ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
മൊർലെയ്ക്സ് കൊട്ടാരത്തിൽ ബുബി ഹാർട്മാനും ME109 ന്റെ പൈലറ്റ് ഫ്രൈബർഗും ഹാരിയും കൂടി ഡിന്നർ കഴിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ലുഫ്ത്വാഫ് യൂണിഫോം ആയിരുന്നു ഹാരി ധരിച്ചിരുന്നത്. ആരും കാര്യമായി ഒന്നും സംസാരിച്ചതേയില്ല. ഇംഗ്ലണ്ടിലെ വിവരങ്ങൾ ഒന്നും അറിയാത്തതിലുള്ള വേവലാതിയിലായിരുന്നു ബുബി. അതോടൊപ്പം, ഷ്രൂഡറെ കാണാതായതിലെ ദുരൂഹതയും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഫ്രൈബർഗ് ആകട്ടെ ആ രണ്ട് കേണൽമാരുടെയും സാന്നിദ്ധ്യം കൊണ്ട് ആകെപ്പാടെ അങ്കലാപ്പിലും. മാക്സിനോടൊപ്പം നിരവധി തവണ പറന്നയാളാണ് ഫ്രൈബർഗ് എന്നതിനാൽ അത് ബാരൺ അല്ല, മറിച്ച് അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ ഹാരിയാണ് എന്ന വസ്തുത ബുബിയ്ക്ക് വെളിപ്പെടുത്തേണ്ടി വന്നു. എന്നാൽ മാക്സ് എന്തിനാണ് പോയിരിക്കുന്നതെന്ന കാര്യം അദ്ദേഹം രഹസ്യമാക്കിത്തന്നെ വച്ചു.
കോഫിയും കോന്യാക്കുമായി അവർ അത്താഴം അവസാനിപ്പിച്ചു. “ഞാൻ റൂമിലേക്ക് പോകുകയാണ്...” ക്രച്ചസ് എടുത്തിട്ട് ഹാരി പറഞ്ഞു.
“ശരി, ഞാൻ കൊണ്ടു വിടാം...” ബുബി പറഞ്ഞു.
സ്റ്റെയർകെയ്സ് കയറി അവർ മുകളിലെത്തി. ബുബിയുടെ നിർദ്ദേശപ്രകാരം SS പാറാവുകാരൻ റൂമിന്റെ വാതിൽ തുറന്നു കൊടുത്തു.
“എന്റെ അമ്മ എവിടെയാണ് ബുബീ...? എപ്പോഴാണ് എനിക്കവരെ കാണാൻ പറ്റുക...?” ഹാരി ചോദിച്ചു.
“നാളെ ഹാരീ... ഞാൻ വാക്കു തരുന്നു...”
“എന്താണെന്നറിയില്ല, നിങ്ങളെ എനിക്കത്ര വിശ്വാസം പോരാ...”
“അങ്ങനെയാണ് തോന്നുന്നതെങ്കിൽ സോറി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ...”
ബുബി തിരിഞ്ഞ് പടവുകൾ ഇറങ്ങി. ഹാരി തന്റെ റൂമിലേക്ക് കയറി. എന്തോ, വല്ലാത്ത അസ്വസ്ഥത... അഴികളുള്ള ജാലകത്തിനരികിൽ ചെന്ന് അദ്ദേഹം പുറത്തേക്ക് നോക്കി നിന്നു. മാക്സിന് എന്തു സംഭവിച്ചിരിക്കും എന്ന ആധിയിലായിരുന്നു ഹാരി. തിരികെ വന്ന് കട്ടിലിൽ ഇരുന്ന് വലതു കാലിലെ ഷൂ അഴിച്ചു മാറ്റി. നഗ്നമായ ഇടതു കാൽപ്പാദത്തിലെ വിരലുകൾ പ്ലാസ്റ്റർ ഓഫ് പാരീസിനുള്ളിൽ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്നു. അന്തരീക്ഷത്തിൽ നല്ല തണുപ്പുണ്ടായിരുന്നതിനാൽ തന്റെ ഫ്ലൈയിങ്ങ് ജാക്കറ്റ് അഴിച്ചു മാറ്റാൻ അദ്ദേഹം തുനിഞ്ഞില്ല. പതുക്കെ പിറകോട്ട് ചാഞ്ഞ്, മലർന്ന് കിടന്ന് സീലിങ്ങിലേക്ക് നോക്കി ചിന്തയിലാണ്ട അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണു.
***
സിറ്റിങ്ങ് റൂമിലെ ഒരു മൂലയിൽ ചിന്താമഗ്നനായി ഇരിക്കുകയാണ് ബുബി ഹാർട്മാൻ. ആവശ്യത്തിലേറെ ബ്രാണ്ടി ഇതിനോടകം അകത്താക്കി കഴിഞ്ഞിരിക്കുന്നു. ഫ്രൈബർഗ് ആകട്ടെ മറ്റൊരു മൂലയിൽ ഒരു മാഗസിൻ മറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. അസ്വസ്ഥനായി കാണപ്പെട്ട അയാൾ ഒടുവിൽ എഴുന്നേറ്റു. “ഇന്ന് നേരത്തേ ഉറങ്ങിയാലോ എന്ന് വിചാരിക്കുന്നു കേണൽ...”
“നല്ലത്...” ബുബി പറഞ്ഞു. “നാളെ രാവിലെ കാണാം...”
ഫ്രൈബർഗ് പോയതിന് പിറകെ ബുബി കോന്യാക്കിന്റെ ബോട്ട്ൽ എടുത്തു. അപ്പോഴാണ് ഫോൺ റിങ്ങ് ചെയ്യുവാൻ തുടങ്ങിയത്. പുരികം ചുളിച്ചു കൊണ്ട് അദ്ദേഹം വാച്ചിൽ നോക്കി. പത്തു മണിയായിരിക്കുന്നു... ഈ നേരത്ത് ആരായിരിക്കും...?
അദ്ദേഹം റിസീവർ എടുത്തു. ഓപ്പറേറ്റർ ആയിരുന്നു അത്. “താങ്കൾക്കൊരു കോൾ ഉണ്ട് സ്റ്റാൻഡർട്ടൻഫ്യൂറർ...”
“ആരാണെന്ന് പറഞ്ഞുവോ...?”
“നന്നായി ജർമ്മൻ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും ഒരു ഫ്രഞ്ചുകാരണാണെന്നത് വ്യക്തം... താങ്കളോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് നിർബ്ബന്ധം പിടിച്ചു... എന്തോ പ്രധാനപ്പെട്ട ഇൻഫർമേഷനാണത്രെ...”
“ശരി, കണക്റ്റ് ചെയ്യൂ...”
“കേണൽ ഹാർട്മാൻ...?” ജക്കോദിന്റെ സ്വരം റിസീവറിൽ മുഴങ്ങി.
“ആരാണിത്...?”
“ഓ, നിങ്ങളുടെ അധിനിവേശത്തെ ചെറുക്കുവാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ഈ പ്രദേശത്തെ ഗ്രൂപ്പ് ലീഡർ ആണെന്ന് കൂട്ടിക്കോളൂ... എന്റെ ഒരു സുഹൃത്ത്... ഒരു ബ്രിഗേഡിയർ മൺറോ... അദ്ദേഹത്തെക്കുറിച്ച് ഒരു പക്ഷേ നിങ്ങൾ കേട്ടുകാണും... ഞാനുമായി റേഡിയോ ബന്ധം പുലർത്തിയിരുന്നു... ഒന്നല്ല, രണ്ടു തവണ...”
ശ്വാസം നിലച്ചത് പോലെ ബുബിയ്ക്ക് തോന്നി. “എന്താണ് നിങ്ങൾക്ക് വേണ്ടത്...?”
“എനിക്കൊന്നും വേണ്ട...” ജക്കോദ് പറഞ്ഞു. “നിങ്ങൾക്ക് ഒരു ഇൻഫർമേഷൻ തരാൻ വേണ്ടി വിളിച്ചതാണ്... ഇനി ഞാൻ പറയാൻ പോകുന്ന പേരുകൾ ഒരു പക്ഷേ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കാം... റോഡ്രിഗ്സ് സഹോദരന്മാർ... പിടി കൂടിയപ്പോൾ ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി അവകാശപ്പെട്ട അവർ ഇപ്പോൾ ലിസ്ബനിലേക്ക് പറന്നു കൊണ്ടിരിക്കുകയാണ്... മിസ്സിസ് സാറാ ഡിക്സൺ കസ്റ്റഡിയിലായിരിക്കുന്നു... അതുപോലെ തന്നെ ബാരൺ വോൺ ഹാൾഡറും... പിന്നെ നിങ്ങൾക്കൊരു സദ്വാർത്ത കൂടിയുണ്ട്... ജനറൽ ഐസൻഹോവറുമായി ബാരൺ സൗത്ത്വിക്കിലേക്ക് പറക്കുന്നതിനിടയിലാണ് ഒരു JU88 അവരെ ആക്രമിച്ചത്... പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല... അമ്പരപ്പിക്കുന്ന അഭ്യാസ പ്രകടനത്തിലൂടെ ബാരൺ ആ വിമാനത്തെ ക്രാഷ് ചെയ്യിച്ച് ഐസൻഹോവറിന്റെ ജീവൻ രക്ഷിച്ചു...”
“ഗുണം പിടിക്കില്ല നിങ്ങൾ...” ബുബി ശപിച്ചു.
“ഗുണം പിടിക്കാതിരിക്കാൻ പോകുന്നത് നിങ്ങൾക്കായിരിക്കും... മഹത്തായ ആ ദിനം ആഗതമായിരിക്കുന്നു... പിന്നെ ഒരു കാര്യം... ഷ്രൂഡറെ ഞങ്ങൾക്ക് തന്നതിന് നന്ദി... യഥാർത്ഥ പോരാട്ടം ആരംഭിക്കുമ്പോൾ നല്ലൊരു ഡോക്ടറെ ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നു...”
ജക്കോദ് ഫോൺ കട്ട് ചെയ്തു. റിസീവർ കൈയ്യിൽ വച്ചു കൊണ്ട് ഇതികർത്തവ്യതാ മൂഢനായി ഇരുന്നു പോയ ബുബി പതുക്കെ അത് ക്രാഡിലിൽ വച്ചു. അദ്ദേഹത്തിന്റെ മുഖം ഭീതിയാൽ വിവർണ്ണമായിരുന്നു. താൻ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു... എല്ലാം അവസാനിച്ചിരിക്കുന്നു... തന്റെ കാര്യത്തിന് തീരുമാനമായിരിക്കുന്നു... പരാജയത്തിന്റെ വില എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഒരു മിഥ്യാധാരണയുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്.
എഴുന്നേറ്റ് ഒരു സിഗരറ്റിന് തീ കൊളുത്തി പരിഭ്രാന്തിയോടെ അദ്ദേഹം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. മാക്സ് ബ്രിട്ടീഷുകാരുടെ പിടിയിൽ... അദ്ദേഹത്തിന്റെ സഹോദരൻ തൊട്ടു മുകളിലത്തെ മുറിയിലും... പക്ഷേ, തനിക്ക് എന്തു ചെയ്യാൻ കഴിയും ഇപ്പോൾ...? അദ്ദേഹത്തിന്റെ വാതിൽക്കൽ ചെന്ന് തട്ടിയിട്ട് പറയാനോ നിങ്ങളുടെ സഹോദരനെ അവർ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന്...? മാത്രമല്ല, ഞാൻ നിങ്ങളോട് പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നും മാക്സ് കോൺവാളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ മാതാവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നുവെന്നും...? എന്നാൽ അതിനേക്കാൾ കരണീയമായ മറ്റൊന്നുണ്ട്... ബെർലിനിലേക്ക് ഹോട്ട്ലൈൻ സൗകര്യം എപ്പോഴും ലഭ്യമാണ്... ഭാഗ്യമുണ്ടെങ്കിൽ ട്രൂഡി വീട്ടിൽ പോകാതെ പ്രിൻസ് ആൽബ്രസ്ട്രാസയിൽ തന്നെ തങ്ങുന്നുണ്ടെങ്കിലോ...?
അവൾ അവിടെയുണ്ടായിരുന്നു. ഓഫീസിന്റെ മൂലയിലെ വീതി കുറഞ്ഞ ക്യാമ്പ് ബെഡ്ഡിൽ ഒരു മാഗസിനും വായിച്ചു കൊണ്ട് കിടക്കുകയായിരുന്നു ട്രൂഡി. ഫോൺ എടുത്തയുടൻ തന്നെ ബുബിയുടെ സ്വരം അവൾ തിരിച്ചറിഞ്ഞു.
“ട്രൂഡീ, ഇത് ഞാനാണ്...” അദ്ദേഹം പറഞ്ഞു.
“എന്തു പറ്റി കേണൽ...?”
“ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം... നമ്മുടെ ദൗത്യം പൊളിഞ്ഞു... റോഡ്രിഗ്സ് സഹോദരന്മാർ, സാറാ ഡിക്സൺ, മാക്സ്... സകലരെയും അവർ അറസ്റ്റ് ചെയ്തു കഴിഞ്ഞു... എന്നു വച്ചാൽ എന്താണ് അർത്ഥമെന്ന് മനസ്സിലായല്ലോ...?”
“ഓ, മൈ ഗോഡ്...!”
“പെട്ടെന്ന് അവിടെ നിന്നും രക്ഷപെടൂ ട്രൂഡീ... എന്റെ സെക്രട്ടറി എന്ന അധികാരം ഉപയോഗിച്ച് എങ്ങനെയും രക്ഷപെടാൻ നോക്കൂ... എന്നെക്കൊണ്ട് ഇത്രയുമേ ചെയ്യാനാവൂ... പിന്നെ, എന്റെ പിതാവിന് ഒരു മുന്നറിയിപ്പ് കൊടുക്കാൻ സാധിക്കുമെങ്കിൽ വളരെ ഉപകാരം...”
അവൾ വിതുമ്പിത്തുടങ്ങിയിരുന്നു. “വല്ലാത്തൊരവസ്ഥയിലാണല്ലോ നമ്മൾ അകപ്പെട്ടിരിക്കുന്നത്... റൈഫ്യൂറർ ഇതറിയുമ്പോൾ എന്തു പറയും...?”
“അദ്ദേഹം എന്തു പറയും എന്നതല്ല, എന്തു ചെയ്യും എന്നതിനാണ് പ്രാധാന്യം...”
“ഒരു മണിക്കൂർ മുമ്പ് അദ്ദേഹത്തെ ക്യാന്റീനിൽ കണ്ടിരുന്നു...”
“ഇപ്പോഴും ഓഫീസിൽ ഉണ്ടെന്നാണോ...?”
“അതെ... ബോംബിങ്ങ് നേരത്തെ ആരംഭിച്ചതിനാൽ അദ്ദേഹം ഇവിടെത്തന്നെ തങ്ങുകയാണ്...”
എന്തോ, ബുബിയുടെ മനസ്സിന് പെട്ടെന്നൊരു ആശ്വാസം പോലെ അനുഭവപ്പെട്ടു. “എന്ത് നാശമായാലും വേണ്ടില്ല... അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കണക്റ്റ് ചെയ്യൂ... പിന്നെ, ട്രൂഡീ.........”
“യെസ് ബുബീ...”
“മൈ ലവ്... കഴിയുന്നതു വേഗം പുറത്ത് കടന്ന് രക്ഷപെടുക...”
ഏതാനും നിമിഷങ്ങൾക്ക് ശേഷം ഹിംലറുടെ സ്വരം കാതിൽ മുഴങ്ങി. “പറയൂ സ്റ്റാൻഡർട്ടൻഫ്യൂറർ... എന്താണ് എനിക്കായുള്ള ആ നല്ല വാർത്ത...?”
പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിലെന്ന പോലെ രണ്ടും കൽപ്പിച്ച് ബുബി പറഞ്ഞു. “ഇല്ല റൈഫ്യൂറർ... നേരെമറിച്ച് എല്ലാം അശുഭവാർത്തകളാണ്...”
ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം ഹിംലറുടെ സ്വരം വീണ്ടും. “പറയൂ...”
ഒരു പ്രതികാരം ചെയ്യുന്ന ആനന്ദത്തോടെ ബുബി ബ്രിട്ടീഷ് ദൗത്യത്തിന്റെ പരാജയത്തെക്കുറിച്ച് വിശദീകരിക്കുവാൻ തുടങ്ങി. ഐസൻഹോവറിനെയും കൊണ്ട് പറക്കുമ്പോൾ ഒരു ജങ്കേഴ്സ് ആക്രമിച്ചതും അതിനെ തകർത്ത് അതിവിദഗ്ദ്ധമായി മാക്സ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചതും എല്ലാം വളരെ വിശദമായിത്തന്നെ അദ്ദേഹം വിവരിച്ചു. എല്ലാം കഴിഞ്ഞപ്പോൾ നിശ്ശബ്ദതയായിരുന്നു അവിടെ.
അല്പനേരത്തിന് ശേഷം ഹിംലറുടെ സ്വരം വീണ്ടും മുഴങ്ങി. “കൃത്യമായ തയ്യാറെടുപ്പുകൾ കൂടാതെ തുടങ്ങി വച്ച ഒരു ദൗത്യം... നിങ്ങളെ വിശ്വസിച്ചു പോയതാണ് എന്റെ തെറ്റ്, കേണൽ... ഇടയ്ക്ക് വച്ച് അത് മനസ്സിലായിരുന്നുവെങ്കിലും നിങ്ങളുടെ ആവേശവും ഉത്സാഹവും കണ്ട് ഞാൻ മുന്നോട്ട് പോയി... വഞ്ചകിയായ ആ പ്രഭ്വിയുടെ മരണം നിങ്ങളുടെ നേതൃത്വപാടവമില്ലായ്മയെയാണ് കാണിക്കുന്നത്... അതിന്റെ ഫലമോ, ബാരൺ വോൺ ഹാൾഡർ ബ്രിട്ടീഷ് തടങ്കലിൽ ആയിരിക്കുന്നു എന്നതിന്റെ നാണക്കേടും...”
‘പോയി തൂങ്ങിച്ചാവാൻ നോക്ക് തന്തയ്ക്ക് പിറക്കാത്തവനേ’ എന്നാണ് പറയാൻ തോന്നിയതെങ്കിലും ബുബിയുടെ വായിൽ നിന്ന് വന്നത് ഇപ്രകാരമായിരുന്നു. “ഇനിയെന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടോ റൈഫ്യൂറർ...? കേണൽ കെൽസോയെ എന്തു ചെയ്യണം ഞാൻ...?”
“നിങ്ങളിനി ഒന്നും ചെയ്യണമെന്നില്ല... പാരീസിലുള്ള ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സുമായി ഞാൻ ബന്ധപ്പെടുന്നുണ്ട്... സ്റ്റാൻഡർട്ടൻഫ്യൂറർ ഫാസ്ബൈൻഡർ ഒരു വിമാനവുമായി നാളെ അവിടെയെത്തും... കെൽസോയുടെ മേൽനോട്ടം അയാൾ ഏറ്റെടുത്ത് ബെർലിനിലേക്ക് കൊണ്ടുവന്നോളും...”
“ഞാൻ എന്തു ചെയ്യണം റൈഫ്യൂറർ...?”
“നിങ്ങൾക്കും അവരോടൊപ്പം ഇങ്ങോട്ടു വരാം... നേരിൽ കണ്ടിട്ട് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാം...”
ഹിംലർ ഫോൺ കട്ട് ചെയ്തു. ബുബി റിസീവർ ക്രാഡിലിൽ വച്ചു. തന്റെ മരണവിധിയാണ് ഒരു നിമിഷം മുമ്പ് ശ്രവിച്ചത്... ഹാരി കെൽസോയുടെയും... ശവപ്പെട്ടിയുടെ മൂടിയിൽ ആണി ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ബ്രാണ്ടി ബോട്ട്ലുമായി അദ്ദേഹം മുകളിലത്തെ നിലയിലുള്ള തന്റെ റൂമിലേക്ക് നടന്നു. ഒരു ലാർജ്ജ് കൂടി അകത്താക്കിയിട്ട് തന്റെ ബെൽറ്റും തോക്കിന്റെ ഉറയും ഊരി മാറ്റി. പിന്നെ മോസർ കൈയ്യിലെടുത്ത് ഒന്ന് ഊറിച്ചിരിച്ചു. നാളെ സ്റ്റാൻഡർട്ടൻഫ്യൂറർ ഫാസ്ബൈൻഡർ എത്തുമത്രെ... ആ പന്നിയെ കാണുന്നത് പോലും പണ്ടു മുതൽക്കേ ഇഷ്ടമായിരുന്നില്ല തനിക്ക്... അയാളെ തീർക്കാൻ ഇതു തന്നെ പറ്റിയ അവസരം... പിറകോട്ട് കിടക്കയിലേക്ക് ചാഞ്ഞ അദ്ദേഹം ഗാഢനിദ്രയിലേക്ക് വഴുതി വീണു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
കളിയാകെ മാറുകയാണല്ലോ? ബൂബിയുടെ കാര്യം തീരുമാനം ആയി. അത് ഹാരിക് ഗുണപ്പെടുമോ എന്തോ...കാത്തിരിക്കാം
ReplyDeleteകാത്തിരിക്കാം...
Deleteഅപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ ..
ReplyDeleteഇന്ന് രാത്രി മാക്സ് എത്തിയാൽ വല്ലോം നടക്കുവോ
ഇന്നിപ്പോ ഇത്രയുമായില്ലേ… നാളെ രാവിലെ വന്നാൽ പോരെ?
Delete@ ഉണ്ടാപ്രി : മാക്സ് പോയി നോക്കട്ടെ...
Delete@ ജിമ്മൻ : പോരാ... ഇന്ന് രാത്രിയിൽത്തന്നെ പുറപ്പെടണം...
Deleteമാക്സ് ഹാരി രണ്ടു പേരും ഒരുമിച്ച് രക്ഷപ്പെടുക അസാധ്യം ആണെന്ന് തോന്നുന്നു. അവസാനത്തി ൻ്റെ ആരംഭം
ReplyDeleteകരിനാവാണോ സുചിത്രാജീ...? ബീ ഓപ്റ്റിമിസ്റ്റിക്ക്... :)
Delete“സ്റ്റാൻഡർട്ടൻഫ്യൂറർ ഫാസ്ബൈൻഡർ ഒരു വിമാനവുമായി നാളെ അവിടെയെത്തും…”
ReplyDelete“അയാളെ തീർക്കാൻ ഇതു തന്നെ പറ്റിയ അവസരം…”
അയാളെ തട്ടുന്നു.. ആ വിമാനത്തിൽ രക്ഷപെടുന്നു.. വല്ലതും നടക്കുവോ?
ആര്, ബുബിയോ...? ബുബി രക്ഷപെട്ടതു കൊണ്ട് ഹാരിയ്ക്ക് എന്തു ഗുണം ജിമ്മാ...?
Deleteബുബിയ്ക്ക് വേറൊന്നും ചെയ്യാൻ ആകില്ലേ... ചുരുങ്ങിയത് ശ്രമിച്ചു നോക്കാൻ എങ്കിലും?
ReplyDeleteഹാരിയെയും കൊണ്ട്...? എങ്ങോട്ട് രക്ഷപെടാൻ...?
Deleteഎല്ലാം അശുഭവാർത്തകൾ ആണല്ലോ... നിർണ്ണായക വഴിത്തിരിവിൽ എത്തി നിൽക്കുന്നു കഥ
ReplyDeleteഅതിനിർണ്ണായകം...
Deleteമാക്സ് എത്തുമോ?
ReplyDeleteഎത്തണ്ടേ...?
Deleteഎല്ലാം ഹിംലർ അറിഞ്ഞു. ഇനി എന്ത്? കഥ വഴി തിരിവിൽ എത്തി നിൽക്കുന്നു. വേഗം ബാക്കി തരണേ വിനു ഏട്ടാ
ReplyDeleteഹിംലർ എന്ന കുറുക്കൻ എല്ലാം അറിഞ്ഞിരിക്കുന്നു... പലരുടെയും ഭാവി എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു...
Deleteകുറച്ചുനാളായി വിഷാദം
ReplyDeleteവന്നെന്നെ പിടികൂടിയിരിക്കുകയായിരുന്നു .
അതുകൊണ്ട് വായനയും മറ്റും കുറച്ച് കുറവായിരുന്നു ...
പിന്നെ എന്നെ പിടികൂടിയ കാരണം വിഷാദത്തിന്
വിഷാദം വന്നോ എന്ന ഒരു സംശയവും ഇല്ലാതില്ല കേട്ടൊ
പിന്നിട്ട അദ്ധ്യായങ്ങൾ തൊട്ട് ഇനി വായന തുടരുന്നതാണ് ...!
ഞാനും വിചാരിച്ചിരുന്നു എന്താണ് മുരളിഭായിയെ കാണാത്തതെന്ന്... ജോലിത്തിരക്കിലായിരിക്കും എന്ന് കരുതി... ആക്രമിക്കാനെത്തിയ വിഷാദത്തെ മുൻകൂട്ടി തിരിച്ചറിയാൻ ചാരക്കണ്ണുകൾക്ക് ആയില്ലേ മുരളിഭായ്...? അറ്റ് ലീസ്റ്റ് ആ മാന്ത്രിക വടിയെങ്കിലും എടുത്ത് ഭയപ്പെടുത്തി ഓടിക്കേണ്ടതായിരുന്നൂട്ടോ ഭായ്...
Delete