ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
1954 ൽ ആണ് മേജർ വിൽസൺ എന്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരുന്നത്. ലീഡ്സിൽ ഒരു സിവിൽ സെർവന്റ് ആയി ജോലി നോക്കുകയായിരുന്നു അന്ന് ഞാൻ . സമാന സ്വഭാവമുള്ള ഏതാനും നോവലുകൾ ഇതിനോടകം ഞാൻ എഴുതിക്കൂട്ടിയിരുന്നുവെങ്കിലും ആവശ്യക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല അതിന്. എങ്കിലും ഞാൻ എഴുത്ത് തുടർന്നു. ഒരു മാസത്തെ അവധിയ്ക്ക് എനിക്ക് അർഹത ലഭിച്ചത് ആ സമയത്തായിരുന്നു. അങ്ങനെ ആ അവധിക്കാലത്ത് ഏതാനും ദിനങ്ങൾ ചെലവഴിക്കുവാനായി ബെർലിനിലേക്ക് പോകുവാൻ ഞാൻ തീരുമാനിച്ചു. കാരണം, ആ സമയത്തായിരുന്നു എന്റെ അമ്മാവന് ബെർലിനിലെ ആർമി ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റം ലഭിച്ചത്.
മേജർ വിൽസന്റെ ഫോൺ കോൾ എനിക്കൊരു ഷോക്കായിരുന്നു. യേറ്റ്സ് വൈൻ ബാർ തന്നെയായിരുന്നു ഇത്തവണയും താവളം. സാന്റ്‌വിച്ചിന് ഓർഡർ ചെയ്തിട്ട് അദ്ദേഹം സംഭാഷണം ആരംഭിച്ചു.
"ഇലക്ട്രിസിറ്റി അതോറിറ്റിയിലെ ഈ ജോലി വിരസമായി തോന്നുന്നില്ലേ നിങ്ങൾക്ക്...?"
"ശരിയാണ്..." ഞാൻ പറഞ്ഞു. "പക്ഷേ, ദിവസവും ഒരു മണിക്കൂർ സമയത്തെ ജോലിയേ ഉള്ളൂ... ബാക്കി സമയം അവിടെയിരുന്ന് എഴുതുവാൻ ഉപയോഗിക്കുകയാണ് ഞാൻ..."
"പക്ഷേ, അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ നിങ്ങൾക്ക്..." നിർദ്ദാക്ഷിണ്യം അദ്ദേഹം പറഞ്ഞു. അൽപ്പനേരത്തെ മൗനത്തിന് ശേഷം എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു. "ഏതാനും ദിവസത്തേക്ക് ബെർലിനിൽ ഒന്ന് പോയി വന്നാലോ...?"
"ലുക്ക്... വാട്ട് ദി ഹെൽ ഈസ് ദിസ് എബൗട്ട്...?" ഞാൻ ചോദിച്ചു.
"ബെർലിൻ..." അദ്ദേഹം പറഞ്ഞു. "അടുത്ത ചൊവ്വാഴ്ച ഒരാഴ്ചത്തെ സന്ദർശനത്തിനായി നിങ്ങൾ അമ്മാവന്റെ അടുത്തേക്ക് പോകുന്ന വിവരം ഞങ്ങൾ അറിഞ്ഞു. അതോടൊപ്പം ഞങ്ങൾക്ക് വേണ്ടിയും ചില കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടി വരും..."
പുറത്തെ ട്രാഫിക്കിന്റെ ശബ്ദകോലാഹലങ്ങൾ ചെറുതായിട്ടെങ്കിലും ബാറിനുള്ളിലേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശം ഒരിക്കലും എനിക്ക് ഉൾക്കൊള്ളുവാൻ ആവുന്നുണ്ടായിരുന്നില്ല.
"നോക്കൂ... 21 SAS ൽ ചേരുവാൻ ശ്രമിച്ചപ്പോൾ എന്റെ ഒരു കണ്ണിന് കുഴപ്പമുണ്ടെന്ന് പറഞ്ഞ് താങ്കൾ അനുവദിച്ചില്ല... ആ നിലയ്ക്ക് താങ്കളുടെ സ്ഥാപനവുമായി യാതൊരു ബന്ധവും എനിക്കില്ല... എന്താ, ശരിയല്ലേ...?" ഞാൻ ചോദിച്ചു.
"നിങ്ങൾ കരുതുന്നത് പോലെ ലളിതമല്ല കാര്യങ്ങൾ... ഒരു കാര്യം നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കട്ടെ... നിങ്ങൾ ഒരു ഒഫിഷ്യൽ സീക്രട്ട് ആക്റ്റ് സൈൻ ചെയ്തിട്ടുണ്ട്... മാത്രവുമല്ല, ആർമി റിസർവ്വിലെ ഒരു അംഗവുമാണ് ഇപ്പോഴും നിങ്ങൾ..."
"എന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...?"
"അതെ... നിങ്ങൾ ഇപ്പോഴും ഞങ്ങളുടെ സ്വത്താണ്..." ബ്രീഫ്കേസ് തുറന്ന് അദ്ദേഹം ഒരു എൻവലപ്പ് പുറത്തെടുത്തു. "ബെർലിനിൽ ചെന്നതിന് ശേഷം ഈസ്റ്റേൺ സോണിലേക്ക് ബസ് മാർഗ്ഗം നിങ്ങൾ ഒന്ന് പോകേണ്ടി വരും... അതേക്കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാം ഈ കവറിനുള്ളിലുണ്ട്... അതിൽ പറഞ്ഞിരിക്കുന്ന അഡ്രസ്സിലുള്ള സ്ഥലത്ത് ചെല്ലുക, അവിടെ നിന്നും ലഭിക്കുന്ന ഒരു എൻവലപ്പ് തിരികെ കൊണ്ടുവരിക... അത്ര മാത്രം..."
"ഇത് ഭ്രാന്താണ്..." ഞാൻ പറഞ്ഞു. "ഒരു കാര്യം തീർച്ച... ബെർലിനിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവം വച്ച് പറയുകയാണ്... ഒരു ബ്രിട്ടീഷ് പാസ്പോർട്ടുമായി അവിടെ പോകുക എന്നത് അസാദ്ധ്യമാണ്..."
"മൈ ഡിയർ ചാപ്... നിങ്ങളുടെ ഐറിഷ് കുടുംബ പശ്ചാത്തലം നിങ്ങൾക്ക് ഒരു ഐറിഷ് പാസ്പോർട്ട് കൂടി നേടിത്തരുന്നു... അത് ഈ എൻവലപ്പിനുള്ളിലുണ്ട്... ഐറിഷ് പാസ്പോർട്ട് ഉള്ളവർക്ക് എവിടെ വേണമെങ്കിലും പോകാം... ചൈനയിൽ വരെ... വിസ പോലും ആവശ്യമില്ല..." അദ്ദേഹം എഴുന്നേറ്റിട്ട് ഒന്ന് പുഞ്ചിരിച്ചു. "എല്ലാം ആ കവറിനുള്ളിലുണ്ട്..."
"ശരി... എപ്പോഴാണ് ഞാൻ തിരികെ വരുന്നത്...?"
"എല്ലാ കാര്യങ്ങളും ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്..."
ഉച്ചഭക്ഷണത്തിന് എത്തിയവരുടെ തിരക്കിനിടയിലൂടെ അദ്ദേഹം നടന്നകന്നു. പെട്ടെന്നാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത്... എപ്പോഴാണ് തിരികെയെത്തുക എന്നായിരുന്നില്ല ഞാനപ്പോൾ ചിന്തിച്ചിരുന്നത്... മറിച്ച്,
തിരികെയെത്താൻ എനിക്കാവുമോ എന്നായിരുന്നു...!
തിരികെയെത്താൻ എനിക്കാവുമോ എന്നായിരുന്നു...!
***
എന്റെ അമ്മാവനെ തിരികെ ഹാംബർഗിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു എന്ന വാർത്തയാണ് ബെർലിനിൽ എത്തിയ എന്നെ എതിരേറ്റത്. അല്ലെങ്കിൽ അങ്ങനെയാണ് അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ സൂക്ഷിപ്പുകാരി എന്നെ അറിയിച്ചത്.
"നിങ്ങൾ അദ്ദേഹത്തിന്റെ അനന്തിരവനാണ്... നിങ്ങൾ വന്നാൽ ഫ്ലാറ്റ് തുറന്ന് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു..." ആ വൃദ്ധ പറഞ്ഞു.
അത്രയൊന്നും ആകർഷകമായിരുന്നില്ല ആ ഇടം. ബാഗ് താഴെ വച്ച് മൊത്തത്തിൽ ഒന്ന് നടന്ന് കണ്ട് തിരിഞ്ഞതും കോളിങ്ങ് ബെൽ മുഴങ്ങി. കോൺറാഡ് സ്ട്രാസർ ആയിരുന്നു അത്.
"നിങ്ങൾ നന്നായിരിക്കുന്നല്ലോ ഇത്തവണ..." അയാൾ അഭിപ്രായപ്പെട്ടു.
അവിടെ കണ്ട ഷ്നാപ്സിന്റെ ബോട്ട്‌ൽ തുറന്ന് അയാൾ രണ്ട് ഗ്ലാസുകളിലായി പകർന്നു.
"ഇത്തവണ ഈസ്റ്റേൺ സോണിലേക്ക് ഒരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് കേട്ടു...?" അയാൾ അർത്ഥഗർഭമായി എന്നെ നോക്കി.
"എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിഞ്ഞ ലക്ഷണമുണ്ടല്ലോ..."
"യെസ്... അങ്ങനെ പറയാം..."
"ഹാംബർഗിലെ ഡിറ്റക്ടിവ് ഇവിടെ ബെർലിനിൽ എന്ത് ചെയ്യുകയാണ്...?" അൽപ്പം ഷ്നാപ്സ് നുകർന്നിട്ട് ഞാൻ ചോദിച്ചു.
"കഴിഞ്ഞ വർഷമാണ് എനിക്ക് ഇങ്ങോട്ട് പോസ്റ്റിങ്ങ് ലഭിച്ചത്... പശ്ചിമ ജർമ്മനിയുടെ ഇന്റലിജൻസ് ആയ BND യിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. ഭരണകൂടത്തിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട ഓഫീസ്. പശ്ചിമ ജർമ്മനിയിലേക്കുള്ള കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റം തടയുക എന്നതാണ് ഞങ്ങളുടെ ചുമതല..."
"അതുകൊണ്ട്...?"
അയാൾ ഗ്ലാസിലേക്ക് അൽപ്പം കൂടി ഷ്നാപ്സ് പകർന്നു. "മദ്ധ്യാഹ്നത്തിന് ശേഷം നിങ്ങൾ ജർമ്മാനിക് ടൂർ കമ്പനിയുടെ ബസ്സിൽ പുറപ്പെടുന്നു... ബ്രിട്ടീഷ് പാസ്പോർട്ട് ഇവിടെ വച്ചിട്ട് വേണം പോകാൻ... ഐറിഷ് പാസ്പോർട്ട് മാത്രം എടുത്താൽ മതി..."
"എന്താണിതെല്ലാം...? ഈ വിഷയത്തിൽ നിങ്ങളുടെ പങ്ക് എന്താണ്...?" ഞാൻ ചോദിച്ചു.
"എന്റെ പങ്ക് എന്താണെന്നത് ഇവിടെ പ്രസക്തമല്ല... നിങ്ങൾ 21 SAS ന്റെ ഒരു സന്ദേശവാഹകനാണെന്ന കാര്യമാണിവിടെ മുഖ്യം..."
"ഇഷ്ടമുണ്ടായിട്ടല്ല... അവർ എന്നെ നിർബന്ധിച്ച് പറഞ്ഞയച്ചതാണ്..."
"വെൽ... അതിനും അപ്പുറമാണ് കാര്യങ്ങൾ... IRA യുടെ ഒരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ...? ഒരിക്കൽ പെട്ടു പോയാൽ പിന്നെ മോചനമില്ല എന്ന്...?"
ശരിക്കും അമ്പരന്നു പോയിരുന്നു ഞാൻ. എങ്കിലും ഇത്രയും ചോദിക്കുവാനുള്ള മനക്കരുത്ത് ഞാൻ എങ്ങനെയോ സംഭരിച്ചു. "ഈ വിഷയത്തിൽ നിങ്ങളുടെ പങ്ക് എനിക്കിനിയും മനസ്സിലാവുന്നില്ല..."
അയാൾ തന്റെ പേഴ്സിൽ നിന്നും ഒരു പേപ്പർ പുറത്തെടുത്ത് എനിക്ക് നീട്ടി. "ഇതൊരു റഫ് മാപ്പ് ആണ്... അവിടെ ഹെയ്നിസ് എന്നൊരു ബാർ ഉണ്ട്... എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ നേരെ അവിടെ ചെന്ന് ബാർമാനെ കാണുക... എന്നിട്ട് നിങ്ങളുടെ താമസസ്ഥലം തൃപ്തികരമല്ല എന്നും ഉടൻ തന്നെ മറ്റൊരിടത്തേക്ക് മാറണമെന്നും പറയുക... ഓർക്കുക, ഇംഗ്ലീഷ് ഭാഷ മാത്രമേ ഉപയോഗിക്കാവൂ..."
"ഓകെ, ആ വാക്യം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്...?"
"നിങ്ങളുടെ സഹായത്തിന് ഒരു വ്യക്തി ഉടൻ എത്തുമെന്ന്... അഥവാ ഇനി യാതൊരു വിധ പ്രശ്നങ്ങളും നേരിട്ടില്ല എങ്കിൽ നിങ്ങൾ ടൂർ കമ്പനിയുടെ ബസ്സിൽത്തന്നെ തിരികെയെത്തുക... അങ്ങനെയെങ്കിൽ അതിന്റെയർത്ഥം ഈ ലോകം എത്ര സമ്പൂർണ്ണവും സുന്ദരവും എന്നായിരിക്കും..."
"നിങ്ങൾ ഇതിന്റെ ഭാഗമാണ്..." ഞാൻ പറഞ്ഞു. "ഞാനും മേജർ വിൽസണും ഒക്കെ.. എന്റെ അമ്മാവനാണെങ്കിൽ ഇവിടെയൊട്ടില്ല താനും... എന്നിട്ടും നിങ്ങൾ ഇവിടെയെത്തി... വാട്ട് ദി ഹെൽ ഗോസ് ഓൺ...?"
ലീഡ്സിലെ എന്റെ ഓഫീസിനെക്കുറിച്ച് എന്തുകൊണ്ടോ പെട്ടെന്നെനിക്ക് ഓർമ്മ വന്നു. അതിനടുത്തുള്ള അസ്റ്റോറിയാ ബാൾറൂം... വെള്ളിയാഴ്ച രാത്രികളിൽ നൃത്തം ചവിട്ടാനായി അവിടെയെത്തുന്ന കോട്ടൺ ഫ്രോക്ക് ധാരികളായ പെൺകുട്ടികൾ... ഈ നശിച്ച നേരത്ത് ഞാനെന്താണിവിടെ ചെയ്യുന്നത്...?
"ചിലന്തിവലയിൽ അകപ്പെട്ട ഒരു പ്രാണിയാണ് നിങ്ങൾ... ഗെസ്റ്റപ്പോയിൽ അകപ്പെട്ട എന്നെപ്പോലെ... വലയ്ക്കുള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്ന നമുക്ക് ഒരു തിരിച്ചുപോക്ക് ഇല്ല..." ഗ്ലാസ്സിലെ ഷ്നാപ്സ് ഒറ്റയടിക്ക് അകത്താക്കിയിട്ട് അയാൾ വാതിലിന് നേർക്ക് നടന്നു. "അയാം ഓൺ യുവർ സൈഡ്, ബോയ്... റിമെംബർ ദാറ്റ്..." വാതിൽ തുറന്ന് പുറത്തിറങ്ങി അയാൾ നടന്നു നീങ്ങി.