Monday, August 3, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 70

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഏതാണ്ട് അതേ സമയം തന്നെ അങ്ങ് ലണ്ടനിൽ ഫെർണാണ്ടോയും ജോയൽ റോഡ്രിഗ്സും കൂടി സാറാ ഡിക്സന്റെ ഫ്ലാറ്റിൽ എത്തിക്കഴിഞ്ഞിരുന്നു. രഹസ്യമായി അവരെ പിന്തുടർന്നു കൊണ്ടിരുന്ന ലെയ്സിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി സ്കോട്ട്ലന്റ് യാർഡിൽ നിന്നും എത്തിയ ഫോട്ടോഗ്രാഫർ കൂടി ആയ പ്യാരി എന്ന കോൺസ്റ്റബിളും ചേർന്ന് അവർ ആ ഫ്ലാറ്റിലേക്ക് പോകുന്നതിന്റെയും മൂവരും കൂടി തിരിച്ചു വരുന്നതിന്റെയും ധാരാളം ക്ലോസപ്പ് ചിത്രങ്ങൾ പകർത്തി. അതിനു ശേഷം അവരെ പിന്തുടർന്ന് വെസ്റ്റ്ബൺ ഗ്രോവിലുള്ള ആ ഇറ്റാലിയൻ റെസ്റ്ററന്റിന് സമീപം എത്തി. സാറയും  ഫെർണാണ്ടോയും വർഷങ്ങളായി സന്ദർശിച്ചുകൊണ്ടിരുന്ന ഇടമായിരുന്നു അത്.

 

“ഇതിൽ എന്തോ ഒരു വശപ്പിശകുണ്ടല്ലോ...” ലെയ്സി പറഞ്ഞു. “ആ സ്ത്രീയെ മുമ്പ് എവിടെയോ ഞാൻ കണ്ടതു പോലെ...”

 

“ആ ഫ്ലാറ്റുകളിൽ ധാരാളം പേർ താമസിക്കുന്നുണ്ട്...” പ്യാരി പറഞ്ഞു.

 

“ബ്രില്യന്റ്... യൂ ആർ ട്രൂലി എ ഗ്രേറ്റ് ഡിറ്റക്ടിവ്... ഒരു കാര്യം ചെയ്യൂ... ക്യാമറയിൽ നിന്നും ആ ഫിലിം പുറത്തെടുത്തിട്ട് പുതിയൊരു റോൾ ഇടൂ... നമുക്കത് ഇപ്പോൾ തന്നെ ഡെവലപ്പ് ചെയ്യണം... ഒരു മിനിറ്റ്, ഞാനിതാ വന്നു...”

 

അദ്ദേഹം റെസ്റ്ററന്റിനുള്ളിലേക്ക് കടന്നു. സാമാന്യം തിരക്കുണ്ടായിരുന്ന ആ ബാറിന്റെ ഒരറ്റത്ത് പോയി നിന്നിട്ട് ഒരു ഗ്ലാസ് വൈൻ എടുത്തു. അരികിലൂടെ കടന്നു പോയ മുഖ്യ പരിചാരകനെ തടഞ്ഞ് നിർത്തിയിട്ട് അദ്ദേഹം തന്റെ വാറന്റ് കാർഡ് കാണിച്ചു.

 

“ഇതൊന്ന് വായിച്ചു നോക്കൂ...”

 

പരിചാരകന്റെ കണ്ണുകൾ വികസിച്ചു. “എന്തെങ്കിലും പ്രശ്നമുണ്ടോ ഡിറ്റക്ടിവ് കോൺസ്റ്റബിൾ...?”

 

“നിങ്ങളുടെ പേരെന്താണ്...?”

 

“ഫ്രാങ്കോ...”

 

“റൈറ്റ്, ഫ്രാങ്കോ... എന്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുകയാണെങ്കിൽ നിങ്ങൾക്ക് ഒരു കുഴപ്പവുമുണ്ടാകില്ല... മനസ്സിലാകുന്നുണ്ടോ...?”

 

ഉത്കണ്ഠയോടെ ഫ്രാങ്കോ തല കുലുക്കി.

 

“ആ ജാലകത്തിനരികിൽ ഇരിക്കുന്ന സ്ത്രീയും രണ്ട് പുരുഷന്മാരും...ആരൊക്കെയാണവർ...?”

 

“ആ സ്ത്രീയുടെ പേര് മിസ്സിസ് ഡിക്സൺ... മിസ്സിസ് സാറാ ഡിക്സൺ...  പിന്നെ ആ ഉയരമുള്ള ആൾ സെനോർ റോഡ്രിഗ്സ്... പോർച്ചുഗീസ് എംബസിയിലാണ് ജോലി... അവർ ഇരുവരും വർഷങ്ങളായി ഇവിടുത്തെ സന്ദർശകരാണ്... ഇവിടെ അടുത്താണ് മിസ്സിസ് ഡിക്സൺ താമസിക്കുന്നത്...”

 

“മറ്റേയാളോ...?”

 

“അദ്ദേഹത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല...”

 

ലെയ്സി അയാളുടെ ചുമലിൽ പതുക്കെ തട്ടി. “ഗുഡ് മാൻ... ഞാൻ ഒന്നും ചോദിച്ചിട്ടുമില്ല, നിങ്ങൾ ഒന്നും പറഞ്ഞിട്ടുമില്ല... മനസ്സിലാകുന്നുണ്ടല്ലോ...?”

 

“തീർച്ചയായും ഓഫീസർ...”

 

ലെയ്സി പുറത്തേക്കിറങ്ങി. പ്യാരി റോഡിന്റെ മറുവശത്ത് നിൽക്കുന്നുണ്ടായിരുന്നു. പുതിയ റോൾ ഫിലിം നൽകവേ അയാൾ ചോദിച്ചു. “എല്ലാം ഓകെയല്ലേ സർ...?”

 

“യെസ്... നിങ്ങൾ ഇവിടെത്തന്നെ നിൽക്കണം... അവർ എങ്ങോട്ട് പോയാലും പിന്തുടരുക... എന്നിട്ട് എന്നെ അറിയിക്കുക... ഞാൻ യാർഡിൽ ചെന്ന് ഈ ഫിലിം പ്രോസസ് ചെയ്യാൻ കൊടുക്കട്ടെ...” അദ്ദേഹം മുന്നോട്ട് നടന്നു. അടുത്ത നിമിഷം അമ്പരപ്പോടെ നിന്നിട്ട് അദ്ദേഹം പ്യാരിയുടെ അടുത്തേക്ക് തന്നെ തിരിഞ്ഞു നടന്നു. “ജീസസ് ക്രൈസ്റ്റ്...! ആ സ്ത്രീയെ എവിടെ വച്ചാണ് കണ്ടതെന്ന് ഇപ്പോഴാണെനിക്കോർമ്മ വന്നത്...”

 

                                                            ***

 

ഹേസ്റ്റൺ പ്ലേസിലെ തന്റെ ഫ്ലാറ്റിൽ നെരിപ്പോടിനരികിൽ മദ്യം നുണഞ്ഞുകൊണ്ട് ഓഫീസ് ഫയലുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺറോ. ഫോൺ റിങ്ങ് ചെയ്തതും അദ്ദേഹം റിസീവർ എടുത്തു.

 

“മൺറോ ഹിയർ...”

 

“കാർട്ടർ, സർ...”

 

“സമയം പത്തു മണിയായിരിക്കുന്നു ജാക്ക്... ഇന്നെങ്കിലും ഒന്ന്  നേരത്തെ ഉറങ്ങണമെന്ന് വിചാരിച്ചതായിരുന്നു... നാളെ രാവിലെ ആറു മണിക്ക് ഓഫീസിൽ എത്താനുള്ളതാണ്...”

 

“വീ ഹാവ് എ പ്രോബ്ലം, ബ്രിഗേഡിയർ...”

 

അത്യന്തം രൂക്ഷമായ സാഹചര്യങ്ങളിൽ മാത്രം അവർ ഉപയോഗിക്കാറുള്ള ഒരു വാചകം ആയിരുന്നു അത്.  

 

“ബാഡ്..?” മൺറോ ചോദിച്ചു.

 

“വെരി ബാഡ്, സർ... ചീഫ് ഇൻസ്പെക്ടർ റിലേയും അദ്ദേഹത്തിന്റെ അസിസ്റ്റന്റും എന്നോടൊപ്പം ഉണ്ട്... അത്യാവശ്യമായി താങ്കളെ കാണേണ്ടിയിരിക്കുന്നു...”

 

“എങ്കിൽ ശരി, എത്രയും പെട്ടെന്ന് വന്നോളൂ...”

 

                                                                ***

 

റെസ്റ്ററന്റിലെ ജാലകത്തിനരികിൽ കോഫി നുണഞ്ഞുകൊണ്ട് സാറയും ഫെർണാണ്ടോയും ജോയലും പതിഞ്ഞ സ്വരത്തിൽ കാര്യങ്ങൾ ചർച്ച ചെയ്തു.

 

“ഇത് മൂലം നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ...?” ഫെർണാണ്ടോ സാറയോട് ചോദിച്ചു.

 

“ഐസൻഹോവറിനെ വധിക്കുന്നതു കൊണ്ടോ...?” അവൾ തലയാട്ടി. “അദ്ദേഹം എനിക്ക് ആരുമല്ല... സത്യത്തിൽ 1940 ൽ ജർമ്മൻ അധിനിവേശം ഏതാണ്ട് ഉറപ്പായി എന്ന അവസ്ഥ വന്നപ്പോൾ ഐറിഷുകാരുടെ സ്വപ്നം പൂവണിയാൻ പോകുന്നു എന്ന സന്തോഷത്തിലായിരുന്നു ഞങ്ങൾ...”

 

“സാറാ, ഐ ലവ് യൂ...” ഫെർണാണ്ടോ പറഞ്ഞു. “ഹിറ്റ്‌ലർ ബ്രിട്ടനെ കീഴടക്കിയിരുന്നുവെങ്കിൽ ഒരു പക്ഷേ, അദ്ദേഹം തന്റെ സേനയെയും കൊണ്ട് ഡബ്ലിനിൽ എത്തി അയർലണ്ടിലും ആധിപത്യം ഉറപ്പിച്ചേനെ... ബിലീവ് മീ...”

 

“ശരിയായിരിക്കാം... എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ മാറ്റമൊന്നും ഇല്ല... തന്റെ സഹോദരൻ എന്ന വ്യാജേന എത്തുന്ന ആ ജർമ്മൻകാരന് എല്ലാ സഹായവും നാം നൽകുന്നു... പൂൾ ഓഫ് ലണ്ടനിൽ ഉള്ള പോർച്ചുഗീസ് കപ്പലുകളുടെ വിശദാംശങ്ങൾ നിങ്ങൾ അന്വേഷിക്കുക... ഇവിടെ നിന്ന് പുറത്ത് കടക്കാൻ അയാൾക്ക് നമ്മുടെ സഹായം വേണ്ടി വരും...”

 

“അയാൾ എവിടേയ്ക്കും പോകാൻ പോകുന്നില്ല...” ഫെർണാണ്ടോ പറഞ്ഞു. “ഐസൻഹോവറിന് ജീവഹാനി സംഭവിക്കുകയാണെങ്കിൽ അയാളും കൊല്ലപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട... എപ്പോഴാണ് അയാൾ ഇവിടെ എത്തുക എന്ന കാര്യമാണ് അറിയാത്തത്...”

 

“പെട്ടെന്ന് തന്നെ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്...” അവൾ പറഞ്ഞു. “എന്തായാലും നമുക്ക് ഇറങ്ങാം... നാളെ അതിരാവിലത്തെ ഷിഫ്റ്റ് ആണെനിക്ക്... ഇന്ന് രാത്രി എന്റെയൊപ്പം തങ്ങുന്നുണ്ടോ ഫെർണാണ്ടോ...?”

 

അയാൾ മുന്നോട്ട് കുനിഞ്ഞ് അവളെ ചുംബിച്ചു. “ജോയൽ എത്തിയ ദിവസമല്ലേ... അവനുള്ള സൗകര്യങ്ങളൊക്കെ ഒന്ന് അറേഞ്ച് ചെയ്യാനുണ്ട്...”

 

ബിൽ അടച്ച് പുറത്തിറങ്ങി വെസ്റ്റ്ബൺ ഗ്രോവിൽ അവളുടെ ഫ്ലാറ്റ് വരെ ഇരുവരും അവളെ അനുഗമിച്ചു. “ഗുഡ് നൈറ്റ് ഡാർലിങ്ങ്... ഞാൻ വിളിക്കാം...” അവൾ പറഞ്ഞു.

 

ഫ്ലാറ്റിന്റെ കവാടത്തിനരികിൽ നിന്നിരുന്ന പ്യാരി തന്റെ നോൺഫ്ലാഷ് ക്യാമറ ഉപയോഗിച്ച് എല്ലാം  പകർത്തുന്നുണ്ടായിരുന്നു. സാറ ഫ്ലാറ്റിനകത്തേക്ക് പോയതും ആ സഹോദരന്മാർ തിരിഞ്ഞു നടന്നു.

 

“നിനക്കവളെ ഇഷ്ടമാണല്ലേ...?” ക്വീൻസ്‌വേയിലേക്കുള്ള നടത്തത്തിനിടയിൽ ജോയൽ ചോദിച്ചു.

 

“ഇഷ്ടമാണോയെന്നോ...? എന്റെ ജീവനാണവൾ...”  ഫെർണാണ്ടോ പറഞ്ഞു. “മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ നാളെ വേണമെങ്കിൽ ഞാനവളെ വിവാഹം കഴിച്ചേനെ...”

 

“വിവാഹമോ...? നിന്നേക്കാളും പത്ത് വയസ്സ് മൂത്തതല്ലേ അവൾ...?”

 

ബേയ്സ്‌വാട്ടർ അണ്ടർഗ്രൗണ്ട് സ്റ്റേഷനിലേക്കുള്ള പടവുകൾ ഇറങ്ങവെ ഫെർണാണ്ടോ പറഞ്ഞു. “പെൺകുട്ടികൾ എന്നും എന്റെ ഒരു ദൗർബല്യമാണ്... എന്റെ ലൈംഗികാഭിനിവേശത്തിന് അതിരുകളില്ല... അക്കാര്യത്തിൽ സാറ ഒരു സംഭവമാണ്... ഞാൻ ഇതുവരെ അനുഭവിച്ചിട്ടുള്ള പെൺകുട്ടികളെക്കാൾ ഒക്കെ ഒരു പടി മുകളിൽ നിൽക്കുന്നു സാറ...”

 

“പക്ഷേ, നിനക്ക് ഒരു കുഞ്ഞിനെ തരാൻ ആവുമോ അവൾക്കിനി...?”

 

ട്രെയിനിനായി പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കവെ ഫെർണാണ്ടോ പറഞ്ഞു. “സ്വവർഗ്ഗാനുരാഗിയായ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ജോയൽ... നീ തിരഞ്ഞെടുത്ത വഴി അതായിപ്പോയി... ഈ പെണ്ണിനെ ഞാൻ അത്രയധികം ഇഷ്ടപ്പെട്ടുപോയി... എന്നെ എന്റെ വഴിക്ക് വിട്ടേക്കൂ...”

 

പ്ലാറ്റ്ഫോമിൽ വന്നു നിന്ന ട്രെയിനിനുള്ളിലേക്ക് അവർ കാലെടുത്തു വച്ചു. തൊട്ടു പിറകെ പ്യാരിയും.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

12 comments:

  1. മാക്സ് വരുമ്പോഴേക്കും കട്ട സ്വീകരണം ആയിരിക്കും അല്ലെ..


    ReplyDelete
    Replies
    1. എന്താ സംശയം...? കാണാൻ പോകുന്ന പൂരം പറയാനുണ്ടോ...?

      Delete
  2. എന്താകും... ഇനി ?

    ReplyDelete
  3. ഏതാണ്ട്‌ ഇതേ സമയം ലണ്ടനിൽ ഇങ്ങനെ.

    ReplyDelete
  4. ആകെ പ്രശ്നങ്ങൾ

    ReplyDelete
    Replies
    1. കുരുക്കുകൾ മുറുകുന്നു...

      Delete
  5. "എപ്പോഴാണ് അയാൾ ഇവിടെ എത്തുക എന്ന കാര്യമാണ് അറിയാത്തത്...”

    അതാണ് നമുക്കും അറിയേണ്ടത്..

    ReplyDelete
    Replies
    1. അടുത്ത ലക്കത്തിൽ അറിയാം ജിമ്മാ...

      Delete
  6. ഒരു വശത്ത് പ്രണയാവേശം
    മറുഭാഗത്ത് പ്രാണന് വേണ്ടിയുള്ള പാച്ചിൽ

    ReplyDelete
    Replies
    1. എങ്കിലും ചാരപ്പണിയ്ക്ക് ഒരു സുഖമൊക്കെയുണ്ടല്ലേ മുരളിഭായ്...?

      Delete