Sunday, April 26, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 57


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹാരി പ്രതീക്ഷിച്ച രൂപമേ ആയിരുന്നില്ല ജക്കോദിന്റേത്. അഞ്ചടി ആറിഞ്ച് പോലും ഇല്ല ഉയരം. വൃത്താകൃതിയിലുള്ള സ്റ്റീൽ ഫ്രെയിം കണ്ണടയും കമ്പിളി  സ്യൂട്ടും റെയിൻ‌കോട്ടും ട്രിൽബി ഹാറ്റും ധരിച്ച അദ്ദേഹത്തെ കണ്ടാൽ ഒരു സ്കൂൾ മാസ്റ്ററുടെ രൂപമാണ് മനസ്സിൽ വരിക. ക്രോയ്ഡണിൽ വച്ച് ഫ്രഞ്ച് ആയിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്.

നിങ്ങളുടെ സവിശേഷതകളൊക്കെ ബ്രിഗേഡിയർ മൺറോ എന്നോട് പറഞ്ഞിരുന്നു കേണൽ...” ജക്കോദ് പറഞ്ഞു. “നിങ്ങളുടെയും ഇരട്ട സഹോദരന്റെയും കഥ ഒരു നോവലിലേതെന്ന പോലെ ഉദ്വേഗജനകമെന്ന് പറയാം...”

ഓസ്കാർ വൈൽഡ് ആണെന്ന് തോന്നുന്നു പറഞ്ഞത് ജീവിതം തന്നെ ഒരു മോശം നോവലാണെന്ന്...” ഹാരി പറഞ്ഞു.

ഇന്ററസ്റ്റിങ്ങ്... നല്ലത് അല്ലെങ്കിൽ മോശം എന്നീ വാക്കുകൾക്ക് എന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ല എന്നതാണ് വാസ്തവം...” ജക്കോദ് ഒരു സിഗരറ്റിന് തീ കൊളുത്തി. “കോൾഡ് ഹാർബറിൽ നിന്നുള്ള വെതർ ഫൊർകാസ്റ്റ് ഓകെയാണോ...?”

എക്സലന്റ്... നിങ്ങൾ ഇതിന് മുമ്പ് അവിടെ പോയിട്ടുണ്ടോ...?”

, യെസ്... പണ്ട് ബ്രിഗേഡിയറും ഞാനും പലവട്ടം അവിടെ പോയിട്ടുള്ളതാണ്... അന്ന് ജൂലി ലെഗ്രാന്റും അവരുടെ ഭർത്താവും ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ ആയിരുന്നു...”

അവർക്ക് അരികിൽ  വന്നു നിന്ന സ്റ്റാഫ് കാറിൽ നിന്നും മൺറോയും ജാക്കും പുറത്തിറങ്ങി.

നിങ്ങൾ എത്തിയിരുന്നോ...? വൈകിയതിൽ ഖേദിക്കുന്നു... ഹാരീ, നിങ്ങൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ സമയം കളയാതെ നമുക്ക് ടേക്ക് ഓഫ് ചെയ്യാം...” മൺറോ പറഞ്ഞു.

തീർച്ചയായും ബ്രിഗേഡിയർ... ഞാൻ റെഡിയാണ്...”

മൺറോയും ജക്കോദും മുന്നിൽ നടന്നു. ഹാരിയും ജാക്ക് കാർട്ടറും അവരെ അനുഗമിച്ചു.

മോളിയുടെ സന്ദേശമുണ്ടായിരുന്നു...” കാർട്ടർ പറഞ്ഞു. “നിങ്ങളെ യാത്രയാക്കാൻ അവൾക്ക് വരണമെന്നുണ്ടായിരുന്നു... പക്ഷേ, അറിയാമല്ലോ ഗൈസ് ഹോസ്പിറ്റലിലെ എമർജൻസി...”

അവൾ ആവശ്യത്തിലധികം വേവലാതിപ്പെടുന്നുണ്ട്...” ഹാരി പറഞ്ഞു. നാളെ രാത്രി റിവർ റൂമിലേക്ക് കൊണ്ടുപോകുന്നുണ്ട് അവളെ... ഒരു ഗംഭീര ഡിന്നറും കരോൾ ഗിബ്സന്റെ സംഗീതവും... അതിൽ കൂടുതൽ ആരെങ്കിലും ആവശ്യപ്പെടുമോ...?”

മോളി ആവശ്യപ്പെടും...” കാർട്ടർ പറഞ്ഞു.

അത് ശരിയാണ്...” ഹാരി പറഞ്ഞു. “ഈ സ്ത്രീകളുടെ മനോവ്യാപാരം എന്നും ഒരു പ്രഹേളികയാണെനിക്ക്... എന്നാൽ ശരി, സമയം കളയണ്ട... നമുക്ക് പുറപ്പെടാം...”

വെതർ റിപ്പോർട്ട് കൃത്യമായിരുന്നു. അങ്ങിങ്ങായി കാണപ്പെടുന്ന മേഘക്കൂട്ടങ്ങൾക്കിടയിൽ വെളിച്ചം പരത്തി നിൽക്കുന്ന ചന്ദ്രക്കല. താഴ്ന്ന് പറക്കുന്നതിന് എന്തു കൊണ്ടും അനുയോജ്യമായ കാലാവസ്ഥ. ലൈബ്രറിയിൽ നിവർത്തിയിട്ടിരിക്കുന്ന ഭൂപടത്തിൽ മൊർലെയ്ക്‌സിനു ചുറ്റും ഹാരി ഒരു ചുവന്ന വൃത്തം വരച്ചു.

ഗ്രാമത്തിൽ നിന്നും അഞ്ച് മൈൽ അകലെയുള്ള തരിശുഭൂമിയിൽ... നിങ്ങൾക്ക് അറിയാവുന്ന സ്ഥലം തന്നെ ആയിരിക്കും...” ഹാരി പറഞ്ഞു.

എന്റെ കൈവെള്ളയിൽ എന്ന പോലെ...” ജക്കോദ് പറഞ്ഞു.

ഗുഡ്... ആവശ്യത്തിനുള്ള ഗ്രൗണ്ട് സിഗ്നൽസ് മാത്രം... നിങ്ങൾ പുറത്തിറങ്ങിയതും ഞാൻ ടേക്ക് ഓഫ് ചെയ്യുന്നു...” ഹാരി പറഞ്ഞു.

ബീ കോൺഫിഡന്റ് കേണൽ... മുമ്പ് ആറ് തവണ ഇറങ്ങിയിട്ടുള്ളതാണ് ഞാനവിടെ...” ജക്കോദ് പറഞ്ഞു.

ദാറ്റ്സ് ഇറ്റ് ദെൻ...” ഹാരി വാച്ചിൽ നോക്കിയിട്ട് മൺറോയുടെ നേർക്ക് തിരിഞ്ഞു. “ബ്രിഗേഡിയർ, ഇരുപത് മിനിറ്റ്...”

യൂ ആർ ഇൻ ചാർജ്ജ്...” തന്റെ ക്യാപ്പ് എടുത്ത് മൺറോ ഡോറിന് നേർക്ക് നീങ്ങി.

                                                      ***

ലൈസാൻഡർ പൈലറ്റുമാരിൽ  ചിലർ വളരെ ഉയരത്തിൽ പറക്കാൻ താല്പര്യപ്പെടുന്നവരുണ്ട്. മറ്റു ചിലർ സീ ലെവലിനോട് ചേർന്ന് പറക്കുവാനാണ് ഇഷ്ടപ്പെടുക. കാരണം, ശത്രുക്കളുടെ റഡാറിൽ അദൃശ്യരായിരിക്കും എന്നത് തന്നെ. പക്ഷേ, അതുകൊണ്ട് ഒരു ദൂഷ്യവശം കൂടിയുണ്ട്. നേവിയുടെ പീരങ്കികൾക്ക് ഒരു ഈസി ടാർഗറ്റ് ആകും എന്നത്. ഒരു ഷോർട്ട് ട്രിപ്പ് എന്ന നിലയ്ക്ക് സീ ലെവലിൽ പറക്കുവാനാണ് ഹാരി തീരുമാനിച്ചത്. ജക്കോദിനെപ്പോലെയുള്ള ഒരു പ്രമുഖ വ്യക്തിയെയും കൊണ്ടുള്ള യാത്രയിൽ റാഡാറിന്റെ ദൃഷ്ടികളിൽ പെടുക എന്നത് അത്യന്തം ആപത്കരമായിരിക്കും.

തെളിഞ്ഞ കാലാവസ്ഥയിൽ കോൺവാളിൽ നിന്നും ഫ്രാൻസിലേക്കുള്ള യാത്രയിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. അഞ്ഞൂറ് അടി ഉയരത്തിൽ പറക്കുമ്പോൾ റഡാർ ലെവലിനും താഴെയാണെന്നുള്ള ധൈര്യം. വളരെ പ്രസന്നമായ അന്തരീക്ഷം. കോക്ക്പിറ്റിൽ തന്റെ സീറ്റിനരികിൽ വിശ്രമിക്കുന്ന ടർക്വിൻ. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതം.

ഫാൾമൗത്ത് നേവൽ ബേസിൽ നിന്നും പുറപ്പെട്ട റോയൽ ഡച്ച് നേവിയുടെ രണ്ട് മോട്ടോർ ടോർപ്പിഡോ ബോട്ടുകൾ വിമാനത്തിന്റെ ഇടതുഭാഗത്തായി കടലിൽ കിടക്കുന്നുണ്ടായിരുന്നു. വിമാനത്തെ കണ്ടതും രണ്ട് ബോട്ടുകളിൽ നിന്നുമുള്ള തോക്കുകൾ ഗർജ്ജിച്ചത് പെട്ടെന്നായിരുന്നു. മെഷീൻ ഗണ്ണിൽ നിന്നുള്ള വെടിയുണ്ടകൾ ലൈസാൻഡറിന്റെ വാലറ്റത്തായി തുളഞ്ഞു കയറി. പീരങ്കിയിൽ നിന്നുള്ള ഷെല്ലുകളിൽ ചിലത് ഇടതു‌ഭാഗത്തെ ചിറകിൽ കൊണ്ടു.

പൊടുന്നനെ ആയിരം അടിയിലേക്ക് വിമാനത്തെ ഉയർത്തിയ ഹാരി മേഘക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചു. അതോടെ ആ ബോട്ടുകളുടെ ദൃഷ്ടിയിൽ നിന്നും അപ്രത്യക്ഷമായി.

യൂ ഓകേ...?” തിരിഞ്ഞ് ജക്കോദിനെ നോക്കി അദ്ദേഹം വിളിച്ചു ചോദിച്ചു.

ഫൈൻ...”

സോറി എബൗട്ട് ദാറ്റ്... തങ്ങൾ ആരുടെ പക്ഷത്താണെന്ന് ആ ബാസ്റ്റഡുകൾക്ക് അറിയില്ലെന്ന് തോന്നുന്നു... ഏതാനും വെടിയുണ്ടകൾ നമുക്കേറ്റിട്ടുണ്ട്... പക്ഷേ, സാരമുള്ളതല്ല... പതിനഞ്ച് മിനിറ്റിനുള്ളിൽ നമുക്ക് ലാന്റ് ചെയ്യാം...”

അതേ സമയം ഫെർമൻവില്ലിലെ ജർമ്മൻ എയർട്രാഫിക്ക് കൺട്രോൾ ഹാരിയുടെ വിമാനത്തെ സ്പോട്ട് ചെയ്യുക തന്നെ ചെയ്തു. എയർട്രാഫിക്ക് കൺട്രോളർ ഉടൻ തന്നെ വിവരം നൈറ്റ് പട്രോളിന് കൈമാറി. എന്നാൽ ആ രാത്രിയിൽ മാക്സ് അവധിയിലായിരുന്നു. സെന്റ് മാലോയിൽ തന്റെ മൂന്ന് ദിവസത്തെ ലീവ് ആഘോഷിക്കുകയായിരുന്നു അദ്ദേഹം. വിവരം ലഭിച്ചതും മൂന്ന് ME109 കൾ മാക്സിന്റെ സഹോദരന്റെ വിമാനത്തെ ആക്രമിച്ച് വീഴ്ത്തുവാനായി ആകാശത്തേക്ക് കുതിച്ചുയർന്നു.

                                                           ***

മൊർലെയ്ക്‌സിലെ ഡ്രോപ്പിങ്ങ് സോൺ കൃത്യമായി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. അനായാസമായി ലാന്റ് ചെയ്തതിന് ശേഷം ഹാരി ആ മൈതാനത്തിന്റെ അറ്റത്തേക്ക് ടാക്സി ചെയ്ത് വിമാനം കാറ്റിനെതിരെ തിരിച്ച് നിർത്തി. ഹാരിയുടെ ചുമലിൽ തട്ടി അഭിനന്ദിച്ചിട്ട് ജക്കോദ് ഡോർ തുറന്ന് പുറത്തിറങ്ങി. പിന്നെ ഡോർ വലിച്ചടച്ച് തന്റെയടുത്തേക്ക് ഓടിയടുക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് നടന്നു. ഹാരി ഫുൾ ത്രോട്ട്‌ൽ കൊടുത്തു. മുന്നോട്ട് കുതിച്ച വിമാനം പതുക്കെ ആകാശത്തേക്കുയർന്നു. ഏതാണ്ട് 800 അടിയോളം ഉയരത്തിൽ എത്തിയപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്.

ഡ്രോപ്പിങ്ങ് സോണിലെ ലൈറ്റുകൾ അപ്പോഴും കത്തിക്കിടന്നിരുന്നതിനാൽ ജർമ്മൻ ഫൈറ്ററുകൾക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. ഒന്നിന് പിറകെ ഒന്നായെത്തിയ രണ്ട് ME109 കൾ അങ്ങോട്ട് വെടിയുതിർത്തു കൊണ്ടിരുന്നു. അതിന്റെ ചെകിടടപ്പിക്കുന്ന ശബ്ദം ആ രാത്രിയിൽ അവിടെങ്ങും മാറ്റൊലി കൊണ്ടു. എന്നാൽ ഇതൊന്നുമറിയാതെ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞിരുന്ന ഹാരിയെ മൂന്നാമത്തെ ME109 പിന്തുടർന്നു. അതിന്റെ പീരങ്കിയിൽ നിന്നും ഏറ്റ വെടിയുണ്ട അദ്ദേഹത്തിന്റെ വിമാനത്തിന്റെ ചിറക് തകർത്തു കളഞ്ഞു. നിയന്ത്രണം നഷ്ടമായ വിമാനം മൂക്ക് കുത്തി താഴോട്ടിറങ്ങി. താഴെ മരങ്ങളുടെ ശിഖരങ്ങൾ ദൃഷ്ടിയിൽപ്പെട്ടതും ഹാരി കോളം വലിച്ച് വിമാനത്തെ ഉയർത്തുവാൻ ശ്രമിച്ചു. പക്ഷേ, വിമാനത്തിന്റെ ചക്രങ്ങൾ വൃക്ഷത്തലപ്പിൽ ഉടക്കി താഴോട്ട് പതിച്ചു. ഭാഗ്യവശാൽ അതിന് മുമ്പ് തന്നെ ഹാരി വിമാനത്തിൽ നിന്നും മറുഭാഗത്തേക്ക് തെറിച്ചു കഴിഞ്ഞിരുന്നു. അടുത്ത നിമിഷം ഇരുട്ടിനെ ഭേദിച്ചു കൊണ്ട് അവിടെ അഗ്നിജ്വാലകൾ ഉയർന്നു പൊങ്ങി.

അഞ്ച് പേരടങ്ങുന്ന തന്റെ സംഘാംഗങ്ങൾക്കൊപ്പം നിന്നിരുന്ന ജക്കോദ് അത് കണ്ട് തലയിൽ കൈ വച്ചു. “മൈ ഗോഡ്...! കമോൺ...” തീ ഉയർന്ന് പൊങ്ങുന്ന ഭാഗം ലക്ഷ്യമാക്കി അദ്ദേഹവും സുഹൃത്തുക്കളും കുതിച്ചു.

വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ അവിടെയെത്തിയ അവർ കണ്ടത് കത്തിയെരിയുന്ന വിമാനത്തിന് അധികം അകലെയല്ലാതെ പാർക്ക് ചെയ്തിരിക്കുന്ന രണ്ട് ആർമി വാഹനങ്ങളെയാണ്. ജക്കോദിന്റെ സംഘത്തിലുണ്ടായിരുന്ന ജൂൾസ് എന്ന് പേരായ തദ്ദേശവാസിയായ ഒരു കർഷകൻ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ച് പിന്നോട്ട് വലിച്ചു.

“SS സേനയാണ്... ഇന്നലെയാണ് അവരുടെ ഒരു പൻസർ യൂണിറ്റ് ഇവിടെ എത്തിയത്... ഇന്ന് വിശ്രമത്തിന്റെ ദിനമായിരുന്നുവെന്ന് തോന്നുന്നു... നമുക്കിപ്പോൾ ഒന്നും തന്നെ ചെയ്യാനാവില്ല... ആ ബാസ്റ്റഡുകൾ എന്തിനും മടിക്കാത്തവരാണ്...”

ഓൾറൈറ്റ്...” ജക്കോദ് പറഞ്ഞു. “പക്ഷേ, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം...”

മരങ്ങളുടെ മറവ് പറ്റി അല്പം ദൂരേക്ക് ഇഴഞ്ഞ് നീങ്ങിയിട്ട് രംഗം വീക്ഷിച്ചു കൊണ്ട് അവർ പതിഞ്ഞു കിടന്നു.

                                                           ***

വിമാനം നിലം പൊത്തുമെന്ന് ഉറപ്പായ ഉടൻ തന്നെ ഒരു വിധം ഡോർ തുറക്കുവാൻ ഹാരിയ്ക്ക് സാധിച്ചിരുന്നു. ജംപ് ബാഗിലുള്ള ടർക്വിനെയും കൊണ്ട് പുറത്തേക്ക് വീണ അദ്ദേഹത്തിന്റെ ഫ്ലൈയിങ്ങ് ജാക്കറ്റിൽ അപ്പോഴേക്കും തീ പിടിച്ചു കഴിഞ്ഞിരുന്നു. എഴുന്നേറ്റ് നിൽക്കുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് അദ്ദേഹം നിലത്തേക്ക് തന്നെ വീണു. തന്റെ ശരീരത്തിന്റെ ഭാരം താങ്ങാൻ ഇടതു കാലിന് ആവുന്നില്ല. കണങ്കാലിലെ അതിശക്തമായ വേദനയാൽ പുളയവെ തന്റെ കൈയ്യിൽ നിന്നും ടർക്വിൻ ഊർന്ന് വീണത്  അദ്ദേഹം അറിഞ്ഞിരുന്നില്ല. സമീപത്തുണ്ടായിരുന്ന കവചിത വാഹനത്തിൽ നിന്നും ഓടിക്കൂടിയ സൈനികർ അദ്ദേഹത്തിന്റെ തീപടർന്ന ഫ്ലൈയിങ്ങ് ജാക്കറ്റ് ഊരി ദൂരേക്കെറിഞ്ഞു.

മരങ്ങളുടെ മറവിൽ നിന്ന് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ജക്കോദ്. SS സൈനികർ ഹാരിയെ താങ്ങിയെടുത്ത് അവരുടെ വാഹനത്തിൽ കൊണ്ടു പോയി കിടത്തിയിട്ട് എങ്ങോട്ടോ ഓടിച്ചു പോയി. തകർന്നു വീണ ലൈസാൻഡറിൽ ഇനി അധികമൊന്നും അവശേഷിക്കുന്നില്ല. ആളിക്കത്തിയിരുന്ന തീജ്വാലകൾ ശക്തി കുറഞ്ഞ് അണഞ്ഞു തുടങ്ങിയിരിക്കുന്നു. ജക്കോദിന്റെ സംഘത്തിലെ ആളുകൾ എഴുന്നേറ്റ് കരുതലോടെ മുന്നോട്ട് നീങ്ങി അവിടെയെത്തി ചുറ്റുപാടും പരിശോധിച്ചു.

മിടുക്കനായിരുന്നു...” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ജക്കോദ് ജൂൾസിനോട് പറഞ്ഞു. “ഹീ വാസ് എ റിയലി ടോപ്പ് മാൻ... ലെജിയൻ ഓഫ് ഓണർ... അങ്ങനെ എന്തെല്ലാം മെഡലുകൾ...”

പരിസരം പരിശോധിച്ച് തിരിച്ചെത്തിയ അംഗങ്ങളിൽ ഒരുവന്റെ കൈവശം ഒരു ജംപ് ബാഗ് ഉണ്ടായിരുന്നു. “വിമാനത്തിനരികിൽ നിന്നും ലഭിച്ചതാണ്...”

എന്താണത്...?”

അതാണ് രസകരം... ഒരു കരടിക്കുട്ടൻ... ഫ്ലൈയിങ്ങ് ഡ്രസ്സ് ഒക്കെയണിഞ്ഞ ഒരു പാവ...!”

റിയലി...?” ജക്കോദ് അയാളെ നോക്കി. “എന്തെങ്കിലും ആവട്ടെ... ഇനിയിപ്പോൾ എന്തും തന്നെ ഞാൻ വിശ്വസിക്കും... അതിനെയും എടുത്തോളൂ... നമുക്ക് മില്ലിലേക്ക് പോകാം... ഈ അപകടവിവരം സംബന്ധിച്ച് കോൺവാളിലേക്ക് എത്രയും പെട്ടെന്ന് റേഡിയോ സന്ദേശം അയക്കണം...”
                                              
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Sunday, April 19, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 56


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹാരിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ പോക്ക് നേർരേഖയിലായിരുന്നു. കൊറിയർ സർവ്വീസിനു വേണ്ടിയായിരുന്നു ഭൂരിഭാഗം പറക്കലും. പിന്നെ ആവശ്യമനുസരിച്ച് ജനറൽ ഐസൻഹോവറുമായി ക്രോയ്ഡണിൽ നിന്നും സൗത്ത്‌വിക്കിലേക്കും തിരിച്ചുമുള്ള യാത്രകൾ. മൺറോയും ജാക്കും ആയി കോൾഡ് ഹാർബറിലേക്കും ഇടയ്ക്കൊക്കെ പറക്കേണ്ടി വന്നിരുന്നു. ചിലപ്പോഴെല്ലാം അവരുടെയൊപ്പം മോളിയും ഉണ്ടാകാറുണ്ടായിരുന്നു. D-Day യ്ക്ക് വേണ്ടി യൂറോപ്പ് തയ്യാറെടുക്കവെ കാര്യങ്ങൾ ചൂടു പിടിച്ചു തുടങ്ങി. മൺറോ കൂടുതൽ ഏജന്റുമാരെ ഫ്രാൻസിലേക്ക് അയച്ചു തുടങ്ങിയപ്പോൾ OSS ന്റെയും SAS ന്റെയും ഏജന്റുമാരും അവരിൽ ഉണ്ടായിരുന്നു.

കോൾഡ് ഹാർബറിൽ കാലാവസ്ഥ പ്രസന്നമായിരുന്നു. മോളി അവിടെയെത്തുമ്പോഴെല്ലാം ഹാരി അവളോടൊപ്പം ബീച്ചിലൂടെ നടക്കാനിറങ്ങും. Hanged Man ൽ ഭക്ഷണം കഴിക്കാനെത്തുന്ന അവർ സെക്ക് ആക്‌ലണ്ടിനോടും അദ്ദേഹത്തിന്റെ ലൈഫ്ബോട്ട് ക്രൂവിനോടും ഒപ്പം തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും ഉല്ലസിച്ചു.

ഒരു നാൾ ബീച്ചിലെ പാറക്കെട്ടിന് മുകളിൽ തിരമാലകളെയും നോക്കി ഇരിക്കവെ മോളി പറഞ്ഞു. “യുദ്ധം എല്ലാം അവസാനിച്ചത് പോലെ തോന്നും ഇവിടെ വരുമ്പോൾ...”

, എവിടെ അവസാനിക്കാൻ... വിഡ്ഢിത്തം പറയാതിരിക്കൂ...” ഹാരി കടലിലേക്ക് നോക്കി. ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങി. “അതാ, വന്നല്ലോ... വെടിയൊച്ച...”

യൂ ഡെവിൾ...” അവൾ അദ്ദേഹത്തെ പാറക്കെട്ടിന് മുകളിൽ നിന്നും തള്ളി താഴേക്കിട്ടു. എന്നിട്ട് ഒരു കൊച്ചു കുട്ടിയെപ്പോലെ ഇറങ്ങി ഓടി. വീണിടത്ത് നിന്ന് എഴുന്നേറ്റ ഹാരി അവളെ പിടിക്കാനായി പിന്നാലെ ഓടി.

എന്നാൽ അത്തരം കളിതമാശകൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല. ലണ്ടനിലേക്ക് മടങ്ങുന്ന ഏതാനും ഏജന്റുമാരുമായി ക്രോയ്ഡണിൽ ലാന്റ് ചെയ്ത അദ്ദേഹത്തെയും കാത്ത് ഒരു സന്ദേശം കിടക്കുന്നുണ്ടായിരുന്നു. ബേക്കർ സ്ട്രീറ്റിലെ SOE ഹെഡ്ക്വാർട്ടേഴ്സിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഹാരിയെയും ആ രണ്ട് ഏജന്റുമാരെയും കൊണ്ടുപോകാനായി ഒരു സ്റ്റാഫ് കാർ അവിടെ കാത്തു കിടക്കുന്നുണ്ടായിരുന്നു.

ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയ ഉടൻ തന്നെ ചെറുപ്പക്കാരനായ ഒരു  ക്യാപ്റ്റൻ എത്തി ആ ഏജന്റുമാരെ കൂട്ടിക്കൊണ്ടുപോയി. സ്റ്റെയർകെയ്സ് വഴി മുകളിലെത്തിയ ഹാരി കണ്ടത് തന്നെ സ്വീകരിക്കുവാനായി നടന്നടുക്കുന്ന ജാക്ക് കാർട്ടറെയാണ്.

അദ്ദേഹം മാപ്പ് റൂമിലുണ്ട് ഹാരീ...”

വലുതെന്തെങ്കിലുമാണോ അതോ വേറെ വല്ലതും...?”

വേറെ വല്ലതും...? അത് അദ്ദേഹം തന്നെ പറയട്ടെ...” കാർട്ടർ പറഞ്ഞു.

ഇംഗ്ലിഷ് ചാനലിന്റെ ഫ്രഞ്ച് തീരത്തെ കോൺവാൾ പ്രദേശത്തിന്റെ ഒരു ലാർജ്ജ്  സ്കെയിൽ മാപ്പ് മേശപ്പുറത്ത് നിവർത്തിയിട്ടിണ്ട്. ഒരു റൂളറുമായി ഏതോ ഒരു പ്രദേശത്തിന്റെ അളവ് എടുക്കുകയാണ് ബ്രിഗേഡിയർ മൺറോ.

എന്താണ് സംഭവം...?” ഹാരി ചോദിച്ചു.

ഫ്രഞ്ച് തീരത്ത് നിന്നും ഇരുപത് മൈൽ ഉള്ളിൽ മൊർലെയ്ക്സ് എന്ന സ്ഥലം... കോൾഡ് ഹാർബറിൽ നിന്നും നേർരേഖയിൽ... റൂട്ട് ഗ്രാന്റ് തയ്യാറാക്കിയിട്ടുണ്ട്... ലൈസാൻഡറിൽ നാല്പത്തിയഞ്ച് അല്ലെങ്കിൽ ഏറിയാൽ ഒരു മണിക്കൂർ എന്നാണ് അദ്ദേഹം പറഞ്ഞത്... യോജിക്കുന്നുവോ...?”

ഹാരി മാപ്പിലേക്ക് ഒന്ന് ഓടിച്ചു നോക്കി. “കാലാവസ്ഥ പോലെയിരിക്കും... വേറെ തർക്കമൊന്നുമില്ല...”

ഇന്ന് പാതിരാത്രിയിൽ വളരെ പ്രധാനപ്പെട്ട ഒരു ഏജന്റിനെ അവിടെ ഡ്രോപ്പ് ചെയ്യാനുണ്ട്... ഒരു ഇൻ ആന്റ് ഔട്ട് ജോബ്... തിരികെ ആരെയും കൊണ്ടുവരാനില്ല... അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്ന ഒരു ദൗത്യമാണ്... ഒരു ഫ്രഞ്ചുകാരനാണ്... പേര് ജക്കോദ്... ആ പ്രദേശത്തിന്റെ മുഴുവനും പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് അയാളാണ്... അവിടെ പല കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നു... ഈ സമയത്ത് അയാളവിടെ ഉണ്ടാകണം...”

അതിനിപ്പോൾ പ്രശ്നമെന്താണ്...?”

ഗ്രാന്റ് ആയിരുന്നു അയാളെയും കൊണ്ട് പറക്കേണ്ടിയിരുന്നത്... എല്ലാ ഒരുക്കങ്ങളും പൂർത്തിയായതുമാണ്... പക്ഷേ, എന്തു പറയാൻ... മോട്ടോർ സൈക്കിളിൽ നിന്ന് വീണ് ഇടതു കൈ ഒടിഞ്ഞു...”

അപ്പോൾ ആ ദൗത്യം ഞാൻ ഏറ്റെടുക്കണമെന്ന്...”

ഹാരീ... ഇത്രയും ഷോർട്ട് നോട്ടീസിൽ അവിടം വരെ പോകണമെങ്കിൽ നിങ്ങളുടെയത്രയും കഴിവുള്ള ഒരാൾക്കേ സാധിക്കൂ...”

സോപ്പിന്റെയൊന്നും ആവശ്യമില്ല... എപ്പോഴാണ് ഞാൻ പുറപ്പെടേണ്ടതെന്ന് പറയൂ...”

രണ്ട് മണിക്കൂറിനുള്ളിൽ... ജക്കോദിനൊപ്പം ജാക്കും ഞാനും കൂടി ഉണ്ടാവും...” മൺറോ പറഞ്ഞു.

എന്ന് വച്ചാൽ ഫ്ലാറ്റിൽ പോയി ഒന്ന് കുളിച്ച് വേഷം മാറാനുള്ള സമയം ഉണ്ടെന്നർത്ഥം...”

തീർച്ചയായും... അങ്ങോട്ട് പോകാൻ ഞാനൊരു സ്റ്റാഫ് കാർ അയയ്ക്കാം...”

എങ്കിൽ ശരി, പിന്നെ കാണാം...” ഹാരി പുറത്തേക്കിറങ്ങി.

കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്കിറങ്ങുന്ന സമയത്താണ് മോളി എത്തിയത്.

വണ്ടർഫുൾ... തിരിച്ചെത്തിയല്ലേ...?” മോളിയ്ക്ക് സന്തോഷം അടക്കാനായില്ല.

എത്തി... പക്ഷേ, അടുത്ത മിഷന് പോകുകയാണ് ഞാൻ... നീ അറിഞ്ഞോ ഗ്രാന്റ് ഒരു കൈ ഒടിച്ചത്...?”

ഇല്ല...”

അയാളായിരുന്നു ഇന്ന് രാത്രി കോൾഡ് ഹാർബറിലുള്ള ഒരു ഏജന്റിനെ ഫ്രാൻസിൽ ഡ്രോപ്പ് ചെയ്യേണ്ടിയിരുന്നത്... അയാൾക്ക് പോകാൻ പറ്റാത്തത് കൊണ്ട് മൺറോ അത് എന്ന് ഏൽപ്പിച്ചു...”

ഹാരീ...” ഉത്ക്കണ്ഠയോടെ അവൾ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു.

നീ പേടിക്കണ്ട... ഇൻ ആന്റ് ഔട്ട്... ഡ്രോപ്പ് ചെയ്യുക, തിരിച്ചു വരിക... ആരെയും പിക്ക് ചെയ്യണ്ട... നീ വിചാരിക്കുന്നതിന് മുമ്പ് ഞാൻ തിരിച്ചെത്തിയിരിക്കും... ട്രസ്റ്റ് മീ...” അദ്ദേഹം അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. “പോകാൻ നേരമായി... വന്നിട്ട് കാണാം...”

ജംപ് ബാഗിനുള്ളിൽ ടർക്വിനെ എടുത്തു വച്ച് ഹോൾഡോളും എടുത്ത് അദ്ദേഹം പുറത്തേക്ക് നടന്നു. നടന്നകലുന്ന ഹാരിയെയും നോക്കി അവൾ വാതിൽക്കൽ നിന്നു. എന്തുകൊണ്ടോ അവളുടെയുള്ളിൽ ഭീതി നിറഞ്ഞിരുന്നു അപ്പോൾ.

                                                           ***

തന്റെ ഓഫീസ് റൂമിൽ വല്ലാതെ അസ്വസ്ഥനായിരുന്നു ബുബി ഹാർട്മാൻ. ബ്രാണ്ടി ഗ്ലാസ് എടുത്ത് ഒന്ന് നുകർന്നിട്ട് ചുമരും ചാരി നിൽക്കുന്ന ട്രൂഡിയെ നോക്കി. “ഇത് ഭ്രാന്താണ് ട്രൂഡീ... അബ്സൊല്യൂട്ട് മാഡ്നെസ്സ്... ലിസ്ബൻ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗം മുഖേനയോ ഒരു കൊലയാളിയെ ഇംഗ്ലണ്ടിലേക്ക് കടത്തി വിടണമത്രെ...”

വെൽ... നിങ്ങളുടെ വിഷമം ഒന്നും പുറത്ത് കാണിക്കാതിരിക്കൂ...” ട്രൂഡി പറഞ്ഞു. “അദ്ദേഹം പറഞ്ഞ കാര്യത്തോട് പൂർണ്ണ യോജിപ്പാണ് എന്ന മട്ടിൽ പെരുമാറുക... അതിനു വേണ്ടിയുള്ള കഠിനപ്രയത്നത്തിലാണ് എന്ന് പറയുക... അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറുന്നത് വരെ എങ്ങനെയെങ്കിലും ഇത് തള്ളിക്കൊണ്ടു പോകുക...”

ഓൾറൈറ്റ്...  നീ പറഞ്ഞ പോലെ ഞാനൊരു നല്ല കുട്ടിയായി ഇരിക്കാൻ ശ്രമിക്കാം...” അദ്ദേഹം ഗ്ലാസിലേക്ക് അല്പം കൂടി ബ്രാണ്ടി പകർന്നു. “പക്ഷേ, ഒരു ഘാതകനെ ഇംഗ്ലണ്ടിലേക്ക് കടത്തി വിടുക എന്നൊക്കെ പറഞ്ഞാൽ..?. എന്താണ് അവർ വിചാരിച്ചിരിക്കുന്നത്...?”

വിഷമിക്കാതിരിക്കൂ... മൂന്ന് നാല് ദിവസം കഴിയുമ്പോഴേക്കും അവർ അതൊക്കെ മറന്നു കൊള്ളും... ഞാൻ കുറച്ച് കോഫി ഉണ്ടാക്കാം... ബ്രാണ്ടിയുടെ കൂടെ കഴിക്കാം നിങ്ങൾക്ക്...” അവൾ തന്റെ ഓഫീസിലേക്ക് നടന്നു.

എന്നാൽ അവർ ഇരുവരുടെയും ധാരണ തെറ്റായിരുന്നു. ഒരു സംഭവ പരമ്പര തന്നെയായിരുന്നു അവരെ കാത്തിരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമായിരുന്നു അതിന്റെ ഭവിഷ്യത്തുകൾ അവരെല്ലാവരുടെയും ജീവിതത്തെ ബാധിച്ചത്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...