പുറത്ത് കടന്ന ഹാർട്മാൻ ആദ്യം ട്രൂഡിയോട്
ആവശ്യപ്പെട്ടത് ജോയൽ റോഡ്രിഗ്സിനെ കോൺടാക്റ്റ് ചെയ്യുവാനും ഉടൻ തന്നെ തന്റെ ഓഫീസിൽ
റിപ്പോർട്ട് ചെയ്യുവാൻ പറയാനുമായിരുന്നു. അതിന് ശേഷം, അവളുടെ ഷോർട്ട്‌ഹാൻഡ് ബുക്കുമായി വരുവാൻ പറഞ്ഞിട്ട് അദ്ദേഹം
ഗ്ലാസിലേക്ക് അല്പം ബ്രാണ്ടി പകർന്നു.
“ഇപ്പോൾ മദ്യം കഴിക്കണോ...?”
അവൾ ചോദിച്ചു.
“മനഃസാന്നിദ്ധ്യം കൈവെടിയാതിരിക്കാൻ ഇപ്പോൾ ഇത് കൂടിയേ തീരൂ...
ടൈപ്പ് ചെയ്യാനുള്ളതെല്ലാം കേട്ടു
കഴിയുമ്പോൾ നിനക്ക് മനസ്സിലാവും...”
ഫെർണാണ്ടോ റോഡ്രിഗ്സിനും സാറാ ഡിക്സണും
ഉള്ള നിർദ്ദേശങ്ങളായിരുന്നു ടൈപ്പ് ചെയ്യുന്നതിന് വേണ്ടി അദ്ദേഹം അവൾക്ക് പറഞ്ഞു
കൊടുത്തു കൊണ്ടിരുന്നത്. ഹിംലർ വിവരിച്ച പ്രോജക്ടിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ വരെ
അതിലുണ്ടായിരുന്നു.
എല്ലാം കേട്ടു കഴിഞ്ഞതും ട്രൂഡി പറഞ്ഞു.
“അങ്ങേർക്ക് ഭ്രാന്താണ്...
ഒരു സംശയവുമില്ല...
കെൽസോയും ബാരണും വിചാരിച്ചാലല്ലേ ഇതൊക്കെ
നടക്കൂ...? അവർ ഇതിന്
സമ്മതിക്കുമോ...?”
എങ്ങനെയാണ് അവരെ സമ്മതിപ്പിക്കാൻ
പോകുന്നത് എന്നതിന്റെ വിശദാംശങ്ങൾ ബുബി അവളോട് പറഞ്ഞു. അവളുടെ മുഖം വിളറി വെളുത്തു. അടുത്ത നിമിഷം അവൾ അദ്ദേഹത്തിന്റെ ബാത്ത് റൂമിലേക്ക് ഓടി.
വാഷ് ബേസിനിലേക്ക് അവൾ
ഛർദ്ദിക്കുന്നതിന്റെയും ടാപ്പിൽ നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെയും ശബ്ദം
അദ്ദേഹം കേട്ടു. അൽപ്പ നേരത്തിന് ശേഷം തിരികെ വന്നപ്പോഴും അവളുടെ മുഖം
വിളറിത്തന്നെയിരുന്നു.
“എന്തൊരു വൃത്തികെട്ട പന്നിയാണയാൾ...!
എന്നിട്ട് ഇതുമായി മുന്നോട്ട് പോകാനാണോ
നിങ്ങളുടെ തീരുമാനം...?” അവൾ ചോദിച്ചു.
“എന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല ട്രൂഡീ...
എന്റെ കുടുംബത്തിൽ ജൂത രക്തമുണ്ട്...
ആർക്കും അത് അറിയില്ലെന്നായിരുന്നു എന്റെ
ധാരണ... പക്ഷേ,
അദ്ദേഹം അത് അറിഞ്ഞിരിക്കുന്നു...
എന്റെ പിതാവിന്റെയും വയസ്സായ
ആന്റിയുടെയും ജീവനുകൾ അപകടത്തിലാണ്... എന്തിന്, എന്റെ സെക്രട്ടറി എന്ന നിലയിൽ നിന്റെ ജീവൻ പോലും...”
“ഓ, മൈ ഗോഡ്...!”
“അപ്പോൾ പിന്നെ എന്റെ മുന്നിൽ മറ്റെന്ത് മാർഗ്ഗമാണുള്ളത് ട്രൂഡീ...?”
ഒന്നും പറയാനാവാതെ അദ്ദേഹത്തെത്തന്നെ
നോക്കിക്കൊണ്ട് അവൾ അവിടെ ഇരുന്ന് പോയി. പുറത്ത് അവളുടെ ഓഫീസിലെ കോളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം
കേട്ടാണ് അവൾ ഞെട്ടിയെഴുന്നേറ്റത്. ഒന്നും പറയാതെ പുറത്തിറങ്ങിയ അവൾ തിരിച്ചെത്തിയത് ജോയൽ റോഡ്രിഗ്സിനോടൊപ്പമായിരുന്നു.
“ആ ലെറ്റർ ടൈപ്പ് ചെയ്ത് റെഡിയാക്കൂ...
എത്രയും പെട്ടെന്ന്...”
ഹാർട്മാൻ അവളോട് പറഞ്ഞു.
അവൾ പുറത്തേക്ക് നടന്നു.
റെയിൻകോട്ട് ധരിച്ചിരുന്ന ജോയൽ തന്റെ
ഹാറ്റ് ഊരി വിരലിൽ വട്ടം കറക്കിക്കൊണ്ട് പറഞ്ഞു. “അത്ഭുതപ്പെടുത്തുന്ന ഒരു വാർത്തയുണ്ട് കേണൽ...”
“ഞാനറിഞ്ഞു...” ബുബി പറഞ്ഞു.
“പെട്ടെന്ന് തന്നെ ലിസ്ബനിലേക്ക് എത്താൻ
നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു... അതിനായുള്ള വിമാന സൗകര്യം ഏർപ്പെടുത്താൻ എന്നെയാണ്
ഏൽപ്പിച്ചിരിക്കുന്നത്... ഈ സംഭവ വികാസങ്ങളെല്ലാം നിങ്ങളുടെ വിദേശകാര്യ
മന്ത്രാലയത്തിലെ ന്യൂൺസ് ഡസിൽവയിൽ നിന്നായിരിക്കും ഒരു പക്ഷേ,
നിങ്ങൾ അറിഞ്ഞിട്ടുണ്ടാവുക...
ശരിയല്ലേ...?”
“അതെ... കേണൽ, താങ്കൾ ഇതെല്ലാം എങ്ങനെ അറിഞ്ഞു...?”
“എല്ലാം ഞാൻ അറിയുന്നു...
എന്താണ് നിങ്ങളുടെ പുതിയ ചുമതല എന്നവർ
പറയുകയുണ്ടായോ...?”
“ഇല്ല...”
“വെൽ... എങ്കിൽ ഞാൻ പറയാം... നിങ്ങൾ കൊറിയർ സർവീസിൽ ജോയ്‌ൻ ചെയ്യുവാൻ പോകുകയാണ്...
ഡിപ്ലോമാറ്റിക്ക് ബാഗുമായി വിമാന മാർഗ്ഗം
ലണ്ടനിലേക്ക്... ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും നിങ്ങൾ ലിസ്ബനിൽ തങ്ങുക...”
ഷോക്കേറ്റതു പോലെ ജോയൽ അമ്പരന്നു.
“പക്ഷേ, കേണൽ... ഇതായിരുന്നില്ല നാം തമ്മിലുള്ള എഗ്രിമെന്റ്...”
“എന്നാൽ ഇതാണ് ഇപ്പോഴത്തെ എഗ്രിമെന്റ്...
തീർച്ചയായും റൈഫ്യൂററുമായോ അല്ലെങ്കിൽ
ലിസ്ബനിൽ ചെന്നിട്ട് ഡസിൽവയുമായോ നിങ്ങൾക്ക് ഇക്കാര്യം ചർച്ച ചെയ്യുവാനുള്ള
സ്വാതന്ത്ര്യമുണ്ട്... പക്ഷേ, ഞാനൊരിക്കലും അതിന് ശിപാർശ ചെയ്യില്ല...
റോഡ്രിഗ്സ്, വലിയ കാര്യങ്ങൾക്കിടയിൽ പെട്ടു പോയ വളരെ ചെറിയ ഒരു
മനുഷ്യനാണ് നിങ്ങൾ... അതു പോലെ തന്നെയാണ് ഞാനും...
അതു കൊണ്ട് നന്നായി ആലോചിക്കൂ...
നമ്മുടെ മുന്നിൽ വേറെ
മാർഗ്ഗങ്ങളൊന്നുമില്ല... നമ്മുടെ പിന്നാലെയാണവർ...” ബുബി ഹാർട്മാൻ പറഞ്ഞു.
ടൈപ്പ് ചെയ്ത ലെറ്ററുമായി ട്രൂഡി എത്തി.
അത് വായിച്ചു നോക്കിയിട്ട് സൈൻ ചെയ്യാതെ
മടക്കി അദ്ദേഹം ഒരു എൻവലപ്പിനുള്ളിൽ തിരുകി. എന്നിട്ട് ജോയൽ റോഡ്രിഗ്സിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇത് നിങ്ങളുടെ സഹോദരനുള്ളതാണ്...
രണ്ട് മണിക്കുറിനുള്ളിൽ എയർപോർട്ടിൽ
എത്തിയിരിക്കണം...”
“യെസ് കേണൽ...”
ജോയൽ പുറത്ത് കടന്നതും ബുബി ഒരു
സിഗരറ്റിന് തീ കൊളുത്തി. “മാക്സ് എവിടെയാണുള്ളതെന്ന് അന്വേഷിച്ചറിയൂ...
എന്നിട്ട് മൂന്നു മണിക്കൂറിനുള്ളിൽ
പുറപ്പെടുവാൻ സാധിക്കും വിധം ഒരു വിമാനം അറേഞ്ച് ചെയ്യണം...
സ്റ്റോർക്ക് ആയാലും മതി...
പൈലറ്റിന്റെ ആവശ്യമില്ല...
ഞാൻ തന്നെ പറത്തിക്കൊള്ളാം...”
“യാത്രക്കാർ
ആരെങ്കിലും...?”
“തീർച്ചയായും... പ്രഭ്വിയും ഉണ്ടായിരിക്കും...”
പുറത്തിറങ്ങാൻ വാതിൽക്കൽ എത്തിയ അവളെ
അദ്ദേഹം വിളിച്ചു. “ട്രൂഡീ...”
“യെസ്...?” അവൾ തിരിഞ്ഞു.
“അപ്രത്യക്ഷയാകാൻ പറ്റിയ എന്തെങ്കിലും അവസരം ഒത്തു വന്നാൽ പ്രയോജനപ്പെടുത്താൻ
മടിക്കണ്ട... അഥവാ നമ്മുടെ
കണക്കു കൂട്ടലുകൾ എവിടെയെങ്കിലും പിഴച്ചാൽ...
നിനക്ക് മനസ്സിലാവുന്നുണ്ടോ...?”
“തീർച്ചയായും... പക്ഷേ, കാത്തിരുന്ന് കാണാനാണ് എനിക്കിഷ്ടം...”
പുറത്തേക്ക് നടന്ന അവൾ തികച്ചും
അക്ഷോഭ്യയായിരുന്നു.
***
എൽസ വോൺ ഹാൾഡർ പ്രഭ്വിയെ കൈകാര്യം
ചെയ്യുന്നത് വളരെ എളുപ്പമായിരുന്നു. കാര്യങ്ങൾ വിവരിക്കുമ്പോൾ കഴിയുന്നതും യാഥാർത്ഥ്യത്തോട്
അടുത്തു നിൽക്കുവാൻ ബുബി ഹാർട്മാൻ ശ്രദ്ധിച്ചു. അഡ്‌ലണിലെ സ്വീറ്റിന്റെ വാതിലിൽ മുട്ടിയ അദ്ദേഹത്തെ
വരവേറ്റത് പ്രഭ്വിയുടെ പരിചാരികയായ റോസാ സ്റ്റൈൻ ആയിരുന്നു.
നെരിപ്പോടിനരികിൽ ഇരിക്കുകയായിരുന്ന എൽസ,
ഹാർട്മാനെ കണ്ടതും താൻ വായിച്ചു
കൊണ്ടിരുന്ന മാഗസിൻ താഴെ വച്ചു. അവർ നീട്ടിയ കൈത്തലത്തിൽ അദ്ദേഹം മുത്തം നൽകി.
“കേണൽ... അത്ഭുതകരമായിരിക്കുന്നല്ലോ ഈ സന്ദർശനം...”
“വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്
പ്രഭ്വീ... നിങ്ങളുടെ മകൻ
കേണൽ കെൽസോ... ബ്രിട്ടനിയിലേക്കുള്ള
ഒരു മിഷനിടയിൽ അദ്ദേഹത്തിന്റെ വിമാനം വെടിവച്ചിടപ്പെട്ടു...
ഞങ്ങളുടെ കൈവശമാണ് അദ്ദേഹമിപ്പോൾ ഉള്ളത്...”
“അവന് എന്തെങ്കിലും...?”
തികച്ചും ശാന്തമായിരുന്നു അവരുടെ സ്വരം.
“കണങ്കാലിൽ ഫ്രാക്ചറുണ്ട്...
മൊർലെയ്ക്‌സ് എന്നയിടത്തുള്ള സൈനിക
കേന്ദ്രത്തിലാണ് അദ്ദേഹം ഇപ്പോൾ...
അദ്ദേഹത്തെ ചോദ്യം ചെയ്യുവാനായി ഞാൻ ഉടൻ തന്നെ അങ്ങോട്ട്
പറക്കുകയാണ്...”
“മാക്സിന് ഇതേക്കുറിച്ച് അറിയുമോ...?”
“ഇല്ല... പക്ഷേ, അദ്ദേഹത്തെ അറിയിക്കാൻ പോകുകയാണ്...
SD യ്ക്ക് വേണ്ടി ഇപ്പോൾ ഈ വിഷയം കൈകാര്യം
ചെയ്യുന്നത് ഞാനാണ്... SD ഇടപെടുന്നു എന്ന് വച്ചാൽ റൈഫ്യൂറർ ഇടപെട്ടിരിക്കുന്നു
എന്നർത്ഥം... താൽപ്പര്യമുണ്ടെങ്കിൽ
നിങ്ങളെയും എന്നോടൊപ്പം കൂട്ടുവാൻ അദ്ദേഹം അനുവാദം തന്നിട്ടുണ്ട്...”
“എന്റെ പരിചാരികയെയും കൂടെ കൊണ്ടുപോകാൻ പറ്റുമോ...?”
“സ്വാഭാവികമായും...”
അവർ എഴുന്നേറ്റു. “എത്ര സമയമുണ്ട് കേണൽ, പുറപ്പെടുവാൻ...?
“ഒരു മണിക്കൂറിനുള്ളിൽ നിങ്ങളെ പിക്ക് ചെയ്യുവാൻ കാർ
എത്തുന്നതായിരിക്കും...” ക്യാപ്പ് തലയിൽ വച്ചിട്ട് അദ്ദേഹം സല്യൂട്ട് ചെയ്തു.
“എന്നാൽ ഞാനിറങ്ങുന്നു...
ധാരാളം ജോലികളുണ്ട് തീർക്കാൻ...”
***
തിടുക്കത്തിൽ സാധനങ്ങൾ പായ്ക്ക്
ചെയ്യുന്ന റോസയോട് ബുബി ഹാർട്മാനുമായി നടന്ന സംഭാഷണത്തിന്റെ രത്നച്ചുരുക്കം എൽസ
വിവരിച്ചു.
“അത്ഭുതകരമായിരിക്കുന്നു പ്രഭ്വീ...”
റോസ പറഞ്ഞു. “രണ്ട് മക്കളെയും ഒരുമിച്ച് കാണുവാൻ സാധിക്കുക എന്നത് വലിയ
ഭാഗ്യം തന്നെ...”
“അതെ... വളരെ നാളുകളായി അവനെ കണ്ടിട്ട്...
വളരെയേറെ...”
തന്റെ ആഭരണങ്ങൾ ബോക്സിനുള്ളിലാക്കി അവർ
റോസയ്ക്ക് നൽകി. “ഇത് എന്റെ ആ വലിയ ഹാൻഡ് ബാഗിനുള്ളിൽ വച്ചോളൂ...”
മേശവലിപ്പ് തുറന്ന് ഒരു വാൾട്ടർ PPK പിസ്റ്റൾ
എടുത്ത് ഒരു വിദഗ്ദ്ധയെപ്പോലെ അതിന്റെ മാഗസിൻ തുറന്ന് തിരകൾ പരിശോധിച്ചിട്ട് അവർ
റോസയ്ക്ക് നൽകി. “ആഹ്, പിന്നെ ഇതും കൂടി...”
റോസ അതും ഹാൻഡ് ബാഗിനുള്ളിൽ വച്ചു.
“ഇതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നുണ്ടോ
പ്രഭ്വീ...?”
“ആർക്കറിയാം...?” തികഞ്ഞ ശാന്തതയോടെ അവർ പുഞ്ചിരിച്ചു.
“എന്തായാലും ഒന്ന് കരുതിയിരിക്കുന്നത്
നല്ലതാണല്ലോ...”
മൂട്ടി ക്ക് മുഴുവനും മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
ReplyDeleteഇല്ല... അടിയൊഴുക്കുകൾ അറിയില്ലല്ലോ...
Deleteഎന്നാലും ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണല്ലോ
ReplyDeleteതീർച്ചയായും...
Deleteഒരു ചതിയിലേയ്ക്കുള്ള യാത്ര...
ReplyDeleteഅതെ...
Deleteചതിയിലേക്കുള്ള വഴികളായിരിക്കുമോ
ReplyDeleteഅവൾക്ക് മുമ്പിൽ ഇനി തുറക്കുന്നത് .
എന്നാലും ധീരരായ മക്കളെ കാണുവാൻ
ഒരുമിച്ച് കാണുവാൻ സാധിക്കുകയാണെങ്കിൽ
അടയാള ആഭരണങ്ങളും തിരനിറച്ച തോക്കും
കൈയിലേന്തി ആ യാത്രക്കൊരുങ്ങുന്ന ഒരു ധീര വനിത
തന്നെയാണിവൾ ...
അതെ... അത് സമ്മതിച്ചേ തീരൂ...
Delete"കാത്തിരുന്ന് കാണാനാണ് എനിക്കിഷ്ടം...”
ReplyDeleteഎനിക്കും..
കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും...
Deleteഅതാണ്. ഒന്നു കരുതിയിരിയ്ക്കുന്നത് എന്തു കൊണ്ടും നല്ലതു തന്നെ.
ReplyDeleteഇനി ബാക്കി കാത്തിരുന്നു കാണാം
കരുതൽ... ജാഗ്രത... അതാണ് വേണ്ടത്...
Deleteഒന്ന് കരുതിയിരിക്കാം...
ReplyDelete