ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ഹേസ്റ്റൻ പ്ലേസ് ബിൽഡിങ്ങിൽ ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ മാക്സിന് ഹാരിയുടെ ബെഡ്റൂം കണ്ടെത്താൻ കഴിഞ്ഞു. തന്റെ മിലിട്ടറി റെയിൻകോട്ട് ബെഡ്ഡിൽ ഇട്ടതിന് ശേഷം അദ്ദേഹം വാർഡ്റോബ് പരിശോധിച്ചു. ഒരു ജോഡി യൂണിഫോം വൃത്തിയായി അതിനുള്ളിൽ കൊളുത്തിയിട്ടുണ്ടായിരുന്നു. ഷർട്ടുകളും സോക്സും സ്പെയർ ഷൂസും എല്ലാം ഉണ്ട്.
വാതിലിൽ മുട്ടിയിട്ട് ജാക്ക് കാർട്ടർ റൂമിലേക്ക് പ്രവേശിച്ചു. “ബ്രിഗേഡിയർ ബേക്കർ സ്ട്രീറ്റിലേക്ക് പോയി... നിങ്ങളെ ഗൈസ് ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യാൻ അദ്ദേഹം എന്നോട് പറഞ്ഞു... നിങ്ങളുടെ മുഖത്തെ മുറിവ് മോളി ഒന്ന് നോക്കട്ടെ എന്നും... സത്യം പറയാമല്ലോ ഹാരീ, നിങ്ങളുടെ മുഖത്തിന്റെ അവസ്ഥ കണ്ട് അദ്ദേഹം ഭയന്നിരിക്കുകയാണ്... അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല... അതുപോലത്തെ പരിക്കല്ലേ പറ്റിയിരിക്കുന്നത്...”
“എപ്പോഴാണ് നാം പോകുന്നത്...?”
“ഇപ്പോൾത്തന്നെ... നാലരയ്ക്ക് മോളിയ്ക്ക് ഓപ്പറേഷൻ തീയേറ്ററിൽ ഡ്യൂട്ടിയുണ്ട്... അതു കഴിഞ്ഞിട്ട് അവൾ നേരെ റിവർ റൂമിൽ എത്തും...”
“ഫൈൻ... അപ്പോൾ ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തി വസ്ത്രം മാറാനുള്ള സമയം ലഭിക്കും...”
“പിന്നെന്താ, ധാരാളം...” കാർട്ടർ പറഞ്ഞു.
“എന്നാൽ ശരി, നമുക്കിറങ്ങാം...”
ഗൈസ് ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിൽ പതിവു പോലെ തന്നെ നല്ല തിരക്കുണ്ടായിരുന്നു. ജാക്ക് നേരെ റിസപ്ഷൻ ഡെസ്കിലേക്ക് നടന്നു. “ഡോക്ടർ സോബെലിനെ കാണാനായി കേണൽ കെൽസോ എത്തിയിരിക്കുന്നു... നേരത്തെ അപ്പോയ്ൻമെന്റ് എടുത്തിട്ടുള്ളതാണ്...”
“ദാറ്റ്സ് റൈറ്റ്, മേജർ...” റിസപ്ഷനിസ്റ്റ് ഫോൺ എടുത്തു. “കേണൽ കെൽസോ എത്തിയിട്ടുണ്ട്...” അവൾ റിസീവർ ക്രാഡിലിൽ വച്ചു. “എക്സ്റേ റൂമിലേക്കാണ് ഞാൻ വിളിച്ചത്... കൂട്ടിക്കൊണ്ടു പോകാൻ ഒരു മിനിറ്റിനുള്ളിൽ ആരെങ്കിലുമെത്തും...”
പറഞ്ഞത് പോലെ ഒരു മിനിറ്റ്...
വെളുത്ത കോട്ട് ധരിച്ച ഒരു ചെറുപ്പക്കാരൻ അവർക്ക് മുന്നിലെത്തി. ഒരു കണ്ണിന് കാര്യമായ എന്തോ പരിക്കേറ്റിട്ടുണ്ട്. കണ്ണിന് ചുറ്റുമുള്ള ഭാഗം മുഴുവൻ വീങ്ങിയിരിക്കുന്നു.
“കേണൽ കെൽസോ...? ഇവിടെ ആകെ അലങ്കോലമായി കിടക്കുകയാണ്... ഇതിലേ വരൂ സർ...” കാർട്ടറെ നോക്കി മനോഹരമായി അയാൾ പുഞ്ചിരിച്ചു. “വേണമെങ്കിൽ താങ്കൾക്കും വരാം...” അപ്പോഴാണ് അയാൾ മേജറുടെ കാൽ ശ്രദ്ധിച്ചത്. “എന്റെ ദൈവമേ... നമ്മൾ മൂന്നു പേരും ഒരേ അവസ്ഥയിലാണല്ലോ... ബൈ ദി വേ, എന്റെ പേര് വാക്കർ...”
“എവിടെ വച്ചാണ് നിങ്ങൾക്ക് പരിക്കേറ്റത്...?” മാക്സ് അയാളോട് ആരാഞ്ഞു.
“ബെർലിന് മുകളിൽ ഒരു ലങ്കാസ്റ്റർ വിമാനത്തിൽ വച്ച്... റിയർ ഗണ്ണർ ആയിരുന്നു ഞാൻ... എന്റെ രണ്ടാമത്തെ റെയ്ഡ് ആയിരുന്നു... ഒരു ഷെല്ലിന്റെ കഷണം മുഖത്ത് തറച്ചു കയറി... സത്യം പറയാമല്ലോ, ഭ്രാന്തു പിടിച്ചത് പോലെയായി എന്റെ അവസ്ഥ...”
“നമ്മൾ എല്ലാവരുടെയും അവസ്ഥ അതു തന്നെയല്ലേ...?” മാക്സ് ചോദിച്ചു.
വാക്കർ അദ്ദേഹത്തിന്റെ മെഡലുകളിലേക്ക് നോക്കി. “വിഷമം തോന്നില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ...? ഇത്രയും ഉയർന്ന റാങ്കിലുള്ള താങ്കളുടെ കാര്യത്തിൽ തീർച്ചയായും അതെ... ഈ റൂമിലേക്ക് സർ...” അയാൾ വാതിൽ തുറന്നു പിടിച്ചു.
ജാക്കിന്റെ നിർദ്ദേശപ്രകാരം മാക്സ് അവിടെയുള്ള ടേബിളിന് മുകളിൽ കയറി കിടന്നു. ആഹ്ലാദത്തോടെ ചൂളം കുത്തിക്കൊണ്ട് വാക്കർ മാക്സിന്റെ ഏതാനും എക്സ്റേ ചിത്രങ്ങൾ എടുത്തിട്ട് മറ്റൊരു വാതിലിലൂടെ അപ്രത്യക്ഷനായി. പത്ത് മിനിറ്റ് കഴിഞ്ഞ് തിരിച്ചെത്തിയ അയാളുടെ കൈവശം എക്സ്റേ ഫിലിമുകൾ ഉണ്ടായിരുന്നു.
“ഫ്രാക്ച്ചർ ഒന്നുമില്ല കേണൽ... എല്ലാം നോർമ്മൽ... താങ്കളുടെ മുഖം ഒഴികെ... വരൂ... താങ്കളെ ഡോക്ടർ സോബെലിനടുത്ത് എത്തിക്കാം...” ഇടനാഴിയിലൂടെ നീങ്ങവെ അയാൾ തുടർന്നു. “RAF വിങ്ങ്സ് ഉള്ള താങ്കളുടെ ഈ യൂണിഫോം എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു... ഇതിന് മുമ്പ് താങ്കൾ RAF ൽ ആയിരുന്നു അല്ലേ...?”
“ദാറ്റ്സ് റൈറ്റ്...” മാക്സ് പറഞ്ഞു.
“ടൈറൻ പവർ അഭിനയിച്ച മൂവി ഞാൻ കണ്ടിട്ടുണ്ട്... പടം അത്ര മെച്ചമൊന്നും ഇല്ലെങ്കിലും അദ്ദേഹം സുന്ദരനായിരുന്നു...” ഉള്ളിൽ വന്ന ചിരിയടക്കുവാൻ പാടു പെടുകയായിരുന്നു മാക്സ്. ജാക്കും ഏതാണ്ട് അതേ അവസ്ഥയിൽത്തന്നെ ആയിരുന്നു. വാക്കർ വാതിൽ തുറന്നു. “ഈ റൂമിലേക്ക് സർ...”
വെള്ള കോട്ട് ധരിച്ച് സ്റ്റെതസ്കോപ്പ് കഴുത്തിൽ ഇട്ട മോളി ഡെസ്കിന് പിറകിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരെ കണ്ടതും അവൾ ചാടിയെഴുന്നേറ്റു. “മൈ ഗോഡ്... ഹാരി...!”
“ഓ, അപ്പോൾ അങ്ങനെയാണ് കാര്യം...” എക്സ്റേ ഫിലിമുകൾ മേശപ്പുറത്ത് വച്ചിട്ട് വാക്കർ പറഞ്ഞു. “ഹീ ഈസ് ഓകെ ഡോക്ടർ... ഫ്രാക്ച്ചർ ഒന്നുമില്ല... ആവശ്യമില്ല എന്ന് തോന്നിയതു കൊണ്ട് അദ്ദേഹത്തിന്റെ പ്ലാസ്റ്റർ ഞാൻ മാറ്റിയില്ല...” അയാൾ തിരിഞ്ഞു. “ഓൾ ദി ബെസ്റ്റ് ജെന്റിൽമെൻ... എന്റെ ഒരു അപേക്ഷയുണ്ട്... പറ്റുമെങ്കിൽ ബെർലിൻ എയർസ്പേസിൽ നിന്നും വിട്ടു നിൽക്കുക...”
അയാൾ പുറത്തേക്കിറങ്ങി നടന്നകലുന്നത് നോക്കി നിന്ന ജാക്ക് തിരിഞ്ഞു. “ഞാനും ഇറങ്ങുന്നു... റിസപ്ഷനിൽ ഉണ്ടാകും...”
“ഏയ്, അതിന്റെയൊന്നും ആവശ്യമില്ല...” മാക്സ് പറഞ്ഞു.
“അതെങ്ങനെയാ ശരിയാവുക...?” കാർട്ടർ മുടന്തിക്കൊണ്ട് പുറത്തേക്ക് നടന്നു.
“ഹീ ലവ്സ് യൂ, ഐ തിങ്ക്...” മാക്സ് പറഞ്ഞു.
“ആന്റ് ഐ ലവ് യൂ ഹാരി കെൽസോ...” ഡെസ്കിന് പിന്നിൽ നിന്നും ഇറങ്ങി വന്ന് അദ്ദേഹത്തിന് മുന്നിലെത്തി ഇരു കൈകളും ചുമലിലൂടെയിട്ട് ആലിംഗനം ചെയ്തു.
“കെയർഫുൾ, മൈ ലവ്... വികാരങ്ങളെ നിയന്ത്രിച്ചേ പറ്റൂ എനിക്ക്... മോർഫിൻ എടുക്കാത്തപ്പോൾ നല്ല വേദനയാണ്...” മാക്സ് പറഞ്ഞു.
“എത്രയാണ് എടുക്കുന്നത്...?”
എനിക്കറിയില്ല... അവിടുത്തെ SS സർജൻ ഒരു ബാറ്റ്‌ൽ പായ്ക്ക് തന്നിരുന്നു... ഹേസ്റ്റൻ പ്ലേസിൽ റൂമിൽ വച്ചിരിക്കുകയാണ്...”
“എന്നെ കാണിക്കാതെ ഇനി അത് എടുക്കണ്ട...” പെട്ടെന്നവൾ മുഷ്ടി ചുരുട്ടി മാക്സിന്റെ നെഞ്ചിൽ ഒരു ഇടി വച്ചു കൊടുത്തു. “ഇനിയൊരിക്കലും എന്നോടിങ്ങനെ ചെയ്യരുത് കേട്ടോ... ഇനിയൊരിക്കലും... തീ തിന്നുകയായിരുന്നു ഞാൻ... അറിയാമോ...?”
അദ്ദേഹം അവളെ ചേർത്തു പിടിച്ച് മുടിയിൽ തഴുകി. “അയാം സോറി...” എന്നിട്ട് മൃദുവായി അവളുടെ നെറ്റിയിൽ ചുംബിച്ചു.
പൊടുന്നനെ അവൾ അകന്നു മാറി. “എന്താണിത്...?” തെല്ലൊരു അമ്പരപ്പുണ്ടായിരുന്നു അവളുടെ മുഖത്ത്. “ദി ഗ്രേറ്റ് ഹാരി കെൽസോയുടെ ഉള്ളിൽ ആർദ്രതയും പ്രണയവുമോ...?”
തികഞ്ഞ ശാന്തതയോടെ മാക്സ് പറഞ്ഞു. “ചലച്ചിത്രങ്ങളിൽ നായകന്മാർ പറയുന്നത് കേട്ടിട്ടില്ലേ...? ഇറ്റ് വാസ് ഹെൽ ഔട്ട് ദേർ... ഒരു പക്ഷേ അതായിരിക്കാം എന്നെ ഒരു പുതിയ മനുഷ്യനാക്കി മാറ്റിയത്...”
“നേരിട്ടറിഞ്ഞാൽ മാത്രമേ ഞാൻ വിശ്വസിക്കൂ...”
എക്സ്റേ ഫിലിമുകൾ സ്ക്രീനിൽ വച്ച് ലൈറ്റ് ഓൺ ചെയ്ത് അവൾ വിശദമായി പരിശോധിച്ചു. അല്പനേരത്തിന് ശേഷം അവൾ തല കുലുക്കി. “ഫ്രാക്ച്ചർ ഒന്നുമില്ല... ഇനി പറയൂ, എന്താണവിടെ സംഭവിച്ചത്...?”
മറ്റുള്ളവരോട് പറഞ്ഞ അതേ കഥകൾ തന്നെ അദ്ദേഹം അവളുടെ മുന്നിലും ആവർത്തിച്ചു. ക്രാഷ് ചെയ്തപ്പോൽ മുഖം ഇടിച്ചതും അതിന്റെ ആഘാതത്തിൽ മുറിവ് തുറന്നതും എല്ലാം. അദ്ദേഹത്തെ ഒരു കസേരയിൽ ഇരുത്തിയിട്ട് അവൾ ടേബിൾ ലാമ്പ് ഓൺ ചെയ്ത് മുഖത്തേക്ക് ഫോക്കസ് ചെയ്തു.
“കഴിഞ്ഞ തവണത്തെപ്പോലെ ഇതിന് ഒരേ ഒരു വഴിയേയുള്ളൂ... ദി ക്വിക്ക് വേ...” മാക്സിന്റെ മുഖത്തെ പ്ലാസ്റ്റർ ഒറ്റ വലിക്ക് അവൾ പറിച്ചെടുത്തു.
“Mein Gott...!” അടക്കാനാവാത്ത വേദനയിൽ അദ്ദേഹത്തിൽ നിന്നും പുറത്തു വന്ന വാക്കുകൾ ജർമ്മൻ ഭാഷയിലായിരുന്നു. എന്നാൽ അതേ നിമിഷം തന്നെ തനിക്ക് പറ്റിയ മണ്ടത്തരം മാക്സ് മനസ്സിലാക്കുകയും ചെയ്തു. “ചെറുപ്രായത്തിൽ ഞാനും മാക്സും സ്ഥിരം പറയാറുണ്ടായിരുന്ന വാക്കാണ്... ഞങ്ങളെ പഠിപ്പിച്ചത് അങ്ങനെയായിരുന്നു... ഇംഗ്ലീഷിൽ വിളിക്കുന്നത് ദൈവ നിഷേധമാണെന്നായിരുന്നു മൂട്ടിയുടെ ധാരണ...”
മോളി അത് പൂർണ്ണമായും വിശ്വസിച്ചു എന്ന് വേണം പറയാൻ. “അവരെന്തായാലും നന്നായിത്തന്നെ ചെയ്തിട്ടുണ്ട്...” മുഖത്തെ മുറിവ് പരിശോധിച്ചിട്ട് അവൾ അഭിപ്രായപ്പെട്ടു.
ഇതേ വാക്കുകൾ തന്നെയായിരുന്നു മൊർലെയ്ക്‌സിൽ വച്ച് ഷ്രൂഡർ ഹാരിയോട് പറഞ്ഞതും.
“അതു കേട്ടതിൽ സന്തോഷം...” മാക്സ് പറഞ്ഞു.
“കഴിഞ്ഞ തവണത്തെപ്പോലെ തന്നെ... പ്ലാസ്റ്റർ ഇടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല... സ്പ്രേ അടിക്കാൻ പോകുകയാണ്...”
മുറിവിൽ സ്പ്രേ അടിച്ചിട്ട് ഒലിച്ചിറങ്ങിയത് കോട്ടൺ വൂൾ കൊണ്ട് അവൾ തുടച്ചു മാറ്റി. “ഇനി നല്ല കുട്ടിയായി ഇരുന്നോണം...”
“നിനക്കു വേണ്ടി മാത്രം...”
“എന്നാൽ ശരി, റൂമിലേക്ക് പൊയ്ക്കോളൂ... അൽപ്പം സങ്കീർണ്ണമായ ഒരു ഓപ്പറേഷനുണ്ട് ഇന്നെനിക്ക്... വൈകിട്ട് റിവർ റൂമിൽ വച്ച് കാണാം... നല്ല ഭക്ഷണവും വൈനും പിന്നെ ചുവട് വയ്ക്കുവാൻ കരോൾ ഗിബ്സന്റെ ഈണവും...” അവൾ അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു. “ഇതൊക്കെ വീണ്ടും അനുഭവിക്കാനാവുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല... വീട്ടിൽ പോയി നല്ലൊരു ഫ്രോക്ക് ഇട്ടു കൊണ്ടുവരാൻ സമയമുണ്ടാവില്ലല്ലോ എന്ന വിഷമമേയുള്ളൂ ഇപ്പോൾ എനിക്ക്...”
“മറ്റൊന്നും വേണ്ട... നീ ഒന്ന് വന്നാൽ മാത്രം മതി... ദാറ്റ് വിൽ ഡൂ ജസ്റ്റ് ഫൈൻ...” മാക്സ് അവളോട് പറഞ്ഞു.
***
വൈകിട്ട് ആറ് മണിക്ക് തന്റെ റൂമിൽ വച്ച് ഭാഗ്യം പരീക്ഷിക്കാൻ തന്നെ മാക്സ് തീരുമാനിച്ചു. റിസീവർ എടുത്ത് അദ്ദേഹം സാറാ ഡിക്സന്റെ നമ്പർ ഡയൽ ചെയ്തു. ആ സമയമാവുമ്പോഴേക്കും അവർ ഓഫീസിൽ നിന്നും തിരിച്ചെത്തിക്കാണും എന്ന ധാരണയിലായിരുന്നു അത്. എന്നാൽ മറുഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. ഷെൽഫിൽ നിന്നും പുതിയ യൂണിഫോം എടുത്തണിഞ്ഞ് അദ്ദേഹം കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് സ്വയം ഒന്ന് വിലയിരുത്തി.
“വെരി നൈസ് ഹാരീ...” അദ്ദേഹം മന്ത്രിച്ചു.
താഴെ സിറ്റിങ്ങ് റൂമിൽ എത്തിയപ്പോൾ സൈഡ് ബോർഡിനരികിൽ നിന്ന് ജാക്ക് കാർട്ടർ ഗ്ലാസിലേക്ക് വിസ്കി പകരുന്നുണ്ടായിരുന്നു. “ഒരെണ്ണം എടുക്കട്ടേ ഹാരീ...?”
ഫുൾ യൂണിഫോമിൽ മൺറോ റൂമിലേക്ക് പ്രവേശിച്ചു. “ഞാനെന്തായാലും ഒന്നെടുക്കാൻ പോകുന്നു... മൈ ഗോഡ്, ഹാരീ... നിന്റെ മുഖം കണ്ടാൽ ആരും പേടിച്ചു പോകുമല്ലോ...” ഗ്ലാസിലെ വിസ്കി ഒറ്റയിറക്കിന് അകത്താക്കിയിട്ട് അദ്ദേഹം തുടർന്നു. “കമോൺ ദെൻ... നേരത്തെ ഭക്ഷണം കഴിക്കാം... നാളെ ഒരുപാട് ജോലിയുള്ളതാണ്...”
ജാലകത്തിനരികിലുള്ള ഒരു വട്ട മേശയായിരുന്നു റിവർ റൂമിൽ അവർക്ക് വേണ്ടി റിസർവ്വ് ചെയ്തിരുന്നത്. തനിക്കും ഹാരിയ്ക്കും കാർട്ടറിനും വെസ്റ്റിനും വേണ്ടി മൺറോ ഷാംപെയ്ൻ ഓർഡർ ചെയ്തു. എന്നിട്ട് മോളിയെയും പിതാവിനെയും കാത്ത് ഇരുന്നു.
“ഹാരീ, നിനക്കു വേണ്ടി...” മൺറോ ഗ്ലാസ് ഉയർത്തി. “നീ നിന്റെ ഒമ്പത് ജന്മവും ഉപയോഗിച്ചു കഴിഞ്ഞു എന്ന് ഞാൻ പറയും...”
“നോക്കാം നമുക്ക്...” മാക്സ് പറഞ്ഞു.
“ഇല്ല... ഇനിയില്ല...” വെസ്റ്റ് പറഞ്ഞു. “യൂ ആർ ഗ്രൗണ്ടഡ്... ഐസൻഹോവറിന്റെ ഡയറക്റ്റ് ഓർഡറാണ്... ആകാശയാത്ര അവസാനിച്ചിരിക്കുന്നു...”
മാക്സിന് അത് അത്ര ഇഷ്ടപ്പെട്ടില്ല. ഹാരി ആയിരുന്നാലും ആ തീരുമാനം ഇഷ്ടപ്പെടില്ലായിരുന്നു.
“അദ്ദേഹം എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവോ...?”
“യെസ്... പക്ഷേ എപ്പോഴായിരിക്കും എന്നറിയില്ല... ഒരു പക്ഷേ, ടോം സോബെലിന് അറിയാമായിരിക്കും... ഹെയ്സ് ലോഡ്ജിലാണ് ഐസൻഹോവർ ഇപ്പോഴുള്ളത്... നാളെ രാവിലെ അദ്ദേഹത്തെയും കൊണ്ട് ഞാൻ സൗത്ത്‌വിക്കിലേക്ക് പറക്കുന്നുണ്ട്...” വെസ്റ്റ് പറഞ്ഞു.
“അദ്ദേഹത്തെയും കൊണ്ട് താങ്കളോ...?” മാക്സ് ചോദിച്ചു.
“വെൽ... ഇപ്പോഴും ആരോഗ്യത്തിന് കുറവൊന്നുമില്ലല്ലോ എനിക്ക്... ഇറ്റ് കീപ്‌സ് മൈ ഹാൻഡ് ഇൻ...”
ആ നിമിഷമാണ് മോളിയും അവളുടെ പിതാവും കൂടി മേശകൾക്കിടയിലൂടെ അവരുടെ നേർക്ക് വരുന്നത് കണ്ടത്. ഇത്തവണ മാക്സിന് യാതൊരു പ്രശ്നവുമുണ്ടായില്ല. കാരണം അത് അവളുടെ പിതാവ് ആവാതിരിക്കാൻ യാതൊരു മാർഗ്ഗവുമില്ല എന്ന ബോദ്ധ്യം തന്നെ. നിറഞ്ഞ പുഞ്ചിരിയോട് അരികിലെത്തിയ ജനറൽ സോബെൽ മാക്സിന്റെ കൈ പിടിച്ച് ശക്തിയായി കുലുക്കി.
“എന്ത് പറയണമെന്ന് എനിക്കറിയില്ല... അത്രയ്ക്കും ആവേശത്തിലാണ് ഐസൻഹോവർ...” മോളിയോട് ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം വീണ്ടും മാക്സിന് നേർക്ക് തിരിഞ്ഞു. “ഹീ വാണ്ട്‌സ് റ്റു സീ യൂ ഹാരീ... പക്ഷേ, ഇന്ന് രാത്രി അതിനുള്ള സമയം ഒത്തില്ല... നിലത്തൊന്നുമല്ല അദ്ദേഹം... നാളെ രാവിലെ ഏഴ് മണിക്ക് ക്രോയ്ഡണിൽ വച്ച് അദ്ദേഹത്തെ സന്ധിക്കാനാണ് നിന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്... ടെഡ്ഡിയാണ് അദ്ദേഹത്തെയും കൊണ്ട് നാളെ പറക്കുന്നത്... ഞാനും ഉണ്ടാവും ഒപ്പം... നിന്നെയും ഒപ്പം കൂട്ടുവാനാണ് അദ്ദേഹം പറഞ്ഞത്...”
“എനിക്ക് വിരോധമൊന്നുമില്ല...” തലയ്ക്കുള്ളിലെ കാലുഷ്യം അൽപ്പം പോലും കൈയ്യിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം ഷാംപെയ്ൻ ഗ്ലാസ് എടുത്തു.
ദൈവമേ...! ഇത്രയും പെട്ടെന്നോ...?
***
നേരം ഇരുണ്ട് മഴയ്ക്ക് ശമനമായതോടെ റോസാ സ്റ്റൈൻ ആ തൊഴുത്തിൽ നിന്നും പുറത്തിറങ്ങി. ഒറ്റയടിപ്പാതയിലൂടെ അലക്ഷ്യമായി അവൾ മുന്നോട്ട് നടന്നു. ഏതാണ്ട് പതിനഞ്ച് മിനിറ്റോളം നടന്ന അവൾ എത്തിപ്പെട്ടത് ഒരു കൃഷിയിടത്തിലായിരുന്നു. അവിടെയുള്ള ചെറിയ ധാന്യപ്പുരയുടെ ചിമ്മിനിയിൽ നിന്നും പുക ഉയരുന്നുണ്ട്. അതിനകത്ത് കെട്ടിയിട്ടിരുന്ന പശുക്കളുടെ അടുത്ത് നിന്നും ഇരു കൈകളിലും പാൽപ്പാത്രവുമായി പുറത്തെത്തിയ ഒരു യുവതി അവളെ കണ്ടതും അമ്പരന്ന് തുറിച്ചു നോക്കിക്കൊണ്ട് നിന്നു. ജക്കോദിന്റെ റേഡിയോ ഓപ്പറേറ്റർ ആയ മേരി ആയിരുന്നു അത്.
“ആരാണ് നിങ്ങൾ...? എന്താണ് വേണ്ടത്...?” മേരി ഫ്രഞ്ച് ഭാഷയിൽ ആരാഞ്ഞു.
“എന്നെ രക്ഷിക്കൂ... ദയവ് ചെയ്ത് എന്ന് രക്ഷിക്കൂ...” അവൾക്കരികിലേക്ക് ഓടിയെത്തിയ റോസ പൊട്ടിക്കരഞ്ഞു കൊണ്ട് ജർമ്മൻ ഭാഷയിൽ പറഞ്ഞു.
മേരിയ്ക്ക് ജർമ്മൻ ഭാഷയിൽ ഒരു വാക്കു പോലും അറിയില്ലായിരുന്നു. മുറി ഇംഗ്ലീഷ് മാത്രമായിരുന്നു അവർക്കിടയിലെ ഏക ആശയ വിനിമയ മാർഗ്ഗം... കാരണം ഒരു വാക്ക് പോലും ഫ്രഞ്ച് അറിയാത്ത റോസയ്ക്കും അൽപ്പമൊക്കെ മുറി ഇംഗ്ലീഷ് അറിയാമായിരുന്നു.
“ആർ യൂ ജർമ്മൻ...?” മേരി ചോദിച്ചു.
റോസ തല കുലുക്കി.
“വേർ ആർ യൂ ഫ്രം...? ആർ യൂ എ ജ്യൂ...?”
നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. “ഷറ്റോ മൊർലെയ്ക്‌സ്...”
മേരി കൈയ്യിലെ പാൽപ്പാത്രങ്ങൾ താഴെ വച്ചു.
“SS... മൈ മിസ്ട്രസ്സ് ഡെഡ്...” റോസ വിതുമ്പി.
തേങ്ങൽ റോസയുടെ ശരീരത്തെ ആകമാനം ഒരു വിറയലായി ബാധിച്ചു. പാൽപ്പാത്രങ്ങൾ കൈയ്യിലെടുത്ത് ധാന്യപ്പുരയുടെ നേർക്ക് വിരൽ ചൂണ്ടിയിട്ട് മേരി മുന്നോട്ട് നടന്നു. റോസ അവളെ അനുഗമിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...