Monday, June 8, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 63


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പ്ലാസ്റ്റർ ഇട്ട ഇടതു കാൽ തലയിണയിൽ കയറ്റി വച്ച് മറ്റൊരു തലയിണയിൽ ചാരി സിഗ്നൽമാഗസിൻ വായിച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുകയാണ് ഹാരി. ജർമ്മനി എങ്ങനെയാണ് യുദ്ധത്തിൽ വിജയിച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ വരെ അതിൽ കൊടുത്തിരുന്നു. വാതിൽ തുറന്ന് മുള്ളർ ഉള്ളിലേക്ക് പ്രവേശിച്ചു.

കേണൽ കെൽസോ... താങ്കളുടെ അമ്മ എത്തിയിട്ടുണ്ട്...”

എൽസ മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചതും മുള്ളർ പുറത്തിറങ്ങി വാതിൽ ചാരി. ഹാരി അവരെ നോക്കി പുഞ്ചിരിച്ചു. “മൈ ഗോഡ്... മൂട്ടീ... നിങ്ങൾക്ക് ഒട്ടും വയസ്സായില്ലല്ലോ... അവിശ്വസനീയം...” മാഗസിൻ താഴെ വച്ച് അദ്ദേഹം ഇരുകൈകളും വിടർത്തി. അവർ മകന്റെയടുത്തേക്ക് ഓടിയെത്തി.

സ്നേഹപ്രകടനങ്ങൾക്ക് ശേഷം അവർ ഹാരിയുടെ കട്ടിലിനരികിൽ ഇരുന്നു. “അപ്പോൾ ഇവിടെ നടക്കുന്നതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നാണോ...?” അദ്ദേഹം ചോദിച്ചു.

നിഷേധാർത്ഥത്തിൽ അവർ തലയാട്ടി. “എനിക്കറിയാവുന്നതെല്ലാം ഞാൻ പറഞ്ഞല്ലോ.... അന്ന് നിനക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് മാക്സ് എന്നോട് പറഞ്ഞിരുന്നു... വിമാനം കടലിൽ വീണതും രക്ഷപെടാൻ നിന്നെ അവൻ സഹായിച്ചതും എല്ലാം... ബുബി ഹാർട്മാനെക്കുറിച്ചും ഹിംലറെക്കുറിച്ചും ഒക്കെയുള്ള വിവരങ്ങൾ നിനക്ക് എങ്ങനെയാണ് ലഭിച്ചത്...?”

ബ്രിട്ടീഷ് ഇന്റലിജൻസിന് വേണ്ടിയുള്ള സ്പെഷൽ ഫ്ലൈറ്റുകളാണ് ഞാൻ പറത്തുന്നത്... ഞാൻ കൊണ്ടു പോകുന്ന വ്യക്തികൾക്ക് ബെർലിനിൽ കണക്ഷനുകളുണ്ട്...”

അത് ശരി... ആട്ടെ, നീ ഇതുവരെ വിവാഹം കഴിച്ചില്ലേ....?”

മൂട്ടീ, എനിക്ക് വയസ്സ് ഇരുപത്തിയാറേ ആയിട്ടുള്ളൂ...”

എന്നെ വിവാഹം കഴിക്കുമ്പോൾ നിന്റെ ഡാഡിയ്ക്ക് ഇരുപത്തിരണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ...”

വെൽ... അതിനൊന്നുമുള്ള സമയം കിട്ടിയില്ല എനിക്ക് ഇതുവരെ...”

അവർ ഒരു സിഗരറ്റിന് തീ കൊളുത്തി. “അപ്പോൾ എന്നെപ്പോലെ തന്നെ, എന്താണ് ഇവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് നിനക്കും വലിയ പിടിയില്ല എന്നാണോ...?”

അതേ മൂട്ടീ...”

അവർ തല കുലുക്കി. “പറയൂ... നിന്റെ ജീവിതത്തിൽ ഇതുവരെ ഒരു പെൺകുട്ടിയ്ക്കും സ്ഥാനം ലഭിച്ചിട്ടില്ല...? യോജിച്ച ഒരു പെൺകുട്ടി പോലും...?”

എന്ന് ചോദിച്ചാൽ... ഒരാളുണ്ട്... അവളുടെ അമ്മ ബ്രിട്ടീഷുകാരിയായിരുന്നു... ജർമ്മനിയുടെ ബ്ലിറ്റ്സ് ആക്രമണത്തിൽ കൊല്ലപ്പെട്ടു... അമേരിക്കൻ സൈന്യത്തിൽ ഒരു ജനറൽ ആണ് അവളുടെ പിതാവ്...”

കേട്ടിട്ട് കൊള്ളാമെന്ന് തോന്നുന്നല്ലോ...”

എന്നെക്കാൾ ഏതാനും മാസങ്ങൾക്ക് മൂത്തതാണ് അവൾ... പേരു കേട്ട ഒരു സർജ്ജനും...”

നല്ല ബന്ധം... എനിക്ക് ഇഷ്ടമായി...”

അങ്ങനെ ഉറപ്പിക്കാൻ വരട്ടെ മൂട്ടീ... എന്നേക്കാൾ നല്ല ഒരാളെ അവൾ തീർച്ചയായും അർഹിക്കുന്നു...”

അവർക്ക് മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് വാതിൽ തുറന്ന് ബുബി ഹാർട്മാൻ പ്രവേശിച്ചു.

നിങ്ങൾക്ക് ഒരു അതിഥി കൂടിയുണ്ട് കേണൽ...” അദ്ദേഹം പുറത്തിറങ്ങിയതും മാക്സ് മുറിയിലേക്ക് കടന്നുവന്നു.

                                                              ***
കൊട്ടാരത്തിലെ മനോഹരമായ ഡൈനിങ്ങ് റൂമിലായിരുന്നു ഡിന്നർ ഒരുക്കിയിരുന്നത്. ഹാരിയെ രണ്ട് SS സൈനികർ ചേർന്ന് ഒരു കസേരയിൽ ഇരുത്തി അങ്ങോട്ട് എടുത്തുകൊണ്ടു വന്നു. മുള്ളറും ഷ്രൂഡറും ചെറുപ്പക്കാരായ രണ്ട് ലെഫ്റ്റനന്റുമാരും അവരോടൊപ്പം സന്നിഹിതരായിരുന്നു. അക്ഷരാർത്ഥത്തിൽ തന്നെ ഗംഭീരമായിരുന്നു ആ ഡിന്നർ. ടർട്ടിൽ സൂപ്പ്, മട്ടൺ റോസ്റ്റ്, രുചികരമായ സാലഡ്, മേന്മയേറിയ ഷാംപെയ്ൻ, വീഞ്ഞ് എല്ലാം ചേർന്ന് വിഭവ സമൃദ്ധം.

മേജർ മുള്ളർ, കാര്യങ്ങൾ ഭംഗിയായി നടത്തുവാനുള്ള SS ന്റെ കഴിവിനെ ഞാൻ അംഗീകരിക്കുക തന്നെ ചെയ്യുന്നു...” എൽസ പറഞ്ഞു.

ഇതിൽ കുറഞ്ഞതൊന്നും തന്നെ പ്രഭ്വിയ്ക്ക് സ്വീകാര്യമല്ല എന്ന് ഞങ്ങൾക്ക് ബോദ്ധ്യമുണ്ട്...” അദ്ദേഹം തന്റെ ഗ്ലാസ് ഉയർത്തി. “എല്ലായിടത്തും ഉള്ള ധീരയോദ്ധാക്കൾക്ക് വേണ്ടി... വീരസഹോദരന്മാരായ കേണൽ കെൽസോയ്ക്കും ബാരൺ വോൺ ഹാൾഡറിനും വേണ്ടി...”

എൽസയും ഹാരിയും ഒഴികെ എല്ലാവരും എഴുന്നേറ്റ് നിന്ന് ചിയേഴ്സ് പറഞ്ഞിട്ട് ഗ്ലാസുകൾ ചുണ്ടോടടുപ്പിച്ചു. ഗ്ലാസുകൾ കാലിയായതും ബുബി പറഞ്ഞു. “മേജർ, വിരോധമില്ലെങ്കിൽ... ഞങ്ങൾക്ക് സ്വകാര്യമായി ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടായിരുന്നു...”

തീർച്ചയായും കേണൽ...”

മുള്ളറും അദ്ദേഹത്തിന്റെ ഓഫീസർമാരും വാതിൽക്കലേക്ക് നടക്കവെ ഷ്രൂഡർ തിരിഞ്ഞു. “കേണൽ കെൽസോ... ഇവിടെ അടുത്തുള്ള ഒരു ഡോക്ടറുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു... താങ്കൾക്കുള്ള ക്രച്ചസ് അദ്ദേഹം നാളെ കൊണ്ടു വരും...”

വളരെ നന്ദി...” ഹാരി പറഞ്ഞു.

വാതിൽ അടഞ്ഞതും ബുബി എഴുന്നേറ്റ് വീഞ്ഞു കുപ്പി എടുത്ത് മേശപ്പുറത്തെ ഗ്ലാസുകൾ നിറച്ചു.

ഓൾ റൈറ്റ് ബുബി... ഇനി പറയൂ... എന്തൊക്കെയാണിവിടെ നടക്കുന്നത്...?” മാക്സ് ചോദിച്ചു.

ഹാർട്മാൻ നെരിപ്പോടിനരികിലേക്ക് നീങ്ങി നിന്നു. “അധിനിവേശത്തിനായി എത്തുന്ന സഖ്യസേന ലാന്റ് ചെയ്യുന്നത് എവിടെയായിരിക്കും എന്നതാണ് നമ്മെയെല്ലാം കുഴയ്ക്കുന്ന ചോദ്യം... എന്നാൽ ഫ്യൂറർ അതിനോട് യോജിക്കുന്നില്ല... ഈ അവസരത്തിൽ യുദ്ധത്തിന്റെ ഗതി നിയന്ത്രിക്കാൻ ഉപകരിക്കുന്ന മറ്റെന്തെങ്കിലും ഒന്നിൽ നാമെല്ലാം ശ്രദ്ധ ചെലുത്തണമെന്നാണ് അദ്ദേഹം പറയുന്നത്...” ഒരു നിമിഷം അദ്ദേഹം നിർത്തി. “എന്ന് വച്ചാൽ ജനറൽ ഐസൻഹോവറിനെ വധിക്കുന്നതു പോലെ എന്തെങ്കിലും ഒന്ന്...”

എല്ലാവരുടെയും മുഖത്ത് ആശ്ചര്യം നിറഞ്ഞു.

അസംബന്ധം...” മാക്സ് പറഞ്ഞു.

അതെ... പക്ഷേ, നിർഭാഗ്യവശാൽ ഹിംലറും അതിനോട് യോജിക്കുന്നു... കേണൽ കെൽസോ, ലണ്ടനിൽ എനിക്ക് ഏജന്റുമാരുള്ള കാര്യം ഒരു പക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കും... അബ്ഫെറുമായി ഒരു ബന്ധവുമില്ലാത്ത അവർ മുഖേന ബ്രിഗേഡിയർ ഡോഗൽ മൺറോ, മേജർ ജാക്ക് കാർട്ടർ, കോൾഡ് ഹാർബർ, ബേക്കർ സ്ട്രീറ്റിലെ SOE ഹെഡ്ക്വാർട്ടേഴ്സ് എന്നു വേണ്ട, സകല വിവരങ്ങളും എനിക്ക് അറിയാമെന്ന കാര്യം നിങ്ങൾ മനസ്സിലാക്കണം... നിങ്ങൾക്ക് ഒരു ഗേൾ ഫ്രണ്ട് ഇല്ലേ...? ഐസൻഹോവറിന്റെ സ്റ്റാഫിലെ ഒരു ഉദ്യോഗസ്ഥന്റെ മകളായ ഡോക്ടർ സോബെൽ...? ഒരു കൊറിയർ പൈലറ്റ് എന്ന നിലയിൽ ഐസൻഹോവറിനെയും കൊണ്ട് നിങ്ങൾ സ്ഥിരമായി പറക്കാറുണ്ടെന്ന കാര്യവും എനിക്കറിയാം... ഇന്നത്തെ അവസ്ഥയിൽ ഫ്യൂററുടെ ആഗ്രഹം സാധിച്ചുകൊടുക്കുവാനും മാത്രം പ്രാപ്തിയുള്ള ഒരാൾ ഞങ്ങളുടെ ഭാഗത്ത് ഇല്ല എന്ന വസ്തുത റൈഫ്യൂററോട് ഞാൻ പറയുകയുണ്ടായി... അഥവാ ഇനി ആരെയെങ്കിലും ഇംഗ്ലണ്ടിൽ ഡ്രോപ്പ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചു എന്ന് തന്നെ കരുതുക... എത്ര കഴിവുള്ള വ്യക്തിയാണെങ്കിൽപ്പോലും ഐസൻഹോവറിന്റെ അരികിൽ എത്തിപ്പെടുക എന്നത് അയാൾക്ക് തീർത്തും അപ്രാപ്യമായിരിക്കും...”

അതു കൊണ്ട്...?” ഹാരി ചോദിച്ചു.

എന്നാൽ നിങ്ങൾ ഞങ്ങളുടെ കൈയ്യിൽ അകപ്പെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുന്നു... റൈഫ്യൂററുടെ അഭിപ്രായത്തിൽ ഞങ്ങളുടെ ഈ സന്നിഗ്ദ്ധാവസ്ഥയ്ക്ക് ബുദ്ധിപരമായ ഒരു പരിഹാരം... പക്ഷേ, എന്റെ ദൃഷ്ടിയിൽ തികച്ചും അസംബന്ധം...” ഹാർട്മാൻ ഒന്ന് നിർത്തി.

തുടരൂ ബുബീ...” മാക്സ് പറഞ്ഞു.

ഇതാണ് അദ്ദേഹത്തിന്റെ പ്ലാൻ... നമ്മുടെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്ന കേണൽ കെൽസോ ലാൻഡിങ്ങ് സ്ട്രിപ്പിലുള്ള ഒരു സ്റ്റോർക്ക് വിമാനവും മോഷ്ടിച്ചു കൊണ്ട് കോൾഡ് ഹാർബറിലേക്ക് തിരിച്ചു പറക്കുന്നു... അവിടെ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്പ് ലഭിക്കുന്നു... അദ്ദേഹത്തെ കാണുവാൻ ജനറൽ ഐസൻഹോവർ ആഗ്രഹം പ്രകടിപ്പിക്കുന്നു... അതല്ലെങ്കിൽത്തന്നെ പഴയതു പോലെ ജനറലുമായി പറക്കുവാനുള്ള അവസരം എപ്പോഴെങ്കിലും ഒത്തു വരുമെന്നത് സംശയവുമില്ലാത്ത കാര്യം... അനുയോജ്യമായ സന്ദർഭത്തിൽ കേണൽ കെൽസോ അദ്ദേഹത്തെ വകവരുത്തുന്നു...”

ഒരു നിമിഷത്തേക്ക് അവിടെ നിറഞ്ഞ കനത്ത മൗനത്തെ ഭേദിച്ചു കൊണ്ട് ഹാരി ഉറക്കെ ചിരിച്ചു. “എനിക്കത് എങ്ങനെ സാധിക്കുമെന്നാണ്...? നാളെ രാവിലെ ആവാതെ എന്റെ ക്രച്ചസ് പോലും കിട്ടില്ലല്ലോ...”

നിങ്ങൾക്ക് ഇനിയും കാര്യം മനസ്സിലായില്ല...” ബുബി പറഞ്ഞു. “നിങ്ങളായിരിക്കില്ല അത്... പകരം മാക്സ് ആയിരിക്കും പോകുക...”

ഓ മൈ ഗോഡ്...!” എൽസ പറഞ്ഞു.

അല്പം വീഞ്ഞ് മൊത്തിയിട്ട് മാക്സ് ഗ്ലാസ് താഴെ വച്ചു. “ഞാൻ എന്തിനത് ചെയ്യണം...? ഞാനൊരു ഫൈറ്റർ പൈലറ്റാണ് ബുബീ... അതാണ് എന്റെ തൊഴിൽ... അത് മാത്രമേ ഞാൻ ചെയ്യുകയുമുള്ളൂ... മറ്റ് എന്തെല്ലാം കഴിവുകൾ ഉണ്ടെങ്കിലും ഒരിക്കലും ഞാൻ ഒരു ഘാതകനല്ല...”

മേശയ്ക്കരികിൽ വന്ന് ബുബി ഗ്ലാസിലേക്ക്  അൽപ്പം കൂടി വൈൻ പകർന്നു. അദ്ദേഹത്തിന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. “ഞാനൊരു ദൂതൻ മാത്രമാണ്... എന്റെ കഴുത്തും ഹിംലറുടെ കരാള ഹസ്തങ്ങൾക്കുള്ളിലാണ്... ഇതൊന്നും എനിക്ക് ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ല മാക്സ്...”

ഓൾ റൈറ്റ്...” മാക്സ് പറഞ്ഞു. “ജസ്റ്റ് ടെൽ അസ് ദി വേഴ്സ്റ്റ്...”

ദൗർഭാഗ്യകരമെന്ന്  പറയട്ടെ, അനഭിമതരുമായിട്ടായിരുന്നു പ്രഭ്വിയുടെ കൂട്ടുകെട്ട്... അവരിൽ പതിനെട്ട് പേർ അറസ്റ്റ് ചെയ്യപ്പെട്ടു... പന്ത്രണ്ട് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി... അവരിൽ അധികവും ജനറൽ പദവിയിൽ ഇരിക്കുന്നവരായിരുന്നു... രണ്ട് പേർ സ്ത്രീകളും... ഗൂഢാലോചനാ സംഘം എന്നാണ് അവരെ വിശേഷിപ്പിക്കപ്പെട്ടത്... നിങ്ങൾ ഇരുവരും സഹകരിക്കുവാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ പ്രഭ്വിയുടെ കാര്യം വിഷമത്തിലാവും...”

എൽസ ദ്വേഷ്യത്തോടെ തന്റെ കൈയ്യിലെ വൈൻ ഗ്ലാസ് ബുബിയുടെ മുഖത്തേക്ക് കമഴ്ത്തി. “യൂ ബാസ്റ്റഡ്...!”

ചാടിയെഴുന്നേറ്റ മാക്സ് അവരുടെ കൈകളിൽ കയറിപ്പിടിച്ചു. “വിഡ്ഢിത്തരം കാണിക്കാതിരിക്കൂ മൂട്ടീ... നമ്മളെപ്പോലെ തന്നെ ബുബിയ്ക്കും പരിമിതികളുണ്ട്...”

ആ സംസാരം എനിക്കൊട്ടും പിടിക്കുന്നില്ല...” ഹാരി പറഞ്ഞു. “ഈ പറയും പോലെയൊക്കെ ചെയ്യണമെങ്കിൽ നിനക്ക് എന്റെ സഹകരണം  കൂടിയേ തീരൂ മാക്സ്...  എന്റെ ജീവിതവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും നിനക്ക് അറിയേണ്ടതായിട്ടുണ്ട്... എന്റെ ഗേൾഫ്രണ്ട് മോളി, മൺറോ, കോൾഡ് ഹാർബറിലെ എന്റെ സുഹൃത്തുക്കൾ, ഐസൻഹോവർ, സൗത്ത്‌വിക്ക് ഹൗസ് അങ്ങനെ എല്ലാം...” അദ്ദേഹം തലയാട്ടി. “ഇല്ല...ഞാനത് ചെയ്യില്ല...”

ബുബി തന്റെ മുഖത്ത് വീണ മദ്യം തുടച്ചു കളഞ്ഞു. മാക്സ് അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. “ഞങ്ങൾക്ക് അൽപ്പം സമയം തരണം...”

നാളെ രാവിലെ വരെ...” ബുബി പറഞ്ഞു. “അത്രയേ എനിക്ക് അനുവദിക്കാനാവൂ... നന്നായി ചിന്തിക്കൂ...” അദ്ദേഹം തിരിഞ്ഞ് പുറത്തേക്ക് നടന്നു.

തന്റെ റൂമിലെത്തിയ ബുബി ഹാർട്മാൻ ഹിംലറിന് ഫോൺ ചെയ്തു. പ്രിൻസ് ആൽബ്രസ്ട്രാസയിലെ തന്റെ ഓഫീസിൽത്തന്നെയുണ്ടായിരുന്നു അദ്ദേഹം. “കാര്യങ്ങളുടെ പുരോഗതി താങ്കളെ അറിയിക്കണമെന്ന് തോന്നി, റൈഫ്യൂറർ...” വിശദവിവരങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചതിന് ശേഷം ഹാർട്മാൻ ചോദിച്ചു. “ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്...?”

എന്ത് ചെയ്യണമെന്ന് ഞാൻ പറഞ്ഞല്ലോ കേണൽ... അവർ അതേക്കുറിച്ച് ആലോചിക്കട്ടെ... ഇന്ന് രാത്രി ഏതായാലും  ഉറക്കമുണ്ടാവില്ല അവർക്ക്... കാലത്ത് ബ്രേക്ക്ഫാസ്റ്റും മറ്റ് കാര്യങ്ങളും എല്ലാം മുറപോലെ നന്നായിത്തന്നെ നടക്കട്ടെ... ശേഷം, ഒരു പത്തു മണിയോടെ വാൾമുന അവർക്ക് മേൽ വീഴട്ടെ... പിന്നെ നിങ്ങൾക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല...”

ഓകെ റൈഫ്യൂറർ...”

എനിക്ക് പോകാൻ സമയമായി കേണൽ... രാത്രി ഫ്ലൈറ്റിന് പാരീസിലേക്ക് പോകേണ്ടതുണ്ട്... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവിടുത്തെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടാകും ഞാൻ...”

താങ്കൾ പറഞ്ഞത് പോലെ, റൈഫ്യൂറർ...”

റിസീവർ ക്രാഡിലിൽ വയ്ക്കവെ ബുബി ചിന്തിക്കുകയായിരുന്നു. രാത്രിയുടെ വിജനതയിൽ പറന്നുയരുന്ന ഹിംലറുടെ സ്വകാര്യ വിമാനം JU52... പതിവ് നിരീക്ഷണത്തിനായി എത്തുന്ന RAFന്റെ ഏതെങ്കിലും ഒരു മൊസ്ക്വിറ്റോ ഫൈറ്റർ ആകാശത്ത് വച്ച് അതിനെ വെടിവെച്ച് തകർത്തിരുന്നുവെങ്കിൽ... വെറുതേയെങ്കിലും അങ്ങനെ മോഹിച്ചു പോകുന്നു... ഇത്തിരി അതിമോഹമാണെങ്കിലും...

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

12 comments:

  1. വളരെ ഇന്ററസ്റ്റിങ്ങായ ഒരു എപിസോഡ്‌..ഇരട്ടകളെ വെച്ചൊരു യുദ്ധ തന്ത്രം..
    ഞാൻ ആദ്യം എത്തിയല്ലോ

    ReplyDelete
    Replies
    1. പയിനായിരം രൂപ സമ്മാനം.. (വിനുവേട്ടൻ തരും)

      Delete
    2. @ സുകന്യാജി : ആദ്യം തന്നെ ഓടിയെത്തിയതിൽ സന്തോഷമുണ്ട്...

      @ ജിമ്മൻ : അതങ്ങ് പള്ളീൽ പറഞ്ഞാൽ മതി... പെരുമ്പടവ് പള്ളീൽ... :)

      Delete
  2. മൊത്തത്തിൽ കെണി ആണല്ലോ

    ReplyDelete
    Replies
    1. മൊത്തം പ്രശ്നമാണ് ശ്രീ...

      Delete
  3. അമ്മയെ കാണിച്ച് മക്കളെ emotionally blackmail ചെയ്തു കഴിഞ്ഞു. ഹാരി ആണോ മാക്‌സ് ആണോ ബാക്കി ഉണ്ടാവാൻ പോകുന്നത് എന്ന് മാത്രേ ഇനി നോക്കേണ്ടൂ

    ReplyDelete
    Replies
    1. ശരിക്കും ബ്ലാക്ക് മെയിലിങ്ങ്... കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത് സുചിത്രാജീ...

      Delete
  4. യുദ്ധതന്ത്രങ്ങളിലൊന്നായ ഇമോഷണൽ
    ഭീഷണിപ്പെടുത്തലിലൂടെ ഇഷ്ടമല്ലാത്തതും
    ചെയ്യേണ്ടി വരുന്ന പടയാളികളുടെ അവസ്ഥ
    കൂടി ചൂണ്ടിക്കാണിക്കുകയാണ് ജാക്കേട്ടൻ ...

    ReplyDelete
  5. “നിങ്ങളായിരിക്കില്ല അത്... പകരം മാക്സ് ആയിരിക്കും പോകുക...”

    ഒരുപക്ഷേ, ഈ കഥയിലെ ഏറ്റവും നിർണായകമായ ‘മുരളീധരൻ’ പോയന്റ്..

    ReplyDelete
    Replies
    1. അദ്ദാണ്... യൂ സെഡ് ഇറ്റ് ജിമ്മാ...

      Delete