Monday, March 18, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 22


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മാക്സിന് Oak Leaves അവാർഡ് ലഭിച്ചതിന്റെ തൊട്ടടുത്ത നാൾ ഹാരി കെൽസോ ലണ്ടനിൽ എത്തി. പുകമഞ്ഞ് മൂടിക്കെട്ടിയ അന്തരീക്ഷമാണ് ജയിംസ് പാർക്കിൽ എങ്ങും. മേലധികാരിയുടെ നിർദ്ദേശ പ്രകാരം ബക്കിങ്ങ്‌ഹാം പാലസിലേക്കുള്ള ടാക്സിയിൽ കയറിയ അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി.

"ഹലോ ഓഫീസർ... മെഡൽ ദാന ചടങ്ങിനെത്തിയതാണോ...?” ടാക്സി ഡ്രൈവർ ആരാഞ്ഞു.  താങ്കൾക്ക് DFC ബഹുമതി ലഭിച്ചുവെന്ന് തോന്നുന്നു...?”

യെസ്... ആ മെഡലുകൾ ഇന്നാണ് വിതരണം ചെയ്യുന്നത്... ഇറ്റ്സ് ദാറ്റ് സോർട്ട് ഓഫ് ഡേ...” ഹാരി പറഞ്ഞു.

ജീസസ് ക്രൈസ്റ്റ്...! താങ്കൾ അമേരിക്കനാണല്ലേ...? RAF ൽ എന്ത് ചെയ്യുകയാണ് താങ്കൾ...?”

, ഇവിടെ ഇതുപോലെ ഞങ്ങൾ കുറച്ച് പേരുണ്ട്...” ഹാരി പറഞ്ഞു.

കവാടത്തിൽ നിന്നിരുന്ന പോലീസുകാരൻ അഭിവാദ്യം നൽകി അവരുടെ വാഹനം കൊട്ടാരത്തിന്റെ അങ്കണത്തിലേക്ക് കടത്തി വിട്ടു. ഹാരി തന്റെ പേഴ്സ് എടുത്ത് പണം എടുക്കുവാനായി തുനിഞ്ഞതും ഡ്രൈവർ തടഞ്ഞു. “തമാശ കാണിക്കുകയാണോ...? താങ്കളിൽ നിന്നും പണം വാങ്ങുകയോ...? താങ്കളൊന്നും ഇവിടെ സേവനമനുഷ്ഠിക്കേണ്ട ആളേയല്ല ഓഫീസർ...”

അതെയതെ...” കെൽസോ ചിരിച്ചു.

പ്രധാന കവാടം കടന്ന് പടവുകൾ കയറി ആൾക്കൂട്ടത്തിനൊപ്പം അദ്ദേഹം പിക്ച്ചർ ഗാലറിയുടെ നേർക്ക് നടന്നു. കൊട്ടാരത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അവരെ എല്ലാവരെയും ഹാളിലെ ഇരിപ്പിടങ്ങളിലേക്ക് കൊണ്ടുചെന്ന് ഇരുത്തി. വേദിക്ക് സമീപം നില കൊണ്ട മിലിട്ടറി ബാൻഡ് ഒരു ലളിതഗാനം വായിക്കുന്നുണ്ടായിരുന്നു. അല്പ സമയം കഴിഞ്ഞതും അവർ ‘God Save the  King’ എന്ന ഗാനം ആലപിക്കുവാനാരംഭിച്ചു. അടുത്ത നിമിഷം ജോർജ്ജ് രാജാവും എലിസബത്ത് രാജ്ഞിയും വേദിയിലെത്തി തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരായി.

ആരോഹണ ക്രമത്തിലാണ് പേരുകൾ വിളിക്കപ്പെട്ടത്. യുദ്ധത്തിന്റെ തിരക്കിൽ ആയിരുന്നതിനാൽ ആദ്യ തവണ ലഭിച്ച അവാർഡ് സ്വീകരിക്കുന്നതിന് എത്തിച്ചേരുവാൻ ഹാരി കെൽസോയ്ക്ക് സാധിച്ചിരുന്നില്ല. പരിഭ്രമം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ആദ്യത്തെ അനുഭവം ആയതു കൊണ്ട് നേരിയ ഒരു ആകാംക്ഷ ഉണ്ടായിരുന്നു അദ്ദേഹത്തിന്. അടുത്ത നിമിഷം അദ്ദേഹത്തിന്റെ പേര് വിളിക്കപ്പെട്ടു.

ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ഹാരി കെൽസോ, ഫിൻലണ്ട്...”

ഒരു സ്വപ്നത്തിലെന്ന പോലെ അദ്ദേഹം രാജാവിന്റെ മുന്നിലെത്തി. ജോർജ്ജ് രാജാവ് DFC മെഡൽ എടുത്ത് ഹാരിയുടെ യൂണിഫോമിൽ പിൻ ചെയ്തു കൊടുത്തു. “ഫിന്നിഷ് എയർഫോഴ്സിൽ നിന്നും RAF ൽ ചേർന്ന ബോസ്റ്റൺ സ്വദേശി... അല്ലേ ഫ്ലൈറ്റ് ലെഫ്റ്റ്നന്റ്...? വീ ആർ വെരി ഗ്രേറ്റ്ഫുൾ...” രാജാവ് പറഞ്ഞു.

മൈ പ്രിവിലേജ്, യുവർ മെജസ്റ്റി...”

അല്പ സമയം കഴിഞ്ഞ് അദ്ദേഹം അലക്ഷ്യമായി ആ ആൾക്കൂട്ടത്തിനിടയിലൂടെ തിരിച്ച് നടന്നു. പരിചിത മുഖങ്ങൾ ഒന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. പ്രധാന കവാടം കടന്ന് വെളിയിലെത്തിയതും ആരോ അദ്ദേഹത്തെ വിളിച്ചു.

ഹാരീ... ഇവിടെ...” അവിടെ വന്ന് നിന്ന RAF സ്റ്റാഫ് കാറിനുള്ളിൽ നിന്നും തല പുറത്തേക്കിട്ട് ടെഡ്ഡി വെസ്റ്റ് വിളിച്ചു.

ആഹാ... താങ്കൾ ഇപ്പോൾ എയർ കമ്മഡോർ ആണല്ലേ...?”  ഹാരി ചോദിച്ചു.

പെട്ടെന്നാണ് സ്ഥാനക്കയറ്റങ്ങൾ ഹാരീ... യുദ്ധവും ചടുലമായി മുന്നേറുകയല്ലേ... മെഡൽ സ്വീകരിക്കുവാനായി നിങ്ങൾ ഇവിടെയെത്തുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു... എന്റെ ആ പഴയ ഗ്യാരിക്ക് ക്ലബ്ബിലേക്ക് നിങ്ങളെ ഒന്ന് കൊണ്ടുപോകാമെന്ന് കരുതി... അത്ര മോശമല്ലാത്ത ലഞ്ച് അവിടെ തരപ്പെടും... വിഭവങ്ങൾ അധികമുണ്ടാവില്ലെങ്കിലും ഗുണനിലവാരമുണ്ടാകും...” വെസ്റ്റ് പറഞ്ഞു.

എനിക്ക് വിരോധമില്ല...”

എന്നാൽ ശരി, നമുക്കങ്ങോട്ട് നീങ്ങാം...”

ഗ്യാരിക്ക് ക്ലബ്ബിലെ ബാറിന്റെ കോർണറിൽ ഇരുന്ന് വിസ്കിയും സോഡയും നുണയുമ്പോഴാണ് യൂണിഫോം അണിഞ്ഞ ഡോഗൽ മൺറോയും ജാക്ക് കാർട്ടറും അങ്ങോട്ട് കയറി വരുന്നത്.

ഡോഗൽ...” വെസ്റ്റ് വിളിച്ചു. “ഇങ്ങോട്ട് വരൂ... നമുക്കിവിടെ കൂടാം...”

അവർ അരികിലെത്തിയതും വെസ്റ്റ് ചോദിച്ചു. “ഹാരീ... നിങ്ങൾ ഓർക്കുന്നില്ലേ, ബ്രിഗേഡിയർ മൺറോയെയും ക്യാപ്റ്റൻ കാർട്ടറെയും...? നിങ്ങളന്ന് ഡൗൺഫീൽഡിൽ വച്ച് ആ ME109 ന്റെ ഫ്ലൈയിങ്ങ് ടെസ്റ്റ് നടത്തിയപ്പോൾ ഇവരും അവിടെ സന്നിഹിതരായിരുന്നു...” പുഞ്ചിരിച്ചിട്ട് അദ്ദേഹം മൺറോയുടെ നേർക്ക് തിരിഞ്ഞു. “തന്റെ രണ്ടാമത്തെ DFC മെഡലും വാങ്ങി പാലസിൽ നിന്നും ഇപ്പോൾ പുറത്ത് വന്നതേയുള്ളു ഹാരി...”

ഗംഭീരം...” മൺറോ പറഞ്ഞു. “എന്നാൽ പിന്നെ ഇതിന്റെ പേരിൽ ഒരു ബോട്ട്‌ൽ ഷാംപെയ്ൻ...” അദ്ദേഹം ബാർമാനെ വിളിച്ചു.  "വേവ് ക്ലീക്കോ 31... സാധനം ഇല്ലാ എന്ന് പറഞ്ഞേക്കരുത്... എനിക്കറിയാം ഇവിടെയുണ്ടെന്ന്...” അദ്ദേഹം ഒരു സിഗരറ്റ് എടുത്ത് ഹാരിയുടെ നേർക്ക് നീട്ടി. “ഹാരീ, നിങ്ങൾ എനിക്കൊരു സഹായം ചെയ്യേണ്ടി വരും...”

എന്താണത് സർ...?”

, എന്നെ സർ എന്നൊന്നും വിളിക്കണ്ട... യുദ്ധം  തുടങ്ങുന്നതിന് മുമ്പ് ഞാനൊരു ആർക്കിയോളജി പ്രൊഫസർ ആയിരുന്നു... പിന്നെ അവരെന്നെ ഒരു ബ്രിഗേഡിയർ ആക്കി... നിങ്ങൾ അമേരിക്കക്കാരുടെ ഭാഷയിൽ പറഞ്ഞാൽ, സോ ദാറ്റ് ഐ ക്യാൻ കിക്ക് ആസ്സ്...”

ഹാരി പൊട്ടിച്ചിരിച്ചു. “അത് കലക്കി, ബ്രിഗേഡിയർ... ആട്ടെ, പറയൂ, എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?”

കഴിഞ്ഞ തവണത്തേത് പോലെ തന്നെ... പക്ഷേ, ഇത്തവണ ഒരു ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിലാണെന്ന് മാത്രം... അത് പറത്തി പരിചയമുണ്ടല്ലോ അല്ലേ...?”

തീർച്ചയായും... ഫിൻലണ്ടിൽ വച്ച് ഞങ്ങളത് ഉപയോഗിച്ചിരുന്നു... എങ്ങനെയാണ് ഈ വിമാനം താങ്കളുടെ പക്കൽ എത്തിയത്...?”

കോമ്പസ്സിന് എന്തോ തകരാറ്... ഹോളണ്ടിൽ നിന്നും രാത്രി പുറപ്പെട്ട ലുഫ്ത്‌വാഫ് വിമാനം ഫ്രാൻസിന് മുകളിൽ ആണെന്ന് കരുതി പൈലറ്റ് കെന്റിൽ ഇറക്കി... ആട്ടെ, നാളെ രാവിലെ പുറപ്പെടാൻ ബുദ്ധിമുട്ടുണ്ടോ... വീണ്ടും ഡൗൺഫീൽഡിലേക്ക് തന്നെയാണ്...”

മൈ പ്ലെഷർ...”

ഗുഡ്... പിന്നെ നിങ്ങൾക്ക് ഒരു ട്രീറ്റ് കൂടിയുണ്ട്... എന്റെ അനന്തിരവളും എന്നോടൊപ്പം വരുന്നുണ്ട്... മോളി... മോളി സോബെൽ... ഒരു വിധത്തിൽ അവളും അമേരിക്കക്കാരിയാണ്... അവളുടെ പിതാവ് വാർ ഡിപ്പാർട്ട്മെന്റിൽ കേണൽ ആയിരുന്നു... മാതാപിതാക്കൾ വേർപിരിഞ്ഞതോടെ 1935ൽ തന്റെ പതിനേഴാമത്തെ വയസ്സിൽ അമ്മയോടൊപ്പം അവൾ ഇങ്ങോട്ട് പോന്നു... ഇവിടെ മെഡിക്കൽ സ്കൂളിൽ ആയിരുന്നു പിന്നീടുള്ള പഠനം...”

എന്നിട്ട് പഠനം പൂർത്തിയാക്കിയോ...?”

, യെസ്... 1939... ബ്രില്ല്യന്റ് ഗേൾ... ക്രോംവെൽ ഹോസ്പിറ്റലിൽ സർജനാണ് അവൾ ഇപ്പോൾ... പിന്നെ വേദനാജനകമായ ഒരു കാര്യം... രണ്ട് മാസം മുമ്പുണ്ടായ ബോംബ് ആക്രമണത്തിൽ അവളുടെ മാതാവ് കൊല്ലപ്പെട്ടു...”

ഐ ആം സോറി...” ഹാരി കെൽസോ പറഞ്ഞു.

എന്ത് ചെയ്യാം...” ഡോഗൽ മൺറോ പറഞ്ഞു.

ആ നിമിഷമാണ് മോളി സോബെൽ ബാറിലേക്ക് പ്രവേശിച്ചത്. മെൻ ഓൺലി ബാർ ആയത് കൊണ്ട് ഒന്ന് പരുങ്ങി നിന്ന അവളെ കണ്ട മൺറോ അത് കാര്യമാക്കാതെ എഴുന്നേറ്റു.

മോളി, മൈ ലവ്... വരൂ, നമുക്ക് ഡൈനിങ്ങ് റൂമിലേക്ക് പോകാം...”

ഹാരിയേക്കാൾ മൂന്ന് മാസം മുന്നേ ഇരുപത്തി മൂന്ന് വയസ്സ് തികഞ്ഞ അവൾക്ക് ഏതാണ്ട് അഞ്ചടി നാലിഞ്ച് ഉയരം തോന്നിച്ചു. വെളുത്ത മുടിയും നീലക്കണ്ണുകളും ആർക്കും അത്ര പെട്ടെന്ന് പിടി കൊടുക്കാത്ത മുഖഭാവവും ഉള്ള ഒരു കൊച്ചു പെൺകുട്ടി. എല്ലാവരും പരസ്പരം പരിചയപ്പെട്ടതിന് ശേഷം ഷെപ്പേഡ്സ് പൈയും ഒരു ബോട്ട്‌ൽ വൈനും ഓർഡർ ചെയ്തു.

ഇത് ജർമ്മൻ വൈൻ ആണല്ലോ... അത്ഭുതകരമായിരിക്കുന്നു...” അവൾ അഭിപ്രായപ്പെട്ടു.

ജർമ്മൻ വൈൻ ആണെങ്കിലും നല്ലതാണെങ്കിൽ കഴിക്കുന്നതിൽ എന്താണ് തെറ്റ്...?” ഹാരി ചോദിച്ചു.

ഞാൻ വിചാരിച്ചത് നിങ്ങൾ RAF ൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കക്കാരനാണെന്നാണ്...” അവളും വിട്ടു കൊടുത്തില്ല.

ഷുവർ, ഐ ആം... ബോസ്റ്റൺ ആണെന്റെ സ്വദേശം... പക്ഷേ, എന്റെ മാതാവ് ഒരു ജർമ്മൻ‌കാരിയാണ്... അവരിപ്പോൾ ബെർലിനിലാണുള്ളത്... മാത്രമല്ല എനിക്ക് ഒരു ഇരട്ട സഹോദരനും കൂടിയുണ്ട്... ആന്റ് ഹീ ഈസ് എ ക്യാപ്റ്റൻ ഇൻ ദി ലുഫ്ത്‌വാഫ്...” സ്വാഭാവികമായും വാക്കുകൾ നഷ്ടമായി, അമ്പരന്ന് ഇരിക്കുന്ന മോളിയെ നോക്കി ഹാരി പുഞ്ചിരിച്ചു.

ബാരണും മോശമല്ല...” മൺറോ, ഹാരിയോട് പറഞ്ഞു. “രണ്ട് ദിവസം മുമ്പാണ് Knight’s Cross നോടൊപ്പം Oak Leaves ബഹുമതി ലഭിച്ചത്... പക്ഷേ, കുറച്ച് വൈകിപ്പോയി എന്നാണ് എനിക്ക് തോന്നുന്നത്... അറുപത് വിമാനങ്ങൾ... അതാണ് ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ സ്കോർ എന്നാണ് അറിയാൻ കഴിഞ്ഞത്...”

ഈ വിവരങ്ങളൊക്കെ എങ്ങനെ ലഭിക്കുന്നു താങ്കൾക്ക്...?”

, ഞാൻ കൈകാര്യം ചെയ്യുന്ന ഡിപ്പാർട്ട്മെന്റ് അത്തരത്തിലുള്ളതാണല്ലോ...” അദ്ദേഹം എഴുന്നേറ്റു. “എനിക്ക് പോയിട്ട് ചില കാര്യങ്ങൾ കൂടിയുണ്ട്... ആട്ടെ, രാത്രി തങ്ങാൻ ഇടം കിട്ടിയോ എവിടെയെങ്കിലും...?”

നിഷേധാർത്ഥത്തിൽ ഹാരി തലയാട്ടി.

ഹേസ്റ്റൺ പ്ലേസിൽ എനിക്ക് ഒരു ഫ്ലാറ്റുണ്ട്... എന്റെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും രണ്ട് മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ... ഹോസ്പിറ്റൽ ഡ്യൂട്ടി ഇല്ലാത്ത സമയത്ത് അവിടെയാണ് മോളി താമസിക്കുന്നത്... ധാരാളം സ്ഥലമുണ്ട്... വിരോധമില്ലെങ്കിൽ ഇന്ന് രാത്രി നിങ്ങൾക്ക് അവിടെ തങ്ങാം...” മൺറോ, മോളിയുടെ ചുമലിൽ പതുക്കെ തട്ടി. “ടേക്ക് കെയർ ഓഫ് ഹിം, മൈ ഡിയർ...” അദ്ദേഹം വെസ്റ്റിന് നേർക്ക് തിരിഞ്ഞു. “ടെഡ്ഡി... എന്റെയൊപ്പം പോരുന്നോ...?”

ഇല്ല... ഞാൻ കാർ കൊണ്ടു വന്നിട്ടുണ്ട്...”

ബ്രിഗേഡിയർ മൺറോയും ജാക്ക് കാർട്ടറും യാത്ര പറഞ്ഞിറങ്ങി. വെസ്റ്റ് ഒരു സിഗരറ്റിന് തീ കൊളുത്തി. “നോക്കൂ ഹാരീ... റോയൽ എയർഫോഴ്സിൽ ഇപ്പോൾ നിങ്ങൾ അമേരിക്കക്കാർ കുറച്ചധികം പേരുണ്ട്... അവരെയെല്ലാം കൊണ്ടുവന്ന് ഈഗ്‌ൾ സ്ക്വാഡ്രൺ എന്ന ഒരു പുതിയ വിങ്ങ് രൂപീകരിക്കാൻ പോകുകയാണ്... എല്ലാ അമേരിക്കക്കാരും ഒരുമിച്ച് ഒരിടത്ത്... നിങ്ങൾക്ക് ഒരു സ്ഥലം മാറ്റം പ്രതീക്ഷിക്കാം ഉടൻ തന്നെ...”

എനിക്ക് അതിനോട് അത്ര താല്പര്യമില്ല...” ഹാരി എഴുന്നേറ്റ് മോളിയുടെ നേർക്ക് തിരിഞ്ഞു. “നിങ്ങൾക്ക് തിരക്ക് കാണുമല്ലോ... അഡ്രസ്സ് തന്നാൽ ഞാൻ വൈകിട്ട് അവിടെ എത്തിക്കോളാം...”

നാല്പത്തിയെട്ട് മണിക്കൂർ ആയി ഇടവേളയില്ലാതെയുള്ള ഡ്യൂട്ടി ആയിരുന്നു എനിക്ക്... ഇന്ന് എന്റെ ഓഫ് ഡേ ആണ്... എന്ത് ചെയ്യാനാണ് നിങ്ങളുടെ പ്ലാൻ...? ലൈസിയത്തിൽ ഉച്ച കഴിഞ്ഞ് ഡാൻസ് സെഷൻ ഉണ്ട്...” മോളി പറഞ്ഞു.

നടപ്പ്...” ഹാരി അവളോട് പറഞ്ഞു. “നടക്കാൻ പോകുന്നതാണെനിക്കിഷ്ടം...” അദ്ദേഹം വെസ്റ്റിന് നേർക്ക് തിരിഞ്ഞു. “ഐ വിൽ സീ യൂ ഇൻ ദി മോണിങ്ങ് സർ...” അവളെയും കൂട്ടി വാതിലിന് നേർക്ക് നീങ്ങിയ അദ്ദേഹം പെട്ടെന്ന് തിരിഞ്ഞ് നിന്നു. “ഒരു ഉപകാരം ചെയ്യണം സർ... ആ ഈഗ്‌ൾ സ്ക്വാഡ്രൺ പ്രോജക്ടിൽ നിന്നും എന്നെയൊന്ന് ഒഴിവാക്കിത്തരണം പ്ലീസ്... RAF ൽ ആണ് ഞാൻ തുടങ്ങി വച്ചത്... ഒരു RAF കാരനായിത്തന്നെ മരിക്കണമെന്നാണ് എന്റെ ആഗ്രഹം...”

പക്ഷേ, ഹാരീ നിങ്ങൾ ജോലി തുടങ്ങിയത് ഫിന്നിഷ് എയർഫോഴ്സിലാണ്...”

അതിൽ വലിയ വ്യത്യാസമൊന്നുമില്ല...” മോളിയെയും കൂട്ടി ഹാരി പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...