Tuesday, February 19, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 19

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ലണ്ടനിലെ പോർച്ചുഗീസ് എംബസിയിൽ കൊമേഴ്സ്യൽ അറ്റാഷെ ആയിരുന്നു ഫെർണാണ്ടോ റോഡ്രിഗ്സ്. അയാളുടെ സഹോദരൻ ജോയൽ ആകട്ടെ കൊമേഴ്സ്യൽ അറ്റാഷെ ആയി ബെർലിനിലെ പോർച്ചുഗീസ് എംബസിയിലും  ജോലി ചെയ്യുന്നു. എല്ലാം കൊണ്ടും വളരെ സൗകര്യം. ഫയലുകൾ മുഴുവനും ശ്രദ്ധാപൂർവ്വം വായിച്ച ഹാർട്ട്മാന് ഒരു കാര്യം മനസ്സിലായി. ഇരുവരുടെയും സ്വഭാവത്തിലുള്ള സമാനത. പണത്തോടുള്ള അത്യാർത്തിയാൽ തത്വദീക്ഷയില്ലാതെ എന്തിനും വഴങ്ങുന്ന സ്വഭാവക്കാർ. അതേതായാലും നന്നായി. ഇത്തരക്കാരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ നിലയ്ക്ക് നിർത്തണമെന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല.

എന്നാൽ സാറാ ഡിക്സൺ ഇതിൽ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. നാൽപ്പത്തിയഞ്ച് വയസ്സുള്ള ഒരു വിധവ. ബാങ്ക് ക്ലർക്ക് ആയിരുന്ന  ഭർത്താവ് ജോർജ്ജ് ഡിക്സൺ 1917 ൽ ഉണ്ടായ വ്യോമാക്രമണത്തെ തുടർന്ന് പരിക്കേറ്റാണ് മരണമടയുന്നത്. വിവാഹത്തിന് മുമ്പ് സാറാ ബ്രൗൺ എന്നറിയപ്പെട്ട അവരുടെ പിതാവ് ഇംഗ്ലീഷുകാരനും മാതാവ് ഐറിഷുകാരിയും ആയിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ ഡബ്ലിനിൽ ഉണ്ടായ 'ഈസ്റ്റർ മുന്നേറ്റ'ത്തിൽ IRA പ്രവർത്തകനായ അവരുടെ മുത്തച്ഛൻ വെടിയേറ്റ് മരിക്കുകയായിരുന്നു.

1938 മുതൽ ലണ്ടനിലെ ബേസ്‌വാട്ടറിലുള്ള വാർ ഓഫീസിൽ ക്ലർക്ക് ആയി ജോലി നോക്കുന്ന അവർ തനിയെ ആണ് താമസിക്കുന്നത്. 1938 ന്റെ തുടക്കത്തിലാണ് പാട്രിക്ക് മർഫി എന്നൊരു IRA പ്രവർത്തകൻ ഒരു IRA അനുഭാവി എന്ന നിലയിൽ സാറയെ റിക്രൂട്ട് ചെയ്യുന്നത്. ലണ്ടനിലും ബർമ്മിങ്ങ്ഹാമിലും ബോംബിങ്ങ് നടക്കുന്ന കാലഘട്ടത്തിൽ‌ ജർമ്മനിയുടെ SD ക്കും മേജർ ക്ലെയ്‌നിനും വേണ്ടി പാട്രിക്ക് ചാരവൃത്തി നടത്തുന്നുണ്ടായിരുന്നു. അയാളുമായി സഹകരിച്ച് പ്രവർത്തിക്കാമെന്ന ധാരണയിൽ സാറ എത്തിയ സമയത്താണ് സ്പെഷൽ ബ്രാഞ്ച് പോലീസുമായുള്ള ഏറ്റുമുട്ടലിൽ പാട്രിക്ക് കൊല്ലപ്പെടുന്നത്.

ഹാർട്ട്മാൻ തലയുയർത്തി. "അവരിപ്പോഴും നമ്മുടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണോ...?"

"എന്ന് പറയാം, മേജർ..."

"ഗുഡ്... ഒരു കാര്യം ചെയ്യൂ... ഇവിടുത്തെ പോർച്ചുഗീസ് എംബസിയിലുള്ള ആ ജോയൽ റോഡ്രിഗ്സിനെ ഇങ്ങോട്ട് വിളിപ്പിക്കൂ... ഇക്കാര്യം നീ നേരിട്ട് കൈകാര്യം ചെയ്താൽ മതി... ലണ്ടനിലുള്ള അയാളുടെ സഹോദരനുമായി ഡിപ്ലോമാറ്റിക്ക് പൗച്ച് വഴി ബന്ധപ്പെടുവാൻ പറയുക... ഈ പറയുന്ന മിസ്സിസ് ഡിക്സണുമായി ബന്ധം സ്ഥാപിക്കുവാൻ ആവശ്യപ്പെടുക... നമുക്ക് എപ്പോൾ ആവശ്യം വന്നാലും അവരവിടെ ഉണ്ടാകുമെന്ന് ഉറപ്പ് വരുത്താൻ പറയണം... ഈ റോഡ്രിഗ്സ് സഹോദരന്മാരെക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ എന്നെ അറിയിക്കാൻ മടിക്കരുത്... ദൈവശിക്ഷ എന്ന ഭീതി ഉയർത്തി അവരെ ഞാൻ വരുതിയ്ക്ക് നിർത്തിക്കോളാം..."

"വെരി വെൽ, മേജർ..."

ട്രൂഡി പുറത്തേക്ക് നടന്നു. ഹാർട്ട്മാൻ ഒരു സിഗരറ്റിന് തീ കൊളുത്തി. "എന്തെല്ലാം ചെയ്താലാണ് ഒരു യുദ്ധം നടത്തിക്കൊണ്ടു പോകാനാവുക..." അദ്ദേഹം മന്ത്രിച്ചു.

                                     ***

"സോ, യൂ സീ..." ജോയൽ റോഡ്രിഗ്സ് തനിക്കെതിരെയുള്ള കസേരയിൽ ഇരുന്നതും ട്രൂഡി ബ്രൗൺ പറഞ്ഞു. "വളരെ ലളിതമാണ്... നിങ്ങളുടെ സഹോദരൻ ആ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നു... വാർ ഓഫീസിലാണ് അവരുടെ ജോലി എന്നതിനാൽ വിലപ്പെട്ട പല വിവരങ്ങളും അവർക്ക് അറിവുണ്ടായിരിക്കും... പക്ഷേ, ഒരു കാര്യം... അവരുമായുള്ള ബന്ധത്തിന് അധികം പബ്ലിസിറ്റി കൊടുക്കണ്ട എന്ന് പറഞ്ഞേക്കൂ...  ഭാവിയിൽ നമുക്ക് ഉപകരിക്കുന്ന ഒരു ഏജന്റ് ആയി ആ സ്ത്രീ മാറിയേക്കാം..."

റോഡ്രിഗ്സിന്റെ മുഖത്ത് പരിഭ്രമം തെളിഞ്ഞു കാണാനുണ്ടായിരുന്നു... "എനിക്കറിയില്ല, ഫ്രോ ബ്രൗൺ... ഒരു പക്ഷേ എന്റെ സഹോദരന് ഇക്കാര്യത്തിൽ താൽപ്പര്യമില്ലെങ്കിലോ...?"

തുറന്ന് കിടക്കുന്ന വാതിലിന്നപ്പുറത്തെ മുറിയിൽ ഈ സംഭാഷണമെല്ലാം ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന ഹാർട്ട്മാൻ എഴുന്നേറ്റ് അവർക്ക് മുന്നിലെത്തി. മെഡലുകളാൽ അലംകൃതമായ അദ്ദേഹത്തിന്റെ യൂണിഫോം ഒരു നോക്ക് കണ്ടതും ജോയൽ റോഡ്രിഗ്സ് വിയർക്കുവാൻ തുടങ്ങി.

"നിങ്ങളുടെ സഹോദരന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല സുഹൃത്തേ..." ഹാർട്ട്മാൻ പറഞ്ഞു. "അയാൾക്കുള്ള കത്തുകൾ നിങ്ങളുടെ എംബസിയുടെ ഡിപ്ലോമാറ്റിക്ക് പൗച്ച് വഴി മാത്രം അയക്കുവാൻ ശ്രദ്ധിക്കുക... പിന്നെ ഒരു കാര്യം കൂടി അയാളെ ഓർമ്മിപ്പിക്കുക... കഴിഞ്ഞ മൂന്ന് വർഷമായി അയാൾ ഞങ്ങളുടെ പക്കൽ നിന്നും പ്രതിമാസ വേതനം പറ്റിക്കൊണ്ടിരിക്കുകയാണെന്നും അതിന് തക്ക വിവരങ്ങളൊന്നും ഞങ്ങൾക്ക് ചോർത്തി തരുന്നില്ലെന്നും..."

റോഡ്രിഗ്സ് ഭയത്താൽ ചാടിയെഴുന്നേറ്റു. "പ്ലീസ് മേജർ... ഇക്കാര്യത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്നല്ല ഞാൻ ഉദ്ദേശിച്ചത്..."

"അത് കേട്ടതിൽ സന്തോഷം... ഒരു കാര്യം കൂടി ഞാൻ ഓർമ്മിപ്പിക്കാം... ജർമ്മൻ സാമ്രാജ്യത്തിന് വേണ്ടി കാര്യമായ സംഭാവനയൊന്നും നടത്തിയില്ലെങ്കിലും നിങ്ങളും നല്ല പ്രതിഫലം പറ്റുന്നുണ്ട്... അതുകൊണ്ട് ഇക്കാര്യത്തിൽ നിങ്ങൾ മുന്നോട്ട് പോയേ തീരൂ..."

"തീർച്ചയായും... താങ്കൾക്കെന്നെ വിശ്വസിക്കാം..."

റോഡ്രിഗ്സ് എഴുന്നേറ്റ് തിടുക്കത്തിൽ വാതിലിന് നേർക്ക് നടന്നു. കതക് തുറക്കവെ ഹാർട്ട്മാൻ പറഞ്ഞു. "നിങ്ങളെക്കുറിച്ച് എനിക്ക് അറിയാത്തതായി ഒന്നും തന്നെയില്ല റോഡ്രിഗ്സ്... നിങ്ങളുടെ ലൈംഗിക ജീവിതം നിങ്ങളുടെ സ്വകാര്യ വിഷയം മാത്രമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം... എങ്കിലും ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കുന്നു... നാസി ജർമ്മനിയിൽ ഹോമോസെക്ഷ്വാലിറ്റി എന്നത് കഠിന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്... ലേബർ ക്യാമ്പിൽ ആയിരിക്കും നിങ്ങളുടെ ശേഷിക്കുന്ന ജീവിതം..."

"യെസ് മേജർ.‌.."  റോഡ്രിഗ്സ് ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

"പിന്നെ, ഞങ്ങളോട് കൂറ് പുലർത്താൻ ഒരുക്കമാണെങ്കിൽ കാര്യങ്ങൾക്ക് മാറ്റം വരും..." ഹാർട്ട്മാൻ ചുമൽ വെട്ടിച്ചു.

"വളരെ നന്ദിയുണ്ട് മേജർ..."

"ഗുഡ്... പിന്നെ, മാതാപിതാക്കൾക്ക് വേണ്ടി മനോഹരമായ ഒരു വില്ലയല്ലേ നിങ്ങൾ എസ്റ്റോറിലിൽ വാങ്ങിയിരിക്കുന്നത്...? അവരുടെ റിട്ടയർമെന്റ് ജീവിതം അങ്ങേയറ്റം സന്തോഷകരം ആയിരിക്കണ്ടേ...? അവരെ ബുദ്ധിമുട്ടിക്കുക എന്നത് അത്ര സുഖമുള്ള കാര്യമാണോ...?" ഒരു വില്ലന്റെ മുഖഭാവത്തോടെ ഹാർട്ട്മാൻ പുഞ്ചിരിച്ചു. "എന്റെ കരങ്ങൾക്ക് അതിരുകളില്ല സുഹൃത്തേ... നൗ ഗെറ്റൗട്ട്..."

ഭയന്ന് വിളറിയ ജോയൽ റോഡ്രിഗ്സ് പുറത്ത് കടന്നു.

"ചിലപ്പോഴെല്ലാം നിങ്ങളെ മനസ്സിലാക്കാൻ എനിക്കാവുന്നില്ല മേജർ..." ട്രൂഡി പറഞ്ഞു.

"മൈ ലവ്... ചിലപ്പോഴെല്ലാം എനിക്ക് തന്നെ എന്നെ മനസ്സിലാക്കാനാവുന്നില്ല... ഒരു പക്ഷേ, അത്രയും പരുഷമായി ഞാൻ പെരുമാറിയിരുന്നില്ലെങ്കിൽ അയാൾക്ക് ഇതിന്റെ ഗൗരവം മനസ്സിലാവില്ലായിരുന്നു... ഭയന്ന് വിറച്ച് ഇരിക്കുകയാണ് അയാളിപ്പോൾ... ഇതെല്ലാം ഒരു അഭിനയമാണ് ട്രൂഡീ... നാസി ജർമ്മനിയുടെ പ്രൊഡക്ഷൻ ബാനറിലുള്ള നാടകത്തിലെ അഭിനേതാക്കൾ മാത്രമാണ് നാം..."

അദ്ദേഹം തിരിഞ്ഞ് തന്റെ ഓഫീസിലേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

28 comments:

  1. ശ്ശൊ !! അഭിനേതാക്കള്‍ !! യെവരെല്ലാം പാവങ്ങള്‍ തന്നെ !!

    ReplyDelete
    Replies
    1. ശരിയാണ്‌ ഉണ്ടാപ്രീ... മറ്റ് മാർഗ്ഗമില്ലാത്തത് കൊണ്ട് നാസിസത്തിന്റെ ഭാഗമായിപ്പോയവർ...

      Delete
  2. പാവങ്ങൾ... എത്രത്തോളം ഭയന്ന് ജീവിയ്ക്കണം...

    ReplyDelete
    Replies
    1. നാസിസം, ഫാസിസം എന്നിവ എത്ര ഭീകരമാണെന്ന് മനസ്സിലായില്ലേ... ലോകത്തെവിടെയും അത് തിരികെയെത്താൻ അനുവദിക്കരുത്...

      Delete
  3. WiFi internet ഇല്ലാത്ത കാലായിട്ടും personal life എത്ര വിദഗ്ദ്ധമായി ചോർത്തി 😋

    ReplyDelete
    Replies
    1. അതാണ് SD എന്ന അന്നത്തെ ഇന്റലിജൻസ് നെറ്റ്‌വർക്ക്...

      Delete
  4. നാസി ജർമ്മനിയിലെ പ്രൊഡക്ഷൻ ബാനറിലെ അഭിനേതാക്കൾ.ഭയത്തിലൂടെ നേടിയ വിജയം

    ReplyDelete
  5. ഇന്നത്തെ ചോർത്തലിനേക്കാൾ സൂപ്പറായിരുന്നു അന്ന്... വെറുതേ ഇൻറർനെറ്റിനെ കുറ്റപ്പെടുത്തി :)

    ReplyDelete
    Replies
    1. വിവരങ്ങൾ ചോർത്തുക എന്നത് ഏത് കാലഘട്ടത്തിലും നടന്നു വന്നിരുന്ന പ്രക്രിയയാണ്... അതാത് കാലങ്ങളിലെ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നു എന്ന് മാത്രം...

      Delete
  6. // നാസി ജർമ്മനിയുടെ പ്രൊഡക്ഷൻ ബാനറിലുള്ള നാടകത്തിലെ അഭിനേതാക്കൾ മാത്രമാണ് നാം//
    ഇങ്ങനെ വിരട്ടാൻ മാത്രം ss സേനക്കാർക്ക് പ്രത്യേക പരിശീലനം കിട്ടുന്നുണ്ട് എന്നാണെനിക്ക് തോന്നുന്നത്.
    ഇൻഗ്ലോറിയസ് ബസ്റ്റാർഡ്സ് എന്ന ടരന്റീനോ പടത്തിൽ ഒരുത്തനുണ്ട്.. ഓഹ് സംസാരം കേട്ടാൽ പേടിച്ചു മുള്ളിപ്പോകും.
    // ട്രിക്ക് മർഫി എന്നൊരു IRA പ്രവർത്തകൻ ഒരു IRA അനുഭാവി എന്ന നിലയിൽ സാറയെ റിക്രൂട്ട് ചെയ്യുന്നത്//
    മർഫിയെന്നു കേട്ടപ്പോൾ ഡെവ്‌ലിൻ അണ്ണനെ ഓർമവന്നു.

    ReplyDelete
    Replies
    1. ഭീകരതയുടെ പര്യായമായിരുന്നല്ലോ SS സേന...

      മർഫി എന്ന കള്ളപ്പേരിൽ ഗാർവാൾഡ് സഹോദരന്മാർക്ക് പണി കൊടുത്ത നമ്മുടെ നായകൻ ലിയാം ഡെവ്‌ലിനെ ഇപ്പോഴും ഓർക്കുന്നു അല്ലേ...? ചില കഥാപാത്രങ്ങൾ അങ്ങനെയാണ്... അനുവാചക ഹൃദയങ്ങളിൽ എന്നും ജീവിക്കും...

      Delete
  7. കുറിഞ്ഞിFebruary 20, 2019 at 2:29 PM

    "എന്തെല്ലാം ചെയ്താലാണ് ഒരു യുദ്ധം നടത്തിക്കൊണ്ടു പോകാനാവുക..."
    സാറായെ കുറിച്ചു കേട്ടപ്പോൾ ജോവന്നായെ ഒർമ്മ വന്നു.

    ReplyDelete
    Replies
    1. അതാ അടുത്തയാളും എത്തീല്ലോ... ജോവന്നാ ഗ്രേയെ ഹൃദയത്തിലേറ്റിക്കൊണ്ട്... ഈ കഥാപാത്രങ്ങളെയൊക്കെ എല്ലാവരും ഓർക്കുന്നു എന്നറിയുന്നത് തന്നെ ഒരു സന്തോഷമാണ്...

      Delete
  8. നാടകവും അഭിനേതാക്കളും ആണെന്നറിയാതെ..

    ReplyDelete
    Replies
    1. അതെ... അങ്ങനെയും കുറേപ്പേർ...

      Delete
  9. എന്തെല്ലാം ചെയ്താലാണ് ഒരു യുദ്ധം നടത്തിക്കൊണ്ടു പോകാനാവുക... യുദ്ധമൊക്കെ അന്നും ഇന്നും ബിസിനസ് ആയിരുന്നു. ഇനിയും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും.

    ReplyDelete
  10. 'ഇതെല്ലാം ഒരു അഭിനയമാണ് ട്രൂഡീ...
    നാസി ജർമ്മനിയുടെ പ്രൊഡക്ഷൻ
    ബാനറിലുള്ള നാടകത്തിലെ അഭിനേതാക്കൾ
    മാത്രമാണ് നാം"

    കറക്ട് ...

    ഏത് യുദ്ധത്തിലായാലും ഭരണകൂടങ്ങൾ
    സംവിധാനം ചെയ്യുന്ന നാടകത്തിലെ ചാവേറുകളായി അഭിനേതാക്കൾ തന്നെയാണല്ലോ ഓരോ പട്ടാളക്കാരും

    ReplyDelete
  11. എന്തെല്ലാം തന്ത്രങ്ങൾ.... ആശംസകൾ

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ ചേട്ടാ...

      Delete
  12. എന്നാ വിരട്ടായിരുന്നു?അതേറ്റു!!!

    ReplyDelete
    Replies
    1. ഏൽക്കാതെ എവിടെപ്പോകാൻ...

      Delete
  13. ഹാർട്ട് ഇല്ലാത്ത ഹാർട്ട് മാൻ.സകലമാന രഹസ്യങ്ങളും ഇവരുടെ കയ്യിൽ ഉണ്ട് ലേ

    ReplyDelete
    Replies
    1. അതെ വഴിമരമേ... ഒരു ദാക്ഷിണ്യവും ഇല്ലാത്ത പ്രകടനം...

      Delete