ഇടക്കാലം
1941 – 1943
ഹാരിയെ സംബന്ധിച്ചിടത്തോളം തികച്ചും
വ്യത്യസ്തമായ ഒരു പോരാട്ടമായിരുന്നു
ആഫ്രിക്കൻ യുദ്ധഭൂമിയിലേത്. മരുഭൂമിയിലെ അസഹനീയമായ ചൂടും മണൽക്കാറ്റും ഇതിന്
മുമ്പൊരിക്കലും അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. റോമലിന്റെ നേതൃത്വത്തിൽ ജർമ്മനി നയിക്കുന്ന ആഫ്രിക്കൻ
കോർപ്സ് വളരെയേറെ മുന്നേറിക്കഴിഞ്ഞിരുന്നു. റോമലിന്റെ വ്യക്തിപ്രഭാവം അങ്ങേയറ്റം ശക്തമായിരുന്നുവെന്ന്
വേണം പറയാൻ. ഏറ്റവും
പ്രഗത്ഭനായ ജനറൽ ആരെന്നറിയാൻ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം വായനക്കാർക്കിടയിൽ
നടത്തിയ അഭിപ്രായ സർവേയിൽ ജനങ്ങൾ തെരഞ്ഞെടുത്തത് റോമലിനെയായിരുന്നു.
ബ്രിട്ടീഷ് വാർ ഓഫീസ് അത് അത്ര
കാര്യമായെടുത്തില്ലെങ്കിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ യുദ്ധകാര്യങ്ങൾക്ക് നേതൃത്വം
നൽകുവാനായി ജനറൽ മോണ്ട്ഗോമറിയെ ചുമതലപ്പെടുത്തി. ബ്രിട്ടന്റെ മാത്രമല്ല, ഫ്രാൻസ്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ ട്രൂപ്പുകളുടെ കൂടി
ചുമതല അദ്ദേഹത്തിനായിരുന്നു. വളരെ പെട്ടെന്ന് തന്നെ എല്ലാം കൈപ്പിടിയിലാക്കിയ
മോണ്ട്ഗോമറി, റോമലിനെപ്പോലെ
തന്നെ പ്രസിദ്ധനായിത്തീർന്നു.
നോർത്ത് ആഫ്രിക്കയിലെ യുദ്ധം
വിചാരിച്ചയത്ര എളുപ്പമായിരുന്നില്ല. പതിവ് പോലെ ഹരിക്കേൻ വിമാനങ്ങൾ പറത്തിയിരുന്ന ഹാരി
ജർമ്മനിയുടെയും ഇറ്റലിയുടെയും ആയി പതിനാറ് യുദ്ധവിമാനങ്ങൾ കൂടി വെടിവെച്ചിട്ടു.
1942 സെപ്റ്റംബറിൽ അദ്ദേഹത്തിന് തന്റെ
മൂന്നാമത്തെ DFC അവാർഡും ബിർ ഹാഷിമിലെ ഫ്രഞ്ച് ഔട്ട്പോസ്റ്റുകളെ സപ്പോർട്ട്
ചെയ്തതിന് ഫ്രഞ്ച് ഗവണ്മന്റിന്റെ ബഹുമതിയായ French
Croix de Guerre ഉം ലഭിച്ചു.
നോർത്ത് ആഫ്രിക്കയിലെ യുദ്ധത്തിൽ ഒരു
വഴിത്തിരിവായ എൽ അലമിൻ ആക്രമണം അതിന്
ശേഷമായിരുന്നു നടന്നത്.
അതേ യുദ്ധമേഖലയിൽ തന്നെ ജർമ്മനിയുടെ 109
S യുദ്ധവിമാനങ്ങളുമായി മാക്സും
ഉണ്ടായിരുന്നു. സഖ്യകക്ഷികളുടെ ഒരു ഡസൻ വിമാനങ്ങൾ വെടിവെച്ചിട്ടുകൊണ്ട്
മാക്സ് തന്റെ സ്കോർ നിലയും ഉയർത്തി. പക്ഷേ, പണ്ടത്തെ പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.
ഇംഗ്ലീഷ് ചാനലിന് മുകളിൽ പോരാട്ടം നടത്തി
തഴക്കം വന്ന പൈലറ്റുമാരായിരുന്നു മറുപക്ഷത്തെ മിക്ക ഹരിക്കേനുകളിലും
സ്പിറ്റ്ഫയറുകളിലും.
1941 ജൂണിൽ ഓപ്പറേഷൻ ബർബറോസ എന്ന പേരിൽ ജർമ്മൻ ആർമി റഷ്യയുടെ മേൽ
ആക്രമണം അഴിച്ചു വിട്ടു. എയർഫീൽഡുകളിൽ നിർത്തിയിട്ടിരുന്ന റഷ്യൻ എയർഫോഴ്സിന്റെ പകുതിയിലേറെ
യുദ്ധവിമാനങ്ങളും ലുഫ്ത്‌വാഫിന്റെ ആക്രമണത്തിൽ ആദ്യ ദിനം തന്നെ നാമാവശേഷമായി.
റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഫ്രിക്കൻ
യുദ്ധത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. മാക്സിനും കൂട്ടുകാർക്കും തികച്ചും വിരസത നിറഞ്ഞ
നാളുകളായിരുന്നു അത്. ജപ്പാന്റെ പേൾ ഹാർബർ ആക്രമണത്തോടെ അമേരിക്കയും
യുദ്ധത്തിലേക്ക് പ്രവേശിക്കാൻ നിർബന്ധിതരായി. ഇതിന്റെയൊക്കെ പരിണിത ഫലമായി ആഫ്രിക്കൻ യുദ്ധം ആർക്കും അത്ര
താല്പര്യമില്ലാതെ ഇഴഞ്ഞ് നീങ്ങുവാൻ തുടങ്ങി എന്നതായിരുന്നു വാസ്തവം.
അങ്ങനെയിരിക്കെയാണ് എൽ അലമിൻ
ആക്രമണത്തിന് ഒരു വാരം മുന്നെ 1942 സെപ്റ്റംബറിൽ മാക്സിന്റെ ദിനം വന്നെത്തിയത്.
***
സഹാറയുടെ തെക്ക് ഗിലാ മരുപ്പച്ചയ്ക്ക്
സമീപമുള്ള ഇന്ധന സംഭരണികൾക്ക് മേൽ ബോംബ് വർഷിക്കുക എന്നതായിരുന്നു മാക്സിന്റെ
അന്നത്തെ ദൗത്യം. ചെറുപ്പക്കാരനായ വിങ്ങ്മാൻ ഗോർട്സ് ആണ് ഒപ്പം.
തെളിഞ്ഞ മാനത്ത് ഒന്നിനെക്കുറിച്ചും
തലപുകയേണ്ട ആവശ്യമേയുണ്ടായിരുന്നില്ല. എന്നാൽ ഒരു ചെറിയ അശ്രദ്ധ...
അതിന്റെ വില വളരെ വലുതായിരുന്നു.
സൂര്യരശ്മികൾക്കിടയിൽ നിന്നും പൊടുന്നനെ
പ്രത്യക്ഷപ്പെട്ട മൂന്ന് ഹരിക്കേനുകളെ നേരിടുന്നതിൽ വന്ന സെക്കന്റുകളുടെ കാലതാമസം...
അമ്പരന്ന് അലറുന്നതിനിടയിൽ പീരങ്കിയിൽ
നിന്നുള്ള വെടിയേറ്റ് ഗോർട്സ് കൊല്ലപ്പെട്ടു.
മനഃസാന്നിദ്ധ്യം വീണ്ടെടുത്ത മാക്സ്
പെട്ടെന്ന് തന്നെ വിമാനത്തിന്റെ ഗതി മാറ്റിയെങ്കിലും വൈകിപ്പോയിരുന്നു.
ഹരിക്കേനുകളിലൊന്നിന്റെ ഹിസ്പാനോ പീരങ്കിയിൽ നിന്നുമുള്ള വെടിയുണ്ട
അദ്ദേഹത്തിന്റെ 109 S ന്റെ പാർശ്വത്തിലാണ് തുളഞ്ഞ് കയറിയത്.
ഒന്ന് കരണം മറിഞ്ഞ വിമാനം ഡൈവ് ചെയ്ത്
മുകളിലേക്ക് കയറി ഒരു ലൂപ്പ് എടുത്ത് ശത്രുവിന് നേർക്ക് വെടിയുതിർത്തു.
പക്ഷേ, ഗുണമുണ്ടായില്ല... ശത്രുവിമാനത്തിൽ നിന്നുമുള്ള അടുത്ത വെടിയുണ്ടയും അതിനോടകം
ഏറ്റു കഴിഞ്ഞിരുന്നു.
എൻജിന്റെ പവർ നഷ്ടമായത് മാക്സ്
തിരിച്ചറിഞ്ഞു. ആൾടിറ്റ്യൂഡ് കുറഞ്ഞു കൊണ്ടിരിക്കുന്നു.
എൻജിനിൽ നിന്നും പുക വമിച്ച്
തുടങ്ങിയിരിക്കുന്നു. പീരങ്കിയുടെ ഷെൽ വർഷത്തിൽ പെട്ട് വിമാനം ഉലയുകയാണ്.
ഇനി മറ്റൊന്നും ചെയ്യാനില്ല.
10,000 അടി ഉയരത്തിൽ വച്ച് അദ്ദേഹം കോക്ക്പിറ്റിന്റെ
കാനോപ്പി മുകളിലേക്കുയർത്തി. തന്റെ സർവൈവൽ ബാഗുമായി അദ്ദേഹം ഇജക്റ്റ് ചെയ്തു.
5000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് പാരച്യൂട്ട് വിടർന്നത്.
അനന്തമായി പരന്ന് കിടക്കുന്ന സഹാറാ
മരുഭൂമിയാണ് താഴെ. ചാടുന്നതിന് മുമ്പ് റേഡിയോയിലൂടെ ഒരു സന്ദേശം അയക്കുവാൻ
പോലും അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല.
3000 അടി ഉയരത്തിൽ എത്തിയപ്പോൾ രണ്ട്
ഹരിക്കേനുകൾ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അദ്ദേഹത്തിനരികിലൂടെ കടന്നു പോയി.
അതിലൊന്നിന്റെ പൈലറ്റ് ഹാരി ആയിരുന്നു.
പരസ്പരം അറിയാതെ ഏതാനും അടി ദൂരത്തിൽ
വച്ച് ആ സഹോദരങ്ങൾ
വഴി പിരിഞ്ഞത് തികച്ചും യാദൃച്ഛികം...
മാക്സിന്റെ സർവൈവൽ ബാഗിൽ അത്യാവശ്യം
വേണ്ടുന്ന ഏതാനും വസ്തുക്കൾ ഉണ്ടായിരുന്നു. ഒരു ചെറിയ കാർട്ടൺ വെള്ളം, ഒരു ഫസ്റ്റ് എയ്ഡ് പായ്ക്ക്, ഒരു കോമ്പസ്, ഏതാനും ടൂൾസ്, ഒരു മോസർ പിസ്റ്റൾ, ഷ്മീസർ എന്നറിയപ്പെടുന്ന MP40
മെഷീൻ പിസ്റ്റൾ എന്നിവ...
നിലത്ത് എത്തിയതും അൽപ്പം വെള്ളം
കുടിച്ചിട്ട് കോമ്പസിൽ നോക്കി ദിശ ഉറപ്പ് വരുത്തി മാക്സ് നടക്കുവാനാരംഭിച്ചു.
ഒട്ടും സുഖകരമായിരുന്നില്ല കാര്യങ്ങൾ.
ഉച്ചവെയിൽ ചാഞ്ഞ് സായാഹ്നത്തിലേക്ക്
പ്രവേശിച്ചിരുന്നുവെങ്കിലും അത്യുഷ്ണത്തിന് ഒട്ടും ശമനമുണ്ടായിരുന്നില്ല.
നടപ്പ് തുടരവെ അസ്തമയം കഴിഞ്ഞ് ഇരുട്ട്
പരന്നു. അൽപ്പസമയം
കഴിഞ്ഞതോടെ പൂർണ്ണ ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. അതിനാൽത്തന്നെ വെളിച്ചക്കുറവിന്റെ പ്രശ്നം ഉദിച്ചതേയില്ല.
പകരം അദ്ദേഹത്തെ അലട്ടിയത്
മറ്റൊന്നായിരുന്നു... തണുപ്പ്... അസഹനീയമായ തണുപ്പ്...
അധികം അകലെയല്ലാതെ മണികിലുക്കം കേട്ട്
മാക്സ് നടത്തം നിർത്തി. ഒരു വരിയായി
തനിക്ക് നേരെ നടന്നടുത്തു കൊണ്ടിരിക്കുന്ന ഒരു ഒട്ടകക്കൂട്ടത്തെയാണ് അദ്ദേഹം
കണ്ടത്. മൂന്ന്
ഒട്ടകങ്ങളുടെ പുറത്ത് നിറയെ സാധനങ്ങൾ കയറ്റിയിരിക്കുന്നു. മറ്റ് മൂന്നെണ്ണത്തിന്റെ പുറത്ത് ആളുകളും.
മരുഭൂമിയിൽ വസിക്കുന്ന ബദുക്കൾ ആണ്
അവരെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാം. മാക്സിനെ കണ്ടതും ആ സംഘത്തിന്റെ നേതാവ് കൈ ഉയർത്തി ഒട്ടകക്കൂട്ടത്തെ
നിർത്തി. എന്നിട്ട്
മാക്സിന് നേർക്ക് തന്റെ ഒട്ടകവുമായി നീങ്ങി. മാക്സ് തന്റെ ബാഗിൽ നിന്നും ഷ്മീസർ എടുത്ത് കോക്ക് ചെയ്തു. അദ്ദേഹത്തിന്
അറബി പരിജ്ഞാനം തീരെ ഇല്ലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
“ഹേയ്, എഫൻഡി... ഏത് പക്ഷത്താണ് നിങ്ങൾ...?”
അയാൾ മാക്സിനോട് അറബി ഭാഷയിൽ ആരാഞ്ഞു.
“ഇഷ് ബിൻ ഡോയ്ഷ്...” മാക്സ് ജർമ്മൻ ഭാഷയിൽ പറഞ്ഞു.
“നോ ഗുഡ്...” ആ ബദു തന്റെ മുറി ഇംഗ്ലീഷ് പരീക്ഷിക്കാൻ തീരുമാനിച്ചു.
“യൂ അണ്ടർസ്റ്റാൻഡ് ഇംഗ്ലീഷ്, എഫൻഡി...?”
“ഷുവർ, ഐ ഡൂ...!”
“ആരാണ് നിങ്ങൾ...?”
“പൈലറ്റ്... എന്റെ വിമാനം വെടിവെച്ച് വീഴ്ത്തപ്പെട്ടു...
എന്നെ ജർമ്മൻ ലൈനിനരികിൽ
എത്തിക്കുകയാണെങ്കിൽ വലിയ പാരിതോഷികമായിരിക്കും നിങ്ങൾക്ക് ലഭിക്കുവാൻ പോകുന്നത്...”
അയാളുടെ സംഘത്തിലെ ഒരുവൻ അറബിയിൽ എന്തോ
ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് കേട്ട നേതാവ് തിരികെ ഉച്ചത്തിൽ ശകാരിച്ചു.
“എന്താണയാൾ പറയുന്നത്...?”
മാക്സ് ആരാഞ്ഞു.
“നിങ്ങളെ കൊല്ലുവാനാണ് അയാൾ പറയുന്നത് എഫൻഡി...”
“ജർമ്മൻകാരെ നിങ്ങൾക്ക് ഇഷ്ടമല്ലേ...?”
അയാൾ ചുമൽ വെട്ടിച്ചു.
“ഞങ്ങൾ ആരുടെ പക്ഷത്തും അല്ല...
നിങ്ങളെല്ലാവരും ഇവിടെ അതിക്രമിച്ച്
വന്നവരാണ്... നിങ്ങൾ
ജർമ്മൻകാർ, ബ്രിട്ടീഷുകാർ,
ഫ്രഞ്ചുകാർ...
എല്ലാവരും കൂടി ഞങ്ങളുടെ മണ്ണിൽ വന്ന്
യുദ്ധം ചെയ്യുന്നു... നിങ്ങളെല്ലാം ഇവിടെ നിന്നും പുറത്ത് പോയി കാണാനാണ് ഞങ്ങൾ
ആഗ്രഹിക്കുന്നത്...”
“സമയമാകുമ്പോൾ ഞങ്ങൾ പോകും...
എന്തായാലും നിങ്ങളുടെ കൂട്ടുകാരന് ഞാനൊരു
മറുപടി കൊടുക്കട്ടെ...” മാക്സ് തന്റെ ഷ്മീസർ ഉയർത്തി അയാൾക്ക് രണ്ടോ മൂന്നോ അടി
ദൂരെ മണലിലേക്ക് നിറയൊഴിച്ചു. മണൽ ഉയർന്ന് തെറിച്ചു.
“തോക്ക് കൊള്ളാമല്ലോ എഫൻഡി...”
“നിങ്ങളുടെ പേരെന്താണ്...?”
“റഷീദ്...”
“ഇതിലും നല്ല വസ്തുക്കൾ എന്റെ കൈവശമുണ്ട്...”
മാക്സ് തന്റെ സർവൈവൽ ബാഗ് തുറന്ന് ഒരു
തുകൽ സഞ്ചി പുറത്തെടുത്ത് അയാൾക്ക് ഇട്ടു കൊടുത്തു. “ഇരുപത്തിയഞ്ച് ഇംഗ്ലീഷ് സ്വർണ്ണ നാണയങ്ങൾ...
ഒരു വർഷം ജോലിയെടുത്താൽപ്പോലും ഇത്
സമ്പാദിക്കാൻ നിങ്ങളെക്കൊണ്ടാവില്ല...”
“ശരിയാണ്...” അത് നോക്കിക്കൊണ്ട് റഷീദ് പറഞ്ഞു.
മാക്സ് മറ്റൊരു സഞ്ചി കൂടി പുറത്തെടുത്തു.
“ഇരുപത്തിയഞ്ച് നാണയങ്ങൾ കൂടി...
എന്നെ ജർമ്മൻ ലൈനിനെയോ അല്ലെങ്കിൽ ജർമ്മൻ
പട്രോൾ ട്രൂപ്പിനെയോ ഏൽപ്പിച്ചാൽ ഇതും കൂടി നിങ്ങൾക്കുള്ളതാണ്...”
റഷീദ് പുഞ്ചിരിച്ചു.
“അത് ഏർപ്പാടാക്കാവുന്നതേയുള്ളൂ...
ആദ്യം ഒരു ഒട്ടകത്തിന്റെ പുറത്തുള്ള
സാധനങ്ങൾ മറ്റ് രണ്ടെണ്ണത്തിന്റെയും പുറത്തേക്ക് മാറ്റണം...
നിങ്ങൾക്കും കയറേണ്ടതല്ലേ...
രണ്ട് മണിക്കൂർ യാത്ര ചെയ്ത് കഴിഞ്ഞാൽ
വിശ്രമം...”
“എന്നാൽ ശരി, പെട്ടെന്ന് ആയിക്കോട്ടെ...”
മാക്സ് പറഞ്ഞു.
പുലർച്ചെ രണ്ട് മണി ആയിരിക്കുന്നു.
ഉണങ്ങിയ ഒട്ടക ചാണകം കത്തിച്ചുണ്ടാക്കിയ
തീയുടെ ചൂട് കാഞ്ഞ് കിടക്കുകയാണ് മാക്സ്. നിഴലിന്റെ മറവ് പറ്റി ഒരു രൂപം തനിക്കരികിലേക്ക്
അടുക്കുന്നത് പെട്ടെന്നാണ് അദ്ദേഹം ശ്രദ്ധിച്ചത്. മാക്സ് തന്റെ ഷ്മീസർ കൈയ്യിലെടുത്തു.
ഒട്ടക സംഘത്തിൽ ഉണ്ടായിരുന്ന
ഒരുവനായിരുന്നു അത്. അയാൾക്ക് പിന്നിലായി മറ്റാരോ ഒരാൾ കൂടി പതുങ്ങി വരുന്നത്
മാക്സ് കണ്ടു. റഷീദ് ആയിരുന്നു അത്. മാക്സിനെ ആക്രമിക്കാനായി വന്നവന്റെ കഴുത്തിൽ കൈ ചുറ്റി വായ്
പൊത്തിപ്പിടിച്ച് കുത്തിയിട്ട് റഷീദ് കത്തി അയാളുടെ വസ്ത്രത്തിൽ തുടച്ചു.
ചെറിയൊരു ഞരക്കത്തോടെ അയാൾ താഴോട്ട്
കുഴഞ്ഞ് വീണു.
“ക്ഷമ ചോദിക്കുന്നു അഫൻഡി...
അയാൾ ഹക്കിം ഗോത്രത്തിൽ പെട്ടവനായിരുന്നു...
അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാനവന്
കൊടുത്തു... ബഹുമാനിക്കാൻ
അറിയാത്ത നായ്ക്കൾ...” റഷീദ് പറഞ്ഞു.
“എനിക്ക് തോന്നി...” മാക്സ് പറഞ്ഞു.
തീ ഒന്ന് ഇളക്കിക്കൊടുത്തിട്ട് റഷീദ്
ഇരുന്നു. പിന്നെ
ഈന്തപ്പഴവും ഒട്ടകപ്പാലും മാക്സിന് മുന്നിലേക്ക് നീക്കി വച്ചു.
വീണ് കിടക്കുന്ന ശവശരീരത്തെ അവഗണിച്ച്
മറ്റ് ബദുക്കളും അവർക്കൊപ്പം കൂടി.
“ആദരവ്... അതില്ലെങ്കിൽ പിന്നെ മനുഷ്യൻ മനുഷ്യനാവുന്നില്ല...”
ഈന്തപ്പഴം ചവച്ചു കൊണ്ട് റഷീദ് പറഞ്ഞു.
“അത്തരത്തിൽ ഉള്ളവനായിരുന്നു അവൻ...”
“നിങ്ങൾ പറഞ്ഞത് ശരിയാണ്...
നൂറ് ശതമാനവും ശരി...
ഇതാ ഒരു സിഗരറ്റ് എടുത്തോളൂ...
അല്ലെങ്കിൽ വേണ്ട,
ഈ പാക്കറ്റ് മുഴുവനും ഇരിക്കട്ടെ...”
മാക്സ് പറഞ്ഞു.
റഷീദും കൂട്ടുകാരും സിഗരറ്റ് എടുത്ത് തീ
കൊളുത്തി. ബാഗിൽ നിന്നും
ഒരു ഹാഫ് ബോട്ട്‌ൽ കോന്യാക്ക് എടുത്ത്
തുറന്ന് അല്പം അകത്താക്കി. “വേണമെങ്കിൽ തരാമായിരുന്നു...
പക്ഷേ, എന്റെയറിവിൽ നിങ്ങൾ അറബികൾ മദ്യം കഴിക്കില്ലല്ലോ...”
റഷീദ് ആ കുപ്പിക്കായി കൈ നീട്ടി.
“വല്ലാത്ത തണുപ്പാണ് രാത്രിയിൽ...
അള്ളാ ഞങ്ങളോട് ക്ഷമിച്ചു കൊള്ളും എഫൻഡി...”
ജർമ്മനിയുടെ പൻസെർ പട്രോൾ ട്രൂപ്പിന്
അടുത്തെത്തുമ്പോൾ രാവിലെ ആറ് മണിയോടടുത്തിരുന്നു. ചെറുപ്പക്കാരനായ ആ ലെഫ്റ്റ്നന്റ് ആഹ്ലാദം കൊണ്ട് വീർപ്പ്
മുട്ടി.
“താങ്കളുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ,
ഹെർ ഹോപ്റ്റ്മാൻ...
ഈ അറബി കീടങ്ങളെ എന്ത് ചെയ്യണം...
ഷൂട്ട് ചെയ്തേക്കട്ടെ...?”
“എങ്കിൽ നിങ്ങളെ ഞാനും ഷൂട്ട് ചെയ്യും...”
ചിരിച്ചുകൊണ്ട് മാക്സ് പറഞ്ഞു.
“പിന്നെ, ഹെർ ഹോപ്റ്റ്മാൻ അല്ല...
ഞാൻ ബാരൺ വോൺ ഹാൾഡർ...”
“ബ്ലാക്ക് ബാരൺ...? മൈ ഗോഡ്...!” ലെഫ്റ്റ്നന്റിന് അത്ഭുതം അടക്കാനായില്ല.
മാക്സ് തന്റെ രണ്ടാമത്തെ തുകൽ സഞ്ചിയും
ഷ്മീസറും തിരകളും കൈയ്യിലെടുത്തു. “എന്റെ വക നിങ്ങൾക്കുള്ള സമ്മാനം...”
അദ്ദേഹം റഷീദിനോട് പറഞ്ഞു.
“നിങ്ങൾക്ക് ഒരു ഡസൻ കുഞ്ഞുങ്ങളെ തന്ന് അള്ളാ
അനുഗ്രഹിക്കട്ടെ...” റഷീദ് നന്ദിപൂർവ്വം പറഞ്ഞു.
“അതിനുള്ള സാദ്ധ്യത കുറവാണ്...
എന്റെ ജീവിതത്തിൽ അതൊന്നും ഉണ്ടാകുമെന്ന്
തോന്നുന്നില്ല...”
“എങ്കിൽ പിന്നെ, സുഖകരമായ ഒരു മരണം ആശംസിക്കുന്നു സുഹൃത്തേ...”
റഷീദ് ഒട്ടകത്തിന്റെ പുറത്ത് ചാടിക്കയറി
മറ്റുള്ളവരോട് പുറപ്പെടുവാൻ ആംഗ്യം കാണിച്ചു. ബദുക്കളുടെ ആ സംഘം മുന്നോട്ട് നീങ്ങവെ ഒട്ടകങ്ങളുടെ
കഴുത്തിലെ കുടമണികൾ വീണ്ടും കിലുങ്ങുവാനാരംഭിച്ചു.