Sunday, January 27, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 16

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ബോഗ്‌നറിന് സമീപമുള്ള റഡാർ സ്റ്റേഷനുകൾ ആക്രമിക്കാൻ പുറപ്പെട്ട സ്റ്റൂക്കാ ബോംബറുകൾക്ക് ME 109 ൽ അകമ്പടി പറക്കൽ നടത്തുന്ന ചുമതലയായിരുന്നു മാക്സിനും അദ്ദേഹത്തിന്റെ സ്ക്വാഡ്രണിനും ആ ദിവസം. പ്രത്യാക്രമണത്തിനെത്തിയ RAF ന്റെ സ്പിറ്റ്ഫയറുകളുമായി നടത്തിയ തരക്കേടില്ലാത്ത ഡോഗ്ഫൈറ്റിങ്ങിൽ ഒരു സ്പിറ്റ്ഫയറിനെ വെടിവച്ചിടാനും മറ്റൊന്നിന് സാരമായ കേടുപാടുകൾ വരുത്താനും മാക്സിന് സാധിച്ചു. എങ്കിലും തങ്ങളുടെ സ്റ്റൂക്കാ ബോംബറുകളിൽ ഭൂരിഭാഗത്തോടുമൊപ്പം മൂന്ന് ME 109കളും അവർക്ക് നഷ്ടമായി. ഇന്ധന ടാങ്കിന്റെ പരിമിതി കാരണം ഇംഗ്ലീഷ് വൻകരയ്ക്ക് മുകളിൽ അധിക സമയം തങ്ങുവാൻ കഴിയുമായിരുന്നില്ല. ഇന്ധനം തീരുന്നതിന് മുമ്പ് ഇംഗ്ലീഷ് ചാനൽ താണ്ടി തിരിച്ചെത്തുക എന്നത് ആയാസകരം തന്നെയായിരുന്നു. എങ്കിലും അദ്ദേഹം സുരക്ഷിതമായി തിരിച്ചെത്തി ഒന്നര മണിക്കൂറിന് ശേഷം അടുത്ത ആക്രമണത്തിനായി വീണ്ടും ബ്രിട്ടന് മുകളിലെത്തി. ബ്രിട്ടീഷ് തീരപ്രദേശങ്ങളിലെ RAF എയർഫീൽഡുകൾ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ദിനവും ഇത് തന്നെയായിരുന്നു അവസ്ഥ. RAF ന്റെ എയർഫീൽഡുകൾ ഉപയോഗശൂന്യമാക്കുക എന്നതായിരുന്നു ലുഫ്ത്‌വാഫിന്റെ തന്ത്രം. മാക്സും സഹപ്രവർത്തകരും ഡോണിയർ ബോംബറുകൾക്ക് സുരക്ഷയൊരുക്കി ബ്രിട്ടീഷ് വൻകരയ്ക്ക് മുകളിലെത്തും‌. അവരെ തുരത്തുവാനായി ഹാരിയും കൂട്ടുകാരും പറന്നുയരും. ഇരുപക്ഷത്തും ചെറുപ്പക്കാരായ നിരവധി വൈമാനികർ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. റോയൽ എയർഫോഴ്സിനെ അലട്ടിയിരുന്ന പ്രശ്നം നിസ്സാരമായിരുന്നില്ല. ലുഫ്ത്‌വാഫിന് ധാരാളം പൈലറ്റുമാർ ഉണ്ടായിരുന്നു എന്നതായിരുന്നു അത്.  എയർ ചീഫ് മാർഷൽ സർ ഹ്യൂഗ് ഡൗഡിങ്ങ് ഒരിക്കൽ പറയുകയുണ്ടായി, ഒരു RAF പൈലറ്റിന് പകരം നാല് ലുഫ്ത്‌വാഫ് പൈലറ്റുമാർ എന്ന നിലയിൽ വകവരുത്തിയെങ്കിൽ മാത്രമേ അൽപ്പമെങ്കിലും സന്തുലിതാവസ്ഥ കൈവരിക്കാനാവുകയുള്ളൂ എന്ന്. അത് ഒരിക്കലും പ്രായോഗികമായിരുന്നില്ല താനും.

                                      ***

ആഗസ്റ്റ് 30 വരെ അത് അങ്ങനെ തുടർന്നു. അന്നാണ് RAF ഫൈറ്റർ കമാൻഡിന്റെ അഭിമാന കേന്ദ്രമായ ബിഗിൻ ഹിൽ ആക്രമിക്കപ്പെടുന്നത്. ഡോണിയർ ബോംബറുകളുടെ ഒരു സംഘം ആ എയർബേസിന് മുകളിൽ ബോംബുകൾ വർഷിച്ചു. ആ സംഘത്തിന് അകമ്പടി സേവിച്ചിരുന്നവരിൽ മാക്സും ഉണ്ടായിരുന്നു. തിരിച്ചുള്ള യാത്രക്കിടയിൽ RAF ന്റെ സ്പിറ്റ്ഫയറുകൾ അവർക്ക് പിന്നാലെ കുതിച്ചെത്തി. ഫൈറ്റർ വിമാനങ്ങളെ അപേക്ഷിച്ച് വേഗത കുറഞ്ഞ ഡോണിയറുകൾക്ക് സുരക്ഷ ഒരുക്കേണ്ട ചുമതലയുണ്ടായിരുന്നത് കൊണ്ട് മാക്സിന്റെയും കൂട്ടരുടെയും ME 109കൾക്ക് വിലയേറിയ സമയവും ഇന്ധനവും കുറച്ചൊന്നുമല്ല ഇംഗ്ലണ്ടിന് മുകളിൽ പാഴായത്. ഒടുവിൽ ഇംഗ്ലീഷ് ചാനലിന് മുകളിലേക്ക് പ്രവേശിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ കൺട്രോൾ പാനലിൽ ലോ ഫ്യൂവൽ വാണിങ്ങ് ലൈറ്റ് തെളിഞ്ഞിരുന്നു.

ആ നിമിഷമാണ് ഫോക്ക്സ്റ്റണിന് സമീപം കടലിന് മുകളിൽ വച്ച് രണ്ട് ഡോണിയർ വിമാനങ്ങളെ ഹാരി കെൽസോ വെടിവച്ച് വീഴ്ത്തിയത്. എന്നാൽ ജർമ്മൻ വിമാനത്തിന്റെ റിയർ ഗണ്ണർ ഉതിർത്ത വെടിയുണ്ടകളിലൊന്ന് അദ്ദേഹത്തിന്റെ എൻജിനിൽ കൊള്ളുക തന്നെ ചെയ്തു. ഉടൻ തന്നെ "Mayday" സന്ദേശമയച്ചിട്ട് ഹാരി ഫ്ലാപ്പുകൾ ഡ്രോപ്പ് ചെയ്തു. എൻജിൻ കത്തിയെരിയുന്ന രൂക്ഷഗന്ധം അദ്ദേഹത്തിന് അറിയാൻ കഴിയുന്നുണ്ടായിരുന്നു. മനഃസാന്നിദ്ധ്യം കൈവെടിയാതെ അദ്ദേഹം കോക്ക്പിറ്റിന് മുകളിലെ കവചം തുറക്കുവാൻ തുനിഞ്ഞു. കഴിഞ്ഞയാഴ്ചയിലായിരുന്നു വൈറ്റ് ഐലിന് മുകളിൽ വച്ച് ഇതുപോലെ ഒരു എൻജിൻ നഷ്ടപ്പെട്ടത്. അന്ന് രണ്ടായിരം അടി ഉയരത്തിൽ വച്ച് പാരച്യൂട്ടിൽ ചാടിയ ഹാരി ഒരു ദേവാലയത്തിന്റെ അങ്കണത്തിലാണ് ഇറങ്ങിയത്. ചായയും ബിസ്കറ്റും ഡ്രൈ ഷെറിയുമായി രണ്ട് കന്യാസ്ത്രീകളായിരുന്നു അദ്ദേഹത്തെ അന്ന് സ്വീകരിച്ചത്.

എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. നൂറു കണക്കിന് വൈമാനികരുടെ ശവപ്പറമ്പായി മാറിയ ഇംഗ്ലീഷ് ചാനലാണ് താഴെ. ബ്രിട്ടീഷ് തീരത്തേക്ക് തിരികെയെത്താൻ പത്ത് മൈൽ പറക്കാനുണ്ട്. ടർക്വിൻ വിശ്രമിക്കുന്ന ബാഗ് അദ്ദേഹം കൈയെത്തി എടുത്തു. ഇത്തരം അവസരത്തിൽ ഉപയോഗിക്കുവാനായി കരുതിയിരുന്ന സ്ട്രാപ്പും സ്പെഷൽ ക്ലിപ്പും എടുത്ത് ആ ബാഗ് അരയിലെ ബെൽറ്റിനോട് ബന്ധിച്ചു. പിന്നെ എഴുന്നേറ്റ് തല കീഴായി പുറത്തേക്ക് ചാടി.

ആയിരം അടിയിലേക്ക് വീണുകഴിഞ്ഞപ്പോഴാണ് പാരച്യൂട്ട് തുറന്ന് കിട്ടിയത്. പിന്നെ നിമിഷങ്ങൾക്കകം അദ്ദേഹം ശാന്തമായ കടലിലേക്ക് പതിച്ചു. വെള്ളത്തിനടിയിൽ നിന്നും മുകൾപ്പരപ്പിലെത്തിയ ഹാരി തന്റെ ലൈഫ് ജാക്കറ്റ്  ഇൻഫ്ലേറ്റ് ചെയ്തതിന് ശേഷം പാരച്യൂട്ടുമായുള്ള ബന്ധം വേർപെടുത്തി. അരയിൽ ബന്ധിപ്പിച്ച വാട്ടർപ്രൂഫ് ബാഗിൽ ടർക്വിൻ വെള്ളത്തിൽ ചാഞ്ചാടുന്നുണ്ടായിരുന്നു. മേലെ തെളിഞ്ഞ മാനത്തേക്ക് ഹാരി തലയുയർത്തി നോക്കി. രക്ഷപെടാൻ മാർഗ്ഗമൊന്നും കാണുന്നില്ല.  കാറ്റ് നിറച്ച് ഉപയോഗിക്കാവുന്ന ഡിങ്കി, വിമാനത്തോടൊപ്പം സമുദ്രത്തിനടിയിൽ വിലയം പ്രാപിച്ചിരിക്കുന്നു. താൻ അയച്ച "Mayday" സന്ദേശം ആർക്കെങ്കിലും ലഭിച്ചുവോ എന്നതിന് പോലും ഒരുറപ്പുമില്ല.

കഴിഞ്ഞ ഒരാഴ്ച ഇംഗ്ലീഷ് ചാനലിൽ കാണാതായ തന്റെ സഹപ്രവർത്തകരെക്കുറിച്ച് ഓർത്തുകൊണ്ട് അദ്ദേഹം വെള്ളത്തിൽ തുടിച്ചുകൊണ്ട് കിടന്നു. ഇതായിരിക്കുമോ അവസാനം...? പെട്ടെന്ന് മുഴങ്ങിയ ഒരു സൈറൻ ശബ്ദം ‌കേട്ട് തിരിഞ്ഞു നോക്കിയ ഹാരി കണ്ടത് തനിക്കരികിലേക്ക് പാഞ്ഞ് വരുന്ന ഒരു RAF ക്രാഷ് ബോട്ടിനെയാണ്. കനമുള്ള സ്വെറ്ററും ജീൻസും ബൂട്ട്സും അണിഞ്ഞ് നാവികരുടെ വേഷത്തിലായിരുന്നു അവരെല്ലാം. അരികിലെത്തി നിന്ന ബോട്ടിൽ നിന്നും അവർ ഒരു കയറേണി ഇട്ടു കൊടുത്തു.

താഴേക്ക് നോക്കിയ വാറന്റ് ഓഫീസർ ആരാഞ്ഞു. "ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് കെൽസോ, സർ...?"

"ദാറ്റ്സ് മീ..."

"യുവർ ലക്ക് ഈസ് ഗുഡ് സർ...‌ താങ്കളുടെ സന്ദേശം ലഭിക്കുമ്പോൾ ഞങ്ങൾ വെറും ഒരു മൈൽ ചുറ്റളവിലുണ്ടായിരുന്നു..."

ക്രൂ മെമ്പേഴ്സ് രണ്ടുപേർ ചേർന്ന് ഹാരിയെ ഡെക്കിലേക്ക് വലിച്ച് കയറ്റി. ഡെക്കിൽ ചടഞ്ഞിരുന്ന അദ്ദേഹത്തിന്റെ യൂണിഫോമിൽ നിന്നും വെള്ളം ഇറ്റുവീണുകൊണ്ടിരുന്നു. "ഒരു ഡെക്ക് ഇത്രമാത്രം സുഖപ്രദമാണെന്ന് ഒരിക്കലും ഞാൻ കരുതിയില്ല..."

"താങ്കൾ അമേരിക്കനാണോ സർ...?" വാറന്റ് ഓഫീസർ ചോദിച്ചു.

"അതെ..."

"വെൽ, ദാറ്റ്സ് ബ്ലഡി മാർവെലസ്... ഞങ്ങൾ രക്ഷിക്കുന്ന ആദ്യത്തെ അമേരിക്കക്കാരൻ..."

"നോ...  ഞങ്ങൾ രണ്ടു പേരുണ്ട്..."

"രണ്ടു പേരോ സർ...?" വാറന്റ് ഓഫീസർ ശരിക്കും ചിന്താക്കുഴപ്പത്തിലായി.

"വരൂ, നമുക്ക് താഴേക്ക് പോകാം... എനിക്ക് ഒരു ഡ്രിങ്ക് വേണം... എന്നിട്ട് രണ്ടാമത്തെയാളെ ഞാൻ കാണിച്ചു തരാം..." ഹാരി തന്റെ അരയിലെ ബാഗിലേക്ക് ചൂണ്ടിക്കാണിച്ചു.

                                    ***

500 അടി ഉയരത്തിൽ മാക്സ് ഫ്രഞ്ച് തീരം ലക്ഷ്യമാക്കി പറന്നു. അദ്ദേഹത്തി‌ന്റെ ഇടതുകാൽമുട്ടിൽ ചായം നിറച്ച ഒരു ലി‌നൻ ബാഗ് കെട്ടിയിട്ടുണ്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ കടലിൽ പതിക്കുകയാണെങ്കിൽ മഞ്ഞ നിറത്തിൽ ആ ചായം പടർന്ന് പെട്ടെന്ന് കാണാവുന്ന ഒരു അടയാളമായി മാറും. ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറക്കുമ്പോൾ അത്തരം അടയാളങ്ങൾ പല തവണ കണ്ടിട്ടുള്ളതാണ്. പെട്ടെന്നാണ് ബൂലോണിന് കിഴക്ക് വശത്തുള്ള തീരപ്രദേശം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ഇനി ഒരു ക്രാഷ് ലാന്റിങ്ങിന്റെ ആവശ്യമില്ല. വേലിയിറക്കത്തിന്റെ സമയമാണ്. വിശാലമായ മണൽപ്പരപ്പ് തെളിഞ്ഞു കാണാം. ഇന്ധനം തീർന്ന് എൻജിൻ നിലച്ചതോടെ അദ്ദേഹം കാറ്റിനെതിരെ തിരിഞ്ഞ് ഫ്ലാപ് ഡ്രോപ്പ് ചെയ്തു.

കടൽത്തീരത്ത് സുഗമമായി ലാന്റ് ചെയ്തതിന് ശേഷം തന്റെ ലൊക്കേഷനെക്കുറിച്ച് അധികാരികൾക്ക് ചെറിയൊരു സന്ദേശം അയച്ചു. പിന്നെ കോക്ക്പിറ്റിന്റെ മേലാപ്പ് തുറന്ന് പുറത്തിറങ്ങി ഒരു സിഗരറ്റിന് തീ കൊളുത്തി മണൽക്കുന്നുകളുടെ നേർക്ക് നടന്നു. അവിടെയെത്തിയതും മറ്റൊരു സിഗരറ്റിന് തീ കൊളുത്തി ദൂരെ കടലിലേക്ക് നോക്കി പുകയെടുത്തുകൊണ്ട് മണലിൽ ചടഞ്ഞിരുന്നു.

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട് ട്രക്കുകളിലായി ലുഫ്ത്‌വാഫിന്റെ റിക്കവറി ക്രൂ അവിടെയെത്തി. തൊട്ടു പിറകെ എത്തിയ മഞ്ഞ പ്യൂഷോ സ്പോർട്സ് കാറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങിയ അഡോൾഫ് ഗാലന്റ് തിടുക്കത്തിൽ മുന്നോട്ട് വന്നു.

"നിങ്ങളെ നഷ്ടപ്പെട്ടു എന്നാണ് ഞങ്ങൾ കരുതിയത്..." ഗാലന്റ് അദ്ദേഹത്തിന്റെ ചുമലിൽ തട്ടി.

"ഓ, അങ്ങനെയൊന്നും ഞാൻ പോകില്ല... പിന്നെ, വിമാനത്തിന് കുഴപ്പമൊന്നുമില്ല... ഇന്ധനത്തിന്റെ ആവശ്യമേയുള്ളൂ..." മാക്സ് പറഞ്ഞു.

"ഗുഡ്... ഞാനൊരു സെർജന്റ് പൈലറ്റിനെ കൊണ്ടുവന്നിട്ടുണ്ട്... വിമാനം അയാൾ തിരിച്ച് കൊണ്ടു പൊയ്ക്കൊള്ളും‌... നിങ്ങൾ എന്നോടൊപ്പം കാറിൽ വരുന്നു... പോകുന്ന വഴിയിൽ ഡിന്നറും ആകാം..."

"അത് കൊള്ളാമല്ലോ..."

ക്രൂ ഇൻചാർജ് ആയ തടിയനെ വിളിച്ച് ഗാലന്റ് പറഞ്ഞു. "ബാക്കി കാര്യങ്ങൾ തുടങ്ങിക്കോളൂ... എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ..."

ലെ ടൂക്കെയിലേക്ക് ഡ്രൈവ് ചെയ്തു കൊണ്ടിരിക്കവെ ഗാലന്റ് പറഞ്ഞു. "ബിഗിൻ ഹില്ലിലെ ആക്രമണം വൻ വിജയമായിരുന്നു... നാം അവരെ തകർത്തു കളഞ്ഞു..."

"അതൊക്കെ ശരി തന്നെ..." മാക്സ് പറഞ്ഞു. "പക്ഷേ, എത്ര വിമാനങ്ങളാണ് നമുക്ക് നഷ്ടമായത് ഡോൾഫോ...? ബോംബറുകളുടെ കാര്യമല്ല ഞാൻ പറയുന്നത്... ഫൈറ്റർ പ്ലെയ്നുകൾ..."

"ഓൾ റൈറ്റ്... അതൊരു നല്ല കാര്യമല്ല... നിങ്ങൾ പറഞ്ഞു വരുന്നതെന്താണ്...?"

"തെറ്റായ തീരുമാനങ്ങൾ... ഒന്നാമത്തേത് സ്റ്റൂക്കാസ്... ബ്രിട്ടന്റെ സ്പിറ്റ്ഫയേഴ്സിനോടും ഹരിക്കേനോടും ഏറ്റുമുട്ടാൻ അവയെക്കൊണ്ടാവില്ല... രണ്ടാമത്തേത് നമ്മുടെ ബോംബിങ്ങ് പോളിസി... അവരുടെ എയർഫീൽഡുകൾ നശിപ്പിക്കുക എന്നത് നല്ല കാര്യം തന്നെ... പക്ഷേ, ഒരു കാര്യം ഓർമ്മ വേണം... ഫൈറ്റർ പ്ലെയിനുകൾ ഫൈറ്റ് ചെയ്യാനുള്ളതാണ് ഡോൾഫോ... അല്ലാതെ മുഴുവൻ സമയവും ഡോണിയർ വിമാനങ്ങൾക്ക് അകമ്പടി സേവിക്കാനുള്ളതല്ല... പന്തയക്കുതിരയെക്കൊണ്ട് പാൽവണ്ടി വലിപ്പിക്കുന്നത് പോലെയാണിത്... അങ്ങേയറ്റം തെറ്റായ തീരുമാനം..."

"അപ്പോൾ ഇനി ലണ്ടന് മേൽ ആക്രമണം തുടങ്ങുമ്പോൾ സാക്ഷാൽ ദൈവം തന്നെ വരേണ്ടി വരും നിങ്ങളുടെ സഹായത്തിന്..."

"ലണ്ടൻ...?" മാക്സ് അന്തം വിട്ടു. "ഓൾ റൈറ്റ്... ലിവർപൂളും മറ്റ് പ്രദേശങ്ങളും നാം ബോംബ് ചെയ്തത് എനിക്കറിയാം... പക്ഷേ, ലണ്ടൻ...? ഡോൾഫോ, സൗത്ത് കോസ്റ്റിലെ RAF ബേസുകളാണ് നാം നശിപ്പിക്കേണ്ടത്... അവരുടെ ഫൈറ്റർ പ്ലെയിനുകൾ ഒന്നൊന്നായി... അതായിരിക്കും നമ്മുടെ ജയവും തോൽവിയും തീരുമാനിക്കുന്നത്..." മാക്സ് ചുമൽ വെട്ടിച്ചു. "അതല്ല, ഗൂറിങ്ങിനും ഫ്യൂറർക്കും മരിക്കാനാണ് ആഗ്രഹമെങ്കിൽ പിന്നെ മറ്റൊന്നും പറയാനില്ല എനിക്ക്..."

"മാക്സ്, ഇതിപ്പോൾ എന്നോട് പറഞ്ഞത് ഇരിക്കട്ടെ... പക്ഷേ, വേറെ ആരുടെയും അടുത്ത് ഇങ്ങനെയൊരു കാര്യം മിണ്ടിപ്പോകരുത്... മനസ്സിലായോ...?"

"എന്ന് വച്ചാൽ സർവ്വനാശത്തിലേക്കാണ് നമ്മൾ എല്ലാവരും കുതിച്ചു കൊണ്ടിരിക്കുന്നതെന്ന്..." മാക്സ് തല കുലുക്കി. "എനിക്ക് നന്നായി മനസ്സിലാകുന്നു..." പിറകോട്ട് ചാഞ്ഞിരുന്ന് അദ്ദേഹം മറ്റൊരു സിഗരറ്റിന് തീ കൊളുത്തി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

31 comments:

  1. തേങ്ങാ ഉടച്ചിട്ട് വായിക്കാം..

    ReplyDelete
  2. സർവ്വനാശത്തിലേക്കാണ് നമ്മൾ എല്ലാവരും കുതിച്ചു കൊണ്ടിരിക്കുന്നതെന്ന്......യുദ്‌ധം..!! എല്ലാം തകർക്കും..!

    ടാർക്വിൻ പുലി തന്നെ .. എത്ര ക്രാഷ് ലാൻഡ് കണ്ടവനാ ..

    ReplyDelete
    Replies
    1. ഉണ്ടാപ്രി ടർക്വിന്റെ കട്ട ഫാനായി അല്ലേ...?

      Delete
  3. //അന്ന് രണ്ടായിരം അടി ഉയരത്തിൽ വച്ച് പാരച്യൂട്ടിൽ ചാടിയ ഹാരി ഒരു ദേവാലയത്തിന്റെ അങ്കണത്തിലാണ് ഇറങ്ങിയത്. ചായയും ബിസ്കറ്റും ഡ്രൈ ഷെറിയുമായി രണ്ട് കന്യാസ്ത്രീകളായിരുന്നു അദ്ദേഹത്തെ അന്ന് സ്വീകരിച്ചത്.//

    ആ ഭീകര കാലഘട്ടത്തിലും ഇതുപോലുള്ള കിടു ആളുകൾ

    ReplyDelete
    Replies
    1. ഏത് കാലഘട്ടത്തിലും നന്മ നിറഞ്ഞവരെ കാണാൻ കഴിയും ജസ്റ്റിൻ...

      Delete
  4. കാൽമുട്ടിൽ ചായം നിറച്ച ബാഗ്‌... പുതിയ അറിവുകൾ.. ആയിരുന്നു. ഇന്ധനം തീർന്നെങ്കികും മാക്സ്‌ സേഫ്‌ ആയി ലാന്റ്‌ ചെയ്തു.

    ReplyDelete
    Replies
    1. എൻ‌ജിൻ കത്തിയെങ്കിലും ഹാരിയും സേഫായില്ലേ ലലനാമണീ?

      Delete
    2. @ സുകന്യാജി - എനിക്കും പുതിയ അറിവായിരുന്നു...

      @ ജിമ്മി - സുകന്യാജിയുടെ ജർമ്മൻ ചായ്‌വ് അത്രക്കങ്ങ് പിടിക്കുന്നില്ല അല്ലേ...?

      Delete
  5. ഇന്ധനം തീർന്നിട്ടും, എൻ‌ജിൻ കത്തിയെരിഞ്ഞിട്ടും കൂളായി ലാൻഡ് ചെയ്ത കെത്സോ സഹോദരന്മാരുടെ മനോധൈര്യം അപാരം തന്നെ!!

    ReplyDelete
    Replies
    1. ചുണക്കുട്ടന്മാരല്ലേ അവർ ഇരുവരും...

      Delete
  6. ഹാരിയും മാക്സും ഒരു കടലിൽത്തന്നെയല്ലെ ഉള്ളത്. അവർ തമ്മിൽ കടലിൽ വച്ച് കൂട്ടിമുട്ടുമെന്നും പരസ്പരം തിരിച്ചറിയുമെന്നും ഞാൻ ചുമ്മാ സ്വപ്നം കണ്ടതു മിച്ചം.
    അടുത്തത് വേം പോരട്ടെ...

    ReplyDelete
    Replies
    1. അതെ അശോകേട്ടാ... ഇംഗ്ലീഷ് ചാനലിന് മുകളിൽത്തന്നെയാണ് ഇരുവരും പോരാടുന്നത്...

      Delete
  7. യുദ്ധം എല്ലാ ഭീകരതയോടും കൂടി. മാക്സും ഹാരിയും ഇനി തമ്മിൽ കാണില്ലേ?

    ReplyDelete
    Replies
    1. ആ ചോദ്യത്തിന് ഉത്തരം ഇപ്പോൾ ഞാൻ പറയൂല്ല സുചിത്രാജീ... അതൊക്കെ സസ്പെൻസ്... :)

      Delete
  8. പറക്കും തളിക സിനിമയിൽ ഹരിശ്രീ പറയുന്ന പോലെ (കഴിഞ്ഞ തവണത്തെ ട്രാഫിക്ക് ബ്ലോക്ക് ന്റെ അത്ര ആയില്ല എന്ന്) ആണ് ഇവരൊക്കെ crash landing നെ കുറിച്ച് പറയുന്നത്...

    ReplyDelete
    Replies
    1. അത് ശരിയാ ശ്രീ... എത്ര സിമ്പിൾ ആയിട്ട് അല്ലേ...

      Delete
  9. അന്നത്തെ ഇന്ഗ്ലീഷ് ചാനലിൽ നങ്കൂരമിട്ട് യുദ്ധം
    നയിച്ച വീര സൈനികരുടെ പടനീക്കങ്ങൾ വ്യക്തമാക്കുന്ന
    കുറിപ്പുകൾ ലേറ്റായാലും ലെറ്റസ്റ്റായി വായിച്ചുകൊണ്ടിരിക്കുന്നു...!

    ReplyDelete
    Replies
    1. സമയം കിട്ടുമ്പോൾ പോകണം മുരളിഭായ്, ആ പ്രദേശങ്ങളിലൊക്കെ... എന്നിട്ട് ദൂരെ കടലിലേക്ക് നോക്കി നിന്ന് ഈ കഥാപാത്രങ്ങളെയൊക്കെ മനഃക്കണ്ണിൽ കണ്ട് അവരോടൊക്കെ സംസാരിക്കണം...

      Delete
  10. ഒരേ കടൽ... ഇരട്ട സഹോദരന്മാരുടെ വീര്യം കണ്ട് പകച്ചുവോ?

    ReplyDelete
    Replies
    1. അസംഖ്യം വൈമാനികരെ ഏറ്റുവാങ്ങിയ കടൽ... ഹാരിയുടെയും മാക്സിന്റെയും മുന്നിൽ തല കുനിക്കുന്നു...

      Delete
  11. തുടർന്നും വായിക്കാൻ പ്രേരിപ്പിക്കുന്ന രചന...
    ആശംസകൾ

    ReplyDelete
  12. പന്തയക്കുതിരയെക്കൊണ്ട് പാൽവണ്ടി വലിപ്പിക്കുന്നതു പോലെയാണിത്...
    മനോഹരം! ആശംസകൾ

    ReplyDelete
  13. എന്താ ഒരു ധൈര്യം .....

    ReplyDelete
    Replies
    1. പിന്നെന്താ വിചാരിച്ചത് അവരെക്കുറിച്ച്...?

      Delete
  14. യുദ്ധമെങ്കിൽ യുദ്ധം.കാണാമല്ലോ.

    ReplyDelete
  15. അപ്പൊ അതും സംഭവിച്ചു..ഇരട്ടകൾ ഓൾമോസ്റ്റ് നേർക്ക് നേർ

    ReplyDelete
    Replies
    1. അതെ... അതാണ്... ഓൾമോസ്റ്റ്...

      Delete