Sunday, April 19, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 56


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹാരിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ പോക്ക് നേർരേഖയിലായിരുന്നു. കൊറിയർ സർവ്വീസിനു വേണ്ടിയായിരുന്നു ഭൂരിഭാഗം പറക്കലും. പിന്നെ ആവശ്യമനുസരിച്ച് ജനറൽ ഐസൻഹോവറുമായി ക്രോയ്ഡണിൽ നിന്നും സൗത്ത്‌വിക്കിലേക്കും തിരിച്ചുമുള്ള യാത്രകൾ. മൺറോയും ജാക്കും ആയി കോൾഡ് ഹാർബറിലേക്കും ഇടയ്ക്കൊക്കെ പറക്കേണ്ടി വന്നിരുന്നു. ചിലപ്പോഴെല്ലാം അവരുടെയൊപ്പം മോളിയും ഉണ്ടാകാറുണ്ടായിരുന്നു. D-Day യ്ക്ക് വേണ്ടി യൂറോപ്പ് തയ്യാറെടുക്കവെ കാര്യങ്ങൾ ചൂടു പിടിച്ചു തുടങ്ങി. മൺറോ കൂടുതൽ ഏജന്റുമാരെ ഫ്രാൻസിലേക്ക് അയച്ചു തുടങ്ങിയപ്പോൾ OSS ന്റെയും SAS ന്റെയും ഏജന്റുമാരും അവരിൽ ഉണ്ടായിരുന്നു.

കോൾഡ് ഹാർബറിൽ കാലാവസ്ഥ പ്രസന്നമായിരുന്നു. മോളി അവിടെയെത്തുമ്പോഴെല്ലാം ഹാരി അവളോടൊപ്പം ബീച്ചിലൂടെ നടക്കാനിറങ്ങും. Hanged Man ൽ ഭക്ഷണം കഴിക്കാനെത്തുന്ന അവർ സെക്ക് ആക്‌ലണ്ടിനോടും അദ്ദേഹത്തിന്റെ ലൈഫ്ബോട്ട് ക്രൂവിനോടും ഒപ്പം തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും ഉല്ലസിച്ചു.

ഒരു നാൾ ബീച്ചിലെ പാറക്കെട്ടിന് മുകളിൽ തിരമാലകളെയും നോക്കി ഇരിക്കവെ മോളി പറഞ്ഞു. “യുദ്ധം എല്ലാം അവസാനിച്ചത് പോലെ തോന്നും ഇവിടെ വരുമ്പോൾ...”

, എവിടെ അവസാനിക്കാൻ... വിഡ്ഢിത്തം പറയാതിരിക്കൂ...” ഹാരി കടലിലേക്ക് നോക്കി. ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങി. “അതാ, വന്നല്ലോ... വെടിയൊച്ച...”

യൂ ഡെവിൾ...” അവൾ അദ്ദേഹത്തെ പാറക്കെട്ടിന് മുകളിൽ നിന്നും തള്ളി താഴേക്കിട്ടു. എന്നിട്ട് ഒരു കൊച്ചു കുട്ടിയെപ്പോലെ ഇറങ്ങി ഓടി. വീണിടത്ത് നിന്ന് എഴുന്നേറ്റ ഹാരി അവളെ പിടിക്കാനായി പിന്നാലെ ഓടി.

എന്നാൽ അത്തരം കളിതമാശകൾക്കൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല. ലണ്ടനിലേക്ക് മടങ്ങുന്ന ഏതാനും ഏജന്റുമാരുമായി ക്രോയ്ഡണിൽ ലാന്റ് ചെയ്ത അദ്ദേഹത്തെയും കാത്ത് ഒരു സന്ദേശം കിടക്കുന്നുണ്ടായിരുന്നു. ബേക്കർ സ്ട്രീറ്റിലെ SOE ഹെഡ്ക്വാർട്ടേഴ്സിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഹാരിയെയും ആ രണ്ട് ഏജന്റുമാരെയും കൊണ്ടുപോകാനായി ഒരു സ്റ്റാഫ് കാർ അവിടെ കാത്തു കിടക്കുന്നുണ്ടായിരുന്നു.

ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയ ഉടൻ തന്നെ ചെറുപ്പക്കാരനായ ഒരു  ക്യാപ്റ്റൻ എത്തി ആ ഏജന്റുമാരെ കൂട്ടിക്കൊണ്ടുപോയി. സ്റ്റെയർകെയ്സ് വഴി മുകളിലെത്തിയ ഹാരി കണ്ടത് തന്നെ സ്വീകരിക്കുവാനായി നടന്നടുക്കുന്ന ജാക്ക് കാർട്ടറെയാണ്.

അദ്ദേഹം മാപ്പ് റൂമിലുണ്ട് ഹാരീ...”

വലുതെന്തെങ്കിലുമാണോ അതോ വേറെ വല്ലതും...?”

വേറെ വല്ലതും...? അത് അദ്ദേഹം തന്നെ പറയട്ടെ...” കാർട്ടർ പറഞ്ഞു.

ഇംഗ്ലിഷ് ചാനലിന്റെ ഫ്രഞ്ച് തീരത്തെ കോൺവാൾ പ്രദേശത്തിന്റെ ഒരു ലാർജ്ജ്  സ്കെയിൽ മാപ്പ് മേശപ്പുറത്ത് നിവർത്തിയിട്ടിണ്ട്. ഒരു റൂളറുമായി ഏതോ ഒരു പ്രദേശത്തിന്റെ അളവ് എടുക്കുകയാണ് ബ്രിഗേഡിയർ മൺറോ.

എന്താണ് സംഭവം...?” ഹാരി ചോദിച്ചു.

ഫ്രഞ്ച് തീരത്ത് നിന്നും ഇരുപത് മൈൽ ഉള്ളിൽ മൊർലെയ്ക്സ് എന്ന സ്ഥലം... കോൾഡ് ഹാർബറിൽ നിന്നും നേർരേഖയിൽ... റൂട്ട് ഗ്രാന്റ് തയ്യാറാക്കിയിട്ടുണ്ട്... ലൈസാൻഡറിൽ നാല്പത്തിയഞ്ച് അല്ലെങ്കിൽ ഏറിയാൽ ഒരു മണിക്കൂർ എന്നാണ് അദ്ദേഹം പറഞ്ഞത്... യോജിക്കുന്നുവോ...?”

ഹാരി മാപ്പിലേക്ക് ഒന്ന് ഓടിച്ചു നോക്കി. “കാലാവസ്ഥ പോലെയിരിക്കും... വേറെ തർക്കമൊന്നുമില്ല...”

ഇന്ന് പാതിരാത്രിയിൽ വളരെ പ്രധാനപ്പെട്ട ഒരു ഏജന്റിനെ അവിടെ ഡ്രോപ്പ് ചെയ്യാനുണ്ട്... ഒരു ഇൻ ആന്റ് ഔട്ട് ജോബ്... തിരികെ ആരെയും കൊണ്ടുവരാനില്ല... അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്ന ഒരു ദൗത്യമാണ്... ഒരു ഫ്രഞ്ചുകാരനാണ്... പേര് ജക്കോദ്... ആ പ്രദേശത്തിന്റെ മുഴുവനും പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് അയാളാണ്... അവിടെ പല കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്നു... ഈ സമയത്ത് അയാളവിടെ ഉണ്ടാകണം...”

അതിനിപ്പോൾ പ്രശ്നമെന്താണ്...?”

ഗ്രാന്റ് ആയിരുന്നു അയാളെയും കൊണ്ട് പറക്കേണ്ടിയിരുന്നത്... എല്ലാ ഒരുക്കങ്ങളും പൂർത്തിയായതുമാണ്... പക്ഷേ, എന്തു പറയാൻ... മോട്ടോർ സൈക്കിളിൽ നിന്ന് വീണ് ഇടതു കൈ ഒടിഞ്ഞു...”

അപ്പോൾ ആ ദൗത്യം ഞാൻ ഏറ്റെടുക്കണമെന്ന്...”

ഹാരീ... ഇത്രയും ഷോർട്ട് നോട്ടീസിൽ അവിടം വരെ പോകണമെങ്കിൽ നിങ്ങളുടെയത്രയും കഴിവുള്ള ഒരാൾക്കേ സാധിക്കൂ...”

സോപ്പിന്റെയൊന്നും ആവശ്യമില്ല... എപ്പോഴാണ് ഞാൻ പുറപ്പെടേണ്ടതെന്ന് പറയൂ...”

രണ്ട് മണിക്കൂറിനുള്ളിൽ... ജക്കോദിനൊപ്പം ജാക്കും ഞാനും കൂടി ഉണ്ടാവും...” മൺറോ പറഞ്ഞു.

എന്ന് വച്ചാൽ ഫ്ലാറ്റിൽ പോയി ഒന്ന് കുളിച്ച് വേഷം മാറാനുള്ള സമയം ഉണ്ടെന്നർത്ഥം...”

തീർച്ചയായും... അങ്ങോട്ട് പോകാൻ ഞാനൊരു സ്റ്റാഫ് കാർ അയയ്ക്കാം...”

എങ്കിൽ ശരി, പിന്നെ കാണാം...” ഹാരി പുറത്തേക്കിറങ്ങി.

കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്കിറങ്ങുന്ന സമയത്താണ് മോളി എത്തിയത്.

വണ്ടർഫുൾ... തിരിച്ചെത്തിയല്ലേ...?” മോളിയ്ക്ക് സന്തോഷം അടക്കാനായില്ല.

എത്തി... പക്ഷേ, അടുത്ത മിഷന് പോകുകയാണ് ഞാൻ... നീ അറിഞ്ഞോ ഗ്രാന്റ് ഒരു കൈ ഒടിച്ചത്...?”

ഇല്ല...”

അയാളായിരുന്നു ഇന്ന് രാത്രി കോൾഡ് ഹാർബറിലുള്ള ഒരു ഏജന്റിനെ ഫ്രാൻസിൽ ഡ്രോപ്പ് ചെയ്യേണ്ടിയിരുന്നത്... അയാൾക്ക് പോകാൻ പറ്റാത്തത് കൊണ്ട് മൺറോ അത് എന്ന് ഏൽപ്പിച്ചു...”

ഹാരീ...” ഉത്ക്കണ്ഠയോടെ അവൾ അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ചു.

നീ പേടിക്കണ്ട... ഇൻ ആന്റ് ഔട്ട്... ഡ്രോപ്പ് ചെയ്യുക, തിരിച്ചു വരിക... ആരെയും പിക്ക് ചെയ്യണ്ട... നീ വിചാരിക്കുന്നതിന് മുമ്പ് ഞാൻ തിരിച്ചെത്തിയിരിക്കും... ട്രസ്റ്റ് മീ...” അദ്ദേഹം അവളുടെ ചുണ്ടുകളിൽ മൃദുവായി ചുംബിച്ചു. “പോകാൻ നേരമായി... വന്നിട്ട് കാണാം...”

ജംപ് ബാഗിനുള്ളിൽ ടർക്വിനെ എടുത്തു വച്ച് ഹോൾഡോളും എടുത്ത് അദ്ദേഹം പുറത്തേക്ക് നടന്നു. നടന്നകലുന്ന ഹാരിയെയും നോക്കി അവൾ വാതിൽക്കൽ നിന്നു. എന്തുകൊണ്ടോ അവളുടെയുള്ളിൽ ഭീതി നിറഞ്ഞിരുന്നു അപ്പോൾ.

                                                           ***

തന്റെ ഓഫീസ് റൂമിൽ വല്ലാതെ അസ്വസ്ഥനായിരുന്നു ബുബി ഹാർട്മാൻ. ബ്രാണ്ടി ഗ്ലാസ് എടുത്ത് ഒന്ന് നുകർന്നിട്ട് ചുമരും ചാരി നിൽക്കുന്ന ട്രൂഡിയെ നോക്കി. “ഇത് ഭ്രാന്താണ് ട്രൂഡീ... അബ്സൊല്യൂട്ട് മാഡ്നെസ്സ്... ലിസ്ബൻ വഴിയോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗം മുഖേനയോ ഒരു കൊലയാളിയെ ഇംഗ്ലണ്ടിലേക്ക് കടത്തി വിടണമത്രെ...”

വെൽ... നിങ്ങളുടെ വിഷമം ഒന്നും പുറത്ത് കാണിക്കാതിരിക്കൂ...” ട്രൂഡി പറഞ്ഞു. “അദ്ദേഹം പറഞ്ഞ കാര്യത്തോട് പൂർണ്ണ യോജിപ്പാണ് എന്ന മട്ടിൽ പെരുമാറുക... അതിനു വേണ്ടിയുള്ള കഠിനപ്രയത്നത്തിലാണ് എന്ന് പറയുക... അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറുന്നത് വരെ എങ്ങനെയെങ്കിലും ഇത് തള്ളിക്കൊണ്ടു പോകുക...”

ഓൾറൈറ്റ്...  നീ പറഞ്ഞ പോലെ ഞാനൊരു നല്ല കുട്ടിയായി ഇരിക്കാൻ ശ്രമിക്കാം...” അദ്ദേഹം ഗ്ലാസിലേക്ക് അല്പം കൂടി ബ്രാണ്ടി പകർന്നു. “പക്ഷേ, ഒരു ഘാതകനെ ഇംഗ്ലണ്ടിലേക്ക് കടത്തി വിടുക എന്നൊക്കെ പറഞ്ഞാൽ..?. എന്താണ് അവർ വിചാരിച്ചിരിക്കുന്നത്...?”

വിഷമിക്കാതിരിക്കൂ... മൂന്ന് നാല് ദിവസം കഴിയുമ്പോഴേക്കും അവർ അതൊക്കെ മറന്നു കൊള്ളും... ഞാൻ കുറച്ച് കോഫി ഉണ്ടാക്കാം... ബ്രാണ്ടിയുടെ കൂടെ കഴിക്കാം നിങ്ങൾക്ക്...” അവൾ തന്റെ ഓഫീസിലേക്ക് നടന്നു.

എന്നാൽ അവർ ഇരുവരുടെയും ധാരണ തെറ്റായിരുന്നു. ഒരു സംഭവ പരമ്പര തന്നെയായിരുന്നു അവരെ കാത്തിരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധമായിരുന്നു അതിന്റെ ഭവിഷ്യത്തുകൾ അവരെല്ലാവരുടെയും ജീവിതത്തെ ബാധിച്ചത്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

16 comments:

  1. ഇപ്പ ടെക്നിക് പിടി കിട്ടി..കൊലയാളിയെ കൊണ്ടോണത് max alle .

    ReplyDelete
    Replies
    1. ഇല്ല.. ഇല്ല.. അതൊന്നും ഇപ്പോൾ പറയൂല്ല... :)

      Delete
  2. ആകെ ടെൻഷനായി... ഇനി ?

    ReplyDelete
    Replies
    1. ഇനി... ഇനി കുറച്ചു കൂടി ടെൻഷൻ അടിക്കേണ്ടി വരും അടുത്ത ലക്കത്തിൽ...

      Delete
  3. ഒന്നു സ്വസ്ഥമായി വിശ്രമിയ്ക്കാൻ സമയം കിട്ടില്ലല്ലോ

    ReplyDelete
    Replies
    1. അതാണ് ഫൈറ്റർ പൈലറ്റുമാരുടെ വിധി...

      Delete
  4. "നടന്നകലുന്ന ഹാരിയെയും നോക്കി അവൾ വാതിൽക്കൽ നിന്നു. എന്തുകൊണ്ടോ അവളുടെയുള്ളിൽ ഭീതി നിറഞ്ഞിരുന്നു അപ്പോൾ.."

    ReplyDelete
    Replies
    1. അത് ശ്രദ്ധിച്ചുവല്ലേ...? കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത...

      Delete
  5. ദൗത്യം ഹാരിയെ തേടിയെത്തുന്നു

    ReplyDelete
    Replies
    1. അപ്രതീക്ഷിതമായി എത്തിയ ദൗത്യം... ജീവിതം തന്നെ മാറി മറിയാൻ പോകുന്ന ദൗത്യം...

      Delete
  6. Lockdown ആയൊണ്ടു അടുത്ത ഭാഗം വേഗം ഇടാൻ പറ്റും അല്ലേ 😎😉

    ReplyDelete
    Replies
    1. ഒരു വിധത്തിൽ നോക്കിയാൽ ശരിയാണ്... ഈ മാസം ഒറ്റ ആഴ്ച്ച പോലും മുടങ്ങാതെ പോസ്റ്റ് ചെയ്യാൻ കഴിയും...

      Delete
  7. മിഷൻ ഒഴിവാക്കാൻ മന:പൂർവം കൈ ഒടിക്കണമെങ്കിൽ എന്തോ കുഴപ്പം വരാനിരിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്

    ReplyDelete
    Replies
    1. മനഃപൂർവ്വമല്ല കുറിഞ്ഞീ... ഒരു ആക്സിഡന്റ് തന്നെയായിരുന്നു... മോളിയോടെ ഹാരി അങ്ങനെ പറഞ്ഞുവെന്നേയുള്ളൂ...

      Delete
  8. അപ്പോൾ ഇനിയാണ് യാഥർത്ഥ
    സംഭവപരമ്പരകളുടെ തുടക്കത്തിന് 
    ആരംഭം കുറിക്കുക ..അല്ലെ വിനുവേട്ടാ ..? 

    മ്ടെ  നായകന്മാരൊക്കെ
    ഏതെങ്കിലും ഊരാക്കുടുക്കിൽ ചെന്ന് പെടുമോ ..?

    ReplyDelete
    Replies
    1. എന്ന് പറയാം... സമ്മതിച്ചിരിക്കുന്നു മുരളിഭായ്... നിങ്ങൾ യഥാർത്ഥ ചാരൻ തന്നെ...

      Delete