ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കാർട്ടർ കാണിച്ചു കൊടുത്ത ബെഡ്റൂമിൽ കുറേനേരം ചിന്താമഗ്നനായി ഇരുന്നു മാക്സ്. പഴയ രീതിയിലുള്ള നിർമ്മിതിയാണെങ്കിലും സൗകര്യങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല അവിടെ. അഴികൾ ഉള്ള ജാലകങ്ങൾ ആയിരുന്നുവെന്നതായിരുന്നു അതിന്റെ പ്രത്യേകത. ജാലകച്ചില്ലിൽ മഴത്തുള്ളികൾ ഇടതടവില്ലാതെ താളം കൊട്ടിക്കൊണ്ടിരുന്നു. ചിന്തയിൽ മുഴുകിയിരിക്കുക എന്നതിൽ കവിഞ്ഞ് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല അദ്ദേഹത്തിന്. പക്ഷേ, എത്ര നേരം...? ഷെൽഫിൽ അടുക്കി വച്ചിരുന്ന പുസ്തകങ്ങളുടെ അടുത്തേക്ക് അദ്ദേഹം നീങ്ങി. ജാലകത്തിനപ്പുറത്തെ കടൽത്തീരത്തിന്റെ ദൃശ്യഭംഗി ഹഠാദാകർഷിച്ചതു കൊണ്ടാവാം ഡഫ്നീ ഡു മൊറിയെയുടെ റെബേക്ക എന്ന പുസ്തകമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഏതാണ്ട് ഒരു മണിക്കൂറോളം അതു വായിച്ചു കൊണ്ട് കിടക്കയിൽ കിടന്ന അദ്ദേഹം ക്ഷീണത്താൽ ഉറക്കത്തിലേക്ക് വഴുതിപ്പോയി.
ഏതാണ്ട് ആറര മണി ആയപ്പോഴാണ് ജാക്ക് കാർട്ടർ വീണ്ടും എത്തിയത്. “ഡിന്നറിനുള്ള സമയമായി മകനേ... നിങ്ങളെ ഇവിടെ അടച്ചിടാൻ ഞങ്ങൾക്ക് മനസ്സു വന്നില്ല...”
“നിങ്ങളുടെ സംസ്കാരത്തിന് നന്ദി പറയുന്നു...” മാക്സ് അദ്ദേഹത്തെ അനുഗമിച്ചു. സ്റ്റെയർകെയ്സ് വഴി ലൈബ്രറിയിൽ എത്തിയപ്പോൾ മൺറോയും സെക്കും മോളിയും നെരിപ്പോടിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
“ആഹാ, എത്തിയല്ലോ...” മൺറോ പറഞ്ഞു. “ഡ്രിങ്ക്സ് ഏതാണ് വേണ്ടത്...? വിസ്കി...?”
“സത്യം പറഞ്ഞാൽ ബ്രാണ്ടിയും സോഡയും മതി... വലിയ കുഴപ്പമില്ലാതെ ഇറങ്ങിപ്പോകാൻ അതാണ് നല്ല്ലത്...”
ബ്രാണ്ടിയും സോഡയുമായി കാർട്ടർ എത്തിയപ്പോൾ മോളി എഴുന്നേറ്റു. “നിങ്ങളുടെ മുഖം എങ്ങനെയുണ്ടെന്ന് നോക്കട്ടെ...” മുറിവ് പരിശോധിച്ചതിന് ശേഷം അവൾ തല കുലുക്കി. “ഇനിയും മോശമാവാൻ സാദ്ധ്യതയുണ്ട്... വേദന തോന്നുന്നുണ്ടോ ഇപ്പോൾ...?”
“അത്രയധികമില്ല... ഒരു തരം മരവിപ്പാണ്...”
“എന്നാൽ പിന്നെ മോർഫിൻ ഉപയോഗിക്കാതിരിക്കുക... അത്ര നല്ല സാധനമല്ല അത്...”
“കൺസൾട്ടേഷന് നന്ദി ഡോക്ടർ...” കാർട്ടർ കൊണ്ടു വന്ന ബ്രാണ്ടിയും സോഡയും മാക്സ് കൈയ്യിലെടുത്തു. “എന്താണ് അടുത്ത നീക്കം...?”
“തീരുമാനിക്കാനാവുന്നില്ല എനിക്ക്...” മൺറോ പറഞ്ഞു.
“ലണ്ടൻ ടവറിലേക്കാണോ എന്ന് ഞാൻ ചോദിച്ചിരുന്നു... എന്നെപ്പോലെ പിടിയിലാവുന്നവരെ അങ്ങോട്ടല്ലേ അയക്കാറുള്ളത്...?”
“മൈ ഡിയർ ബോയ്... നിന്നെപ്പോലൊരു വ്യക്തിത്വം ഈ ലോകത്ത് തന്നെ അപൂർവ്വമാണ്...” മൺറോ പെട്ടെന്ന് അസ്വസ്ഥനായി. “ഡാംൻ യൂ മാക്സ്... നിങ്ങൾ ഹാരിയല്ലെന്ന കാര്യം ഞാൻ മറന്നു പോകുന്നു...”
“ബുദ്ധിമുട്ടായി അല്ലേ...? ഐസൻഹോവറിന് എന്താണ് പറയാനുള്ളത് ആവോ...?”
“അദ്ദേഹത്തിന് ഇതുവരെ ഇതേക്കുറിച്ച് അറിയില്ല... എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ഡൈനമിറ്റ് പോലെയാണല്ലോ ഈ സംഭവം തന്നെ... സത്യം പറഞ്ഞാൽ ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല... ബ്രിട്ടന്റെ ജർമ്മൻ അധിനിവേശം യാഥാർത്ഥ്യമാകുവാൻ ഇനി ഏതാനും ആഴ്ച്ചകൾ മാത്രമേയുള്ളൂ... ഈ അവസരത്തിൽ ഇങ്ങനെയൊരു സംഭവത്തിന് പബ്ലിസിറ്റി കൊടുക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല...”
ജൂലി എത്തി നോക്കി. “ഡിന്നർ റെഡി...”
സെക്ക് ആണ് ആദ്യം എഴുന്നേറ്റത്. “ഭക്ഷണത്തിന്റെ കാര്യം കഴിഞ്ഞിട്ടേ മറ്റെന്തും എനിക്കുള്ളൂ...” അയാൾ ഡൈനിങ്ങ് ടേബിളിനരികിലേക്ക് നടന്നു.
മേശയ്ക്ക് ചുറ്റും ഇരുന്ന് അവർ ക്യാരറ്റ് സൂപ്പും മൊരിച്ച പൊട്ടാറ്റോയും സമൂഹത്തിലെ ഉന്നതന്മാരുടെ ഇഷ്ട മത്സ്യവിഭവമായ ഡോവർ സോളും സാലഡിനൊപ്പം ആസ്വദിച്ചു കഴിച്ചു. ഭക്ഷണത്തിലായിരുന്നു ശ്രദ്ധ എന്നതിനാൽ വല്ലപ്പോഴും മാത്രമേ അവർ സംസാരിച്ചുള്ളൂ.
ഒടുവിൽ മൺറോ ജൂലിയോട് പറഞ്ഞു. “നീ ഫ്രാൻസിന് ഒരു മുതൽക്കൂട്ടാണ് മൈ ഡിയർ...”
“മുഖസ്തുതിയിലൊന്നും പെട്ടെന്നങ്ങനെ വീഴുന്നവരല്ല ഞങ്ങൾ, ബ്രിഗേഡിയർ...” ജൂലി ചിരിച്ചു. “കോഫി തീർന്നു പോയി... അതു കൊണ്ട് എല്ലാവർക്കും ചായ എടുക്കാം...”
“ഇപ്പോഴാണ് നീ ഒരു യഥാർത്ഥ ഇംഗ്ലീഷ് വനിതയായത്... എന്നാൽ ശരി, ചായ ലൈബ്രറിയിലേക്ക് കൊണ്ടു വന്നോളൂ...”
“നമ്മൾ ഈ ടേബിൾ വൃത്തിയാക്കിക്കഴിഞ്ഞതിന് ശേഷം മാത്രം...” അവൾ പറഞ്ഞു.
മാക്സ് പുഞ്ചിരിച്ചു. “ഞാൻ സഹായിക്കട്ടെ ജൂലീ...?” അദ്ദേഹം പാത്രങ്ങൾ അടുക്കുവാൻ തുടങ്ങി.
“അത് നിങ്ങളുടെ ജോലിയല്ല ബാരൺ...” മൺറോ പറഞ്ഞു.
“അല്ലായിരിക്കാം... പക്ഷേ, ഒരു ജെന്റിൽമാൻ ആകുമ്പോൾ തീർച്ചയായും സഹായിച്ചുവെന്ന് വരും...” കുസൃതിയോടെ പറഞ്ഞിട്ട് അവൾ മാക്സിനൊപ്പം പാത്രങ്ങൾ അടുക്കി വയ്ക്കുവാനാരംഭിച്ചു.
“കേൾക്കാനുള്ളത് കേട്ടപ്പോൾ സമാധാനമായല്ലോ ബ്രിഗേഡിയർ...?” സെക്ക് ചിരിച്ചു.
ലൈബ്രറിയിൽ ഒത്തുകൂടിയ അവരുടെ ഗ്ലാസുകളിൽ ജൂലി ചായ പകർന്നു. ആകെപ്പാടെ വിങ്ങി നിൽക്കുന്ന അന്തരീക്ഷം... മോളിയാണ് ആ പിരിമുറുക്കത്തിന് അയവ് വരുത്തിക്കൊണ്ട് വായ് തുറന്നത്. “എന്താണിത്...? ആരും ഒന്നും പറയുന്നില്ലല്ലോ... എന്തിനാണിങ്ങനെ ബലം പിടിച്ചിരിക്കുന്നത്...? ഒരു മാതിരി അഗതാ ക്രിസ്റ്റിയുടെ നോവലുകളിൽ ഹെർക്യൂൾ പോററ്റ് എല്ലാവരെയും ലൈബ്രറിയിൽ വിളിച്ചു വരുത്തി, കൊലയാളി ആരായിരുന്നു എന്ന രഹസ്യം വെളിപ്പെടുത്താൻ തയ്യാറെടുക്കുന്നത് പോലെ...”
മാക്സ് പൊട്ടിച്ചിരിച്ചു. “ഉപമ ഗംഭീരം... ഇവിടെയിപ്പോൾ കൊലയാളി ആരായിരുന്നു എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ... ഈ ഞാൻ തന്നെ...”
“നോൺസെൻസ്...” പൈപ്പിൽ പുകയില നിറച്ചുകൊണ്ടിരിക്കുന്ന സെക്ക് പറഞ്ഞു. “അതിൽ ചിലതിന്റെയൊക്കെ നാടകാവിഷ്കരണങ്ങൾ ഞാൻ കണ്ടിട്ടുണ്ട്... മിക്കതിലും ബട്ലർ അല്ലെങ്കിൽ വികാരി ആയിരിക്കും കൊലയാളി...”
“സത്യം...” മൺറോ യോജിച്ചു. “പക്ഷേ, നമ്മുടെ കാര്യത്തിൽ ബാരൺ തന്നെ...”
“തീർച്ചയായും... സത്യം പറയാമല്ലോ, നല്ല ക്ഷീണം തോന്നുന്നു...” മാക്സ് എഴുന്നേറ്റു. “എന്നെ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമാകുമ്പോൾ അറിയിക്കുക... തൽക്കാലം ഞാനെന്റെ റൂമിൽ പൊയ്ക്കോട്ടേ ജാക്ക്...?”
ജാക്ക് കാർട്ടർ എഴുന്നേറ്റ് തന്റെ ഊന്നു വടി എടുത്തു. “തീർച്ചയായും സുഹൃത്തേ...”
ജാക്ക് തിരികെയെത്തുമ്പോഴും ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അവർ. ഷെൽഫിനടുത്ത് ചെന്ന് വിസ്കി ബോട്ട്ൽ എടുത്ത് ഗ്ലാസിലേക്ക് പകർന്നു. “എല്ലാവർക്കും ചിയേഴ്സ്... പറയുന്നതു കൊണ്ട് ഒന്നും തോന്നരുത് ബ്രിഗേഡിയർ... എന്തു നല്ല മനുഷ്യനാണ് അദ്ദേഹം... ലുഫ്ത്വാഫിന്റെ വീര വൈമാനികനാണെന്ന ഒറ്റ കാരണം കൊണ്ട് അദ്ദേഹത്തെ ദ്രോഹിക്കാനൊന്നും എന്നെക്കിട്ടില്ല...”
“ഹേ മനുഷ്യാ, ഡൺകിർക്കിൽ വച്ച് നിങ്ങളുടെ കാൽ തകർത്തത് അവരാണ്... അത് മറക്കണ്ട...” മൺറോ ഓർമ്മിപ്പിച്ചു.
“അതൊക്കെ ശരി തന്നെ... എനിക്കതിൽ വിഷമവുമുണ്ട്... പക്ഷേ, യുദ്ധം എന്നും യുദ്ധം തന്നെയാണ്... നിയന്ത്രണം നമ്മുടെ കൈയ്യിൽ അല്ലാത്ത ബ്ലഡി സ്റ്റുപ്പിഡ് ഗെയിം...”
“പക്ഷേ, യുദ്ധത്തിലെ ഒരു എപ്പിസോഡ് മാത്രമാണിത്...” മോളി പറഞ്ഞു. “അതിന്റെ നിയന്ത്രണം നമ്മുടെ കൈകളിൽത്തന്നെയാണ് താനും...” അവൾ മൺറോയുടെ നേർക്ക് തിരിഞ്ഞു. “എന്തു ചെയ്യാനാണ് നിങ്ങൾ വിചാരിക്കുന്നത്, അങ്കിൾ ഡോഗൽ...?”
“ഓൾ റൈറ്റ്... ഞാൻ തോറ്റു... ജാക്ക്, ഒരു ബ്രാണ്ടി കൂടി തരൂ എനിക്ക്... ഇത്രയും ആയ നിലയ്ക്ക് മോളിയും മാക്സ് വോൺ ഹാൾഡറുമായി കുറച്ച് മുമ്പ് നടന്ന സംഭാഷണത്തെക്കുറിച്ച് നിങ്ങളും അറിയാതിരിക്കുന്നതിൽ അർത്ഥമില്ല...”
അദ്ദേഹം പറഞ്ഞവസാനിപ്പിച്ചപ്പോൾ പൂർണ്ണ നിശ്ശബ്ദതയായിരുന്നു അവിടെ. കാർട്ടറാണ് മൗനം ഭഞ്ജിച്ചത്. “മൊർലെയ്ക്സിലേക്ക് പറന്ന് ചെന്ന് മാക്സ് തന്റെ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുമെന്ന് ശരിക്കും താങ്കൾ വിശ്വസിക്കുന്നുണ്ടോ സർ...?”
“ദൈവത്തെയോർത്ത് ജാക്ക്, നിങ്ങളുടെ തലച്ചോറ് ഒന്ന് ഉപയോഗിച്ചു നോക്കൂ...” മോളി പൊട്ടിത്തെറിച്ചു. “മഹാനായൊരു മനുഷ്യനാണ് മാക്സ്... ജീവിതത്തിൽ എല്ലാം ഉണ്ടായിരുന്ന മനുഷ്യൻ... എന്നിട്ട് ഇപ്പോഴെന്തുണ്ട്...? കുറേ മെഡലുകളോ...?” അവൾ ചുമൽ വെട്ടിച്ചു. “എന്ത് അർത്ഥമാണ് ആ മെഡലുകൾക്ക് ഇനി...? സ്വന്തം മാതാവിന്റെ ജീവൻ വച്ച് ബ്ലാക്ക് മെയിൽ ചെയ്ത് അവർ അദ്ദേഹത്തെയും സഹോദരനെയും ഭീകരപ്രവൃത്തിക്കായി നിർബ്ബന്ധിച്ചു... എന്നിട്ടൊടുവിൽ ആ അമ്മയെ കൊല ചെയ്യുകയും ചെയ്തു...”
“റോസാ സ്റ്റൈനിന്റെ മൊഴി വിശ്വസിക്കാമെങ്കിൽ അവർ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചുറപ്പിച്ചിരുന്നുവത്രെ...” മൺറോ പറഞ്ഞു.
“അതെ... പക്ഷേ, ഞാൻ മനസ്സിലാക്കിയത് സ്വന്തം മക്കളെ ഈ കുത്സിത പ്രവൃത്തിയിൽ നിന്നും രക്ഷിക്കുവാൻ അവർ നടത്തിയ ഒരു വിഫല ശ്രമമായിരുന്നു അതെന്നാണ്...” സെക്ക് പറഞ്ഞു.
“എന്നിട്ട് ഹാർട്മാൻ അത് മറച്ചു വയ്ക്കുകയും ചെയ്തു...” മോളി പറഞ്ഞു. “സ്വന്തം ജീവൻ രക്ഷിക്കാനായിട്ടാണെങ്കിലും വല്ലാത്തൊരു വഞ്ചന തന്നെയായിപ്പോയി അത്...”
“എന്നിട്ട് ഇപ്പോഴോ, ഈ ദൗത്യത്തിന്റെ പരിണതഫലം എന്തെന്നറിയാനുള്ള ആകാംക്ഷയിൽ ഹാരി അവരുടെ തടങ്കലിലും...” ജൂലി പറഞ്ഞു. “ദൗത്യത്തിന്റെ പരാജയം അറിയുന്ന നിമിഷം രണ്ടാമതൊന്ന് ചിന്തിക്കാൻ പോലും നിൽക്കാതെ ഹിംലർ ഹാരിയെ തൂക്കിലേറ്റും... ഈ ഭൂമിയിലെ ജീവിക്കുന്ന ചെകുത്താനാണ് അയാളെന്ന കാര്യം മറക്കരുത്...”
“എന്നിട്ട് ഒന്നും ചെയ്യാൻ ഒരുമ്പെടാതെ നമ്മൾ ഇവിടെ ഇങ്ങനെ ഇരിക്കുന്നു...” മോളി കൂട്ടിച്ചേർത്തു.
മൺറോ ചിന്തയിലാണ്ടതോടെ വീണ്ടും നിശ്ശബ്ദത നിറഞ്ഞു. സെക്ക് ആണ് ആ മൗനം ഭേദിച്ചത്. തികച്ചും അക്ഷോഭ്യനായി ശാന്തസ്വരത്തിൽ അയാൾ പറഞ്ഞു. “ദേ ആർ ഗുഡ് ബോയ്സ്, ബ്രിഗേഡിയർ... അവർ ഇരുവരും ഒരു അവസരമെങ്കിലും അർഹിക്കുന്നുണ്ട്...”
മൺറോ തല കുലുക്കി. “ശരിയാണ്... നിങ്ങൾ എല്ലാവരുടെയും വികാരം ഞാൻ മനസ്സിലാക്കുന്നു... ഒഴിവുകഴിവ് പറയുകയല്ല ഞാൻ... എനിക്ക് ഒന്ന് ആലോചിക്കണം... എന്റെ മനഃസാക്ഷിയെ ബോദ്ധ്യപ്പെടുത്തുന്ന രീതിയിലായിരിക്കണം അത്... ലണ്ടനിലേക്ക് അയക്കാതെ മാക്സിനെ ഇങ്ങോട്ട് കൊണ്ടു വന്നതിന് കാരണം ഇതായിരുന്നുവെന്ന് എനിക്ക് എന്നെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്...”
“അപ്പോൾ നാം എന്തു ചെയ്യാനാണ് പോകുന്നത് സർ...?” കാർട്ടർ ആരാഞ്ഞു. “നാം ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയല്ലേ...?”
“ഗുഡ് ഗോഡ്, നോ... അത്രയും ലളിതമായ ഒരു പരിഹാരം എന്റെ സങ്കീർണ്ണമായ മനസ്സിന് ദഹിക്കില്ല... അദ്ദേഹത്തെ രക്ഷപെടുവാൻ നാം അനുവദിക്കുന്നു...” മൺറോ ജൂലിയുടെ നേർക്ക് തിരിഞ്ഞു. “എനിക്ക് വേണ്ടി ഇക്കാര്യം നീ അറേഞ്ച് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം... പറ്റുമോ...?”
“തീർച്ചയായും ബ്രിഗേഡിയർ...”
മൺറോ മോളിയുടെ നേർക്ക് തിരിഞ്ഞു. “നീ എന്തായാലും ഇതിൽ തലയിടാൻ നിൽക്കണ്ട... ആത്മാർത്ഥത കൂടിപ്പോയി ചിലപ്പോൾ കുഴപ്പത്തിൽ ചെന്ന് ചാടിയെന്നിരിക്കും...”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ആഹാ.. അപ്പം മാക്സിനെ തുറന്നു വിടുവോ ..
ReplyDeleteപുള്ളി ഒറ്റയ്ക്ക് ചെന്നാൽ ഹാരിയെ രക്ഷിക്കാൻ പറ്റുമോ ?
തുറന്നു വിടും... ഒറ്റയ്ക്ക് പറ്റുമോന്ന് ചോദിച്ചാൽ... പോയി നോക്കട്ടെ ഉണ്ടാപ്രീ...
Deleteഈ episode പെട്ടെന്ന് തന്നെ ഇട്ടത് നന്നായി. മാക്സ് ഹാരി എന്താവും?
ReplyDeleteഇനിയുള്ള എപ്പിസോഡുകൾ പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ് ചെയ്യുവാനാണ് തീരുമാനം... മാക്സ് പോയി നോക്കട്ടെ സുചിത്രാജീ...
Deleteപ്രതീക്ഷകൾക്ക് വീണ്ടും ചിറക്കുമുളക്കുന്നു...
ReplyDeleteഅതെ... ശത്രു, മിത്രം എന്നൊക്കെയുള്ള അതിർ വരമ്പുകൾ മാഞ്ഞു തുടങ്ങുന്നു...
Deleteആഹ… ട്വിസ്റ്റ് ട്വിസ്റ്റേയ്.. !!
ReplyDeleteഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ ജിമ്മാ...,?
Deleteനല്ലത്..... അവസാനമായി മാക്സിന് ഒരു അവസരം കൂടി..... ഹാരി രക്ഷ പെടുമോ....🤔 💖
ReplyDeleteഹാരി രക്ഷപെടണ്ടേ...? എല്ലാവരുടെയും ആഗ്രഹം സഫലമാകുമോ എന്ന് നോക്കാം നമുക്ക്...
Deleteഹോ... പ്രാർത്ഥനകൾ ഫലിയ്ക്കുന്നുണ്ട്.
ReplyDeleteനമുക്ക് നോക്കാം എന്താകുമെന്ന്...
Delete"ആത്മാർത്ഥത കൂടിപ്പോയി ചിലപ്പോൾ കുഴപ്പത്തിൽ ചെന്ന് ചാടിയെന്നിരിക്കും...” അത് നന്നായി :)
ReplyDeleteഹാരിയെ എങ്ങനെയും രക്ഷിക്കണമെന്ന ചിന്ത മാത്രമേയുള്ളു മോളിയ്ക്ക്...
Deleteമാക്സിനെ വിട്ടയക്കാനുള്ള ഈ തീരുമാനത്തിന്റെ ഫലം സഹോദരന്മാർക്ക് ഗുണമാവുമോ
ReplyDeleteകാത്തിരിക്കാം സുകന്യാജീ...
Deleteഅതെ പ്രതീക്ഷകൾ ഒരിക്കലും വിട്ടുപോകുന്നില്ല ...
ReplyDelete