Tuesday, January 15, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 15

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഗ്ലേഡിയേറ്റർ വിമാനങ്ങളിൽ നിന്നും ഹരിക്കേൻ വിമാനങ്ങളിലേക്ക് മാറുവാനുള്ള നടപടികൾ 607 സ്ക്വാഡ്രണിൽ പുരോഗമിക്കുന്നതിനിടയിലാണ് മേയ് 10 ന് ജർമ്മൻ വ്യോമസേന പടിഞ്ഞാറൻ നിരകളിൽ ആക്രമണമഴിച്ചു വിട്ടത്. തുടർന്നുണ്ടായ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളും ആൾനാശവുമാണ് ബ്രിട്ടീഷ് നിരകളിൽ സംഭവിച്ചത്. പഴക്കം ചെന്ന ഗ്ലേഡിയേറ്റർ വിമാനങ്ങളെ ആക്രമിച്ച് വീഴ്ത്തുവാൻ ലുഫ്ത്‌വാഫിന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല.

ആബ്‌വില്ലെക്ക് മുകളിൽ വച്ച് തന്റെ ഹരിക്കേനിൽ 15,000 അടി ഉയരത്തിൽ പറന്ന് ഹാരി രണ്ട് ME 109 വിമാനങ്ങളെ  വെടി വച്ച് വീഴ്ത്തി. അതേ ദിവസം തന്നെയായിരുന്നു അവന്റെ സഹോദരൻ മാക്സ്, റോയൽ എയർഫോഴ്സിന്റെ ഒരു ഹരിക്കേനെയും സ്പിറ്റ്ഫയറിനെയും വെടി വച്ച് വീഴ്ത്തിയത്. എന്നാൽ ഈ വിവരങ്ങളൊന്നും ഇരുവരും പരസ്പരം അറിഞ്ഞിരുന്നില്ല എന്നതാണ് രസകരമായ കാര്യം.

607 സ്ക്വാഡ്രണിൽ അവശേഷിച്ചിരുന്ന വിമാനങ്ങളെയും വൈമാനികരെയും ഇംഗ്ലണ്ടിലേക്ക് തിരിച്ച് വിളിക്കപ്പെട്ടു. DFC ബഹുമതി നൽകി ആദരിച്ച ഹാരിയെ ഫ്ലൈയിങ്ങ് ഓഫീസർ ആയി സ്ഥാനക്കയറ്റം നൽകി ഹോക്ക് എന്ന കോഡ് നാമത്തിലുള്ള സ്ക്വാഡ്രണിൽ സ്പെഷൽ ഡ്യൂട്ടിയിൽ നിയമിച്ചു. എന്നാൽ വെസ്റ്റ് സസ്സക്സിലെ ചൈചെസ്റ്ററിലുള്ള ആ ക്യാമ്പിൽ അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തെളിഞ്ഞ സൂര്യനും നീലാകാശത്തിനും താഴെ വിരസതയോടെ അവർ ദിനങ്ങൾ തള്ളി നീക്കി.

ഇതേ സമയം ഇംഗ്ലീഷ് ചാനലിന് മറുവശത്ത് മാക്സും അവന്റെ കൂട്ടാളികളും സമാനമായ പരിതസ്ഥിതിയിൽ എയർഫീൽഡുകളിൽ ഇട്ടിരിക്കുന്ന ഡെക്ക് ചെയറുകളിൽ ചാരിക്കിടന്ന് മാനം നോക്കി സമയം കൊന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ജൂലൈ ആരംഭത്തോടെ ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് കോൺവോയിയുടെ നേർക്ക് വ്യോമാക്രമണം ഉണ്ടാകുന്നത്. ലുഫ്ത്‌വാഫിന്റെ കൈവശമുള്ള  മുന്തിയ ഇനം ഫൈറ്റർ വിമാനങ്ങളുടെ അകമ്പടിയോടെ എത്തിയ സ്റ്റൂക്കാ എന്നറിയപ്പെടുന്ന ജങ്കേഴ്സ്-87 വിമാനങ്ങളായിരുന്നു ഡൈവ് ബോംബിങ്ങ് നടത്തിയത്. ഇംഗ്ലീഷ് ചാനലിലൂടെയുള്ള ഗതാഗതം അവസാനിപ്പിക്കുക എന്നതായിരുന്നു ജർമ്മനിയുടെ ലക്ഷ്യം. എന്നാൽ അതിനെ പ്രതിരോധിക്കുവാനായി ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് ഫൈറ്ററുകൾ ആകാശത്തേക്ക് കുതിച്ചു.

അങ്ങനെ ഹാരി കെൽസോയും ബ്ലാക്ക് ബാരൺ എന്നറിയപ്പെടുന്ന ഇരട്ട സഹോദരൻ മാക്സ് കെൽസോയും വീണ്ടും യുദ്ധമുഖത്തേക്ക് പ്രവേശിച്ചു.

ഇംഗ്ലീഷ് ചാനലിന് മുകളിലെ വ്യോമയുദ്ധം ജൂലൈ മാസം മുഴുവനും നീണ്ടു നിന്നു. പിന്നീടാണ് യഥാർത്ഥ ബാറ്റ്‌ൽ ഓഫ് ബ്രിട്ടൺ ആരംഭിച്ചത്. ഈഗ്‌ൾ ഡേ എന്ന് പിന്നീട് അറിയപ്പെട്ട ആഗസ്റ്റ് 12ന്.

വെസ്റ്റ് സസ്സക്സിലെ ഫെയർലി ഫീൽഡ് ഫ്ലൈയിങ്ങ് ക്ലബ്ബിലായിരുന്നു ഹോക്ക് സ്ക്വാഡ്രന്റെ താവളം. ഗ്രാസ് റൺവേകളും നാല് ഹാങ്കറുകളും മാത്രമുള്ള അവിടെ സാമാന്യത്തിൽ കവിഞ്ഞ അന്തരീക്ഷ താപമായിരുന്നു അനുഭവപ്പെട്ടിരുന്നത്. മൈതാനത്തിട്ടിരിക്കുന്ന ഡെക്ക് ചെയറുകളിലിരുന്ന് ഹാരിയും മറ്റ് പൈലറ്റുമാരും പുക വലിച്ച് കൊച്ചു വർത്തമാനവും പുസ്തക വായനയുമൊക്കെയായി സമയം ചെലവഴിച്ചു കൊണ്ടിരുന്നു. ആക്രമണവും പ്രത്യാക്രമണവും ഒന്നുമില്ലാത്ത രണ്ടാഴ്ചകൾ അക്ഷരാർത്ഥത്തിൽ വിരസമായിരുന്നു അവർക്ക്.  ഹരിക്കേൻ വിമാനങ്ങളുടെ ഗ്രൗണ്ട് ക്രൂവിന് പോലും ഉന്മേഷമറ്റ നാളുകൾ.

ഹാരിയുടെ അരികിൽ വന്ന് ഇരുന്നിട്ട് സ്ക്വാഡ്രൺ ലീഡർ ഹോൺബി പറഞ്ഞു. "എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം പറയട്ടെ... ഐ തിങ്ക് ദി ബഗ്ഗേഴ്സ് ആർ നോട്ട് കമിങ്ങ്..."

"ദേ വിൽ കം..." അദ്ദേഹത്തിന് ഒരു സിഗരറ്റ് നീട്ടിക്കൊണ്ട് ഹാരി പറഞ്ഞു.

ചില പൈലറ്റുമാർ ഫ്ലൈയിങ്ങ് ഓവറോൾ ആണ് ധരിച്ചിരുന്നത്. മറ്റുള്ളവർ നോർമൽ യൂണിഫോമും. വേറൊന്നും ധരിക്കാൻ സാധിക്കാത്ത അത്രയും ചൂടായിരുന്നു അന്തരീക്ഷത്തിന്. ഹാരിയുടെ യൂണിഫോമിൽ വലതു ചുമലിൽ ഫിൻലണ്ട് പതാകയുടെ ബാഡ്ജ് തുന്നിച്ചേർത്തിരുന്നു. അതിന് താഴെ ഷോൾഡർ ഫ്ലാഷിൽ ബ്രിട്ടീഷ്-അമേരിക്കൻ പതാകകൾ കാൽനഖങ്ങളിൽ വഹിച്ചുകൊണ്ട് പറക്കുന്ന ഒരു അമേരിക്കൻ ഈഗ്‌ളിന്റെ ചിത്രം തുന്നിച്ചേർത്തിരിക്കുന്നു.

"നല്ല ഭംഗിയുണ്ടല്ലോ ഇത്..." ഹോൺബി പറഞ്ഞു.

"സാവൈൽ റോയിലെ ഒരു ടെയ്‌ലറാണ് ഇത് ചെയ്തു തന്നത്..." ഹാരി പറഞ്ഞു.

"ടർക്വിൻ എന്തു പറയുന്നു...? സുഖമല്ലേ അവന്...?" ഹാരിയുടെ കാൽച്ചുവട്ടിലെ ജംപ് ബാഗിലേക്ക് ചൂണ്ടിക്കൊണ്ട് ഹോൺബി ചോദിച്ചു.

"തീർച്ചയായും... അവനിതൊക്കെ എത്ര കണ്ടതാണ്..."

"എപ്പോഴെങ്കിലും ഒരു ട്രിപ്പിൽ കൂടെ കൊണ്ടു പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..." ഹോൺബി പറഞ്ഞു. അധികമകലെയല്ലാതെ ഉച്ചത്തിൽ ഉയർന്ന ഇരമ്പൽ ശബ്ദത്തിന് ചെവി കൊടുത്ത അദ്ദേഹം തുടർന്നു. "ബ്ലഡി ട്രാക്ടർ..."

"അത് ട്രാക്ടറല്ല..." ചാടിയെഴുന്നേറ്റ ഹാരി കെൽസോ ബാഗുമെടുത്ത് തന്റെ വിമാനത്തിന് നേർക്ക് കുതിച്ചു. അവർക്ക് മുകളിൽ ആകാശത്ത് സ്റ്റൂക്കാ ബോംബർ വിമാനങ്ങൾ വട്ടമിട്ട് വന്ന് ഡൈവ് ചെയ്തു.

ഫ്ലൈറ്റ് സെർജന്റ് എറിഞ്ഞു കൊടുത്ത പാരച്യൂട്ട് കിറ്റ് വാങ്ങി ഹാരി കെൽസോ കോക്ക്പിറ്റിലേക്ക് ചാടിക്കയറി. കൈയിലെ ബാഗ് സീറ്റിനരികിൽ ഇട്ടിട്ട് എൻജിൻ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു. വിമാനം നിലത്ത് നിന്ന് ഉയർന്നതും ആദ്യത്തെ ബോംബ് റൺവേയിൽ പതിച്ചു. അവിടെ കിടന്നിരുന്ന ഒരു ഹരിക്കേൻ വിമാനം സ്ഫോടനത്തിൽ കത്തിപ്പിടിച്ചതിന്റെ പുകച്ചുരുളുകൾക്കുള്ളിലൂടെ ഹാരി തന്റെ വിമാനത്തെ ഇടതു വശത്തേക്ക് വളച്ചെടുത്ത് ആൾടിറ്റ്യൂഡ് ഉയർത്തി. താഴെ നാല് ഹരിക്കേൻ വിമാനങ്ങളായിരുന്നു കത്തിയെരിഞ്ഞു കൊണ്ടിരുന്നത്.

ഹാരി വിമാനം ഒന്ന് കൂടി ചരിച്ചെടുത്ത് മുകളിലേക്ക് കയറി. പെട്ടെന്നാണ് ആ സ്റ്റൂക്കാ വിമാനം കണ്ണിൽപ്പെട്ടത്. പിന്നെ ഒട്ടും താമസിച്ചില്ല.  ഹാരിയുടെ പീരങ്കിയിൽ നിന്നും വെടിയുതിർന്നു. വെടിയേറ്റ ആ ജർമ്മൻ വിമാനം താഴേക്ക് പതിച്ചു. പിന്നെയുമുണ്ടായിരുന്നു നാല് വിമാനങ്ങൾ കൂടി. തങ്ങളുടെ ദൗത്യം ലക്ഷ്യം കണ്ടതിനെത്തുടർന്ന് തിരിച്ചു പോകുകയായിരുന്ന അവയെ ഹാരി പിന്തുടർന്നു. ഓരോന്നോരോന്നായി വെടിയുതിർത്ത് അവയെ കടലിൽ വീഴ്ത്തുമ്പോൾ അവന് ദ്വേഷ്യമോ പകയോ ഉണ്ടായിരുന്നില്ല. വളരെ കൃത്യതയോടെ കണക്ക് കൂട്ടിയുള്ള ആക്രമണം... അതാണ് ഹാരി ചെയ്തു കൊണ്ടിരുന്നത്.

തിരിച്ച് ഫെയർലി ഫീൽഡിന് മുകളിലെത്തിയ ഹാരിയെ കാത്തിരുന്നത് കനത്ത നാശനഷ്ടത്തിന്റെ കാഴ്ചകളായിരുന്നു. അധികം കേടുപാടുകൾ സംഭവിക്കാതിരുന്ന ഒരു റൺവേയിൽ അവൻ വിമാനം ഇറക്കി. സ്ട്രെച്ചറിൽ കിടക്കുന്ന ഹോൺബിയുടെ ഇടതു കൈയിലും മുഖത്തും ബാൻഡേജ് ഇട്ടിരുന്നു.

"പോയിട്ട് എന്തെങ്കിലും ഗുണമുണ്ടായോ...?" അദ്ദേഹം ആരാഞ്ഞു.

"അഞ്ചെണ്ണം..." ഓടിയെത്തുന്ന ആംബുലൻസിനെ ഒന്ന് നോക്കിയിട്ട് ഹാരി അദ്ദേഹത്തിന് ഒരു സിഗരറ്റ് നൽകി.

"അഞ്ചെണ്ണമോ...?" ഹോൺബിയ്ക്ക് വിശ്വസിക്കാനായില്ല.

"അതെ... അഞ്ച് സ്റ്റൂക്കാസ്..." ഹാരി ചുമൽ വെട്ടിച്ചു. "അൽപ്പം ആയാസകരമായിരുന്നുവെങ്കിലും ഞാൻ വീഴ്ത്തി... അവർക്ക് അധിക സമയം ഇവിടെ തങ്ങാനാവില്ല... നാം ഭയക്കേണ്ടത് ME 109 കളെയാണ്...'

ബ്ലാങ്കറ്റുകൾ കൊണ്ട് മൂടിയ നിരവധി ശരീരങ്ങൾ സ്ട്രെച്ചറുകളിൽ കിടക്കുന്നുണ്ടായിരുന്നു. "ആറ് പൈലറ്റുകൾ കൊല്ലപ്പെട്ടു..." ഹോൺബി പറഞ്ഞു. "ടേക്ക് ഓഫ് ചെയ്യാൻ പോലും അവർക്ക് ആയില്ല.. നിങ്ങൾക്ക് മാത്രമാണ് അതിന് സാധിച്ചത്... ഇത്രയും മോശം ആയിരുന്നോ ഫി‌‌ൻലണ്ടിലും...?"

"ഒരു വ്യത്യാസവുമില്ല... അവിടെ മഞ്ഞ് കൂടി പെയ്തിരുന്നു എന്ന് മാത്രം..."

ആംബുലൻസ് പ്രവർത്തകർ വന്ന് ഹോൺബിയെ വാഹനത്തിലേക്ക് എടുത്തു. "ഫ്ലൈറ്റ് ലെഫ്റ്റ്നന്റ് പദവിയിലേക്ക് നിങ്ങൾക്ക് സ്ഥാനക്കയറ്റം നൽകുവാൻ ഞാൻ ശിപാർശ ചെയ്യുന്നുണ്ട്... ഇവിടേയ്ക്ക് ആവശ്യമുള്ള പൈലറ്റുമാരെ ഉടൻ തന്നെ അവർ ഏർപ്പാടാക്കുന്നതായിരിക്കും... ആട്ടെ, ആ ടർക്വിനെ ഒന്ന് കാണിക്കൂ..."

ഹാരി ബാഗ് തുറന്ന് ടർക്വിനെ പുറത്തെടുത്തു. രക്തം പുരണ്ട തന്റെ ഷർട്ടിൽ നിന്നും ഒരു ചെറിയ ഗിൽറ്റ് ബാഡ്ജ് അഴിച്ചെടുത്ത് ഹോൺബി അവന് നൽകി. നയന്റീൻ സ്ക്വാഡ്രൺ... അവിടെയായിരുന്നു എന്റെ തുടക്കം‌... ഈ ബാഡ്ജ് ടർക്വിൻ ധരിക്കട്ടെ..."

"തീർച്ചയായും ഞാൻ അണിയിക്കാം..."

ഹോൺബി ക്ഷീണിതനായിരുന്നു. അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. "ആ സ്റ്റൂക്കാസ്... എവിടെയാണ് നിങ്ങൾ അവയെ വീഴ്ത്തിയത്...? കരയിലോ അതോ ചാനലിലോ...?"

"ഒരെണ്ണം കരയിലാണ്‌ വീണത്..."

"അത് കഷ്ടമായിപ്പോയി... ആ ബാസ്റ്റഡ്സ് അത് നിങ്ങളുടെ അക്കൗണ്ടിൽ ചേർക്കില്ല..." ഹോൺബി പറഞ്ഞു.

"ഹൂ കെയേഴ്സ്‌...? എന്തായാലും ഈ യുദ്ധം അടുത്തൊന്നും അവസാനിക്കാൻ പോകുന്നില്ല..." ആംബുലൻസിന്റെ ഡോർ അടച്ചു കൊണ്ട് ഹാരി പറഞ്ഞു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

22 comments:

  1. എന്നാ പിന്നെ തേങ്ങാ !!

    ReplyDelete
    Replies
    1. തേങ്ങ മാത്രം പോരാ ഉണ്ടാപ്രീ... അഭിപ്രായവും കൂടി വേണം...

      Delete
  2. Turquin got another badge. ഹാരിക്ക് വീണ്ടും സ്ഥാനക്കയറ്റം

    ReplyDelete
  3. വീരോചിതമായ ആക്രമണസന്നാഹങ്ങൾ... ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പൻ ചേട്ടാ...

      Delete
  4. മിന്നലാക്രമണങ്ങൾ! അതാണല്ലോ അതിന്റെ ഒരു ഭംഗി!

    ReplyDelete
  5. ഹാരിയും ടർക്വിനും അപകടം കൂടാതെ തിരിച്ചു വന്നു.. മാക്സ്??

    ReplyDelete
    Replies
    1. മാക്സിനെക്കുറിച്ച് ഉത്ക്കണ്ഠപ്പെടാൻ ഒരാളെങ്കിലുമുണ്ടല്ലോ ഇവിടെ... സന്തോഷായി മുബീ സന്തോഷായി... :)

      Delete
  6. അങ്ങനെയുദ്ധമുന്നണി തുറക്കപ്പെട്ടു.ഹാരി കസർത്തു. മാക്‌സിന്റെ അടുത്തതിൽ കാണുമായിരിക്കും. ചങ്കിടിക്കുന്ന സംഘട്ടനങ്ങളുമായി വേഗം വരൂ...
    ആശംസകൾ ....

    ReplyDelete
    Replies
    1. വേഗം തന്നെ വരാം അശോകേട്ടാ...

      Delete
  7. അവനിതൊക്കെ എത്ര കണ്ടതാണ്. എല്ലാത്തിനും മൂകസാക്ഷിയായി ടര്‍ക്വിന്‍

    ReplyDelete
    Replies
    1. അതെ... ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ... പിന്നെയും എന്തെല്ലാം... അതൊക്കെ കഴിഞ്ഞല്ലേ അവൻ ജാക്ക് ഹിഗ്ഗിൻസിന്റെ കൈവശമെത്തുന്നത്...

      Delete
  8. അങ്ങനെ മ്മടെ ടർക്വിനും കിട്ടി ബാഡ്ജ്!!

    ReplyDelete
  9. എടുപിടീന്ന് വന്നു ബോംബിട്ട് പോയെങ്കിലും നമ്മുടെ ചെറുക്കൻ പുറകേ ചെന്ന് പണികൊടുത്തല്ലോ..
    അപ്പോളും അവനു കോരിത്തരിപ്പല്ല മറിച്ച് കൃത്യമായ ആക്രമണബുദ്ധിയാണ്..

    ReplyDelete
    Replies
    1. അതെ, അതാണ് ഒരു മികച്ച ഫൈറ്റർ പൈലറ്റ്...

      Delete
  10. ആദ്യം തേങ്ങ ഉടക്കുന്നപോലെ അവസാനം
    വരുന്നവർക്ക് വല്ല മാങ്ങയോ അണ്ടിയോ ഉണ്ടായിരുന്നെങ്കിൽ ..
    ദ്ദാ ..എന്റെ വക

    ReplyDelete
    Replies
    1. മുരളിഭായിക്ക് എന്ത് വേണമെന്ന് പറഞ്ഞാൽ മതി... :)

      Delete
  11. This comment has been removed by the author.

    ReplyDelete
  12. യുദ്ധം .യുദ്ധം.യുദ്ധം.

    ReplyDelete