Thursday, December 3, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 88

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഒരു സിംഗിൾ എൻജിൻ ആർഷർ വിമാനമായിരുന്നു ഗുഡ്വുഡ് എയറോ ക്ലബ്ബിൽ നിന്നും ഡെനിസ് വാടകയ്ക്ക് എടുത്തത്. യാത്രയുടെ ഉദ്ദേശ്യം വളരെ ലളിതമാണ്. നോവലിന്റെ ഒരു ടൈപ്പ് റിട്ടൺ കോപ്പി കോൾഡ് ഹാർബറിലുള്ള സെക്ക് ആക്ലന്റിന് ഞാൻ അയച്ചു കൊടുത്തിരുന്നു. എങ്കിലും എന്റെ കഥയിൽ ചില വിടവുകൾ എവിടെയൊക്കെയോ നില നിൽക്കുന്നു എന്ന വസ്തുത അപ്പോഴും എന്നെ കുഴയ്ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അക്കാര്യത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കും എന്നെനിക്ക് തോന്നി. കോൾഡ് ഹാർബറിലേക്ക് വന്നാൽ അദ്ദേഹത്തെ കാണാനാവുമോ എന്നറിയാൻ ചീചെസ്റ്ററിലെ വീട്ടിൽ നിന്നും ഫോൺ മുഖേന ഞാൻ ബന്ധപ്പെട്ടു.  

 

അങ്ങനെ സൗത്താംപ്ടനും വൈറ്റ് ഐലണ്ടും താണ്ടി കോൾഡ് ഹാർബർ ലക്ഷ്യമാക്കി ഞങ്ങൾ പറന്നു കൊണ്ടിരിക്കുകയാണ്. നരച്ച ആകാശവും മഴയുടെ സാന്നിദ്ധ്യവും എല്ലാം കൂടി ഏറെ നാളായി ഞാൻ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തിലെ വസ്തുതകളിലേക്ക് ഒരിക്കൽക്കൂടി എന്നെ കൂട്ടിക്കൊണ്ടു പോയി. എന്റെ ചിന്തകൾ വീണ്ടും 1940 കാലഘട്ടത്തിലേക്ക്... ബാറ്റ് ഓഫ് ബ്രിട്ടൻ... ആക്രമണത്തിനായി  എത്തുന്ന ലുഫ്ത്വാഫ് ഫൈറ്ററുകൾ... അവയെ തുരത്താനായി പറന്നുയരുന്ന RAF ഫൈറ്ററുകൾ... ഹാരിയും മാക്സും... ഇരുഭാഗങ്ങളിലെയും അനവധി വീരയോദ്ധാക്കൾ... അവരിൽ പകുതിയിലേറെപ്പേരും മൺമറഞ്ഞു കഴിഞ്ഞിരിക്കുന്നു... ഇംഗ്ലീഷ് ചാനലിന്റെ അടിത്തട്ടിൽ വിലയം പ്രാപിച്ചിരിക്കുന്ന നിരവധി വിമാനങ്ങൾ... അതിലൊന്നിൽ ഓബർസ്റ്റ് ലെഫ്റ്റനന്റ് ബാരൺ മാക്സ് വോൺ ഹാൾഡറിന്റെ ഭൗതികാവശിഷ്ടങ്ങൾ ഉണ്ടായിരിക്കുമല്ലോ എന്ന ചിന്ത എന്നെ വിഷാദമൂകനാക്കി.

 

ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങവെ ഡെനിസ് വിമാനത്തെ കടലിന് മുകളിൽ നിന്നും കോൾഡ് ഹാർബറിന് നേർക്ക് വളച്ചെടുത്തു. കൊച്ചു ഗ്രാമത്തിന്റെ ദൃശ്യം വ്യക്തമായി കാണാനാവുന്നുണ്ട് ഇപ്പോൾ. ഹാങ്ങ്ഡ് മാൻ പബ്ബ്, കോട്ടേജുകൾ, ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്ന ലേഡി കാർട്ടർ എന്ന ലൈഫ്ബോട്ട് തുടങ്ങി എല്ലാം. ബംഗ്ലാവിന്റെയും തടാകത്തിന്റെയും മരങ്ങളുടെയും മുകളിലൂടെ താഴ്ന്ന് പറന്ന് ഞങ്ങളുടെ വിമാനം സാവധാനം ഗ്രാസ് റൺവേയിൽ നിലം തൊട്ടു. പണ്ട് യുദ്ധകാലത്ത് ഉണ്ടായിരുന്ന ഹാങ്കറുകൾ ലക്ഷ്യമാക്കി ടാക്സി ചെയ്ത് ഡെനിസ് വിമാനം കൊണ്ടു ചെന്ന് നിർത്തി. ഒരു ലാന്റ് റോവർ കാറിന്മേൽ ചാരി സെക്ക് ആക്ലന്റ് ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എൻജിൻ സ്വിച്ച് ഓഫ് ചെയ്ത ഡെനിസിനൊപ്പം ഞാനും പുറത്തിറങ്ങി.

 

മുന്നോട്ട് വന്ന സെക്കിന്റെ കവിളിൽ മുത്തം നൽകിയിട്ട് ഡെനിസ് പറഞ്ഞു. “നിങ്ങൾക്ക് പ്രായമാകുന്നതേയില്ലല്ലോ...”

 

മുഖസ്തുതി പറയാൻ നിനക്ക് നന്നായിട്ടറിയാമല്ലോ കുട്ടീ... ആട്ടെ, നിങ്ങളോടൊപ്പം ടർക്വിനും വന്നിട്ടില്ലേ...?” സെക്ക് ആക്ലന്റ് ചോദിച്ചു.

 

, യെസ്...” അവൾ പറഞ്ഞു.

 

അവനെയും എടുത്തോളൂ... നമുക്ക് ഹാങ്ങ്ഡ് മാനിൽ  ചെന്ന് സാൻഡ്വിച്ചും അല്പം ഡ്രിങ്കും കഴിക്കാം... ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്...”

 

അതിനെന്താ, ഒരു വിരോധവുമില്ല...” ഞാൻ പറഞ്ഞു.

 

അദ്ദേഹം ലാന്റ് റോവറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്നു. പുതിയ വാട്ടർപ്രൂഫ് ജമ്പ് ബാഗിനുള്ളിൽ ഇരിക്കുന്ന ടർക്വിനെയും കൊണ്ട് ഞങ്ങളും കയറി.

 

ഹാങ്ങ്ഡ് മാൻ ലക്ഷ്യമാക്കി ഹൈ സ്ട്രീറ്റിലൂടെ വാഹനം കുതിക്കവെ, ജെട്ടിയിൽ നിന്നും കടലിലേക്ക് നീങ്ങുന്ന ലേഡി കാർട്ടർ എന്റെ ശ്രദ്ധയിൽപ്പെട്ടു.

 

എന്തു പറ്റി...? എന്തെങ്കിലും എമർജൻസി കോൾ...?” ഞാൻ ചോദിച്ചു.

 

ഏയ്, ഇല്ല... പതിവ് നാവികാഭ്യാസം... ഒന്നും മറന്നു പോകാൻ പാടില്ലല്ലോ... സിമിയോൺ ആണ് ഇപ്പോൾ സ്രാങ്ക്...”

 

പബ്ബിന് മുന്നിൽ സെക്ക് ആക്ലന്റ് വാഹനം നിർത്തി. വെളിയിലിറങ്ങിയ ഞങ്ങൾ ഉള്ളിലേക്ക് നടന്നു. ആരുമുണ്ടായിരുന്നില്ല ഹാളിൽ. സമയം പതിനൊന്ന് മണി ആകുന്നതേയുണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ, അതു കൊണ്ടാവാം ആരെയും കാണാത്തത്. നെരിപ്പോടിനുള്ളിലെ കനലുകൾ ജ്വലിച്ച് കത്തുന്നുണ്ട്. എന്തുകൊണ്ടോ, പെട്ടെന്ന് എനിക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടു. ഒരു വർഷം മുമ്പ് ഞാനും ഡെനിസും കൂടി തികച്ചും യാദൃച്ഛികമായി ഇവിടെ എത്തിയിരുന്നു എന്നതു കൊണ്ട് മാത്രമായിരുന്നില്ല അത്. ഹാളിൽ വച്ചാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് അതെല്ലാം സംഭവിച്ചത്... ഡോഗൽ മൺറോ, ജാക്ക് കാർട്ടർ, മോളി, ജൂലി, മാക്സ്, ഹാരി... അവരെല്ലാവരുടെയും പാദസ്പർശം ഏറ്റുവാങ്ങിയ ഇടം...

 

ബെറ്റ്സീ...” സെക്ക് വിളിച്ചു.

 

കിച്ചണിൽ നിന്നും ഒരു വനിത പുറത്തേക്ക് വന്നു. “ആഹാ, എല്ലാവരും എത്തിയല്ലോ...”

 

ഞങ്ങൾ റെഡിയാണ്... ഭക്ഷണം എടുത്തോളൂ...” അദ്ദേഹം ഡെനിസിന് നേർക്ക് തിരിഞ്ഞു. “എവിടെ നമ്മുടെ ടർക്വിൻ...? അവനെ ഒന്ന് കണ്ടോട്ടെ ഞാൻ...?”

 

തീർച്ചയായും...” ബാഗ് തുറന്ന് ടർക്വിനെ പുറത്തെടുത്ത് അവൾ ബാർ കൗണ്ടറിന് മുകളിൽ വച്ചു.

 

കൗണ്ടറിന് മുന്നിൽ ഇരുന്ന് കൺചിമ്മാതെ സെക്ക് ഒരു നീണ്ട മാത്ര അവനെ ഉറ്റു നോക്കി. അപ്പോഴാണ് ഞാനത് കണ്ടു പിടിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു. “യൂ വണ്ടർഫുൾ ലിറ്റിൽ ബഗ്ഗർ...” സെക്ക് മന്ത്രിച്ചു.

 

ഡെനിസ് അദ്ദേഹത്തിനരികിൽ ചെന്ന് ചുമലിൽ കൈ വച്ചു. “ഇറ്റ്സ് ഓൾറൈറ്റ് സെക്ക്... വിഷമിക്കാതിരിക്കൂ...”

 

ശരിയാണ്... വിഷമിച്ചിട്ട് കാര്യമില്ലല്ലോ...”

 

ഒരു ട്രേയിൽ കുറെയേറെ സാൻഡ്വിച്ചുകളും സാലഡുമായി ബെറ്റ്സി വീണ്ടുമെത്തി. ഇവിടെ ഞങ്ങൾ തന്നെ ബേക്ക് ചെയ്ത ബ്രെഡ്ഡാണ്... ഇറച്ചിയും ബെസ്റ്റ് ക്വാളിറ്റി തന്നെ... കുടിക്കാൻ എന്താണ് എടുക്കേണ്ടത്...?”

 

എനിക്ക് ചായ മതി...” ഡെനിസ് പറഞ്ഞു. “തിരിച്ച് വിമാനം പറത്താനുള്ളതാണ്...”

 

ഇദ്ദേഹത്തിന് ഷാംപെയ്ൻ വളരെ ഇഷ്ടമാണ്...” സെക്ക് പറഞ്ഞു. “ഞാൻ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന കുപ്പി എടുത്തോളൂ... എനിക്കും അല്പം വേണം...”

 

വളരെ രുചികരമായിരുന്നു സാൻഡ്വിച്ച്. അത് ആസ്വദിച്ചു കൊണ്ടിരിക്കവെ ഞാൻ സെക്കിനോട് ചോദിച്ചു. “ഞാൻ അയച്ചു തന്ന ടൈപ്പ് റിട്ടൺ സ്ക്രിപ്റ്റ്... എന്താണ് അതേക്കുറിച്ചുള്ള അഭിപ്രായം...?”

 

വായിച്ചിടത്തോളം കൊള്ളാം...” പെട്ടെന്ന് അദ്ദേഹം  പൊട്ടിച്ചിരിച്ചു. “കൊള്ളാമെന്നല്ല... അതിഗംഭീരം... ചില ഗ്യാപ്പുകളൊക്കെ ഉണ്ടെങ്കിൽക്കൂടി...”

 

ഉദാഹരണത്തിന്...?”

 

നോവലിനൊടുവിൽ ജൂലിയെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല...”

 

അവർക്ക് എന്തു സംഭവിച്ചു എന്ന് കണ്ടുപിടിക്കാൻ എനിക്കായില്ല...”

 

ഞാൻ പറഞ്ഞു തരാം... യുദ്ധം അവസാനിച്ചപ്പോൾ അവൾ ഫ്രാൻസിലേക്ക് മടങ്ങിപ്പോയി... പിന്നീട് പാരീസിൽ വച്ച് മരണമടഞ്ഞു... ലുക്കീമിയ ബാധിച്ച്... അവളുടെ ശവസംസ്കാരച്ചടങ്ങിന് ഞാൻ പോയിരുന്നു...”

 

അതു ശരി...” അല്പം ഷാംപെയ്ൻ ഞാൻ അകത്താക്കി. “ചില ഗ്യാപ്പുകൾ എന്ന് നിങ്ങൾ സൂചിപ്പിച്ചു... വിട്ടു പോയ മറ്റുള്ള സംഗതികൾ എന്തൊക്കെയാണ്...?”

 

അത് പൂരിപ്പിക്കാൻ കഴിയുന്ന ഒരാളുണ്ട്... ലേഡി കാർട്ടർ... നിങ്ങളെ കാണാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചു... ഉച്ചയ്ക്ക് നമുക്ക് അങ്ങോട്ട് പോകാം...”

 

ഭക്ഷണം കഴിക്കുന്നത് നിർത്തി ഡെനിസ് അദ്ദേഹത്തെ നോക്കി. “ലേഡി കാർട്ടർ...? ലൈഫ്ബോട്ടിന്റെ പേരും അതു തന്നെയല്ലേ...?”

 

അതെ... പത്ത് വർഷം മുമ്പ്, മരിക്കുന്നതിന് തൊട്ടു മുമ്പാണ് അവരുടെ ഭർത്താവ് ഒരു പുതിയ ബോട്ട് വാങ്ങാൻ വേണ്ടി പണം അടച്ചത്... അങ്ങനെ RNLI ബോട്ടിന് അവരുടെ പേർ നൽകി...”

 

ലേഡി കാർട്ടർ...?” ഞാൻ ചോദിച്ചു.

 

അതെ... ജാക്ക് കാർട്ടറുടെ പത്നി... തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹംസർജാക്ക് കാർട്ടറായി... യുദ്ധം അവസാനിക്കുന്ന സമയത്ത് അദ്ദേഹം കേണൽ പദവിയിലേക്ക് ഉയർന്നിരുന്നു... വിരമിച്ചതിന് ശേഷം ഇവിടെ സ്ഥിരതാമസമാക്കാൻ താല്പര്യപ്പെട്ട അദ്ദേഹം ഇവിടുത്തെ ഗ്ലാൻസെസ്റ്റർ ബംഗ്ലാവ് വിലയ്ക്ക് വാങ്ങി...”

 

അപ്പോൾ ലേഡി കാർട്ടർ എന്നു പറയുന്നത്...?” അതിന്റെ ഉത്തരം അപ്പോഴേക്കും ഏകദേശം പിടി കിട്ടിക്കഴിഞ്ഞിരുന്നെങ്കിലും ഞാൻ ചോദിച്ചു.

 

ഇവിടെയുള്ളവർ അവരെ വിളിക്കുന്നത് ലേഡി മോളി എന്നാണ്... പഴയ മോളി സോബെൽ... വർഷങ്ങളായി ഇവിടെ ഡോക്ടർ ആയി സേവനമനുഷ്ഠിച്ചു... തികഞ്ഞ ഒരു സാധ്വി...”

 

അമ്പരപ്പും ചോദ്യങ്ങളും നിറഞ്ഞ കണ്ണുകളോടെ ഡെനിസ് എന്നെ നോക്കി. പിന്നെ സെക്കിന് നേർക്ക് തിരിഞ്ഞു. “അവർക്ക് മക്കൾ ആരും ഇല്ലേ...?”

 

ഇല്ല... ഡൺകിർക്കിലെ അപകടത്തിലാണല്ലോ ജാക്ക് കാർട്ടറിന് തന്റെ ഒരു കാൽ നഷ്ടമായത്... കാൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന് അന്ന് നഷ്ടമായത്... ഞാൻ ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലായിക്കാണുമെന്ന് കരുതുന്നു... ഒരു കുടുംബ ജീവിതം എന്നത് അസാദ്ധ്യമായിരുന്നു... പക്ഷേ, അതൊരു പ്രശ്നമൊന്നും ആയിരുന്നില്ല... പ്രത്യേകിച്ചും ഹാരിയുടെ മരണത്തിന് ശേഷം...”

 

ഹാരിയ്ക്ക് എന്താണ് സംഭവിച്ചത്...?” ഞാൻ ചോദിച്ചു.

 

അത് അവരുടെ അടുത്തു നിന്ന് തന്നെ കേൾക്കുന്നതായിരിക്കും ഉചിതം...” അദ്ദേഹം എഴുന്നേറ്റ് വാച്ചിൽ നോക്കി. “നമുക്ക് പുറപ്പെട്ടാലോ...? അവർ കാത്തിരുന്നു മുഷിഞ്ഞു കാണും... ടർക്വിനെക്കൂടി എടുത്തോളൂ...”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

15 comments:

  1. “ഹാരിയ്ക്ക് എന്താണ് സംഭവിച്ചത്...?” ഞാൻ ചോദിച്ചു.

    ReplyDelete
  2. മോളി ജീവനോടെ ഉണ്ടോ?

    ReplyDelete
    Replies
    1. പിന്നേ... തീർച്ചയായും... അവരുടെ അടുത്തേക്കാണ് സെക്ക് ആക്‌ലന്റ് ഹിഗ്ഗിൻസിനെയും പത്നിയെയും കൊണ്ടുപോകുന്നത്...

      Delete
  3. അപ്പോൾ ലേഡി കാർട്ടർ മോളി ആണല്ലേ..... ഹാരിയുടെ കഥ അറിയാൻ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. അതെ... നമ്മുടെ ആ ഡോക്ടർ മോളി സോബെൽ ആണ് ലേഡി കാർട്ടർ...

      Delete
  4. ഹാരിയുടെ കഥ വേഗം പറയൂ വിനുവേട്ടാ... :(

    ReplyDelete
  5. ങേ... ദുരന്തങ്ങൾ തീർന്നില്ലേ

    ReplyDelete
  6. ഹാരിയുടെ അവസ്ഥ എന്തായി എന്നറിയാതെ..

    ReplyDelete
    Replies
    1. അടുത്ത ലക്കത്തിൽ സുകന്യാജീ...

      Delete
  7. ഹാരിയും ,മോളിയും അടുത്ത അദ്ധ്യായത്തിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ...

    ReplyDelete