‌സിലെ SS കമാൻഡിന് കീഴിലേക്ക് താങ്കളെ ട്രാൻസ്ഫർ ചെയ്തിരിക്കുകയാണല്ലോ...”

“അൽപ്പം മുമ്പ് അറിഞ്ഞു...”

“ഇതിനും മാത്രം എന്താണ് അവിടെ സംഭവിക്കുന്നത്...? മൊർലെയ്ക്‌സ് ഫീഡർ സ്റ്റേഷനിലേക്ക് പോകാനായി ഒരു ME109 വിമാനം വിട്ടു നൽകാൻ എനിക്ക് നിർദ്ദേശം ലഭിച്ചു... അതും ഹാർട്മാന്റെ കമാൻഡിന് കീഴിലായിരിക്കുമത്രെ...”

മാക്സ് തന്റെ ബാഗ് അടച്ച് പൂട്ടി. “ആരെയാണ് വിമാനവുമായി അയക്കുന്നത്...?”

“നമ്മുടെ പയ്യൻ ഫ്രൈബർഗിനെ വിടാമെന്നാണ് വിചാരിക്കുന്നത്...”

“കുഴപ്പമില്ല... കഴിവുള്ളവനാണ്...” ഇരു കൈകളിലും തന്റെ ബാഗുകൾ എടുത്തു കൊണ്ട് മാക്സ് പറഞ്ഞു. “എനിക്ക് പെട്ടെന്ന് പോകേണ്ടതുണ്ട്...”

“മാക്സ്...” ബെർഗർ വിളിച്ചു. “നാം സുഹൃത്തുക്കളായിട്ട് ഏറെക്കാലമായിരിക്കുന്നു... പറയൂ, എന്തെങ്കിലും പ്രശ്നത്തിലാണോ നിങ്ങൾ...?”

“1933 ൽ ഫ്യൂറർ ഭരണത്തിലേറിയപ്പോൾ മുതൽ നാം അനുഭവിക്കുന്നതാണല്ലോ... അതിനേക്കാൾ വലുതായിട്ടൊന്നുമില്ല...” മാക്സ് പുഞ്ചിരിച്ചു. “എന്തായാലും നിങ്ങളും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്...” അദ്ദേഹം പുറത്തേക്ക് നടന്നു.

നീളം കൂടിയ ആ കറുത്ത സിട്രോങ്ങ് കാർ ബുബി തന്നെയാണ് ഓടിച്ചിരുന്നത്. അദ്ദേഹത്തിനരികിലെ പാസഞ്ചർ സീറ്റിൽ ഇരുന്ന മാക്സ് ഒരു സിഗരറ്റിന് തീ കൊളുത്തി.

“പറയൂ, ഹാരിയ്ക്ക് എന്താണ് സംഭവിച്ചത്...?” മാക്സ് ചോദിച്ചു.

“കോൺവാളിലെ കോൾഡ് ഹാർബറിൽ നിന്നും ലൈസാൻഡറിൽ ഒരു ഏജന്റിനെ ഡ്രോപ്പ് ചെയ്യുകയായിരുന്നു അദ്ദേഹം... ഏജന്റിന്റെ പേര് നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നു...”

“ഞാനെങ്ങനെ അറിയുമെന്നാണ്...?”

“മാക്സ്... ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് നിങ്ങളുടെ സഹോദരൻ സഞ്ചരിച്ച ലൈസാൻഡർ വെടിവെച്ചിടപ്പെട്ടത്... പ്രമുഖനായ ഒരു ഫ്രഞ്ച് ഓഫീസറുമായി കോൾഡ് ഹാർബറിലേക്ക് യാത്ര തിരിച്ച വിമാനത്തിന് അകമ്പടി സേവിക്കുകയായിരുന്നു ഹാരി... നമ്മുടെ രണ്ട് ME109 കളെ വീഴ്ത്തിയിട്ടാണ് അദ്ദേഹം കടലിലേക്ക് ചാടിയത്... സംഭവ സ്ഥലത്തുണ്ടായിരുന്ന മൂന്നാമത്തെ ME109 ന്റെ പൈലറ്റ് നിങ്ങളായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചത് ഹിംലറാണ്... വാസ്തവത്തിൽ എന്താണ് സംഭവിച്ചത് മാക്സ്...?”

“ഓൾറൈറ്റ് ബുബീ...” മാക്സ് ചിരിച്ചു. “എന്താണുണ്ടായതെന്ന് ഞാൻ പറയാം... പക്ഷേ, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളും പറയണം...”

“സമ്മതിച്ചു...”

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ബുബി പറഞ്ഞു. “ഞാൻ കുറ്റം പറയില്ല... നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിലും അതൊക്കെത്തന്നെയേ ചെയ്യുമായിരുന്നുള്ളൂ...”

“ഇനി ഹാരിയുടെ കാര്യം പറയൂ...”

“ആ ഫ്രഞ്ച് പ്രതിരോധ നേതാക്കളിൽ ഒരാളെ ഡ്രോപ്പ് ചെയ്യുന്ന ദൗത്യത്തിലായിരുന്നു അദ്ദേഹമെന്നാണ് മനസ്സിലാക്കുന്നത്... മൈതാനത്തിൽ സൈക്കിൾ ലാമ്പുകൾ കത്തിച്ച് വച്ച് ഒരു ഇൻ & ഔട്ട് മിഷൻ... ചാനലിൽ വച്ച് സഖ്യകക്ഷി നാവികസേനയുടെ ആക്രമണത്തെ തുടർന്ന് ആൾട്ടിട്യൂഡ് വളരെയധികം ഉയർത്തിയ അദ്ദേഹം നമ്മുടെ റഡാറിന്റെ ദൃഷ്ടിയിൽ പെട്ടു... വിശ്വസിക്കാനാവുന്നുണ്ടോ നിങ്ങൾക്ക്...?”

“ഞാനിപ്പോൾ എന്തും തന്നെ വിശ്വസിക്കും...”

“എന്തായാലും നിങ്ങളുടെ ബേസിൽ നിന്നും കുതിച്ചു പൊങ്ങിയ ചുണക്കുട്ടികൾ ലാന്റിങ്ങ് ഏരിയയിൽ വച്ച് ഹാരിയുടെ വിമാനം വെടിവെച്ചിട്ടു... അദ്ദേഹം പുറത്തു കടന്നയുടൻ തന്നെ വിമാനം തീ പിടിച്ച് കത്തിയെരിഞ്ഞു... വിചിത്രമെന്ന് പറയട്ടെ, ആ പരിസരത്തുണ്ടായിരുന്ന നമ്മുടെ പൻസർ പട്രോൾ യൂണിറ്റിലെ സൈനികരാണ് അദ്ദേഹത്തെ രക്ഷിച്ചത്... തീ പടർന്നു പിടിച്ച ഫ്ലൈയിങ്ങ് ജാക്കറ്റ് ഊരി മാറ്റി പൊള്ളലേൽക്കാതെ സുരക്ഷിതനാക്കി... പക്ഷേ, അദ്ദേഹത്തിന്റെ ഇടതു കണങ്കാലിൽ ഗുരുതരമായ ഫ്രാക്ച്ചർ സംഭവിച്ചിട്ടുണ്ട്...”

“അത് മാറ്റി നിർത്തിയാൽ അവൻ ഓകെയല്ലേ...?”

“അതെ...”

“ഞാൻ വരുന്ന കാര്യം അവന് അറിയാമോ...? എന്റെ അമ്മയ്ക്ക് അറിയാമോ...?”

“ഇല്ല...”

“നിങ്ങൾ ഒരു ME109 ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഞാനറിഞ്ഞു... ആ പയ്യൻ ഫ്രൈബർഗിനെയാണ് അവർ അലോക്കേറ്റ് ചെയ്തിരിക്കുന്നത്... അതെന്താ...?”

“ഒരു മുൻകരുതൽ മാത്രം... ഏതെങ്കിലും ശത്രുവിമാനങ്ങളെ നേരിടേണ്ടി വന്നാലോ...  ആ പ്രദേശത്ത് അതൊക്കെ സാധാരണമാണിപ്പോൾ...”

മാക്സ് രണ്ട് സിഗരറ്റുകൾക്ക് തീ കൊളുത്തിയിട്ട് ഒന്ന് ബുബിയ്ക്ക് നൽകി. “എന്താണിതെല്ലാം...? റൈഫ്യൂറർക്ക് ഞങ്ങളുടെ കാര്യത്തിൽ ഇത്രയ്ക്കും താൽപ്പര്യം...?”

“പിന്നീട് പറയാം മാക്സ്... പിന്നീട്... ഇത്രയേ എനിക്കിപ്പോൾ പറയാനാകൂ...” ബുബി ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

                                                        ***

മൊർലെയ്ക്‌സിലെ തരക്കേടില്ലാത്ത ഒരു അപ്പാർട്ട്‌മെന്റ് സ്വീറ്റിലാണ് എൽസയെയും റോസയെയും താമസിപ്പിച്ചത്. മേജർ മുള്ളർ ആയിരുന്നു അവർക്കുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയത്. മറ്റെല്ലാവരെയും എന്ന പോലെ ബുബിയുടെ കൈവശമുള്ള ഹിംലറുടെ അധികാരപത്രം എല്ലാ വഴികളും അതിവേഗമാണ് തുറന്നു കൊടുത്തത്.

“കേണൽ ഹാർട്മാൻ, ബാരൺ വോൺ ഹാൾഡറിനെ പിക്ക് ചെയ്യാനായി ഫെർമൻവിലേയിലേക്ക് പോയിരിക്കുകയാണ് പ്രഭ്വീ...” അയാൾ പറഞ്ഞു. “നിങ്ങൾ എപ്പോൾ റെഡിയാണോ ആ നിമിഷം തന്നെ മകനെ കാണാൻ ഏർപ്പാടാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു...”

“ആഹ്, അക്കാര്യം നിങ്ങൾക്കും അറിയാമോ...?”

“തീർച്ചയായും... ഒരു SS ഓഫീസർ എന്ന നിലയിൽ മേലധികാരികളുടെ ആജ്ഞ എന്തു തന്നെയായാലും അനുസരിക്കണമെന്ന പ്രതിജ്ഞയെടുത്തവനാണ് ഞാൻ... മാത്രവുമല്ല, ഇക്കാര്യത്തിൽ റൈഫ്യൂററുടെ നേരിട്ടുള്ള കമാൻഡിന് കീഴിലുമാണ് ഞാൻ...”

“മതി മതി...” ആഹ്ലാദത്തോടെ എൽസ പറഞ്ഞു. “ഇത്രയും ആയ നിലയ്ക്ക് എന്റെ മകനെ എത്രയും പെട്ടെന്ന് കാണുവാനുള്ള സൗകര്യമൊരുക്കൂ...”

“തീർച്ചയായും പ്രഭ്വീ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

14 comments:

  1. ആഹ്ലാദത്തോടെ എൽസ പറഞ്ഞു. “ഇത്രയും ആയ നിലയ്ക്ക് എന്റെ മകനെ എത്രയും പെട്ടെന്ന് കാണുവാനുള്ള സൗകര്യമൊരുക്കൂ...”

    ഈ ആഹ്ലാദം എത്ര നേരത്തേയ്ക്ക്?

    ReplyDelete
  2. കുടുക്കുകൾ മുറുക്കുകയാണല്ലോ

    ReplyDelete
  3. മാക്സിന്റെ ധർമ്മസങ്കടം

    ReplyDelete
    Replies
    1. മാക്സിന് ഇനിയും കാര്യങ്ങൾ വ്യക്തമായിട്ടില്ല സുകന്യാജീ...

      Delete
  4. Replies
    1. ഇനി.... അത്ര നല്ല രീതിയിലേക്കല്ല കാര്യങ്ങളുടെ പോക്ക്...

      Delete
  5. കുടുംബം മുഴുവൻ ഊരാ കുടുക്കിൽ പെട്ടു. ഏതു ഭാഗത്ത് ആയാലും ആൾ നാശം ഉറപ്പ്.

    ReplyDelete
    Replies
    1. അതെ... ഹിംലറുടെ കരാള ഹസ്തങ്ങൾ...

      Delete
  6. പ്രഭ്വീക്ക്  മക്കളെ കാണുവാൻ സാധിക്കുമൊ ..?
    അതോ ഇനിയും ഇവർ യുദ്ധതന്ത്രങ്ങളുടെ ഊരാക്കുടുക്കിൽ പെടുമോ ?

    ReplyDelete
    Replies
    1. അതിന്റെയെല്ലാം ഉത്തരം അടുത്ത ലക്കത്തിൽ, മുരളിഭായ്...

      Delete