Sunday, January 26, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 47


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അടുത്ത ദിവസം രാവിലെ പത്തു മണിക്ക് തന്നെ ഹാരി, ക്രോയ്ഡൺ എയർബേസിൽ റിപ്പോർട്ട് ചെയ്തു. ഡക്സ്ഫോഡിൽ നിന്നും ഒരു ചെക്ക് പൈലറ്റ് എത്തിച്ച ഹരിക്കെയ്ൻ വിമാനം അവിടെ കിടക്കുന്നുണ്ടായിരുന്നു. ഹെസ്സ് എന്ന് പേരുള്ള ആ പൈലറ്റിന്റെ ഇംഗ്ലീഷ് ഉച്ചാരണശൈലി അൽപ്പം കട്ടിയുള്ളതായിരുന്നു.

“വിങ്ങ് കമാൻഡർ കെൽസോ... താങ്കളെ പരിചയപ്പെടാനായതിൽ സന്തോഷം...” ഹെസ്സ് പറഞ്ഞു. അയാളുടെ യൂണിഫോമിൽ ഏതാനും ചെക്ക് മെഡലുകളും ഒരു  DFC യും ഉണ്ടായിരുന്നു.

“നിങ്ങളെക്കുറിച്ച് ഞാൻ മുമ്പ് കേട്ടിട്ടുണ്ട്...” ഹാരി പറഞ്ഞു. “ആട്ടെ, ഏതെങ്കിലും പഴഞ്ചൻ സാധനമാണോ ഇപ്പോൾ പൊടി തട്ടി കൊണ്ടുവന്നിരിക്കുന്നത്...?”

ഹെസ്സ് ചിരിച്ചു. “ഞങ്ങൾ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ...? ഞാനും യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ളതല്ലേ... താങ്കൾക്ക് അറിയാമല്ലോ അത്...”

“ദാറ്റ്സ് ഓൾ റൈറ്റ് ദെൻ...”

“എന്താണ് ഇപ്പോഴത്തെ ദൗത്യം എന്നെനിക്കറിയില്ല... എന്തായാലും ഗുഡ് ലക്ക് മൈ ഫ്രണ്ട്... ഞാൻ മടങ്ങുകയാണ്... എന്നെ തിരികെ ഡക്സ്ഫോഡിലേക്ക് കൊണ്ടുപോകാനുള്ള കാർ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്...” ഹെസ്സ് പറഞ്ഞു.

മഴയത്തു കൂടി അയാൾ നടന്നകന്നു. തന്റെ ക്രൂവിനൊപ്പം വിമാനം പരിശോധിച്ചു കൊണ്ടിരുന്ന ഒരു ഫ്ലൈറ്റ് സെർജന്റ് ഹാരിയുടെ നേർക്ക് തിരിഞ്ഞു. “വിമാനത്തിന് പ്രശ്നങ്ങളൊന്നുമില്ല വിങ്ങ് കമാൻഡർ... ഇന്ധനം നിറച്ച് ഫൈനൽ ചെക്ക് നടത്താൻ പോകുകയാണ്... അതിന് ശേഷം എപ്പോൾ വേണമെങ്കിലും താങ്കൾക്ക് കൊണ്ടു പോകാവുന്നതാണ്...”

ഹാരി ഫ്ലൈയിങ്ങ് ജാക്കറ്റും ബൂട്ട്സും എടുത്തണിഞ്ഞു. ജാലകത്തിനരികിലെ മേശയുടെ മുന്നിൽ ബേക്കൺ സാൻഡ്‌വിച്ചും ചായയും കഴിച്ചു കൊണ്ട് അദ്ദേഹം പുറത്തേക്ക് നോക്കി. ഹരിക്കെയ്നിന്റെ മറുഭാഗത്തായി ഒരു ലൈസാൻഡർ വിമാനം പാർക്ക് ചെയ്തിട്ടുണ്ട്. ഫ്ലൈയിങ്ങ് ഡ്രെസ്സ് ധരിച്ച ഒരു പൈലറ്റ് അതിനുള്ളിൽ എന്തോ പരിശോധിച്ചു കൊണ്ടിരിക്കുന്നു. മേഘാവൃതമായ ആകാശം കൂടുതൽ ഇരുണ്ടു തുടങ്ങിയിരിക്കുന്നു. ഹാരി ഓപ്പറേഷൻസ് റൂമിലേക്ക് നടന്നു. കോൺവാളിലെ കാലാവസ്ഥ ഇപ്പോൾ തൃപ്തികരം ആണെങ്കിലും വെതർ ഫൊർകാസ്റ്റ് അത്ര നല്ലതല്ല. അടുത്ത റൂമിലേക്ക് നീങ്ങവെയാണ് പുറമെ ഒരു സ്റ്റാഫ് കാർ വന്ന് നിൽക്കുന്നത് കണ്ടത്. കാറിൽ നിന്നും ബ്രിഗേഡിയർ ഡോഗൽ മൺറോയും ജാക്ക് കാർട്ടറും പുറത്തേക്കിറങ്ങി. അവർക്ക് പിന്നാലെ ഇറങ്ങിയ മോളി സോബെലിനെ കണ്ടതും ഹാരി അത്ഭുതം കൂറി.

ഓഫീസിന് നേർക്ക് നീങ്ങുന്ന അവരെ കണ്ടതും ലൈസാൻഡറിന്റെ പൈലറ്റ് വിമാനത്തിൽ നിന്നും ഇറങ്ങി അങ്ങോട്ട് നടന്നു. ഹാരിയെ കണ്ട മൺറോ ആഹ്ലാദചിത്തനായി. “ആഹ്, ദേർ യൂ ആർ...”

ഹാരി മോളിയുടെ നേർക്ക് തിരിഞ്ഞു. “നീയും വരുന്നുണ്ടോ ഞങ്ങളോടൊപ്പം...?”

“അതെ...”

“ഒരു മുൻകരുതൽ എന്ന നിലയിൽ...” മൺറോ പറഞ്ഞു. “അപകടകരമായ ദൗത്യത്തിൽ കാഷ്വാലിറ്റീസും ഉണ്ടാകാൻ സാദ്ധ്യതയുണ്ടല്ലോ... മോളിയും കൂടിയുണ്ടെങ്കിൽ എളുപ്പമായി...”

ഹാരി ജാക്ക് കാർട്ടറെ നോക്കി. “ആഹാ, മേജർ ആയി അല്ലേ...? അഭിനന്ദനങ്ങൾ...”

“താങ്കൾക്കും...”

പരസ്പരം ഹസ്തദാനം നൽകവെ ലൈസാൻഡറിന്റെ പൈലറ്റ് അവർക്കരികിലെത്തി.

“ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് ഗ്രാന്റ്...” മൺറോ പറഞ്ഞു. “ടാംങ്മിയറിൽ നിന്നും ഇന്നലെ രാത്രി ഇവിടെയെത്തി... ഫ്രാൻസിൽ എനിക്ക് വേണ്ടി ധാരാളം ഡ്രോപ്പ്സ് നടത്തിയിട്ടുണ്ട്... തന്റെ ജോലിയിൽ ബഹുകേമൻ...”

നീണ്ട മീശയുള്ള, ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരനായിരുന്നു ഗ്രാന്റ്. “താങ്കളെ ആദ്യമായിട്ടാണ് കാണുന്നത് സർ...” അയാൾ ഹാരിയോട് പറഞ്ഞു. പിന്നെ മൺറോയുടെ നേർക്ക് തിരിഞ്ഞു. “ഞാൻ കാലാവസ്ഥാ റിപ്പോർട്ട് ചെക്ക് ചെയ്തിട്ട് വരാം...”

“വെതർ ഫൊർകാസ്റ്റ് എന്റെ കൈയ്യിലുണ്ട്...” ഹാരി പറഞ്ഞു. “അവിടെ എത്തിപ്പെടുന്നതിന് പ്രശ്നങ്ങളൊന്നുമില്ല... പക്ഷേ, അതിന് ശേഷം മോശം കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്... രാത്രിയിൽ അത്ര സുഖകരമായിരിക്കില്ല...”

ഉത്കണ്ഠ മുഖത്ത് പ്രകടിപ്പിച്ച ഗ്രാന്റ്, ഓപ്പറേഷൻസ് റൂമിലേക്ക് നടന്നു. ഓർഡർലി സെർജന്റ് ചായയുമായി അവർക്കരികിലെത്തി. ഹാരി തന്റെ ഹോൾഡോൾ തുറന്ന് സിഗരറ്റിന്റെ കാർട്ടൺ പുറത്തെടുത്തു. ഹോൾഡോളിന്റെ സമീപത്തായി ഇരിക്കുന്ന സ്വീഡിഷ് ജംപ് ബാഗ് അപ്പോഴാണ് മോളി ശ്രദ്ധിച്ചത്. “സുപ്രസിദ്ധമായ ആ ടർക്വിൻ ആണോ അതിനകത്ത്...?” അവൾ ആരാഞ്ഞു.

“ഓഹ്... നീ കേട്ടിട്ടുണ്ടോ അവനെക്കുറിച്ച്...?”

“തീർച്ചയായും... അവനെ ഒന്ന് കാണുന്നതിൽ വിരോധമുണ്ടോ...?”

“വിരോധമോ... എന്തിന്...?”

അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. ബാഗിന്റെ സിപ്പ് തുറന്ന് മോളി ടർക്വിനെ പുറത്തെടുത്തു. മൺറോയും ജാക്കും തങ്ങളുടെ സംസാരം നിർത്തി.

“ഓഹ്, ഹീ ഈസ് വണ്ടർഫുൾ...” അവനെ നെഞ്ചോട് ചേർത്ത് മോളി പറഞ്ഞു.

“എന്റെ ഡാഡ് റോയൽ  ഫ്ലൈയിങ്ങ് കോർപ്സിന് വേണ്ടി പറന്നപ്പോഴെല്ലാം ഇവൻ കൂടെയുണ്ടായിരുന്നു... അതുകൊണ്ടാണ് RFC വിങ്ങ്സ് അണിഞ്ഞിരിക്കുന്നത്... പിന്നെ, ഈ RAF വിങ്ങ്സ് എന്റെ വകയാണ്... അതിന് അർഹനാണ് ഇവൻ... നൂറ് ശതമാനവും...”

“എവ്‌രി ഫ്ലൈറ്റ്...?” മൺറോ ചോദിച്ചു.

“യെസ്... എവ്‌രി ഫ്ലൈറ്റ്...”

മോളി ടർക്വിനെ തിരികെ ബാഗിനുള്ളിൽ വച്ച് സിപ്പ് വലിച്ചടച്ചു. ഗ്രാന്റ് തിരികെയെത്തി. “വിങ്ങ് കമാൻഡർ പറഞ്ഞത് ശരിയായിരുന്നു ബ്രിഗേഡിയർ... വൈകുന്നേരം ആകുമ്പോഴേക്കും കാലാവസ്ഥ വളരെ മോശമാകുമെന്നാണ് റിപ്പോർട്ട്...”

“ആഹ്, വെൽ... എന്തായാലും പോകുക തന്നെ...” മൺറോ ഹാരിയുടെ നേർക്ക് തിരിഞ്ഞു. “നമുക്ക് കോൾഡ് ഹാർബറിൽ വച്ച് കാണാം...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, January 12, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 46


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹിൽ എല്ലായിടവും ഹാരിയെ കൊണ്ടു നടന്ന് കാണിച്ചു കൊടുക്കുക തന്നെ ചെയ്തു. പ്രത്യേകിച്ചു അവിടുത്തെ മാപ്പ് റൂം. വലിയ ചുമരിൽ വളരെ വിശാലമായ ഒരു ഭൂപടത്തിന്റെ ഭാഗങ്ങൾ സെറ്റ് ചെയ്തുകൊണ്ട് രണ്ട് പേർ തങ്ങളുടെ ജോലിയിൽ വ്യാപൃതരായിക്കുന്നു.

ജർമ്മൻ അധിനിവേശത്തിനായി നാം തിരഞ്ഞെടുത്തിരിക്കുന്ന ഫ്രഞ്ച് തീരത്തിന്റെ മാപ്പാണ്...” ഹിൽ തന്റെ ചുമൽ വെട്ടിച്ചു. “പാവം യുവാക്കൾ...”

അതെന്താ അങ്ങനെ പറഞ്ഞത്...?”

ആ യുവാക്കൾക്കറിയില്ല, ആ ഭൂപടത്തിന്റെ ജോലി തീർന്നു കഴിഞ്ഞാൽ പിന്നെ അവർക്ക് ഇവിടെ നിന്നും പുറത്ത് കടക്കാനുള്ള അനുവാദമില്ല എന്ന കാര്യം... നമ്മുടെ യൂറോപ്യൻ അധിനിവേശം സാക്ഷാത്കരിക്കുന്ന ദിനം എത്തുന്നത് വരെ അവരിവിടെ തടവിലായിരിക്കും...”

ഹാരി ഉറക്കെ ചിരിച്ചു. “യുദ്ധത്തിൽ ഏത് ഭാഗത്താണ് തങ്ങൾ എന്ന ചിന്താക്കുഴപ്പത്തിലാകുമല്ലോ അവർ...”

കുറേ നേരത്തിന് ശേഷം കാന്റീനിൽ ഒരു കോർണറിൽ ഇരുന്ന് സിഗരറ്റിന് തീ കൊളുത്തിയിട്ട് ഹാരി ചായക്കപ്പ് എടുത്ത് അല്പം നുകർന്നു. “ഛെ... ഞാനൊരു ബ്രിട്ടീഷുകാരനായി മാറിയോ...! ചായ മാത്രമേ എനിക്കിപ്പോൾ ഇഷ്ടമുള്ളൂ... കോഫി ഒട്ടും പറ്റുന്നില്ല...”

കുറേ നാളായില്ലേ... അതുകൊണ്ടായിരിക്കും...” ഹിൽ പറഞ്ഞു.

അതെ... 1939 നവംബറിൽ ഫിൻലണ്ടിൽ എത്തിയത് മുതൽ...”

ദൈവമേ...! അഞ്ച് വർഷം...” ഹിൽ ആശ്ചര്യം കൂറി.

നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ...”

“B17  പൈലറ്റാണ്... പതിനൊന്ന് ദൗത്യങ്ങൾ... അവസാനത്തേതിൽ കോക്ക്പിറ്റിൽ ശത്രുവിന്റെ ക്യാനൺ ഫയർ... എന്റെ ഇടതു കൈയ്ക്ക് പാതി സ്വാധീനം മാത്രമേയുള്ളൂ... എനിക്കിനിയൊരിക്കലും വിമാനം പറപ്പിക്കാനാവില്ല... ഇപ്പോഴുള്ള ഈ ജോലി ലഭിച്ചത് തന്നെ ഭാഗ്യം എന്ന് പറയാം...”

യുദ്ധം അവസാനിച്ചു കഴിയുമ്പോൾ എന്തു ചെയ്യും നിങ്ങൾ...?”

യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഞാൻ ഹോളിവുഡിൽ ആയിരുന്നു... പബ്ലിസിറ്റി വിഭാഗത്തിൽ... തിരികെ ചെന്ന് ഞാൻ വീണ്ടും ആ ജോലിയിൽ പ്രവേശിക്കും... യുദ്ധം കഴിയുമ്പോൾ കുറേയേറെ ചിത്രങ്ങൾ ഇറങ്ങുവാൻ സാദ്ധ്യതയുണ്ട്, വ്യോമ മേഖലയുമായി ബന്ധപ്പെട്ട്... ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ സംഭവിച്ചതു പോലെ... ആട്ടെ, എന്തു ചെയ്യാനാണ് താങ്കളുടെ പ്ലാൻ...?”

ഞാൻ അധികമൊന്നും ചിന്തിച്ചിട്ടില്ല... അതിനൊക്കെ ഇനിയും ധാരാളം സമയമുണ്ടല്ലോ...”

മനസ്സിലാവുന്നു...”

അൽപ്പ സമയം കഴിഞ്ഞതും ഒരു ഓർഡർലി വന്ന് ജനറൽ ഐസൻഹോവറും ആബെയും ഡൈനിങ്ങ് റൂമിൽ അവരെ കാത്തിരിക്കുന്നതായി അറിയിച്ചു.

ബീഫ് റോസ്റ്റും യോക്‌ഷയർ പുഡ്ഡിങ്ങും കഴിച്ചു കൊണ്ടിരിക്കെ ഐസൻഹോവർ ചർച്ച ആരംഭിച്ചു. “വിങ്ങ് കമാൻഡർ, ഐ ഹാവ് റ്റു ബീ ഫ്രാങ്ക് വിത്ത് യൂ... നമ്മുടെ എയർഫോഴ്സിലേക്ക് നിങ്ങൾ ട്രാൻസ്ഫർ ആവേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്... തത്തുല്ല്യമായ പദവിയോടെ... എന്നു വച്ചാൽ ലെഫ്റ്റ്നന്റ് കേണൽ പദവി...”

സ്വയം നിയന്ത്രിക്കാൻ ഹാരി കഠിനപ്രയത്നം നടത്തുകയായിരുന്നു. വേറെ ആരുമല്ല, ജനറൽ ഐസൻഹോവറാണ് തന്നോട് സംസാരിക്കുന്നത്. മാന്യത ഒട്ടും കൈവെടിയാതെ ഹാരി തന്റെ അഭിപ്രായം പറഞ്ഞു. “ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന ജോലിയിൽ ഞാൻ വളരെ സന്തുഷ്ടനാണ് ജനറൽ... ആ നിലയിൽത്തന്നെ അവസാനിപ്പിക്കുവാനാണ് എന്റെ ആഗ്രഹം...”

നിങ്ങളുടെ മുത്തശ്ശൻ പറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കറിയാം... അമേരിക്കൻ പ്രസിഡന്റിന്റെ ആഗ്രഹമാണിത്... പിന്നെ നിങ്ങളുടെ സുപ്രീം കമാൻഡർ എന്ന നിലയിൽ എന്റെയും... എന്തായാലും അധികം തർക്കത്തിന് മുതിരാതെ നമുക്ക് ഭക്ഷണം കഴിച്ചു തീർക്കാം... ബീഫ് വളരെ നന്നായിട്ടുണ്ട്...”

രാത്രിയിൽ സവോയ് ഹോട്ടലിൽ വച്ച് ഹാരിയ്ക്ക് മൺറോയുടെ ഫോൺ കോൾ വന്നു. “ഐസൻഹോവറുമായുള്ള കൂടിക്കാഴ്ച്ച എങ്ങനെയുണ്ടായിരുന്നു...?”

എന്താ ഞാൻ പറയുക... സ്വമനസ്സാലെ അമേരിക്കൻ എയർഫോഴ്സിലേക്ക് മാറുവാൻ എനിക്ക് ഒരാഴ്ച്ചത്തെ സമയം തന്നിട്ടുണ്ട്... അതിന് ശേഷം പിന്നെ എന്റെ അഭിപ്രായത്തിന് ഒരു പ്രസക്തിയുമുണ്ടാകില്ല... ടെഡ്ഡി വെസ്റ്റ് എവിടെയാണെന്ന് വല്ല രൂപവുമുണ്ടോ താങ്കൾക്ക്...?”

ഞാൻ അന്വേഷിക്കട്ടെ... എന്തായാലും അടുത്ത രണ്ട് ദിവസത്തേക്ക് ഇതേക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട... അതിനുള്ള പണി ഞാൻ കണ്ടിട്ടുണ്ട്...” മൺറോ പറഞ്ഞു.

എന്താണത്...? എന്തായാലും വേണ്ടില്ലായിരുന്നു...”

വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയെ ഫ്രാൻസിൽ നിന്നും പിക്ക് ചെയ്യേണ്ടതുണ്ട്... കോൾഡ് ഹാർബറിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഒരു ലൈസാൻഡറിൽ... നിങ്ങൾ ആ ലൈസാൻഡർ പറപ്പിക്കുകയൊന്നും വേണ്ട... പക്ഷേ, ആ ദൗത്യത്തിനെ ഒരു നിഴൽ പോലെ പിന്തുടരണം... ഒരു ഹരിക്കെയ്നിൽ... വളരെ പ്രമുഖനായ വ്യക്തിയാണ്... ചാൾസ് ഡിഗോളിന്റെ സംഘടനയിലെ ഒരു ഉന്നതൻ... എന്താ, തയ്യാറല്ലേ...?”

മൈ ഗോഡ്, യെസ്...”

വെസ്റ്റ് അപ്രൂവ് ചെയ്യുകയാണെങ്കിൽ അതിന്റെ അർത്ഥം എന്റെ സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രണോടൊപ്പം ഒഫിഷ്യൽ ടൂറിൽ നിങ്ങൾ പങ്കാളിയാവുക എന്നതാണ്... അത്തരം ടൂർ എന്ന് പറഞ്ഞാൽ അറുപതോളം ഓപ്പറേഷനുകൾ വരെ നീളാം എന്ന് നിങ്ങൾക്കറിയാമല്ലോ...”

തീർച്ചയായും...”

അങ്ങനെ തൽക്കാലം നിങ്ങളെ ഞാൻ രക്ഷിച്ചിരിക്കുന്നു...” മൺറോ ഫോൺ കട്ട് ചെയ്തു.

എവ്‌രി തിങ്ങ് ഓകെ...?” ആബെ ചോദിച്ചു.

നാളെ മുതൽ തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കണമത്രെ... സ്പെഷൽ ജോബ്... സോറി മുത്തശ്ശാ... എന്റെ ജോലി എന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെയാണ്...”

കഠിനമായ ജോലിയായിരിക്കുമോ...?”

വിമാനം പറത്തുക എന്നത് തന്നെ... വർഷങ്ങളായി അതു തന്നെയാണല്ലോ ഞാൻ ചെയ്തു കൊണ്ടിരിക്കുന്നതും... മുത്തശ്ശൻ എന്തായാലും മറ്റന്നാൾ തിരിച്ചു പോകുകയുമാണല്ലോ...”

ശരിയാണ്...” ആബെ തല കുലുക്കി. “നിന്നെ കാണാൻ കഴിഞ്ഞതിൽ എന്തുമാത്രം സന്തോഷമുണ്ടെനിക്കെന്ന് അറിയുമോ...?” അദ്ദേഹം വല്ലാതെ വികാരാധീനനായി. “എന്നാലിനി ഉറങ്ങാൻ പോകട്ടെ ഞാൻ...”

ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒരു സിഗരറ്റിന് തീ കൊളുത്തി ഹാരി ജാലകത്തിനരികിലേക്ക് നീങ്ങി. താഴെ തെംസ് നദിയിൽ മങ്ങിയ വെളിച്ചവുമായി നീങ്ങുന്ന നൗകകൾ... അദ്ദേഹം തിരിഞ്ഞ് മേശപ്പുറത്തേക്ക് നോക്കി. അരണ്ട വെട്ടത്തിൽ തന്നെത്തന്നെ തുറിച്ച് നോക്കിക്കൊണ്ട് ഇരിക്കുന്ന ടർക്വിൻ...

എന്നാൽ പിന്നെ നമുക്ക് വീണ്ടും യാത്ര തുടങ്ങിയാലോ കൂട്ടുകാരാ...?” അതിനെ നോക്കി ഹാരി ചോദിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...