Monday, December 31, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 13

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ഹാരി ഇനിയെന്ത് എന്ന ചി‌ന്തയിലായിരുന്നു. ജീവിതം വിരസമായി തോന്നിത്തുടങ്ങിയ നാളുകൾ. ഉന്നത കുടുംബങ്ങളിലെ തന്റെ സുഹൃത്തുക്കളുടെ പെണ്മക്കളുമായി ബന്ധം സ്ഥാപിക്കുവാൻ ആബെ അവനെ പ്രേരിപ്പിച്ചെങ്കിലും തന്റെ ഇരട്ട സഹോദരനെ പോലെ അതിനൊന്നും തയ്യാറാവാതെ മാറി നിൽക്കുകയാണ് ഹാരി ചെയ്തത്. സെപ്റ്റംബറിലാണ് യൂറോപ്പിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. 1939 നവംബറിലെ ഒരു നാൾ സ്വീകരണ മുറിയിലെ നെരിപ്പോടിനരികിൽ ഏതാനും മാഗസിനുകൾ മറിച്ച് നോക്കിക്കൊണ്ടിരുന്ന ആബെ തന്റെ മുന്നിൽ വന്നുപെട്ട ഹാരിയെ തടഞ്ഞ് നിർത്തി.

"ഗെറ്റ് യുവേഴ്സെൽഫ് എ ഡ്രിങ്ക്..." ആബെ അവനോട് പറഞ്ഞു. "എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്..."

ഇരുപത്തിയൊന്ന് വയസ്സാണ് അന്ന് ഹാരിയ്ക്ക്. ഒരു ഗ്ലാസിൽ അൽപ്പം സ്കോച്ച് പകർന്ന് വെള്ളം മിക്സ് ചെയ്തിട്ട് അവൻ തന്റെ മുത്തച്ഛന്റെ അരികിലെത്തി. "എന്താണിപ്പോഴത്തെ പ്രശ്നം...?"

കൈവശമുള്ള മാഗസിനുകളിലൊന്ന് ആബെ അവന് നൽകി. ലുഫ്ത്‌വാഫ് ഷിഫ് തലയിൽ അണിഞ്ഞ പക്വതയാർന്ന ഒരു മുഖമായിരുന്നു അതിന്റെ കവർച്ചിത്രം. പിന്നെ, ജർമ്മൻ സൈന്യത്തിന്റെ മാഗസിൻ ആയ 'സിഗ്‌നൽ' ന്റെ ഒരു കോപ്പി അദ്ദേഹം അവന് നീട്ടി. "ബ്ലാക്ക് ബാരന്റെ ചിത്രമാണ്..." ആബെ പറഞ്ഞു.

ഫ്ലൈയിങ്ങ് ഡ്രെസ്സ് ധരിച്ച് ഒരു ME 109 ന്റെ സമീപം നിൽക്കുന്ന മാക്സിന്റെ ചിത്രമായിരുന്നു അത്. ഒരു കൈയിൽ സിഗരറ്റുമായി കറുത്ത ഓവറോൾ ധരിച്ച ഒരു ലുഫ്ത്‌വാഫ് മെക്കാനിക്കുമായി സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് അവൻ.

"ആഹാ... മെഡലുകളൊക്കെ ഉണ്ടല്ലോ..." ഹാരി പറഞ്ഞു. "അച്ഛനെപ്പോലെ തന്നെ... ഗ്രേറ്റ്..."

"സ്പെയിനിലും പോളണ്ടിലുമൊക്കെയാണ് അവനിപ്പോൾ..." ആബെ പറഞ്ഞു.  "മാക്സ് കെൽസോ എന്നതിന് പകരം ബാരൺ വോൺ ഹാൾഡർ എന്നാണ് അവർ അവനെ വിളിക്കുന്നത്... അതിനേതായാലും ദൈവത്തിന് നന്ദി... ഒന്ന് ആലോചിച്ച് നോക്കൂ, മാക്സ് കെൽസോ എന്ന പേരിൽ അവന്റെ ചിത്രം ലൈഫ് മാഗസിന്റെ മുഖചിത്രമോ മറ്റോ ആയി വരുന്നത്... എന്റെ പേരക്കുട്ടി ഒരു നാസിയാണ് എന്ന് ലോകം അറിയുന്നത്...!"

"അവൻ നാസിയൊന്നുമല്ല..." ഹാരി പറഞ്ഞു. "ഒരു പൈലറ്റ് മാത്രം... അവൻ അവിടെയും നാം ഇവിടെയും ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ..." ഹാരി ആ മാഗസിൻ താഴെ വച്ചു. എന്തായിരിക്കും അവന്റെ മനസ്സിൽ ഇപ്പോൾ എന്ന് ആബെ അത്ഭുതപ്പെട്ടു. എന്നാൽ പതിവ് പോലെ ഹാരി തന്റെ മനോവ്യാപാരത്തെ വിദഗ്‌ദ്ധമായി മറച്ചു വയ്ക്കുക തന്നെ ചെയ്തു. എങ്കിലും ആ കണ്ണുകൾക്ക് പിന്നിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടക്കുന്നുണ്ടായിരുന്നു എന്നത് വാസ്തവമായിരുന്നു. ആബെയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു. "കുറച്ച് നാളുകളായി മൂട്ടിയുടെ ഒരു വിവരവും ഇല്ലല്ലോ..." ഹാരി പറഞ്ഞു.

"ശരിയാണ്... എന്തെങ്കിലും വിവരം ലഭിക്കാൻ ബുദ്ധിമുട്ടുമാണ്... സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരുമായി മിക്കപ്പോഴും ഞാൻ സംസാരിക്കാറുണ്ട്... മൂന്നാം സാമ്രാജ്യം എന്ന നാസി ജർമ്മനിയിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പുറത്ത് പോകാതിരിക്കാൻ അതീവ ശ്രദ്ധാലുക്കളാണത്രെ അവർ..." ആബെ പറഞ്ഞു.

"അത് പിന്നെ അങ്ങനെ ആവാനേ തരമുള്ളൂ... മുത്തച്ഛന് ഒരു ഡ്രിങ്ക് കൂടി എടുക്കട്ടെ...?"

"പിന്നെന്താ...." ആബെ പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പുറത്തെടുത്തു. "എന്ത് കഷ്ടമാണെന്ന് നോക്കണേ ഹാരീ... ആ ജർമ്മൻകാർ ഫ്രാൻസും ബ്രിട്ടണും പിടിച്ചടക്കുമെന്നാണ് തോന്നുന്നത്... എന്താണ്‌ ഇതിനൊരു പരിഹാരം...?"

"ഓ, എന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല..." ഗ്ലാസിലേക്ക് വിസ്കി പകർന്നുകൊണ്ട് ഹാരി കെൽസോ പറഞ്ഞു.

"ഹാരീ... സീരിയസ് ആയി നാം സംസാരിച്ചിട്ട് കുറച്ച് നാളുകളായി..." ആബെ പറഞ്ഞു. "കഴിഞ്ഞ വസന്തത്തിലാണ് നീ ബിരുദ പഠനം പൂർത്തിയാക്കിയത്... അതും ഉന്നത വിജയത്തോടെ... അതിന് ശേഷം ഇന്ന് വരെ നീ എന്താണ് ചെയ്തത്...? നി‌ന്റെ പിതാവിനെ പോലെ വിമാനം പറപ്പിക്കലും കാർ റേസിങ്ങും മാത്രം... എന്ത് ചെയ്യാനാണ് നിന്റെ ഉദ്ദേശ്യം...? എന്താണ് നിന്റെ ഭാവി പരിപാടികൾ...? ലോ കോളേജിൽ ചേരുന്നതിനെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം...?"

ഒന്ന് പുഞ്ചിരിച്ചിട്ട് ഹാരി തലയാട്ടി. "ലോ കോളേജ്...? ഇന്ന് രാവിലെ റഷ്യ ഫിൻലണ്ടിൽ അധിനിവേശം നടത്തിയിരിക്കുന്ന കാര്യം മുത്തച്ഛൻ അറിഞ്ഞുവോ...?" അൽപ്പം വിസ്കി നുകർന്നിട്ട് അവൻ തുടർന്നു. "ഫിന്നിഷ് എയർഫോഴ്സിൽ പൈലറ്റുമാരെ ആവശ്യമുണ്ടത്രേ... അതും എത്രയും പെട്ടെന്ന്... താൽപ്പര്യമുള്ള വിദേശ പൈലറ്റുകളെയും ക്ഷണിച്ചിട്ടുണ്ട്... സ്വീഡനിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തു കഴിഞ്ഞു..."

ആബെ ഞെട്ടിത്തരിച്ചു പോയി. "അങ്ങനെ പോകാൻ പറ്റില്ല ഹാരീ... ഇറ്റ്സ് നോട്ട് യുവർ വാർ..."

"ഇറ്റ് ഈസ് നൗ..." ഉറച്ച ശബ്ദത്തിൽ പറഞ്ഞിട്ട് ഹാരി കെൽസോ ഗ്ലാസ് കാലിയാക്കി.

                                    ***

ഫിൻലണ്ടും റഷ്യയും തമ്മിലുള്ള യുദ്ധം തുടക്കം മുതൽക്കേ ദയനീയമായിരുന്നു. കൊടിയ ശൈത്യമായിരുന്നു ഏറ്റവും വലിയ എതിരാളി. രാജ്യം മുഴുവനും ഹിമപാതത്താൽ മൂടിക്കിടന്നു. ആർമിയിലെ സ്കീ ട്രൂപ്പുകൾ തങ്ങളുടെ കഴിവിന്റെ പരമാവധി പൊരുതിയെങ്കിലും റഷ്യൻ സൈനിക ശക്തിയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ ഫിന്നിഷ് ആർമി ബുദ്ധിമുട്ടി.

ഇരുഭാഗത്തെയും യുദ്ധവിമാനങ്ങൾ കാലപ്പഴക്ക ചെന്നവയായിരുന്നു. റഷ്യൻ വ്യോമസേനയിലെ ഏറ്റവും പുതിയ വിമാനങ്ങൾ എന്ന് പറയാൻ ഉണ്ടായിരുന്നത് ഏതാനും FW 109 കളായിരുന്നു. ജർമ്മനിയുടെയും റഷ്യയുടെയും സൗഹൃദത്തിന്റെ അടയാളമായി ഏതാനും വർഷം മുമ്പ് ഹിറ്റ്‌ലർ സ്റ്റാലിന് സമ്മാനിച്ചവയായിരുന്നു അത്.

ഗ്ലൂസെസ്റ്റർ ഗ്ലേഡിയേറ്റർ എന്ന ബ്രിട്ടീഷ് ബൈ പ്ലെയിൻ ആയിരുന്നു ഹാരി കെൽസോയ്ക്ക് ലഭിച്ചത്. ഒന്നാം ലോക മഹായുദ്ധകാലത്തെ ഓപ്പൺ കോക്ക്പിറ്റ് ടൈപ്പ് വിമാനം. റഷ്യൻ പോർവിമാനങ്ങളുമായി താരതമ്യം ചെയ്യാനൊക്കില്ലെങ്കിലും തന്റെ അസാമാന്യ കഴിവുകളാൽ ഫിന്നിഷ് എയർഫോഴ്സിൽ തനതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ ഹാരിക്ക് സാധിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ തന്റെ പിതാവ് ചെയ്തിരുന്നത് പോലെ എല്ലാ പറക്കലിലും കോക്ക്പിറ്റിൽ സീറ്റിനരികിൽ ടർക്വിനും ഇടം പിടിച്ചിരുന്നു. സ്റ്റോക്ക്‌ഹോമിൽ നിന്നും വാങ്ങിയ ഒരു വാട്ടർപ്രൂഫ് സിപ് ബാഗിലായിരുന്നു ടർക്വിനെ ഹാരി കൊണ്ടു നടന്നിരുന്നത്.

ആ അവസരത്തിലാണ് ബ്രിട്ടണിൽ നിന്നും അര ഡസനോളം ഹരിക്കേൻ യുദ്ധവിമാനങ്ങൾ ഫിൻലണ്ടിന്‌ ലഭിക്കുന്നത്. റോയൽ എയർഫോഴ്സുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആ വിമാനങ്ങൾ എത്തിയതോടെ ഹാരിയുടെ ഭാഗ്യം തെളിഞ്ഞു. തന്റെ സ്ക്വാഡ്രണ് ലഭിച്ച രണ്ട് ഹരിക്കേനുകളിൽ ഒന്ന് ഹാരിക്കാണ് ലഭിച്ചത്. ഒരാഴ്ചക്ക് ശേഷം സ്വീഡനിൽ നിന്നും ഏതാനും ME 109 വിമാനങ്ങളും അവർക്ക് ലഭിച്ചു.

കൊടും ശൈത്യത്തിൽ ഹിമവാതങ്ങൾക്കും അതിശക്തമായ കാറ്റുകൾക്കും മദ്ധ്യേ  രണ്ട് തരം വിമാനങ്ങളും അതിവിദഗ്ദ്ധമായി ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്ന ഹാരി സ്ഥാനക്കയറ്റത്തിന് അർഹനായത് വളരെ പെട്ടെന്നായിരുന്നു. ക്യാപ്റ്റനായി പ്രൊമോട്ട് ചെയ്യപ്പെട്ട അവന്റെ യൂണിഫോമിൽ മെഡലുകളും അലങ്കാരങ്ങളും അടിക്കടി ഏറിക്കൊണ്ടിരുന്നു.

യൂറോപ്പിലെ വ്യോമയുദ്ധത്തെക്കുറിച്ച് ലേഖനം തയ്യാറാക്കാനായി ഒരുങ്ങിയ ലൈഫ് മാഗസിന്റെ ഒരു ഫോട്ടോ ജേർണലിസ്റ്റ്, സെനറ്റർ ആബെ കെൽസോയുടെ പേരക്കുട്ടി ഫിന്നിഷ് എയർഫോഴ്സിൽ സേവനമനുഷ്ഠിക്കുന്ന കാര്യം അറിഞ്ഞ് അത്ഭുതപരതന്ത്രനായി. അവന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞ അയാൾ അത് ഒരു പ്രധാനപ്പെട്ട വാർത്തയാക്കി. ഫ്രാങ്ക്‌ലിൻ ഡി. റൂസ്‌വെൽട്ടിന്റെ കിച്ചൺ ക്യാബിനറ്റിലെ അംഗവും സെനറ്റർ എന്ന നിലയിൽ ഉയർന്നു വരുന്ന ഒരു നേതാവും കൂടി ആയ ആബെ കെൽസോയെ ആ വാർത്ത ഒന്നു കൂടി പ്രശസ്തനാക്കി.

അങ്ങനെ ആബെയ്ക്ക് മറ്റൊരു പേരക്കുട്ടിയുടെ ചിത്രം കൂടി ഒരു മാഗസിന്റെ മുഖചിത്രമായി കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചു. മഞ്ഞ് മൂടിക്കിടക്കുന്ന റൺവേയിൽ ഒരു ME 109 ഫൈറ്റർ പ്ലെയിനിന് അരികിൽ ഫ്ലൈയിങ്ങ് സ്യൂട്ട് അണിഞ്ഞ് കൈയ്യിൽ ടർക്വിനുമായി നിൽക്കുന്ന ഹാരിയെ കണ്ടാൽ പത്ത് വയസ്സ് കൂടുതൽ തോന്നുമായിരുന്നു.

ഹാരിയുടെ വീരഗാഥകൾ അഭിമാനത്തോടെ വായിക്കുമ്പോഴും ആബെയുടെ മനസ്സ് വിങ്ങുകയായിരുന്നു. "ഞാൻ നിന്നോട് പറഞ്ഞതാണ് ഹാരീ... നോട്ട് യുവർ വാർ എന്ന്..." അദ്ദേഹം മന്ത്രിച്ചു. "ഇത് എവിടെ ചെന്ന് അവസാനിക്കും...?"

എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിൽ അറിയാമായിരുന്നു... അമേരിക്കയ്ക്കും യുദ്ധത്തിലേക്ക് ഇറങ്ങേണ്ടി വരുമെന്ന്... ഇന്നോ നാളെയോ അല്ലെങ്കിൽ മറ്റൊരു നാൾ... ആ ദിനം വന്നു ചേരുക ത‌ന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Monday, December 24, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 12


ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

യൂറോപ്പ്

1934 - 1941


നാട്ടിൻപുറത്തെ തങ്ങളുടെ വീടിന്റെ മട്ടുപ്പാവിൽ ഇരിക്കുമ്പോൾ എല്ലാ കാര്യങ്ങളും മാക്സ് തന്റെ മാതാവിനോട് പറഞ്ഞു. വിമാനം പറത്തിയതിനെക്കുറിച്ചും വൈമാനിക രംഗത്ത് താൻ നേടിയ വിവിധ പരിശീലനങ്ങളെക്കുറിച്ചും എല്ലാം വിശദമായിത്തന്നെ അവൻ അവരെ ധരിപ്പിച്ചു. വിമാനത്തിനരികിൽ ഫ്ലൈയിങ്ങ് ഡ്രെസ്സിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളും അവൻ അവരെ കാണിച്ചു.

"മൂട്ടീ... ഒരു വൈമാനികനാവുക എന്നതാണ് എന്റെ ലക്ഷ്യം... എനിക്കതിൽ വിജയിക്കാൻ കഴിയും..."

അവന്റെ കണ്ണുകളിൽ എൽസ തന്റെ ഭർത്താവിനെത്തന്നെ കാണുകയായിരുന്നു. ഉള്ളിൽ എതിർപ്പ് തോന്നിയെങ്കിലും അവൾ പറഞ്ഞത് ഇപ്രകാരമാണ്. "നിനക്ക് വയസ്സ് പതിനാറേ ആയിട്ടുള്ളൂ മാക്സ്... അതിനുള്ള പ്രായമായിട്ടില്ല..."

"എനിക്ക് ബെർലിൻ എയറോ ക്ലബ്ബിൽ ചേരാൻ പറ്റും... നിങ്ങൾക്ക് ഗൂറിങ്ങുമായി നല്ല പരിചയമുണ്ടല്ലോ... അദ്ദേഹത്തിന്റെ സ്വാധീനമുണ്ടെങ്കിൽ എളുപ്പമാണ്..."

അവൻ ആ പറഞ്ഞത് സത്യമായിരുന്നു. നേരത്തെ അനുമതി വാങ്ങിയത് പ്രകാരം മാക്സിന് ഗൂറിങ്ങുമായുള്ള കൂടിക്കാഴ്ച അനുവദിക്കപ്പെട്ടു.‌ എൽസയും അവനോടൊപ്പമുണ്ടായിരുന്നു. വ്യോമസേനാ മേധാവി സംശയാലു ആയിരുന്നെങ്കിലും ഗൂറിങ്ങിന്റെ നിർദ്ദേശ പ്രകാരം അവർ അവന് ഒരു ഹെങ്കെൽ ഇരട്ട എൻജിൻ വിമാനം നൽകി. ഇരുപത്തിമൂന്ന് കാരനായ ഒരു ലുഫ്ത്‌വാഫ് ലെഫ്റ്റ്നന്റും അവിടെ സന്നിഹിതനായിരുന്നു. പിന്നീട് ലുഫ്ത്‌വാഫ് ജനറൽ പദവിയിൽ എത്തിച്ചേർന്ന അഡോൾഫ് ഗാലന്റ് ആയിരുന്നു അത്.

"നിന്നെക്കൊണ്ട് ഈ വിമാനം കൈകാര്യം ചെയ്യാൻ കഴിയുമോ കുട്ടീ...?" ഗാലന്റ് ചോദിച്ചു.

"വെൽ... എന്റെ പിതാവ് ഫ്ലൈയിങ്ങ് കോർപ്സിൽ ആയിരുന്നപ്പോൾ നമ്മുടെ നാൽപ്പത്തിയെട്ട് വിമാനങ്ങളെയാണ് വെടിവെച്ചിട്ടത്... എനിക്ക് നല്ല ഉറപ്പുണ്ട് എന്നെക്കൊണ്ട് സാധിക്കുമെന്ന്..."

ഉറക്കെ ചിരിച്ചുകൊണ്ട് ഗാലന്റ് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ തിരുകി. "ഓകെ... മറ്റൊരു വിമാനത്തിൽ നിന്റെ പിന്നിൽ ഞാനും ഉണ്ടാകും... വരൂ, നമുക്ക് നോക്കാം..."

പിന്നീട് അവിടെ നടന്ന ആകാശ പ്രകടനം ശ്വാസമടക്കിപ്പിടിച്ചാണ് ഹെർമ്മൻ ഗൂറിങ്ങ് വീക്ഷിച്ചത്‌. ഗാലന്റിനാകട്ടെ ഒരിക്കൽ പോലും മാക്സിനെ തോൽപ്പിക്കുവാനായില്ല. ഇമ്മെൽമാൻ ട്രിക്ക് കൂടി മാക്സ് പുറത്തെടുത്തതോടെ ഗാലന്റിന് മതിയായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ലാന്റ് ചെയ്യാനൊരുങ്ങി. തൊട്ടു പിറകെ മാക്സും.

തന്റെ മെഴ്സെഡിസിന് സമീപം നിൽക്കുകയായിരുന്ന ഗൂറിങ്ങ് ഭൃത്യന് നേർക്ക് തലയാട്ടി. മത്സ്യത്തിന്റെ മുട്ടകൾ കൊണ്ടുണ്ടാക്കിയ വിശിഷ്ട വിഭവവും ഷാംപെയ്നും അയാൾ കൊണ്ടുവന്നു. "പ്രഭുകുമാരീ... നിങ്ങളുടെ മകൻ ഒരു ജീനിയസ്സാണ്... അവന്റെ പ്രകടനം എന്നെ എന്റെ ചെറുപ്പകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി..."

അത് വെറുമൊരു മുഖസ്തുതി ആയിരുന്നില്ല. മികച്ച ഒരു ഫൈറ്റർ പൈലറ്റ് കൂടിയായിരുന്ന ഹെർമ്മൻ ഗൂറിങ്ങിന് ആരെയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല.

അവർക്കരികിലേക്ക് നടന്നടുക്കവെ അത്ഭുതം അടക്കാനാവാതെ ഗാലന്റ്, മാക്സിനോട് ചോദിച്ചു. "ഫന്റാസ്റ്റിക്ക്... ഇതെല്ലാം എവിടെ നിന്നാണ് നീ പഠിച്ചത് മകനേ...?"

മാക്സിന്റെ മറുപടി കേട്ട് തല കുലുക്കുവാനേ ഗാലന്റിന് ആയുള്ളൂ.

അന്ന് രാത്രി അദ്ദേഹം ഗൂറിങ്ങ്, വോൺ റിബ്ബെൻട്രോപ്പ്, എൽസ, മാക്സ് എന്നിവരോടൊപ്പം അഡ്‌ലൺ ഹോട്ടലിൽ അത്താഴത്തിന് ഒത്തു ചേർന്നു. എമ്പാടും ഷാംപെയ്ൻ നുരഞ്ഞൊഴുകി. "ഈ പയ്യനെ എന്ത് ചെയ്യണം നമ്മൾ...?"  ഗൂറിങ്ങ്, ഗാലന്റിനോട് ആരാഞ്ഞു.

"അടുത്ത വർഷമാകണം അവന് പതിനേഴ് വയസ്സ് എങ്കിലും തികയാൻ..." ഗാലന്റ് പറഞ്ഞു. "ഞാൻ ഒരു അഭിപ്രായം പറയട്ടെ...?"

"തീർച്ചയായും..."

"ഇവിടെ ബെർലിനിലെ ഇൻഫൻട്രി കേഡറ്റ് സ്കൂളിൽ അവനെ ചേർക്കുക... ഔദ്യോഗിക ക്രമങ്ങൾ പാലിക്കാൻ വേണ്ടി മാത്രം... എന്നിട്ട് എയറോ ക്ലബ്ബിൽ പരിശീലനപ്പറക്കലിനുള്ള ഏർപ്പാടും ചെയ്തു കൊടുക്കുക... അടുത്ത വർഷം പതിനേഴ് വയസ്സ് തികയുമ്പോൾ ലെഫ്റ്റ്നന്റ് പദവിയോടെ അവന് ലുഫ്ത്‌വാഫിൽ നിയമനം നൽകുക..."

"അതെനിക്ക് ഇഷ്ടപ്പെട്ടു..." തല കുലുക്കിക്കൊണ്ട്  ഗൂറിങ്ങ് മാക്സിന് നേർക്ക് തിരിഞ്ഞു. "എന്തു പറയുന്നു ബാരൺ...?"

"മൈ പ്ലെഷർ..." മാക്സ് കെൽസോ ഇംഗ്ലീഷിൽ മൊഴിഞ്ഞു. അവനിലുള്ള പാതി അമേരിക്കൻ രക്തം പെട്ടെന്നായിരുന്നു ഉപരിതലത്തിൽ എത്തിയത്.

"അവന്റെ പിതാവ് ഒരു അമേരിക്കക്കാരൻ ആയിരുന്നു എന്ന വസ്തുത ഒരു പ്രശ്നമൊന്നും അല്ലെന്നാണോ...?" എൽസ ചോദിച്ചു.

"അതൊന്നും ഒരു പ്രശ്നമേയല്ല... ഫ്യൂററുടെ പുതിയ ഉത്തരവ് നിങ്ങൾ ശ്രദ്ധിച്ചിരുന്നില്ലേ...?" ഗൂറിങ്ങ് ചോദിച്ചു. "നമ്മുടെ ഈ ബാരണ് നാസി ജർമ്മനിയുടെ പൗരത്വമല്ലാതെ മറ്റൊന്നും തന്നെ അനുവദനീയമല്ല..."

"ഒരേയൊരു പ്രശ്നം മാത്രം..." ഗാലന്റ് ഇടയിൽ കയറി.

"എന്താണത്...?" ഗൂറിങ്ങ് ചോദിച്ചു.

"പ്രഭുകുമാരന് അറിയുന്ന കുറച്ച് വിദ്യകൾ എനിക്കും കൂടി പഠിപ്പിച്ച് തരേണ്ടി വരും... പ്രത്യേകിച്ചും ആ ഇമ്മെൽമാൻ ട്രിക്ക്..."

"വെൽ... അത് വേണമെങ്കിൽ ഞാൻ പഠിപ്പിച്ച് തരാം..." ഗൂറിങ്ങ് പറഞ്ഞു. "എങ്കിലും ബാരണ് അതിൽ വിരോധമൊന്നും ഉണ്ടാകില്ല എന്നെനിക്ക് ഉറപ്പുണ്ട്..." അദ്ദേഹം തിരിഞ്ഞ് ആദ്യമായി അവനെ അഭിസംബോധന ചെയ്തു.  "മാക്സ്..."

"എന്റെ ഇരട്ട സഹോദരൻ ഹാരി ഇവിടെ ഇല്ലാത്തത് കഷ്ടമായിപ്പോയി ലെഫ്റ്റ്നന്റ് ഗാലന്റ്... ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഇരുവരും ചേർന്ന് നിങ്ങളെ വെള്ളം കുടിപ്പിച്ചേനെ..."

"നോ..." അഡോൾഫ് ഗാലന്റ് പറഞ്ഞു. "പുതിയ അറിവുകൾ ഒരു എക്സ്പീരിയൻസ് തന്നെയാണ്... യൂ ആർ സ്പെഷൽ, ബാരൺ... ബിലീവ് മി... പിന്നെ, ഇനി മുതൽ എന്നെ ഡോൾഫോ എന്ന് വിളിച്ചാൽ മതി..."

അതുല്യമായ ഒരു സുഹൃദ് ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

                                   ***

ഇതേ സമയം ഹാരി അമേരിക്കയിൽ ഗ്രോട്ടൺ സ്കൂളിൽ പഠനം ആരംഭിച്ചു. വളരെ കർശനമായ നിയമങ്ങൾ ആയിരുന്നു അവിടെയെങ്കിലും വാരാന്ത്യങ്ങളിലെ പറക്കൽ ഉപേക്ഷിക്കുവാൻ അവൻ തയ്യാറായിരുന്നില്ല‌. ആബെ കെൽസോയുടെ സ്വാധീനം മൂലം വലിയ പ്രശ്നങ്ങളില്ലാതെ സ്കൂൾ കാലഘട്ടം പൂർത്തിയാക്കിയ ഹാരി ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടി. ആ സമയത്തായിരുന്നു മാക്സ് ഒരു ലെഫ്റ്റ്നന്റ് ആയി ലുഫ്ത്‌വാഫിൽ ജോലിക്ക് കയറുന്നത്.

                                    ***

നാസി ജർമ്മനി അതിന്റെ കുതിപ്പ് തുടർന്ന് കൊണ്ടേയിരുന്നു. അതേത്തുടർന്ന് യൂറോപ്പിലെ മുഴുവൻ രാഷ്ട്രീയ സമവാക്യങ്ങളും മാറി മറിഞ്ഞു. ജർമ്മനിയോട് പൊരുതുവാൻ ബ്രിട്ടണിൽ ആർക്കും തന്നെ താൽപ്പര്യമുണ്ടായിരുന്നില്ല. കാരണം, ഒന്നാം ലോകമഹായുദ്ധം അത്രമേൽ ദുരിതവും നാശനഷ്ടങ്ങളുമാണ് അവർക്ക് സമ്മാനിച്ചത്. ഹാരി തന്റെ യൂണിവേഴ്സിറ്റി പഠനവുമായി മുന്നേറുമ്പോൾ യൂറോപ്പ് ഒന്നാകെ ഫാസിസത്തോട് അടുക്കുകയായിരുന്നു. ലോകം അത് കണ്ട് നോക്കി നിന്നു.

അങ്ങനെയിരിക്കെയാണ് സ്പെയിനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അതോടെ അവർക്ക് യുദ്ധ രംഗത്തേക്ക് ഇറങ്ങേണ്ടി വന്നു. ഗാലന്റും മാക്സും HE 51 പോർവിമാനങ്ങളുമായി യുദ്ധനിരയിൽ പൊരുതി. 280 കോംബാറ്റ് മിഷനുകളാണ് ആ പോരാട്ടത്തിൽ മാത്രം മാക്സ് നടത്തിയത്. 1938 ൽ തിരികെയെത്തുമ്പോഴേക്കും മാക്സ് അയേൺ ക്രോസ് സെക്കന്റ് ക്ലാസ് മെഡൽ കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. ഒപ്പം ഓബർലെഫ്റ്റ്നന്റ് പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും.

അതിന് ശേഷം കുറച്ച് കാലം മാക്സ് ബെർലിനിൽ സ്റ്റാഫ് ഉദ്യോഗം വഹിച്ചു. ആ കാലഘട്ടത്തിലാണ് അവൻ സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവർക്ക് സുപരിചിതനാകുന്നത്. തന്റെ മാതാവിന് അകമ്പടി സേവിച്ചുകൊണ്ട് സമൂഹത്തിന്റെ നാനാതുറകളിൽ അവൻ തന്റെ സാന്നിദ്ധ്യമറിയിച്ചു. നാസി പാർട്ടിയുടെ അധികാര സ്ഥാനത്ത് എത്തപ്പെട്ട ഹെർമ്മൻ ഗൂറിങ്ങിന്റെ പ്രിയങ്കരനായി മാറി മാക്സ് കെൽസോ. അപ്പോഴാണ് പോളണ്ട് പ്രശ്നം ഉടലെടുക്കുന്നത്.

                                   ***

ഇരുപത്തിയേഴ് ദിവസം നീണ്ടു നിന്ന മിന്നലാക്രമണം പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തന്നെ നാമാവശേഷമാക്കിക്കളഞ്ഞിരുന്നു. ഇരുപത് യുദ്ധവിമാനങ്ങൾ വെടി വെച്ച് വീഴ്ത്തിയ മാക്സ് കെൽസോയെ കാത്തിരുന്നത് അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് മെഡൽ ആയിരുന്നു. ഒപ്പം ക്യാപ്റ്റൻ പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും. പിന്നീടങ്ങോട്ട് ബ്രിട്ടണും ഫ്രാൻസുമായി തുടർന്ന ശീതയുദ്ധ സമയത്ത് മാക്സ് വീണ്ടും ബെർലിൻ ഓഫീസിൽ സ്റ്റാഫ് ഉദ്യോഗത്തിൽ പ്രവേശിച്ചു.

മാക്സിനെ സംബന്ധിച്ചിടത്തോളം സന്തോഷം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. യൂറോപ്പിന്റെ നിയന്ത്രണം ജർമ്മനിയുടെ കൈപ്പിടിയിൽ ഒതുങ്ങിയ നാളുകൾ. ജർമ്മനി വിചാരിച്ചാൽ എന്തും തന്നെ സാദ്ധ്യമാണെന്ന തോന്നൽ പൊതുവേ എല്ലായിടത്തും കാണാമായിരുന്നു. സമൂഹത്തിന്റെ ഉന്നത നിരയിലായിരുന്നു എൽസാ വോൺ ഹാൾഡറുടെ സ്ഥാനം. മാക്സിനാണെങ്കിൽ അവന്റേതായ ഒരു പ്രതിച്ഛായ തന്നെ സമൂഹത്തിൽ ഉണ്ടായിരുന്നു. എവിടെയും സൈനികവേഷത്തിലായിരുന്നു അവൻ പ്രത്യക്ഷപ്പെട്ടിരുന്നത്. ബാഗി പാന്റ്സ്, ഫ്ലൈയിങ്ങ് ജാക്കറ്റ്, ഷിഫ് എന്നറിയപ്പെടുന്ന സൈഡ് ക്യാപ്, പിന്നെ മെഡലുകൾ... നാസി ജർമ്മനിയുടെ പ്രൊപ്പഗാണ്ട മിനിസ്റ്റർ ആയ ജോസഫ് ഗീബൽസി‌ന് മാക്സിന്റെ ആ രീതി അങ്ങേയറ്റം ഇഷ്ടമായിരുന്നു. ഗൂറിങ്ങും എന്തിന്, ഹിറ്റ്‌ലറും വരെ പങ്കെടുക്കുന്ന ഗവണ്മന്റിന്റെ ഉന്നത ചടങ്ങുകളിലെല്ലാം മാക്സ് തന്റെ കുലീനയും സുന്ദരിയുമായ മാതാവിനൊപ്പം സ്ഥിരം സാന്നിദ്ധ്യമായി മാറി. അവർ അവന് ബഹുമാനപൂർവ്വം 'ബ്ലാക്ക് ബാരൺ' എന്ന വിളിപ്പേര് ചാർത്തി നൽകി. പ്രണയം, കാമുകിമാർ ഇവയ്ക്കൊന്നും അവന്റെ ജീവിതത്തിൽ കാര്യമായ ഇടം കണ്ടെത്താനായില്ല. അതിൽ നിന്നെല്ലാം അകലം പാലിച്ച് ആർക്കും പിടി കൊടുക്കാത്ത മുഖഭാവവുമായി അവൻ നടന്നു. ആരുടെയും പക്ഷം പിടിക്കുവാൻ ഒരുക്കമായിരുന്നില്ല മാക്സ്. നാസി ചിന്താഗതികളോട് അവന് ഒരിക്കലും അനുഭാവവും ഉണ്ടായിരുന്നില്ല. ഒരു ഫൈറ്റർ പൈലറ്റ്... അത് മാത്രമായിരുന്നു അവൻ.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Saturday, December 15, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 11

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


1930 ലെ വേനൽക്കാലത്തായിരുന്നു ആ ദുരന്തം സംഭവിച്ചത്. കൊളറാഡോ പർവ്വതനിരകളിലെ മലമ്പാതയിൽ വച്ച് ജാക്ക് കെൽസോയുടെ ബെന്റ്‌ലി കാർ നിയന്ത്രണം വിട്ട് തകിടം മറിഞ്ഞ് അഗ്നിഗോളമായി മാറി. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ബോസ്റ്റണിലേക്ക് കൊണ്ടുവരപ്പെട്ടു. ഇതിനോടകം അമേരിക്കൻ കോൺഗ്രസ്സിലെ സെനറ്റർ ആയിക്കഴിഞ്ഞിരുന്ന ആബെ കെൽസോ അദ്ധ്യക്ഷം വഹിച്ച ശവസംസ്കാരച്ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റും സന്നിഹിതനായിരുന്നു. കറുത്ത സ്യൂട്ട് അണിഞ്ഞ് ജാക്ക് കെൽസോയുടെ ഇരട്ടക്കുട്ടികൾ മാതാവിന്റെ ഇരുവശത്തുമായി എല്ലാം നോക്കിക്കൊണ്ട് നിന്നു. അസാധാരണമാം വിധം മൂകരായി വേദന ഉള്ളിലൊതുക്കി  തങ്ങളുടെ പന്ത്രണ്ട് വയസ്സിനെക്കാൾ പക്വതയോടെ പ്രതിമകൾ കണക്കെ അവർ കാണപ്പെട്ടു.

എല്ലാം കഴിഞ്ഞ് ആൾക്കൂട്ടം പിരിഞ്ഞതോടെ അവർ മടങ്ങി. ആ വലിയ സൗധത്തിന്റെ സ്വീകരണമുറിയിലെ തുറന്നിട്ട ഫ്രഞ്ച് ജാലകത്തിനരികിൽ കുലീനമായ കറുത്ത വസ്ത്രവുമണിഞ്ഞ് ഇരുന്നിരുന്ന എൽസ ഗ്ലാസ്സിലെ ബ്രാണ്ടി അൽപ്പം അകത്താക്കി. ആബെ കെൽസോ നെരിപ്പോടിനരികിൽ നിൽക്കുന്നുണ്ടായിരുന്നു.

"ഇനിയെന്താണ്...?" അദ്ദേഹം ചോദിച്ചു. "നിന്റെ ഭാവി ഇരുളടഞ്ഞു പോയല്ലോ കുട്ടീ..."

"ഇല്ല..." അവൾ പറഞ്ഞു. "എന്റെ കടമകൾ എല്ലാം നന്നായിത്തന്നെ ഞാൻ ചെയ്തിട്ടുണ്ട്... ഇക്കണ്ട വർഷങ്ങളോളം നല്ലൊരു ഭാര്യയായിരുന്നു ഞാൻ... അതിന് വേണ്ടി എത്രത്തോളം ത്യാഗങ്ങൾ ഞാൻ സഹിച്ചു എന്നത് നിങ്ങൾക്ക് അറിവുള്ളതാണല്ലോ ആബെ... എനിക്കിനി ജർമ്മനിയിലേക്ക് മടങ്ങിപ്പോകണം..."

"എന്നിട്ട് നീ എ‌ങ്ങനെ ജീവിക്കുമെന്നാണ്...? അവന്റെ അമ്മ അവന് വേണ്ടി നീക്കി വച്ചിരുന്ന സമ്പത്തിൽ ഭൂരിഭാഗവും അവൻ ധൂർത്തടിച്ച് നശിപ്പിച്ച് കളഞ്ഞു... അവന്റെ മരണപത്രമനുസരിച്ച് നിനക്ക് കാര്യമായിട്ടൊന്നും ലഭിക്കാനും പോകുന്നില്ല... അത് നിനക്ക് അറിയാവുന്നതുമാണല്ലോ എൽസാ..."

"അതെ... അതെനിക്കറിയാം..." അവൾ പറഞ്ഞു. "പക്ഷേ, നിങ്ങളുടെ കൈവശം മില്യൺ കണക്കിന് പണമാണല്ലോ ഉള്ളത്... എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത അത്രയും സ്വത്ത്... നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയും, ആബെ..."

"ഐ സീ..."

"ആബെ, എന്നും നല്ല സുഹൃത്തുക്കളായിരുന്നു നാം... എന്നെ തിരിച്ച് പോകാൻ അനുവദിക്കൂ... എനിക്ക് എന്റെ എസ്റ്റേറ്റ് തിരിച്ച് പിടിക്കണം... എന്റെ കുടുംബത്തിന്റെ പേരും മഹിമയും എനിക്ക് വീണ്ടെടുക്കണം..."

"അപ്പോൾ എന്റെ പേരക്കുട്ടികളെയും കൂടെ കൊണ്ടുപോകുമെന്നാണോ...?" അദ്ദേഹം തലയാട്ടി. "എനിക്കത് സഹിക്കാനാവില്ല..."

"പക്ഷേ, അവർ എന്റെ മക്കൾ കൂടിയാണെന്ന കാര്യം മറക്കരുത് ആബെ... സ്വന്തം മാതാവിനാണ് അവരുടെ മേൽ അവകാശം... പിന്നെ, മാക്സ് - മാക്സ് ആണ് ബാരൺ വോൺ ഹാൾഡർ... അതായത് ഹാൾഡർ പ്രഭുകുമാരൻ... അവൻ ആ പദവിയിൽ എത്തുന്നതിന് നിങ്ങളൊരു വിഘാതമാകരുത് ആബെ... അത് ശരിയല്ല... ഒരിക്കലും ശരിയല്ല... പ്ലീസ്, ആബെ... ഞാൻ യാചിക്കുകയാണ്..."

ആബെ കെൽസോ അൽപ്പനേരം തല കുനിച്ച് ഇരുന്നു. ഏതാനും നിമിഷനേരത്തെ ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം ഒടുവിൽ അദ്ദേഹം മൗനം ഭഞ്ജിച്ചു.

"ഇതേക്കുറിച്ചോർത്ത് പലപ്പോഴും ഞാൻ വിഷമിച്ചിട്ടുണ്ടെന്ന കാര്യം നിനക്കറിയുമോ...? മാക്സ് വളർന്ന് ബാരൺ പദവി ഏറ്റെടുക്കേണ്ട പ്രായം എത്തുമ്പോൾ എന്താകുമെന്നോർത്ത്... നമ്മളെയെല്ലാം ഉപേക്ഷിച്ച് ആ പദവിക്ക് വേണ്ടി അവൻ പോകുമോ...? വെറുതെയെന്ന് അറിയാമെങ്കിലും പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് കുറേ വർഷങ്ങൾ കൂടി അവനോടൊപ്പം കഴിയുവാൻ എനിക്ക് സാധിച്ചിരുന്നുവെങ്കിൽ എന്ന്... പക്ഷേ..." ഒന്ന് നിർത്തിയിട്ട് അദ്ദേഹം നെടുവീർപ്പിട്ടു. "പക്ഷേ, ഇപ്പോൾ ജാക്ക് നമ്മോടൊപ്പമില്ല, നീയാണെങ്കിൽ ജർമ്മനിയിലേക്ക് തിരിച്ച് പോകണമെന്ന് പറയുന്നു... 'നമ്മൾ' എന്ന് പറയാൻ തന്നെ ഇനി കാര്യമായിട്ട് ഒന്നുമില്ല... എന്താ, ശരിയല്ലേ...?" വിഷാദഭാവത്തിൽ അദ്ദേഹം പുഞ്ചിരിച്ചു. "നീ പറഞ്ഞത് ശരിയാണ് എൽസാ... മാക്സ് ആ സ്ഥാനം അർഹിക്കുക തന്നെ ചെയ്യുന്നു... അതുപോലെ തന്നെ നീയും... പക്ഷേ, ഒരു വ്യവസ്ഥയിൽ..." അദ്ദേഹത്തിന്റെ സ്വരം ദൃഢവും ഉറച്ചതുമായി. "ഹാരി ഇവിടെത്തന്നെ നിൽക്കും... പേരക്കുട്ടികളിൽ എല്ലാവരെയും ഉപേക്ഷിക്കാൻ എനിക്കാവില്ല... അതെനിക്ക് സമ്മതിക്കാൻ കഴിയില്ല... വോൺ ഹാൾഡർ എസ്റ്റേറ്റ് വീണ്ടെടുക്കുവാൻ വേണ്ടതെല്ലാം ഞാൻ തരാം... പക്ഷേ, ഹാരി എന്നോടൊപ്പം ഇവിടെ നിൽക്കുന്നു... എന്താ, സമ്മതമാണോ...?"

അവൾ തർക്കിക്കുക പോലും ചെയ്തില്ല. "സമ്മതം, ആബെ..."

"ഓകെ... അവരുടെ വിദ്യാഭ്യാസം, പരസ്പര സന്ദർശനം തുടങ്ങിയ കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് ചർച്ച ചെയ്യാം... കുട്ടികൾക്ക് ഇതെങ്ങനെ താങ്ങാൻ കഴിയും എന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്..." ആബെ പറഞ്ഞു.

"അവരോട് ഞാൻ സംസാരിക്കാം..." അവൾ പറഞ്ഞു.

"വേണ്ട... ഇക്കാര്യം ഞാൻ തന്നെ അവരോട് പറയാം... രണ്ട് പേരോടും എന്റെ സ്റ്റഡീ റൂമിലേക്ക് ഒന്ന് വരാൻ പറയുമോ...?"

                                     ***

അന്ന് വൈകിട്ട് അത്താഴത്തിന് തൊട്ടു മുമ്പ് സ്വീകരണമുറിയിലേക്ക് ചെന്ന എൽസ കണ്ടത് അത്ഭുതകരമാം വിധം ശാന്തരായി ഇരിക്കുന്ന മാക്സിനെയും ഹാരിയെയും ആണ്. ഒന്നോർത്താൽ ഒട്ടു മിക്കപ്പോഴും അവർ അങ്ങനെ തന്നെ ആയിരുന്നു താനും. തങ്ങളുടെ മാതാവിനെ അളവറ്റ് സ്നേഹിക്കുമ്പോഴും അവളുടെ ഉള്ളിൽ കുടികൊണ്ടിരുന്ന സ്വാർത്ഥതയെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ സംഭവ വികാസങ്ങളിൽ കുട്ടികൾ ഒട്ടും അതിശയപ്പെട്ടില്ല.

"മുത്തച്ഛൻ വിവരങ്ങൾ പറഞ്ഞുവോ...?" ഇരുവർക്കും മുത്തം നൽകിയിട്ട് അവൾ ചോദിച്ചു.

"തീർച്ചയായും... കാര്യങ്ങൾ അവർക്ക് മനസ്സിലായി..." ആബെ പറഞ്ഞു. "വളരെ പക്വതയോടെ തന്നെ അവരതിനെ സ്വീകരിച്ചു. ഒരേയൊരു പ്രശ്നം മാത്രമേ അവർക്കുള്ളൂ... ടർക്വിൻ ആരുടെയൊപ്പം ആയിരിക്കുമെന്ന കാര്യത്തിൽ... അക്കാര്യത്തിൽ ഞാൻ തന്നെ തീരുമാനമെടുത്തു... ടർക്വിൻ ഇവിടം വിട്ട് എങ്ങോട്ടും പോകുന്നില്ല... ജാക്കിന്റെ എല്ലാ പറക്കലിലും ടർക്വിൻ അവനോടൊപ്പം കോക്ക്പിറ്റിൽ  ഉണ്ടായിരുന്നു..." മകന്റെ ഓർമ്മകളിലേക്ക് ഒരു നിമിഷം അദ്ദേഹം സഞ്ചരിച്ചത് പോലെ തോന്നി. എന്നാൽ അടുത്ത നിമിഷം തന്നെ അദ്ദേഹം തിരികെയെത്തി. "ഷാംപെയ്ൻ... അര ഗ്ലാസ് വീതം..." അദ്ദേഹം പറഞ്ഞു. "അത് കഴിക്കാനുള്ള പ്രായമൊക്കെ ആയി നിങ്ങൾക്ക്... പരസ്പര ആരോഗ്യത്തിന് വേണ്ടി ഇതങ്ങ് കഴിക്കൂ മക്കളേ... ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മളെന്നും ഒരുമിച്ച് തന്നെ ആയിരിക്കും..."

കുട്ടികൾ ഒന്നും തന്നെ ഉരിയാടിയില്ല. പതിവ് പോലെ പ്രായത്തിലുമധികം പക്വതയോടെ, ടർക്വിൻ എന്ന ആ കരടിക്കുട്ടനെപ്പോലെ ആർക്കും പിടി കൊടുക്കാത്ത മുഖഭാവവുമായി ഇരുവരും തങ്ങളുടെ നേർക്ക് നീട്ടിയ ഷാംപെയ്ൻ  അകത്താക്കി.

                                     ***

എൽസാ വോൺ ഹാൾഡർ തിരിച്ചെത്തിയപ്പോൾ കണ്ട ജർമ്മനി അവളുടെ ഓർമ്മയിൽ ഉണ്ടായിരുന്ന ജർമ്മനിയുമായി ഏറെ വിഭിന്നമായിരുന്നു. രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും തെരുവ് ലഹളയും ഒക്കെയായി പൊറുതി മുട്ടുന്ന ജർമ്മനി ആയിരുന്നു അത്. നാസി പാർട്ടി തല ഉയർത്തി തുടങ്ങുന്ന കാലം. പക്ഷേ, അവളെ അതൊന്നും ബാധിച്ചതേയില്ല. ആബെ നൽകിയ പണം അവളുടെ കൈവശമുണ്ടായിരുന്നു. മാക്സിനെ നല്ലൊരു സ്കൂളിൽ ചേർത്തിട്ട് നാശോന്മുഖമായി കിടക്കുന്ന തന്റെ വോൺ ഹാൾഡർ എസ്റ്റേറ്റിനെ പുനഃരുദ്ധരിക്കുവാനുള്ള ശ്രമങ്ങൾ അവൾ തുടങ്ങി വച്ചു. പിന്നെ ബെർലിൻ സമൂഹത്തിൽ നല്ലൊരു സ്ഥാനവും അവൾക്ക് ഉണ്ടായിരുന്നു. തന്റെ പിതാവിന്റെ സുഹൃത്തുക്കളിൽ പ്രമുഖനായിരുന്ന ഫൈറ്റർ പൈലറ്റ് ഹെർമൻ ഗൂറിങ്ങ് നാസി പാർട്ടിയിലെ ഒരു സമുന്നത നേതാവായി ഉയർന്നു തുടങ്ങിയിരുന്നു. ഹിറ്റ്‌ലറുമായി അടുത്ത സുഹൃദ് ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കുലീന കുടുംബാംഗമായ അദ്ദേഹത്തിനും എൽസയ്ക്കും മുന്നിൽ എല്ലാ വാതിലുകളും തുറക്കപ്പെട്ടു. ധനികയും സുന്ദരിയും കുലീനയും ആയ എൽസ നാസി പാർട്ടിക്ക് ഒരു മുതൽക്കൂട്ട് ആയി മാറി. പാർട്ടിയിലെ എല്ലാ ഉന്നതരെയും അവൾ പരിചയപ്പെട്ടു. ഹിറ്റ്‌ലർ, ഗീബൽസ്, റിബ്ബെൻട്രോപ് അങ്ങനെ സകലരെയും. സാവധാനം അവളും പാർട്ടിയിലെ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറി.

1933 ലാണ് ഹിറ്റ്‌ലർ അധികാരത്തിലേറിയത്. 1934 ൽ അമേരിക്കയിൽ പോയി തന്റെ സഹോദരനോടും മുത്തച്ഛനോടും ഒപ്പം ആറു മാസം തങ്ങുവാൻ  എൽസ മാക്സിനെ അനുവദിച്ചു. പ്രിപ്പറേറ്ററി സ്കൂളിൽ ആയിരുന്നു ഹാരി അന്ന്. മാക്സിനെ കണ്ട ആബെയുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഹാരിയെയും മാക്സിനെയും സംബന്ധിച്ചിടത്തോളം ദീർഘകാലം പിരിഞ്ഞിരുന്നതിന്റെ യാതൊരു അകൽച്ചയും ഉണ്ടായിരുന്നില്ല. അവരുടെ ജന്മദിനത്തിന്റെയന്ന് ഒരു പ്രത്യേക സമ്മാനമാണ്‌ ആബെ നൽകിയത്. തങ്ങളുടെ പിതാവ് വിമാനം പറത്താൻ ഉപയോഗിച്ചിരുന്ന എയർഫീൽഡിലേക്ക് അവരെ അദ്ദേഹം കൂട്ടിക്കൊണ്ടു പോയി. ജാക്ക് കെൽസോയുടെ സുഹൃത്ത് റോക്കി ഫാർസൺ അവിടെയുണ്ടായിരുന്നു. കുറേക്കൂടി പ്രായം ചെന്ന് തടി വച്ചിരുന്നു അദ്ദേഹം. എങ്കിലും വെസ്റ്റേൺ ഫ്രണ്ടിലെ ആ പഴയ ഫൈറ്റർ പൈലറ്റിന്റെ ചുറുചുറുക്കിന് ഒട്ടും കുറവില്ലായിരുന്നു.

"റോക്കി നിങ്ങൾക്ക് ഏതാനും പാഠങ്ങൾ പറഞ്ഞു തരാൻ പോകുകയാണ്..." ആബെ പറഞ്ഞു. "എനിക്കറിയാം നിങ്ങൾക്ക് വയസ്സ് പതിനാറേ ആയിട്ടുള്ളൂ എന്ന്... സോ വാട്ട്...?   അമ്മയോട് ഇതേക്കുറിച്ച് ഒന്നും പറയാതിരുന്നാൽ മതി..."

പഴയ ഒരു ഗ്രെഷാം വിമാനമാണ് അവരെ പഠിപ്പിക്കുവാനായി റോക്കി ഫാർസൺ ഉപയോഗിച്ചത്. മെയിൽ ബാഗുകൾ കൊണ്ടുപോകാനായി അതിന്റെ റിയർ കോക്ക്പിറ്റ് വലിപ്പം കൂട്ടിയിരുന്നത് കൊണ്ട് അവർ ഇരുവരെയും ഒരുമിച്ച് കൂടെ കൂട്ടുവാൻ അദ്ദേഹത്തിനായി. പിന്നീട് അവർ ഓരോരുത്തരെയും ഒറ്റയ്ക്കും കൊണ്ടുപോയി പരിശീലനം കൊടുത്തു. അധിക നേരം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് മനസ്സിലായി അവരുടെ പിതാവിനെ പോലെ തന്നെ അവരും പൈലറ്റുകൾ ആകാൻ വേണ്ടി ജനിച്ചവരാണെന്ന്. മാത്രവുമല്ല, തങ്ങളുടെ പിതാവിനെ പോലെ, പറക്കുമ്പോൾ തങ്ങളോടൊപ്പം കോക്ക്പിറ്റിൽ ടർക്വിനെയും ഒപ്പമിരുത്തുവാൻ ഇരുവരും മറന്നില്ല.

ഒരു സാധാരണ പൈലറ്റ് പരിശീലന രീതികൾക്ക് അപ്പുറത്തേക്ക് റോക്കി അവരെ കൂട്ടിക്കൊണ്ടു പോയി. 'ഡോഗ് ഫൈറ്റിങ്ങ്' എന്താണെന്നുള്ളതിനെക്കുറിച്ച് അദ്ദേഹം അവർക്ക് പ്രത്യേക പാഠങ്ങൾ നൽകി. സൂര്യകിരണങ്ങൾ കണ്ണിൽ തട്ടി കാഴ്ച മങ്ങും വിധം കെണിയിൽ പെടുത്തുവാൻ  ശത്രു വിമാനത്തിന്റെ പൈലറ്റ് ശ്രമിക്കും, അതിൽ പെട്ടുപോകാതിരിക്കാനുള്ള വിദ്യയായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. പിന്നെ എയർ ട്രാഫിക്ക് കൺട്രോളിന്റെ സഹായമില്ലാതെ ഒരിക്കലും പതിനായിരം അടിയിൽ താഴെ പറക്കരുത്, മുപ്പത് സെക്കന്റിൽ കൂടുതൽ നേരം സ്ട്രെയ്റ്റ് ആന്റ് ലെവൽ ചെയ്ത് പറക്കരുത് എന്നിങ്ങനെ ഫൈറ്റർ പൈലറ്റുകൾ അറിഞ്ഞിരിക്കേണ്ടുന്ന വിദ്യകളൊക്കെ അദ്ദേഹം അവർക്ക് പറഞ്ഞു കൊടുത്തു.

ഒരു നാൾ പരിശീലനപ്പറക്കൽ വീക്ഷിച്ചുകൊണ്ട് നിന്ന ആബെ അവർ ലാന്റ് ചെയ്ത് അരികിലെത്തിയപ്പോൾ ചോദിച്ചു. "വാട്ട് ദി ഹെൽ, റോക്കീ... ഇതെല്ലാം കാണുമ്പോൾ നിങ്ങൾ അവരെ യുദ്ധത്തിന്‌ പോകാൻ തയ്യാറെടുപ്പിക്കുകയാണെന്ന് തോന്നുമല്ലോ..."

 "ആർക്കറിയാം സെനറ്റർ...?" റോക്കി പറഞ്ഞു.

ശരിയായിരുന്നു... ആബെ കെൽസോയുടെ മനോവ്യാപാരവും അത് തന്നെയായിരുന്നു. "ആർക്കറിയാം...?"

അത്രയ്ക്കും മിടുക്കന്മാരായിരുന്നു അവർ. ആബെയെക്കൊണ്ട് പണം മുടക്കിപ്പിച്ച് റോക്കി രണ്ട് കെർട്ടിസ് ട്രെയ്‌നിങ്ങ് വിമാനങ്ങൾ വാങ്ങി. എന്നിട്ട് മാക്സിനെയും ഹാരിയെയും രണ്ട് വിമാനങ്ങളിലായി പരിശീലനപ്പറക്കലിന്‌ വിട്ടു. ക്രമേണ ഇരുവരും വ്യോമയുദ്ധ പാഠങ്ങളുടെ ശൃംഗങ്ങൾ കീഴടക്കി.

ഒന്നാം ലോകമഹായുദ്ധ കാലത്ത് ജർമ്മനിയുടെ മികച്ച ഫൈറ്റർ പൈലറ്റ് ആയിരുന്ന മാക്സ് ഇമ്മെൽമാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു തന്ത്രമുണ്ടായിരുന്നു. ഡോഗ് ഫൈറ്റിനിടയിൽ ശത്രു വിമാനത്തിന് നേരെ ഒറ്റ മൂവിൽ രണ്ട് ആക്രമണങ്ങൾ നടത്തുക...  ഒരു കാലത്ത് വെസ്റ്റേൺ ഫ്രണ്ടിൽ മിക്ക വൈമാനികരും പയറ്റിയിരുന്ന ആ വിദ്യ US എയർ കോർപ്‌സും RAF ഉം ക്രമേണ മറന്നു കളയുകയായിരുന്നു.

ശത്രു വിമാനത്തിന് നേരെ അതിവേഗം പാഞ്ഞ് ചെന്ന് ഒരു ഹാഫ് ലൂപ്പിൽ കരണം മറിഞ്ഞ് മുകളിലേക്ക് ഉയരുക... എന്നിട്ട് ആ വിമാനത്തിന്റെ അമ്പതടി മുകളിൽ പൊടുന്നനെ തിരിച്ചെത്തുക... പരിശീലനം കഴിയുമ്പോഴേക്കും മാക്സും ഹാരിയും ഇമ്മെൽമാൻ ട്രിക്കിൽ അഗ്രഗണ്യരായിക്കഴിഞ്ഞിരുന്നു.

"ദേ ആർ എമേസിങ്ങ്... ട്രൂലി എമേസിങ്ങ്..." റോക്കിയോടൊപ്പം എയർഫീൽഡിലെ കാന്റീനിൽ ഇരിക്കുമ്പോൾ ആബെ അഭിപ്രായപ്പെട്ടു.

"പഴയ കാലത്തായിരുന്നെങ്കിൽ വ്യോമസേനയിലെ ഒന്നാം നിരക്കാരാവുമായിരുന്നു ഇവർ, സെനറ്റർ... ഫ്ലൈയിങ്ങ് കോർപ്സിലെ ചില കുട്ടികളെ ഞാൻ ഓർക്കുന്നു... ഇരുപത്തിയൊന്ന് വയസ്സാപ്പോഴേക്കും നാല് മെഡലുകളും മേജർ പദവിയും കരസ്ഥമാക്കിയവർ... ഒരു മികച്ച സ്പോർട്ട്സ്മാൻ ആകുന്നത് പോലെയാണിത്... ടച്ച് ഓഫ് ജീനിയസ് എന്നൊക്കെ പറയില്ലേ... നമ്മുടെ ഇരട്ടകൾക്ക് അതുണ്ട്... ബിലീവ് മീ..."

ബാറിന്റെ ഒരു മൂലയിൽ ഓറഞ്ച് ജ്യൂസും നുകർന്ന് മാക്സും ഹാരിയും പതിഞ്ഞ സ്വരത്തിൽ പരസ്പരം സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അവരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ആബെ പറഞ്ഞു. "നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു... പക്ഷേ, എന്ത് പ്രയോജനം...? അങ്ങിങ്ങായി ചില ഉരസലുകൾ ഒക്കെയുണ്ടെന്നത് ശരി തന്നെ... പക്ഷേ, ഇനിയൊരു യുദ്ധം ഉണ്ടാകാൻ പോകുന്നില്ല... അത് ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്..."

"എന്ന് വിശ്വസിക്കുന്നു, സെനറ്റർ..." റോക്കി പറഞ്ഞു. എന്നാൽ ഏതാനും വർഷങ്ങൾ കഴിഞ്ഞ് 1939 ൽ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകമഹായുദ്ധം അദ്ദേഹത്തെ ബാധിച്ചതേയില്ല... അറ്റകുറ്റപ്പണികൾ നടത്തി ടെസ്റ്റ് ഫ്ലൈറ്റിനായി ഒരു നാൾ ടേക്ക് ഓഫ് ചെയ്ത അദ്ദേഹത്തിന്റെ ആ പഴയ ബ്രിസ്റ്റളിന്റെ എൻജിൻ 500 അടി ഉയരത്തിൽ വച്ച് നിശ്ചലമായി.

റോക്കി ഫാർസന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ അത് നോക്കിക്കൊണ്ട് നിൽക്കുന്ന മാക്സിനെയും ഹാരിയെയും നിരീക്ഷിക്കുകയായിരുന്നു ആബെ. ഒരു നടുക്കത്തോടെ അദ്ദേഹത്തിന്റെ മനസ്സ് ഏതാനും വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ചു. അവരുടെ പിതാവിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുമ്പോൾ  കാണുവാൻ കഴിഞ്ഞ അതേ മുഖഭാവം... മനസ്സിനുള്ളിലെ വേദനകൾ അത്രയും മൂടി വച്ച് നിർവ്വികാരതയോടെയുള്ള ആ നിൽപ്പ്... അത് എന്തിന്റെയൊക്കെയോ ദുഃസൂചനയായി ഒരു നിമിഷം അദ്ദേഹത്തിന് തോന്നി. പക്ഷേ, അദ്ദേഹത്തിന് ഒന്നും തന്നെ ചെയ്യാൻ ആകുമായിരുന്നില്ല. തൊട്ടടുത്ത ആഴ്ചയിൽ അദ്ദേഹവും ഹാരിയും മാക്സിനെയും കൊണ്ട് ന്യൂയോർക്കിലേക്ക് തിരിച്ചു. ഇംഗ്ലണ്ടിലെ സൗതാംപ്ടണിലേക്ക് പുറപ്പെടുന്ന ക്വീൻ മേരിയിൽ മടങ്ങുന്ന മാക്സിനെ യാത്രയയക്കാനായി...  മൂന്നാം സാമ്രാജ്യം എന്നറിയപ്പെടുന്ന ഹിറ്റ്‌ലറുടെ നാസി ജർമ്മനിയിലേക്കുള്ള മാക്സിന്റെ തിരിച്ചു പോക്കിന്റെ ആദ്യ ഘട്ടം.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Saturday, December 8, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 10


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


യുദ്ധം ആരംഭിച്ച സമയത്ത് ഫ്രാൻസിൽ കുടുങ്ങിപ്പോയതായിരുന്നു എൽസാ വോൺ ഹാൾഡർ പ്രഭുകുമാരിയും മാതാവും. അവൾക്ക് ഇരുപത്തിരണ്ട് വയസ്സുള്ളപ്പോഴാണ് ഫ്രാൻസിലെ സോം നദീ തീരത്ത് ആംഗ്ലോ ഫ്രഞ്ച് സംയുക്തസേനയും ജർമ്മൻ സേനയുംതമ്മിലുള്ള പോരാട്ടത്തിൽ ഒരു ഇൻഫൻട്രി ജനറൽ ആയ അവളുടെ പിതാവ് കൊല്ലപ്പെടുന്നത്. ഇടിഞ്ഞ് വീഴാറായ പഴയ ഒരു കൊട്ടാരവും എസ്റ്റേറ്റും മാത്രമേ പുരാതന പ്രഷ്യൻ കുടുംബാംഗമായ അവൾക്ക് സ്വന്തമായിട്ടെന്ന് പറയുവാൻ ഉണ്ടായിരുന്നുള്ളൂ. ദൈനംദിനാവശ്യത്തിന് പോലും പണം ഇല്ലാതിരുന്ന അവസ്ഥ. ദിനങ്ങൾ കടന്നു പോകവേ കെൽസോ അവളുമായി കൂടുതൽ അടുത്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തന്റെ കുടുംബത്തിന്റെ ഉന്നത സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചുള്ള കഥകൾ പൊടിപ്പും തൊങ്ങലും വച്ച് അദ്ദേഹം അവളെ പറഞ്ഞു കേൾപ്പിച്ചു. അവരുടെ ജീവിതത്തിൽ പൊതുവായ ഒന്നുണ്ടായിരുന്നു. ഇരുവരുടെയും അമ്മമാർ മരണമടഞ്ഞത് 1916 ൽ ആയിരുന്നു. അതും ക്യാൻസർ ബാധയെ തുടർന്ന്.

ആശുപത്രിയിൽ എത്തിയിട്ട് മൂന്ന് ആഴ്ചയോളമാകുന്നു. പരിക്കേറ്റ മറ്റ് സൈനിക ഓഫീസർമാരോടൊപ്പം ടെറസിൽ ഇരുന്ന് താഴത്തെ പുൽത്തകിടിയിലേക്ക് കണ്ണും നട്ട് വെയിൽ കായവെ രോഗികളോട് കുശലാന്വേഷണം നടത്തി നടന്നടുക്കുന്ന എൽസയെ അദ്ദേഹം കണ്ടു. തന്റെ കൈയിൽ ഉണ്ടായിരുന്ന പാക്കറ്റ് അവൾ കെൽസോയുടെ നേർക്ക് നീട്ടി.

"ഫീൽഡ് പോസ്റ്റാണ്..."

"അതൊന്ന് തുറക്കാമോ...?" അദ്ദേഹം ചോദിച്ചു.

ചെറിയ ലെതർ ബോക്സിനോടൊപ്പം ഒരു കത്ത് കൂടിയുണ്ടായിരുന്നു അതിനുള്ളിൽ.

"ജാക്ക്... ഹെഡ്ക്വാർട്ടേഴ്സിൽ നിന്നാണല്ലോ ഇത്... നിങ്ങൾക്ക് ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് ഓർഡർ ബഹുമതി ലഭിച്ചിരിക്കുന്നു..." അത് പുറത്തെടുത്ത് അവൾ ഉയർത്തിക്കാണിച്ചു. "സന്തോഷം തോന്നുന്നില്ലേ ജാക്ക്...?"

"തീർച്ചയായും... അങ്ങനെ, ഒരു മെഡലും കൂടി ലഭിച്ചിരിക്കുന്നു... ഇനി എനിക്ക് ഒന്നിന്റെ കുറവ് കൂടിയുണ്ട്... അത് നീയാണ്..." അദ്ദേഹം അവളുടെ കരം കവർന്നു. "എന്നെ വിവാഹം കഴിക്കൂ എൽസാ... നോക്കൂ, നീ സമ്മതിക്കുന്നത് വരെയും ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും..."

അവൾക്ക് വിസമ്മതം ഒന്നും ഉണ്ടായിരുന്നില്ല. "സമ്മതിച്ചിരിക്കുന്നു... പക്ഷേ, നിങ്ങളുടെ പിതാവിന്റെ സമ്മതം കൂടി വേണ്ടേ...?" അവൾ ആരാഞ്ഞു.

"ഓ, സ്റ്റേറ്റ്സിലേക്ക് കത്തയച്ച് അതിന് മറുപടിയൊക്കെ വരുവാൻ വളരെയേറെ സമയമെടുക്കും. മാത്രവുമല്ല, മറ്റ് പല ഗുണങ്ങളോടൊപ്പം ഒരു പൊങ്ങച്ചക്കാരൻ കൂടിയാണ് അദ്ദേഹം... അതുകൊണ്ട് നിന്നെ അദ്ദേഹത്തിന് ഇഷ്ടമാകാതിരിക്കുന്ന പ്രശ്നമില്ല... അതുപോലെ തന്നെ ബോസ്റ്റൺ സമൂഹവും നിന്നെ സ്വീകരിക്കും... ഇക്കാര്യത്തിൽ ഇനി വച്ച് താമസിപ്പിക്കേണ്ടതില്ല... ഇവിടെ ഒരു പുരോഹിതൻ ഉണ്ടല്ലോ... എപ്പോൾ നാം തീരുമാനിക്കുന്നുവോ ആ നിമിഷം നമ്മുടെ വിവാഹം നടത്തി തരുവാൻ അദ്ദേഹം തയ്യാറാണ്..."

"ഓ, ജാക്ക്... യൂ ആർ എ നൈസ് മാൻ... സച്ച് എ നൈസ് മാൻ..."

"എൽസാ... യുദ്ധത്തിൽ ജർമ്മനി പരാജയപ്പെടാൻ പോകുകയാണെന്നതിൽ ഒരു സംശയവുമില്ല... നശിച്ചുകൊണ്ടിരിക്കുന്ന ഒരു കൊട്ടാരവും എസ്റ്റേറ്റും അല്ലാതെ സാമ്പത്തികമായി എന്ത് വരുമാന മാർഗ്ഗമാണ് നിനക്കവിടെയുള്ളത്...? ഐ വിൽ ടേക്ക് കെയർ ഓഫ് യൂ... ഞാൻ വാക്ക് തരുന്നു..." അദ്ദേഹം അവളുടെ കരം കവർന്നു. "കമോൺ... നിന്റെ നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത്... എന്നെ വിശ്വസിക്കൂ..."

ആ വാക്കുകളിൽ അവൾ വീണു. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് അവർ വിവാഹിതരായി... അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. തിരിച്ചു ചെന്നാൽ ജർമ്മനിയിൽ അവൾക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

പാരീസിൽ ആയിരുന്നു അവരുടെ മധുവിധു. ലോകോത്തരം, അലൗകികം എന്നൊന്നും വിശേഷിപ്പിക്കാനാവില്ലായിരുന്നു അവരുടെ പ്രണയത്തെ. തന്നോടുള്ള  പ്രിയം കൊണ്ടൊന്നുമല്ല അവൾ വിവാഹത്തിന്‌ സമ്മതിച്ചതെന്ന് കെൽസോയ്ക്ക് അറിയാമായിരുന്നു. കാലിനേറ്റ പരിക്കിനെ തുടർന്ന് അദ്ദേഹത്തിനുണ്ടായ മുടന്ത് ശരിയാക്കുവാൻ ഫിസിയോ തെറാപ്പി ആവശ്യമായിരുന്നു. ഉടൻ തന്നെ പാരീസിലെ ഒരു റെഡ് ക്രോസ് ഹോസ്പിറ്റലിലേക്ക് അവൾക്ക് മാറ്റം ലഭിച്ചു. അധികം താമസിയാതെ അവൾ ഗർഭിണിയാവുകയും അതിനെത്തുടർന്ന് സ്റ്റേറ്റ്സിലേക്ക് പോകുവാൻ കെൽസോ അവളെ നിർബ്ബന്ധിക്കുകയും ചെയ്തു.

"നമ്മുടെ കുഞ്ഞ് ജനിക്കേണ്ടത് എന്റെ നാട്ടിലാണ്... അതിനെക്കുറിച്ച് ഒരു തർക്കം വേണ്ട..." കെൽസോ പറഞ്ഞു.

"നിങ്ങളും കൂടി വരണം ജാക്ക്... നിങ്ങളുടെ കാൽ ഇനിയും ശരിയായിട്ടില്ല... കേണൽ കാർസ്റ്റേഴ്സിനോട് ഞാൻ സംസാരിച്ചിരുന്നു... നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഡിസ്ചാർജ് തരാമെന്നാണ് അദ്ദേഹം പറഞ്ഞത്..."

"എൽസാ... നീ എന്താണീ ചെയ്തത്...? ഇനിയൊരിക്കലും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുത്..." ഒരു നിമിഷം അദ്ദേഹം മറ്റൊരാൾ ആയത് പോലെ തോന്നി. പതിനഞ്ച് ജർമ്മൻ പോർവിമാനങ്ങളെ വെടിവച്ച് വീഴ്ത്തിയ വീരയോദ്ധാവ്... പിന്നെ അദ്ദേഹത്തിന്റെ മുഖത്ത് ആ പുഞ്ചിരി വിരിഞ്ഞു. വീണ്ടും ആ പഴയ ജാക്ക് കെൽസോ ആയി മാറി. "പ്രിയേ, എനിക്ക് പൊരുതുവാനായി യുദ്ധം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്... മാത്രവുമല്ല, അമേരിക്കയും കൂടി യുദ്ധത്തിൽ പങ്ക് ചേർന്നതോടെ അധികകാലം നീളുമെന്നും തോന്നുന്നില്ല... നിനക്കൊരു കുഴപ്പവും സംഭവിക്കില്ല... എന്റെ പിതാവിന് വളരെ സന്തോഷവുമാകും നിന്നെ കാണുമ്പോൾ..."

അങ്ങനെ അവൾ അമേരിക്കയിലേക്ക് കപ്പൽ മാർഗ്ഗം യാത്ര തിരിച്ചു. അളവറ്റ ആഹ്ലാദത്തോടെ ആയിരുന്നു ആബെ കെൽസോ അവളെ സ്വീകരിച്ചത്. ബോസ്റ്റണിലെ സമൂഹ സദസ്സുകളിൽ അവൾ ഒരു നിറസാന്നിദ്ധ്യം തന്നെയായിരുന്നു.
ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തോടെ അവളുടെ സന്തോഷം മൂർദ്ധന്യത്തിലെത്തി. മൂത്തവന് അവളുടെ പിതാവിന്റെ പേരായ മാക്സ് എന്നും ഇളയവന് ആബെയുടെ പിതാവിന്റെ പേരായ ഹാരി എന്നും നാമകരണം ചെയ്യപ്പെട്ടു.

പടിഞ്ഞാറൻ യുദ്ധനിരയിൽ ആയിരുന്ന ജാക്ക് കെൽസോ തന്റെ മക്കളുടെ ജനന വാർത്ത ടെലിഗ്രാഫ് സന്ദേശം വഴിയാണ് അറിഞ്ഞത്. അമേരിക്കൻ വ്യോമസേനയിൽ ചേരാതെ അപ്പോഴും അദ്ദേഹം റോയൽ ഫ്ലൈയിങ്ങ് കോർപ്സിൽത്തന്നെ ആയിരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇതിനോടകം ലെഫ്റ്റ്നന്റ് കേണൽ പദവിയിൽ എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം‌. അവശേഷിച്ചിരുന്ന അപൂർവ്വം സീനിയർ വൈമാനികരിൽ ഒരാൾ...  ഇരുപക്ഷത്തും കനത്ത ആൾനാശമാണ് യുദ്ധത്തിൽ സംഭവിച്ചു കൊണ്ടിരുന്നത് എന്നതായിരുന്നു കാരണം. അങ്ങനെയിരിക്കെ പെട്ടെന്നൊരു നാൾ യുദ്ധമങ്ങ് അവസാനിച്ചു. അതെ, ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന വർഷമായിരുന്നു അത്.

                                      ***

ബോസ്റ്റണിൽ ഇറങ്ങിയ ജാക്ക് കെൽസോ യൂണിഫോം പോലും മാറാതെ ബെഡ്റൂമിൽ ഓടിയെത്തി. വല്ലാതെ മെലിഞ്ഞ് ശോഷിച്ച് ക്ഷീണിതനായ അദ്ദേഹത്തിന് ഉള്ളതിലും ഏറെ പ്രായം തോന്നിച്ചിരുന്നു. സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുന്ന തന്റെ മക്കളെ നിർന്നിമേഷനായി നോക്കിക്കൊണ്ട് അദ്ദേഹം നിന്നു. ഒട്ടു ഭയത്തോടെ ഒരു അപരിചിതനെയെന്ന പോലെ അദ്ദേഹത്തെ മിഴിച്ചു നോക്കിക്കൊണ്ട് എൽസ വാതിൽക്കൽത്തന്നെ നിന്നു.

"ഫൈൻ..." കെൽസോ പറഞ്ഞു. "ദേ ലുക്ക് ഫൈൻ... വരൂ, നമുക്ക് താഴോട്ട് പോകാം..."

വിശാലമായ ആ സ്വീകരണമുറിയിലെ നെരിപ്പോടിനരികിൽ ആബെ കെൽസോ നിൽക്കുന്നുണ്ടായിരുന്നു. കറുത്ത തലമുടിയുമായി ജാക്കിന്റെ അതേ രൂപഭാവങ്ങളായിരുന്നു അദ്ദേഹത്തിനും. ജാക്കിനെക്കാൾ അൽപ്പം കൂടി ഉയരമുണ്ടെന്നതൊഴിച്ചാൽ അവർ തമ്മിൽ പറയത്തക്ക വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല.

"ഇത്രയും മെഡലുകൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, ജാക്ക്..." ഷാംപെയ്ൻ നിറച്ച രണ്ട് ഗ്ലാസുകൾ എടുത്തിട്ട് അദ്ദേഹം തന്റെ മകനും ഭാര്യക്കും നൽകി.

"അതെ..‌‌. കുറെയധികമുണ്ട്..." ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കിയിട്ട് ജാക്ക് പറഞ്ഞു.

"പോയ വർഷം ശരിക്കും കഷ്ടപ്പെട്ടു അല്ലേ മകനേ...?" വീണ്ടും ഗ്ലാസ്സ് നിറച്ചു കൊടുത്തുകൊണ്ട് ആബെ കെൽസോ ചോദിച്ചു.

"ഒന്നും പറയണ്ട... ജീവനോടെ തിരികെയെത്താൻ സാധിച്ചത് തന്നെ ഭാഗ്യം... സഹപ്രവർത്തകരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു..." ജാക്ക് കെൽസോ നിർവ്വികാരനായി പുഞ്ചിരിച്ചു.

"വല്ലാത്തൊരു ദുരന്തം തന്നെ..." എൽസ പറഞ്ഞു.

"പക്ഷേ, അതാണ് വാസ്തവം..." അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. "അതൊക്കെ പോട്ടെ... നമ്മുടെ മക്കളുടെ തലമുടി കണ്ടില്ലേ... നരച്ച് വെളുത്തത് പോലെ ഇരിക്കുന്നു..." പുക ഊതി പുറത്തേക്ക് വിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

"പാതി ജർമ്മൻ അല്ലേ അവർ...?" അവൾ ചോദിച്ചു.

"ആങ്ഹ്‌... അതവരുടെ കുറ്റമല്ലല്ലോ..." അദ്ദേഹം പറഞ്ഞു. "ബൈ ദി വേ... അവിടുത്തെ എന്റെ പേഴ്സണൽ സ്കോർ എത്രയാണെന്നറിയുമോ...? നാൽപ്പത്തിയെട്ട് വിമാനങ്ങൾ..."

എൽസ അദ്ദേഹത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ഹോസ്പിറ്റലിൽ വച്ച് കണ്ട ജാക്ക് കെൽസോയിൽ നിന്നും ഒട്ടേറെ മാറിപ്പോയിരിക്കുന്നു തന്റെ ഭർത്താവ്. ശരീരം ക്ഷീണിച്ച് അവശനായത് പോലെ... അന്തരീക്ഷം അൽപ്പമെങ്കിലും സന്തോഷദായകമാക്കി നിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നത് ആബെ ആയിരുന്നു. 

"ജാക്ക്... ഇനിയിപ്പോൾ എന്ത് ചെയ്യാനാണ് നിന്റെ ഉദ്ദേശ്യം...? ഹാർവാർഡിൽ തിരികെ പ്രവേശിച്ച് നിയമ ബിരുദ പഠനം പൂർത്തിയാക്കുന്നോ...? എങ്കിൽ ഏതെങ്കിലും കമ്പനിയിൽ ഒരു ജോലി ലഭിക്കുവാൻ ഒരു പ്രയാസവുമുണ്ടാകില്ല..."

"യൂ മസ്റ്റ് ബീ ജോക്കിങ്ങ്... എനിക്ക് വയസ്സ് ഇരുപത്തി മൂന്നായി... അവിടെ ആ ട്രെഞ്ചുകളിൽ കിടന്ന് പോരാട്ടം നടത്തിയ വർഷങ്ങൾ കൂടി കണക്കിലെടുക്കണം... നൂറ് കണക്കിന് ആൾക്കാരെയാണ് ഞാൻ കൊന്നൊടുക്കിയിട്ടുള്ളത്... ഹാർവാർഡുമില്ല, ഒരു കമ്പനിയുമില്ല... അമ്മയുടെ ഓർമ്മക്കായി രൂപീകരിച്ച ട്രസ്റ്റിലെ പണം എനിക്കുള്ളതാണ്... ഞാൻ എന്റെ ജീവിതം ആസ്വദിക്കാൻ പോകുകയാണ്..." അദ്ദേഹം തന്റെ ഗ്ലാസ്സ് കാലിയാക്കി. "എക്സ്ക്യൂസ് മീ... എനിക്കൊന്ന് ബാത്ത്റൂമിൽ പോകണം..."

മുടന്തിക്കൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നു. ആബെ കെൽസോ അൽപ്പം ഷാംപെയ്ൻ എൽസയുടെ ഗ്ലാസ്സിലേക്ക് പകർന്നു. "നോക്കൂ മകളേ... അവൻ കുറേയേറെ അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു... അൽപ്പമൊക്കെ വിട്ടുവീഴ്ച നമ്മളും ചെയ്തല്ലേ പറ്റൂ..."

"അദ്ദേഹത്തിന് വേണ്ടി താങ്കൾ ക്ഷമാപണം നടത്തേണ്ട ആവശ്യമില്ല..." അവൾ ഗ്ലാസ് താഴെ വച്ചു. "ഞാൻ വിവാഹം കഴിച്ച ആ ജാക്ക് കെൽസോ അല്ല ഇത്... അദ്ദേഹം ഇപ്പോഴും ആ നശിച്ച ട്രെഞ്ചുകളിലെവിടെയോ ആണ്... അദ്ദേഹം അവിടെ നിന്നും പുറത്ത് വന്നിട്ടില്ല..."

ആ പറഞ്ഞത് യാഥാർത്ഥ്യത്തിൽ നിന്നും അത്രയൊന്നും അകലെ അല്ലായിരുന്നു. കാരണം, പിന്നീടുള്ള വർഷങ്ങളിലെ ജാക്ക് കെൽസോയുടെ ജീവിതം അത്തരത്തിലായിരുന്നു. യാതൊന്നിലും ശ്രദ്ധയില്ലാതെ, ജീവിച്ചാലെന്ത് മരിച്ചാലെന്ത് എന്ന മട്ടിലുള്ള ജീവിതം... കാർ റേസിങ്ങിലുള്ള അദ്ദേഹത്തിന്റെ കമ്പം കുപ്രസിദ്ധമായിരുന്നു. പലപ്പോഴായി പിന്നെയും വിമാനം പറത്തുവാൻ അദ്ദേഹം പോയി. മൂന്ന് തവണ ക്രാഷ് ലാന്റിങ്ങ് നടത്തി... മദ്യനിരോധനത്തിന്റെ സമയത്ത് മദ്യം കടത്തുവാനായി അദ്ദേഹം തന്റെ മോട്ടോർ ബോട്ട് ഉപയോഗിക്കുക പോലുമുണ്ടായി. അത്രക്കും ആസക്തിയായിരുന്നു അദ്ദേഹത്തിന് മദ്യത്തോട്.

ഇങ്ങനെയൊക്കെ ആണെങ്കിലും അദ്ദേഹം തന്റെ ഭാര്യയോട് വളരെ മാന്യമായിത്തന്നെയാണ് പെരുമാറിയിരുന്നത്. തിരിച്ച് എൽസയുടെ സമീപനവും  അതേ രീതിയിൽ തന്നെയായിരുന്നു. നല്ലൊരു ഭാര്യയായി, കുലീനയായ ഒരു ആതിഥേയ ആയി, സ്നേഹമയിയായ ഒരു മാതാവായി അവൾ നിലകൊണ്ടു. മാക്സിനും ഹാരിയ്ക്കും അവൾ എല്ലായ്പ്പോഴും തങ്ങളുടെ പ്രീയപ്പെട്ട 'മൂട്ടി' ആയിരുന്നു. (*മൂട്ടി - ജർമ്മൻ ഭാഷയിൽ അമ്മ എന്നർത്ഥം) അവൾ അവരെ ഫ്രഞ്ചും ജർമ്മനും കൂടി പഠിപ്പിച്ചു. അവർ അവളെ അളവറ്റ് സ്നേഹിച്ചു. എന്നാൽ അതിനേക്കാളും ഒരു പിടി മുകളിലായിരുന്നു മുഴുക്കുടിയനും വാർ ഹീറോയുമായ തങ്ങളുടെ പിതാവിനോടുള്ള അവരുടെ സ്നേഹം.

ഇതിനിടയിൽ ഒരു പഴയ ബ്രിസ്റ്റൾ പോർവിമാനം സ്വന്തമായി വാങ്ങുവാൻ ജാക്ക് കെൽസോക്ക് കഴിഞ്ഞു. റോയൽ ഫ്ലൈയിങ്ങ് കോർപ്സിലെ മുൻ വൈമാനികനായ റോക്കി ഫാർസന്റെ ഉടമസ്ഥതയിലുള്ള ബോസ്റ്റണിലെ ഫ്ലൈയിങ്ങ് ക്ലബ്ബിലായിരുന്നു അദ്ദേഹം വിമാനം സൂക്ഷിച്ചിരുന്നത്. കുട്ടികൾക്ക് പത്ത് വയസ്സ് തികഞ്ഞ ആ ദിവസം തന്നെ അദ്ദേഹം അവരെ കോക്ക്പിറ്റിന് പിറകിൽ ഇരുത്തി ആകാശയാത്ര നടത്തി. അവർക്കുള്ള ജന്മദിന സമ്മാനം എന്നായിരുന്നു അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. കുട്ടികൾ കുറച്ചൊന്നുമല്ല അത് ആസ്വദിച്ചത്. എന്നാൽ വിവരം അറിഞ്ഞ എൽസ,  ഇനി ഇത് ആവർത്തിച്ചാൽ താൻ ജാക്കിനെ ഉപേക്ഷിച്ച് പോകുമെന്ന് ഭീഷണിപ്പെടുത്തി.

പതിവ് പോലെ ആബെ ആയിരുന്നു അവർക്കിടയിലെ മദ്ധ്യസ്ഥൻ. ജാക്ക് മുഴുക്കുടിയൻ ആയിരുന്നത് കൊണ്ട് മിക്കപ്പോഴും എൽസയുടെ പക്ഷം ചേർന്ന് നിന്ന് ആബെ ആ വീട്ടിൽ സമാധാനം നിലനിർത്തുവാൻ പരിശ്രമിച്ചു. എങ്കിലും അളവറ്റ സ്വത്തിന്റെ ഉടമയായ ജാക്കിന് കടിഞ്ഞാണിടാൻ അവർ ഇരുവർക്കും ആയില്ല.

ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയെട്ടും ഇരുപത്തിയൊമ്പതും കടന്നു പോയി. വിവാഹ ബന്ധത്തെക്കുറിച്ചുള്ള തന്റെ മിഥ്യാധാരണകളിൽ നിന്നൊക്കെ അപ്പോഴേക്കും അവൾ മോചനം നേടിക്കഴിഞ്ഞിരുന്നു. അമേരിക്കയോട് പോലും മനസ്സിൽ വെറുപ്പ് തോന്നിത്തുടങ്ങിയ കാലം. ആബെയോടുള്ള പിതൃതുല്യമായ സൗഹൃദവും മക്കളോടുള്ള വാത്സല്യവും കൊണ്ട് മാത്രമാണ് അവൾ അവിടെത്തന്നെ പിടിച്ചു നിന്നത്. മക്കൾ ഇരുവരുടെയും രൂപത്തിലുള്ള സാദൃശ്യം അത്ഭുതകരമായിരുന്നു. കോലൻ ചെമ്പൻ മുടി, ഹരിതനിറം കലർന്ന കണ്ണുകൾ, ഉയർന്ന് നിൽക്കുന്ന ജർമ്മൻ കവിളെല്ലുകൾ, അവരുടെ സ്വരം എന്ന് വേണ്ട, ചേഷ്ടകൾ പോലും ഒരുപോലെ ആയിരുന്നു. ഇരുവരെയും തമ്മിൽ തിരിച്ചറിയുവാൻ ജന്മനാ ഉള്ള അടയാളങ്ങളോ എന്തെങ്കിലും മുറിപ്പാടുകളോ പോലും ഉണ്ടായിരുന്നില്ല. പലപ്പോഴും അവരെ തമ്മിൽ തിരിച്ചറിയുവാൻ എൽസയ്ക്കോ ആബെയ്ക്കോ പോലും സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ആൾമാറാട്ടം നടത്തി എല്ലാവരെയും വിഡ്ഢികളാക്കുക എന്നത് മാക്സിന്റെയും ഹാരിയുടെയും ഇഷ്ട വിനോദമായിരുന്നു. എല്ലാ കാര്യത്തിലും മറ്റെങ്ങും കാണാത്ത പരസ്പര ഐക്യം... എപ്പോഴെങ്കിലും അവർ തമ്മിൽ വഴക്ക് കൂടിയിട്ടുണ്ടെങ്കിൽ അത് ടർക്വിന്റെ ഉടമസ്ഥാവകാശത്തിന് വേണ്ടി മാത്രമായിരുന്നു. കേവലം പത്ത് മിനിറ്റ് നേരത്തെ ജനിച്ചതിനെത്തുടർന്നാണ് മാക്സ് ഔദ്യോഗികമായി ബാരൺ വോൺ ഹാൾഡർ അതായത് ഹാൾഡർ പ്രഭുകുമാരൻ ആയി മാറിയത് എന്ന വസ്തുതയൊന്നും അവരെ തെല്ലും അലട്ടിയില്ല.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, November 30, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 09

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥാരംഭം

1917 - ആഗസ്റ്റ്

ഫ്രാൻസി‌ന് മുകളിൽ 10,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കവെ ജാക്ക് കെൽസോ അങ്ങേയറ്റം ആഹ്ലാദചിത്തനായിരുന്നു.‌ ബോസ്റ്റണിലെ ഒരു ഉന്നത ധനിക കുടുംബത്തിലെ ഇളമുറക്കാരനായ ആ ഇരുപത്തിരണ്ടുകാരൻ ഇപ്പോൾ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കേണ്ടവനാണ്. എന്നാൽ അതിന് പകരം ബ്രിട്ടീഷ് റോയൽ ഫ്ലൈയിങ്ങ് കോർപ്സിൽ വിജയകരമായ രണ്ടാമത്തെ വർഷത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് അയാൾ.

ഒരു ബ്രിസ്റ്റൾ ഫൈറ്റർ ആണ് അദ്ദേഹം പറത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ മികച്ച യുദ്ധ വിമാനങ്ങളിൽ ഒന്ന്. ആ ടൂ സീറ്റർ വിമാനത്തിന്റെ പിൻസീറ്റ് ഒബ്സർവർ ഗണ്ണർക്ക് വേണ്ടിയുള്ളതാണ്.  കെൽസോയുടെ സഹായിയായ സെർജന്റിനെ തലേദിവസത്തെ ആകാശപ്പോരാട്ടത്തിനിടയിൽ വെടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനഞ്ച് ജർമ്മൻ യുദ്ധവിമാനങ്ങളെ വെടിവെച്ച് വീഴ്ത്തുകയും മിലിട്ടറി ക്രോസ് ബഹുമതി കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള ജാക്ക് കെൽസോ ഇത്തവണ ഒറ്റയ്ക്കാണ് ടേക്ക് ഓഫ് ചെയ്തിരിക്കുന്നത്. അതും അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം. എന്നാൽ ഒറ്റയ്ക്കാണോ എന്ന് ചോദിച്ചാൽ അല്ല... കോക്ക്പിറ്റിൽ താഴെ തന്റെ സീറ്റിനരികിലായി ലെതർ ഹെൽമറ്റും ഫ്ലൈയിങ്ങ് ജാക്കറ്റും അണിഞ്ഞ് അവനും ഇരിക്കുന്നുണ്ടായിരുന്നു... ടർക്വിൻ എന്ന് പേരുള്ള ആ കരടിക്കുട്ടൻ...

കെൽസോ ആ ബൊമ്മയുടെ തലയിൽ പതുക്കെ ഒന്ന് തട്ടി. "ഗുഡ് ബോയ്... എന്നെ നിരാശപ്പെടുത്തരുത്..."

അക്കാലത്ത് ബ്രിട്ടീഷ് വാർ ഓഫീസ് പാരച്യൂട്ടുകളുടെ ഉപയോഗം നിരോധിച്ചിരിക്കുകയായിരുന്നു. പൈലറ്റുകളെ അവ ഭീരുക്കളായി മാറ്റുന്നു എന്നായിരുന്നു അവരുടെ വാദം. എന്നാൽ യാഥാർത്ഥ്യ ബോധം ഉള്ളവനും ധനികനുമായ ജാക്ക് കെൽസോ ഏറ്റവും പുതിയ തരം പാരച്യൂട്ട് സ്വന്തമായി വാങ്ങി ധരിച്ചിട്ടുണ്ടായിരുന്നു.

മറ്റ് പല കാര്യങ്ങളിലും അദ്ദേഹം യാഥാർത്ഥ്യ ബോധം‌ പുലർത്തിയിരുന്നു. പൊടുന്നനെയുള്ള ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരിക്കണം എന്നതായിരുന്നു ഒന്ന്. പിന്നെ ശത്രുരാജ്യത്തിന്റെ വ്യോമമേഖലയിൽ 10,000 അടിയിൽ താഴെ ഒരിക്കലും പറക്കരുത് എന്നും.

കാലാവസ്ഥ വളരെ മോശമായിരുന്നു അന്ന് രാവിലെ. കാറ്റും മഴയും കട്ടി മേഘങ്ങളും എല്ലാം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. ആ കോലാഹലങ്ങൾക്കിടയിൽ ഏത് വിമാനമാണ് തനിക്കരികിലൂടെ കടന്നു പോയതെന്ന് തിരിച്ചറിയാൻ പോലും കെൽസോക്ക് ആയില്ല. പൊടുന്നനെ ഒരു ഗർജ്ജനം... ഇടതുഭാഗത്തു കൂടി പാഞ്ഞു പോയ നിഴൽ പോലെയുള്ള എന്തോ ഒന്ന്... മെഷീൻ ഗണ്ണിൽ നിന്നുള്ള വെടിയുണ്ടകളേറ്റ് ബ്രിസ്റ്റൾ ആടിയുലഞ്ഞു. വെടിയുണ്ടകളിൽ ഒന്ന് അദ്ദേഹത്തിന്റെ ഇടതു കാലിൽ തുളച്ചു കയറി. പെട്ടെന്ന് തന്നെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറച്ച് കെൽസോ മേഘപാളികളുടെ സുരക്ഷിതത്വത്തിലേക്ക് ഇറങ്ങി.

അദ്ദേഹം വിമാനത്തിന്റെ ഗതി മാറ്റി ബ്രിട്ടീഷ് വ്യോമ മേഖല ലക്ഷ്യമാക്കി നീങ്ങി. 7000 അടി... പിന്നെ 5000 അടി... എന്തോ പുകഞ്ഞ് കരിയുന്ന ഗന്ധം അദ്ദേഹം അറിയുന്നുണ്ടായിരുന്നു. വിമാനം 3000 അടിയിലേക്ക് താഴ്ന്നു. എൻജിന് ചുറ്റും തീനാമ്പുകൾ ജ്വലിച്ച് തുടങ്ങിയിരിക്കുന്നു. താഴെ ഫ്ലാൻഡേഴ്സിലെ യുദ്ധഭൂമിയും ട്രെഞ്ചുകളും കാണുവാൻ സാധിക്കുന്നുണ്ട്. അതെ... ചാടുവാനുള്ള സമയമായിരിക്കുന്നു. സീറ്റ് ബെൽറ്റ് അഴിച്ചിട്ട് ടർക്വിനെ എടുത്ത് അദ്ദേഹം തന്റെ ലെതർ കോട്ടിനുള്ളിൽ തിരുകി. പിന്നെ വിമാനത്തെ തലകീഴായി ടിൽറ്റ് ചെയ്ത് പുറത്തേക്ക് ഊർന്ന് വീണു‌. 1000 അടിയിൽ എത്തിയതും പാരച്യൂട്ടിന്റെ റിപ്പ് കോഡ് വലിച്ച് ഫ്ലോട്ട് ചെയ്ത് താഴോട്ട് നീങ്ങി.

പാതി വെള്ളം നിറഞ്ഞ ഒരു ട്രെഞ്ചിലേക്കാണ്‌ അദ്ദേഹം വന്നു പതിച്ചത്. അത് ബ്രിട്ടീഷ് സൈഡിലേതാണോ അതോ ജർമ്മൻ സൈഡിലേതാണോ എന്ന് തീർച്ചയുണ്ടായിരുന്നില്ല. എന്തായാലും ഭാഗ്യം കെൽസോയോടൊപ്പമായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ചളി പുരണ്ട കാക്കി യൂണിഫോം ധരിച്ച ഒരു സംഘം സൈനികർ നീട്ടിപ്പിടിച്ച റൈഫിളുകളുമായി അദ്ദേഹത്തിനരികിലെത്തി.

"ഡോണ്ട് ഷൂട്ട്... അയാം ഫ്ലൈയിങ്ങ് കോർപ്സ്..." കെൽസോ വിളിച്ചു പറഞ്ഞു.

ആ പരിസരത്തെവിടെയോ മെഷീൻ ഗണ്ണുകൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. രണ്ട് ഭടന്മാർ ചേർന്ന് കെൽസോയുടെ പാരച്യൂട്ടിന്റെ ബക്ക്‌ൾ വേർപെടുത്തി. മറ്റൊരു സെർജന്റ് ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹത്തിന്റെ ചുണ്ടിൽ വച്ചു കൊടുത്തു.

"നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം രസകരമാണല്ലോ ക്യാപ്റ്റൻ..." ലണ്ടൻ ചുവയുള്ള ഇംഗ്ലീഷിൽ അയാൾ പറഞ്ഞു.

"ഞാനൊരു അമേരിക്കനാണ്..." കെൽസോ പറഞ്ഞു.

"വെൽ... ഇവിടെയെത്തിപ്പെടാൻ കുറേക്കാലം എടുത്തല്ലോ നിങ്ങൾ..." ആ സെർജന്റ് പറഞ്ഞു. "1914 മുതൽ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ..."

                                      ***

യുദ്ധ മേഖലയിൽ നിന്നും പുറത്തേക്കുള്ള അവരുടെ യാത്ര അപകടകരം തന്നെയായിരുന്നു. ഇൻഫൻട്രി പട്രോൾ നൽകിയ മോർഫിൻ ഇൻജക്ഷനെ തുടർന്ന് യാത്രയുടെ ഭൂരിഭാഗവും ജാക്ക് കെൽസോ അബോധാവസ്ഥയിൽ ആയിരുന്നു.

മനോഹരമായ പാടശേഖരത്തിന് അരികിലുള്ള ഒരു പഴയ ഫ്രഞ്ച് കൊട്ടാരത്തിലായിരുന്നു ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തിച്ചിരുന്നത്. ഒരു മായിക ലോകത്തേക്കാണ് ജാക്ക് കെൽസോ കണ്ണ് തുറന്നത്. ചെറിയ ഒരു റൂം... തൂവെള്ള ഷീറ്റുകൾ... മട്ടുപ്പാവിലേക്ക് തുറക്കുന്ന ഫ്രഞ്ച് ജാലകങ്ങൾ... കിടക്കയിൽ എഴുന്നേറ്റിരിക്കുവാൻ ശ്രമം നടത്തിയ അദ്ദേഹം കാലിലെ അസഹ്യമായ വേദന കൊണ്ട് അലറി വിളിച്ചു. തന്നെ പുതപ്പിച്ചിരുന്ന ഷീറ്റ് ഒരു വശത്തേക്ക് വകഞ്ഞു മാറ്റിയ അദ്ദേഹം കണ്ടത് കാലിലെ കനത്ത ബാൻഡേജാണ്. 

വാതിൽ തള്ളിത്തുറന്ന് റെഡ് ക്രോസ് യൂണിഫോം ധരിച്ച ചെറുപ്പക്കാരിയായ ഒരു നഴ്സ് പ്രവേശിച്ചു. സ്വർണ്ണ വർണ്ണമുള്ള തലമുടിയും ഹരിതനിറം കലർന്ന കണ്ണുകളും അഴക് വഴിഞ്ഞൊഴുകുന്ന മുഖവും വിലയിരുത്തിയ അദ്ദേഹം അവളുടെ പ്രായം ഇരുപതുകളുടെ ആരംഭത്തിൽ ആവാനേ വഴിയുള്ളൂ എന്ന് ഊഹിച്ചു. താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് ഇവൾ എന്ന് അദ്ദേഹത്തിന് തോന്നി. അവളെ ദർശിച്ച ആ നിമിഷം തന്നെ ജാക്ക് കെൽസോ അവളിൽ അനുരക്തനായി കഴിഞ്ഞിരുന്നു.

"നോ... എഴുന്നേൽക്കാൻ പാടില്ല..." അദ്ദേഹത്തെ തലയിണയിലേക്ക് താങ്ങി കിടത്തിയിട്ട് അവൾ ഷീറ്റ് മേലോട്ട് വലിച്ച് പുതപ്പിച്ച് കൊടുത്തു.

മെഡിക്കൽ കോർപ്സിന്റെ അടയാളങ്ങൾ അണിഞ്ഞ ഒരു ആർമി കേണൽ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. "പ്രോബ്ലംസ്, ബാരണെസ്സ്..?"

"നോട്ട് റിയലി...  അൽപ്പം കൺഫ്യൂഷനിലാണ് ഇദ്ദേഹം... അത്രയേ ഉള്ളൂ ..." അവൾ പറഞ്ഞു.

"അത് പാടില്ല..." കേണൽ പറഞ്ഞു. "നിങ്ങളുടെ ആ കാലിൽ നിന്ന് വലിയ ഒരു ബുള്ളറ്റാണ് നീക്കം ചെയ്തത് മകനേ... അതുകൊണ്ട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം... ഒരു ഡോസ് മോർഫിൻ കൂടി വേണ്ടി വരുമെന്ന് തോന്നുന്നു..."

അയാൾ പുറത്തേക്ക് നടന്നു. സിറിഞ്ചിൽ മോർഫിൻ ചാർജ് ചെയ്തിട്ട് അവൾ കെൽസോയുടെ വലതു കൈയിൽ ഇൻജക്റ്റ് ചെയ്യുവാനായി അരികിലെത്തി.

"നിങ്ങളുടെ ഇംഗ്ലീഷ് ഉച്ചാരണം... നിങ്ങൾ ജർമ്മൻകാരിയാണല്ലേ... മാത്രമല്ല, അദ്ദേഹം നിങ്ങളെ 'ബാരണെസ്സ്' എന്ന് വിളിക്കുന്നതും കേട്ടു... അതായത് പ്രഭുകുമാരി എന്ന്..." കെൽസോ ചോദിച്ചു.

"ലുഫ്ത്‌വാഫ് പൈലറ്റുമാരെ പരിചരിക്കേണ്ടി വരുമ്പോൾ അത് പ്രയോജനപ്പെടാറുണ്ട്..." അവൾ പറഞ്ഞു.

ഇൻജക്ഷൻ എടുത്ത് പോകാൻ തുനിഞ്ഞ അവളുടെ കയ്യിൽ അദ്ദേഹം കയറിപ്പിടിച്ചു. "നോക്കൂ, നിങ്ങൾ ആരായിരുന്നാലും എനിക്കൊന്നുമില്ല...  പക്ഷേ, എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാക്ക് തന്നേ മതിയാവൂ പ്രഭുകുമാരീ..." അദ്ദേഹത്തിന്റെ കണ്ണുകളിൽ മയക്കത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു.  "ആട്ടെ, ടർക്വിൻ എവിടെ...?" അദ്ദേഹം ചോദിച്ചു.

"ആ കരടിയെ ആണോ ഉദ്ദേശിക്കുന്നത്...?" അവൾ ആരാഞ്ഞു.

"സാധാരണ കരടിയല്ല അത്... പതിനഞ്ച് ശത്രു വിമാനങ്ങൾ ഞാൻ വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്... അപ്പോഴെല്ലാം ടർക്വിൻ എന്റെയൊപ്പം ഉണ്ടായിരുന്നു... എന്റെ ഭാഗ്യചിഹ്നമാണവൻ..."

"വെൽ... അവൻ അതാ ആ ഡ്രെസ്സിങ്ങ് ടേബിളിന് മുകളിൽ ഇരിപ്പുണ്ട്..." അവൾ പറഞ്ഞു.

അവൻ അവിടെ ഉണ്ടായിരുന്നു. ജാക്ക് കെൽസോ അവനെ ഒന്ന് നോക്കി. "ഹൈ ദേർ... ഓൾഡ് ബഡ്ഡി..." അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.


Saturday, November 24, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 08

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



Hanged Man ലോഡ്ജിലെ ബെഡ്റൂമിന്റെ ചെറിയ ബാൽക്കണിയിൽ കോർണിഷിലേക്ക് കണ്ണും നട്ട് നിൽക്കവെ മൂടൽമഞ്ഞിന്റെ അകമ്പടിയോടെ പ്രഭാതം വരവറിയിച്ചു. ഓർമ്മകളുടെ ഘോഷയാത്രകളായിരുന്നു രാത്രി മുഴുവനും. ഭാര്യ ഇനിയും ഉണർന്നിട്ടില്ല. ശബ്ദമുണ്ടാക്കാതെ വേഷം മാറി പുറത്ത് കടന്ന് കോണിപ്പടികളിറങ്ങി ഞാൻ ബാറിന്റെ ലോഞ്ചിൽ എത്തി. അവൾ പറഞ്ഞത് ശരിയായിരുന്നു... ആ കഥയിലെ ജർമ്മൻ കണക്ഷൻ ആണ് ഇനി കണ്ടെത്താനുള്ളത്. അതിനുള്ള ഏക മാർഗ്ഗമായിരുന്നു കോൺറാഡ് സ്ട്രാസ്സർ... വർഷങ്ങളായിരിക്കുന്നു അദ്ദേഹവുമായി സംസാരിച്ചിട്ട്. അമ്മാവന്റെയും ജർമ്മൻ അമ്മായിയുടെയും മരണശേഷം ആ ബന്ധം ഏതാണ്ട് പൂർണ്ണമായും അറ്റു പോയത് പോലെ ആയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ നമ്പർ എന്റെ പേഴ്സിലെ കാർഡിൽ ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു. ഈർപ്പമടിച്ച് കുതിർന്നിരുന്നുവെങ്കിലും അതിലെ നമ്പർ മാഞ്ഞ് പോയിരുന്നില്ല. അടുക്കള വാതിൽ തുറന്ന് സെക്ക് ആക്‌ലന്റ് എത്തി നോക്കിയത് അപ്പോഴായിരുന്നു.

"നേരത്തെയുണർന്നല്ലോ..." അദ്ദേഹം പുഞ്ചിരിച്ചു.

"താങ്കളും..."

"ഓ, എന്റെ ഈ പ്രായത്തിൽ ഉറക്കമൊക്കെ കുറവാണ്... ചായ തിളപ്പിച്ചിട്ടുണ്ട്... എടുത്തുകൊണ്ട് വരാം..." അദ്ദേഹം പറഞ്ഞു.

"ഒരു രണ്ട് മിനിറ്റ്... ഒന്ന് ഫോൺ ചെയ്യാനുണ്ട്... ഹാംബർഗിലേക്ക്... പരിഭ്രമിക്കേണ്ട... എന്റെ ബില്ലിൽ ചേർത്തോളൂ..."

"ഹാംബർഗ്... ദാറ്റ്സ് ഇ‌ന്ററസ്റ്റിങ്ങ്... അവിടെയും നേരം പുലർന്ന് വരുന്നതേയുള്ളല്ലോ..."

"അതും ഒരു വൃദ്ധനാണ്... ഉറക്കമൊന്നും ഉണ്ടാവില്ല..." ഞാൻ പറഞ്ഞു.

ആക്‌ലന്റ് കിച്ചണിലേക്ക് പോയി. ബാറിലെ സ്റ്റൂളിന്മേൽ ഇരുന്ന് കാർഡിലെ നമ്പർ നോക്കി ഞാൻ ഡയൽ ചെയ്തു. എന്റെ ഓർമ്മ വച്ച് കോൺറാഡ് ജനിച്ചത് 1920 ൽ ആണ്. എന്ന് വച്ചാൽ ഇപ്പോൾ എഴുപത്തിയേഴ് വയസ്സ്. അദ്ദേഹത്തിന്റെ ഭാര്യ മരണമടഞ്ഞ വിവരം ഞാൻ അറിഞ്ഞിരുന്നു. ഒരു മകൾ ഉള്ളത് ഓസ്ട്രേലിയയിലും.

അപ്പുറത്ത് റിസീവർ എടുത്തതും ജർമ്മൻ ഭാഷയിൽ ആ പരുക്കൻ സ്വരം കേൾക്കാറായി. "ഏത് നശിച്ചവനാണ് ഈ നേരത്ത്...?"

"യുവർ ഐറിഷ് കസിൻ..." ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു. "എങ്ങനെയുണ്ട് ഹാംബർഗിൽ ഇന്നത്തെ പ്രഭാതം...?"

ബ്ലാങ്കനീസിലെ എൽബെയിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.  "നദിയിൽ എമ്പാടും മൂടൽമഞ്ഞാണ്... ഏതാനും ബോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്..." അദ്ദേഹം ഉറക്കെ ചിരിച്ചു. പണ്ടത്തെ പോലെ അപ്പോഴും എന്നെ 'ബോയ്' എന്നാണ് അദ്ദേഹം വിളിച്ചത്. "ഗുഡ് റ്റു ഹിയർ ഫ്രം യൂ ബോയ്... ഇനി നീ ആ ഐറിഷ് മണ്ടത്തരങ്ങളൊന്നും വിളമ്പില്ല എന്ന് കരുതിക്കോട്ടെ...?"

"തീർച്ചയായും ഇല്ല... ഇപ്പോൾ ഞാനും വളർന്ന് വലുതായില്ലേ..."

"യെസ്... ഞാനോർക്കുന്നു... നീ നിന്റെ ഇപ്പോഴത്തെ ഭാര്യയെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് എന്നോട് പറഞ്ഞത്... നിന്നെക്കാൾ ഇരുപത്തിയഞ്ച് വയസ്സിന് ചെറുപ്പമാണ് അവൾ എന്ന് പറഞ്ഞപ്പോൾ ഏറിയാൽ ഒരു വർഷം എന്ന് ഞാൻ പറഞ്ഞത്..."

"അതെ... പതിനഞ്ച് വർഷം മുമ്പായിരുന്നു അത്..."

"എന്ന് വച്ചാൽ ഒരു പഴയ ഗെസ്റ്റപ്പോക്കാരനും തെറ്റ് പറ്റാമെന്ന്..."

പെട്ടെന്നുണ്ടായ ചുമ നിർത്താൻ അദ്ദേഹം പാടു പെടുന്നത് പോലെ തോന്നി. ചുമ തീരുന്നത് വരെ ഞാൻ കാത്തു നിന്നു. പിന്നെ ചോദിച്ചു. "ആർ യൂ ഓകേ...?"

"തീർച്ചയായും... രക്തവും ഉരുക്കും കൂടിച്ചേർന്നത്... അതാണ് ഞങ്ങൾ ജർമ്മൻസ്... നിന്റെ ഭാര്യ ഇപ്പോഴും ഒരു അത്ഭുത വനിത തന്നെയാണോ...? ഫോർമുലാ വൺ... ഡൈവിങ്ങ്... വിമാനം പറത്തൽ... അതൊക്കെയുണ്ടോ ഇപ്പോഴും...?"

"ഇന്നലെ അവൾ ഒരു അത്ഭുത വനിത തന്നെയായിരുന്നു... ഞങ്ങളുടെ ജീവൻ രക്ഷിച്ചത് അവളാണ്..." ഞാൻ പറഞ്ഞു.

"വിശദമായി പറയൂ..."

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. "മൈ ഗോഡ്, വാട്ട് എ വുമൻ...!"

"ആ പറഞ്ഞത് തീരെ കുറഞ്ഞു പോയി... അവൾ കേട്ടാൽ ഇവിടെ യുദ്ധം നടക്കും..."

"അപ്പോൾ അല്ലാത്ത സമയത്തോ...?"

"അങ്ങേയറ്റം നല്ല കുട്ടി..."

കോൺറാഡ് വീണ്ടും ചുമയ്ക്കുവാൻ തുടങ്ങി. പിന്നെ ചോദിച്ചു. "സോ, വാട്ട്സ് ഇറ്റ് ഓൾ എബൗട്ട്...? വർഷങ്ങൾക്ക് ശേഷമുള്ള ഈ ഫോൺ കോൾ... അതും കിഴക്ക് വെള്ള കീറും മുമ്പ്..."

"എനിക്ക് നിങ്ങളുടെ ഒരു സഹായം ആവശ്യമായി വന്നിരിക്കുന്നു... അത്യന്തം അമ്പരപ്പിക്കുന്ന ഒരു കഥ എന്റെ മുന്നിൽ എത്തിയിട്ടുണ്ട്... 1918 ൽ ജനിച്ച സഹോദരന്മാർ... അതും ഇരട്ട സഹോദരന്മാർ... ഹാരി കെൽസോയും മാക്സ് കെൽസോയും... അവരുടെ പിതാവ് അമേരിക്കൻ... മാതാവ് എൽസ വോൺ ഹാൾഡർ പ്രഭ്വി..."

"വോൺ ഹാൾഡേഴ്സ്... ഉന്നത പ്രഷ്യൻ കുലീന കുടുംബമാണല്ലോ അത്... " കോൺറാഡ് മുരണ്ടു.

"ഇരട്ടകൾ പിന്നീട് ഇരുവഴികളിലായി വേർപെട്ടു... ഇളയവൻ ഹാരി തന്റെ മുത്തച്ഛനായ ആബെ കെൽസോയോടൊപ്പം അമേരിക്കയിൽ... 1930 ൽ ഒരു കാർ അപകടത്തിൽ പെട്ട് മകൻ മരണമടഞ്ഞതോടെ ആബെ കെൽസോ മകന്റെ ഭാര്യയായ എൽസ പ്രഭ്വിയെയും മാക്സിനെയും ജർമ്മനിയിലേക്ക് മടക്കി അയച്ചു. മൂത്തവനായ മാക്സ് സ്വാഭാവികമായും അങ്ങനെ ബാരൺ വോൺ ഹാൾഡർ... അതായത് ഹാൾഡർ പ്രഭു ആയി..."

"ആ പേര് ഞാൻ കേട്ടിട്ടുണ്ട്..." കോൺറാഡ് പറഞ്ഞു.

"എങ്ങനെ കേൾക്കാതിരിക്കും... ബ്ലാക്ക് ബാരൺ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്... ലുഫ്ത്‌വാഫിലെ ഒന്നാം നമ്പർ ഫൈറ്റർ പൈലറ്റ് ആയിരുന്നു അദ്ദേഹം... സഹോദരൻ ഹാരിയും പൈലറ്റ് ആയിരുന്നു... റഷ്യക്കെതിരെ ഫിന്നിഷ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു... പിന്നെ റോയൽ എയർഫോഴ്സിൽ അമേരിക്കൻ വൈമാനികനായി ബാറ്റ്‌ൽ ഓഫ് ബ്രിട്ടനിൽ... നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലും അധികം മെഡലുകൾ..."

ഒരു നീണ്ട മൗനത്തിന് ശേഷം കോൺറാഡ് ആരാഞ്ഞു. "വാട്ട് എ സ്റ്റോറി... പിന്നെന്തുകൊണ്ട് അദ്ദേഹത്തിന്റെ നാമം രണ്ടാം ലോക മഹായുദ്ധത്തിലെ വീരയോദ്ധാക്കളുടെ പട്ടികയിൽ വന്നില്ല...?"

"ചില പ്രത്യേക കാരണങ്ങൾ കൊണ്ട്... രഹസ്യ സ്വഭാവമുള്ള ഫയലുകളിൽ ഉറങ്ങുകയാണ് ആ കഥകൾ..."

"ഇത്രയും വർഷങ്ങൾക്ക് ശേഷവും...?"

"ഇവിടെ ഒരാളുമായി സംസാരിക്കുകയായിരുന്നു ഞാൻ... എൺപത്തിയെട്ട് കഴിഞ്ഞ ആ വൃദ്ധനിൽ നിന്നും കുറേയേറെ വസ്തുതകൾ എനിക്ക് ലഭിച്ചു... ഇനി അതിന്റെ ജർമ്മൻ സൈഡ് മാത്രമാണ് അറിയുവാനുള്ളത്... പഴയ ഒരു ഗെസ്റ്റപ്പോ എന്ന നിലയിൽ രഹസ്യ രേഖകൾ തേടിയെടുക്കുവാൻ നിങ്ങൾക്ക് സാധിച്ചേക്കുമെന്ന് ഞാൻ കരുതി... ഇനി അഥവാ കഴിയില്ലെങ്കിൽത്തന്നെ വിഷമിക്കേണ്ട കാര്യമില്ല... ബുദ്ധിമുട്ട് എനിക്ക് മനസ്സിലാക്കാൻ കഴിയും..."

"എനിക്ക് കഴിയില്ലെങ്കിൽ എന്നോ...?" വീണ്ടും അദ്ദേഹം ചുമയ്ക്കുവാൻ തുടങ്ങി. "എനിക്കതിൽ സന്തോഷമേയുള്ളൂ... ഇത്തരം ജോലികൾ എനിക്കൊരു ഹരമാണ്... ജീവിതത്തിന് പുതിയൊരു ഉന്മേഷമായിരിക്കും എനിക്ക് അത് നൽകുക... മറ്റൊന്നും കൊണ്ടല്ല... എന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു മകനേ... ലങ്ങ് ക്യാൻസറാണ് എനിക്ക്..."

എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു വാർത്ത ആയിരുന്നു അത്. കാരണം അത്രയധികം അദ്ദേഹത്തെ ഇഷ്ടമായിരുന്നു എനിക്ക്.

"ജീസസ്... വേണ്ട കോൺറാഡ്... വിട്ടു കളഞ്ഞേക്കൂ ഇക്കാര്യം..." ഞാൻ പറഞ്ഞു.

"എന്തിന് വിട്ടു കളയണം...? എനിക്കിഷ്ടമാണ് ഇത്തരം തമാശയൊക്കെ... ദിവസങ്ങൾ എണ്ണിക്കഴിയുന്ന ഒരു വൃദ്ധനാണ് ഞാൻ... അതുകൊണ്ട് ആ രേഖകളുടെ രഹസ്യ സ്വഭാവമൊന്നും എനിക്കൊരു പ്രശ്നമേയല്ല... ഇതൊക്കെയല്ലേ ഒരു രസം... ഇന്റലിജൻസ് വകുപ്പിൽ നീണ്ട കാലം പ്രവർത്തിച്ചു എന്നതിന്റെ പേരിൽ എനിക്ക് വേ‌ണമെങ്കിൽ കൈ കഴുകാം... പക്ഷേ, നീ ഒരിക്കൽ എന്നെ സഹായിച്ചിട്ടുള്ളതാണ്... നമുക്ക് കുറച്ച് കൂടി ആഴത്തിലേക്കിറങ്ങാം... ആദ്യം ബ്ലാക്ക് ബാരണെക്കുറിച്ച് നിനക്ക് അറിയാവുന്ന വസ്തുതകൾ എന്നോട് പറയൂ... എന്നിട്ട് അവിടെ നിന്നും ഞാൻ തുടങ്ങി വയ്ക്കാം..."

                                     ***

അൽപ്പനേരം കഴിഞ്ഞതും അവിടേക്ക് ഒഴുകിയെത്തിയ ഇറച്ചി മൊരിയുന്ന ഗന്ധം എന്നെ കിച്ചണിലേക്ക് നടത്തിച്ചു. സെക്ക് ആക്‌ലന്റ് സാൻഡ്‌വിച്ച് ഉണ്ടാക്കിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. മേശയുടെ ഒരരികിൽ ഇരുന്ന് രുചികരമായ ആ സാൻഡ്‌വിച്ചിനോടൊപ്പം ചായ മൊത്തിക്കൊണ്ടിരിക്കുമ്പോൾ ലോകത്തിന്റെ നിറുകയിലാണ് ഞാൻ ഇരിക്കുന്നതെന്ന് തോന്നിപ്പോയി.

"ഫോൺ കോൾ ഓകെ...?" അദ്ദേഹം ആരാഞ്ഞു.

"ഓ, യെസ്..." ഞാൻ പറഞ്ഞു. "എന്റെ ഒരു ബന്ധു ആയിരുന്നു... നമ്മുടെ കഥയുടെ ജർമ്മൻ സൈഡ്... അതായത് മാക്സ് കെൽസോയെക്കുറിച്ചുള്ള വിവരങ്ങൾ... ആർക്കെങ്കിലും അത് കണ്ടെത്തുവാൻ കഴിയുമെങ്കിൽ അത് അദ്ദേഹത്തിന് മാത്രമായിരിക്കും..."

"താങ്കൾക്ക് നല്ല ഉറപ്പുള്ളത് പോലെ..."

"തീർച്ചയായും... അദ്ദേഹവും നിങ്ങളെപ്പോലെയാണ് സെക്ക്... വയസ്സ് എഴുപത്തിയേഴ് ആയിരിക്കുന്നു... അനുഭവങ്ങളുടെ കൂടാരമാണ്... എല്ലായിടത്തും വേണ്ടത്ര പിടിപാടുകളും..." ഞാൻ മഗ്ഗിലേക്ക് കുറച്ച് കൂടി ചായ പകർന്നു. "യുദ്ധത്തിന്റെ നാളുകളിൽ അദ്ദേഹം ഗെസ്റ്റപ്പോയിൽ ആയിരുന്നു..."

"എന്റെ ദൈവമേ...!" ചിരി നിയന്ത്രിക്കാനാവാതെ അദ്ദേഹം കസേരയിൽ നിന്നും വീഴാൻ പോയി.

"നിങ്ങൾക്ക് അറിയാവുന്ന എല്ലാ വസ്തുതകളും എന്നോട് പറഞ്ഞു കഴിഞ്ഞു എന്നുറപ്പാണോ...?" ഞാൻ ചോദിച്ചു.

"ഒരിക്കലുമില്ല... എന്തൊക്കെ വിവരങ്ങളണ് താങ്കൾ കണ്ടുപിടിച്ച് കൊണ്ടുവരിക എന്ന് നോക്കട്ടെ... എന്നിട്ട് നമുക്ക് ഒരുമിച്ചിരുന്ന് വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാം..." അദ്ദേഹം എഴുന്നേറ്റു. "ബിയറിന്റെ വീപ്പ എന്തായി എന്ന് നോക്കാനുണ്ട്... നമുക്ക് പിന്നെ കാണാം..."

ബ്രേക്ക്ഫാസ്റ്റിന് ശേഷം ഞാൻ ബോട്ട് ജെട്ടിയുടെ അറ്റത്ത് ചെന്ന് നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. കനത്ത മൂടൽമഞ്ഞിലേക്ക് നോക്കിക്കൊണ്ട് നിൽക്കുമ്പോഴും സെക്ക് പറഞ്ഞ കഥ തന്നെയായിരുന്നു എന്റെ മനസ്സിൽ. 

ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞതും ഡെനിസ് എനിക്കരികിലെത്തി. തനിക്ക് പാകമല്ലാത്ത വലിയ ഒരു സ്വെറ്ററും ജീൻസും ആയിരുന്നു അവളുടെ വേഷം. മറ്റാരുടേതോ ആണെന്ന് വ്യക്തം.  അവളുടെ കൈയിൽ രണ്ട് കപ്പ് ചായ ഉണ്ടായിരുന്നു.

"ഞാൻ ഗുഡ്‌വുഡ് എയറോ ക്ലബ്ബിൽ പോയിരുന്നു... നമ്മളെ പിക്ക് ചെയ്യാനായി ബെർണി സ്മിത്ത് വരുന്നുണ്ട്..." അവൾ പറഞ്ഞു.

"ദാറ്റ്സ് ഗുഡ്..." അൽപ്പം ചായ രുചിച്ചിട്ട് അവളെ അരക്കെട്ടിൽ കൈ ചുറ്റി ചേർത്തു പിടിച്ച് ഞാൻ നന്ദി പ്രകടിപ്പിച്ചു. "താങ്ക്സ്..."

"കാളരാത്രി ആയിരുന്നുവോ ഇന്നലെ...?" അവൾ‌ ചോദിച്ചു.

"അതെ... ജർമ്മൻ കണക്ഷൻ... ഇതുവരെ നീ അറിയാത്ത പല കാര്യങ്ങളും... വർഷങ്ങൾക്ക് മുമ്പ് ജർമ്മൻ അതിർത്തിയിൽ ഞാൻ സേവനമനുഷ്ഠിച്ചത്... അയർലണ്ട്... അവിടുത്തെ കലാപങ്ങൾ... ഒന്നിന് പുറകെ ഒന്നായി എല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു..." ഒന്ന് സംശയിച്ചിട്ട് ഞാൻ തുടർന്നു. "ഹാംബർഗിൽ ഗെസ്റ്റപ്പോയിൽ ഉണ്ടായിരുന്ന എന്റെ കസിനെക്കുറിച്ച് ഇന്നലെ നീ സൂചിപ്പിച്ചില്ലേ...?"

"അതെ..."

"അൽപ്പം മുമ്പ് ഞാൻ അയാളെ വിളിച്ചിരുന്നു... പഴയ കാര്യങ്ങളൊക്കെ ചികഞ്ഞെടുക്കാൻ സാധിക്കുന്ന പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തിന്റേത്..."

"എന്നിട്ട് സഹായിക്കാൻ തയ്യാറാണോ അദ്ദേഹം...?"

ഞാനൊരു ദീർഘശ്വാസമെടുത്തു. "കാര്യം അറിഞ്ഞതും അങ്ങേയറ്റം ആവേശഭരിതനായി അദ്ദേഹം... ശ്വാസകോശാർബുദം ബാധിച്ചിരിക്കുകയാണ് അദ്ദേഹത്തിന്... ഈ വിഷയം അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു നവോന്മേഷം പകരുമെന്നാണ് പറഞ്ഞത്... എന്തായാലും ഇനി അധികകാലമൊന്നും അദ്ദേഹം ജീവനോടെയുണ്ടാവില്ലെന്നാണ് തോന്നുന്നത്..."

അവൾ എന്നെ മുറുകെ പിടിച്ചു. "എത്ര നീചനാണ് നിങ്ങൾ..."

എത്ര നീചനാണ് ഞാൻ...? "വരൂ, നമുക്ക് പബ്ബിലേക്ക് ചെല്ലാം... ബ്രേക്ക്ഫാസ്റ്റ് കഴിക്കണ്ടേ നിനക്ക്...? എന്തെങ്കിലും വിവരങ്ങളുമായി കോൺറാഡ് വരാതിരിക്കില്ല... ഗെസ്റ്റപ്പോ ആയിരുന്നു അദ്ദേഹം..."

                                       ***

കോൺറാഡ് തന്റെ ജോലി ഭംഗിയായി നിർവ്വഹിക്കുക തന്നെ ചെയ്തു. തികച്ചും അഭിനന്ദനാർഹമായ രീതിയിൽ. അതിന് ശേഷം ഏതാണ്ട് ആറ് മാസം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. അദ്ദേഹം കണ്ടെത്തി കൊണ്ടുവന്ന അമൂല്യ വിവരങ്ങളും സെക്ക് എന്നോട് പറഞ്ഞ കാര്യങ്ങളും പിന്നെ ഞാൻ സ്വയം നടത്തിയ ഗവേഷണങ്ങളും എല്ലാം ഏകോപിപ്പിച്ച് ഞങ്ങൾ എത്തിച്ചേർന്നത് അനിതരസാധാരണമായ ഒരു ട്രൂ സ്റ്റോറിയിലേക്ക് ആയിരുന്നു... കെൽസോ സഹോദരന്മാരുടെ ജീവിത കഥ.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Saturday, November 17, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 07

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

എന്റെ അമ്മാവന്റെ ഫ്ലാറ്റിൽ ഗ്ലാസിൽ നിന്നും വിസ്കി നുണഞ്ഞു കൊണ്ട് നിൽക്കവെ കോൺറാഡ് പറഞ്ഞു. "ആ എൻവലപ്പ് ഇങ്ങ് തരൂ..."

ആ കവർ അയാൾക്ക് കൈമാറിക്കൊണ്ട് ഞാൻ ചോദിച്ചു. "എന്താണ് ഇതിനുള്ളിൽ...?"

"അത് നിങ്ങൾ അറിയേണ്ട ആവശ്യമില്ല..."

അയാളുടെ ആ മറുപടിയിൽ എന്റെ രക്തം തിളച്ചുവെങ്കിലും ഒന്ന് ആലോചിച്ചപ്പോൾ അയാളുടെ ഭാഗത്താണ് ന്യായം എന്നെനിക്ക് തോന്നി.

"നോക്കൂ..." ഞാൻ പറഞ്ഞു. "പലവട്ടം ചോദിക്കണമെന്ന് കരുതിയതാണ്... 21 SAS ന്റെ ഒരു തപാൽക്കാരനാണ് ഞാനെന്നാണല്ലോ നിങ്ങൾ പറഞ്ഞത്... എന്നെ ഈ ജോലി ഏൽപ്പിച്ചത് ഒരു മേജർ വിൽസൺ ആണ്... എന്നാൽ തികച്ചും യാദൃച്ഛികം എന്ന് പറയട്ടെ, ഇപ്പോൾ നിങ്ങളും ഇതിൽ ഭാഗഭാക്കായിരിക്കുന്നു... എന്തൊക്കെയാണിത്...?"

"ഇത് യാദൃച്ഛികമൊന്നുമല്ല സുഹൃത്തേ.. നിങ്ങൾ ഇനിയും വളരേണ്ടിയിരിക്കുന്നു... എല്ലാത്തിനും അതിന്റേതായ നിയോഗങ്ങളുണ്ട്... 21 SAS എന്നതിനെ വേണമെങ്കിൽ ഒരു വാരാന്ത്യ സൈന്യം എന്ന് വിശേഷിപ്പിക്കാം... അഭിഭാഷകർ മുതൽ ടാക്സി ഡ്രൈവർമാർ വരെ ഉൾപ്പെടുന്ന വിപുലമായ ഒരു സംഘടന... വിവിധ ഭാഷക്കാരും വിവിധ മേഖലകളിൽ ജോലി നോക്കുന്നവരും അതിൽ അംഗങ്ങളാണ്... എന്നാൽ 22 റെജിമെന്റിന്റെ കാര്യം വിഭിന്നമാണ്... സ്ഥിരം ജോലിക്കാരായ അവർ മലയായിൽ ചൈനക്കാർക്കെതിരെയും ഒമാനിൽ അറബികൾക്കെതിരെയും ഒക്കെ പൊരുതിക്കൊണ്ട് കാലം കഴിക്കുന്നു... 21 റെജിമെന്റിലെ അംഗങ്ങൾ നിങ്ങളെപ്പോലെ വല്ലപ്പോഴും മാത്രം ദൗത്യം ഏറ്റെടുക്കുന്നവരാണ്... നിങ്ങൾ ബെർലിനിലേക്ക് വരുന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുകയും അത് ഉപയോഗപ്രദം ആണെന്ന് അവർക്ക് തോന്നുകയും ചെയ്തു..."

"അത് അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു...?"

"എക്സാക്റ്റ്‌ലി... മാത്രവുമല്ല, നിങ്ങളുമായുള്ള എന്റെ കുടുംബ ബന്ധം തികച്ചും ഒരു യാദൃച്ഛികതയുമായി..."

"എന്തായും നിങ്ങളെന്റെ ജീവൻ രക്ഷിച്ചു എന്ന് പറയാം..."

"ഓ, അതൊന്നുമില്ല... അത് നിങ്ങളുടെ കഴിവ് മാത്രമാണ്..." അയാൾ ഉറക്കെ ചിരിച്ചു. "ഏതാനും ദിവസ്സങ്ങൾക്കുള്ളിൽ ഇഷ്ടകേന്ദ്രമായ ആ ബാൾറൂമിൽ നിങ്ങൾക്ക് തിരിച്ചെത്താം... പെൺകുട്ടികളോടൊപ്പം അവിടെ ചുവട് വയ്ക്കാം... ഇത്രയ്ക്കും ഗതി കെട്ടവനാണ് നിങ്ങളെന്ന് അവരിലൊരാൾ പോലും തിരിച്ചറിയില്ല..."

"സോ ദാറ്റ്സ് ഇറ്റ്... ഐ ജസ്റ്റ് ഗോ ബാക്ക്...?"

"അതെ, അത്രയേ ഉള്ളൂ... വിൽസൺ എന്തായാലും ഈ വിഷയത്തിൽ സംതൃപ്തനായിരിക്കും..." അയാൾ തന്റെ ഗ്ലാസ് കാലിയാക്കി. "പക്ഷേ, ഒരുപകാരം നിങ്ങളെനിക്ക് ചെയ്ത് തരണം... ബെർലിനിലേക്ക് ഇനിയൊരിക്കലും തിരിച്ചു വരരുത്... അടുത്ത തവണ നിങ്ങളെയും കാത്ത് അവരവിടെ നിൽപ്പുണ്ടായിരിക്കും..." വാതിൽക്കലേക്ക് ചെന്ന് അയാൾ ഡോർ തുറന്നു.

"എന്ത്, ഇനിയും ദൗത്യങ്ങൾ ഉണ്ടാകുമെന്നോ...?" ഞാൻ ചോദിച്ചു.

"ഞാൻ പറഞ്ഞല്ലോ, 21 SAS ആളുകളെ ഉപയോഗിക്കുന്ന രീതി അങ്ങനെയാണ്... ചേരുന്നയിടത്ത് ചേർക്കും... ആർക്കറിയാം...?" ഒരു നിമിഷം അയാൾ ചിന്തയിലാണ്ടു. "അന്ന് നിങ്ങളുടെ മുന്നിൽ അവർ വഴി കൊട്ടിയടച്ചു... പക്ഷേ, അത് വെറും നൈമിഷികമായ പകിട്ടിൽ നിന്നുമായിരുന്നു... യൂണിഫോം, ക്യാപ്, Who Dares Wins എന്നെഴുതിയ ബാഡ്ജ് തുടങ്ങിയവയിൽ നിന്നും..."

"അപ്പോൾ എനിക്ക് ഇതിൽ നിന്നും മോചനമില്ലെന്നാണോ...?"

"അയാം അഫ്രെയ്ഡ് നോട്ട്... ടേക്ക് കെയർ..." അയാൾ പുറത്തേക്ക് നടന്നു.

                                     ***

അയാൾ പറഞ്ഞത് നൂറ് ശതമാനവും ശരിയായിരുന്നു. തീർത്തും ഊഷരമായ നാളുകളായിരുന്നു പിന്നീട് കുറേക്കാലം എന്റെ ജീവിതത്തിൽ. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി നിരവധി ഉദ്യോഗങ്ങൾ, കോളേജ്, യൂണിവേഴ്സിറ്റി, വിവാഹം, വിജയകരമായ അദ്ധ്യാപക ജീവിതം... അതോടൊപ്പം തന്നെ എഴുത്തിന്റെ ലോകത്തിലും എനിക്ക് മുദ്ര പതിപ്പിക്കുവാനായി. എഴുപതുകളുടെ ആരംഭത്തിൽ യൂൾസ്റ്ററിൽ ഐറിഷ് കലാപം പൊട്ടിപ്പുറപ്പെട്ട സമയത്താണ് മേജർ വി‌ൽസൺ വീണ്ടും എന്നെ തേടിയെത്തുന്നത്. ഐറിഷ് വിമോചന പശ്ചാത്തലവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയ ഒരു നോവൽ വൻ ഹിറ്റ് ആയി മാറിയ സമയമായിരുന്നു അത്. അപ്പോഴേക്കും അദ്ദേഹം ഒരു ഫുൾ റാങ്ക് കേണൽ ആയിക്കഴിഞ്ഞിരുന്നു എന്നാണ് റോയൽ എഞ്ചിനീയേഴ്സ് യൂണിഫോമിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്. എങ്കിലും എനിക്കതിൽ തെല്ല് സംശയം ഇല്ലാതിരുന്നില്ല താനും.

ലീഡ്സ് നഗരത്തിലെ ഒരു മുന്തിയ ഹോട്ടലിന്റെ ബാറിലേക്കായിരുന്നു അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയത്. സാഹിത്യ ജീവിതത്തിലെ എന്റെ വിജയം ആഘോഷിക്കുവാനായി അദ്ദേഹം ഷാംപെയ്ൻ ഓർഡർ ചെയ്തു. "യൂ ഹാവ് ഡൺ വെരി വെൽ, ഓൾഡ് ചാപ്... ഗംഭീര പുസ്തകം... തികച്ചും ആധികാരികം..."

"താങ്കൾക്കത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..."

"ഇന്നത്തെ ഈ ടെലിവിഷൻ റിപ്പോർട്ടേഴ്സ് എഴുതിയുണ്ടാക്കുന്ന ചവറ് പോലെയല്ല... അതൊക്കെ വെറും ഉപരിപ്ലവം മാത്രം... മറിച്ച് നിങ്ങളോ... നിങ്ങൾക്ക് ഐറിഷ് ഭാഷ അറിയാം... ആ സംസ്കാരം അറിയാം... ആൻ ഓറഞ്ച് പ്രോഡ് വിത്ത് കാത്തലിക്ക് കണക്ഷൻസ്... അത് ഒട്ടേറെ സഹായിച്ചിട്ടുണ്ടാകും..."

വരാൻ പോകുന്ന ദൗത്യത്തിന്റെ സൂചനകൾ എനിക്ക് മനസ്സിലായിത്തുടങ്ങിയിരുന്നു. പഴയ ബെർലിൻ ദൗത്യത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയും എല്ലാം എന്റെ ഓർമ്മയിൽ ഓടിയെത്തി.

"താങ്കൾക്കിപ്പോൾ എന്താണ് വേണ്ടത്...?" അൽപ്പം കരുതലോടെ ഞാൻ ചോദിച്ചു.

"അധികമൊന്നും വേണ്ട... അടുത്തയാഴ്ച നിങ്ങൾ ഡബ്ലിനിൽ ഏതോ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നില്ലേ...? പുസ്തകങ്ങളുടെ കോൺട്രാക്റ്റ് സൈൻ ചെയ്യലും ടെലിവിഷൻ ഇന്റർവ്യൂവും ഒക്കെയായി...?"

"അതുകൊണ്ട്...?"

"ഞങ്ങൾക്ക് വേണ്ടി ഒന്നു രണ്ട് പേരെ സന്ധിക്കുവാൻ പറ്റുമെങ്കിൽ വളരെ ഉപകാരമാകുമായിരുന്നു..."

"ഏതാണ്ട് ഇരുപത് വർഷങ്ങൾക്ക് മുമ്പ് നിങ്ങൾക്ക് വേണ്ടി ബെർലിനിൽ ഒരാളെ ഞാൻ സന്ധിച്ചു... അന്ന് തലനാരിഴക്കാണ് മരണത്തിൽ നിന്നും രക്ഷപെട്ട് ഞാൻ തിരിച്ചെത്തിയത്..."

"അതിന് മറ്റൊരു വശം കൂടിയുണ്ട്... എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് മറ്റേ കക്ഷിയാണ് ആയുധമെടുത്തത്..." അദ്ദേഹം പുഞ്ചിരിച്ചു. "അതുകൊണ്ട് തന്നെ നിങ്ങളെ അത് ബാധിക്കുമായിരുന്നില്ല... ആ റഷ്യക്കാരുടെ കാര്യത്തിലെന്ന പോലെ..."

ഒരു സിഗരറ്റ് എടുത്ത് ഞാൻ തീ കൊളുത്തി. "ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്...? അന്നത്തെ പ്രകടനം ആവർത്തിക്കണമെന്നാണോ...? സ്പ്രീ നദിക്ക് പകരം ലിഫേ നദിയാണോ ഇത്തവണ...?"

"അല്ലേയല്ല... അത്ര കടുത്ത ജോലികളൊന്നും തന്നെയില്ല... ഒരു ഇടനിലക്കാരന്റെ റോൾ... ഏതാനും വ്യക്തികളുമായി സംസാരിക്കുക... അത്ര മാത്രം..."

അതേക്കുറിച്ചോർത്തുള്ള ഉദ്വേഗം എന്നിലൂടെ കടന്നു പോകുന്നത് ഒരു നിമിഷം ഞാനറിഞ്ഞു.

"നിങ്ങൾ ഒരു കാര്യം മറക്കുന്നു... പത്ത് വർഷത്തെ ആർമി റിസർവ്വ് പീരീഡ് വർഷങ്ങൾക്ക് മുമ്പേ അവസാനിച്ചു എന്ന വിഷയം..." ഞാൻ പറഞ്ഞു.

"തീർച്ചയായും... പക്ഷേ, 21 SAS ൽ ചേർന്ന സമയത്ത് ഒരു ഒഫിഷ്യൽ സീക്രട്ട് ആക്റ്റിൽ നിങ്ങൾ സൈൻ ചെയ്തിരുന്നു..."

"അതെ... അതാണല്ലോ എന്നെ കുരുക്കിൽ പെടുത്തിയതും..."

"യെസ്, വെൽ... പണ്ടേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുള്ളതാണ്... നിങ്ങൾ വിചാരിക്കുന്നതിലും സങ്കീർണ്ണമാണ് കാര്യങ്ങൾ..."

"യൂ മീൻ, വൺസ് ഇൻ, നെവെർ ഔട്ട്...?" ഞാൻ സിഗരറ്റ് കുത്തിക്കെടുത്തി. "ബെർലിനിൽ വച്ച് കോൺറാഡ് പറഞ്ഞത് അങ്ങനെ ആയിരുന്നു... അത് പോട്ടെ,  അയാളുടെ വിവരങ്ങൾ വല്ലതുമുണ്ടോ...? അതിന് ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല..."

"അയാൾ സുഖമായിരിക്കുന്നു... വെരി ആക്ടിവ്... അപ്പോൾ  എന്നോട് സഹകരിക്കുവാൻ നിങ്ങൾ തയ്യാറാണെന്ന് വിശ്വസിക്കാമല്ലോ...?"

"എന്റെ മുന്നിൽ വേറെ മാർഗ്ഗമൊന്നും ഇല്ലല്ലോ...? എന്താ, ഉണ്ടോ...?"

അദ്ദേഹം ഷാംപെയ്ൻ ഗ്ലാസ് കാലിയാക്കി. "ആശങ്കപ്പെടാനൊന്നുമില്ല... ഈസി വൺ, ദിസ്..."

                                    ***

കടുത്ത ജോലികൾ ഒന്നും തന്നെയില്ല... ഈസി വൺ, ദിസ്... ആ ബാസ്റ്റഡിന് വേണ്ടി അഞ്ച് ട്രിപ്പുകൾ... ബോംബിങ്ങ്, ഷൂട്ടിങ്ങ്, ചില്ല് കഷണങ്ങൾ ചിതറിക്കിടക്കുന്ന തെരുവുകൾ... ബെൽഫാസ്റ്റിലെ‌ അപകടകരമായ ശനിയാഴ്ച രാവുകൾ... ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവ് പാടില്ല എന്ന വ്യവസ്ഥയിൽ ആയുധധാരികളുടെ അകമ്പടിയോടെ ഒടുവിൽ എയർപോർട്ടിലേക്കുള്ള യാത്ര...

വർഷങ്ങളോളം പിന്നെ ഞാൻ ബെൽഫാസ്റ്റിലേക്ക് പോയിട്ടില്ല. പിന്നീടൊരിക്കലും ഞാൻ മേജർ വിൽസണെക്കുറിച്ച് കേട്ടിട്ടുമില്ല... കേട്ടിട്ടില്ലേ എന്ന് ചോദിച്ചാൽ കേട്ടു... ഡെയ്‌ലി ടെലിഗ്രാഫിന്റെ ചരമ കോളത്തിൽ ഒരു നാൾ...  എന്നെ തുറിച്ച് നോക്കിക്കൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നു... കേണൽ ആയിരുന്നില്ല, വെറുമൊരു ബ്രിഗേഡിയർ മാത്രമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേര് വിൽസൺ എന്നും ആയിരുന്നില്ല.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, November 16, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 06

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ചാർലിയിലെ ചെക്ക് പോയിന്റിലൂടെയാണ് ടൂർ ബസ് ഞങ്ങളെ കൊണ്ടുപോയത്. യാതൊരു ബുദ്ധിമുട്ടും ഞങ്ങൾക്കവിടെ നേരിടേണ്ടി വന്നില്ല. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികൾ ബസ്സിൽ ഉണ്ടായിരുന്നു. ബോർഡർ പോലീസ് ഞങ്ങളുടെ യാത്രാരേഖകൾ എല്ലാം പരിശോധിച്ചു. എന്റെ ടൂറിസ്റ്റ് വിസയിലും ഐറിഷ് പാസ്പോർട്ടിലും ഒന്നും അവർക്ക് ഒരു സംശയവും ഉദിച്ചതേയില്ല.

പുരാതന ശൈലിയിൽ ഉള്ള ഒരു ഹോട്ടലിൽ ആയിരുന്നു ഉച്ചഭക്ഷണം. വിനോദയാത്രക്കിടയിൽ ആരെങ്കിലും കൂട്ടം തെറ്റിപ്പോകുകയോ മറ്റോ ചെയ്താൽ അവർ നേരെ ഹോട്ടലിൽ എത്തണമെന്നും അഞ്ച് മണിക്ക് അവിടെ നിന്നും ബസ് പുറപ്പെടുമെന്നും ഞങ്ങളുടെ ഗൈഡ് ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു.

എന്നെ ഏൽപ്പിച്ച ആ ബ്രൗൺ എൻവലപ്പിലെ നിർദ്ദേശം നാല് മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാനായിരുന്നു. അതിനാൽ വിരസമായ രണ്ട് മണിക്കൂർ അവിടെത്തന്നെ ചെലവഴിച്ചതിന് ശേഷം ഞാൻ മൂന്നര മണിയോടെ ഒരു ടാക്സി പിടിച്ച് കൃത്യസമയത്ത് തന്നെ അവിടെ എത്തിച്ചേർന്നു.

അക്കാലത്ത് കിഴക്കൻ ജർമ്മനിയിൽ വിചിത്രമായ ഒരു നിയമം നിലനിൽക്കുന്നുണ്ടായിരുന്നു. ക്രിസ്ത്യ‌ൻ ദേവാലയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. പക്ഷേ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം ആയിരിക്കെ നിങ്ങൾക്ക് ദേവാലയത്തിൽ പോകുവാൻ അനുവാദമില്ല. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെ അത് പിറകോട്ടടിക്കും. അത്തരം നിയന്ത്രണങ്ങൾ മൂലം ക്രിസ്തീയ സഭകൾ വളരെ ചെറുതും നാമമാത്രവുമായിരുന്നു.

ദി ചർച്ച് ഓഫ് ഹോളി നെയിം എന്ന ആ ദേവാലയം അങ്ങേയറ്റം മോശമായ അവസ്ഥയിലായിരുന്നു നിലകൊണ്ടിരുന്നത്. തണുപ്പും ഈർപ്പവും വൃത്തിയില്ലായ്മയും എന്റെ മനം മടുപ്പിച്ചു. മെഴുകുതിരികൾക്ക് പോലും അവിടെ ക്ഷാമമാണെന്ന് തോന്നിച്ചു. കുമ്പസാരക്കൂടിനരികിൽ തങ്ങളുടെ ഊഴവും കാത്ത് മൂന്ന് വൃദ്ധകൾ ഇരിക്കുന്നുണ്ടായിരുന്നു. അതിന് സമീപത്തുള്ള ചാരുബെഞ്ചിൽ ബ്രൗൺ റെയിൻകോട്ട് അണിഞ്ഞ ഒരാൾ പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്നുണ്ട്. എനിക്ക് ലഭിച്ച നിർദ്ദേശം അക്ഷരംപ്രതി പാലിച്ചുകൊണ്ട് ഞാൻ അവിടെ കാത്തിരുന്നു. ഒടുവിൽ എന്റെ ഊഴം എത്തിയതും കുമ്പസാരക്കൂട്ടിനുള്ളിലേക്ക് ഞാൻ കയറി.

ഗ്രില്ലിനപ്പുറം ആളനക്കം ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.
"ഞാൻ ചെയ്ത പാപങ്ങൾക്ക് എന്നോട് പൊറുക്കുമാറാകണം ഫാദർ..." ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു.

"ഇൻ വാട്ട് വേ, മൈ സൺ...?"

എൻവലപ്പിനുള്ളിലെ നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. "ദൈവത്തിന്റെ സന്ദേശവാഹകനായിട്ടാണ് ഞാനിവിടെ എത്തിയിരിക്കുന്നത്..."

"എങ്കിൽ ദൈവം ഏൽപ്പിച്ച ജോലി തന്നെ ചെയ്തു കൊള്ളുക..." ഗ്രില്ലിന് അടിഭാഗത്തുകൂടി ഒരു എൻവലപ്പ് എന്റെ മുന്നിലേക്ക് നീങ്ങി വന്നു. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അപ്പുറത്ത് ലൈറ്റ് അണഞ്ഞു. ആ എൻവലപ്പ് വലിച്ചെടുത്ത് ഞാൻ പുറത്തിറങ്ങി.

ബ്രൗൺ കോട്ട് ധരിച്ച ആ മനുഷ്യൻ എന്നെ പിന്തുടരുകയായിരുന്നു എന്ന് തിരിച്ചറിയുവാൻ എത്ര നേരംവേണ്ടി വന്നു എന്ന് എനിക്ക് ഓർമ്മയില്ല. സായാഹ്നം ഇരുട്ടിന് വഴി മാറിത്തുടങ്ങിയിരുന്നു. പൊടുന്നനെ കൊഴിഞ്ഞു തുടങ്ങിയ മഴ ശക്തി പ്രാപിക്കവെ ഒരു ടാക്സി ലഭിക്കുമോ എന്നറിയുവാൻ ഞാൻ ആ പരിസരമാകെ പരതിയെങ്കിലും ഫലമുണ്ടായില്ല. ഒട്ടും സമയം പാഴാക്കാതെ ഞാൻ നടക്കുവാൻ തീരുമാനിച്ചു. സ്പ്രീ നദി ലക്ഷ്യമാക്കി തെരുവുകളിൽ നിന്നും തെരുവുകളിലേക്ക് നീങ്ങുമ്പോൾ പഴയ പരിചയം വച്ച് നഗരഭാഗങ്ങളെ ഓർത്തെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഓരോ വളവിലും ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്നെ പിന്തുടർന്നുകൊണ്ട് അയാളുമുണ്ടായിരുന്നു.

ഒരു വളവ് കഴിഞ്ഞതും ആദ്യം കണ്ട തെരുവിലേക്ക് ഞാൻ അതിവേഗം ഓടി. പെട്ടെന്നാണ് തൊട്ടുമുന്നിൽ നദി ദൃശ്യമായത്. നിരനിരയായി നിലകൊള്ളുന്ന പഴക്കം ചെന്ന വെയർഹൗസുകൾ താണ്ടി ഞാൻ ഒരു പ്രവേശനകവാടത്തിന് മുന്നിലെത്തി. അകത്ത് കയറി അൽപ്പനേരം ഞാൻ കാത്തു നിന്നു. അയാൾ ഓടിയടുക്കുന്നതിന്റെ പാദപതനം ശ്രദ്ധിച്ച് ഞാൻ അനങ്ങാതെ നിന്നു. കോരിച്ചൊരിയുന്ന മഴയുടെ ആരവം മാത്രം. ഏതാനും നിമിഷങ്ങൾക്ക് ശേഷം ശ്രദ്ധയോടെ  പുറത്തിറങ്ങി ഞാൻ വാർഫിലേക്ക് നീങ്ങി.

"നിൽക്കൂ...! ഒരടി അനങ്ങിപ്പോകരുത്...!"

തെരുവിന്റെ മൂലയിൽ നിന്നും എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട അയാളുടെ ഇടതു കൈയിൽ ഒരു വാൾട്ടർ PPK തോക്ക് ഉണ്ടായിരുന്നു. അയാൾ എന്റെ നേർക്ക് നടന്നടുത്തു.

തികഞ്ഞ നീരസത്തോടെ ഞാൻ ശബ്ദമുയർത്തി. ഇംഗ്ലീഷിൽത്തന്നെയാണ് ഞാൻ ചോദിച്ചത്. "ഐ സേ, വാട്ട് ഓൺ എർത്ത് ഈസ് ദിസ്...?"

അയാൾ കുറച്ചുകൂടി മുന്നോട്ട് വന്നു. "എന്നോട് മല്ലിടാൻ നോക്കണ്ട... അത് നിനക്ക് ഒരു ഗുണവും ചെയ്യില്ല എന്ന് നമുക്ക് രണ്ട് പേർക്കും നന്നായിട്ടറിയാം... ദേവാലയത്തിലെ ആ കിഴവനെ കുറേ ആഴ്ചകളായി ഞാൻ നിരീക്ഷിച്ച് വരികയായിരുന്നു..."

പിന്നെയാണ് അയാൾക്ക് തെറ്റ് പറ്റിയത്. എന്റെ മുഖത്ത് അടിക്കുവാനായി അയാൾ തൊട്ടുമുന്നിലേക്ക് വന്നു. അയാളുടെ വലതുകൈത്തണ്ടയിൽ പിടുത്തമിട്ട ഞാൻ ഇടത് കൈയിൽ ഒരു തട്ട് കൊടുത്തിട്ട് ആ കൈത്തണ്ടയും കൂട്ടിപ്പിടിച്ചു. ബഹളത്തിനിടയിൽ പിസ്റ്റളിൽ നിന്നും ഉതിർന്ന വെടിയുണ്ട ലക്ഷ്യം കണ്ടില്ല. മൽപ്പിടുത്തത്തിനിടയിൽ ഞങ്ങൾ വാർഫിന്റെ അറ്റത്ത് എത്തിയിരുന്നു. ആ പിസ്റ്റൾ ഞാൻ അയാളുടെ നേർക്ക് തിരിച്ചു പിടിച്ചു. ഒരു വട്ടം കൂടി അത് തീ തുപ്പി. ഒരു അലർച്ചയോടെ വാർഫിന്റെ അറ്റത്ത് നിന്നും താഴെ നദിയിലേക്ക് മറിയുമ്പോഴും ആ പിസ്റ്റൾ അയാളുടെ കൈയ്യിൽത്തന്നെ ഉണ്ടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ അവിടെ നിന്നും ഞാൻ തിരിഞ്ഞോടി. ഹോട്ടലിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ ബസ് പൊയ്ക്കഴിഞ്ഞിരുന്നു.

                                     ***

ഏതാണ്ട് ഒരു മണിക്കൂർ വേണ്ടി വന്നു എനിക്ക് ഹെയ്നി ബാർ കണ്ടുപിടിക്കുവാൻ. അപ്പോഴേക്കും നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. ബാറിൽ ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. നരച്ച മുടിയുള്ള വില്ലൻ രൂപമുള്ള ഒരു വയസ്സനായിരുന്നു ബാർ നടത്തിപ്പുകാരൻ. ഇടത് കവിളിൽ നിന്നും മുകളിലേക്ക് പോകുന്ന മുറിപ്പാട് എപ്പോഴോ നഷ്ടമായ ഇടത് കണ്ണിന് താഴെ അവസാനിക്കുന്നു.

ഒരു കോന്യാക്ക് ഓർഡർ ചെയ്തിട്ട് ഞാൻ അയാളോട് ഇംഗ്ലീഷിൽ പറഞ്ഞു. "ലുക്ക്... മൈ അക്കൊമൊഡേഷൻ ഈസ് അൺസാറ്റിസ്ഫാക്ടറി ആന്റ് ഐ മസ്റ്റ് മൂവ് അറ്റ് വൺസ്..."

എന്നെ അത്ഭുതപ്പെടുത്തും വിധം ശാന്തമായിരുന്നു അയാളുടെ പ്രതികരണം. "ഓകെ... സിറ്റ് ബൈ ദി വിൻഡോ..." ഇംഗ്ലീഷിൽത്തന്നെയായിരുന്നു അയാളുടെ മറുപടിയും. "ലാംബ് സ്റ്റൂ ആണ് ഇന്ന് രാത്രിയിലെ ഭക്ഷണം ... ഞാൻ കുറച്ച് എടുത്തുകൊണ്ടു വരാം... പോകേണ്ട സമയം ആകുമ്പോൾ ഞാൻ അറിയിക്കാം..."

സ്റ്റൂവും കുറച്ച് ഡ്രിങ്ക്സും കഴിച്ചു കഴിഞ്ഞതും അയാൾ പെട്ടെന്ന് പ്ലേറ്റുകൾ എടുത്തുകൊണ്ടു പോയി. അപ്പോഴേക്കും ഏതാണ്ട് അര ഡസൻ കസ്റ്റമേഴ്സ് എത്തിക്കഴിഞ്ഞിരുന്നു.

"ആ തെരുവ് ക്രോസ് ചെയ്താൽ വാർഫിലേക്ക് എത്താം... നദീമുഖത്തുള്ള ക്രെയിനുകൾക്ക് അരികിലേക്ക് ചെല്ലുക... കറുത്ത ഫോക്സ്‌വാഗൺ ലിമോസിൻ... നോ ചാർജ്... ജസ്റ്റ് ഗോ..."

അയാളുടെ നിർദ്ദേശം അക്ഷരംപ്രതി ഞാൻ അനുസരിച്ചു. മഴയെ അവഗണിച്ച് റോഡ് ക്രോസ് ചെയ്ത എനിക്ക് ആ കാർ കണ്ടുപിടിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുന്ന കോൺറാഡ് സ്ട്രാസ്സറെ കണ്ട് ഒട്ടും അമ്പരപ്പ് തോന്നിയില്ല എന്നതായിരുന്നു വാസ്തവം.

"ലെറ്റ്സ് ഗോ..." അയാൾ പറഞ്ഞു.

"ഇതെന്ത് അത്ഭുതം...! സ്പെഷൽ ട്രീറ്റ്മെന്റാണോ...?" കാറിനുള്ളിലേക്ക് കയറവെ ഞാൻ ചോദിച്ചു.

"ഞാൻ തന്നെ വരാമെന്ന് ഒടുവിൽ തീരുമാനിച്ചു... ഇതിന് മുമ്പ് അതിർത്തിയിൽ വച്ച് എത്രയായിരുന്നു നിങ്ങളുടെ സ്കോർ...? രണ്ട് റഷ്യാക്കാർ...? വെൽ.. ഇപ്പോൾ നിങ്ങൾ ചില്ലറക്കാരനൊന്നുമല്ല... ഒരു സ്റ്റാസി ഏജന്റിനെയാണ് സ്പ്രീ നദിയിലേക്ക് കൊ‌ന്ന് തള്ളിയിരിക്കുന്നത്..."

ഈസ്റ്റ് ജർമ്മൻ സ്റ്റേറ്റ് സെക്യൂരിറ്റി പോലീസിലെ അംഗങ്ങളാണ് സ്റ്റാസികൾ എന്ന പേരിൽ അറിയപ്പെടുന്നത്.

"അതല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു..."

"സ്റ്റാസികൾ അങ്ങനെയാണ്..."

തലങ്ങും വിലങ്ങും കിടക്കുന്ന ചെറിയ തെരുവുകൾ താണ്ടി ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിച്ചു.

"നിങ്ങൾ തന്നെ വാഹനവുമായി ഇവിടെയെത്താൻ ആയിരുന്നുവോ യഥാർത്ഥ പ്ലാൻ...?" ഞാൻ ചോദിച്ചു.

"സത്യം പറഞ്ഞാൽ, അല്ല..."

"ശരിക്കും റിസ്ക് നിറഞ്ഞ പ്ലാൻ തന്നെ..."

"അതെ... എന്തൊക്കെ ആയാലും നിങ്ങൾ എന്റെ ഒരു ബന്ധു ആയിപ്പോയില്ലേ... കുടുംബ ബന്ധം എന്നത് അത്ര നിസ്സാരമല്ലല്ലോ... നിങ്ങൾ, നിങ്ങളുടെ അമ്മാവൻ, രാജ്യാതിർത്തി, ഞാൻ, ഗെസ്റ്റപ്പോ കണക്ഷൻ അങ്ങനെ അങ്ങനെ... ചിലപ്പോഴെങ്കിലും ഒരു തിരഞ്ഞെടുപ്പിന് നമുക്ക് അവസരമുണ്ട്... അങ്ങനെ ഇന്ന് രാത്രി നിങ്ങൾക്ക് വേണ്ടി എത്തുവാൻ എനിക്ക് സാധിച്ചു... എന്തായാലും‌ മറ്റൊരു ചെക്ക് പോസ്റ്റിലൂടെയാണ്  നാം തിരികെ പോകുന്നത്... അവിടെയുള്ള സെർജന്റ് എന്റെ പരിചയക്കാരനാണ്... നിങ്ങൾ ചാരിക്കിടന്ന് ഉറങ്ങിക്കോളൂ..." അയാൾ ഒരു ഹാഫ് ബോട്ട്‌ൽ എന്റെ നേർക്ക് നീട്ടി. "കോന്യാക്ക് ആണ്... ദേഹത്ത് കൂടി ഒഴിച്ചോളൂ..."

മഴ ശക്തിയാർജ്ജിച്ച് തുടങ്ങിയിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ ഇരുവശവും തകർന്നടിഞ്ഞ കെട്ടിടങ്ങൾ നിറഞ്ഞ പ്രദേശത്തു കൂടിയായി ഞങ്ങളുടെ യാത്ര. പിന്നെ ആൾപ്പെരുമാറ്റം ഇല്ലാത്ത നോ മാൻസ് ലാന്റ്... പടിഞ്ഞാറൻ ജർമ്മനിയിൽ നിന്നും രാജ്യത്തെ വേർതിരിക്കുന്ന വേലി... മുൾചുരുളുകൾ കൊണ്ട് തീർത്ത കമ്പിവേലി ആയിരുന്നു അത്. അക്കാലത്ത് ബെർലിൻ മതിൽ പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നില്ല... ചുവപ്പും വെളുപ്പും ഇടകലർന്ന ബാരിക്കേഡ് റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. പഴക്കം തോന്നുന്ന റെയിൻകോട്ട് അണിഞ്ഞ റൈഫിൾ ധാരികളായ രണ്ട് ഭടന്മാർ അതിന് സമീപം കാവൽ നിൽക്കുന്നുണ്ടായിരുന്നു. പിറകോട്ട് ചാരിയിരുന്ന് ഞാൻ കണ്ണുകൾ അടച്ചു.

കോൺറാഡ് സാവധാനം ബ്രേക്ക് ചെയ്ത് വാഹനം അവർക്കരികിൽ നിർത്തി. ഒരു സെർജന്റ് മുന്നോട്ട് വന്നു.

"വന്നയുടൻ തന്നെ മടങ്ങുകയാണല്ലോ കോൺറാഡ്... ആരാണ് നിങ്ങളുടെ ഈ സുഹൃത്ത്...?" അയാൾ ആരാഞ്ഞു.

"അയർലണ്ടിൽ നിന്നുള്ള ഒരു കസിൻ ആണ്..." കോൺറാഡ് എന്റെ ഐറിഷ് പാസ്പോർട്ട് എടുത്ത് അയാളെ കാണിച്ചു. "കുടിച്ച് ഓവറായി കിടക്കുകയാണ്..." ശുദ്ധമായ കോന്യാക്കിന്റെ ഗന്ധം അത് ശരി വയ്ക്കുകയും ചെയ്തു.  "പിന്നെ, നിങ്ങൾ ആവശ്യപ്പെട്ട ആ അമേരിക്കൻ സിഗരറ്റ് ഇല്ലേ... മാൾബറോ... അത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്... പക്ഷേ, ആയിരം എണ്ണം മാത്രമേ സംഘടിപ്പിക്കാൻ സാധിച്ചുള്ളൂ..."

"മൈ ഗോഡ്...!" അത്ഭുതം കൂറിയ സെർജന്റ് എന്റെ പാസ്പോർട്ട് തിരികെ നൽകിയിട്ട് കോൺറാഡ് നീട്ടിയ അഞ്ച് കാർട്ടൺ സിഗരറ്റ് കൈപ്പറ്റി. "ഇനിയും വരണം കേട്ടോ..."

ചെക്ക് പോസ്റ്റിലെ ബാർ ഉയർന്നു. വെസ്റ്റ് ബെർലിനിലെ പ്രകാശമാനമായ പാതയിലേക്ക് ഞങ്ങളുടെ വാഹനം കുതിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, October 25, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 05


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

1954 ൽ ആണ് മേജർ വിൽസൺ എന്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരുന്നത്. ലീഡ്സിൽ ഒരു സിവിൽ സെർവ‌ന്റ് ആയി ജോലി നോക്കുകയായിരുന്നു അന്ന് ഞാൻ . സമാന സ്വഭാവമുള്ള ഏതാനും നോവലുകൾ ഇതിനോടകം ഞാൻ എഴുതിക്കൂട്ടിയിരുന്നുവെങ്കിലും ആവശ്യക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല അതിന്. എങ്കിലും ഞാൻ എഴുത്ത് തുടർന്നു. ഒരു മാസത്തെ അവധിയ്ക്ക് എനിക്ക് അർഹത ലഭിച്ചത് ആ സമയത്തായിരുന്നു. അങ്ങനെ ആ അവധിക്കാലത്ത് ഏതാനും ദിനങ്ങൾ ചെലവഴിക്കുവാനായി ബെർലിനിലേക്ക് പോകുവാൻ ഞാൻ തീരുമാനിച്ചു. കാരണം, ആ സമയത്തായിരുന്നു എന്റെ അമ്മാവന് ബെർലിനിലെ ആർമി ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റം ലഭിച്ചത്.

മേജർ വിൽസന്റെ ഫോൺ കോൾ എനിക്കൊരു ഷോക്കായിരുന്നു. യേറ്റ്സ് വൈൻ ബാർ തന്നെയായിരുന്നു ഇത്തവണയും താവളം. സാന്റ്‌വിച്ചിന് ഓർഡർ ചെയ്തിട്ട് അദ്ദേഹം സംഭാഷണം ആരംഭിച്ചു.

"ഇലക്ട്രിസിറ്റി അതോറിറ്റിയിലെ ഈ ജോലി വിരസമായി തോന്നുന്നില്ലേ നിങ്ങൾക്ക്...?"

"ശരിയാണ്..." ഞാൻ പറഞ്ഞു. "പക്ഷേ, ദിവസവും ഒരു മണിക്കൂർ സമയത്തെ ജോലിയേ ഉള്ളൂ... ബാക്കി സമയം അവിടെയിരുന്ന് എഴുതുവാൻ ഉപയോഗിക്കുകയാണ് ഞാൻ..."

"പക്ഷേ, അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ നിങ്ങൾക്ക്..." നിർദ്ദാക്ഷിണ്യം അദ്ദേഹം പറഞ്ഞു. അൽപ്പനേരത്തെ മൗനത്തിന് ശേഷം എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു. "ഏതാനും ദിവസത്തേക്ക് ബെർലിനിൽ ഒന്ന് പോയി വന്നാലോ...?"

"ലുക്ക്... വാട്ട് ദി ഹെൽ ഈസ് ദിസ് എബൗട്ട്...?" ഞാൻ ചോദിച്ചു.

"ബെർലിൻ..." അദ്ദേഹം പറഞ്ഞു. "അടുത്ത ചൊവ്വാഴ്ച ഒരാഴ്ചത്തെ സന്ദർശനത്തിനായി നിങ്ങൾ അമ്മാവന്റെ അടുത്തേക്ക് പോകുന്ന വിവരം ഞങ്ങൾ അറിഞ്ഞു. അതോടൊപ്പം ഞങ്ങൾക്ക് വേണ്ടിയും ചില കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടി വരും..."

പുറത്തെ ട്രാഫിക്കിന്റെ ശബ്ദകോലാഹലങ്ങൾ ചെറുതായിട്ടെങ്കിലും ബാറിനുള്ളിലേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശം ഒരിക്കലും എനിക്ക് ഉൾക്കൊള്ളുവാൻ ആവുന്നുണ്ടായിരുന്നില്ല.

"നോക്കൂ... 21 SAS ൽ ചേരുവാൻ ശ്രമിച്ചപ്പോൾ എന്റെ ഒരു കണ്ണിന് കുഴപ്പമുണ്ടെന്ന് പറഞ്ഞ് താങ്കൾ അനുവദിച്ചില്ല... ആ നിലയ്ക്ക് താങ്കളുടെ സ്ഥാപനവുമായി യാതൊരു ബന്ധവും എനിക്കില്ല... എന്താ, ശരിയല്ലേ...?" ഞാൻ ചോദിച്ചു.

"നിങ്ങൾ കരുതുന്നത് പോലെ ലളിതമല്ല കാര്യങ്ങൾ... ഒരു കാര്യം നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കട്ടെ... നിങ്ങൾ ഒരു ഒഫിഷ്യൽ സീക്രട്ട് ആക്റ്റ് സൈൻ ചെയ്തിട്ടുണ്ട്... മാത്രവുമല്ല, ആർമി റിസർവ്വിലെ ഒരു അംഗവുമാണ് ഇപ്പോഴും നിങ്ങൾ..."

"എന്റെ മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...?"

"അതെ... നിങ്ങൾ ഇപ്പോഴും ഞങ്ങളുടെ സ്വത്താണ്..." ബ്രീഫ്കേസ് തുറന്ന് അദ്ദേഹം ഒരു എൻവലപ്പ് പുറത്തെടുത്തു. "ബെർലിനിൽ ചെന്നതിന് ശേഷം ഈസ്റ്റേൺ സോണിലേക്ക് ബസ് മാർഗ്ഗം നിങ്ങൾ ഒന്ന് പോകേണ്ടി വരും... അതേക്കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാം ഈ കവറിനുള്ളിലുണ്ട്... അതിൽ പറഞ്ഞിരിക്കുന്ന അഡ്രസ്സിലുള്ള സ്ഥലത്ത് ചെല്ലുക, അവിടെ നിന്നും ലഭിക്കുന്ന ഒരു എൻവലപ്പ് തിരികെ കൊണ്ടുവരിക... അത്ര മാത്രം..."

"ഇത് ഭ്രാന്താണ്..." ഞാൻ പറഞ്ഞു. "ഒരു കാര്യം തീർച്ച... ബെർലിനിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവം വച്ച് പറയുകയാണ്... ഒരു ബ്രിട്ടീഷ് പാസ്പോർട്ടുമായി അവിടെ പോകുക എന്നത് അസാദ്ധ്യമാണ്..."

"മൈ ഡിയർ ചാപ്... നിങ്ങളുടെ ഐറിഷ് കുടുംബ പശ്ചാത്തലം നിങ്ങൾക്ക് ഒരു ഐറിഷ് പാസ്പോർട്ട്  കൂടി നേടിത്തരുന്നു... അത് ഈ എൻവലപ്പിനുള്ളിലുണ്ട്... ഐറിഷ് പാസ്പോർട്ട് ഉള്ളവർക്ക് എവിടെ വേണമെങ്കിലും പോകാം... ചൈനയിൽ വരെ... വിസ പോലും ആവശ്യമില്ല..." അദ്ദേഹം എഴുന്നേറ്റിട്ട് ഒന്ന് പുഞ്ചിരിച്ചു. "എല്ലാം ആ കവറിനുള്ളിലുണ്ട്..."

"ശരി... എപ്പോഴാണ് ഞാൻ തിരികെ വരുന്നത്...?"

"എല്ലാ കാര്യങ്ങളും ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്..."

ഉച്ചഭക്ഷണത്തിന് എത്തിയവരുടെ തിരക്കിനിടയിലൂടെ അദ്ദേഹം നടന്നകന്നു. പെട്ടെന്നാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത്... എപ്പോഴാണ് തിരികെയെത്തുക എന്നായിരുന്നില്ല ഞാനപ്പോൾ ചിന്തിച്ചിരുന്നത്... മറിച്ച്,
തിരികെയെത്താൻ എനിക്കാവുമോ എന്നായിരുന്നു...!

                                  ***

എന്റെ അമ്മാവനെ തിരികെ ഹാംബർഗിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നു എന്ന വാർത്തയാണ് ബെർലിനിൽ എത്തിയ എന്നെ എതിരേറ്റത്. അല്ലെങ്കിൽ അങ്ങനെയാണ് അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ സൂക്ഷിപ്പുകാരി എന്നെ അറിയിച്ചത്.

"നിങ്ങൾ അദ്ദേഹത്തിന്റെ അനന്തിരവനാണ്... നിങ്ങൾ വന്നാൽ ഫ്ലാറ്റ് തുറന്ന് കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു..." ആ വൃദ്ധ പറഞ്ഞു.

അത്രയൊന്നും ആകർഷകമായിരുന്നില്ല ആ ഇടം. ബാഗ് താഴെ വച്ച് മൊത്തത്തിൽ ഒന്ന് നടന്ന് കണ്ട് തിരിഞ്ഞതും കോളിങ്ങ് ബെൽ മുഴങ്ങി. കോൺറാഡ് സ്ട്രാസർ ആയിരുന്നു അത്.

"നിങ്ങൾ നന്നായിരിക്കുന്നല്ലോ ഇത്തവണ..." അയാൾ അഭിപ്രായപ്പെട്ടു.
അവിടെ കണ്ട ഷ്നാപ്സിന്റെ ബോട്ട്‌ൽ തുറന്ന് അയാൾ രണ്ട് ഗ്ലാസുകളിലായി പകർന്നു.

"ഇത്തവണ ഈസ്റ്റേൺ സോണിലേക്ക് ഒരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് കേട്ടു...?" അയാൾ അർത്ഥഗർഭമായി എന്നെ നോക്കി.

"എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിഞ്ഞ ലക്ഷണമുണ്ടല്ലോ..."

"യെസ്... അങ്ങനെ പറയാം..."

"ഹാംബർഗിലെ ഡിറ്റക്ടിവ് ഇവിടെ ബെർലിനിൽ എന്ത് ചെയ്യുകയാണ്...?" അൽപ്പം ഷ്നാപ്സ് നുകർന്നിട്ട് ഞാൻ ചോദിച്ചു.

"കഴിഞ്ഞ വർഷമാണ് എനിക്ക് ഇങ്ങോട്ട് പോസ്റ്റിങ്ങ് ലഭിച്ചത്... പശ്ചിമ ജർമ്മനിയുടെ ഇന്റലിജൻസ്‌ ആയ BND യിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. ഭരണകൂടത്തിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട ഓഫീസ്. പശ്ചിമ ജർമ്മനിയിലേക്കുള്ള കമ്യൂണിസ്റ്റ് നുഴഞ്ഞുകയറ്റം തടയുക എന്നതാണ് ഞങ്ങളുടെ ചുമതല..."

"അതുകൊണ്ട്...?"

അയാൾ ഗ്ലാസിലേക്ക് അൽപ്പം കൂടി ഷ്നാപ്സ് പകർന്നു. "മദ്ധ്യാഹ്നത്തിന് ശേഷം നിങ്ങൾ ജർമ്മാനിക് ടൂർ കമ്പനിയുടെ ബസ്സിൽ പുറപ്പെടുന്നു... ബ്രിട്ടീഷ് പാസ്പോർട്ട് ഇവിടെ വച്ചിട്ട് വേണം പോകാൻ... ഐറിഷ് പാസ്പോർട്ട് മാത്രം എടുത്താൽ മതി..."

"എന്താണിതെല്ലാം...? ഈ വിഷയത്തിൽ നിങ്ങളുടെ പങ്ക് എന്താണ്...?" ഞാൻ ചോദിച്ചു.

"എന്റെ പങ്ക് എന്താണെന്നത് ഇവിടെ പ്രസക്തമല്ല... നിങ്ങൾ 21 SAS ന്റെ ഒരു സന്ദേശവാഹകനാണെന്ന കാര്യമാണിവിടെ മുഖ്യം..."

"ഇഷ്ടമുണ്ടായിട്ടല്ല... അവർ എന്നെ നിർബന്ധിച്ച് പറഞ്ഞയച്ചതാണ്..."

"വെൽ... അതിനും അപ്പുറമാണ് കാര്യങ്ങൾ... IRA യുടെ ഒരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ...? ഒരിക്കൽ പെട്ടു പോയാൽ പിന്നെ മോചനമില്ല എന്ന്...?"

ശരിക്കും അമ്പരന്നു പോയിരുന്നു ഞാൻ. എങ്കിലും ഇത്രയും ചോദിക്കുവാനുള്ള മനക്കരുത്ത് ഞാൻ എങ്ങനെയോ സംഭരിച്ചു. "ഈ വിഷയത്തിൽ നിങ്ങളുടെ പങ്ക് എനിക്കിനിയും മനസ്സിലാവുന്നില്ല..."

അയാൾ തന്റെ പേഴ്സിൽ നിന്നും ഒരു പേപ്പർ പുറത്തെടുത്ത് എനിക്ക് നീട്ടി. "ഇതൊരു റഫ് മാപ്പ് ആണ്... അവിടെ ഹെയ്നിസ് എന്നൊരു ബാർ ഉണ്ട്... എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ നേരെ അവിടെ ചെന്ന് ബാർമാനെ കാണുക... എന്നിട്ട് നിങ്ങളുടെ താമസസ്ഥലം തൃപ്തികരമല്ല എന്നും ഉടൻ തന്നെ മറ്റൊരിടത്തേക്ക് മാറണമെന്നും പറയുക... ഓർക്കുക, ഇംഗ്ലീഷ് ഭാഷ മാത്രമേ ഉപയോഗിക്കാവൂ..."

"ഓകെ, ആ വാക്യം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്...?"

"നിങ്ങളുടെ സഹായത്തിന് ഒരു വ്യക്തി ഉടൻ എത്തുമെന്ന്... അഥവാ ഇനി യാതൊരു വിധ പ്രശ്നങ്ങളും നേരിട്ടില്ല എങ്കിൽ നിങ്ങൾ ടൂർ കമ്പനിയുടെ ബസ്സിൽത്തന്നെ തിരികെയെത്തുക... അങ്ങനെയെങ്കിൽ അതിന്റെയർത്ഥം ഈ ലോകം എത്ര സമ്പൂർണ്ണവും സുന്ദരവും എന്നായിരിക്കും..."

"നിങ്ങൾ ഇതിന്റെ ഭാഗമാണ്..." ഞാൻ പറഞ്ഞു. "ഞാനും മേജർ വിൽസണും ഒക്കെ.. എന്റെ അമ്മാവനാണെങ്കിൽ ഇവിടെയൊട്ടില്ല താനും... എന്നിട്ടും നിങ്ങൾ ഇവിടെയെത്തി... വാട്ട് ദി ഹെൽ ഗോസ് ഓൺ...?"

ലീഡ്സിലെ എന്റെ ഓഫീസിനെക്കുറിച്ച് എന്തുകൊണ്ടോ പെട്ടെന്നെനിക്ക് ഓർമ്മ വന്നു. അതിനടുത്തുള്ള അസ്റ്റോറിയാ ബാൾറൂം... വെള്ളിയാഴ്ച രാത്രികളിൽ നൃത്തം ചവിട്ടാനായി അവിടെയെത്തുന്ന കോട്ടൺ ഫ്രോക്ക് ധാരികളായ പെൺകുട്ടികൾ... ഈ നശിച്ച നേരത്ത് ഞാനെന്താണിവിടെ ചെയ്യുന്നത്...?

"ചിലന്തിവലയിൽ അകപ്പെട്ട ഒരു പ്രാണിയാണ് നിങ്ങൾ... ഗെസ്റ്റപ്പോയിൽ അകപ്പെട്ട എന്നെപ്പോലെ... വലയ്ക്കുള്ളിലേക്ക് വലിച്ചെടുക്കപ്പെടുന്ന നമുക്ക് ഒരു തിരിച്ചുപോക്ക് ഇല്ല..." ഗ്ലാസ്സിലെ ഷ്നാപ്സ് ഒറ്റയടിക്ക് അകത്താക്കിയിട്ട് അയാൾ വാതിലിന് നേർക്ക് നടന്നു. "അയാം ഓൺ യുവർ സൈഡ്, ബോയ്... റിമെംബർ ദാറ്റ്..." വാതിൽ തുറന്ന് പുറത്തിറങ്ങി അയാൾ നടന്നു നീങ്ങി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, October 2, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ് - 04


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അദ്ദേഹം കഥ മുഴുവനും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ബാറിൽ ആളൊഴിഞ്ഞിരുന്നു. അവസാനത്തെ കസ്റ്റമറും എഴുന്നേറ്റ് പോയതോടെ ബാറിന്റെ വാതിൽ അടച്ച് തഴുതിട്ട ബെറ്റ്സി ഒരു ട്രേയിൽ ചായ കൊണ്ടു വന്ന് ഞങ്ങളുടെ മേശമേൽ വച്ചിട്ട് ഒന്നും ഉരിയാടാതെ തിരികെ പോയി. ഡെനിസിനെയും എന്നെയും പോലെ തന്നെ സിമിയോണും അമ്പരപ്പിലായിരുന്നു എന്ന് തോന്നിച്ചു.

ഇത്രയേ ഉള്ളോ... പിന്നൊന്നുമില്ല...?” ഒരിക്കൽക്കൂടി, ഡെനിസ് തന്നെയായിരുന്നു മൗനം ഭഞ്ജിച്ചത്.

ഒരിക്കലുമല്ല കുട്ടീ...” അദ്ദേഹം പുഞ്ചിരിച്ചു. “പലയിടത്തും അപൂർണ്ണമായ ഏടുകളുണ്ട്... ജർമ്മനിയിൽ എന്തൊക്കെയായിരിക്കും അന്ന് സംഭവിച്ചിരിക്കുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്... അവിടെയും എല്ലാം ടോപ് സീക്രട്ട് ആയിരുന്നു... അതുകൊണ്ട് അക്കാര്യത്തിൽ എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല...” അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞു. “എങ്കിലും, താങ്കളെപ്പോലുള്ള ഒരു വ്യക്തിക്ക് അതൊന്നും ഒരു പ്രശ്നമാകാൻ വഴിയില്ല... ആരെ പിടിച്ചാൽ എന്തെല്ലാം ലഭിക്കും എന്ന് താങ്കൾക്ക് നന്നായി അറിയുമായിരിക്കുമല്ലോ...”

അതെ... അങ്ങനൊയൊരു സാദ്ധ്യത ഇല്ലാതെയില്ല...” ഞാൻ പറഞ്ഞു.

എന്നാൽ ശരി...” അദ്ദേഹം എഴുന്നേറ്റു. “ഞാൻ ഉറങ്ങാൻ നോക്കട്ടെ...” അദ്ദേഹം ഡെനിസിന്റെ കവിളിൽ ഒരു മുത്തം നൽകി. “പോയി ഉറങ്ങൂ മകളേ... നല്ല ക്ഷീണം കാണും...”

അദ്ദേഹം പുറത്തേക്ക് നടന്നു. ഞങ്ങളോട് അനുവാദം ചോദിച്ചിട്ട് സിമിയോൺ അദ്ദേഹത്തെ അനുഗമിച്ചു. ഇനിയും അമ്പരപ്പ് മാറാതെ ഞാനും ഡെനിസും നെരിപ്പോടിലെ ചൂട് കാഞ്ഞ് പിന്നെയും അവിടെത്തന്നെ ഇരുന്നു.

ഞാൻ ആലോചിക്കുകയായിരുന്നു...” ഡെനിസ് പറഞ്ഞു. “ആർമിയിൽ ആയിരുന്ന സമയത്ത് കുറച്ച് കാലം നിങ്ങൾ ജർമ്മനിയിൽ സേവനമനുഷ്ഠിച്ചതല്ലേ...? അവിടെയുള്ള ജർമ്മൻ ബന്ധുക്കളെക്കുറിച്ച് നിങ്ങൾ പറയുമായിരുന്നല്ലോ... അതിലൊരാൾ അവിടെ പോലീസിലോ മറ്റോ ആയിരുന്നുവെന്നല്ലേ നിങ്ങളൊരിക്കൽ പറഞ്ഞത്...?”

ശരിയാണ്... ഗെസ്റ്റപ്പോയിൽ ആയിരുന്നു അയാൾ...”

പ്രത്യേകിച്ചൊരു  ഞെട്ടലൊന്നും അത് കേട്ട് അവൾക്കുണ്ടായില്ല. യുദ്ധം അവസാനിച്ചിട്ട് അര നൂറ്റാണ്ടോളം കഴിയുന്നു. അവൾ ജനിക്കുന്നതിനും മുമ്പ് ആയിരുന്നല്ലോ അതെല്ലാം. “എങ്കിൽ പിന്നെ ആ വഴിക്കൊന്ന് ശ്രമിച്ചു കൂടേ...?” അവൾ ആരാഞ്ഞു.

ഞാനൊന്ന് നോക്കട്ടെ...” അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു. “നേരം വളരെ വൈകി... ഉറങ്ങണ്ടേ...?”

രണ്ട് കട്ടിലുകൾ ചേർത്തിട്ട ഒരു ചെറിയ മുറിയായിരുന്നു അത്. അവളുടെ ക്രമാനുഗതമായ ശ്വാസോച്ഛ്വാസം ശ്രവിച്ചുകൊണ്ട് ഉറക്കം വരാതെ ഞാൻ കിടന്നു. ഇരുട്ടിലേക്ക് തുറിച്ച് നോക്കി കിടക്കവെ ഞാൻ ഓർക്കുകയായിരുന്നു ആ കാലം... വളരെ പണ്ട്... ജർമ്മനിയിൽ സേവനം അനുഷ്ഠിച്ചിരുന്ന ആ കാലം...

                                                              ***
എന്റെ ജർമ്മൻ ബന്ധം വളരെ ലളിതമായിരുന്നു. യുദ്ധാനന്തരം ബെർലിനിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് ആർമിയോടൊപ്പം റോയൽ ഹോഴ്സ് ഗാർഡ്സ് വിഭാഗത്തിൽ നാഷണൽ സർവീസിന്റെ ഭാഗമായി കുറച്ചു നാൾ... ശീതയുദ്ധം പുകഞ്ഞുകൊണ്ടിരുന്ന നാളുകളിൽ കിഴക്കൻ ജർമ്മനിയുടെ അതിർത്തികളിൽ ഡിംഗോ സ്കൗട്ട് കാറുകളിൽ പട്രോൾ ഡ്യൂട്ടി... അതായിരുന്നു ഞങ്ങളുടെ ചുമതല.

യോർക്ഷയറിലെ തരിശുനിലങ്ങൾ പോലെയായിരുന്നു ഞങ്ങൾ റോന്ത് ചുറ്റിയിരുന്ന സ്ഥലങ്ങൾ. വൂതെറിങ്ങ് ഹൈറ്റ്സിലെ കഥാപാത്രങ്ങളായ ഹീത്ക്ലിഫും കാതിയും കനത്ത മഞ്ഞിൽ നിന്നും മഴയിൽ നിന്നും രക്ഷ തേടി ഓടിക്കിതച്ച് ഏത് നിമിഷവും എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാമെന്ന് തോന്നിപ്പോയ നാളുകൾ... അസഹനീയവും ദുരിതപൂർണ്ണവും... അതായിരുന്നു ആ പ്രദേശത്തെ കാലാവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുവാൻ പറ്റിയ ഏറ്റവും മൃദുവായ വാക്കുകൾ.

പൂർണ്ണമായും തുറസ്സായതായിരുന്നു അക്കാലത്ത് പൂർവ്വ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും അതിരുകൾ. കിഴക്കൻ ജർമ്മനി താവളമാക്കി കരിഞ്ചന്ത വ്യാപാരം നടത്തിയിരുന്ന മുൻ SS സേനാംഗങ്ങളിൽ ഭൂരിപക്ഷവും പോലീസ് നടപടികളെത്തുടർന്ന് അഭയാർത്ഥികൾ എന്ന വ്യാജേന പശ്ചിമ ജർമ്മനിയിലേക്ക് രക്ഷപെടുവാൻ ശ്രമിച്ചിരുന്നു. അത്തരത്തിൽ പലായനം ചെയ്യുന്നവരെ തടഞ്ഞ് തിരിച്ച് വിടുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല.

സൈബീരിയൻ ഇൻഫൻട്രി റെജിമെന്റുകൾ ആയിരുന്നു പലപ്പോഴും ഞങ്ങളുടെ എതിരാളികൾ. ഒരു ദാക്ഷിണ്യവുമില്ലാത്ത അവർ മിക്കപ്പോഴും ഞങ്ങളുടെ നേർക്ക് വെടിയുതിർക്കുമായിരുന്നു. വേൾഡ് വാർ രണ്ടര എന്നായിരുന്നു ഞങ്ങൾ ആ പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഞങ്ങളുടെ ഊഴം വന്നപ്പോഴേക്കും ഞങ്ങളെ തിരികെ വിളിക്കുകയാണുണ്ടായത്. ഇതേ ജോലി ചെയ്തിരുന്ന അമേരിക്കക്കാർക്ക് മൂന്ന് മെഡലുകൾ ലഭിച്ചപ്പോൾ ഞങ്ങൾക്ക് ഒരു നല്ല വാക്ക് പോലും ലഭിച്ചില്ല...!

ലീഡ്സിൽ തിരിച്ചെത്തിയ എനിക്ക് ഒട്ടും സംതൃപ്തി നൽകുന്ന ജോലിയായിരുന്നില്ല ലഭിച്ചത്. അങ്ങനെ പോകവെ ഒരു നാൾ അധികാരികളിൽ നിന്നും എനിക്കൊരു ലെറ്റർ വന്നു. അടുത്ത പത്ത് വർഷത്തേക്ക് ഞാൻ അവരുടെ റിസർവ് ലിസ്റ്റിൽ ആണുള്ളതെന്നും ടെറിറ്റോറിയൽ ആർമിയിൽ ഉടൻ ജോയിൻ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട്. എന്നാൽ വാരാന്ത്യങ്ങളിൽ മാത്രം ഡ്യൂട്ടിയുള്ള ഒരു ജോലി ആയിരുന്നു അത്. കൂടുതൽ പണം സമ്പാദിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമായ ഞാൻ അധികാരികളെ സമീപിച്ചു. ലണ്ടനിൽ പോയി എന്തെങ്കിലും ജോലി അന്വേഷിക്കാമെന്നൊരു കണക്കുകൂട്ടലും എനിക്കുണ്ടായിരുന്നു. ലണ്ടനിലുള്ള ടെറിറ്റോറിയൽ ആർമി റെജിമെന്റിലേക്ക് പോകുവാനാണ് അവർ നിർദ്ദേശിച്ചത്.

എല്ലാ രേഖകളുമായി ഞാൻ ടെറിറ്റോറിയൽ ആർമിയുടെ ലണ്ടനിലെ  21 SAS റെജിമെന്റിൽ എത്തിച്ചേർന്നു. നിരവധി പേപ്പറുകൾ പൂരിപ്പിച്ചതിന് ശേഷം പതിവുള്ള മെഡിക്കൽ ചെക്കപ്പും കഴിഞ്ഞ് മേജർ വിൽസന്റെ മുന്നിലാണ് ഞാൻ എത്തിയത്. പിൽക്കാലത്ത് നടന്ന പല സംഭവങ്ങളും അപഗ്രഥിച്ചാൽ അത് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ആയിരുന്നുവോ എന്ന് ഇന്നും എനിക്ക് സംശയമുണ്ട്.

കോർപ്പറൽ, ഇതാ ഇവിടെ ഒരു സൈൻ ചെയ്തേക്കൂ...” അദ്ദേഹം ഒരു ഫോം എന്റെ മുന്നിലേക്ക് നീക്കി വച്ചു.

എന്ത് പേപ്പറിലാണ് ഞാൻ സൈൻ ചെയ്യുന്നതെന്ന് അറിയാനുള്ള അവകാശമുണ്ടോ സർ...?” ഞാൻ ചോദിച്ചു.

ഒഫിഷ്യൽ സീക്രട്ട് ആക്റ്റ്...” മന്ദഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. “ഇത് അത്തരത്തിലുള്ള ഒരു യൂണിറ്റാണ്... മനസ്സിലായോ...?”

ഒന്ന് സംശയിച്ചിട്ട് ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.

ഗുഡ്...” അദ്ദേഹം ആ ഫോം തിരികെ വാങ്ങി.

ശനിയാഴ്ച്ച റിപ്പോർട്ട് ചെയ്തോട്ടെ സർ...?” ഞാൻ ചോദിച്ചു.

നോ, നോട്ട് യെറ്റ്... ചില ഫോർമാലിറ്റികൾ കൂടിയുണ്ട്... സമയമാകുമ്പോൾ ഞങ്ങൾ അറിയിക്കാം...” അദ്ദേഹം പുഞ്ചിരിച്ചു.

വലിയ പ്രതീക്ഷയൊന്നും ഇല്ലാത്തതിനാൽ അത് അവിടം കൊണ്ട് അവസാനിപ്പിച്ച് ഞാൻ ലീഡ്സിലേക്ക് മടങ്ങി.

രണ്ടാഴ്ച്ചകൾക്ക് ശേഷം ഒരു ദിനം ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന ഇൻഷുറൻസ് ഓഫീസിൽ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഫോൺ കോൾ എനിക്ക് വരുന്നത്. സിറ്റി സ്ക്വയറിനടുത്തുള്ള യേറ്റ്സ് വൈൻ ബാറിൽ ഉച്ച ഭക്ഷണ സമയത്ത് സന്ധിക്കണമെന്നായിരുന്നു സന്ദേശം. ഭക്ഷണം ആസ്വദിച്ചുകൊണ്ടിരിക്കവെയാണ് അദ്ദേഹം ആ അശുഭ വാർത്ത എന്നെ അറിയിച്ചത്.

കാര്യമെന്താണെന്ന് വച്ചാൽ മകനേ, SAS റെജിമെന്റിന് നിങ്ങളെ നിയമിക്കാൻ കഴിയില്ല... മെഡിക്കൽ റിപ്പോർട്ട് പ്രകാരം നിങ്ങളുടെ ഇടത് കണ്ണിന് അല്പം പ്രശ്നമുണ്ട്... കണ്ണട ഉപയോഗിക്കുന്ന കാര്യം നിങ്ങൾ പറഞ്ഞിട്ടേയില്ല...” അദ്ദേഹം പറഞ്ഞു.

ശരിയാണ്... പക്ഷേ, ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന ഹോഴ്സ് ഗാർഡ്സിൽ അവർ ഒരു തടസ്സവും പറഞ്ഞില്ലല്ലോ... ബിസ്ലേയിലുള്ള റെജിമെന്റൽ ടീമിലെ ഷൂട്ടർ ആയിരുന്നു ഞാൻ... ഷാർപ്പ് ഷൂട്ടർ ബാഡ്ജും എനിക്കുണ്ട്...”

യെസ്, അതെല്ലാം ഞങ്ങൾക്കറിയാം... പൂർവ്വ ജർമ്മനിയുടെ അതിർത്തിയിൽ രണ്ട് റഷ്യൻ സൈനികരെ നിങ്ങൾ വെടി വെച്ചു കൊന്ന കാര്യവും ഞങ്ങൾക്കറിയാം... കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഏതോ ഒരു ക്ലാർക്ക് നിങ്ങളുടെ മെഡിക്കൽ ഫോമിൽ കണ്ണിന്റെ കാര്യം പൂരിപ്പിക്കാൻ വിട്ടു പോയത് കൊണ്ട് മാത്രമാണ് ഹോഴ്സ് ഗാർഡിൽ അന്ന് നിങ്ങൾക്ക് ജോലി തരപ്പെട്ടത്...” അദ്ദേഹം പറഞ്ഞു.

അപ്പോൾ ഇനി പ്രതീക്ഷ വേണ്ടെന്നാണോ...?”

അതെ... ദൗർഭാഗ്യകരം എന്നല്ലാതെ എന്ത് പറയാൻ... നിങ്ങളുടെ പശ്ചാത്തലം എല്ലാം ഇന്ററസ്റ്റിങ്ങ് തന്നെയാണ്... ഹാംബർഗ് ഹെഡ്ക്വാർട്ടേഴ്സിലെ സ്റ്റാഫ് സെർജന്റ് ആയിരുന്നു നിങ്ങളുടെ അമ്മാവൻ... അദ്ദേഹത്തിന്റെ റെക്കോഡ്സ് ഞാൻ കണ്ടു... ഡൺകിർക്ക് ആക്രമണത്തിന് തൊട്ടുമുമ്പ് പിടിക്കപ്പെട്ട അദ്ദേഹം നാല് തവണ ജയിൽ ചാടിയെങ്കിലും പിടിക്കപ്പെട്ട് ഓഷ്വിറ്റ്സിൽ സഖ്യകക്ഷികളുടെ സൈനികരെ പാർപ്പിക്കുന്ന തടവറയിൽ അടക്കപ്പെട്ടു... അവരിൽ മൂന്നിൽ രണ്ട് ഭാഗവും പിന്നീട് മരണമടയുകയാണുണ്ടായത്...”

അതെ, ശരിയാണ്...” ഞാൻ പറഞ്ഞു.

“ജർമ്മൻ ഭാഷയിലുള്ള അസാമാന്യ പ്രാവീണ്യം ഒന്നു കൊണ്ട് മാത്രമാണ് പിന്നീട് അദ്ദേഹത്തിന് അവർ ഹാംബർഗിലെ ഹെഡ്ക്വാർട്ടേഴ്സിൽ ജോലി കൊടുത്തത്... അവിടെ വച്ച് അദ്ദേഹം യുദ്ധത്തിൽ ഭർത്താവ് കൊല്ലപ്പെട്ട ഒരു ജർമ്മൻ വിധവയെ വിവാഹം കഴിക്കുകയും ചെയ്തു... ശരിയല്ലേ...?”

“അതെ... പ്രണയത്തിന് അതിരുകൾ ബാധകമല്ലല്ലോ...” ഞാൻ പറഞ്ഞു.

“ശരിയാണ്... അതു പോലെ തന്നെ ഇന്ററസ്റ്റിങ്ങ് ആണ് നിങ്ങളുടെ ഭൂതകാലവും... ഇംഗ്ലണ്ടിൽ ജനിച്ച ഐറിഷ് – സ്കോട്ടിഷ് വംശജൻ... ബാല്യകാലം ബെൽഫാസ്റ്റിലെ ഷാൻകിൽ പ്രദേശത്ത്... അവിടെ വളർന്നവരെ എന്താണവർ വിളിക്കുന്നത്...? ഓറഞ്ച് പ്രോഡ്...? ശരിയല്ലേ...?”

“അതുകൊണ്ട്...?”

“മാത്രമല്ല, പോറ്റി വളർത്തിയത് നിങ്ങളുടെ മാതാവിന്റെ ഒരു അടുത്ത ബന്ധുവും... ക്രോസ്മാഗ്ലണിൽ താമസിച്ചിരുന്ന അവർ തികഞ്ഞ ഒരു കത്തോലിക്കാ വിശ്വാസി ആയിരുന്നു... അങ്ങേയറ്റം റിപ്പബ്ലിക്കൻ ചിന്താഗതിക്കാരാണ് ആ പ്രദേശത്തുള്ളവർ... കുറേയേറെ പരിചയങ്ങളും സുഹൃത്തുക്കളും ഉണ്ടാകണമല്ലോ നിങ്ങൾക്കവിടെ...”

“സർ...” ഞാൻ കരുതലോടെ ആരാഞ്ഞു. “എന്നെക്കുറിച്ച് താങ്കൾക്ക് അറിയാൻ പാടില്ലാത്തതായി ഇനി എന്തെങ്കിലുമുണ്ടോ...?”

“ഇല്ല...” അദ്ദേഹം മന്ദഹസിച്ചു. “ഞങ്ങൾ എല്ലാ കാര്യവും ആഴത്തിൽ പഠിക്കാറുണ്ട്...” അദ്ദേഹം എഴുന്നേറ്റു. “എനിക്ക് പോകേണ്ട സമയമായി... നിങ്ങളുടെ ജോലിക്കാര്യം ഇത്തരത്തിൽ ആയതിൽ എനിക്ക് ഖേദമുണ്ട്...” അദ്ദേഹം തന്റെ റെയിൻകോട്ട് എടുത്തു. “ഒരു കാര്യം കൂടി... നിങ്ങൾ ആ ഒഫിഷ്യൽ സീക്രട്ട് ആക്റ്റിൽ സൈൻ ചെയ്ത കാര്യം ഓർമ്മയിരിക്കട്ടെ... ജയിൽ ശിക്ഷയാണ് അത് മറന്ന് പ്രവർത്തിക്കുന്നതിന്...”

സത്യമായിട്ടും ഞാൻ അന്ധാളിച്ചു പോയിരുന്നു. “പക്ഷേ, ഇനി എന്താണതിന് പ്രസക്തി...? പ്രത്യേകിച്ചും താങ്കളുടെ റെജിമെന്റിന് എന്നെ ആവശ്യമില്ലാത്ത സ്ഥിതിക്ക്...?”

മുന്നോട്ട് നടന്ന് നീങ്ങിത്തുടങ്ങിയ അദ്ദേഹം തിരിഞ്ഞ് നിന്നു. “നിങ്ങൾ ഇപ്പോഴും ആർമി റിസർവ്വിലെ ഒരു അംഗമാണെന്ന കാര്യം മറക്കണ്ട... ഏത് നേരത്തും തിരികെ വിളിക്കപ്പെടാം...”

                                                            ***

എങ്കിലും എന്നിൽ കൗതുകമുണർത്തിയത് 1952 വരെ ഞാൻ പോലും അറിയാതിരുന്ന എന്റെ ജർമ്മൻ ബന്ധത്തെക്കുറിച്ച് അദ്ദേഹം ഒന്നും തന്നെ പ്രതിപാദിച്ചില്ല എന്നതാണ്. എന്റെ അമ്മാവന്റെ ഭാര്യയ്ക്ക് ഒരു അനന്തിരവൻ ഉണ്ടായിരുന്നു. കോൺറാഡ് സ്ട്രാസർ എന്നായിരുന്നു അയാളുടെ പേര്. അല്ലെങ്കിൽ അതായിരുന്നു വർഷങ്ങളോളം അയാൾ കൊണ്ടു നടന്നിരുന്ന പല പേരുകളിൽ ഒന്ന്. അമ്മാവന്റെ ജർമ്മൻ ബന്ധുക്കൾക്കായി ഹാംബർഗിലെ സെന്റ് പോളിയിൽ വച്ച് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ വച്ചാണ് അയാളെ ഞാൻ പരിചയപ്പെടുന്നത്.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും ഉയരം കുറഞ്ഞ് അല്പം ഇരുണ്ട നിറവുമുള്ള ചുറുചുറുക്കുള്ള ഒരു വ്യക്തിയായിരുന്നു കോൺറാഡ്. മുപ്പത്തിരണ്ടുകാരനായ അയാൾ അന്ന് ഹാംബർഗ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ചീഫ് ഇൻസ്പെക്ടർ ആയി ജോലി നോക്കുകയാണ്. ശബ്ദായമാനമായ ആ ഹാളിന്റെ ഒരു മൂലയിൽ ഞങ്ങൾ ഇരുവരും സംസാരിച്ചു കൊണ്ട് നിന്നു.

“അതിർത്തിയിലെ ജോലി എങ്ങനെയുണ്ടായിരുന്നു...? രസകരമായിരുന്നുവോ...?” അയാൾ ആരാഞ്ഞു.

“മഞ്ഞ് വീഴ്ച്ചയുടെ നാളുകളിൽ കഠിനം തന്നെയായിരുന്നു...” ഞാൻ പറഞ്ഞു.

“റഷ്യ ഇതിനേക്കാൾ കഷ്ടമായിരുന്നു...”

“റഷ്യൻ അതിർത്തിയിലെ സൈന്യത്തിലായിരുന്നുവോ നിങ്ങൾ...?” ഞാൻ ചോദിച്ചു.

“അല്ല... ഗെസ്റ്റപ്പോയിൽ ആയിരുന്നു... ആർമിയിലേക്ക് വിതരണം ചെയ്യാനുള്ള വസ്തുക്കൾ കൊള്ളയടിക്കുന്നവരെ വക വരുത്തുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല...”

വാസ്തവത്തിൽ ഞാൻ അല്പം ഭയന്നു പോയിരുന്നു. എങ്കിലും പരിഭ്രമം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു. “ഗെസ്റ്റപ്പോ...?”

 “അതെ...” അയാൾ പുഞ്ചിരിച്ചു. “നിങ്ങളുടെ അറിവിനെ അല്പം കൂടി ഞാൻ പരിപോഷിപ്പിക്കാം... പരിചയസമ്പന്നരും വിദഗ്ദ്ധരുമായ ഡിറ്റക്ടിവ് ഉദ്യോഗസ്ഥരെ ഗെസ്റ്റപ്പോയ്ക്ക് ആവശ്യമായിരുന്നു... അതിനാൽ രാജ്യമൊട്ടുക്കുമുള്ള പോലീസ് സേനാംഗങ്ങൾക്കിടയിലേക്ക് ഇറങ്ങി അവർക്ക് ആവശ്യമുള്ളവരെ അത്രയും പേരെ റിക്രൂട്ട് ചെയ്തു... അതുകൊണ്ട് തന്നെ ഞാനുൾപ്പെടെ ഗെസ്റ്റപ്പോയിലെ അമ്പത് ശതമാനത്തിൽ അധികം പേരും നാസി അനുഭാവികൾ ആയിരുന്നില്ല... 1940 ൽ അവർ എന്നെ ഹൈജാക്ക് ചെയ്യുമ്പോൾ എനിക്ക് വയസ്സ് ഇരുപത്... എന്റെ മുന്നിൽ വേറേ മാർഗ്ഗമുണ്ടായിരുന്നില്ല എന്നതാണ് സത്യം...”

അയാൾ പറഞ്ഞതെല്ലാം തന്നെ എനിക്ക് വിശ്വസനീയമായിട്ടാണ് തോന്നിയത്. പിന്നീട് എന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും അയാൾ അന്ന് പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയും ചെയ്തു. എന്ത് തന്നെയായാലും ശരി, ഒരുപാട് ഇഷ്ടമായിരുന്നു അയാളെ എനിക്ക്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...