അതു കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസങ്ങൾക്ക്
ശേഷമാണ് ആബെ കെൽസോയെ പ്രസിഡന്റിന്റെ ഓവൽ ഓഫീസിലേക്ക് വിളിപ്പിച്ചത്. തെളിഞ്ഞ
പ്രഭാതം... പ്രസന്നകരമായ അന്തരീക്ഷം.
“പോകേണ്ട സമയമായിരിക്കുന്നു ആബെ...”
റൂസ്‌വെൽറ്റ് പറഞ്ഞു. “ഏറിയാൽ ഒരാഴ്ച്ച... അതിൽ കൂടാൻ പാടില്ല... നിങ്ങളെ
കാണാമെന്ന് വിൻസ്റ്റൺ സമ്മതിച്ചിട്ടുണ്ട്... അദ്ദേഹത്തിന് പറയാനുള്ളതെല്ലാം
കേൾക്കുക... അദ്ദേഹത്തെ മാത്രമല്ല... അവിടെ സന്നിഹിതരായിരിക്കുന്ന
മറ്റെല്ലാവരെയും... ജനറൽ ഐസൻഹോവർ, മോണ്ട്ഗോമറി, പാറ്റൺ അങ്ങനെ എല്ലാവരെയും...
എനിക്കാവശ്യം നിങ്ങളുടെ അഭിപ്രായമാണ്... യൂറോപ്യൻ അധിനിവേശത്തെക്കുറിച്ച് അവരുടെ
കാഴ്ച്ചപ്പാട് എന്താണെന്ന നിങ്ങളുടെ ആത്മാർത്ഥവും നിഷ്പക്ഷവുമായ അഭിപ്രായം...”
“ഐ വിൽ ഡൂ മൈ ബെസ്റ്റ്, മിസ്റ്റർ
പ്രസിഡന്റ്...”
മറ്റൊരു സിഗരറ്റ് എടുത്ത് റൂസ്‌വെൽറ്റ്
ഹോൾഡറിൽ തിരുകി. “ലണ്ടനിൽ ഇപ്പോൾ നടക്കുന്ന ബോംബിങ്ങ് ഉണ്ടല്ലോ... ലിറ്റ്‌ൽ
ബ്ലിറ്റ്സ്... അഭംഗുരം അത് തുടരുകയാണെന്നാണല്ലോ കേട്ടത്...”
“അങ്ങനെയാണ് മനസ്സിലാക്കാനായത്... ഓരോ
റെയ്ഡിലും അറുപതും എഴുപതും വിമാനങ്ങളാണ് ആക്രമണത്തിന് എത്തുന്നതെന്ന് വാർ
ഡിപ്പാർട്മെന്റ് പറയുന്നു...” ആബെ പറഞ്ഞു. “വളരെയേറെ നാശനഷ്ടങ്ങളും മരണവുമാണ്
സംഭവിച്ചുകൊണ്ടിരിക്കുന്നത്... എങ്കിലും പണ്ടത്തെ അത്ര ഭീകരമല്ല എന്ന് വേണം
പറയാൻ...”
“ശരിയായിരിക്കാം... പക്ഷേ, നമ്മുടെ
ഇന്റലിജൻസ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ട് പ്രകാരം ലണ്ടനിലെ ഭൂരിഭാഗം ജനങ്ങളും
അക്ഷമരാണത്രെ... ഇതിനെതിരെ എന്തെങ്കിലും ഒരു ആക്ഷൻ എടുത്തു കാണുവാൻ അവർ
ആഗ്രഹിക്കുന്നു... ബ്രിട്ടീഷുകാർ 1939 മുതൽ യുദ്ധത്തിൽ സജീവമാണെന്ന കാര്യം ഓർമ്മ
വേണം... മറ്റൊരു കാര്യം... നാസികളുടെ റോക്കറ്റ് പ്രോഗ്രാം... അവർ മിസ്സൈലുകൾ
നിർമ്മിച്ചു തുടങ്ങിയ കാര്യം നമുക്കറിയാമല്ലോ... അതേക്കുറിച്ചുള്ള വിശദാംശങ്ങൾ
നിങ്ങൾ സംഘടിപ്പിക്കണം... ജനങ്ങൾ എന്താണ് പറയുന്നതെന്ന് എനിക്കറിയണം... ബട്ട്,
ഇറ്റ്സ് യുവർ ഒപ്പീനിയൻ ഐ നീഡ്...”
ആബെ പുഞ്ചിരിച്ചു. “ചുരുക്കി പറഞ്ഞാൽ
അവിടുത്തെ രാഷ്ട്രീയ നേതാക്കളുടെയും മിലിട്ടറിയിലെ ഉന്നതരുടെയും ഉള്ളിലിരുപ്പ് എന്താണെന്ന് അറിയണം...”
“എക്സാക്റ്റ്‌ലി...” പ്രസിഡന്റ്
പുഞ്ചിരിച്ചു. “അപ്പോൾ പുറപ്പെടാൻ ഒരുങ്ങിക്കോളൂ ആബെ... ഐ നോ ഐ ക്യാൻ റിലൈ ഓൺ
യൂ...”
***
ഇംഗ്ലണ്ടിലെ എട്ടാം എയർഫോഴ്സ്
വിഭാഗത്തെ സന്ധിക്കുവാനായി അമേരിക്കൻ മിലിട്ടറിയുടെ ഫോർട്രെസ് വിമാനത്തിലാണ് ആബെ
കെൽസോ യാത്ര തിരിച്ചത്. ന്യൂ ഇംഗ്ലണ്ടിന്റെ തീരം ക്രോസ് ചെയ്യുമ്പോൾ സമയം രാത്രിയായിരുന്നു.
ക്രൂ നൽകിയ ആർമി ബ്ലാങ്കറ്റും തലയിണകളും കൊണ്ട് കഴിയുന്നതും സുഖപ്രദമായ രീതിയിൽ ഇരിക്കുവാൻ
അദ്ദേഹം ശ്രമിച്ചു. ചെറുപ്പക്കാരനായ ഒരു സെർജന്റ് കൊണ്ടുവന്നു കൊടുത്ത കോഫി
നുകർന്നു കൊണ്ട് തന്റെ ചിന്തകളെ അദ്ദേഹം പിറകോട്ട് പായിച്ചു.
റൂസ്‌വെൽറ്റുമായി നടന്ന സംഭാഷണം
പലവട്ടം അദ്ദേഹം തന്റെ മനസ്സിലിട്ട് അപഗ്രഥിച്ചു. വളരെ ലളിതം... കൃത്യവും വസ്തുനിഷ്ഠവുമായ വിവരങ്ങളാണ്
പ്രസിഡന്റിന് ആവശ്യം... സഖ്യസേനയുടെ ഏറ്റവും പ്രമുഖരായ ഏതാനും വ്യക്തികളെയാണ് താൻ
സന്ധിക്കാൻ പോകുന്നതെന്ന കാര്യം ഓർത്തപ്പോൾ ആബെയുടെ ഉള്ളിൽ ആഹ്ലാദം തിരതല്ലി.
ഒപ്പം എന്തുകൊണ്ടോ, അകാരണമായ ഭയവും...
ഏതാനും മണിക്കൂറുകൾക്ക് ശേഷം
പൈലറ്റുകളിൽ ഒരുവനായ ലെഫ്റ്റ്നന്റ് മില്ലർ എന്ന ചെറുപ്പക്കാരൻ ഒരു
തെർമോസ്ഫ്ലാസ്കിൽ കോഫിയുമായി വന്ന് അദ്ദേഹത്തിനരികിൽ ഇരുന്നു. രണ്ട് കപ്പുകളിൽ
കോഫി പകർന്നിട്ട് ഒന്ന് അദ്ദേഹത്തിന് നൽകി.
“സോറി സെനറ്റർ... യാത്രാ
വിമാനങ്ങളെപ്പോലെ അത്ര സൗകര്യപ്രദമായിരിക്കില്ല ഇത്... മിലിട്ടറി വിമാനത്തിൽ യാത്ര
ചെയ്ത് അങ്ങേയ്ക്ക് പരിചയമുണ്ടാകാൻ സാദ്ധ്യതയില്ല...”
മറ്റൊന്നും ചിന്തിക്കാതെ അദ്ദേഹം
മറുപടി പറഞ്ഞു. “എനിക്ക് പരിചിതമല്ലായിരിക്കാം... പക്ഷേ, എന്റെ
കുടുംബത്തിലുള്ളവർക്ക് പരിചിതമാണ്... എന്റെ മകൻ ഒന്നാം ലോകമഹായുദ്ധകാലത്ത്
ബ്രിട്ടീഷ് റോയൽ എയർഫോഴ്സിലെ ഫൈറ്റർ പൈലറ്റ് ആയിരുന്നു...” പിന്നെ ഒന്ന്
സംശയിച്ചിട്ട് അദ്ദേഹം മാക്സിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കി. “മാത്രമല്ല, എന്റെ കൊച്ചുമകൻ
ഇപ്പോൾ RAFൽ ഫൈറ്റർ പൈലറ്റായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു...”
“RAF ന് ഒപ്പമോ...? അദ്ദേഹം നമ്മോടൊപ്പമല്ലേ
പ്രവർത്തിക്കേണ്ടത്...?”
“എന്ന് ചോദിച്ചാൽ അതേയെന്നാണ് ഉത്തരം...”
ആബെ പറഞ്ഞു. “പക്ഷേ, സ്വന്തം തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ അവൻ കൂട്ടാക്കുന്നില്ലത്രെ...”
മില്ലർ ചിരിച്ചു. “അല്ലെങ്കിലും ഈ
ഫൈറ്റർ പൈലറ്റുമാർ ഇങ്ങനെ തന്നെയാണ്... ഒരു പ്രത്യേക ജനുസ്സ്... ബോംബർ പൈലറ്റുമാരെ
വിളിക്കുന്ന പേരെന്താണെന്ന് അറിയുമോ...? ട്രക്ക് ഡ്രൈവേഴ്സ്...!”
“സത്യത്തിൽ കുറച്ചു കാലം ബോംബർ
വിമാനങ്ങളും പറത്തിയിട്ടുണ്ട് അവൻ... മിഡിൽ ഈസ്റ്റിൽ വച്ച്... ബോംബിങ്ങിലൂടെ ഒരു
ഇറ്റാലിയൻ ക്രൂയ്സർ തകർത്തിട്ടുമുണ്ട്...”
ആ പറഞ്ഞത് മില്ലറുടെ തലയിൽ കയറിയത്
പോലെ തോന്നിയില്ല. ഒന്ന് തല കുലുക്കിയിട്ട് അയാൾ എഴുന്നേറ്റു. “ഗുഡ് ഫോർ ഹിം...
വെൽ... ജോലി ബാക്കിയുണ്ട് സെനറ്റർ... ഞാൻ പിന്നീട് വരാം...”
അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് ആബെ
പിന്നോട്ട് ചാഞ്ഞ് ഇരുന്നു. ഇരുട്ടിനെ കീറി മുറിച്ച് ഫോർട്രെസ് പ്രയാണം തുടരവെ
ബ്ലാങ്കറ്റ് വലിച്ച് ചുമലിലൂടെ ചുറ്റിയിട്ട് അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണു.
***
ബെർലിനിൽ എത്തിയ മാക്സ്, ലുഫ്ത്‌വാഫ്
ഹെഡ്ക്വാർട്ടേഴ്സിൽ അഡോൾഫ് ഗാലന്റിന് മുന്നിൽ റിപ്പോർട്ട് ചെയ്തു. കാന്റീനിൽ സാൻഡ്‌വിച്ചും
ബിയറും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലയുയർത്തി നോക്കിയ
അദ്ദേഹത്തിന്റെ മുഖം പ്രസന്നമായി. “ഗുഡ് റ്റു സീ യൂ മാക്സ്...”
“എനിക്കൽപ്പം സംസാരിക്കാനുണ്ട്...”
മാക്സ് ഇരുന്നു. “അടുത്തിടെ നടന്ന ലണ്ടനിലെ നമ്മുടെ വ്യോമാക്രമണങ്ങൾ എല്ലാം
വിജയകരമായിരുന്നുവല്ലോ... ഇനി എനിക്ക് ME109 ലേക്ക് തിരിച്ച് പോയാൽ
കൊള്ളാമെന്നുണ്ട്... ജങ്കേഴ്സ് വിമാനങ്ങൾക്ക് കുഴപ്പമൊന്നുമില്ല... പക്ഷേ,
എനിക്കെന്തോ അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ല...”
“ജങ്കേഴ്സുമായല്ലേ നിങ്ങൾ പതിനഞ്ച്
തവണ ലണ്ടനിലേക്ക് പറന്നതും ഒരു പോറൽ പോലും ഏൽക്കാതെ തിരികെ എത്തിയതും...?”
“അതല്ല കാര്യം ഡോൾഫോ... കമോൺ...”
മാക്സിന്റെ മുഖത്തേക്ക് നോക്കി ഏതാനും
നിമിഷങ്ങൾ അദ്ദേഹം ഇരുന്നു. പിന്നെ നെറ്റി ചുളിച്ചിട്ട് തല കുലുക്കി. “എന്റെ സഹായി
ആയി നിങ്ങളെ ഞാൻ നിയമിക്കാം... ഫ്രഞ്ച് തീരത്ത്... സ്വന്തമായി ഒരു ME109 ഉം
തരാം... എന്നോടൊപ്പമുള്ള ജോലി തീർത്തിട്ട് വിമാനവുമായി നിങ്ങൾ എന്തു ചെയ്യുന്നു
എന്നത് നിങ്ങളുടെ ഇഷ്ടം... സമ്മതമാണോ...?”
“തീർച്ചയായും...”
“ഗുഡ്... എനിക്ക് പോകേണ്ട സമയമായി...
ബൈ ദി വേ, ഒരു വാർത്ത കേട്ടു... ജനറൽ പ്രൈൻ, ജനറൽ ക്രെബ്സ്, പ്രൈനിന്റെ സഹായി,
കേണൽ ലിൻഡ്മാൻ, പിന്നെ കുറച്ച് ജൂനിയർ ഓഫീസർമാർ എന്നിവരെ ഗെസ്റ്റപ്പോ
പൊക്കിയതായി...”
“എന്തിന്...?”
“ഫ്യൂറർക്ക് നേരെ വിഫലമായ ഒരു
ബോംബാക്രമണം കൂടി നടന്നിരിക്കുന്നു എന്നാണ് സംസാരം... ആ പഴയ അഡ്‌ലർ ഹോട്ടലിലെ
ബ്രിജ് ക്ലബ്ബിൽ മെംബർമാരായിരുന്നുവത്രെ മേൽപ്പറഞ്ഞവരെല്ലാം...”
“അതു കൊണ്ട്...?” മാക്സ് ചോദിച്ചു.
“നിങ്ങളുടെ അമ്മയും അവിടെ കളിക്കാൻ
പോകാറുള്ളതല്ലേ...?”
ഇടിവെട്ടേറ്റവനെപ്പോലെ മാക്സ് നിന്നു.
“തീർച്ചയില്ല...”
“വേറെ ഏതെങ്കിലും ക്ലബ്ബിൽ
പോകുന്നതായിരിക്കും അവർക്ക് നല്ലതെന്നാണ് എന്റെ അഭിപ്രായം...” ഗാലന്റ് പറഞ്ഞു. “സമയം
വളരെ മോശമാണ്...” അദ്ദേഹം പുറത്തേക്ക് നടന്നു.
മാക്സ് ഉടൻ തന്നെ ബുബി ഹാർട്ട്മാന്റെ
ഓഫീസിലേക്ക് വിളിച്ചു. അദ്ദേഹം അവിടെയില്ല എന്ന മറുപടിയാണ് ട്രൂഡി ബ്രൗൺ നൽകിയത്.
അത്യാവശ്യമായി അദ്ദേഹത്തെ സന്ധിക്കേണ്ടതുണ്ടെന്നും ആറു മണിക്ക് അഡ്‌ലൺ ബാറിൽ താൻ
ഉണ്ടായിരിക്കുമെന്നും മാക്സ് അവളെ പറഞ്ഞേല്പിച്ചു. അവൾ റിസീവർ ക്രാഡിലിൽ വച്ചു. തൊട്ടു മുന്നിൽ
തന്റെ പാരലൽ ലൈനിൽക്കൂടി എല്ലാം കേട്ടു കൊണ്ടിരുന്ന ഹാർട്ട്മാനും ഫോൺ താഴെ വച്ചു.
“സ്ഥിതി മോശമാണോ...?” അവൾ ചോദിച്ചു.
“എന്ന് തോന്നുന്നു...”
“താങ്കൾ ഇതിൽ ഇടപെടാൻ പോകുകയാണോ...?”
“എന്റെ സുഹൃത്താണ് മാക്സ്...” ഹാർട്ട്മാൻ
തന്റെ യൂണിഫോം നേരെയാക്കി. “ഞാൻ റൈഫ്യൂററെ ഒന്ന് കണ്ടിട്ട് വരാം... വെസ്റ്റ്
വാളിലെ ആ ഫ്രഞ്ച് ചെറുത്തു നില്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ഒന്ന് തരൂ... അദ്ദേഹത്തെ
കാണുവാൻ ഒരു കാരണം വേണമല്ലോ...”
“ബീ കെയർഫുൾ...” അവളുടെ സ്വരത്തിൽ
പരിഭ്രാന്തി കലർന്നിരുന്നു.