Sunday, August 9, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 71

  
ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മൺറോയുടെ ഫ്ലാറ്റിലെ സിറ്റിങ്ങ് റൂമിൽ പ്രവേശിച്ചതും ഷോൺ റിലേ ലെയ്സിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ജാക്ക് കാർട്ടർ ആകട്ടെ, സൈഡ് ബോർഡിനരികിൽ ചെന്ന് സ്കോച്ചും സോഡയും ഗ്ലാസുകളിലേക്ക് പകർന്ന് ഒരു ട്രേയിൽ എടുത്തു കൊണ്ടു വന്നു.

“താങ്കൾക്ക് ആവശ്യം വരും, ബ്രിഗേഡിയർ...” കാർട്ടർ പറഞ്ഞു.

“ഓ, ഡിയർ...” മൺറോ ഗ്ലാസ് എടുത്തു. “ഓൾ റൈറ്റ്... കേൾക്കട്ടെ...”

ക്രോയ്‌ഡണിലേക്കുള്ള ജോയൽ റോഡ്രിഗ്സിന്റെ ആഗമനവും പാസ്പോർട്ടിലെ ബെർലിൻ സ്റ്റാമ്പ് എന്ന അബദ്ധവും എല്ലാം റിലേ അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. തുടർന്ന് ലെയ്സി നടത്തിയ അന്വേഷണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. പിന്നെ, ലെയ്സിയുടെ കൈവശമുണ്ടായിരുന്ന കാർഡ്ബോർഡ് ഫയൽ വാങ്ങി അതിൽ നിന്നും ഏതാനും ബ്ലാക്ക് & വൈറ്റ് പ്രിന്റുകൾ പുറത്തെടുത്തു.

“ബ്രിഗേഡിയർ, ഇതാണ് റോഡ്രിഗ്സ് സഹോദരന്മാർ... പിന്നെ ആ സ്ത്രീയും...”

തുടർന്ന് സംസാരിച്ചത് ജാക്ക് ആണ്. “കുറേ വർഷങ്ങളായി ഫെർണാണ്ടോ ഇവിടെ പോർച്ചുഗീസ് എംബസിയിലാണ്... ഇപ്പോൾ സീനിയർ കൊമേർഷ്യൽ അറ്റാഷെ... ഇയാളുടെ സഹോദരൻ ജോയൽ ബെർലിനിലെ പോർച്ചുഗീസ് എംബസിയിൽ കൊമേർഷ്യൽ അറ്റാഷെ ആണ്... എന്നാൽ ദുരൂഹമായ സാഹചര്യത്തിൽ ഇപ്പോൾ അയാളെ ലിസ്ബൻ - ലണ്ടൻ കൊറിയർ ഡ്യൂട്ടിയ്ക്കായി ട്രാൻസ്ഫർ ചെയ്തിരിക്കുന്നു...”

“ആ സ്ത്രീയോ...?”

ഒന്ന് സംശയിച്ചിട്ട് ജാക്ക് കാർട്ടർ തുടർന്നു. “ഡിറ്റക്ടിവ് കോൺസ്റ്റബിൾ ലെയ്സി അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു സർ... സ്പെഷൽ ബ്രാഞ്ചുമായി അടുത്ത ബന്ധമുള്ള ജോലിയായതു കൊണ്ട് പലപ്പോഴും ഇദ്ദേഹത്തിന് SOE ഹെഡ്ക്വാർട്ടേഴ്സ്  സന്ദർശിക്കേണ്ട ആവശ്യം വരാറുണ്ട്...”

“വാട്ട് ഇൻ ദി ഹെൽ ആർ യൂ സേയിങ്ങ്...?” മൺറോ ഉദ്വേഗം കൊണ്ടു.

“അവർ ബേക്കർ സ്ട്രീറ്റിലെ ഒരു സ്റ്റാഫ് ആണ് സർ...” ലെയ്സി പറഞ്ഞു. “മേജർ കാർട്ടർ പറഞ്ഞത് പോലെ, ഞാൻ അവരെ തിരിച്ചറിയുക തന്നെ ചെയ്തു...”

“ഡിയർ ഗോഡ്...!” മൺറോ എഴുന്നേറ്റ് സൈഡ് ബോർഡിനരികിൽ ചെന്ന് ഗ്ലാസിലേക്ക് അൽപ്പം കൂടി വിസ്കി പകർന്നു. “റ്റെൽ മീ ദി വേഴ്സ്റ്റ്...”

കാർട്ടർ റിലേയുടെ നേർക്ക്  കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു. “ഇതൊരു പ്രാഥമിക നിഗമനം മാത്രമാണ് സർ...” റിലേ തുടങ്ങി വച്ചു. “നാളെ ആകുമ്പോഴേക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാകും... മിസ്സിസ് സാറാ ഡിക്സൺ ആണ് ആ വനിത... ക്യാൻസർ ബാധിച്ച് മരണമടഞ്ഞ ഒരു ജോർജ്ജ് ഡിക്സന്റെ വിധവ... ലണ്ടനിൽ ആണ് അവർ ജനിച്ചത്... പിതാവ് ഇംഗ്ലിഷ്... മാതാവ് ഐറിഷ്... ബ്രൗൺ എന്നായിരുന്നു അവരുടെ കുടുംബ നാമം... അവരുടെ മുത്തശ്ശൻ പാട്രിക്ക് ബ്രൗൺ 1916 ലെ ഈസ്റ്റർ റൈസിങ്ങിൽ ഒക്കെ പങ്കെടുത്തിട്ടുള്ള ഒരു IRA ആക്റ്റിവിസ്റ്റ് ആയിരുന്നു... പിന്നീട് ബ്രിട്ടീഷ് സേനയാൽ വധിക്കപ്പെട്ടു... കുറച്ചുകാലം അവർ വാർ ഓഫീസിൽ ക്ലർക്ക് ആയി ജോലി നോക്കിയിട്ടുണ്ട്... പിന്നീടാണ് SOE യിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടത്... സെക്രട്ടേറിയൽ കം ക്ലെറിക്കൽ വർക്ക് ആണ്... ലോ ഗ്രേഡ് ജോലി...”

“ലോ ഗ്രേഡ്...?” അപസ്മാര ബാധയുണ്ടായവനെപ്പോലെ ആയിരുന്നു മൺറോ അപ്പോൾ. “ആ ഓഫീസിൽ എല്ലായിടത്തും കയറിയിറങ്ങി നടക്കാൻ സ്വാതന്ത്ര്യമുള്ള ഒരു ജോലിയാണ് അതെന്നിരിക്കെ എങ്ങനെ നമുക്കത് പറയാനാവും...? SOE ഹെഡ്ക്വാർട്ടേഴ്സിൽ എങ്ങനെയാണ് അവർ കയറിപ്പറ്റിയത്...? ആരും അവരെ സ്ക്രീൻ ചെയ്തില്ലെന്നാണോ...?”

കാർട്ടർ ഒന്ന് നെടുവീർപ്പിട്ടു. “ഞങ്ങൾ അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണ് സർ... ഒരു നോട്ടപ്പിശക് പറ്റിയത് തന്നെ ആയിരിക്കാനാണ് സാദ്ധ്യത...”

“ഡിയർ ഗോഡ്...!”

“പക്ഷേ, ബ്രിഗേഡിയർ, ഒന്നും അങ്ങോട്ട് ചേരുന്നില്ല...” കാർട്ടർ പറഞ്ഞു. “വർഷങ്ങൾക്ക് മുമ്പ് തന്നെ നാം ബ്രിട്ടനിലെ അബ്ഫെറിന്റെ നെറ്റ്‌വർക്ക് വേരോടെ നശിപ്പിച്ചതാണ്... ആക്ടിവ് ആയി ഇപ്പോൾ ആരും തന്നെയില്ല...”

അല്പം വിസ്കി മൊത്തിയിട്ട് മൺറോ നെറ്റി ചുളിച്ചു. “ജാക്ക്, എന്റെ ഓർമ്മ ശരിയാണെങ്കിൽ വർഷങ്ങൾക്ക് മുമ്പ് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു... നിങ്ങൾ ജോയ്ൻ ചെയ്യുന്നതിനും മുമ്പ്... ബെർലിനിലെ SD ഹെഡ്ക്വാർട്ടേഴ്സിലുള്ള ഒരു മേജർ ക്ലെയ്ൻ സകല നിയന്ത്രണങ്ങളും കാറ്റിൽ  പറത്തി ഒരു ഇംഗ്ലീഷ് നെറ്റ്‌വർക്ക് രൂപീകരിച്ചിരുന്നു എന്ന കാര്യം അന്ന് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു...”

“അതേക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് സർ... പക്ഷേ, അതൊക്കെ വെറും  കേട്ടുകേൾവി മാത്രമായിരുന്നു... ആ ഫയൽ ഞാൻ വായിച്ചിരുന്നു... കഴമ്പുള്ള ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല...”

“അഥവാ, കഴമ്പുള്ള എന്തെങ്കിലും ഒന്ന് അതിൽ ഉണ്ടായിരുന്നെങ്കിലോ, ജാക്ക്...? നമ്മളുടെ ശ്രദ്ധയിൽപ്പെടാതെ ഏതെങ്കിലും ഏജന്റുമാർ ഇവിടെ ഉണ്ടെങ്കിൽ...? എന്തു കൊണ്ട് അങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിക്കൂടാ, ജാക്ക്...?”

“അവരെ മൂന്നിനെയും കസ്റ്റഡിയിൽ എടുത്താലോ, ബ്രിഗേഡിയർ...?”

“നോ... റോഡ്രിഗ്സ് സഹോദരന്മാർ രണ്ടു പേരും അവരുടെ ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി അവകാശപ്പെടും... ഏറിയാൽ, അവരെ നാടു കടത്തുക എന്നത് മാത്രമായിരിക്കും നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം...”

“അങ്ങനെയെങ്കിൽ ആ സ്ത്രീയെ കസ്റ്റഡിയിലെടുക്കട്ടേ...?” റിലേ ആരാഞ്ഞു.

നിഷേധാർത്ഥത്തിൽ മൺറോ തലയാട്ടി. “തൽക്കാലം ഒരു ടോട്ടൽ സർവെയ്ലൻസ് മാത്രം മതി, ചീഫ് ഇൻസ്പെക്ടർ... അവരുടെ സകല കോൺടാക്റ്റുകളും റെക്കോർഡ് ചെയ്യണം... നിങ്ങളുടെ ഏറ്റവും മിടുക്കന്മാരായ ഉദ്യോഗസ്ഥരെ അതിന് നിയോഗിക്കുക...” അദ്ദേഹം കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “ബേക്കർ സ്ട്രീറ്റിൽ ഒരു സുരക്ഷാ പരിശോധന ആവശ്യമാണ് ജാക്ക്... ഒരാളെയും ഒഴിവാക്കണ്ട... പതിവുള്ള സെക്യൂരിറ്റി ചെക്ക് പോലെ ഒന്ന്... അങ്ങനെയാവുമ്പോൾ ആർക്കും സംശയം  തോന്നുകയും ചെയ്യില്ല... നമ്മുടെ ഉദ്ദേശ്യം നടക്കുകയും ചെയ്യും...”

തീർച്ചയായും സർ....”

മൺറോ എഴുന്നേറ്റു. “ഐ നീഡ് യുവർ ബെസ്റ്റ് വർക്ക്, ജെന്റിൽമെൻ... ദിസ് കുഡ് ബീ സീരിയസ്...”

                                                               ***
മാക്സിനും ഹാരിയ്ക്കും ഒപ്പം ഡിന്നർ കഴിക്കാനായി ഡൈനിങ്ങ് റൂമിൽ എത്തിയ ബുബി ശരിക്കും ഞെട്ടിപ്പോയി. അമേരിക്കൻ യൂണിഫോമിൽ നെരിപ്പോടിനരികിൽ നിൽക്കുന്നത് ഹാരി തന്നെയാണെന്നായിരുന്നു ഒരു നിമിഷം അദ്ദേഹം ധരിച്ചത്. പിന്നെയാണ് അയാൾക്ക് സമീപം ചാരി വച്ചിരിക്കുന്ന ക്രച്ചസിനരികിൽ ഇരിക്കുന്ന ഹാരിയെ ശ്രദ്ധിച്ചത്. നൈറ്റ്സ് ക്രോസും ഓക്ക് ലീവ്സും സ്വോർഡ്സും ഒക്കെയുള്ള ലുഫ്ത്‌വാഫിന്റെ ഫ്ലീഗർബ്ലൂസ് ആയിരുന്നു ഹാരി അപ്പോൾ ധരിച്ചിരുന്നത്.

“മൈ ഗോഡ്...!” ബുബി പറഞ്ഞു. “എനിക്ക് വിശ്വസിക്കാനാവുന്നില്ല...!”

“നിങ്ങൾ വിശ്വസിച്ചേ തീരൂ...” മാക്സ് പറഞ്ഞു. “ഭക്ഷണത്തിന് മുള്ളർ വരുന്നില്ലേ...?”

“ഇല്ല... എന്തോ ആവശ്യത്തിന് സെന്റ് മാലോയിലേക്ക് വിളിച്ചു അയാളെ... ഷ്രൂഡർ ആകട്ടെ തിരക്കിലുമാണ്... ഒരു ഗാർഡിന്റെ കാലിൽ ഫ്രാക്ചറോ മറ്റോ...” അദ്ദേഹം വാതിൽക്കൽ നിന്നിരുന്ന ഓർഡർലിയുടെ നേർക്ക് തിരിഞ്ഞു. “ശരി, വിളമ്പിക്കോളൂ...”

“യെസ്... നല്ലൊരു മരണത്തിനായി, നിറയെ ഭക്ഷണം കഴിച്ചിട്ട് പുറപ്പെടാം...” മാക്സ് മേശയുടെ മുന്നിൽ ഇരുന്നു. വീൽ ചെയറിൽ ഹാരി അരികിലെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു. “ഞാൻ ചോദിക്കാൻ വിട്ടു പോയ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ ഇനി...?”

“ജസ്റ്റ് ടേക്ക് ഇറ്റ് ഈസി... നിനക്ക് തിരിച്ചറിയാൻ കഴിയാത്ത ആളുകൾ ഇനിയുമുണ്ട് ധാരാളം... ഉദാഹരണത്തിന് ജനറൽ സോബെൽ... വിഷമിക്കാതിരിക്കൂ... അവർ നിന്റെ അടുത്തേക്ക് എത്തിക്കോളും...”

“ഐ വിൽ ഡൂ മൈ ബെസ്റ്റ്...” മാക്സ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. “മഴ പെയ്യുന്നത് കണ്ടോ...? ഇതുപോലൊരു രാത്രിയിൽ, കടലിൽ കഴിയുന്ന പാവം നാവികരുടെ അവസ്ഥ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു...”

“പാവം പൈലറ്റുമാരുടെ അവസ്ഥയോർക്കുമ്പോൾ എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി...” ഹാരി വൈൻ ഗ്ലാസ് കൈയ്യിലെടുത്തു.

“ദൈവം നമ്മെ സഹായിക്കട്ടെ എന്ന് പറഞ്ഞാലോ...?” ചിരിച്ചു കൊണ്ട് മാക്സ് ചോദിച്ചു.

                                                           ***
വനത്തിലൂടെ തപ്പിത്തടഞ്ഞ് മുന്നോട്ട് നീങ്ങുന്ന റോസയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. കോരിച്ചൊരിയുന്ന മഴയിൽ വസ്ത്രങ്ങളാകെ നനഞ്ഞ് കുതിർന്നിരിക്കുന്നു. കൂരിരുട്ടിൽ അധികമൊന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മിന്നൽപ്പിണരുകളുടെ വെളിച്ചത്തിൽ അധികമകലെയല്ലാതെ ഒരു കുടിലും അങ്ങോട്ടുള്ള ഒരു ഒറ്റയടിപ്പാതയും അവളുടെ ദൃഷ്ടിയിൽപ്പെട്ടു. വേച്ച് വേച്ച് അവിടെയെത്തിയ അവൾ അതിന്റെ വാതിൽ തള്ളിത്തുറന്നു. പുറത്തെ തണുപ്പിനെ അപേക്ഷിച്ച് അൽപ്പം ചൂട് അനുഭവപ്പെട്ടു അവൾക്കവിടെ. അതൊരു തൊഴുത്താണെന്ന് മിന്നലിന്റെ വെട്ടത്തിൽ അവൾ മനസ്സിലാക്കി. അഴികൾ പോലെ കെട്ടി വച്ചിരിക്കുന്ന കുറേ പട്ടികക്കഷണങ്ങളും വൈക്കോൽ കൂമ്പാരവും ഒക്കെ മിന്നൽ വെട്ടത്തിൽ കണ്ടുവെങ്കിലും മൃഗങ്ങളെയൊന്നും അവിടെ കാണാൻ കഴിഞ്ഞില്ല. ഉയരത്തിലുള്ള ജനാലകളിലൂടെ മഴവെള്ളം ഉള്ളിലേക്ക് അടിച്ചിറങ്ങുന്നുണ്ടായിരുന്നു. മേൽക്കൂരയ്ക്ക് മുകളിൽ ഇടി മുഴങ്ങിയതും തന്റെ റെയിൻ‌കോട്ട് ഊരി അവൾ അടുത്തു കണ്ട അഴികളിൽ കൊളുത്തിയിട്ടു. പിന്നെ ആ വൈക്കോൽ കൂമ്പാരത്തിന് മുകളിലേക്ക് കിടന്ന് വൈക്കോൽ കൊണ്ട് തന്നെ ശരീരം മൂടി. തണുപ്പിൽ നിന്നും അൽപ്പം ആശ്വാസം അനുഭവപ്പെട്ടതും അവൾ കണ്ണുകൾ അടച്ചു. നിമിഷങ്ങൾക്കകം അവൾ ഗാഢനിദ്രയിലാണ്ടു.

                                                             ***
ഹാരിയോട് യാത്ര പറഞ്ഞിറങ്ങിയ മാക്സിനെ പുലർച്ചെ മൂന്നു മണിയ്ക്ക് ബുബി ഹാർട്മാൻ കനത്ത മഴയുടെ അകമ്പടിയോടെ എയർ സ്ട്രിപ്പിലേക്ക് കൊണ്ടു പോയി. ക്യൂബൽവാഗൺ ഹാങ്കറിനുള്ളിൽ പാർക്ക് ചെയ്തിട്ട് ഇരുവരും പുറത്തിറങ്ങി. ചുമലിൽ ഒരു മിലിട്ടറി റെയിൻകോട്ടുമായി ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് മാക്സ് പുറത്ത് മഴയത്ത് കിടക്കുന്ന സ്റ്റോർക്ക് വിമാനത്തെ നോക്കി നിന്നു. കറുത്ത പൻസർ യൂണിഫോം അണിഞ്ഞ ഒരു SS സെർജന്റ് മേജർ അവർക്കരികിലേക്ക് വന്നു.

“എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്കറിയാമല്ലോ...?” ബുബി ചോദിച്ചു.

സെർജന്റ് മേജർ തിരിഞ്ഞ് തന്റെ അനുയായിയുടെ നേർക്ക് കൈ നീട്ടി. അയാൾ തന്റെ ഷ്മീസർ മെഷീൻ ഗൺ അദ്ദേഹത്തിന് നൽകി. പുറത്തെ മഴയത്തേക്കിറങ്ങിയ സെർജന്റ് മേജർ തോക്കുയർത്തി ആ വിമാനത്തിന്റെ വാൽഭാഗത്തിന് സമീപം ഫ്യൂസലേജിലേക്ക് ഒരു വട്ടം വെടിയുതിർത്തു. പിന്നൊന്ന് ഇടതു വശത്തെ ചിറകിലേക്കും.

“എക്സലന്റ്...” തിരികെയെത്തിയ അയാളോട് പറഞ്ഞിട്ട് ബുബി മാക്സിന് നേരെ നോക്കി. “അങ്ങനെ അക്കാര്യവും ശരിയായി... ഇത്രയും പോരേ...?”

“ധാരാളം...” മാക്സ് തന്റെ കൈകൾ നീട്ടി. “നിങ്ങളുടെ ആ വാൾട്ടർ ഗൺ ഇങ്ങ് തരൂ ബുബീ... പിന്നെ ഒരു സ്പെയർ ക്ലിപ്പും...” അമ്പരന്ന് നിൽക്കുന്ന ബുബിയോട് മാക്സ് തുടർന്നു. “ഒരു ഗാർഡിനെ കീഴ്പ്പെടുത്തി ഞാൻ തട്ടിയെടുത്തതാണിത്... മറ്റൊരു ഗാർഡിന് നേരെയും വെടിയുതിർക്കേണ്ടി വന്നു...”

“ഓ, അങ്ങനെ...” ബുബി തല കുലുക്കി. “തീർച്ചയായും തരാമല്ലോ...”

ഉറയിൽ നിന്നും തന്റെ തോക്ക് പുറത്തെടുത്ത് ഒരു സ്പെയർ ക്ലിപ്പിനോടൊപ്പം ബുബി അദ്ദേഹത്തിന് കൈമാറി. മാക്സ് രണ്ട് വട്ടം ആകാശത്തേക്ക് നിറയൊഴിച്ചു. “ഇപ്പോൾ ശരിയായി...” തോക്കും ക്ലിപ്പും അദ്ദേഹം റെയിൻകോട്ടിന്റെ പോക്കറ്റിനുള്ളിൽ നിക്ഷേപിച്ചു.

“എന്നാൽ ശരി, പോകുകയല്ലേ...?” ഹസ്തദാനത്തിനായി ബുബി കൈ നീട്ടി. “അയാം സോറി...”

“നിങ്ങളുടെ കുറ്റമല്ലല്ലോ ബുബീ... അപ്പോൾ ശരി, ഞാൻ ഇറങ്ങുന്നു...”

മാക്സ് വിമാനത്തിന് നേർക്ക് നടന്നു. കാത്തു നിന്നിരുന്ന സെർജന്റ് മേജർ അദ്ദേഹത്തിനായി ക്യാബിൻ ഡോർ തുറന്നു കൊടുത്തു. റെയിൻകോട്ട് ഉള്ളിലേക്ക് എറിഞ്ഞിട്ട് തിരിഞ്ഞ് ബുബിയുടെ നേർക്ക് കൈ വീശി അദ്ദേഹം വിമാനത്തിനുള്ളിൽ കയറി. വാതിൽ അടഞ്ഞു. അദ്ദേഹം സ്വിച്ച് ഓൺ ചെയ്തു. അടുത്ത നിമിഷം തിരിഞ്ഞു തുടങ്ങിയ പ്രൊപ്പല്ലറുകൾ വേഗതയാർജ്ജിച്ചു. മഴത്തുള്ളികൾ ചരൽ പോലെ വിൻഡ് സ്ക്രീനിൽ ആഞ്ഞു പതിച്ചു കൊണ്ടിരുന്നു. പക്ഷേ, അതൊന്നും മാക്സിന് ഒരു വിഷയമേ ആയിരുന്നില്ല. എപ്പോഴും പറയാറുള്ളത് പോലെ പറക്കുവാനുള്ള ത്വര അദ്ദേഹത്തെ ആവേശിച്ചു കഴിഞ്ഞിരുന്നു. താൻ ജനിച്ചത് തന്നെ പറക്കുവാൻ വേണ്ടിയാണെന്നത് പോലെ.

മുന്നോട്ട് നീങ്ങിത്തുടങ്ങിയ സ്റ്റോർക്ക് തിരിഞ്ഞ് കാറ്റിനെതിരായി നിന്നു. എയർസ്ട്രിപ്പിലെ കെട്ടിടങ്ങളിൽ നിന്നും അരിച്ചെത്തുന്ന മങ്ങിയ വെട്ടം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പക്ഷേ, അത് ധാരാളമായിരുന്നു മാക്സിന്. അലറിക്കൊണ്ട് റൺവേയിലൂടെ മുന്നോട്ട് കുതിച്ച വിമാനത്തിന്റെ കൺട്രോൾ കോളം അദ്ദേഹം പിറകോട്ട് വലിച്ചു. കനത്ത അന്ധകാരത്തിലേക്ക് വിമാനം കുതിച്ചുയർന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

12 comments:

  1. എന്തിന് വേണ്ടി...ഹാ കഷ്ടം

    ReplyDelete
    Replies
    1. കരയിപ്പിക്കല്ലേ ഉണ്ടാപ്രീ...

      Delete
  2. പറക്കുവാൻ വേണ്ടി മാത്രം ജനിച്ചവർ...

    ReplyDelete
    Replies
    1. അതെ... അതാണ് മാക്സിന്റെ ജീവവായു...

      Delete
  3. Max അടുത്ത അപകടത്തിലേക്ക് ആണോ പോകുന്നത്?

    ReplyDelete
    Replies
    1. കാത്തിരുന്നു കാണാം സുചിത്രാജീ...

      Delete
  4. ഇരട്ട സഹോദരന്മാർ ദൗത്യം ഏറ്റെടുത്താൽ പിന്നെ..

    ReplyDelete
    Replies
    1. ഒന്നും പറയാറായിട്ടില്ല സുകന്യാജീ...

      Delete
  5. അറ്റാഷെ… ഡിപ്ലൊമാറ്റിക് ഇമ്മ്യൂണിറ്റി.. ഉം..ഉം.. കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്…

    ---------

    വൈക്കോലിനുള്ളിൽ ഉറങ്ങുന്ന റോസ, തുടർന്നുള്ള കഥാഗതിയിൽ നിർണ്ണായക സാന്നിധ്യമാവുന്ന ലക്ഷണമുണ്ടല്ലോ..

    ------

    പറക്കാനായി ജനിച്ചവൻ !!

    ReplyDelete
    Replies
    1. ഡിപ്ലോമാറ്റിക്ക് ഇമ്മ്യൂണിറ്റി... പറയാൻ പറ്റിയ അവസരം തന്നെ അല്ലേ...

      റോസ എന്തു ചെയ്യുമെന്ന് നോക്കാം നമുക്ക്...

      Delete
  6. പല ഭാഗങ്ങളിലേക്കും സഞ്ചരിച്ച ഒരു അദ്ധ്യായം ,ഇനിയെന്താണ് സംഭവിക്കുക എന്ന ആകാംഷയും ...

    ReplyDelete
    Replies
    1. ആകാംക്ഷ ജനിപ്പിക്കുന്ന കാര്യത്തിൽ ജാക്ക് ഹിഗ്ഗിൻസ് നമ്മെ ഭ്രമിപ്പിക്കുകയാണല്ലോ എല്ലായ്പ്പോഴും...

      Delete