Sunday, November 29, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 87

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

കോൾഡ് ഹാർബർ - 1998

 

ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് ഡെനിസും ഞാനും കൂടി വീണ്ടും കോൾഡ് ഹാർബറിൽ എത്തുന്നത്. വല്ലാത്തൊരു കാലയളവിലൂടെ ആയിരുന്നു ഞാൻ കടന്നു പോയത്. ഹാരിയുടെയും മാക്സിന്റെയും ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുവാൻ വേണ്ടിയുള്ള യാത്ര എന്നെ ലോകത്തിന്റെ പലയിടങ്ങളിലും കൊണ്ടെത്തിച്ചു. പെന്റഗണിലെ ഫയലുകൾ, ലണ്ടനിലെ പബ്ലിക്ക് റെക്കോർഡ്സ് ഓഫീസ്, ജർമ്മനിയിലെ ലുഫ്ത്വാഫ് ഫയലുകൾ, പോർച്ചുഗൽ, എന്നു വേണ്ട മഡൈറാ ദ്വീപിലേക്ക് പോലും എന്റെ അന്വേഷണം ചെന്നെത്തി. വിഷയത്തിൽ, പഴയ ഗെസ്റ്റപ്പോ ഉദ്യോഗസ്ഥനായിരുന്ന എന്റെ കസിൻ കോൺറാഡ് സ്ട്രാസർ എനിക്ക്  ചെയ്തു തന്ന സഹായങ്ങൾ കുറച്ചൊന്നുമായിരുന്നില്ല. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പായി അദ്ദേഹം ചികഞ്ഞെടുത്ത് എനിക്ക് മുന്നിലിട്ട വസ്തുതകൾ പലതും അവിശ്വസനീയങ്ങളായിരുന്നു. ഹാംബർഗിലെ ഒരു സെമിത്തേരിയിൽ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിന് സാക്ഷിയായി മഴ നനഞ്ഞു കൊണ്ട് നിൽക്കവെ ഞാൻ അനുഭവിച്ച മനോവേദന മറ്റാരേക്കാളുമധികമായിരുന്നു.

 

അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിൽ ഉണ്ടായിരുന്നത്. മുപ്പത്, അമ്പത്, എന്തിന് നൂറ് വർഷത്തേക്ക് വരെ വെളിപ്പെടുത്തുവാൻ പാടില്ല എന്ന ലേബലോടെയുള്ള ഫയലുകൾ അവിടെ സാധാരണമായിരുന്നു. എങ്കിലും ആരെ കണ്ടാൽ കാര്യം നടക്കുമെന്ന് കൃത്യമായി അറിയാമെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന വസ്തുതകളായിരിക്കും. ഉദാഹരണത്തിന് എൺപത്തിമൂന്നുകാരനായ ഒരു അമേരിക്കക്കാരന്റെ അടുക്കലേക്ക് എനിക്ക് എത്തിപ്പെടാനായി. RAF ജോലി  ചെയ്തിരുന്ന അദ്ദേഹം US എയർഫോഴ്സിൽ ഒരു കേണൽ ആയിട്ടായിരുന്നു യുദ്ധാവസാനം വിരമിച്ചത്. പിന്നീട് ഇന്റർനാഷണൽ ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു പോന്ന അദ്ദേഹം തന്റെ ശിഷ്ടകാലം ചെലവഴിക്കാനായി ഇംഗ്ലണ്ടിലെത്തി. ഹാരി കെൽസോയെ അദ്ദേഹത്തിന് നേരിട്ട് പരിചയമുണ്ടായിരുന്നു. ഹാരിയെപ്പോലെ തന്നെ അദ്ദേഹവും കൊറിയർ പൈലറ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ച വിവരങ്ങൾ വിലമതിക്കാനാവാത്തതായിരുന്നു. മറ്റെന്തിനെക്കാളും, ഹാരി കെൽസോ എന്ന വ്യക്തിയുടെ സ്വഭാവ മഹിമയെക്കുറിച്ചായിരുന്നു അദ്ദേഹം വാചാലനായത്.

 

അന്നത്തെ സുപ്രധാന വ്യക്തിത്വങ്ങൾ എല്ലാവരും തന്നെ വിട പറഞ്ഞു കഴിഞ്ഞിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ബ്രിഗേഡിയർ ഡോഗൽ മൺറോ, യുദ്ധാവസാനത്തോടെ സമ്പൂർണ്ണ കേണൽ പദവിയിലേക്കുയർന്ന ജാക്ക് കാർട്ടർ, എയർ മാർഷൽ പദവിയിലെത്തി നൈറ്റ്സ്ഹുഡ് ബഹുമതി വരെ കരസ്ഥമാക്കിയ ടെഡ്ഡി വെസ്റ്റ് തുടങ്ങി സകലരും. പിന്നീട് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് പദവിയിലെത്തിയ ജനറൽ ഐസൻഹോവർ നേരത്തേ തന്നെ അന്തരിച്ചിരുന്നു. പിന്നെ ജനറൽ ടോം സോബെൽ... D-Day കഴിഞ്ഞ് രണ്ട് വാരങ്ങൾക്ക് ശേഷം ഒരു നാൾ നോർമൻഡിയിലേക്ക് യാത്ര തിരിച്ച ഡക്കോട്ടാ വിമാനം ഇംഗ്ലീഷ് ചാനലിൽ തകർന്നു വീണ് അദ്ദേഹവും തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞു.

 

റോയൽ മിലിട്ടറി പോലീസിലെ മേജർ വെറേക്കറുടെ രൂപത്തിലാണ് ഭാഗ്യം എന്നെ തുണച്ചത്. ക്യാൻസർ ബാധയെത്തുടർന്ന് 1956 അദ്ദേഹം മരണമടഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മകളെ എനിക്ക് കണ്ടെത്താനായി. പിതാവിനെയും പിന്നീട് ഭർത്താവിനെയും നഷ്ടമായ അവർ ഫാൾമൗത്തിലാണ് താമസിച്ചിരുന്നത്. എന്നെ കാണാൻ അനുമതി തന്ന അവർ എന്റെ പക്കലുള്ള വിവരങ്ങളൊക്കെ ക്ഷമയോടെ കേൾക്കുവാൻ തയ്യാറായി. എല്ലാം കേട്ട് അല്പനേരം ചിന്തിച്ചിരുന്ന അവർ എഴുന്നേറ്റ് മേശവലിപ്പിനുള്ളിൽ നിന്നും ഒരു വലിയ എൻവലപ്പ് എടുത്തു കൊണ്ടു വന്നു.

 

എന്റെ പിതാവിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നതാണിത്... ഇനിയിപ്പോൾ ഇത് പുറത്തു വരുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ല... താല്പര്യമുണ്ടെങ്കിൽ താങ്കൾക്കിത് വായിച്ചു നോക്കാം...”

 

ആവേശത്തോടെയാണ് ഞാൻ അത് വായിച്ചു തീർത്തത്. വർഷങ്ങൾക്ക് മുമ്പ് ഒരു പ്രഭാതത്തിൽ ഡോഗൽ മൺറോയുടെ ഉത്തരവ് പ്രകാരം സൗത്ത്വിക്ക് എയർസ്ട്രിപ്പിൽ വച്ച് അദ്ദേഹം മാക്സിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വളരെ വിശദവും സൂക്ഷ്മവും ആയി അതിൽ രേഖപ്പെടുത്തിയിരുന്നു.

 

പിന്നെ മഡൈറാ ദ്വീപിന്റെ സാംഗത്യം എന്താണെന്ന് ചോദിച്ചാൽ... വളരെ ലളിതം... ഫെർണാണ്ടോയെയും ജോയൽ റോഡ്രിഗ്സിനെയും പോർച്ചുഗീസ് ഡിപ്ലോമാറ്റിക്ക് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ലിസ്ബനിലെ പ്രാചീന പ്രദേശമായ അൽഫാമയിലും പിന്നെ എസ്റ്റോറിലിലും അവർ ഓരോ ബാറുകൾ തുറന്നു. യൂറോപ്പിൽ യുദ്ധം അവസാനിച്ചതോടെ സാറാ ഡിക്സൺ ജയിൽ മോചിതയായി. ചിലരുടെയൊക്കെ ഭാഗ്യം എന്നു വേണം പറയാൻ. പോർച്ചുഗലിൽ എത്തിയ അവർ ഫെർണാണ്ടോയെ വിവാഹം കഴിച്ചു. 1950 മഡൈറാ ദ്വീപിലേക്ക് താമസം മാറ്റിയ ഇരുവരും ചേർന്ന് അവിടെ ഒരു ബാറും റെസ്റ്ററന്റും തുറന്നു.

 

മനോഹരമായ ദ്വീപ് സന്ദർശിച്ച എനിക്ക് ഫെർണാണ്ടോയെ സന്ധിക്കുവാനായി. സാറാ ഡിക്സൺ വർഷങ്ങൾക്ക് മുമ്പേ മൺമറഞ്ഞിരുന്നു. റെസ്റ്ററന്റുകളും ബാറുകളും അടങ്ങുന്ന തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നടത്തിപ്പ് പുതിയ തലമുറയ്ക്ക് വിട്ടു കൊടുത്തിരുന്നെങ്കിലും ഏതാണ്ട് എൺപത്തിയൊമ്പത് വയസ്സിലെത്തിയിട്ടും ഊർജ്ജസ്വലനായിരിക്കുന്ന ഫെർണാണ്ടോയ്ക്ക് തന്നെയായിരുന്നു അതിന്റെയെല്ലാം മേൽനോട്ടം.

 

എനിക്ക് പറയാനുണ്ടായിരുന്നതെല്ലാം ശ്രദ്ധയോടെ കേട്ടതിനു ശേഷം അദ്ദേഹം പൊട്ടിച്ചിരിച്ചു. “പോർച്ചുഗീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള നിങ്ങളുടെ പുസ്തകങ്ങൾ പലതും ഞാൻ വായിച്ചിട്ടുണ്ട്... അതുപോലെ തന്നെ  ഇതും നല്ലൊരു പ്ലോട്ടാണ്...”

 

എന്റെ മറ്റു കഥകൾ പോലെ മാത്രം...?” ഞാൻ ചോദിച്ചു.

 

അല്ല... ഇതൊരു സംഭവ കഥയാണെന്ന വ്യത്യാസം കൂടിയുണ്ട്...” അദ്ദേഹം വീണ്ടും ചിരിച്ചു. “വാട്ട് ദി ഹെൽ... കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവനാണ് ഞാൻ... ഇനിയെന്ത് പേടിക്കാൻ... നിങ്ങളറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്... ഞാൻ പറഞ്ഞു തരാം...”

 

അവയുടെ കെട്ടഴിച്ച് എനിക്ക് മുന്നിൽ നിരത്തിയിട്ട് ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹവും ലോകത്തോട് വിട പറഞ്ഞു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Wednesday, November 25, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 86

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

മൊർലെയ്ക്സ് കൊട്ടാരത്തിലെ തന്റെ താൽക്കാലിക ബെഡ്റൂമിന്റെ കതകിൽ ആരോ തുടർച്ചയായി കൊട്ടുന്നത് കേട്ട് ബുബി ഹാർട്മാൻ ഉറക്കമുണർന്നു. കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ അദ്ദേഹം തിടുക്കത്തിൽ വാതിൽ തുറന്നു. രക്തം പുരണ്ട മുഖവുമായി ഫ്രൈബർഗ് വേച്ചു വേച്ച് ഉള്ളിൽ കടന്നു.

 

എന്റെ ദൈവമേ... എന്താണിത്...?” ബുബി അമ്പരന്നു.

 

ബാരൺ ഇവിടെ വന്നിരുന്നു... അദ്ദേഹത്തിന്റെ സഹോദരനോടൊപ്പം...”

 

നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ...?”

 

ഇല്ല... സത്യമാണ് കേണൽ... മാക്സ് വോൺ ഹാൾഡറിനെ ഞാൻ കണ്ടു... ലുഫ്ത്വാഫ് യൂണിഫോമിൽ... സ്റ്റെയർകെയ്സിന് മുകളിൽ ഇടനാഴിയിൽ... ക്രച്ചസുമായി അദ്ദേഹത്തിന്റെ സഹോദരനുമുണ്ടായിരുന്നു ഒപ്പം... ബാത്ത്റൂമിൽ പോയി തിരികെ ഇറങ്ങുമ്പോഴാണ് അവർ ഇരുവരും അവിടെ നിൽക്കുന്നത് കണ്ടത്... പിസ്റ്റളിന്റെ പാത്തി കൊണ്ട് ബാരൺ എന്നെ അടിച്ചു വീഴ്ത്തി... കെൽസോയുടെ റൂമിന് മുന്നിൽ നിന്നിരുന്ന കാവൽക്കാരൻ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു...”

 

അയാളെ തള്ളി മാറ്റി ബുബി ഇടനാഴിയിലൂടെ സ്റ്റെയർകെയ്സിനരികിലേക്ക് ഓടി. കോണിപ്പടികളുടെ ചുവട്ടിൽ കോർപ്പറലിന്റെ മൃതദേഹം കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കാര്യങ്ങളെല്ലാം വ്യക്തമായി. തിരികെ തന്റെ റൂമിലേക്ക് ഓടിയെത്തി അലമാര തുറന്ന് യൂണിഫോം എടുത്ത് കിടക്കയിലേക്കിട്ടു.

 

പൈജാമ അഴിച്ചു മാറ്റി യൂണിഫോം ധരിക്കുന്നതിനിടയിൽ അദ്ദേഹം ഫ്രൈബർഗ്ഗിനോട് പറഞ്ഞു. “എമർജൻസി അലാറം ഓൺ ചെയ്യുക... എന്നിട്ട് എന്റെ സ്റ്റാഫ് കാർ ഫ്രണ്ട് ഗേറ്റിന് മുന്നിൽ കൊണ്ടുവന്നിടൂ...”

 

അഞ്ച് മിനിറ്റിനകം അദ്ദേഹം താഴെയെത്തി. SS ഭടന്മാർ അവിടെ കിടക്കുന്ന മൃതശരീരങ്ങൾ പരിശോധിക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് കാറിന്റെ പിൻസീറ്റിൽ ചാടിക്കയറിയിരുന്നിട്ട് അദ്ദേഹം ഡ്രൈവറോട് ആജ്ഞാപിച്ചു. “എയർസ്ട്രിപ്പിലേക്ക്...”

 

മാക്സ് ഇവിടെയെത്തിയത് എയർസ്ട്രിപ്പിലൂടെ ആവാനേ തരമുള്ളൂ... മൈ ഗോഡ്, അവർ ഇരുവരും വീണ്ടും ഒരുമിച്ച്... പിടികൂടാനായാൽ...  ഹിംലറെ സന്തോഷിപ്പിക്കാൻ ഇനിയെന്തു വേണം...? പിന്നെ തന്റെ ഭാവി സുരക്ഷിതം...

 

മുന്നോട്ടാഞ്ഞ് അദ്ദേഹം ഡ്രൈവറുടെ ചുമലിൽ തട്ടി. “സ്പീഡ് അപ്പ് മാൻ... സ്പീഡ് അപ്പ്...”

 

                                                     ***

 

സെക്ക് തന്റെ കൈയ്യിലെ ചീട്ടുകൾ മേശപ്പുറത്തേക്കിട്ടു. “ദാറ്റ്സ് ഇറ്റ് ബ്രിഗേഡിയർ... ഞങ്ങളുടെ പത്ത് പൗണ്ട് പോയിക്കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ...”

 

നന്നായി കളിക്കാതിരിക്കാൻ എനിക്കായില്ല സുഹൃത്തേ...” മൺറോ പറഞ്ഞു.

 

മനസ്സിലായി ബ്രിഗേഡിയർ... അതുപോലെ തന്നെ എന്റെ കാര്യവും... എന്റെ നാസാരന്ധ്രങ്ങളെ കബളിപ്പിക്കാൻ എനിക്കാവുന്നില്ല... ഗന്ധം കൊണ്ട് മനസ്സിലാക്കാനാവും എനിക്ക്... കാറ്റിന്റെ ഗന്ധം... എന്തൊക്കെയോ അസാധാരണത്വം അനുഭവപ്പെടുന്നു ഇപ്പോൾ... എനിക്കിവിടെ ഇരിക്കാനാവുന്നില്ല... ഞങ്ങളുടെ ആവശ്യം അവിടെ കടലിൽ ആണ് വേണ്ടതെന്ന് ഒരു തോന്നൽ... തോന്നൽ ശരിയാണെങ്കിൽ ഒരു പതിനഞ്ചോ ഇരുപതോ മൈൽ ദൂരെ കടലിൽ ഞങ്ങളിപ്പോൾ കാത്തു നിൽക്കുകയാണ് വേണ്ടത്...”

 

മൺറോയ്ക്ക് യാതൊരു എതിരഭിപ്രായവും ഉണ്ടായിരുന്നില്ല. “നിങ്ങളുടെ വിലയിരുത്തലിനെ ഞാൻ മാനിക്കുന്നു...”

 

ഞങ്ങൾ ഇറങ്ങുകയാണ്...” സെക്ക് തന്റെ സംഘാംഗങ്ങളുടെ നേർക്ക് തിരിഞ്ഞു. “ഗെറ്റ് റെഡി...”

 

അവരെല്ലാവരും  തിടുക്കത്തിൽ പുറത്തേക്കിറങ്ങി. ഒരു കൈയ്യിൽ തന്റെ മെഡിക്കൽ ബാഗുമായി മോളിയും എഴുന്നേറ്റു. “നിങ്ങൾക്ക് എന്നെയും അവിടെ വേണ്ടി വന്നേക്കും സെക്ക്...”

 

നല്ല കുട്ടി...” സെക്ക് പറഞ്ഞു.

 

അതു ശരി... പിന്നെ ഞാനെന്തിനാണ് ഇവിടെ നിൽക്കുന്നത്...?” മൺറോയും എഴുന്നേറ്റു. “ഇവിടുത്തെ കാര്യങ്ങൾ നോക്കിക്കോളൂ ജാക്ക്...”

 

എന്തായാലും എന്റെ ആവശ്യം അവിടെ ഉണ്ടാവില്ല ബ്രിഗേഡിയർ...” ജാക്ക് കാർട്ടർ പറഞ്ഞു. “ഒരു വാട്സൺ ടൈപ്പ് ലൈഫ്ബോട്ടിൽ ഒരു കൃത്രിമക്കാലുകാരന് എന്ത് റോൾ...?” അദ്ദേഹം തിരിഞ്ഞ് മോളിയുടെ കവിളിൽ ഒരു മുത്തം നൽകി. “ഗുഡ് ലക്ക്, ലവ്...”

 

ഒന്നും മിണ്ടാതെ അവൾ ലൈഫ്ബോട്ട് ക്രൂവിനെ അനുഗമിച്ചു. ബാറിൽ ജാക്കും ജൂലിയും മാത്രം അവശേഷിച്ചു. വിങ്ങി നിൽക്കുന്ന മൗനത്തെ ഭഞ്ജിച്ചു കൊണ്ട് ജൂലി പറഞ്ഞു. “ഇനിയുള്ള സമയം പ്രാർത്ഥിക്കാനുള്ളതാണെന്ന് തോന്നുന്നു...”

 

അതെ... ഒരു ലാർജ്ജ്  വിസ്കിയോടൊപ്പം...” ജാക്ക് പറഞ്ഞു. “വിരോധമില്ലെങ്കിൽ പോന്നോട്ടെ...”

 

                                                           ***

 

എയർസ്ട്രിപ്പിൽ എത്തിയതും സ്റ്റാഫ് കാറിൽ നിന്നും ചാടിയിറങ്ങിയ ബുബി ഹാർട്മാൻ ഏപ്രണിന് നേർക്ക് ഓടി. റേഡിയോ കൺട്രോൾ റൂമിന്റെ വാതിൽ വലിച്ച് തുറന്ന അദ്ദേഹത്തെ കണ്ട് കസേരയിൽ ഇരിക്കുകയായിരുന്ന ഗ്രൈസർ അമ്പരപ്പോടെ നോക്കി. “സ്റ്റാൻഡർടെൺഫ്യൂറർ...?”

 

ബാരൺ വോൺ ഹാൾഡർ ഇവിടെ വന്നിരുന്നുവോ...?”

 

വന്നിരുന്നു... ഒരു സ്റ്റോർക്കിൽ ലാൻഡ് ചെയ്ത അദ്ദേഹം റൈഫ്യൂറർ ഹിംലറുടെ ഏതോ ദൗത്യവുമായിട്ടാണ് എത്തിയിരിക്കുന്നതെന്നു പറഞ്ഞു. ഇവിടുത്തെ ക്യൂബൽവാഗണുമായി പോയ ബാരൺ ഇരുപത് മിനിറ്റിനുള്ളിൽ തിരികെയെത്തി... അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പാസഞ്ചറെയും കൊണ്ട് ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു...”

 

നിങ്ങളിത്ര ബുദ്ധിശൂന്യനായിപ്പോയല്ലോ...”  ബുബി തിരിഞ്ഞ് ഹാങ്കറിൽ കിടക്കുന്ന ME109 ന് നേർക്ക് ഓടി. ഏറ്റവും പുതിയ മോഡലിലുള്ള 109മായി താരതമ്യം ചെയ്താൽ സ്റ്റോർക്കിന് വേഗത വളരെ കുറവാണ്. അവരുടെ പിന്നാലെ ചെല്ലുക മാത്രമാണിനി മാർഗ്ഗം. തിരിച്ചു വരാൻ തയ്യാറല്ലെങ്കിൽ ആകാശത്ത് വച്ച് തകർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തുക. സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കുവാനുള്ള സാദ്ധ്യത ഇനിയും മങ്ങിയിട്ടില്ല.

 

കോക്ക്പിറ്റിനുള്ളിലേക്ക് ചാടിക്കയറിയ അദ്ദേഹം പാരച്യൂട്ട് ധരിക്കുവാൻ പോലും ക്ഷമ കാണിച്ചില്ല. റേഡിയോ മൈക്ക് ഘടിപ്പിച്ച ഫ്ലൈയിങ്ങ് ഹെൽമറ്റ് എടുത്തണിഞ്ഞ് അദ്ദേഹം എൻജിൻ സ്റ്റാർട്ട് ചെയ്തു. അതിന്റെ മുരൾച്ചയിൽ ഹാങ്കർ പ്രകമ്പനം കൊണ്ടു. എയർസ്ട്രിപ്പിന്റെ അറ്റത്തേക്ക് ടാക്സി ചെയ്ത് കാറ്റിനെതിരെ തിരിഞ്ഞ് അതിവേഗം വിമാനം പറന്നുയർന്നു.

 

                                                         ***

 

ജൂലിയുടെ വെതർ റിപ്പോർട്ട് വളരെ കൃത്യമായിരുന്നു. കടലിന് മുകളിലേക്ക് എത്തിയതും മേഘപടലങ്ങൾ അപ്രത്യക്ഷമായിരുന്നു. തെളിഞ്ഞ ആകാശത്തിൽ നറുനിലാവ് പരത്തിക്കൊണ്ട് ചന്ദ്രൻ തിളങ്ങി നിൽക്കുന്നു. സ്പെയർ ഹെഡ്ഫോണും മൈക്കും ധരിച്ചിരിക്കുന്ന ഹാരിയുടെ നേർക്ക് തിരിഞ്ഞ് മാക്സ് ചോദിച്ചു. “യൂ ഓകേ...?”

 

ഇത്രയും ആശ്വാസം ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല...”

 

മാക്സ് പുഞ്ചിരിച്ചു. “അങ്ങനെ നമ്മൾ രക്ഷപെട്ടിരിക്കുന്നു... ബുബിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടമുണ്ട്... എന്നാലും, വിവരമറിയുമ്പോൾ ഹിംലറുടെ മുഖം എങ്ങനെയിരിക്കുമെന്ന് ഒന്ന് കാണാൻ മോഹമുണ്ട്...”

 

എനിക്കും...” ഹാരി ഇൻസ്ട്രുമെന്റ് പാനലിൽ കണ്ണോടിച്ചു. “മുപ്പത് മിനിറ്റിനുള്ളിൽ കോൾഡ് ഹാർബറിൽ എത്താമെന്ന് കരുതുന്നു...”

 

പെട്ടെന്നാണ് ഒരു ഇരമ്പൽ കേട്ടതും വിമാനം ഒന്നാകെ ആടിയുലഞ്ഞതും. അവരുടെ തലയ്ക്ക് മുകളിലൂടെ കടന്നു പോയ ME109 ഒരു വൈഡ് സ്വൈപ്പ് എടുത്ത് തിരികെ വന്ന് അവരുടെ വലതുഭാഗത്തായി നിലയുറപ്പിച്ച് പറന്നു. ബുബിയുടെ സ്വരം ഹെഡ്ഫോണിൽ മുഴങ്ങി.

 

തിരിച്ചു വരൂ മാക്സ്... ഇതനുവദിക്കാൻ എനിക്കാവില്ല... എന്റെയും എന്റെ പ്രീയപ്പെട്ടവരുടെയും ജീവന്റെ പ്രശ്നമാണിത്... ഞങ്ങളുടെ മരണവിധിയുമായി നിൽക്കുകയാണ് റൈഫ്യൂറർ...”

 

ഞങ്ങളുടെ അമ്മയുടെ കാര്യമോ...? നിങ്ങൾ നുണ പറയുകയായിരുന്നില്ലേ...?”

 

അത് എന്റെ തെറ്റായിരുന്നില്ല... ഞാൻ ആണയിടുന്നു...” ബുബി പറഞ്ഞു.

 

ഒട്ടും ശരിയായില്ല...” മാക്സ് പറഞ്ഞു. “പക്ഷേ, യാഥാർത്ഥ്യം അതായിപ്പോയി... കമോൺ ബുബി... സത്യമായിട്ടും ഞാൻ മൊർലെയ്ക്സിലേക്ക് തിരിച്ചു പറക്കണമെന്നാണോ നിങ്ങൾ പറയുന്നത്...?”

 

അല്ലെങ്കിൽ എനിക്ക് നിങ്ങളെ വെടിവെച്ചിടേണ്ടി വരും...”

 

ബുബി... നിങ്ങളെ എന്നും എനിക്കിഷ്ടമായിരുന്നു... പക്ഷേ, തിരിച്ച് നിങ്ങൾക്ക് അത്രയ്ക്കും സ്നേഹം ഉണ്ടായിരുന്നോ എന്ന് സംശയമാണെനിക്ക്... ഹാരീ, നീ എന്തു പറയുന്നു...?”

 

അയാളോട് പോയി പണി നോക്കാൻ പറ...” ഹാരി പറഞ്ഞു.

 

ബുബീ, കേട്ടല്ലോ... ഞങ്ങളെ വെടിവെച്ചിടാനാണ് ഭാവമെങ്കിൽ ആയിക്കോളൂ... പിയാനോ വയറിൽ തൂങ്ങി ഇറച്ചിക്കൊളുത്തിൽ ആടുന്നതിനേക്കാൾ പെട്ടെന്ന് തീർന്നു കിട്ടുമല്ലോ...”

 

മാക്സ് വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് 1500 അടിയിലേക്ക് താഴ്ത്തി. ഞൊടിയിടയിൽ ബുബി അവരുടെ പിന്നിലെത്തി. ഫ്യൂസലേജിൽ നിന്നും ചിറകിൽ നിന്നും ഏതാനും ഭാഗങ്ങൾ ചിതറിത്തെറിച്ച് പറന്നു പോയി. മാക്സ് ആൾട്ടിറ്റ്യൂഡ് വീണ്ടും കുറച്ചു കൊണ്ടിരുന്നു. “ഇത് നമ്മുടെ പഴയ വിദ്യയല്ലേ...?” ഹാരി ചോദിച്ചു.

 

ഇന്നലെ രാവിലെ ഐസൻഹോവറിന്റെ ജീവൻ രക്ഷിച്ച അതേ വിദ്യ... പിന്നെ എപ്പോഴെങ്കിലും ഓർമ്മിപ്പിക്കണേ... കഥ വിശദമായി പറഞ്ഞു തരാം...” മാക്സ് പറഞ്ഞു.

 

700 അടി ഉയരത്തിൽ വച്ച് ബുബി വീണ്ടും എത്തി. സ്റ്റോർക്ക് ഒന്നാകെ ആടിയുലഞ്ഞു. തന്റെ മുതുകിൽ എന്തോ കൊണ്ട് കനത്ത പ്രഹരമേറ്റതു പോലെ തോന്നിയ മാക്സിന്റെ വായിൽ നിന്നും ഒരു ആർത്തനാദം പുറത്തു വന്നു. അടുത്ത നിമിഷം അദ്ദേഹം ഫ്ലാപ്പുകൾ താഴ്ത്തി. സഡൻ ബ്രേക്ക് ഇട്ടതു പോലെ നിശ്ചലമായ വിമാനത്തിൽ കൂട്ടിയിടിക്കാതിരിക്കാൻ ബുബി തന്റെ വിമാനം ഒരു വശത്തേക്ക് വെട്ടിച്ചു. സ്വാഭാവികമായും നിയന്ത്രണം നഷ്ടമായ ME109 നേരെ കടലിലേക്ക് മൂക്കു കുത്തി.

 

വിദ്യ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല...” മാക്സ് ഒന്ന് ശ്വാസമെടുത്തു. “അതാ കണ്ടില്ലേ...?”

 

പണ്ട് റോക്കി നമുക്ക് പറഞ്ഞു തന്ന ബാലപാഠങ്ങൾ...” ഹാരി പറഞ്ഞു. “അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ നമ്മുടെയൊക്കെ ഗതി എന്തായേനെ...”

 

എന്നോ ലോകത്തു നിന്നും വിട പറഞ്ഞേനെ...” പെട്ടെന്ന് ചുമച്ച മാക്സിന്റെ വായിൽ നിന്നും രക്തം പുറത്തേക്കൊഴുകി.

 

ദൈവമേ..!” ഹാരി നിലവിളിച്ചു.

 

കോൾഡ് ഹാർബറിലേക്ക് വിളിക്കൂ...” മാക്സ് പറഞ്ഞു. “വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയാണ്... അവിടെ വരെ എത്താനാവുമെന്ന് തോന്നുന്നില്ല...”

 

ഹാരി വിളിച്ചു. “കോൾഡ് ഹാർബർ... കമിൻ... കേണൽ കെൽസോ ഹിയർ... എന്റെയൊപ്പം സഹോദരനുമുണ്ട്... ഞങ്ങളുടെ സ്റ്റോർക്ക് വെടിയേറ്റ് നിയന്ത്രണം നഷ്ടമായ അവസ്ഥയിലാണ്...”

 

അതിനുള്ള മറുപടി വന്നത് ലൈഫ്ബോട്ടിൽ നിന്നായിരുന്നു. “സെക്ക് ഹിയർ, കേണൽ... ലൈവ്ലി ജെയ്നിൽ കരയിൽ നിന്നും ഇരുപത് മൈൽ അകലെ... നിങ്ങളുടെ പൊസിഷൻ തരൂ...”

 

അവരുടെ കൃത്യമായ സ്ഥാനം ഹാരി പറഞ്ഞു കൊടുത്തു. “എന്റെ സഹോദരന് വെടിയേറ്റിരിക്കുകയാണ്... അൽപ്പം ഗുരുതരമാണ്... മാത്രമല്ല എൻജിൻ പ്രവർത്തന രഹിതമായിക്കൊണ്ടിരിക്കുകയുമാണ്...”

 

ഞങ്ങളിവിടെ ഉണ്ടാവും മകനേ... ഏതാണ്ട് മൂന്ന് മൈൽ ചുറ്റളവിൽ...”

 

വിമാനം പിന്നെയും താഴ്ന്നു കൊണ്ടിരുന്നു. നിലാവെട്ടത്തിൽ താഴെ കറുത്ത കടൽ വ്യക്തമായി കാണാനാവുന്നു. ദൂരെ കിഴക്ക് അരുണ കിരണങ്ങൾ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. നിമിഷമാണ് സ്റ്റോർക്ക് വിമാനം ലൈവ്ലി ജെയ്നിൽ ഉള്ളവരുടെ ദൃഷ്ടിയിൽ പതിഞ്ഞത്. അവർ ആർത്തു വിളിച്ചു. കോക്ക്പിറ്റിൽ നിന്നിരുന്ന മോളിയും മൺറോയും റെയിലിൽ പിടിച്ച് ആകാശത്തേക്ക് എത്തിനോക്കി. പ്രക്ഷുബ്ധമായ കടലിലെ തിരകൾക്ക് മുകളിലൂടെ ബോട്ട് മുന്നോട്ട് കുതിച്ചു. ഏതാണ്ട് ഒരു മൈൽ ഇടതുഭാഗത്തായി പുക വമിച്ചു ഫ്ലോട്ട് ചെയ്ത് താഴോട്ട് പതിച്ചു കൊണ്ടിരിക്കുന്ന വിമാനത്തെ വളരെ വ്യക്തമായി അവർക്ക് കാണാമായിരുന്നു.

 

                                                         ***

 

400 അടി ഉയരത്തിൽ വച്ച് എൻജിൻ നിശ്ശബ്ദമായി. പ്രൊപ്പല്ലർ നിശ്ചലമായിരിക്കുന്നു. ഇപ്പോൾ കാറ്റിന്റെ സ്വരം മാത്രം. മാക്സ് ഒന്നു കൂടി ചുമച്ചു. “നീ ലൈഫ്ബെൽറ്റ് ധരിക്കൂ...”

 

ഹാരി ലൈഫ്ബെൽറ്റ് എടുത്തണിഞ്ഞു. സീറ്റിനടിയിൽ നിന്നും മറ്റൊരെണ്ണം വലിച്ചെടുത്ത് അദ്ദേഹം മാക്സിന് നേർക്ക് നീട്ടി. “നീയും ധരിക്കൂ...”

 

കാര്യമില്ല... അതിന് മുമ്പ് എന്റെ തന്നെ രക്തത്തിൽ മുങ്ങിച്ചാവും ഞാൻ...”

 

നൂറ് അടി ഉയരത്തിൽ നിന്ന് പിന്നെയും താഴേക്ക്... മാക്സ് വിമാനത്തെ ഇടത്തോട്ട് സ്വിങ്ങ് ചെയ്ത് തിരമാലകൾക്ക് സമാന്തരമാക്കി ലാന്റ് ചെയ്തു. കോക്ക്പിറ്റിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിത്തുടങ്ങിയതും ഡോർ തുറന്ന് ഹാരി സീറ്റ് ബെൽറ്റ് അഴിച്ചു. വിമാനം മുങ്ങിത്തുടങ്ങിയിരുന്നു. മാക്സിന്റെ സീറ്റ് ബെൽറ്റ് അഴിക്കുവാൻ ഹാരി ശ്രമിച്ചെങ്കിലും അത് ജാം ആയിപ്പോയിരുന്നു.

 

മാക്സ് ഒന്നു കൂടി ചുമച്ചു. വീണ്ടും ഒരു കവിൾ രക്തം അദ്ദേഹത്തിന്റെ വായിൽ നിന്നും പുറത്തേക്കൊഴുകി.

 

എടാ മണ്ടാ, എന്റെ കാര്യം നോക്കണ്ട... നീ പുറത്തിറങ്ങ്...” മാക്സ് അലറി.

 

മാക്സ്... ദൈവത്തെയോർത്ത്...” ഹാരി നിലവിളിച്ചു.

 

തന്നിൽ അവശേഷിച്ചിരുന്ന സർവ്വ ശക്തിയുമെടുത്ത് മാക്സ് ഹാരിയുടെ വായ് നോക്കി ഒരു ഇടി വച്ചു കൊടുത്തു. തുറന്ന ഡോറിലൂടെ ഹാരി വെള്ളത്തിലേക്ക് തെറിച്ചു. തിരമാലകൾ അദ്ദേഹത്തെ ഏറ്റുവാങ്ങി ദൂരേയ്ക്ക് കൊണ്ടുപോയി. അപ്പോഴേക്കും അദ്ദേഹത്തിനരികിൽ ലൈവ്ലി ജെയ്ൻ എത്തിക്കഴിഞ്ഞിരുന്നു. പക്ഷേ, ഹാരിയുടെ കണ്ണുകൾ അപ്പോഴും വിമാനത്തിന്മേലായിരുന്നു. ഇടതു ചിറക് മുഴുവനായും വെള്ളത്തിനടിയിലായ വിമാനം ഒന്ന് ചരിഞ്ഞു. കോക്ക്പിറ്റിൽ ഇരിക്കുന്ന തന്റെ സഹോദരനെ അദ്ദേഹം അവസാനമായി ഒരു നോക്കു കണ്ടു. പിന്നെ ഒരു നിഴൽ പോലെ അത് തിരമാലകൾക്കടിയിലേക്ക് അപ്രത്യക്ഷമായി. എന്നെന്നേക്കുമായി...

 

                                                           ***

 

ലൈഫ്ബോട്ടിൽ നിന്നും രണ്ടു പേർ ചേർന്ന് ഇട്ടു കൊടുത്ത കയറിൽ പിടിച്ച ഹാരിയെ അവർ വലിച്ചു കയറ്റി. ഡെക്കിൽ കുഴഞ്ഞിരുന്ന ഹാരിയുടെ ചുമലിലൂടെ മറ്റൊരാൾ ഒരു ബ്ലാങ്കറ്റ് ചുറ്റി പുതപ്പിച്ചു.

 

ഹാരീ, നീ തന്നെയാണോ ഇത്...?” മൺറോ ചോദിച്ചു.

 

എന്റെ മുഖത്തെ മുറിവു കണ്ടാൽ അറിഞ്ഞു കൂടേ...? ഡാംൻ യൂ...”

 

എന്താണ് സംഭവിച്ചത്...?”

 

എന്നെയും മോചിപ്പിച്ച് ടേക്ക് ഓഫ് ചെയ്ത മാക്സ് ഇവിടെ വരെയെത്തി... ഒരു ME109 പിന്നാലെ പാഞ്ഞെത്തിയ ബുബി ഞങ്ങളുടെ നേർക്ക് വെടിയുതിർത്തു... മാക്സിന് നെഞ്ചിന്റെ പിൻഭാഗത്ത് വെടിയേറ്റു... അവിടെ വച്ചു തന്നെ അവൻ തന്റെ പതിവ് വിദ്യ പുറത്തെടുത്ത് ബുബിയെ ക്രാഷ് ചെയ്യിച്ച് കടലിൽ വീഴ്ത്തി... എൻഡ് ഓഫ് ദി സ്റ്റോറി...”

 

ഗുഡ് ഗോഡ്...!”

 

മോളി അദ്ദേഹത്തെ ചേർത്തു പിടിച്ചു. “താഴേക്ക് വരൂ... നിങ്ങൾക്ക് ഒരു ചെക്കപ്പിന്റെ ആവശ്യമുണ്ട്...”

 

എന്തിന്...? ഈ ലോകത്തു നിന്നും എന്നോ വിട പറയേണ്ടിയിരുന്നവനാണ് ഞാനെന്ന് പറയാനോ...? വർഷങ്ങളായി എനിക്കറിയാവുന്നതാണത്... എന്റെ സഹോദരനും അതറിയാമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു... ഇന്ന് അവൻ എന്നോടൊപ്പമില്ല...” അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. “മോളീ, പ്രിയതമേ, നിനക്കറിയുമോ...? ടർക്വിൻ പോയതോടെ എന്നോടൊപ്പമുണ്ടായിരുന്ന ഭാഗ്യവും പോയ്മറഞ്ഞു... അയാം ഡെഡ് മാൻ വാക്കിങ്ങ്...” അദ്ദേഹം എഴുന്നേറ്റ് അവളോടൊപ്പം താഴേക്ക് നടന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...