Saturday, May 16, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 60


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പ്രിൻസ് ആൽബ്രസ്ട്രാസയിലെ ഒട്ടു മിക്കവരെയും എന്ന പോലെ കുറേ നാളുകളായി ബുബി ഹാർട്മാനും വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നു പോലുമുണ്ടായിരുന്നില്ല. RAF ന്റെ ലങ്കാസ്റ്റർ വിമാനങ്ങൾ പതിവ് തെറ്റിക്കാതെ നടത്തുന്ന വ്യോമാക്രമണങ്ങൾ തന്നെയായിരുന്നു അതിന് കാരണം. ഓഫീസ് റൂമിലെ മൂലയിൽ ഇട്ടിരിക്കുന്ന കട്ടിലിൽ പുലർച്ചെ മൂന്നു മണി വരെ ഗാഢ നിദ്രയിലായിരുന്ന അദ്ദേഹം എയർ റെയ്ഡ് സൈറൻ കേട്ട് ഞെട്ടിയുണർന്നു. അര മണിക്കൂർ നീണ്ടു നിന്ന സംഹാര താണ്ഡവത്തിനൊടുവിൽ RAF ഫൈറ്ററുകൾ മടങ്ങിപ്പോയി. എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയിട്ട് അദ്ദേഹം ഡെസ്കിന് മുന്നിലെത്തി. ഗ്ലാസ്സിലേക്ക് അൽപ്പം ബ്രാണ്ടി പകർന്നു വച്ചിട്ട് അത്യാവശ്യമുള്ള ഏതാനും ഫയലുകൾ നോക്കിക്കൊണ്ടിരിക്കെ വാതിൽ തുറന്ന് ട്രൂഡി കടന്നു വന്നു. ബുബിയെപ്പോലെ തന്നെ അവൾക്കും തന്റെ ഓഫീസിൽ ഒരു കട്ടിൽ ഉണ്ടായിരുന്നു. അൽപ്പം മുമ്പ് ലഭിച്ച ഒരു സന്ദേശവും ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു അവളുടെ വരവ്.

ആർ യൂ ഓൾറൈറ്റ്...?” അദ്ദേഹം ആരാഞ്ഞു.

തീർച്ചയായും... പക്ഷേ, ഈ സന്ദേശം കണ്ടു കഴിഞ്ഞാൽ താങ്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല...ബ്രിട്ടനിയിലെ മൊർലെയ്ക്‌സിലുള്ള ഒരു പൻസർ യൂണിറ്റിന്റെ മേജറുടെ സന്ദേശമാണ്... ഇരുപത് മിനിറ്റ് മുമ്പാണ് ഇത് സിഗ്നൽ യൂണിറ്റിൽ എത്തിയതത്രെ...”

ഇത്ര മാത്രം പ്രത്യേകത എന്താണതിന്...?”

കഴിഞ്ഞയാഴ്ച്ചയല്ലേ താങ്കൾ പറഞ്ഞത് കേണൽ ഹാരി കെൽസോയുമായി ബന്ധപ്പെട്ട എന്തു വിഷയമുണ്ടെങ്കിലും റെഡ് ഫ്ലാഗ് ഇട്ട് വയ്ക്കണമെന്ന്...?” അവൾ ആ കടലാസ് അദ്ദേഹത്തിന് നേർക്ക് നീട്ടി. “വായിച്ചു നോക്കൂ...”

ആ സന്ദേശം വായിച്ച് മേശപ്പുറത്ത് വച്ചിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം ചിന്തയിലാണ്ടു.

ഈ വിവരം ബാരണെ അറിയിക്കുന്നുണ്ടോ...?” അവൾ ചോദിച്ചു.

നിഷേധാർത്ഥത്തിൽ ഹാർട്മാൻ തലയാട്ടി. “ഇല്ല ട്രൂഡീ... ഈ വിവരം റൈഫ്യൂറർ ആണ് അറിയേണ്ടത്... അദ്ദേഹം ഇവിടെയുണ്ടോ...?”

ഉണ്ട്...”

ഒരു പേപ്പറും പേനയും എടുത്തിട്ട് അദ്ദേഹം പറഞ്ഞു. “ഒരു ഓർഡർലിയെ ഇങ്ങോട്ട് അയക്കൂ...”

അവൾ വാതിലിന് നേർക്ക് തിരിഞ്ഞു. “കെൽസോ ഇപ്പോൾ ഒരു യുദ്ധത്തടവുകാരനല്ലേ...? അതല്ലേ സത്യം...?”

വിഡ്ഢിത്തരം പറയാതിരിക്കൂ ട്രൂഡീ... അദ്ദേഹം വെറുമൊരു യുദ്ധത്തടവുകാരനല്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ... പെട്ടെന്ന് ഒരു ഓർഡർലിയെ അയക്കൂ...”

അവൾ പുറത്തേക്ക് നടന്നു. ഹിംലറിന് ചെറിയൊരു കുറിപ്പ് തയ്യാറാക്കി അദ്ദേഹം ആ സന്ദേശത്തോടൊപ്പം എൻവലപ്പിൽ ഇട്ട് ഒട്ടിച്ചു.

രാവിലെ ഒമ്പത് മണിയായപ്പോഴാണ് റൈഫ്യൂറർ അദ്ദേഹത്തെ വിളിപ്പിച്ചത്. യൂണിഫോമിൽ ജനാലയ്ക്ക് സമീപം പുറത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുകയായിരുന്ന ഹിംലർ തിരിഞ്ഞു പോലും നോക്കാതെ സംസാരിക്കുവാനാരംഭിച്ചു.

കനത്ത ബോംബിങ്ങിന്റെ മറ്റൊരു രാത്രി കൂടി, അല്ലേ കേണൽ...? എന്നിട്ട് ആ തടിയൻ, മണ്ടൻ ഗൂറിങ്ങ് എന്തൊക്കെയാണ് അന്ന് വീമ്പിളക്കിയത്...? ഇനി ഒറ്റ ബോംബെങ്കിലും ബെർലിനിൽ വീഴാനിടയായാൽ തന്റെ പേര് മറ്റെന്തെങ്കിലും ആക്കിക്കോളൂ എന്ന്...”

ശരിയാണ് റൈഫ്യൂറർ...”

ഇതൊക്കെയാണ് ലുഫ്ത്‌വാഫ് നമുക്ക് ചെയ്തു തരുന്ന സഹായം... ബെർലിനെപ്പോലും സംരക്ഷിക്കാൻ അവർക്കാവുന്നില്ല... ഇക്കണക്കിന് പോയാൽ എങ്ങനെ നാം യുദ്ധം ജയിക്കും...?” അദ്ദേഹം തിരിഞ്ഞു. “അതായത്, ഫ്യൂററുടെ മഹത്തായ ദൗത്യം വിജയിപ്പിച്ചെടുക്കേണ്ടത് ബാക്കിയുള്ള നമ്മളുടെയൊക്കെ ഉത്തരവാദിത്തമാണ്...” ഡെസ്കിനരികിലേക്ക് ചെന്ന് അദ്ദേഹം ആ സന്ദേശം കൈയ്യിലെടുത്തു. “അങ്ങനെയുള്ള അവസരത്തിലാണ് കേണൽ ഈ സുവർണ്ണാവസരം നമ്മെ തേടിയെത്തുന്നത്...”

ഹാർട്മാൻ ആകെപ്പാടെ ചിന്താക്കുഴപ്പത്തിലായിക്കഴിഞ്ഞിരുന്നു. “റൈഫ്യൂറർ...?”

ഹിംലർ തന്റെ കസേരയിൽ ഇരുന്നു. “ചിലപ്പോഴെങ്കിലും ദൈവം മേഘക്കൂട്ടങ്ങൾക്കിടയിലൂടെ താഴോട്ട് നോക്കും കേണൽ... ഇന്ന് അത് സംഭവിച്ച ഒരു പ്രഭാതമാണ്... നിങ്ങൾക്ക് വേണ്ടി ആ കൊലയാളിയെ ഞാൻ കണ്ടെത്തിയിരിക്കുന്നു...”

ഹാർട്മാൻ അമ്പരന്നു. “എനിക്ക് മനസ്സിലാവുന്നില്ല, റൈഫ്യൂറർ...”

വളരെ ലളിതം... നമ്മുടെ പക്കൽ എത്തിപ്പെട്ടിരിക്കുന്നത് ആരാണ്...? US എയർഫോഴ്സിലെ ഒരു ലെഫ്റ്റനന്റ് കേണൽ കെൽസോ... അതും  പരിക്കുകളോടെ... നിങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം സ്പെഷൽ ഓപ്പറേഷൻസ് ഫ്ലൈറ്റുകളാണ് അയാൾ പറത്തുന്നത്... അതും പലപ്പോഴും ഐസൻഹോവറെയും കൊണ്ട്...”

ശരിയാണ്...”

ഇംഗ്ലണ്ടിലേക്ക് രക്ഷപെടാൻ അയാളെ നാം അനുവദിക്കുന്നു... അവിടെ ചെന്ന് ആദ്യം ലഭിക്കുന്ന അവസരത്തിൽത്തന്നെ അയാൾ ഐസൻഹോവറിനെ വധിക്കുന്നു...”

ഒരു നിമിഷം ഹാർട്മാന് അത് ഉൾക്കൊള്ളാനായില്ല. ആകെക്കൂടി ഭ്രാന്ത് പിടിച്ചത് പോലെ... “പക്ഷേ, റൈഫ്യൂറർ, എന്തിനയാൾ അദ്ദേഹത്തെ വധിക്കണം...? മാത്രമല്ല, അയാളുടെ കണങ്കാൽ തകർന്നിരിക്കുകയുമാണ്...”

പക്ഷേ, അയാളുടെ സഹോദരന്റെ കാൽ തകർന്നിട്ടില്ലല്ലോ...” അമ്പരന്നു നിൽക്കുന്ന ഹാർട്മാനെ നോക്കി ഹിംലർ പുഞ്ചിരിച്ചു. “അവർ ഇരുവരെയും കണ്ടാൽ ഒരു വ്യത്യാസവുമില്ലെന്നാണ് ഞാൻ കേട്ടിരിക്കുന്നത്... യൂണിഫോമിൽ മാത്രം ഒരു മാറ്റം... അത്രയേ വേണ്ടൂ... മൊർലെയ്ക്‌സ് കൊട്ടാരത്തിൽ നിന്നും സൗകര്യപ്രദമായ  ഒരു രക്ഷപെടലിന് നാം വഴിയൊരുക്കുന്നു... പട്ടണത്തിന് വെളിയിലുള്ള ഫീഡർ സ്റ്റേഷനിൽ നിന്നും സ്റ്റോർക്ക് അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും വിമാനം മോഷ്ടിക്കുന്നു... അവിടെ ഒരു വിമാനം കിടപ്പുണ്ട്... അക്കാര്യം ഞാൻ ചെക്ക് ചെയ്തിരുന്നു... എന്തായാലും കോൾഡ് ഹാർബറിലുള്ള ബ്രിഗേഡിയർ മൺറോയുടെ അടുത്തേക്ക് അയാൾ പറക്കുന്നു... ഐസൻഹോവറിനെയും കൊണ്ട് പറക്കുവാനുള്ള അവസരം ലഭിച്ചില്ലെങ്കിൽത്തന്നെയും ഹാരിയെ കാണുവാൻ നമ്മുടെ ജനറൽ ആഗ്രഹം പ്രകടിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല...”

ഇതിനോടെല്ലാം പൊരുത്തപ്പെടാൻ പാടുപെടുകയായിരുന്നു ബുബി ഹാർട്മാൻ. “പക്ഷേ, റൈഫ്യൂറർ, തന്റെ സഹോദരനായി ആൾമാറാട്ടം നടത്തണമെങ്കിൽ ഹാരിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാരൺ അറിഞ്ഞിരിക്കണമല്ലോ... എന്ന് വച്ചാൽ കേണൽ കെൽസോ ഈ പദ്ധതിയുമായി സഹകരിക്കുകയും വേണമെന്നർത്ഥം... മാത്രവുമല്ല, ഈ ദൗത്യവുമായി മുന്നോട്ട് പോകാൻ ബാരൺ സമ്മതിക്കുകയും ചെയ്യണമല്ലോ...”

, തീർച്ചയായും അയാൾ സമ്മതിക്കും... അയാൾ മാത്രമല്ല, അയാളുടെ സഹോദരനും സമ്മതിക്കും... പ്രത്യേകിച്ചും, അവരുടെ മാതാവിനെ നിങ്ങൾ അറസ്റ്റ് ചെയ്തു കഴിയുമ്പോൾ... ഇന്ന് തന്നെ അത് നടക്കാൻ പോകുകയുമാണ്... അതിൽ ഒരു മാറ്റവുമില്ല... മൊർലെയ്ക്‌സ് കൊട്ടാരത്തിലുള്ള മേജർ മുള്ളറുമായി ഞാൻ സംസാരിച്ചു കഴിഞ്ഞു... ഇന്ന് മുതൽ അയാൾ നേരിട്ട് എന്റെ കമാൻഡിന് കീഴിൽ ആയിരിക്കുമെന്ന് ഞാൻ അറിയിച്ചിട്ടുണ്ട്... നമ്മുടെ ദൗത്യവുമായി ബന്ധപ്പെട്ട് മൊർലെയ്ക്‌സ് കൊട്ടാരത്തിൽ ഇന്ന് മുതൽ പഴുതടച്ച സുരക്ഷയായിരിക്കും ഒരുക്കുക...”

പക്ഷേ, റൈഫ്യൂറർ, ഈ വിഷയത്തിൽ സഹകരിക്കുവാനായി ബാരണെയും സഹോദരനെയും എങ്ങനെയാണ് നാം അനുനയിപ്പിക്കുക...?”

തന്റെ പദ്ധതിയെക്കുറിച്ചുള്ള സൂക്ഷ്മ വിവരങ്ങൾ വരെ ഹിംലർ വിശദീകരിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും ഹാർട്മാൻ തീർത്തും വിയർത്തു പോയിരുന്നു.

നിങ്ങൾ വല്ലാതെ അസ്വസ്ഥനായിരിക്കുന്നുവല്ലോ...” ഹിംലർ പറഞ്ഞു. “കേണൽ, നമ്മുടെ സാമ്രാജ്യത്തെ സേവിക്കുവാനുള്ള ഈ അവസരം ലഭിച്ചതിൽ നിങ്ങൾ അതീവ സന്തുഷ്ടനായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്... ജൂത പാരമ്പര്യമുണ്ടായിട്ടും ഒരു പ്രശ്നവും കൂടാതെ ഈ സാമ്രാജ്യം നിങ്ങളെ സംരക്ഷിച്ചതിന് നന്ദി പ്രകടിപ്പിക്കുകയല്ലേ വേണ്ടത്...?”

ബുബി ഹാർട്മാൻ ഭയം കൊണ്ട് മരവിച്ചു പോയി. ഒരു  ഗൂഢസ്മിതത്തോടെ ഹിംലർ തുടർന്നു. “ഇക്കാര്യം ഞാനെങ്ങനെ അറിഞ്ഞു എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്... ഈ കളങ്കം നിങ്ങളുടെ മൊത്തം  കുടുംബത്തെയും ബാധിക്കുമെന്ന വസ്തുത മറക്കണ്ട... നിങ്ങളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു... ശരിയല്ലേ...? അതുപോലെ നിങ്ങളുടെ സഹോദരിയും... നിങ്ങളുടെ ഭാര്യ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഉണ്ടായ  ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു... അതുകൊണ്ട് നിങ്ങൾക്ക് മക്കൾ ഇല്ല... പക്ഷേ, തീർച്ചയായും മറ്റൊരു വിഷയമുണ്ട്... നിങ്ങളുടെ സെക്രട്ടറി... ട്രൂഡി ബ്രൗൺ... നിങ്ങൾ ഇരുവരും അഗാധമായ അടുപ്പത്തിലുമാണ്...”

ഹാർട്മാൻ ഒരു ദീർഘശ്വാസമെടുത്തു. “ഞാൻ എന്തു ചെയ്യണമെന്നാണ് റൈഫ്യൂറർ പറയുന്നത്...?”

ഗുഡ്... നിങ്ങളുടെ പ്രായോഗിക ചിന്തയെ എന്നും ഞാൻ വില മതിച്ചിട്ടുണ്ട്... പോർച്ചുഗീസ് വിദേശകാര്യ മന്ത്രി ന്യൂൺസ് ഡസിൽവയെക്കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നില്ലേ...? അയാളെ ഞാൻ വിളിച്ചിരുന്നു... അവരുടെ എംബസിയിലെ ആ ജോയൽ റോഡ്രിഗ്സിനെ ഇന്ന് തന്നെ ലിസ്ബണിലേക്ക് ട്രാൻസ്ഫർ ചെയ്യും... രാവിലെ തന്നെ അയാളെ കാണണം... ലണ്ടനിലുള്ള അയാളുടെ സഹോദരനെയും സാറാ ഡിക്സണെയും ഏൽപ്പിക്കുവാനായി ഒരു റിപ്പോർട്ട് തയ്യാറാക്കി കൊടുത്തു വിടുക... ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാരൺ അവിടെ എത്തുന്നതായിരിക്കും എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കണം...”

ജോയൽ റോഡ്രിഗ്സ് ലണ്ടനിൽ...? എനിക്ക് മനസ്സിലാവുന്നില്ല റൈഫ്യൂറർ...”

വളരെ ലളിതം... ന്യൂൺസ് ഡസിൽവ ജോയൽ റോഡ്രിഗ്സിനെ കൊറിയർ ഡ്യൂട്ടിയിലേക്ക് മാറ്റാൻ പോകുകയാണ്... ഇന്ന് വൈകിട്ട് അയാൾ ലിസ്ബണിലേക്ക് പറക്കും... പതിവ് എംബസി ബാഗുമായി നാളെ ലണ്ടനിലേക്കും... കൊറിയർ ഡ്യൂട്ടിയിലുള്ളവർക്ക് അതൊക്കെ സാധാരണമാണ് കേണൽ... അങ്ങനെ ലണ്ടനിലെത്തുന്ന ബാരണ് സഹായവുമായി അവിടെ സാറാ ഡിക്സണും റോഡ്രിഗ്സ് സഹോദരന്മാരും ഉണ്ടാകും... ഈ ദൗത്യം എങ്ങനെ പരാജയപ്പെടുമെന്നാണ്...? എന്തു തോന്നുന്നു...?”

ബുബി ഹാർട്മാന്റെ തൊണ്ട വരണ്ടു പോയിരുന്നു. അദ്ദേഹം ഒന്ന് ചുമച്ചു. “ഞാൻ യോജിക്കുന്നു റൈഫ്യൂറർ...”

എക്സലന്റ്, കേണൽ... നിങ്ങൾ ചെയ്യേണ്ട എല്ലാ ജോലിയും ഞാൻ തന്നെ ചെയ്തു തന്ന നിലയ്ക്ക് ഇനി ഈ ദൗത്യം മുന്നോട്ട് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കോളൂ...”
                 
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

15 comments:

  1. ഹാരി മാക്സ്‌ മൂട്ടി എല്ലാവരെയും വലയിൽ ആക്കി. പുറത്ത് വരാൻ കഴിയാത്ത തരത്തിൽ

    ReplyDelete
    Replies
    1. അതെ... ഊരാക്കുരുക്ക്... പത്മവ്യൂഹം...

      Delete
  2. വമ്പൻ പ്ലാൻ ആണല്ലോ

    ReplyDelete
    Replies
    1. എത്ര കൗശലത്തോടെയാണ് ഹിംലർ അവരെ വളഞ്ഞിരിക്കുന്നത് എന്ന് നോക്കൂ...

      Delete
  3. ഹിംലർ ...വല്ലാത്തൊരു കീറാമുട്ടി തന്നെ
    എങ്ങനേലും ശല്യത്തെ തീർത്തു കളയാൻ എത്ര നോവലിൽ ആയിട്ട് ആഗ്രഹിക്കുന്നു
    അതിയാൻ കൊറോണ പിടിച്ചു ചത്തിരുന്നെങ്കിൽ ..

    ReplyDelete
    Replies
    1. ഹിംലർ... സ്വന്തം രാഷ്ട്രത്തിൽ തന്നെ വെറുക്കപ്പെട്ടവൻ... അത് അങ്ങേർക്ക് നന്നായിട്ട് അറിയുകയും ചെയ്യാം എന്നതാണ് സത്യം... എനിക്ക് കോവിഡൊ‌ന്നും പിടിച്ചിട്ടില്ല, ഞാൻ ആരോഗ്യവാനായിരിക്കുന്നു എന്ന് നമ്മുടെ രാജ്യത്തെ ഹിംലർ കഴിഞ്ഞയാഴ്ച പറഞ്ഞത് ഓർമ്മയുണ്ടോ...? :)

      Delete
  4. കുടുക്കിലായി. മൂട്ടിയും മക്കളും ഇതെങ്ങനെ നേരിടും??

    ReplyDelete
    Replies
    1. അനുസരിക്കാതെ മാർഗ്ഗമില്ല സുകന്യാജീ...

      Delete
  5. സുവർണ്ണാവസരം!!

    ഹിംലർ ഒരുക്കുന്ന പത്മവ്യൂഹത്തിൽ നിന്നും മൂട്ടിയും മക്കളും പുറത്ത് കടക്കുമോ?

    അപ്പോ നമ്മുടെ കരടിക്കുട്ടൻ..?

    ReplyDelete
    Replies
    1. കാത്തിരുന്നു കാണാം ജിമ്മാ... കരടിക്കുട്ടൻ കൈമറിഞ്ഞു പോയി...

      Delete
  6. ഹാരിയുടെ കാര്യം ഹിംലറെ അറിയിക്കാഞ്ഞിട്ട് എന്ത് ആവശ്യമായിരുന്നു ബൂബിക്ക്.

    ReplyDelete
    Replies
    1. നിലനിൽപ്പിന്റെ പ്രശ്നം കുറിഞ്ഞീ...

      Delete
  7. ആകാംഷയോടെ കാത്തിരിക്കുന്നു വിനുവേട്ടാ... പ്രശ്നമാണല്ലോ :(

    ReplyDelete
    Replies
    1. അടുത്ത ലക്കം ഉടൻ തന്നെ...

      Delete
  8. അതിക്രൂരനായ ഹിംലർ മൂട്ടിയെയും
    മക്കളെയും കുടിക്കുവാൻ വലവിരിച്ചു കഴിഞ്ഞു .
    ഇനി മറുപക്ഷത്ത് കുടുക്കിൽ പെടാതെ എങ്ങനെ രക്ഷപ്പെടാൻ സാധിക്കും എന്ന  ചിന്തകളാണ് വേണ്ടത് ..അല്ലേ 

    ReplyDelete