Saturday, August 17, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 35


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബെർലിനിൽ നിന്നും ഒരു ജങ്കേഴ്സ് 88Sൽ കോസ്റ്റൽ എയർബേസ് ആയ ഫെർമൻവിലേയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് മാക്സ്. സാധാരണ നിലയിൽ ഒരു ജങ്കേഴ്സിൽ മൂന്ന് വൈമാനികർ ഉണ്ടായിരിക്കേണ്ടതാണ്. പൈലറ്റ്,  ഒരു നാവിഗേറ്റർ, ഒരു റിയർ ഗണ്ണർ. പക്ഷേ, വെറുമൊരു കൊറിയർ സർവീസ് എന്ന നിലയിൽ പോകുന്നതിനാൽ ഇത്തവണ പൈലറ്റ് മാത്രമേയുള്ളൂ. വാസ്തവത്തിൽ മാക്സിന് ഈ യാത്രയുടെ ആവശ്യം പോലുമുണ്ടായിരുന്നില്ല. പക്ഷേ, ഗാലന്റിന്റെ കാര്യം പറഞ്ഞത് പോലെ പറക്കുവാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തിന് തടഞ്ഞു നിർത്താനായില്ല.

പുലർച്ചെ രണ്ടു മണിയ്ക്ക് ലെ ടുക്കേയുടെ സമീപത്ത് വച്ച് അദ്ദേഹം തീരത്തിന് മുകളിലെത്തി. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മേഘശകലങ്ങളും ആകാശത്തിൽ തെളിഞ്ഞ് നിൽക്കുന്ന അർദ്ധചന്ദ്രനും വ്യക്തമായി കാണാനാവുന്നുണ്ട്. സാമാന്യം ഭേദപ്പെട്ട വിസിബിലിറ്റി. ഫെർമൻവിലെയിലെ നൈറ്റ് ഫൈറ്റർ ബേസിലേക്ക് വിളിച്ച് മാക്സ് തന്റെ പൊസിഷൻ അറിയിച്ചു.

ഹൂ ആർ യൂ...?” ഗ്രൗണ്ട് കൺട്രോളറുടെ സ്വരം മാക്സിന്റെ ഹെഡ്ഫോണിൽ മുഴങ്ങി.

കേണൽ വോൺ ഹാൾഡർ ഡെലിവെറിങ്ങ് എ ന്യൂ ബ്ലാക്ക് ബേർഡ് ഫോർ യൂ...”

താങ്കളോടൊപ്പം ക്രൂ ഉണ്ടോ...?”

ഇല്ല...”

കഷ്ടമായിപ്പോയല്ലോ ബാരൺ... ഐ ഹാവ് എ ടാർഗറ്റ്...”

ഗിവ് മി ദി പൊസിഷൻ ആന്റ് ഐ വിൽ ടേക്ക് എ ലുക്ക്...”

സ്റ്റിയർ നോട്ട്-സിക്സ്-സെവൻ ഡിഗ്രീസ്... ടാർഗറ്റ് റേഞ്ച് ഫൈവ് കിലോമീറ്റേഴ്സ്...”

മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും ജങ്കേഴ്സ് പുറത്തേക്ക് കടന്നു. അല്പം മുകളിൽ മുന്നിലായി തന്റെ ഇരയെ മാക്സ് കണ്ടു. വലതുവശത്തെ എൻജിനുകളിൽ ഒന്നിൽ നിന്നും പുക നിർഗ്ഗമിച്ചു കൊണ്ട് പോകുന്ന ഒരു ലങ്കാസ്റ്റർ ബോംബർ.

എനിക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്...” അദ്ദേഹം ലൈൻ ക്ലോസ് ചെയ്തു.

വളരെ ദയനീയമായിരുന്നു ആ ലങ്കാസ്റ്ററിന്റെ അവസ്ഥ. റിയർ ഗണ്ണറുടെ ടററ്റ് അപ്രത്യക്ഷമായിരിക്കുന്നു. മേഘക്കൂട്ടത്തിനിടയിൽ ഏതാണ്ട് അറുനൂറ് അടിയോളം താഴേക്ക് ചെന്നിട്ട് അദ്ദേഹം ആ ബോംബർ വിമാനത്തിന്റെ അടിഭാഗത്ത് എത്തി മുകളിലേക്ക് ഉയർന്നു. എന്നിട്ട് അതിന്റെ അടിഭാഗത്തു കൂടി സമാന്തരമായി പറന്നു. മുകളിലേക്ക് ലക്ഷ്യം വച്ച് ഒരു ജോഡി 20mm പീരങ്കികൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു ജങ്കേഴ്സ് 88S. വെടിയുതിർത്താൽ മുകളിലത്തെ വിമാനത്തിന്റെ അടിവയർ കൃത്യമായി പിളരുമെന്നത് നൂറ് ശതമാനവും ഉറപ്പാണ്.

മാക്സ് മുകളിലേക്ക് നോക്കി. വികലാംഗനായി പറന്നുകൊണ്ടിരിക്കുന്ന ആ വിമാനത്തിന് നേർക്ക് ഫയർ ചെയ്താൽ ഉണ്ടാകാൻ പോകുന്ന ഭീകരാവസ്ഥയെക്കുറിച്ച് ഒരു നിമിഷം അദ്ദേഹം ചിന്തിച്ചു. ഫ്യൂസലേജിലെ സുഷിരങ്ങളിലൂടെ ചൂളമടിച്ച് ഉള്ളിലേക്കെത്തുന്ന തണുത്ത കാറ്റ്... മരിച്ചവരും മരിക്കാൻ പോകുന്നവരുമായ വൈമാനികർ...  അജ്ഞാതമായ ഏതോ വികാരത്താൽ തന്നേപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം മന്ത്രിച്ചു. “അല്ലെങ്കിൽ വേണ്ട... പൊയ്ക്കോട്ടെ...” അദ്ദേഹം ഒരു വശത്തേക്ക് വിമാനത്തെ വീശിയെടുത്തു. തെളിഞ്ഞ നിലാവെട്ടത്തിൽ ആ ലങ്കാസ്റ്ററിന്റെ പൈലറ്റിനെ അദ്ദേഹത്തിന് വ്യക്തമായി കാണാമായിരുന്നു. കൈ ഉയർത്തി അയാളെ സല്യൂട്ട് ചെയ്തിട്ട് മാക്സ് ദൂരേയ്ക്ക് പറന്നകന്നു.

ഫെർമൻവിലെയിൽ ലാന്റ് ചെയ്ത് ഗ്രൗണ്ട് ക്രൂവിനരികിൽ വിമാനം നിർത്തി മാക്സ് പുറത്തിറങ്ങി. അവർ അദ്ദേഹത്തിനരികിലേക്ക് നടന്നടുത്തു. സിഗരറ്റ് വലിച്ചുകൊണ്ട് അവിടെ നിന്നിരുന്ന മേജർ പദവിയിലുള്ള ഇന്റലിജൻസ് ഓഫീസറായ ഷുൾട്സ് മാക്സിനോട് ചോദിച്ചു.
എന്താണ് സംഭവിച്ചത് ബാരൺ...? എന്തായിരുന്നു അത്...?”

ഒരു ലങ്കാസ്റ്റർ ആയിരുന്നു... എൻജിൻ തകരാറ് കൊണ്ടാണെന്ന് തോന്നുന്നു, പുക വമിക്കുന്നുണ്ടായിരുന്നു... കനത്ത മേഘക്കൂട്ടങ്ങൾക്കുള്ളിലേക്ക് മറഞ്ഞതിനാൽ ഒറ്റ നോട്ടമേ കാണാൻ സാധിച്ചുള്ളൂ... നാവിഗേറ്ററും റിയർ ഗണ്ണറും ഇല്ലാത്തതിനാൽ എനിക്ക് അതിനെ പിന്തുടരാൻ കഴിഞ്ഞില്ല...”

സാരമില്ല... അടുത്ത തവണയാകട്ടെ...”

ടാർമാക്കിൽ ബൂട്ട്സ് ഉരച്ചു കൊണ്ട് മാക്സ് ഓഫീസേഴ്സ് മെസ്സിന് നേർക്ക് നടന്നു. അദ്ദേഹത്തിന്റെ മനസ്സ് അങ്ങേയറ്റം അസ്വസ്ഥവും വിഷാദപൂർണ്ണവും ആയിരുന്നു. കൃത്യമായ ടാർഗറ്റ് ആയിരുന്നിട്ട് കൂടി വിട്ടു കളഞ്ഞു... എന്തു കൊണ്ട്...? ഇത്തരമൊരു ദാക്ഷിണ്യം താൻ ഇതിനു മുമ്പ് ആർക്കും കൊടുത്തിട്ടേയില്ല... വെടിവെച്ചിടുക എന്നത് മാത്രമായിരുന്നു എന്നും തന്റെ മനസ്സിൽ...

വാട്ട്സ് ഹാപ്പെനിങ്ങ് റ്റു യൂ ഓൾഡ് ബോയ്...?” ഇംഗ്ലീഷിൽ അദ്ദേഹം മന്ത്രിച്ചു.

മെസ്സ് വിജനമായിരുന്നു എന്ന് വേണം പറയാൻ.  ഗ്രൂപ്പ് കമാൻഡർ കേണൽ ഹോപ്റ്റ് മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. തന്റെ പഴയ ഒരു സഹപ്രവർത്തകൻ. ചായ കുടിച്ചു കൊണ്ടിരുന്ന അയാൾ മാക്സിനെ കണ്ടതും ആഹ്ലാദം പ്രകടിപ്പിച്ചു.

മാക്സ്... അങ്ങനെ വീണ്ടും നമ്മൾ കണ്ടുമുട്ടി... എന്താണ് ആകാശത്ത് സംഭവിച്ചത്...?”

ഗ്രൗണ്ട് ക്രൂവിനോട് പറഞ്ഞ അതേ വിശദീകരണം തന്നെ അദ്ദേഹം അവിടെയും ആവർത്തിച്ചു. പിന്നെ കോഫിയും ഷ്നാപ്സും ഓർഡർ ചെയ്തു.

നാവിഗേറ്ററും റിയർ ഗണ്ണറും ഇല്ലാതെ എന്ത് ചെയ്യാൻ പറ്റും നമുക്ക്...” ഹോപ്റ്റ് അഭിപ്രായപ്പെട്ടു.

അതെ... ആ ബ്രിട്ടീഷുകാരന്റെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ... സുരക്ഷിതമായി തിരിച്ചെത്തിക്കാണും എന്ന് വിചാരിക്കുന്നു...” മാക്സ് പറഞ്ഞു.

നമ്മുടെ രാജ്യത്തിന് മേൽ ബോംബിങ്ങ് നടത്തിയിട്ട്....?”

ഓൾ റൈറ്റ്... നിങ്ങളുടെ വികാരം ഞാൻ മനസ്സിലാക്കുന്നു...”

ഇതറിഞ്ഞാൽ ഗാലന്റ് എന്താണ് പറയുക എന്നറിയുമോ...? അദ്ദേഹമിത് സഹിക്കുമെന്ന് തോന്നുന്നുണ്ടോ...?” ഹോപ്റ്റ് ചോദിച്ചു.

നിങ്ങൾ ഇക്കാര്യം അദ്ദേഹത്തോട് പറയാതിരിക്കില്ല എന്നെനിക്കറിയാം...”

പറഞ്ഞല്ലേ പറ്റൂ എനിക്ക്...”

മാക്സ് ചുമൽ വെട്ടിച്ചു. “ചങ്കൂറ്റമുള്ളവനാണ് അദ്ദേഹം... ബെർലിനിൽ വച്ച് അദ്ദേഹത്തെ ഞാൻ കണ്ടിരുന്നു... ജനുവരിയോടെ എന്നെ വീണ്ടും ഫൈറ്റർ വിമാനങ്ങളിലേക്ക് മാറ്റാമെന്ന് അദ്ദേഹം വാക്കു തന്നിട്ടുണ്ട്...”

ഹോപ്റ്റ് പുരികം ചുളിച്ചു. “മാക്സ്... നിങ്ങൾക്ക് ഇനിയും മതിയായില്ലേ...? ഡാംൻ ഇറ്റ് മാൻ... ഇത് തന്നെ ഒരു അത്ഭുതമാണ്................” പറയാൻ വന്നത് അയാൾ പെട്ടെന്ന് നിർത്തി

മാക്സ് പുഞ്ചിരിച്ചു. “ഞാൻ ഇപ്പോൾ ഇവിടെ ജീവനോടെ ഇരിക്കുന്നത് എന്നല്ലേ...? ശരിയാണ് സുഹൃത്തേ... പഴയ സഹപ്രവർത്തകരിൽ അധികം പേരും നമ്മെ വിട്ടു പോയിരിക്കുന്നു... ആരോ പറയുന്നത് കേട്ടു, ബാറ്റ്‌ൽ ഓഫ് ബ്രിട്ടനിൽ പങ്കെടുത്തവരിൽ ഇരുപത് ശതമാനം പേർ മാത്രമേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂ എന്ന്...” അദ്ദേഹം വീണ്ടും മന്ദഹസിച്ചു. “നിങ്ങളും ഞാനും അവരിൽ രണ്ടു പേർ... ഡോൾഫോയെയും കൂടി ചേർത്താൽ മൂന്ന്... പിന്നെ എന്റെ സഹോദരൻ കൂടിയുണ്ട്... പക്ഷേ, അവനെക്കുറിച്ച് നമുക്കിവിടെ പറയാനാവില്ലല്ലോ...”
മാക്സ് ഒരു ഷ്നാപ്സിന് കൂടി ഓർഡർ കൊടുത്തു. ഹോപ്റ്റ് തുടർന്നു. “ഇനിയും എന്തിനാണ് ഫൈറ്റർ തന്നെ വേണമെന്ന് നിർബ്ബന്ധം പിടിക്കുന്നത് മാക്സ്...? നിങ്ങളുടെ റെക്കോർഡും ബഹുമതികളും വച്ച് നോക്കിയാൽ ഒരു പെർമനന്റ് സ്റ്റാഫ് ജോബ് ലഭിക്കുവാൻ ഒട്ടും ബുദ്ധിമുട്ടില്ലല്ലോ...”

ഇറ്റ്സ് വാട്ട് ഐ ഡൂ... ഫ്ലൈയിങ്ങ് ഈസ് വാട്ട് അയാം...” മാക്സ് പറഞ്ഞു. “റോയൽ ഫ്ലൈയിങ്ങ് കോർപ്സിന് വേണ്ടി ബ്രിസ്റ്റളുകൾ പറത്തിയിട്ടുണ്ട് എന്റെ പിതാവ്... യുദ്ധം കഴിഞ്ഞ് ബോസ്റ്റണിലെ വീട്ടിൽ തിരികെയെത്തിയപ്പോൾ ഒരു ബ്രിസ്റ്റൾ വിമാനം വാങ്ങി അദ്ദേഹം ലോക്കൽ എയർഫീൽഡിൽ ഇട്ടു. എനിക്കും ഹാരിയ്ക്കും പത്ത് വയസ്സായതും ഞങ്ങളെ ഇരുവരെയും പിന്നിലെ കോക്ക്പിറ്റിലെ ബെൽറ്റിൽ ബന്ധിച്ച് അദ്ദേഹം പറക്കുവാനിറങ്ങി... പിന്നീടങ്ങോട്ട് എന്തെല്ലാം അനുഭവങ്ങൾ... പതിനാറ് വയസ്സുള്ളപ്പോഴാണ് ഞാൻ തിരികെ സ്റ്റേറ്റ്സിലേക്ക് പോയത്... അന്ന് ഞാനും സഹോദരനും വിമാനം പറത്തുവാൻ പഠിച്ചു. റോയൽ ഫ്ലൈയിങ്ങ് കോർപ്സിലെ പഴയൊരു പൈലറ്റ് ആയിരുന്നു പരിശീലകൻ... ആ വിഷയത്തിൽ ഞങ്ങൾ മിടുക്കന്മാരായിരുന്നു കേണൽ... മിടുമിടുക്കന്മാർ...” അദ്ദേഹം ചുമൽ വെട്ടിച്ചു. “അതിന് ശേഷം ഫ്ലൈയിങ്ങിനേക്കാൾ പ്രധാനമായി മറ്റൊന്നും തന്നെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല...”

ഹോപ്റ്റ് തല കുലുക്കി. “എനിക്ക് മനസ്സിലാവുന്നു... എങ്കിലും നിങ്ങളുടെ കഥയിൽ ഏറ്റവും ഇന്ററസ്റ്റിങ്ങ് ആയി എനിക്ക് തോന്നിയത് എന്താണെന്നറിയുമോ മാക്സ്...? 1917 ലെ വെസ്റ്റേൺ ഫ്രണ്ട് വാറിലെ ധീരയോദ്ധാവായ നിങ്ങളുടെ പിതാവ് യുദ്ധം കഴിഞ്ഞിട്ടും വർഷങ്ങളോളം അതേ ഫൈറ്റർ വിമാനം പറത്തിക്കൊണ്ടിരുന്നു... എന്തു കൊണ്ട്...?”

കമിൻ ഡോക്ടർ ഫ്രോയ്ഡ്... “ ചിരിച്ചു കൊണ്ട് മാക്സ് തല കുലുക്കി. “നിങ്ങൾ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായി... അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അതായിരുന്നു... അത്  നഷ്ടപ്പെടുത്തുവാൻ അദ്ദേഹം ആഗ്രഹിച്ചില്ല...”

എന്ന് എനിക്കും തോന്നി... എങ്കിലും മാക്സ്... നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കിട്ടിയ അവസരം പാഴാക്കാതെ ഞാൻ ഇതിൽ നിന്നും എന്നോ പുറത്ത് കടന്നേനെ...”

അതേക്കുറിച്ച് ആലോചിച്ച് മാക്സ് ഒരു നിമിഷം ഇരുന്നു. “നിങ്ങളുടെ കാഴ്ച്ചപ്പാട് ഒരു പക്ഷേ ശരിയായിരിക്കാം... എന്തായാലും ശരി... നാളെ അബ്ബെവിലേയിലേക്ക് പറക്കാനുള്ളതാണ്... അൽപ്പമൊന്ന് ഉറങ്ങണം...” വാതിലിനരികിൽ  എത്തിയ അദ്ദേഹം ഒന്ന് സംശയിച്ച് നിന്നു. “പറയൂ സുഹൃത്തേ... ഇതൊക്കെ മതിയായി എന്ന തോന്നൽ എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ നിങ്ങൾക്ക്...? എല്ലാം കളഞ്ഞിട്ട് പോകാനുള്ള തോന്നൽ...? എല്ലാം അവസാനിച്ചു എന്ന തോന്നൽ...?”

യെസ്... നമുക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ... എത്രയോ വർഷങ്ങളായി തുടരുന്ന യുദ്ധം...” മടുപ്പ് കലർന്ന സ്വരത്തിൽ ഹോപ്റ്റ്  പറഞ്ഞു. “ഗോ ഓൺ... ഗോ റ്റു ബെഡ്, മാക്സ്...”

വാതിൽ അടഞ്ഞു. ഹോപ്റ്റ് അവിടെത്തന്നെ ഇരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം നിറഞ്ഞിരുന്നു. “ഒരു കോണ്യാക്ക് തരൂ... അല്പം ആശ്വാസം കിട്ടുമോ എന്ന് നോക്കട്ടെ...” അദ്ദേഹം ബാർമാനോട് പറഞ്ഞു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Monday, August 5, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 34


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ബേക്കർ സ്ട്രീറ്റിലുള്ള SOE ഓഫീസിലെ ജോലി, വാർ ഓഫീസിൽ ആയിരുന്നപ്പോഴത്തെക്കാളും വളരെ രസകരമായി സാറാ ഡിക്സണ് തോന്നി. അഡ്മിനിസ്ട്രേറ്റിവ് ജോലി ആയിരുന്നുവെങ്കിലും ഒരു കാര്യത്തിൽ അവൾ സന്തുഷ്ടയായിരുന്നു. കാരണം, ഇതുവരെ കേട്ടറിവ് മാത്രം ഉള്ള പല ഉന്നതരെയും നേരിൽ കാണുവാൻ സാധിച്ചു എന്നത് തന്നെയായിരുന്നു. ഉദാഹരണത്തിന് ബ്രിഗേഡിയർ ഡോഗൽ മൺറോ, ജാക്ക് കാർട്ടർ തുടങ്ങിയവരെയെല്ലാം... ഒരു നാൾ എയർ വൈസ് മാർഷൽ ടെഡ്ഡി വെസ്റ്റ്, ഹാരി കെൽസോയോടൊപ്പം അവിടെയെത്തി.

ആ വിങ്ങ് കമാൻഡർ ഇല്ലേ...?” മാഡ്ജ് സ്മിത്ത് എന്ന സഹപ്രവർത്തകയോട് കാന്റീനിൽ വച്ച് അവൾ പറഞ്ഞു. “അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് അമേരിക്കക്കാരനാണെന്ന് തോന്നുന്നു... പക്ഷേ, യൂണിഫോമിലെ ബാഡ്ജിൽ ഫിൻലണ്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്...”

, അത് കെൽസോ ആണ്... ഹാരി കെൽസോ... എ റിയൽ എയ്സ്... ഓർസിനി എന്ന ഇറ്റാലിയൻ കപ്പൽ തകർത്ത് മുക്കിക്കളഞ്ഞത് അദ്ദേഹമാണ്... നിങ്ങൾ മനസ്സിലാക്കിയത് ശരിയാണ്... അദ്ദേഹം അമേരിക്കക്കാരൻ തന്നെയാണ്...” മാഡ്ജ് പറഞ്ഞു.

എങ്കിൽ പിന്നെ എന്താണ് അദ്ദേഹം അമേരിക്കൻ എയർഫോഴ്സിലേക്ക് പോകാത്തത്...?”

അതെനിക്കറിയില്ല... എയർ വൈസ് മാർഷൽ വെസ്റ്റിന്റെ സഹായിയാണ് അദ്ദേഹം... അത്രയും എനിക്കറിയാം... മാത്രവുമല്ല, മൺറോയ്ക്ക് വേണ്ടി കൊറിയർ വർക്കും അദ്ദേഹം ചെയ്യുന്നുണ്ട്...”

കൊറിയർ വർക്കോ...?”

ടാംഗ്‌മിയറിൽ നിന്നും ക്രോയ്ഡണിൽ നിന്നുമുള്ള സ്പെഷൽ ഡ്യൂട്ടി ഫ്ലൈറ്റുകൾ അദ്ദേഹമാണ് പറത്തുന്നത്... കോൺവാളിലുള്ള നമ്മുടെ ബേസ് ആയ കോൾഡ് ഹാർബറിലേക്ക്...”

വെരി ഇന്ററസ്റ്റിങ്ങ്...” സാറ പറഞ്ഞു.

എന്നാൽ അതിലും ഇന്ററസ്റ്റിങ്ങ് ആയ സംഭവം നടന്നത് ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞിട്ടായിരുന്നു. “മൈ ഡിയർ... കോപ്പിയിങ്ങ് റൂമിൽ നെല്ലിയുടെ അടുത്തു ചെന്ന് ഈ ഫയലിന്റെ അഞ്ച് കോപ്പി എടുത്തു തരാൻ പറയൂ...” മാഡ്ജ് സ്മിത്ത് അവളോട് പറഞ്ഞു.

താഴത്തെ നിലയിലേക്കുള്ള പടവുകളിറങ്ങി ഇടനാഴിയിലൂടെ നീങ്ങുന്നതിനിടയിൽ അവൾ ആ ഫയൽ ഒന്ന് ഓടിച്ചു നോക്കി. ഏതോ ഒരു വാർ ഓഫീസ് ഡിപ്പാർട്മെന്റിലേക്കുള്ള കവറിങ്ങ് ലെറ്ററും കോൾഡ് ഹാർബറിന്റെ ഒരു മാപ്പും സാധാരണയായി അവിടെ എത്താറുള്ള വിവിധ വിമാനങ്ങളുടെ വിശദാംശങ്ങളുമായിരുന്നു അതിൽ. കോൾഡ് ഹാർബറിൽ നിന്നും ഫ്രാൻസിലേക്ക് ഡ്രോപ്പിങ്ങിന് പോകുന്ന ലൈസാൻഡറുകളുടെയും ലണ്ടനിലെ ക്രോയ്ഡണിൽ നിന്നും കോൾഡ് ഹാർബറിലേക്ക് എത്തുന്ന ലൈസാൻഡറുകളുടെയും വിശദവിവരങ്ങളും എന്നു വേണ്ട, പൈലറ്റുമാരുടെ പേരുകൾ പോലും അതിൽ എടുത്തു പറഞ്ഞിരുന്നു. ഹാരി കെൽസോയുടെ നാമവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല അവൾക്ക്. വിലമതിക്കാനാവാത്ത ഒരു റിപ്പോർട്ടാണ് തന്റെ കൈയിൽ എത്തിപ്പെട്ടിരിക്കുന്നത്. കോപ്പി റൂമിൽ എത്തിയപ്പോൾ  മദ്ധ്യവയസ്കയായ നെല്ലി ഏതാനും കടലാസുകൾ അടുക്കി വച്ചു കൊണ്ടിരിക്കുകയായിരുന്നു.

നെല്ലീ... അവർക്കിത് പെട്ടെന്ന് വേണമത്രെ... അഞ്ച് കോപ്പികൾ...” സാറ പറഞ്ഞു.

എന്റെ ദൈവമേ... വല്ലാത്തൊരു ദിവസം തന്നെ ഇന്ന്... അങ്ങോട്ടുമിങ്ങോട്ടും ഓടിയതിന് ഒരു കണക്കുമില്ല... നിങ്ങൾക്കറിയുമോ, ഒന്ന് ബാത്ത് റൂമിൽ പോകാൻ പോലും സമയം കിട്ടിയില്ല ഇതുവരെ...”

എന്നാൽ ശരി പോയിട്ട് വരൂ... കോപ്പി ഞാൻ തന്നെ എടുത്തോളാം...”

... എങ്ങനെയാണ് ഞാൻ നന്ദി പറയുക മൈ ഡിയർ...”

അവർ പുറത്ത് പോയതും സാറ ഷീറ്റുകൾ ഓരോന്നായി മെഷീനിലേക്ക് വച്ചു കൊടുത്തു. അടുത്ത നിമിഷം മെഷീനിൽ നിന്നും പുറത്തു വന്ന പേജുകൾ ഒരുമിച്ച് ചേർത്ത് മടക്കി തന്റെ ജാക്കറ്റിന്റെ പോക്കറ്റിനുള്ളിൽ തിരുകി. അതിന് ശേഷം അവയുടെ അഞ്ച് കോപ്പികൾ എടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അത് അവസാനിക്കാറായപ്പോഴേക്കും നെല്ലി തിരിച്ചെത്തി.

ഇതാ കഴിയാറായി...” സാറ പറഞ്ഞു.

ഗോഡ് ബ്ലെസ് യൂ... കിട്ടിയ തക്കത്തിന് ഞാനൊന്ന് പുകയെടുക്കാനും നിന്നു...” നെല്ലി പറഞ്ഞു. അവസാനത്തെ ഷീറ്റ് പുറത്തെത്തിയതും അവർ അത് അഞ്ച് കോപ്പികളായി തരം തിരിച്ച് സ്റ്റേപ്പിൾ ചെയ്തിട്ട് അവൾക്ക് കൈമാറി. “ഇതാ മൈ ഡിയർ... മാഡ്ജിനോട് എന്റെ അന്വേഷണവും പറഞ്ഞേക്കൂ...”

നാലേ നാല് ദിനങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ... ജോയൽ റോഡ്രിഗ്സ് ആ റിപ്പോർട്ടുമായി ബെർലിനിൽ ട്രൂഡിയുടെ ഓഫീസിൽ എത്തി. ഉടൻ തന്നെ അവൾ അതുമായി ഹാർട്ട്മാന്റെ അടുത്തെത്തി. ആ റിപ്പോർട്ട് വായിച്ച ബുബി ഹാർട്മാൻ അവിശ്വസനീയതയോടെ അത് ഉയർത്തിപ്പിടിച്ച് അവളെ നോക്കി.

സ്വർണ്ണമാണ് നമുക്ക് അടിച്ചിരിക്കുന്നത്... വായിച്ചു നോക്കൂ അത്...”

തിടുക്കത്തിൽ അത് വായിച്ചു നോക്കിയ അവളുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു. “ഗുഡ് ഹെവൻസ്... എന്തൊക്കെയാണിത്...! ആ സ്പെഷൽ ഡ്യൂട്ടീസ് പൈലറ്റുമാരിൽ ഒരാളുടെ പേര് ശ്രദ്ധിച്ചുവോ...?”

ഹാരി കെൽസോ...”

താങ്കളിത് ബാരണോട് പറയുമോ...?”

തീർച്ചയായും ഇല്ല... പക്ഷേ, ഹിംലറോട് പറയും... എത്രത്തോളം കാര്യക്ഷമമായിട്ടാണ് നമ്മൾ ജോലി ചെയ്യുന്നത് എന്ന് കാണിക്കുവാൻ... ലണ്ടനിലുള്ള അയാളുടെ സഹോദരന് ഉടൻ തന്നെ ഒരു സന്ദേശം അയക്കുവാൻ റോഡ്രിഗ്സിനോട് പറയൂ... കിട്ടാവുന്ന എല്ലാ വിവരങ്ങളും നമുക്ക് വേണമെന്ന് മിസ്സിസ് ഡിക്സണോട് പറയാൻ പറയൂ...”

തീർച്ചയായും...” ട്രൂഡി പുറത്തേക്ക് നടന്നു.

 (തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...