Thursday, July 9, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 67


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മദ്ധ്യാഹ്നമായപ്പോൾ മടങ്ങിയെത്തിയ ബുബി അവരെ സർജറി റൂമിലേക്ക് നയിച്ചു. ക്രച്ചസിന്റെ സഹായത്തോടെ നടന്ന ഹാരിയുടെ ഒപ്പം തന്നെ മാക്സും ഉണ്ടായിരുന്നു. ഷ്രൂഡറും സഹായിയായ ഓർഡർലിയും തങ്ങളുടെ യൂണിഫോമിന് മുകളിൽ വെള്ള കോട്ട് ധരിച്ചിട്ടുണ്ട്. ഏതാനും മെഡിക്കൽ ഉപകരണങ്ങളും അവിടെ കാണാമായിരുന്നു.

പൂർണ്ണ സജ്ജീകരണങ്ങൾ ഉണ്ടെന്ന് പറയാൻ കഴിയില്ല...” ഷ്രൂഡർ പറഞ്ഞു. “എന്നാലും നമുക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ...” അയാൾ ഹാരിയുടെ നേർക്ക് തിരിഞ്ഞു. “അവിടെ ഇരുന്നോളൂ...” ഹാരി കസേരയിൽ ഇരിക്കവെ അയാൾ മാക്സിന് നേർക്ക് നോക്കി. “കേണൽ, താങ്കൾക്ക് ഞാൻ തരാൻ പോകുന്നത് ഒരു ഈസി ചെയർ ആണ്... തൽക്കാലം അതേയുള്ളൂ ഇവിടെ... എന്തായാലും ഈ വെള്ള ഉടുപ്പ് ധരിച്ചോളൂ...”

ഓർഡർലിയുടെ സഹായത്തോടെ ആ ഉടുപ്പ് ധരിച്ച മാക്സ് ആ വലിയ ലെതൽ ക്ലബ്ബ് ചെയറിൽ ഇരുന്നു. “ഇനി എന്താണ്...?”

സിറിഞ്ചിൽ എന്തോ ദ്രാവകം നിറച്ചു കൊണ്ടിരുന്ന ഷ്രൂഡർ തിരിഞ്ഞു. “ഇതൊരു ലോക്കൽ അനസ്തറ്റിക്ക് ആണ്... ഏതാനും മണിക്കൂർ നേരത്തേക്ക് താങ്കളുടെ മുഖം ഇത് മരവിപ്പിക്കും... പെട്ടെന്ന് തന്നെ പ്രവർത്തിച്ചു തുടങ്ങും ഇത്...”

ഇൻജക്ഷൻ നീഡിൽ കവിളിൽ കയറിയപ്പോൾ മാക്സ് ഒന്ന് പുളഞ്ഞു. ഒന്നോ രണ്ടോ മിനിറ്റിന് ശേഷം അദ്ദേഹം ചോദിച്ചു. “ഇനി...?”

ഹാരിയുടെ ഇടതു കവിൾ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു ഷ്രൂഡർ. “വൃത്തിയായി ചെയ്തിട്ടുണ്ടല്ലോ അവർ... അധികം പഴക്കമില്ല അല്ലേ...?”

അതെ...”

ഷ്രൂഡർ മാക്സിന് നേർക്ക് തിരിഞ്ഞു. “ഒരു പ്ലെയ്‌ൻ ക്രാഷിൽ നിങ്ങളുടെ മുഖം ശക്തിയായി ഇടിച്ചു എന്ന് കരുതുക... തൽഫലമായി ഇടതു കവിളിൽ നല്ലൊരു ചതവും മുറിവും... താങ്കളുടെ സഹോദരന്റെ പരുക്കിന് അധികം പഴക്കമില്ല എന്നല്ലേ പറഞ്ഞത്...? സ്വാഭാവികമായും അത് തുറന്നു പോകാൻ സാദ്ധ്യതയുണ്ടാവും... ശരിയല്ലേ...?”

നിങ്ങൾ അങ്ങനെ പറയുകയാണെങ്കിൽ...” പെട്ടെന്നാണ് മാക്സിന് തന്റെ കവിൾ മരവിച്ചതായി മനസ്സിലായത്.

അപ്പോഴാണ് നമുക്ക് സ്റ്റിച്ച് ഇടേണ്ടി വരുന്നത്...” ഷ്രൂഡർ പറഞ്ഞു. “അതു തന്നെയാണ് ഞാൻ ചെയ്യാൻ പോകുന്നതും...”

പക്ഷേ, അവന്റെ കവിളിൽ അതിന് മുറിവൊന്നുമില്ലല്ലോ...” ഹാരി പറഞ്ഞു.

ശരിയാണ്... പക്ഷേ, മുറിവ് ഉണ്ടാവാൻ അധികം സമയമൊന്നും വേണ്ടല്ലോ...” ഷ്രൂഡർ ഓർഡർലിയുടെ നേരെ കണ്ണിറുക്കി. “ഇദ്ദേഹത്തിന്റെ തല ഒന്ന് പിടിക്കണം... പിന്നെ, കേണൽ, താങ്കൾ ആ കസേരയിൽ മുറുകെ പിടിച്ചോളൂ...”

മാക്സ് മുറുകെ പിടിച്ചിരുന്നു. ഷ്രൂഡർ സർജിക്കൽ ഉപകരണങ്ങൾ വച്ചിരിക്കുന്ന മേശയുടെ നേർക്ക് നീങ്ങി. എന്നിട്ട് അവിടെ കണ്ട ഒരു പരന്ന സ്റ്റീൽ ബാർ എടുത്ത് തിരിഞ്ഞ് ഒരു മുന്നറിയിപ്പ് പോലും നൽകാതെ മാക്സിന്റെ ഇടതു കവിളിൽ പ്രഹരിച്ചു. ഓർഡർലി പിടിച്ചിരുന്നെങ്കിലും ആ പ്രഹരത്തിന്റെ ശക്തിയിൽ മാക്സിന്റെ തല ഒരു വശത്തേക്ക് തിരിഞ്ഞു. എങ്കിലും അദ്ദേഹത്തിന് ഒട്ടും വേദന അനുഭവപ്പെട്ടില്ല. അൽപ്പം ശക്തി കുറച്ച് രണ്ട് തവണ കൂടി മുഖത്ത് തട്ടിയിട്ട് ഷ്രൂഡർ ആ സ്റ്റീൽ ബാർ ബക്കറ്റിലേക്ക് ഇട്ടു.

ഗുഡ്... ഇപ്പോൾ നല്ല ഒരു ചതവ് ആയിട്ടുണ്ടാവണം...”

പോക്കറ്റിൽ നിന്നും ഒരു മെഷറിങ്ങ് ടേപ്പ് എടുത്തിട്ട് ഷ്രൂഡർ ഹാരിയുടെ നേർക്ക് തിരിഞ്ഞു. “കേണൽ, താങ്കളുടെ അനുവാദത്തോടെ...” ശ്രദ്ധാപൂർവ്വം അയാൾ ഹാരിയുടെ മുഖത്തെ മുറിവിന്റെ അളവെടുത്തു. എന്നിട്ട് മാക്സിന്റെ മുഖത്ത് വച്ച് നോക്കി. “ഗുഡ്...” അയാൾ ഓർഡർലിയുടെ നേർക്ക് പുരികം വെട്ടിച്ചു. “അടുത്തതിന് തയ്യാറായിക്കോളൂ...”

കോട്ടൺ വൂൾ പാഡുകൾ വച്ചിരുന്ന ഒരു ഇനാമൽ പാത്രം എടുത്തു കൊണ്ടു വന്ന് ഓർഡർലി അടുത്ത നിർദ്ദേശത്തിനായി കാത്തു നിന്നു. മേശപ്പുറത്ത് നിന്നും ഒരു സർജിക്കൽ നൈഫ് എടുത്ത ഷ്രൂഡർ തിരിഞ്ഞു. “ഒട്ടും അറിയുക പോലുമില്ല കേണൽ... ഞാനാണ് പറയുന്നത്...”

നേരം കളയാതെ എന്താണെന്ന് വച്ചാൽ തുടങ്ങിക്കോളൂ...” മാക്സ് പറഞ്ഞു.

വളരെ ശ്രദ്ധയോടെ ഷ്രൂഡർ തന്റെ കത്തി കൊണ്ട് മാക്സിന്റെ ഇടതു കവിളിൽ വരഞ്ഞു. കുതിച്ച് ചാടിയ രക്തം സ്പോഞ്ച് പാഡ് കൊണ്ട് പെട്ടെന്ന് തന്നെ ഓർഡർലി ഒപ്പിയെടുത്തു. കത്തി ബക്കറ്റിലേക്കിട്ട ഷ്രൂഡർ മേശപ്പുറത്ത് നിന്നും ഒരു ടിൻ ക്യാൻ എടുത്ത് മുറിവിലേക്ക് രണ്ട് തവണ സ്പ്രേ ചെയ്തു.

പുതിയ കണ്ടു പിടുത്തമാണ്... ഞൊടിയിടയിൽ രക്തം കട്ട പിടിക്കും... ഇനിയാണ് നമ്മുടെ കലാപരിപാടി തുടങ്ങാൻ പോകുന്നത്...”

നിങ്ങളൊരു എക്സ്പെർട്ട് തന്നെ... പറയാതിരിക്കാൻ കഴിയില്ല...” മാക്സ് പറഞ്ഞു.

വല്ലാതെ ഭയന്നു പോയ ഹാരി പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പുറത്തെടുത്തു. അതിന് തീ കൊളുത്തുമ്പോൾ അദ്ദേഹത്തിന്റെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.”മൈ ഗോഡ്...!” അദ്ദേഹം മന്ത്രിച്ചു.

വളരെ ശ്രദ്ധയോടെ, എന്നാൽ സാമാന്യം വേഗത്തിൽത്തന്നെ ഷ്രൂഡർ മാക്സിന്റെ മുറിവിൽ സ്റ്റിച്ച് ഇടുവാൻ ആരംഭിച്ചു. ആ ജോലി പൂർത്തിയാക്കി, മുഖത്ത് സർജിക്കൽ പ്ലാസ്റ്റർ ഒട്ടിച്ച് സ്വാബ് കൊണ്ട് വൃത്തിയാക്കിയതിന് ശേഷം അല്പം പിന്നോട്ട് മാറി നിന്ന് മാക്സിനെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു.

“നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു... എന്റെ കഴിവിൽ കുറച്ചൊക്കെ അഭിമാനം തോന്നുന്നു...” അയാൾ പറഞ്ഞു.

“നിങ്ങൾക്ക് നിങ്ങളുടെ ജോലി നന്നായിട്ടറിയാം... അതിൽ സംശയമില്ല...” എഴുന്നേറ്റുകൊണ്ട് മാക്സ് പറഞ്ഞു.

അദ്ദേഹത്തിന്റെ രക്തം പുരണ്ട കുപ്പായം ഊരി മാറ്റുവാൻ ഓർഡർലി സഹായിച്ചു. മേശപ്പുറത്തുള്ള ചെറിയ ഒരു ബോക്സ് എടുത്തു കൊണ്ട് ഷ്രൂഡർ പറഞ്ഞു. “ലോക്കൽ അനസ്തേഷ്യയുടെ ഇഫക്ട് കുറയുന്നതോടെ താങ്കൾക്ക് വേദന അനുഭവപ്പെട്ടു തുടങ്ങും... ഇതാ, ഒരു പായ്ക്ക് മോർഫിൻ ആംപ്യൂൾസ് ഉണ്ട്... ആവശ്യം വരുമ്പോൾ ഇതിന്റെ അറ്റം നഖം കൊണ്ട് തട്ടി ഒടിച്ചിട്ട് കുത്തി വച്ചാൽ മതി...”

“വളരെ നന്ദി...” താൻ ധരിച്ചിരിക്കുന്ന ലുഫ്ത്‌വാഫ് ബാഗി പാന്റ്സിന്റെ പോക്കറ്റിൽ ആ ബോക്സ് നിക്ഷേപിച്ചു കൊണ്ട് മാക്സ് പറഞ്ഞു. “ഇനി എന്താണ്...?”

“ഇനി, താങ്കൾ തയ്യാറാണെങ്കിൽ ഡൈനിങ്ങ് റൂമിൽ ലഞ്ച് റെഡിയാണ്... തൽക്കാലം ലഘുവായിട്ടെന്തെങ്കിലും കഴിച്ചാൽ മതി കേണൽ... അടുത്ത പരിപാടികളെക്കുറിച്ച് കേണൽ ഹാർട്മാൻ വിശദീകരിക്കും...”

ക്രച്ചസിനെ സഹായത്തോടെ ഹാരി എഴുന്നേറ്റു. “ഇതിന്റെ പേരിൽ എനിക്കൊരു ഡ്രിങ്ക് വേണം എന്തായാലും...”

“ഇതിന്റെ പേരിലും ഡ്രിങ്ക്...?” പൊട്ടിച്ചിരിച്ചു കൊണ്ട് മാക്സ് ഹാരിയെ ചേർത്തു പിടിച്ചു. “യൂ ഓൾവേയ്സ് വേർ എ സെൽഫിഷ് ബാസ്റ്റഡ്...”

                                                             ***

ഡൈനിങ്ങ് റൂമിൽ അവർ നാലു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാക്സ്, ഹാരി, എൽസ പിന്നെ ബുബി. മാക്സിന്റെ മുഖം കണ്ട് എൽസ പരിഭ്രമിച്ച് നിലവിളിച്ചു പോയി.

“അവർ നിന്നെ എന്തു ചെയ്തു മാക്സ്...?”

“ഇത് ആവശ്യമായി വന്നു മൂട്ടീ... ഹാരിയുടെ മുഖത്ത് ഒരു മുറിവുണ്ട്... അപ്പോൾപ്പിന്നെ എനിക്കും അതു കൂടിയേ തീരൂ...”

എൽസയ്ക്ക് അത് ഉൾക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല. “എത്ര സുന്ദരമായിരുന്നു നിന്റെ മുഖം...! ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ മതിയാവൂ... ഞാൻ ആലോചിക്കുകയായിരുന്നു... ഈ ദൗത്യം വിജയിച്ചു എന്ന് തന്നെ കരുതുക... അതായത് മാക്സിനെ ഏല്പിച്ച ജോലി അവൻ പൂർത്തിയാക്കുന്നു... അവിടെ നിന്നും എങ്ങനെയാണ് അവൻ തിരിച്ചു വരിക...?”

സ്പൂൺ കൊണ്ട് ഉരുളക്കിഴങ്ങ് കഷണങ്ങൾ പ്ലേറ്റിലേക്ക് എടുത്തു കൊണ്ടിരുന്ന ഹാരി പറഞ്ഞു. “അതൊരു ചോദ്യം തന്നെയാണ് ഹാർട്മാൻ... ഇവൻ എങ്ങനെ തിരികെയെത്തും...?”

“വെൽ... ഒരു പൈലറ്റ് എന്ന നിലയിൽ ഒരു വിമാനത്തിന് അടുത്ത് എത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണോ...? അവിടെ കിടക്കുന്ന ലൈസാൻഡറുകളിൽ ഒന്നിൽ കയറി തിരിച്ചു പറക്കുക...”

“അഥവാ അതിന് സാധിച്ചില്ലെങ്കിൽ...?”

“ലണ്ടനിലെ പോർച്ചുഗീസ് എംബസിയിൽ നമുക്ക് ഏജന്റുമാരുണ്ട്... ലിവർപൂളിലും പൂൾ ഓഫ് ലണ്ടനിലും ഇപ്പോഴും പോർച്ചുഗീസ് ബോട്ടുകൾ എത്തുന്നുണ്ട്... അവർ നിഷ്പക്ഷരാണെന്ന കാര്യം ഓർമ്മ വേണം... മാക്സിന് ലിസ്ബനിലേക്ക് കടക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും...” ഹാർട്മാൻ പറഞ്ഞു.

“ലിസ്ബനിലേക്ക് കടക്കുകയോ...?” പുച്ഛരസത്തിൽ ഹാരി ചോദിച്ചു. “ഐസൻഹോവറിന്റെ വധത്തെത്തുടർന്ന് രാജ്യം മുഴുവനും ലോക്ക് ഡൗണിൽ ആയിരിക്കുമ്പോഴോ...?”

അല്പനേരം ആരും ഒന്നും ഉരിയാടിയില്ല. മാക്സ് ആണ് മൗനം ഭഞ്ജിച്ചത്. “വെൽ... ഒന്നും നഷ്ടപ്പെടാൻ പാടില്ല എന്ന് വച്ചാൽ ഒരിക്കലും ഒന്നും നടക്കില്ല...”

എൽസ അദ്ദേഹത്തെ തുറിച്ചു നോക്കി. “എന്ന് വച്ചാൽ ഈ മണ്ടത്തരവുമായി മുന്നോട്ട് പോകാൻ നീ ഉറപ്പിച്ചുവെന്നാണോ...?”

“എനിക്ക് മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ല മൂട്ടീ... പ്രത്യേകിച്ചും ആ ഫിലിം കണ്ടതിന് ശേഷം... നിങ്ങളെക്കുറിച്ച് ഓർക്കാതിരിക്കാൻ എനിക്കാവില്ല...”

“നോ...” അവർ അലറി. “ഇത് എന്റെ തലയിൽ ഇടാൻ നോക്കണ്ട... എനിക്കത് താങ്ങാനാവില്ല...” അവർ ഒരു കൊടുങ്കാറ്റ് പോലെ എഴുന്നേറ്റ് പുറത്തേക്ക് കുതിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

16 comments:

  1. "ഒന്നും നഷ്ടപ്പെടാൻ പാടില്ല എന്ന് വച്ചാൽ ഒരിക്കലും ഒന്നും നടക്കില്ല...”

    മാക്സ് രണ്ടും കൽപ്പിച്ചാണല്ലോ..

    ReplyDelete
    Replies
    1. വേറെ വഴിയില്ലല്ലോ ജിമ്മാ...

      Delete
  2. രണ്ടു മിടുക്കന്മാർ ബെർലിൻ-ൽ തന്നെ ഉണ്ടല്ലോ ?
    ആ ഹിംലർ ചെകുത്താനെ തട്ടാൻ ഒരു പ്ലാൻ ഇടാൻ ഇത്ര പാടാണോ

    ReplyDelete
    Replies
    1. ബെർലിനിൽ അല്ല ഉണ്ടാപ്രീ... ജർമ്മൻ അധിനിവേശ ഫ്രഞ്ച് ഗ്രാമമായ മൊർലെയ്ക്സിൽ ആണ് അവർ ഇപ്പോൾ ഉള്ളത്... ഹിംലർ പാരീസിലേക്ക് പോയ കാര്യം മറന്നോ?

      Delete
  3. എത്ര വേദനകൾ യാതനകൾ എന്തിനുവേണ്ടി..മുറിവ്‌ ഉണ്ടാവുകയല്ല, ഉണ്ടാക്കുകയല്ലേ, മൂട്ടിയ്ക്ക്‌ സഹിക്കാൻ ആയില്ല

    ReplyDelete
  4. ഹൊ... എന്ത് ക്രൂരം!

    ReplyDelete
    Replies
    1. എന്ത് ചെയ്യാം ശ്രീ... ആൾമാറാട്ടം നടത്തുമ്പോൾ കിറുകൃത്യമായിരിക്കണ്ടേ...

      Delete
  5. ആധി പിടിപ്പിക്കുന്നു

    ReplyDelete
    Replies
    1. എങ്ങനെ പിടിക്കാതിരിക്കും...?

      Delete
  6. ഇനിയിപ്പോ അടുത്ത ഭാഗം വായിക്കാൻ വൈകി. നാലെണ്ണം ഒരുമിച്ച് ആണ് ഇന്ന് വായിച്ചത്

    ReplyDelete
    Replies
    1. എന്തായാലും എത്തിയല്ലോ... സന്തോഷം...

      Delete
  7. അപ്പോൾ ഇവിടെവെച്ചു ഇനി എന്തെങ്കിലും നടക്കും ..അല്ലെ

    ReplyDelete
    Replies
    1. ഇനി പലതും നടക്കും മുരളിഭായ്...

      Delete
  8. ഞാനിപ്പോഴാണ് ഇവിടെയെത്തിയത്. സോറി വിനുവേട്ടാ.. രണ്ട് മൂന്ന് അധ്യായങ്ങൾ ഒന്നിച്ചു വായിക്കുന്നതാവും നല്ലത്. ആധി പിടിക്കാൻ വയ്യ!

    ReplyDelete
    Replies
    1. സാരമില്ല മുബീ... എത്തീല്ലോ... സന്തോഷമായി...

      Delete