Saturday, July 28, 2018

ഫ്ലൈറ്റ് ഓഫ് ഈഗ്ൾസ് - ആമുഖം


യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച് കൗമാരത്തിൽ വേർപിരിയേണ്ടി വന്ന ഇരട്ട സഹോദരന്മാർ... മാക്സും ഹാരിയും...

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എതിർചേരികളിൽ അന്യോന്യം പൊരുതുവാനായിരുന്നു അവരുടെ വിധി... ലുഫ്ത്വാഫിലെ ഏറ്റവും പരിചയസമ്പന്നനും എതിർപക്ഷത്തിന്റെ പേടിസ്വപ്നവുമായ പൈലറ്റ്  - മാക്സ്... മറുവശത്ത് റോയൽ എയർഫോഴ്സിലെ തുറുപ്പു ഗുലാൻ ആയ അമേരിക്കൻ പൈലറ്റ്  - ഹാരി...

ആശ്ചര്യജനകമായ നിരവധി സംഭവങ്ങളാണ് യുദ്ധം അവർക്ക് സമ്മാനിച്ചത്. എന്നാൽ അത്രയും നീചമായ പരിതഃസ്ഥിതിയിൽ വച്ചാണ് തങ്ങൾ വീണ്ടും സന്ധിക്കാൻ ഇടവരിക എന്ന് ഇരട്ടകളിൽ ആരും തന്നെ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

കുടിലവും അത്യന്തം അപകടകരവുമായ പല രഹസ്യ പദ്ധതികളും അവരെ കാത്ത് അണിയറയിൽ പിന്നെയും ഒരുങ്ങുന്നുണ്ടായിരുന്നു. പലപ്പോഴും തങ്ങളുടെ ആദർശങ്ങളെയും മനഃസാക്ഷിയെയും പോലും ചോദ്യമുനയിൽ നിർത്തേണ്ടി വന്ന സന്ദർഭങ്ങൾ... തങ്ങളുടെ ജീവനും ആത്യന്തികമായി ദേശഭക്തിയും തന്നെ ഒരു ചോദ്യചിഹ്നമായി മാറിയ നിമിഷങ്ങൾ... അവരുടെ തീരുമാനങ്ങളും പ്രവൃത്തികളുമാണ് യുദ്ധത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ പോകുന്നത് എന്ന അവസ്ഥയിലേക്ക് പോലും കാര്യങ്ങൾ നീങ്ങിയ നിമിഷങ്ങൾ...

വായന തുടങ്ങിയാൽ പിന്നെ നിർത്തുവാൻ കഴിയാത്ത അത്ര ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ആരംഭിക്കുകയാണ് നമ്മുടെ പ്രിയ കഥാകാരൻ ജാക്ക് ഹിഗ്ഗിൻസിന്റെഫ്ലൈറ്റ് ഓഫ് ഈഗ്ൾസ്”...