Friday, May 1, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 58



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പഴയ മില്ലിന്റെ മുകൾത്തട്ടിൽ അത്യാവശ്യത്തിനും മാത്രമുള്ള സൗകര്യം ഒക്കെയുണ്ടായിരുന്നു. ധാന്യച്ചാക്കുകൾ എമ്പാടും അട്ടിയിട്ടിരിക്കുന്നു. എന്നാൽ, പലക കൊണ്ട് നിർമ്മിച്ചിരിക്കുന്ന ചുമരിന്റെ ഒരു ഭാഗത്ത് ഉണ്ടായിരുന്ന രഹസ്യ വാതിൽ തുറന്നാൽ എത്തുന്നത് പിൻഭാഗത്തെ ഒരു ഇരുണ്ട മുറിയിലേക്കായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി മൊർലെയ്ക്‌സ് പ്രദേശത്തെ ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് അവിടെയാണ്. സ്റ്റൗവിൽ കോഫി തിളപ്പിച്ചു കൊണ്ട് ഒരു യുവതി അവിടെ നിൽക്കുന്നുണ്ടായിരുന്നു.

“മേരീ, എത്രയും പെട്ടെന്ന് കോൾഡ് ഹാർബറിലേക്ക് എന്നെ കണക്ട് ചെയ്യൂ... കോഫി പിന്നെയാവാം...” ജക്കോദ് അവളോട് പറഞ്ഞു.

“അവരുമായി ഇപ്പോൾ കോണ്ടാക്റ്റ് ചെയ്യാൻ സാധിക്കില്ല... അര മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരും...” അവൾ പറഞ്ഞു. “ഒരു ഫിക്സഡ് ടൈം ഷെഡ്യൂളിലാണ് ഞങ്ങളുടെ ആശയവിനിമയം... അതുവരെ കോഫി കഴിക്കൂ... പിന്നെ വേണെമെങ്കിൽ അല്പം കോന്യാക്കും കൂടി എടുക്കാം ഞാൻ...”

“എന്നാൽ പിന്നെ അങ്ങനെ...” അവൾ നീട്ടിയ മഗ് വാങ്ങിക്കൊണ്ട് ജക്കോദ് പറഞ്ഞു. “എങ്ങോട്ടായിരിക്കും അവർ കേണൽ കെൽസോയെ കൊണ്ടുപോയിട്ടുണ്ടാവുക...?”

“ഗ്രാമത്തിന് വെളിയിലുള്ള മൊർലെയ്ക്‌സ് കൊട്ടാരത്തിലേക്ക്... ഒരു നോട്ടക്കാരനെ ഏൽപ്പിച്ചിട്ട് പ്രഭുവും കുടുംബവും ബ്രിട്ടണിലേക്ക് രക്ഷപെട്ടു... ആ കൊട്ടാരമാണ് ഇപ്പോൾ SS സേന അവരുടെ ഹെഡ്ക്വാർട്ടേഴ്സ് ആയി മാറ്റിയിരിക്കുന്നത്...”

“കേണൽ കെൽസോയുടെ അടുത്തേക്ക് എത്തിപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്നാണോ...?”

“സ്വയം  മരണം വരിക്കാൻ തയ്യാറാണെങ്കിൽ മാത്രം നിങ്ങൾക്ക് അങ്ങോട്ട് പോകാം...”

തല കുലുക്കിയിട്ട് അദ്ദേഹം പിറകോട്ട് ചാരി ഇരുന്നു. മുറിയിലേക്ക് പ്രവേശിച്ച ജൂൾസ് തന്റെ കൈയ്യിലെ ജംപ് ബാഗ് തുറന്ന് ടർക്വിനെ എടുത്ത് മേശപ്പുറത്ത് വച്ചു. “ഈ ബാഗിനുള്ളിൽ ഒരു ലേബൽ ഉണ്ടായിരുന്നു... Tarquin’s bag എന്നാണ് അതിൽ എഴുതിയിരിക്കുന്നത്...”

“ഏതെങ്കിലും തരത്തിലുള്ള ഒരു ഭാഗ്യ ചിഹ്നം ആയിട്ടായിരിക്കണം അദ്ദേഹം ഇതിനെ കൊണ്ടു നടക്കുന്നത്...”

“ഭ്രാന്ത് എന്നേ ഞാൻ പറയൂ...” ജൂൾസ് പറഞ്ഞു. “എയർഫോഴ്സ് വിങ്ങ്സ് ഒക്കെ ധരിച്ച ഒരു കരടി...”

“ഓ, നോ...” മേരി ആ പാവയെ എടുത്തു. “ഹീ ഈസ് സ്പെഷൽ... അത് തീർച്ച...” അവൾ ജക്കോദിന് നേർക്ക് തിരിഞ്ഞു. “ഇവനെ ഞാൻ എടുത്തോട്ടെ...? എന്റെ അഞ്ചു വയസ്സുകാരി മകൾക്ക് തീർച്ചയായും ഇഷ്ടപ്പെടും...”

“പിന്നെന്താ...?” ജക്കോദ് വാച്ചിൽ നോക്കി. “ഓകെ, ഗെറ്റ് മീ കോൾഡ് ഹാർബർ നൗ...”

                                                       ***

റേഡിയോ റൂമിൽ നിന്നും പുറത്തിറങ്ങിയ മൺറോ പടവുകളിറങ്ങി താഴെയെത്തി തന്റെ ജീപ്പിൽ കയറി Hanged Man ലേക്ക് ഓടിച്ചു പോയി. ലൈഫ് ബോട്ട് ക്രൂവിലെ അംഗങ്ങളിൽ എല്ലാവരും തന്നെ അവിടെ ഉണ്ടായിരുന്നു. നെരിപ്പോടിനരികിൽ സെക്ക് ആക്‌ലണ്ടിനൊപ്പം ബിയർ നുണഞ്ഞു കൊണ്ടിരിക്കുകയാണ് ജാക്ക് കാർട്ടർ. തന്റെ ജോലികളിൽ മുഴുകി ജൂലി ലെഗ്രാന്റ് ബാർ കൗണ്ടറിന് പിന്നിൽ നിൽക്കുന്നുണ്ട്.

ബാറിനുള്ളിലേക്ക് കാലെടുത്തു വച്ച മൺറോ ഒരക്ഷരം പോലും ഉരിയാടാതെ അവിടെ നിന്നു. എല്ലാം വായിച്ചെടുക്കാമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് നിന്ന്. അത് ശ്രദ്ധിച്ച  എല്ലാവരും ഓരോരുത്തരായി തങ്ങളുടെ സംസാരം നിർത്തി. ജൂലിയാണ് മൗനം ഭഞ്ജിച്ചത്. “എന്ത് പറ്റി ബ്രിഗേഡിയർ...?”

പിന്നീട് ജാക്കിന്റെയും സെക്കിന്റെയും ഒപ്പം നെരിപ്പോടിനരികിൽ സംസാരിച്ചുകൊണ്ടിരിക്കവെ അദ്ദേഹം പറഞ്ഞു. “എന്തായാലും ജക്കോദ് സുരക്ഷിതമായി അവിടെ ഇറങ്ങി... എനിക്കറിയാം ഇങ്ങനെ ചിന്തിക്കുന്നത് അല്പം ക്രൂരമാണെന്ന്... ബട്ട്, ഇറ്റ്സ് ദി നെയിം ഓഫ് ദി ഗെയിം... ജക്കോദിനായിരുന്നു ഇവിടെ പ്രൈമറി ഇമ്പോർട്ടൻസ്... എന്നോട് യോജിക്കുന്നുവോ ജാക്ക്...?”

“ആയിരിക്കാം ബ്രിഗേഡിയർ... പക്ഷേ, സത്യം പറയാമല്ലോ, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പ്രൈമറി ഇമ്പോർട്ടൻസ് ഈ വാർത്ത മോളിയുടെ മുന്നിൽ അവതരിപ്പിക്കേണ്ടത് ആരായിരിക്കണം എന്നതിനാണ്...” ജാക്ക് കാർട്ടർ പറഞ്ഞു.

മൺറോ ഒരു ദീർഘശ്വാസമെടുത്തു. “വെൽ, ജാക്ക്... നിങ്ങൾക്കല്ലേ അവളോട് കൂടുതൽ അടുപ്പം...?”

“പക്ഷേ, ബ്രിഗേഡിയർ, താങ്കളാണ് അവളുടെ അമ്മാവൻ...”

“ഓൾറൈറ്റ്... മനസ്സിലായി... ലീവ് ഇറ്റ് വിത്ത് മീ...” മൺറോ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

                                                        ***

ഗൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ വിശ്രമ മുറിയിൽ കോഫിയും സാൻഡ്‌വിച്ചും കഴിച്ചുകൊണ്ടിരിക്കുകയാണ് മോളി. ആർമി പേഷ്യന്റ്സിനെ പരിചരിക്കുന്ന ഹോളി എന്ന് പേരായ ചെറുപ്പക്കാരനായ ഒരു സർജൻ ക്യാപ്റ്റൻ പത്രം വായിച്ചു കൊണ്ട് കോർണറിൽ ഇരിക്കുന്നുണ്ട്. കതകിൽ മുട്ടുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് ഡോർ തുറന്ന അയാൾ കണ്ടത് വാതിൽക്കൽ നിൽക്കുന്ന മേജർ ജനറൽ ടോം സോബെലിനെയാണ്.

“എന്റെ മകൾ ഇവിടെയുണ്ടോ...?”

അദ്ദേഹത്തെ ഇതിന് മുമ്പ് കണ്ടിട്ടുള്ളതിനാൽ ക്യാപ്റ്റൻ ഹോളി പെട്ടെന്ന് തന്നെ ഒരു മിലിട്ടറിക്കാരനായി. അറ്റൻഷനായി നിന്ന് അയാൾ പറഞ്ഞു. “യെസ്... അവർ ഇവിടെയുണ്ട് ജനറൽ...”

അതു കേട്ട മോളി പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു. “എന്തു പറ്റി ഡാഡ്...? എന്താണ് പതിവില്ലാതെ...?” ക്രമേണ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

“ക്യാപ്റ്റൻ, ഞങ്ങൾക്ക് സ്വകാര്യമായി അല്പം സംസാരിക്കാനുണ്ടായിരുന്നു...” ടോം സോബെൽ പറഞ്ഞു.

“തീർച്ചയായും സർ...”

ക്യാപ്റ്റൻ ഹോളി പുറത്തേക്കിറങ്ങി. വാതിൽ അടയ്ക്കവെ മോളി പറഞ്ഞു. “എന്തു തന്നെയായാലും പറഞ്ഞോളൂ ഡാഡ്... വളച്ചൊടിക്കണ്ട...”

നിമിഷങ്ങൾക്ക് ശേഷം, എരിയുന്ന സിഗരറ്റുമായി ഇരിക്കവെ അവളുടെ മുഖം വിഷാദമൂകമായിരുന്നു. “അദ്ദേഹം ഇപ്പോഴും ജീവനോടെ ഉണ്ടായിരിക്കുമെന്നാണോ ഡാഡ് പറയുന്നത്...?”

“ആ പ്രതിരോധ പ്രസ്ഥാനത്തിന്റെ നേതാവ് ജക്കോദ് പറയുന്നത് പ്രകാരം അയാൾ ജീവനോടെ തന്നെയുണ്ട്... SS സൈനികർ പിടികൂടുമ്പോൾ അയാളുടെ ഫ്ലൈയിങ്ങ് ജാക്കറ്റിൽ തീ പടർന്നിരിക്കുകയായിരുന്നു... തീയണച്ചിട്ട് അവർ അയാളെ സൈനിക വാഹനത്തിൽ എങ്ങോട്ടോ കൊണ്ടുപോയി... എന്തു തന്നെയായാലും ഇറ്റ് വാസ് എ വെരി ബാഡ് ക്രാഷ്...”

“എങ്കിലും അദ്ദേഹം രക്ഷപെട്ടു...” ആശ്വാസത്തോടെ തല കുലുക്കിയിട്ട് അവൾ സിഗരറ്റ് കുത്തിക്കെടുത്തി.

“പക്ഷേ, മോളീ, അയാളുടെ പരിക്കുകൾ ഗുരുതരമായിരിക്കാനാണ് സാദ്ധ്യത...”

“ആയിരിക്കാം... എങ്കിലും അദ്ദേഹം ജീവനോടെയുണ്ടല്ലോ...”

“അതെങ്ങനെ ഉറപ്പ് പറയാൻ കഴിയും മകളേ...?”

“അതോ...  അത് എനിക്കറിയാം ഡാഡ്...” അവളുടെ മുഖത്ത് വിടർന്ന ആ പുഞ്ചിരിയിൽ ശോകം കലർന്നിരുന്നു. “ഹാരി കെൽസോ ജീവനോടെയില്ലെങ്കിൽ ആ നിമിഷം അത് ഞാനറിഞ്ഞിരിക്കും... അതാണെന്റെ മനസ്സ്... ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്...”

വാതിൽ തുറന്ന് ക്യാപ്റ്റൻ ഹോളി എത്തി നോക്കി. “അയാം ടെറിബ്‌ളി സോറി ഡോക്ടർ... മൈൻ അപകടത്തിൽ കാൽ മുറിച്ചു മാറ്റപ്പെട്ട ആ ചെറുപ്പക്കാരനില്ലേ... അയാളുടെ സ്ഥിതി വളരെ മോശമായി... അബോധാവസ്ഥയിലാണ്...”

“ഞാൻ ഇതാ എത്തി...” അവൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ കവിളിൽ മുത്തം നൽകി. “ജോലിയുണ്ട് ഡാഡ്... ആന്റ് താങ്ക് ഗോഡ് ഫോർ ഇറ്റ്... ഞാൻ എവിടെ ഉണ്ടാകുമെന്ന് ഡോഗൽ അങ്കിളിന് അറിയാം... വിവരങ്ങൾ അദ്ദേഹം എന്നെ അറിയിച്ചോളും... എനിക്കിപ്പോൾ പോയേ തീരൂ...”

തിടുക്കത്തിൽ പുറത്തേക്ക് നടക്കുന്ന തന്റെ മകളെ നോക്കി ഒരു നിമിഷം അദ്ദേഹം അവിടെ നിന്നു. പിന്നെ വിങ്ങുന്ന ഹൃദയത്തോടെ പുറത്തേക്കിറങ്ങി.
                                
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

12 comments:

  1. ഹാരി കെൽസോ ജീവനോടെയില്ലെങ്കിൽ ആ നിമിഷം അത് ഞാനറിഞ്ഞിരിക്കും... അതാണെന്റെ മനസ്സ്... ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്...”


    "ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്"

    ReplyDelete
    Replies
    1. അതാണ് അവരുടെ മനസ്സിന്റെ തരംഗദൈർഘ്യം...

      Delete
  2. ഹാരി രക്ഷപ്പെടുമോ?

    ReplyDelete
    Replies
    1. അതൊക്കെ സസ്പെൻസ് സുചിത്രാജീ...

      Delete
  3. ഉദ്വേഗനിമിഷങ്ങൾ..

    ReplyDelete
    Replies
    1. അല്ലെ‌ങ്കിലും ഉദ്വേഗം ഇത്തിരി കുറവാണെന്ന് വായനക്കാർക്ക് ഒരു പരാതി ഉണ്ടായിരുന്നുവെന്ന് തോന്നുന്നു... ഇപ്പോൾ അത് മാറിയല്ലോ... :)

      Delete
  4. "ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്"

    ReplyDelete
    Replies
    1. സെന്റൻസ് ഓഫ് ദി എപ്പിസോഡ്...

      Delete
  5. ''ഹാരി കെൽസോ ജീവനോടെയില്ലെങ്കിൽ ആ നിമിഷം അത് ഞാനറിഞ്ഞിരിക്കും... അതാണെന്റെ മനസ്സ്... ഇറ്റ്സ് ആസ് സിമ്പിൾ ആസ് ദാറ്റ്...”
    അതെ ഇതാണ് യഥാർത്ഥ പ്രണയ ബോധം ...!

    ReplyDelete
    Replies
    1. അതെ മുരളിഭായ്... ഒരേ തരംഗദൈർഘ്യത്തിൽ സഞ്ചരിക്കുന്ന മനസ്സുകൾ...

      Delete
  6. ആകാംഷയോടെ കാത്തിരിക്കുന്നു...

    ReplyDelete
    Replies
    1. അടുത്ത ലക്കം റെഡിയായിക്കൊണ്ടിരിക്കുന്നൂട്ടോ...

      Delete