Tuesday, February 19, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 19

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ലണ്ടനിലെ പോർച്ചുഗീസ് എംബസിയിൽ കൊമേഴ്സ്യൽ അറ്റാഷെ ആയിരുന്നു ഫെർണാണ്ടോ റോഡ്രിഗ്സ്. അയാളുടെ സഹോദരൻ ജോയൽ ആകട്ടെ കൊമേഴ്സ്യൽ അറ്റാഷെ ആയി ബെർലിനിലെ പോർച്ചുഗീസ് എംബസിയിലും  ജോലി ചെയ്യുന്നു. എല്ലാം കൊണ്ടും വളരെ സൗകര്യം. ഫയലുകൾ മുഴുവനും ശ്രദ്ധാപൂർവ്വം വായിച്ച ഹാർട്ട്മാന് ഒരു കാര്യം മനസ്സിലായി. ഇരുവരുടെയും സ്വഭാവത്തിലുള്ള സമാനത. പണത്തോടുള്ള അത്യാർത്തിയാൽ തത്വദീക്ഷയില്ലാതെ എന്തിനും വഴങ്ങുന്ന സ്വഭാവക്കാർ. അതേതായാലും നന്നായി. ഇത്തരക്കാരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ നിലയ്ക്ക് നിർത്തണമെന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല.

എന്നാൽ സാറാ ഡിക്സൺ ഇതിൽ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. നാൽപ്പത്തിയഞ്ച് വയസ്സുള്ള ഒരു വിധവ. ബാങ്ക് ക്ലർക്ക് ആയിരുന്ന  ഭർത്താവ് ജോർജ്ജ് ഡിക്സൺ 1917 ൽ ഉണ്ടായ വ്യോമാക്രമണത്തെ തുടർന്ന് പരിക്കേറ്റാണ് മരണമടയുന്നത്. വിവാഹത്തിന് മുമ്പ് സാറാ ബ്രൗൺ എന്നറിയപ്പെട്ട അവരുടെ പിതാവ് ഇംഗ്ലീഷുകാരനും മാതാവ് ഐറിഷുകാരിയും ആയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ ഡബ്ലിനിൽ ഉണ്ടായ 'ഈസ്റ്റർ മുന്നേറ്റ'ത്തിൽ IRA പ്രവർത്തകനായ അവരുടെ മുത്തച്ഛൻ വെടിയേറ്റ് മരിക്കുകയായിരുന്നു.

1938 മുതൽ ലണ്ടനിലെ ബേസ്‌വാട്ടറിലുള്ള വാർ ഓഫീസിൽ ക്ലർക്ക് ആയി ജോലി നോക്കുന്ന അവർ തനിയെ ആണ് താമസിക്കുന്നത്. 1938 ന്റെ തുടക്കത്തിലാണ് പാട്രിക്ക് മർഫി എന്നൊരു IRA പ്രവർത്തകൻ ഒരു IRA അനുഭാവി എന്ന നിലയിൽ സാറയെ റിക്രൂട്ട് ചെയ്യുന്നത്. ലണ്ടനിലും ബർമ്മിങ്ങ്ഹാമിലും ബോംബിങ്ങ് നടക്കുന്ന കാലഘട്ടത്തിൽ‌ ജർമ്മനിയുടെ SD ക്കും മേജർ ക്ലെയ്‌നിനും വേണ്ടി പാട്രിക്ക് ചാരവൃത്തി നടത്തുന്നുണ്ടായിരുന്നു. അയാളുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന ധാരണയിൽ സാറ എത്തിയ സമയത്താണ് സ്പെഷൽ ബ്രാഞ്ച് പോലീസുമായുള്ള ഏറ്റുമുട്ടലിൽ പാട്രിക്ക് കൊല്ലപ്പെടുന്നത്.

ഹാർട്ട്മാൻ തലയുയർത്തി. "അവരിപ്പോഴും നമ്മുടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണോ...?"

"എന്ന് പറയാം, മേജർ..."

"ഗുഡ്... ഒരു കാര്യം ചെയ്യൂ... ഇവിടുത്തെ പോർച്ചുഗീസ് എംബസിയിലുള്ള ആ ജോയൽ റോഡ്രിഗ്സിനെ ഇങ്ങോട്ട് വിളിപ്പിക്കൂ... ഇക്കാര്യം നീ നേരിട്ട് കൈകാര്യം ചെയ്താൽ മതി... ലണ്ടനിലുള്ള അയാളുടെ സഹോദരനുമായി ഡിപ്ലോമാറ്റിക്ക് പൗച്ച് വഴി ബന്ധപ്പെടുവാൻ പറയുക... ഈ പറയുന്ന മിസ്സിസ് ഡിക്സണുമായി ബന്ധം സ്ഥാപിക്കുവാൻ ആവശ്യപ്പെടുക... നമുക്ക് എപ്പോൾ ആവശ്യം വന്നാലും അവരവിടെ ഉണ്ടാകുമെന്ന് ഉറപ്പ് വരുത്താൻ പറയണം... ഈ റോഡ്രിഗ്സ് സഹോദരന്മാരെക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ എന്നെ അറിയിക്കാൻ മടിക്കരുത്... ദൈവശിക്ഷ എന്ന ഭീതി ഉയർത്തി അവരെ ഞാൻ വരുതിയ്ക്ക് നിർത്തിക്കോളാം..."

"വെരി വെൽ, മേജർ..."

ട്രൂഡി പുറത്തേക്ക് നടന്നു. ഹാർട്ട്മാൻ ഒരു സിഗരറ്റിന് തീ കൊളുത്തി. "എന്തെല്ലാം ചെയ്താലാണ് ഒരു യുദ്ധം നടത്തിക്കൊണ്ടു പോകാനാവുക..." അദ്ദേഹം മന്ത്രിച്ചു.

                                     ***

"സോ, യൂ സീ..." ജോയൽ റോഡ്രിഗ്സ് തനിക്കെതിരെയുള്ള കസേരയിൽ ഇരുന്നതും ട്രൂഡി ബ്രൗൺ പറഞ്ഞു. "വളരെ ലളിതമാണ്... നിങ്ങളുടെ സഹോദരൻ ആ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നു... വാർ ഓഫീസിലാണ് അവരുടെ ജോലി എന്നതിനാൽ വിലപ്പെട്ട പല വിവരങ്ങളും അവർക്ക് അറിവുണ്ടായിരിക്കും... പക്ഷേ, ഒരു കാര്യം... അവരുമായുള്ള ബന്ധത്തിന് അധികം പബ്ലിസിറ്റി കൊടുക്കണ്ട എന്ന് പറഞ്ഞേക്കൂ...  ഭാവിയിൽ നമുക്ക് ഉപകരിക്കുന്ന ഒരു ഏജന്റ് ആയി ആ സ്ത്രീ മാറിയേക്കാം..."

റോഡ്രിഗ്സിന്റെ മുഖത്ത് പരിഭ്രമം തെളിഞ്ഞു കാണാനുണ്ടായിരുന്നു... "എനിക്കറിയില്ല, ഫ്രോ ബ്രൗൺ... ഒരു പക്ഷേ എന്റെ സഹോദരന് ഇക്കാര്യത്തിൽ താൽപ്പര്യമില്ലെങ്കിലോ...?"

തുറന്ന് കിടക്കുന്ന വാതിലിന്നപ്പുറത്തെ മുറിയിൽ ഈ സംഭാഷണമെല്ലാം ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന ഹാർട്ട്മാൻ എഴുന്നേറ്റ് അവർക്ക് മുന്നിലെത്തി. മെഡലുകളാൽ അലംകൃതമായ അദ്ദേഹത്തിന്റെ യൂണിഫോം ഒരു നോക്ക് കണ്ടതും ജോയൽ റോഡ്രിഗ്സ് വിയർക്കുവാൻ തുടങ്ങി.

"നിങ്ങളുടെ സഹോദരന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല സുഹൃത്തേ..." ഹാർട്ട്മാൻ പറഞ്ഞു. "അയാൾക്കുള്ള കത്തുകൾ നിങ്ങളുടെ എംബസിയുടെ ഡിപ്ലോമാറ്റിക്ക് പൗച്ച് വഴി മാത്രം അയക്കുവാൻ ശ്രദ്ധിക്കുക... പിന്നെ ഒരു കാര്യം കൂടി അയാളെ ഓർമ്മിപ്പിക്കുക... കഴിഞ്ഞ മൂന്ന് വർഷമായി അയാൾ ഞങ്ങളുടെ പക്കൽ നിന്നും പ്രതിമാസ വേതനം പറ്റിക്കൊണ്ടിരിക്കുകയാണെന്നും അതിന് തക്ക വിവരങ്ങളൊന്നും ഞങ്ങൾക്ക് ചോർത്തി തരുന്നില്ലെന്നും..."

റോഡ്രിഗ്സ് ഭയത്താൽ ചാടിയെഴുന്നേറ്റു. "പ്ലീസ് മേജർ... ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്നല്ല ഞാൻ ഉദ്ദേശിച്ചത്..."

"അത് കേട്ടതിൽ സന്തോഷം... ഒരു കാര്യം കൂടി ഞാൻ ഓർമ്മിപ്പിക്കാം... ജർമ്മൻ സാമ്രാജ്യത്തിന് വേണ്ടി കാര്യമായ സംഭാവനയൊന്നും നടത്തിയില്ലെങ്കിലും നിങ്ങളും നല്ല പ്രതിഫലം പറ്റുന്നുണ്ട്... അതുകൊണ്ട് ഇക്കാര്യത്തിൽ നിങ്ങൾ മുന്നോട്ട് പോയേ തീരൂ..."

"തീർച്ചയായും... താങ്കൾക്കെന്നെ വിശ്വസിക്കാം..."

റോഡ്രിഗ്സ് എഴുന്നേറ്റ് തിടുക്കത്തിൽ വാതിലിന് നേർക്ക് നടന്നു. കതക് തുറക്കവെ ഹാർട്ട്മാൻ പറഞ്ഞു. "നിങ്ങളെക്കുറിച്ച് എനിക്ക് അറിയാത്തതായി ഒന്നും തന്നെയില്ല റോഡ്രിഗ്സ്... നിങ്ങളുടെ ലൈംഗിക ജീവിതം നിങ്ങളുടെ സ്വകാര്യ വിഷയം മാത്രമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം... എങ്കിലും ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കുന്നു... നാസി ജർമ്മനിയിൽ ഹോമോസെക്ഷ്വാലിറ്റി എന്നത് കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്... ലേബർ ക്യാമ്പിൽ ആയിരിക്കും നിങ്ങളുടെ ശേഷിക്കുന്ന ജീവിതം..."

"യെസ് മേജർ.‌.."  റോഡ്രിഗ്സ് ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

"പിന്നെ, ഞങ്ങളോട് കൂറ് പുലർത്താൻ ഒരുക്കമാണെങ്കിൽ കാര്യങ്ങൾക്ക് മാറ്റം വരും..." ഹാർട്ട്മാൻ ചുമൽ വെട്ടിച്ചു.

"വളരെ നന്ദിയുണ്ട് മേജർ..."

"ഗുഡ്... പിന്നെ, മാതാപിതാക്കൾക്ക് വേണ്ടി മനോഹരമായ ഒരു വില്ലയല്ലേ നിങ്ങൾ എസ്റ്റോറിലിൽ വാങ്ങിയിരിക്കുന്നത്...? അവരുടെ റിട്ടയർമെന്റ് ജീവിതം അങ്ങേയറ്റം സന്തോഷകരം ആയിരിക്കണ്ടേ...? അവരെ ബുദ്ധിമുട്ടിക്കുക എന്നത് അത്ര സുഖമുള്ള കാര്യമാണോ...?" ഒരു വില്ലന്റെ മുഖഭാവത്തോടെ ഹാർട്ട്മാൻ പുഞ്ചിരിച്ചു. "എന്റെ കരങ്ങൾക്ക് അതിരുകളില്ല സുഹൃത്തേ... നൗ ഗെറ്റൗട്ട്..."

ഭയന്ന് വിളറിയ ജോയൽ റോഡ്രിഗ്സ് പുറത്ത് കടന്നു.

"ചിലപ്പോഴെല്ലാം നിങ്ങളെ മനസ്സിലാക്കാൻ എനിക്കാവുന്നില്ല മേജർ..." ട്രൂഡി പറഞ്ഞു.

"മൈ ലവ്... ചിലപ്പോഴെല്ലാം എനിക്ക് തന്നെ എന്നെ മനസ്സിലാക്കാനാവുന്നില്ല... ഒരു പക്ഷേ, അത്രയും പരുഷമായി ഞാൻ പെരുമാറിയിരുന്നില്ലെങ്കിൽ അയാൾക്ക് ഇതിന്റെ ഗൗരവം മനസ്സിലാവില്ലായിരുന്നു... ഭയന്ന് വിറച്ച് ഇരിക്കുകയാണ് അയാളിപ്പോൾ... ഇതെല്ലാം ഒരു അഭിനയമാണ് ട്രൂഡീ... നാസി ജർമ്മനിയുടെ പ്രൊഡക്ഷൻ ബാനറിലുള്ള നാടകത്തിലെ അഭിനേതാക്കൾ മാത്രമാണ് നാം..."

അദ്ദേഹം തിരിഞ്ഞ് തന്റെ ഓഫീസിലേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, February 12, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 18

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ബ്ലിറ്റ്സ് എന്ന പേരിൽ ജർമ്മനി ലണ്ടന് മേൽ നടത്തിയ വ്യോമാക്രമണത്തിന്റെ സംഹാരശക്തി അതിഭീകരമായിരുന്നു. ബോംബിങ്ങിനാൽ പ്രകാശമാനമായ ആകാശത്തിന്റെ തിളക്കം  ലുഫ്ത്‌വാഫ് വിമാനങ്ങളുടെ പൈലറ്റുമാർക്ക് ഫ്രാൻസിൽ നിന്നും ടേക്ക് ഓഫ് ചെയ്യുമ്പോൾത്തന്നെ ഗോചരമായിരുന്നു. ദിനം ചെല്ലുംതോറും യുദ്ധവിമാനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നതിന്റെ വെള്ള വരകൾ കൊണ്ട് ചക്രവാളം നിറഞ്ഞു.  RAF ന്റെയും ലുഫ്ത്‌വാഫിന്റെയുമായി നൂറ് കണക്കിന് യുദ്ധവിമാനങ്ങളാണ് ആകാശത്ത് പരസ്പരം പൊരുതിക്കൊണ്ടിരുന്നത്. 

ഇരുപതിന് മേൽ വിമാനങ്ങളെ വെടിവെച്ചിടുന്ന വൈമാനികർക്ക് Knight's Cross അവാർഡുകൾ നൽകപ്പെട്ടു. ഗാലന്റിന് നേരത്തെ തന്നെ അത് ലഭിച്ചിരുന്നതിനാൽ രണ്ടാമതൊരു ബഹുമതിയായി Oak Leaves ഉം കൂടി ലഭിച്ചു. മാക്സിന്‌ Knight's Cross ലഭിക്കുന്നത് സെപ്റ്റംബർ പത്തിനാണ്. അപ്പോഴേക്കും അദ്ദേഹം ചുരുങ്ങിയത് ഒരു മുപ്പത് വിമാനങ്ങൾ എങ്കിലും വെടിവെച്ച് വീഴ്ത്തിക്കഴിഞ്ഞിരുന്നു.

ഹാരിയും അദ്ദേഹത്തിന്റെ ഹോക്ക് സ്ക്വാഡ്രണും ദിനവും ആറോ ഏഴോ ദൗത്യങ്ങളുമായി എല്ലായ്പ്പോഴും തിരക്കിലായിരുന്നു. കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും കനത്ത നഷ്ടമാണ് അവർക്ക് നേരിടേണ്ടി വന്നത്. ഒരു ഘട്ടം എത്തിയപ്പോഴേക്കും അവരുടെ സ്ക്വാഡ്രണിൽ തുടക്കത്തിൽ ഉണ്ടായിരുന്നവരിൽ ജീവനോടെ അവശേഷിക്കുന്ന ഏക അംഗമായി മാറി ഹാരി. പിന്നെയാണ് ആ ഗംഭീര പോരാട്ടം നടന്നത്. സെപ്റ്റംബർ 15 ന്. സൗത്ത് ഇംഗ്ലണ്ടിനും ലണ്ടനും മേൽ ബോംബ് വർഷിക്കാൻ എത്തിയത് 400 ലുഫ്ത്‌വാഫ് ഫൈറ്റർ വിമാനങ്ങൾ ആയിരുന്നു. അവയെ നേരിടുവാനായി RAF ന്റെ പക്കൽ ഉണ്ടായിരുന്നത് സ്പിറ്റ്ഫയറുകളും ഹരിക്കേനുകളും ചേർത്ത് വെറും 300 വിമാനങ്ങൾ മാത്രം.

എന്നാൽ വിചിത്രമെന്ന് പറയട്ടെ, ആർക്കും വിജയം അവകാശപ്പെടാനായില്ല. ഇംഗ്ലീഷ് ചാനൽ പിന്നെയും തർക്ക പ്രദേശമായി തുടർന്നു. രാത്രി കാലങ്ങളിൽ ലണ്ടനിലും മറ്റ് നഗരങ്ങളിലും ലുഫ്ത്‌വാഫിന്റെ ബ്ലിറ്റ്സ് പ്രഹരം തുടർന്നു കൊണ്ടിരുന്നു. ഹിറ്റ്‌ലറുടെ സ്വപ്നപദ്ധതിയായ ഓപ്പറേഷൻ സീ ലയൺ - അതായത് ബ്രിട്ടീഷ് അധിനിവേശം ഉപേക്ഷിക്കേണ്ടി വന്നു. ഒറ്റയ്ക്കാണെങ്കിലും ബ്രിട്ടൺ പിടിച്ചു നിൽക്കുക തന്നെയായിരുന്നു. ഫ്യൂറർ ആകട്ടെ ക്രമേണ തന്റെ ശ്രദ്ധ റഷ്യയുടെ മേൽ കേന്ദ്രീകരിക്കുവാനും തുടങ്ങി.

                                       ***

നവംബറിന്റെ ആരംഭം. ബെർലിനിൽ സകല ശക്തിയുമെടുത്ത് മഴ കോരിച്ചൊരിയുകയാണ്. കാറിൽ നിന്നും പുറത്തിറങ്ങിയ ഹെൻട്രിച്ച് ഹിംലർ, പ്രിൻസ് ആൽബസ്ട്രാസയിലെ ഗെസ്റ്റപ്പോ ഹെഡ്‌ക്വാർട്ടേഴ്സിലേക്ക് കയറി. കറുപ്പ് നിറമുള്ള SS യൂണിഫോം അണിഞ്ഞ റൈഫ്യൂറർ ഇടനാഴിയിലൂടെ തന്റെ ഓഫീസിലേക്ക് നടക്കവെ ഗാർഡുകളും ഓഫീസ് സ്റ്റാഫും തിടുക്കത്തിൽ അദ്ദേഹത്തെ അനുഗമിച്ചു. പതിവ് പോലെ സിൽവർ ഫ്രെയിമുള്ള കണ്ണട ധരിച്ച് പ്രൗഢഗംഭീരനായി മാർബിൾ പടികൾ ചാടിക്കയറി അദ്ദേഹം തന്റെ ഓഫീസിന്‌ മുന്നിലെത്തി. SS ഓക്സിലറി യൂണിഫോം അണിഞ്ഞ  മദ്ധ്യവയസ്സ് തോന്നിക്കുന്ന വനിത ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു അവർ.

"സുപ്രഭാതം, റൈഫ്യൂറർ..."

"സ്റ്റംബാൻഫ്യൂറർ ഹാർട്ട്മാനോട് വരാൻ പറയൂ..."

"തീർച്ചയായും, റൈഫ്യൂറർ..."

വിചിത്രമായ യൂണിഫോം ആയിരുന്നു ഹാർട്ട്മാൻ ധരിച്ചിരുന്നത്. ലുഫ്ത്‌വാഫ് സ്റ്റൈലിൽ ഉള്ള ഫ്ലൈയിങ്ങ് ജാക്കറ്റും ബാഗി പാന്റ്സും... പക്ഷേ ഫീൽഡ് ഗ്രേ ആയിരുന്നു നിറം. ലുഫ്ത്‌വാഫ് പൈലറ്റ് ബാഡ്ജും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് അയേൺ ക്രോസ് ബഹുമതികളും അണിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ കോളർ ടാബിൽ SS സേനയിലെ മേജർ പദവിയെ സൂചിപ്പിക്കുന്ന ചിഹ്നം കാണാം. ഇവയെ കൂടാതെ ജർമ്മൻ ക്രോസ്സിന്റെ തങ്കപ്പതക്കവും അണിഞ്ഞിട്ടുണ്ട്. യൂണിഫോമിന്റെ സിൽവർ കഫ് ടൈറ്റിലിൽ RFSS എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. അതായത് റൈഫ്യൂറർ SS. ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾക്കുള്ള പ്രത്യേക തിരിച്ചറിയൽ അടയാളമാണത്. അതിന് തൊട്ടു മുകളിലായി SD ബാഡ്ജും ധരിച്ചിട്ടുണ്ട് അദ്ദേഹം. SS ന് കീഴിലുള്ള ഇന്റലിജൻസിന്റെ ഭാഗം കൂടിയാണ്‌ അദ്ദേഹം എന്ന് സൂചിപ്പിക്കുന്നു അത്.

"ആജ്ഞാപിച്ചാലും, റൈഫ്യൂറർ..."

മുപ്പത് വയസ്സ് പ്രായം വരുന്ന, ആറടിയോളം ഉയരം തോന്നിക്കുന്ന ഒരു സുമുഖനായിരുന്നു ഹാർട്ട്മാൻ. ഒരു എയർക്രാഷിനെ തുടർന്നുണ്ടായ മുറിപ്പാട് തെളിഞ്ഞ് കാണുന്ന നാസികയും പരുക്കൻ മുഖവും എന്തോ ഒരു ആകർഷകത്വം അദ്ദേഹത്തിന് നൽകി. പ്രഷ്യൻ സ്റ്റൈലിൽ പറ്റെ വെട്ടിയ മുടിക്ക് ബ്രൗണിനെക്കാൾ ചുവപ്പ് നിറത്തോടായിരുന്നു അടുപ്പം. ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്ത് ഒരു ഫൈറ്റർ പൈലറ്റ് ആയിരുന്ന അദ്ദേഹത്തിന്റെ വിമാനം ഒരിക്കൽ ഫ്രാൻസിൽ വച്ച് തകർന്ന് വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് എയർ കൊറിയർ സർവീസിലേക്ക് നിയമിക്കുകയായിരുന്നു. ഉന്നത പദവിയിലുള്ള സൈനികോദ്യോഗസ്ഥരെ ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ആ അവസരത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടാകുന്നത്.

അബ്‌വില്ലെ സന്ദർശനത്തിനായി ഹിംലർക്ക് വേണ്ടി ഏർപ്പാടാക്കിയിരുന്ന ജങ്കേഴ്സ് വിമാനത്തിന് മോശം കാലാവസ്ഥയെ തുടർന്ന് എത്തിച്ചേരാനായില്ല. ഒരു ജനറലിനെ ഡ്രോപ്പ് ചെയ്തിട്ട് തന്റെ സ്റ്റോർക്ക് വിമാനവുമായി ഹാർട്ട്മാൻ അപ്പോൾ എയർഫീൽഡിൽ ഉണ്ടായിരുന്നത് തികച്ചും യാദൃച്ഛികമായിരുന്നു. തന്നെ ലക്ഷ്യസ്ഥാനത്ത്  എത്തിക്കുവാൻ ഹിംലർ അദ്ദേഹത്തോട് ആജ്ഞാപിച്ചു.

പിന്നീട് ഉണ്ടായ സംഭവങ്ങൾ ഹിംലറിന് ഒരു ദുഃസ്വപ്നം പോലെ ആയിരുന്നു. മഴമേഘങ്ങൾ തുളച്ച് മുകളിൽ കയറിയതും അപ്രതീക്ഷിതമായി എത്തിയ ഒരു സ്പിറ്റ്ഫയറിൽ നിന്നുമുള്ള വെടിയുണ്ടയേറ്റ് അവരുടെ വിമാനം ഒന്നുലഞ്ഞു. തുടർച്ചയായി വെടിയുണ്ടകൾ ചിറകുകളിൽ ഏറ്റു തുടങ്ങിയതോടെ താഴെ മഴയിലേക്കും ശക്തമായ കാറ്റിലേക്കും തിരികെ പോകാൻ തീരുമാനിക്കുകയായിരുന്നു ഹാർട്ട്മാൻ. തൊട്ടു പിന്നിൽത്തന്നെ ഉണ്ടായിരുന്നു ആ സ്പിറ്റ്ഫയർ. അടുത്ത നിമിഷം മറ്റൊരു വെടിയുണ്ട അദ്ദേഹത്തിന്റെ വിൻഡ് സ്ക്രീൻ കൂടി തകർത്തു. ഒരിക്കൽക്കൂടി വിമാനം ആടിയുലഞ്ഞു.

"സമയമായി അല്ലേ...?" അസാധാരണമാം വിധം ശാന്തമായിരുന്നു ഹിംലറുടെ സ്വരം.

"ഒരിക്കലുമില്ല റൈഫ്യൂറർ, ഒരു ചൂതാട്ടത്തിന് താങ്കൾ തയ്യാറാണെങ്കിൽ..."

"എങ്കിൽ പിന്നെ എന്തിന് താമസിക്കുന്നു...?" ഹിംലർ  അനുവാദം കൊടുത്തു.

ഹാർട്ട്മാൻ ആൾട്ടിറ്റ്യൂഡ് കുറച്ച് പുകമഞ്ഞിനൊപ്പം പെയ്യുന്ന മഴയത്തേക്കിറങ്ങി. 2000, 1000, വീണ്ടും താഴ്ന്ന് 500 അടി ഉയരത്തിൽ ലെവൽ ചെയ്ത് കൺട്രോൾ കോളത്തിൽ അദ്ദേഹത്തിന്റെ വിദഗ്ദ്ധ കരങ്ങൾ ചലിച്ചു. തൊട്ടു പിന്നിൽത്തന്നെ ഉണ്ടായിരുന്ന സ്പിറ്റ്ഫയറിന് ആലോചിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു അത്. അത്രയും മോശമായ കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനാവാതെ ആ വിമാനം മുകളിലേക്കുയർന്ന് തിരിച്ചു പോയി.

അന്ധവിശ്വാസങ്ങൾക്ക് കുപ്രസിദ്ധി ആർജ്ജിച്ചവനാണ് തികഞ്ഞൊരു ഈശ്വര വിശ്വാസിയായ ഹിംലർ. തന്റെ ജീവൻ രക്ഷിക്കാൻ ദൈവം കണ്ടെത്തിയ ഒരു ഉപകരണമാണ് ഹാർട്ട്മാൻ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഹാർട്ട്മാനെക്കുറിച്ച് കൂടുതൽ അന്വേഷിച്ച ഹിംലർ, വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളയാളാണ് ആ ചെറുപ്പക്കാരൻ എന്നറിഞ്ഞ് ആഹ്ലാദചിത്തനായി. അതിന്റെ പരിണിത ഫലം ഉടൻ തന്നെയായിരുന്നു. SS സേനയിൽ ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലേക്ക് അദ്ദേഹത്തിന്റെ പൈലറ്റ് ആയി ഹാർട്ട്മാൻ ട്രാൻസ്ഫർ ചെയ്യപ്പെട്ടു. മാത്രവുമല്ല, നിയമ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള പരിജ്ഞാനം കണക്കിലെടുത്ത് SS ഇന്റലിജൻസിൽ റൈഫ്യൂററുടെ പേഴ്സണൽ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുവാനും ആവശ്യപ്പെട്ടു.

"ലണ്ടന് മേലുള്ള ബ്ലിറ്റ്സ് നാം തുടരുക തന്നെ ചെയ്യുന്നു..." ഹിംലർ പറഞ്ഞു. "ഫ്യൂററോട് സംസാരിച്ചിട്ടാണ് ഞാൻ വരുന്നത്... അന്തിമ വിജയം തീർച്ചയായും നമുക്ക് തന്നെയാണ്... നമ്മുടെ ടാങ്കുകൾ ബക്കിങ്ങ്ഹാം പാലസിന്റെ മുറ്റത്ത് എത്തുക തന്നെ ചെയ്യും..."

"യാതൊരു സംശയവുമില്ല റൈഫ്യൂറർ..." ഉള്ളിലെ വിയോജിപ്പ് മറച്ച് വച്ചു കൊണ്ട് ഹാർട്ട്മാൻ പറഞ്ഞു.

"അതെ... തൽക്കാലം ബ്രിട്ടീഷുകാരെ അവരുടെ വഴിക്ക് വിട്ട് നാം റഷ്യക്ക് മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു... ഫ്യൂറർ പറയുന്നതിലും കാര്യമുണ്ട്... ഏറിയാൽ ആറ് മാസം... അതിനുള്ളിൽ ആ ചെമ്പടയുടെ ഭീഷണി എന്നെന്നേക്കുമായി നമുക്ക് ഇല്ലാതാക്കാം..."

ആ പ്രസ്താവനയുടെ പ്രായോഗികതയിൽ സംശയം ഉണ്ടായിരുന്നിട്ടും ഹാർട്ട്മാൻ മൊഴിഞ്ഞത് ഇപ്രകാരമായിരുന്നു.  "തീർച്ചയായും..."

"എന്നിരുന്നാലും..." ഹിംലർ തുടർന്നു. "ഇംഗ്ലണ്ടിലെ ഇന്റലിജൻസ് പ്രവർത്തനങ്ങളെക്കുറിച്ച് അഡ്മിറൽ കാനറീസുമായി ഞാൻ സംസാരിച്ചിരുന്നു... സത്യം പറഞ്ഞാൽ അത്ര നല്ല നിലയിലല്ല ഇപ്പോൾ കാര്യങ്ങൾ..." ജർമ്മൻ മിലിട്ടറി ഇന്റലിജൻസ് ആയ അബ്ഫെറിന്റെ മേധാവിയാണ് അഡ്മിറൽ വിൽഹെം കാനറീസ്. "എന്റെ ഊഹം ശരിയാണെങ്കിൽ ബ്രിട്ടനിലുള്ള നമ്മുടെ അബ്ഫെർ ഏജന്റുമാർ എല്ലാവരും ഇപ്പോൾ അവരുടെ കസ്റ്റഡിയിലാണ്..."

"ശരിയാണ്, റൈഫ്യൂറർ..."

"എന്നിട്ട് ഒന്നും തന്നെ ചെയ്യാൻ നമുക്ക് ആകുന്നുമില്ല..." ഹിംലർ രോഷാകുലനായി. "എന്തൊരു നാണക്കേടാണത്..‌!"

"അങ്ങനെയങ്ങ് നിരാശപ്പെടേണ്ട റൈഫ്യൂറർ..." ഹാർട്ട്മാൻ പറഞ്ഞു. "താങ്കൾക്കറിയാമല്ലോ മേജർ ക്ലെയ്‌ൻ ക്യാൻസർ ബാധിതനായി കഴിഞ്ഞ വർഷം മരണമടഞ്ഞതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് 13ന്റെ ചുമതല ഞാൻ ഏറ്റെടുത്ത കാര്യം... ആ വഴി ഒരു കാര്യം ഞാൻ മനസ്സിലാക്കി. യുദ്ധം ആരംഭിക്കുന്നതിനും മുമ്പ് രഹസ്യമായി അദ്ദേഹം ഏതാനും ഏജന്റുമാരെ റിക്രൂട്ട് ചെയ്തിരുന്നു..."

"സത്യമോ...? ആരാണ് ആ ആൾക്കാർ...?"

"അധികവും ഐറിഷുകാരാണ്... ബ്രിട്ടീഷ് ഭരണത്തിൽ അതൃപ്തിയുള്ളവർ... എന്തിന് പറയുന്നു, അബ്ഫെറിന് പോലും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുമായി രഹസ്യ ധാരണയുണ്ടായിരുന്നു..."

"ആഹ്... ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവരാണ് അവർ..." ഹിംലർ പറഞ്ഞു.

"താങ്കളോടുള്ള ബഹുമാനത്തോടുകൂടി തന്നെ പറയട്ടെ, എല്ലാവരും അങ്ങനെയല്ല റൈഫ്യൂറർ... നിഷ്പക്ഷരായ ചിലരെക്കൂടി ക്ലെയ്‌ൻ റിക്രൂട്ട് ചെയ്തിരുന്നു..  ഏതാനും സ്പാനിഷ് - പോർച്ചുഗീസ് നയതന്ത്ര പ്രതിനിധികളെ..."

ഹിംലർ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. കൈകൾ പുറകിൽ കെട്ടി ഒരു നിമിഷം നിന്നിട്ട് അദ്ദേഹം തിരിഞ്ഞു. "നിങ്ങൾ പറഞ്ഞു വരുന്നത് അബ്ഫെറിന്റെ അറിവിൽ പെടാത്ത ഡീപ്പ് കവർ ഏജന്റുമാർ നമുക്കവിടെ ഉണ്ടെന്നാണോ...?"

"എക്സാക്റ്റ്‌ലി, റൈഫ്യൂറർ..."

ഹിംലർ തല കുലുക്കി. "അതേതായാലും നന്നായി ഹാർട്ട്മാൻ... മറ്റ് ചുമതലകളോടൊപ്പം ഈ വകുപ്പ് കൂടി നിങ്ങൾ കൈകാര്യം ചെയ്യണം... നമുക്ക് ആവശ്യമുള്ളപ്പോൾ ഉപകരിക്കുന്നതിനായി അവർ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തണം... ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ...?"

"താങ്കളുടെ ആജ്ഞ പോലെ, റൈഫ്യൂറർ..."

"ശരി, നിങ്ങൾക്ക് പോകാം..."

ഹാർട്ട്മാൻ തന്റെ ഓഫീസിലേക്ക് മടങ്ങി. ഡെസ്കിന് പിറകിൽ നിന്നും അദ്ദേഹത്തിന്റെ സെക്രട്ടറി ട്രൂഡി ബ്രൗൺ തലയുയർത്തി നോക്കി. നാൽപ്പതിനോട് അടുത്ത് പ്രായം വരുന്ന വിധവയായ അവരായിരുന്നു ഹാർട്ട്മാനെ ഔദ്യോഗിക വിഷയങ്ങളിൽ സഹായിച്ചു കൊണ്ടിരുന്നത്. ധീരയോദ്ധാവാണെങ്കിലും ഒരു ദുരന്ത നായകന്റെ പരിവേഷമായിരുന്നു ട്രൂഡിയുടെ മനസ്സിൽ അദ്ദേഹത്തിന് . ബെർലിന് മേൽ ഉണ്ടായ ആദ്യ RAF വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെടുന്നത്. എന്നാൽ ട്രൂഡിക്ക് അറിയില്ലായിരുന്നു ഭാര്യയുടെ മരണത്തോടെ വലിയൊരു ആശ്വാസമാണ് ഹാർട്ട്മാന് അനുഭവപ്പെട്ടതെന്ന്. വിവാഹം കഴിഞ്ഞ  നാൾ മുതൽ ഹാർട്ട്മാന്റെ പണത്തിലും സമ്പത്തിലും മാത്രമായിരുന്നു അവർക്ക് താൽപ്പര്യം.

"എന്തെങ്കിലും പ്രശ്നങ്ങൾ, മേജർ...?" അവർ ചോദിച്ചു.

"എന്ന് വേണമെങ്കിൽ പറയാം ട്രൂഡീ... തൽക്കാലം നീ ഒരു കോഫി തയ്യാറാക്കി കൊണ്ടുവരൂ..."

തന്റെ ഡെസ്കിന് പിന്നിലെ കസേരയിൽ ഇരുന്ന് അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് രണ്ട് കപ്പ് കോഫിയുമായി എത്തിയ ട്രൂഡി അദ്ദേഹത്തിന് എതിരെയുള്ള കസേരയിൽ ഇരുന്നു.

"എന്താണ് ഇപ്പോഴത്തെ പ്രശ്നം...?" അവർ ചോദിച്ചു.

ഡ്രോ തുറന്ന് ഒരു ബ്രാണ്ടി ബോട്ട്‌ൽ എടുത്ത് അദ്ദേഹം തന്റെ കോഫിയിലേക്ക് അൽപ്പം ഒഴിച്ചു. അന്നത്തെ പ്ലെയ്‌ൻ ക്രാഷിൽ പരിക്കേറ്റ ഇടതുകാലിന് വീണ്ടും വേദന അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

"ട്രൂഡീ... ദൈവം നമ്മുടെ പക്ഷത്താണെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് റൈഫ്യൂറർ എന്ന് എനിക്കറിയാം... എന്നാൽ ഇപ്പോൾ മറ്റൊരു കാര്യം കൂടി അദ്ദേഹം വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു... ഓപ്പറേഷൻ സീ ലയൺ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന്..."

"ശരിക്കും, സർ...?" വാസ്തവത്തിൽ ട്രൂഡിക്ക് ഇത്തരം വിഷയങ്ങളിൽ പ്രത്യേകിച്ചൊരു അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.

"ക്ലെയ്‌നിന്റെ ഒരു ലിസ്റ്റിനെക്കുറിച്ച് അന്ന് നീ പറഞ്ഞിരുന്നില്ലേ...? അദ്ദേഹത്തിന് വേണ്ടി നീ പ്രവർത്തിച്ചിരുന്ന സമയത്തുള്ളത്... അതിന്റെ സകല വിശദാംശങ്ങളും എനിക്ക് വേണം... പ്രത്യേകിച്ചും ആ ലിസ്റ്റിലുള്ള സ്പാനിഷുകാരെയും പോർച്ചുഗീസുകാരെയും കുറിച്ചുള്ള വിവരങ്ങൾ..."

"അവരിപ്പോഴും അവിടെത്തന്നെയുണ്ട് മേജർ..."

"വെൽ... അവരെ പ്രയോജനപ്പെടുത്തേണ്ട സമയം ആയിരിക്കുന്നു... കമോൺ ട്രൂഡി..."

"അവരിൽ ഒരാൾ... ഒരു പോർച്ചുഗീസുകാരൻ... ഫെർണാണ്ടോ റോഡ്രിഗ്സ് എന്നാണ് പേര്... അയാൾ ഇടയ്ക്കൊക്കെ ചെറിയ ചെറിയ ഇൻഫർമേഷനൊക്കെ ഇപ്പോഴും നമുക്ക് തന്നു കൊണ്ടിരിക്കുന്നുണ്ട്... ലണ്ടനിലുള്ള പോർച്ചുഗീസ് എംബസിയിലാണ് അയാൾ ജോലി ചെയ്യുന്നത്..."

"കൊള്ളാമല്ലോ... പിന്നെ ആരൊക്കെയാണ്...?" ഹാർട്ട്മാൻ ചോദിച്ചു.

"ഡിക്സൺ എന്ന് പേരുള്ള ഒരു സ്ത്രീ... സാറാ ഡിക്സൺ... ലണ്ടനിലെ വാർ ഓഫീസിൽ ക്ലർക്കാണ് അവർ..."

ഹാർട്ട്മാൻ ഒന്ന് നിവർന്ന് ഇരുന്നു. "കാര്യമായിട്ടണോ നീ ഈ പറയുന്നത്...? വാർ ഓഫീസിൽ നമ്മുടെ ഒരു ഏജന്റ്...! എന്നിട്ട് അവർ ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ അവിടെത്തന്നെ ജോലി നോക്കുന്നുവെന്നോ...?"

"അതെ... കാരണം, അവർ ഒരിക്കലും അബ്ഫെറിന്റെ ഭാഗമായിരുന്നില്ല... താങ്കൾ ഇവിടെ ചാർജ്ജ് എടുക്കുന്നതിന് മുമ്പുള്ള കാര്യങ്ങൾ പറയുകയാണെങ്കിൽ, വിദേശത്ത് ചാരപ്രവർത്തനം നടത്തുവാൻ അബ്ഫെറിന്‌ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ... SDയ്ക്ക് വേണ്ടി മേജർ ക്ലെയ്‌ൻ നടത്തിയിരുന്ന ഓപ്പറേഷനുകളെല്ലാം യഥാർത്ഥത്തിൽ അനധികൃതമായിരുന്നു... അതുകൊണ്ടാണ് ബ്രിട്ടീഷ്  അധികാരികൾ അബ്ഫെറിൽ നുഴഞ്ഞു കയറി സകല ഏജന്റുമാരെയും കസ്റ്റഡിയിൽ എടുത്തിട്ടും നമ്മുടെ ആളുകൾ സുരക്ഷിതരായിത്തന്നെ ഇരുന്നത്... ഇപ്പോഴും അങ്ങനെ തന്നെ..."

"അത് ശരി..." ഹാർട്ട്മാൻ ഉത്സാഹഭരിതനായി. "ആ ഫയലുകളൊക്കെ പെട്ടെന്ന് കൊണ്ടുവരൂ..."

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, February 5, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 17

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഫോക്സ്റ്റണിൽ നിന്നും ഹാരിയെ ഒരു നേവൽ സ്റ്റാഫ് ഡ്രൈവർ  ഫെയർലി ഫീൽഡിൽ തിരികെയെത്തിച്ചു. പൈലറ്റുമാരും ഗ്രൗണ്ട് ക്രൂ അംഗങ്ങളുമടങ്ങുന്ന വലിയൊരു സംഘം തന്നെ അദ്ദേഹത്തെ വരവേൽക്കാനായി അവിടെ തടിച്ചു കൂടിയിരുന്നു.

"കടലിൽ നിന്നും അത്ഭുതകരമായിട്ടാണ് താങ്കൾ രക്ഷപെട്ടതെന്ന് കേട്ടു... വീണ്ടും കാണാനായതിൽ അതിയായ സന്തോഷം സർ..." പൈലറ്റ് ഓഫീസർ ഹാർട്ട്‌ലി പറഞ്ഞു. "താങ്കളെയും കാത്ത് ഗ്രൂപ്പ് ക്യാപ്റ്റൻ ഉള്ളിൽ വെയ്റ്റ് ചെയ്യുന്നുണ്ട്..."

കതക് തുറന്ന് ഹാരി തന്റെ ഓഫീസിലേക്ക് പ്രവേശിച്ചു. ഡെസ്കിന് പിറകിൽ ഇരിക്കുന്ന ടെഡ്ഡി വെസ്റ്റിനെയാണ് അദ്ദേഹം കണ്ടത്. "വാട്ട് എ സർപ്രൈസ് സർ... താങ്കൾക്ക് ലഭിച്ച സ്ഥാനക്കയറ്റത്തിന് അഭിനന്ദനങ്ങൾ..." ഹാരി പറഞ്ഞു.

"യൂ ഹാവ് ഡൺ വെരി വെൽ, കെൽസോ... വിമാനം കടലിൽ വീണു എന്ന് കേട്ടപ്പോൾ ഏതാനും മണിക്കൂർ നേരം ഞങ്ങൾ വല്ലാതെ ഉത്കണ്ഠാകുലരായിരുന്നു... എന്തായാലും ഒടുവിൽ എല്ലാം ശുഭകരമായി പര്യവസാനിച്ചല്ലോ... നിങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ... ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ആയി നിങ്ങളുടെ പ്രൊമോഷൻ കൺഫേം ആയിരിക്കുന്നു.‌.. ഒരു DFC മെഡൽ കൂടി..."

കബോഡിനരികിൽ ചെന്ന് ഹാരി വിസ്കി ബോട്ട്‌ലും രണ്ട് ഗ്ലാസ്സുകളും എടുത്തു. "ഇതൊന്ന് ആഘോഷിച്ചാലോ സർ...?"

"എക്സലന്റ് ഐഡിയ..."

"യുദ്ധത്തിൽ നാം വിജയത്തിലേക്ക് നീങ്ങുകയാണോ..." ഗ്ലാസിലേക്ക് വിസ്കി പകർന്നു കൊണ്ട് ഹാരി ചോദിച്ചു.

"തൽക്കാലം അല്ല..."  വിസ്കി നുകർന്നു കൊണ്ട് വെസ്റ്റ് പറഞ്ഞു. "പക്ഷേ, അന്തിമ വിജയം നമുക്ക് തന്നെ... അമേരിക്കയ്ക്കും യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വരും... അതുവരെ നമുക്ക് എങ്ങനെയും പിടിച്ചു നിന്നേ പറ്റൂ... പിന്നെ, ഒന്നോ രണ്ടോ ദിവസത്തേക്ക് എനിക്ക് നിങ്ങളെ ആവശ്യമുണ്ട്... നിങ്ങളുടെ സ്ക്വാഡ്രണിൽ ഇപ്പോൾ അഞ്ച് ഹരിക്കേനുകൾ മാത്രമല്ലേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ...? രണ്ട് ദിവസത്തേക്ക് സ്ക്വാഡ്രന്റെ മേൽനോട്ടം ഫ്ലൈയിങ്ങ് ഓഫീസർ കെന്നി നോക്കിക്കൊള്ളും... നാളെ രാത്രിയോടെ നിങ്ങൾക്ക് തിരികെയെത്താം..."

"എന്ത് കാര്യത്തിനാണ് എന്ന് ചോദിക്കുന്നതിൽ വിരോധമില്ലല്ലോ സർ...?"

"ഫിൻലണ്ടിൽ വച്ച് ME109 വിമാനങ്ങൾ പറത്തിയിരുന്നതായി നിങ്ങളുടെ റെക്കോർഡ്സിൽ കണ്ട കാര്യം ഞാൻ ഓർക്കുന്നു... ലണ്ടന് വടക്കുള്ള ഡൗൺഫീൽഡിൽ ലുഫ്ത്‌വാഫിന്റെ ഒരു ME109 കിടക്കുന്നുണ്ട്... ഓയിൽ ലീക്കേജ് കാരണം
എമർജൻസി ലാന്റ് ചെയ്യാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു... ലാന്റ് ചെയ്ത ഉടൻ വിമാനം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമീപത്ത് നമ്മുടെ ഒരു ഹോം ഗാർഡ് യൂണിറ്റ് ഉണ്ടായിരുന്നത് കൊണ്ട് നടന്നില്ല..."

"അത് നല്ലൊരു നേട്ടമായിപ്പോയല്ലോ സർ..."

"തീർച്ചയായും... അപ്പോൾ പറഞ്ഞത് പോലെ... പെട്ടെന്ന് പോയി കുളിച്ച് വേഷം മാറി വരൂ... നമുക്ക് ഇറങ്ങേണ്ട സമയമായി..."

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഒരു ഫ്ലൈയിങ്ങ് ക്ലബ്ബിന്റെ വകയായിരുന്ന എയർസ്ട്രിപ്പാണ് ഡൗൺഫീൽഡിലെ എയർബേസ് ആയി മാറ്റിയത്. ഒരു ലാന്റിങ്ങ് സ്ട്രിപ്പും കൺട്രോൾ ടവറും രണ്ട് ഹാങ്കറുകളും മാത്രമുള്ള ചെറിയൊരു എയർബേസ്. മുൾക്കമ്പികളുടെ ചുരുളുകൾ കൊണ്ട് വേലി കെട്ടി വേർതിരിക്കപ്പെട്ട എയർബേസിന്റെ കവാടത്തിൽ RAF ഗാർഡുകൾ കാവൽ നിൽക്കുന്നുണ്ട്. ഹാങ്കറുകളിലൊന്നിന്റെ മുന്നിലെ ഏപ്രണിൽ ആ ME109 കിടക്കുന്നുണ്ടായിരുന്നു. വിമാനത്തിനരികിൽ രണ്ട് സ്റ്റാഫ് കാറുകൾ പാർക്ക്   ചെയ്തിരിക്കുന്നു. മൂന്ന് RAF ഓഫീസർമാരും രണ്ട് സൈനികോദ്യോഗസ്ഥരും ചേർന്ന് ആ വിമാനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഏറിയാൽ ഇരുപത് വയസ്സ് മതിക്കുന്ന ഒരു ലുഫ്ത്‌വാഫ് ലെഫ്റ്റ്നന്റ് ചുക്കിച്ചുളിഞ്ഞ യൂണിഫോമിൽ അവർക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു. സായുധരായ രണ്ട് RAF ഗാർഡുകൾ അവന്റെ നീക്കങ്ങൾ വീക്ഷിച്ചുകൊണ്ട് ഒപ്പം തന്നെയുണ്ട്.

ഹാരി നേരെ അവന്റെയടുത്ത് ചെന്ന് ഹസ്തദാനം നൽകി. "ഭാഗ്യം തുണച്ചില്ല അല്ലേ...?" ജർമ്മൻ ഭാഷയിൽ ഹാരി ചോദിച്ചു. "എന്തായാലും പരിക്കൊന്നും ഏൽക്കാതെ രക്ഷപെട്ടല്ലോ..."

"ഗുഡ് ഗോഡ്...! താങ്കൾ ജർമ്മൻകാരനാണോ...?"

"എന്റെ മാതാവ് ജർമ്മൻകാരിയാണ്..." ഒരു സിഗരറ്റും ലൈറ്ററും അവന് നൽകിയിട്ട് മറ്റൊന്നെടുത്ത് ഹാരി ചുണ്ടിൽ വച്ചു.

അവിടെ നിന്നിരുന്ന അൽപ്പം പ്രായമുള്ള ആർമി ഓഫീസർ, സ്റ്റാഫ് പദവിയുള്ള ഒരു ബ്രിഗേഡിയർ ആണെന്ന് യൂണിഫോമിൽ നിന്നും മനസ്സിലായി. നരച്ച തലമുടിയും സ്റ്റീൽ ഫ്രെയിമുള്ള കണ്ണടയും ധരിച്ച അദ്ദേഹം കാണാൻ ഒട്ടും സുമുഖനായിരുന്നില്ല. പ്രായം ഏതാണ്ട് അറുപത്തിയഞ്ചിനോട് അടുത്ത് തോന്നിച്ചു.

"ഞാൻ ഡോഗൽ മൺറോ... നിങ്ങളുടെ ജർമ്മൻ ഭാഷ ഗംഭീരമായിരിക്കുന്നല്ലോ ഫ്ലൈറ്റ് ലെഫ്റ്റ്നന്റ്..." ബ്രിഗേഡിയർ മൺറോ സ്വയം പരിചയപ്പെടുത്തി.

"വെൽ... അത് അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ..." ഹാരി പറഞ്ഞു.

"ഇത് എന്റെ അസിസ്റ്റന്റ്... ജാക്ക് കാർട്ടർ..."

ഗ്രീൻ ഹോവാഡ്സ് ഡിവിഷനിലെ ഒരു ക്യാപ്റ്റൻ ആയിരുന്നു കാർട്ടർ. മിലിട്ടറി ക്രോസ് മെഡൽ അണിഞ്ഞ അദ്ദേഹം ഒരു വാക്കിങ്ങ് സ്റ്റിക്കിൽ ഊന്നിയാണ് നിന്നിരുന്നത്. കുറേക്കാലത്തിന് ശേഷമാണ് ഹാരിക്ക് മനസ്സിലായത്, ഡൺകിർക്ക് പോരാട്ടത്തിൽ വച്ചാണ് അദ്ദേഹത്തിന് ഒരു കാൽ നഷ്ടമായതെന്ന്.

അവിടെയുണ്ടായിരുന്ന മൂന്ന് സീനിയർ എയർഫോഴ്സ് ഓഫീസർമാരിൽ ഒരാൾ വെസ്റ്റിനെ പോലെ ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ ആയിരുന്നു. "ലുക്ക്... ഐ ഡോണ്ട് നോ വാട്ട്സ് ഗോയിങ്ങ് ഓൺ, ടെഡ്ഡി..." അയാൾ വെസ്റ്റിനോട് പറഞ്ഞു. "ഏതാണ് ഈ ഓഫീസർ...? ഐ മീൻ, എന്തുകൊണ്ടാണ് ഇത്രയും താമസം...? വിമാനത്തെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് എത്രയും പെട്ടെന്ന് വേണമെന്നാണ് ഡൗഡിങ്ങ് ആവശ്യപ്പെട്ടിരിക്കുന്നത്..."

"അദ്ദേഹത്തിന് അത് ലഭിച്ചിരിക്കും... ലെഫ്റ്റ്നന്റ് കെൽസോ ഇത്തരം വിമാനങ്ങൾ യുദ്ധനിരയിൽ പറത്തിയിട്ടുള്ളവനാണ്..." വെസ്റ്റ് പറഞ്ഞു.

"ഗുഡ് ഗോഡ്... എവിടെ വച്ച്...?"

"ഫിന്നിഷ് എയർഫോഴ്സിന് വേണ്ടി... ഗ്ലേഡിയേറ്ററുകൾ, ഹരിക്കേനുകൾ, പിന്നെ ME109കൾ ഇവയിലൊക്കെ നിപുണനാണ്..." വെസ്റ്റ് ഹാരിയുടെ നേർക്ക് തിരിഞ്ഞു. "ഈ വിമാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഗ്രൂപ്പ് ക്യാപ്റ്റൻ ഗ്രീനിനോട് പറഞ്ഞോളൂ..."

"എക്സലന്റ് പ്ലെയ്‌ൻ, സർ... ഹരിക്കേനെക്കാൾ മികച്ചതെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം... മാത്രവുമല്ല, സ്പിറ്റ്ഫയറിനെപ്പോലെ കരുത്തനും..."

"അതവർക്ക് കാണിച്ച് കൊടുക്കൂ..." വെസ്റ്റ് പറഞ്ഞു. "അഞ്ച് മിനിറ്റിൽ കൂടുതൽ പറക്കണ്ട... വീ ഡോണ്ട് വാണ്ട് റ്റു ഗെറ്റ് യൂ ഷോട്ട് ഡൗൺ..."

3000 അടി ഉയരത്തിൽ ചെന്ന് ചരിഞ്ഞ് പറന്ന് ലൂപ്പ് എടുത്ത് താഴ്ന്ന് 300 അടിയിൽ എയർഫീൽഡിന് മുകളിലെത്തിയ ഹാരി കാറ്റിനെതിരെ തിരിഞ്ഞ് ലാന്റ് ചെയ്തു. അവർക്കരികിലെത്തി വിമാനം നിർത്തി അദ്ദേഹം പുറത്തിറങ്ങി.

"ഞാൻ പറഞ്ഞത് പോലെ തന്നെ സർ..." ഹാരി, ഗ്രീനിനോട് പറഞ്ഞു. "എക്സലന്റ് പ്ലെയ്‌ൻ... പക്ഷേ, ഒരു കാര്യം പറയാം... ഗൺ ഫൈറ്റിങ്ങിന് ഹരിക്കേൻ തന്നെയാണ് നല്ലത്... പൈലറ്റുമാർക്ക് കൈകാര്യം ചെയ്യുവാനും എളുപ്പം ഹരിക്കേൻ തന്നെ..."

ഗ്രീൻ, വെസ്റ്റിന് നേരെ തിരിഞ്ഞു. "വെരി ഇന്ററസ്റ്റിങ്ങ്, ടെഡ്ഡി... എന്തായാലും ഈ ഓഫീസറുടെ ഒരു റിട്ടൺ റിപ്പോർട്ട് എനിക്ക് വേണം..."

"കൺസിഡർ ഇറ്റ് ഡൺ..."

ഗ്രീനും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവർത്തകരും അവരുടെ സ്റ്റാഫ് കാറിൽ കയറി ഓടിച്ചു പോയി. ബ്രിഗേഡിയർ ഡോഗൽ മൺറോ ഹസ്തദാനത്തിനായി കൈ നീട്ടിക്കൊണ്ട് ഹാരിയുടെ അരികിലെത്തി. "യൂ ആർ എ വെരി ഇന്ററസ്റ്റിങ്ങ് യങ്ങ് മാൻ..." അദ്ദേഹം വെസ്റ്റിന് നേർക്ക് തിരിഞ്ഞു. "വളരെ നന്ദി, ഗ്രൂപ്പ് ക്യാപ്റ്റൻ..."

അദ്ദേഹം കാറിന് നേർക്ക് നടന്നു. തൊട്ടുപിന്നിൽ മുടന്തിക്കൊണ്ട് ജാക്ക് കാർട്ടറും. പിൻസീറ്റിൽ ഇരിപ്പുറപ്പിച്ചതും മൺറോ പറഞ്ഞു. "ജാക്ക്... ആ ചെറുപ്പക്കാരനെക്കുറിച്ചുള്ള സകല വിവരങ്ങളും... അതെ, സകല വിവരങ്ങളും ശേഖരിക്കണം..."

"അതെനിക്ക് വിട്ടു തന്നേക്കൂ സർ..."

                                    ***

ഹാരി ആ ജർമ്മൻ പൈലറ്റിന് ഒരു പാക്കറ്റ് സിഗരറ്റ് നൽകി. "ഗുഡ് ലക്ക്..."

ഗാർഡുകൾ അവനെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

"ഇവിടെ അടുത്ത് ഒരു നാടൻ പബ്ബ് എനിക്ക് പരിചയമുണ്ട്... അവിടെ ചെന്നാൽ നല്ല ഒന്നാം തരം  ഭക്ഷണം ലഭിക്കും... അവിടെയിരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് ആ റിപ്പോർട്ടും തയ്യാറാക്കാം..." വെസ്റ്റ് പറഞ്ഞു.

"അത് നല്ല കാര്യം..." അവർ കാറിൽ കയറി. ഡ്രൈവർ കാർ മുന്നോട്ട് എടുത്തു. ഹാരി ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. "യുദ്ധത്തിൽ നാം വിജയത്തിലേക്ക് നീങ്ങുകയാണോ എന്ന് ഞാൻ നേരത്തെ ചോദിച്ചപ്പോൾ തൽക്കാലം അല്ല എന്നാണ് താങ്കൾ പറഞ്ഞത്... വിജയം നമ്മുടേതാവാൻ എന്താണിനി വേണ്ടത്...?"

"ഒരു മിറാക്ക്‌ൾ..." വെസ്റ്റ് പറഞ്ഞു.

"ഇന്നത്തെ കാലത്ത് അത്തരമൊന്ന് സംഭവിക്കാനുള്ള സാദ്ധ്യത വിരളമാണ്..." ഹാരി അഭിപ്രായപ്പെട്ടു.

എന്നാൽ അധികം താമസിയാതെ ആ അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു. ലുഫ്ത്‌വാഫിന്റെ ഒരു ഡോണിയർ വിമാനം അബദ്ധത്തിൽ ലണ്ടന് മുകളിൽ ബോംബ് വർഷിച്ചു. അതിന് തിരിച്ചടിയെന്നോണം RAF ഫൈറ്ററുകൾ ബെർലിനിൽ കനത്ത ആക്രമണം അഴിച്ചു വിട്ടു. അതിനെത്തുടർന്ന് സെപ്റ്റംബർ ഏഴാം തിയ്യതി മുതൽ ലണ്ടന് മേൽ വ്യോമാക്രമണം ആരംഭിക്കുവാൻ ലുഫ്ത്‌വാഫിനോട് ഹിറ്റ്‌ലർ ആജ്ഞാപിച്ചു. ബ്ലിറ്റ്സ് എന്ന് അറിയപ്പെട്ട ആക്രമണ പരമ്പരയുടെ തുടക്കമായിരുന്നു അത്. ലുഫ്ത്‌വാഫ് ലണ്ടന് മേൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ RAFന് സൗത്ത് ഇംഗ്ലണ്ടിലെ തങ്ങളുടെ കേടു വന്ന എയർബേസുകൾ റിപ്പയർ ചെയ്യുവാനുള്ള സാവകാശം ലഭിച്ചു.

                                  ***

ലെ ടുക്കേയിലെ ഒരു കഫേയിൽ സിഗാർ പുകച്ചു കൊണ്ട് പിയാനോ വായിച്ചു കൊണ്ടിരുന്ന അഡോൾഫ് ഗാലന്റിന് മുന്നിലേക്ക് കയറി വന്ന മാക്സ്, ബാറിൽ അദ്ദേഹത്തിന് സമീപമുള്ള കസേരയിൽ ഇരുന്നു.

"അങ്ങനെ ഒടുവിൽ അതും തുടങ്ങി ഡോൾഫോ... ഇനി എത്ര നാൾ വേണ്ടി വരും എന്നത് മാത്രമേ അറിയാനുള്ളൂ... ബ്രിട്ടീഷ് പക്ഷത്ത് കനത്ത നാശനഷ്ടമാണ്  സംഭവിച്ചുകൊണ്ടിരിക്കുന്നത്... നമ്മുടെ ഫ്യൂറർ ആണെങ്കിൽ വലിയ ആത്മവിശ്വാസത്തിലുമാണ്... ഇനി എന്തൊക്കെ ആയിരിക്കും നടക്കുക...?"

"കുടിച്ച് ആഘോഷിക്കുക..." ഗാലന്റ് പറഞ്ഞു. "എന്നിട്ട് നമ്മുടെ ജോലിയിലേക്കിറങ്ങുക... കളി അവസാനിക്കുന്നത് വരെ കളം നിറഞ്ഞ് കളിക്കുക..."

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...