Saturday, April 11, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 55


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹാരിയുടെ ഹരിക്കെയ്നിൽ നിന്നും ഉണ്ടായ പൊടുന്നനെയുള്ള ആക്രമണത്തിലായിരുന്നു ആ രണ്ട് ME109 കളും തകർന്ന് വീണത്. അതുകൊണ്ടു തന്നെ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഫെർമൻവില്ലിൽ ഉള്ള എയർ ട്രാഫിക്ക് കൺട്രോളർക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. സെക്കൻഡറി ചാനൽ മോണിറ്റർ ചെയ്യാതിരുന്നതു കൊണ്ട് മാക്സ് ഹാരിയുമായും പിന്നീട് സെക്ക് ആക്‌ലന്റുമായും നടത്തിയ റ്റൂ വേ കോൺവർസേഷനും റെക്കോർഡ് ചെയ്യപ്പെടാതെ പോയി. തിരികെയെത്തിയ മാക്സിന്റെ വിവരണം വളരെ ലളിതമായിരുന്നു. ശത്രുസാന്നിദ്ധ്യം മനസ്സിലാക്കി ആക്രമണത്തിനായി മുന്നിൽ പറന്ന രണ്ട് സഹപ്രവർത്തകരാണ് ആദ്യം ഇരയായത്... വെടിയേറ്റ രണ്ട് വിമാനങ്ങളും താഴേക്ക് പതിക്കുന്നത് താൻ കണ്ടു... ഒപ്പം തീ പടർന്ന് വീഴുന്ന ശത്രുവിന്റെ ഹരിക്കെയ്ൻ വിമാനവും... എന്നാൽ മുന്നിൽ പറന്നിരുന്ന ശത്രുവിന്റെ ലൈസാൻഡർ വിമാനത്തെക്കുറിച്ച് അദ്ദേഹം ഒന്നും തന്നെ സൂചിപ്പിച്ചതുമില്ല. മാക്സിന്റെ വിശദീകരണം അധികാരികൾ പൂർണ്ണമായും സ്വീകരിച്ചു. അല്ലെങ്കിൽത്തന്നെ ബ്ലാക്ക് ബാരണെ സംശയിക്കാൻ ആരാണ് ധൈര്യപ്പെടുക?

ബെർലിനിലെത്തിയ മാക്സ് അറിഞ്ഞത് എൽസ ഗ്രാമത്തിലെ കോട്ടേജിലേക്ക് പോയതായിട്ടാണ്. തന്റെ കാർ എടുത്ത് അദ്ദേഹം അങ്ങോട്ട് ചെന്നു. പതിവ് പോലെ മകനെ കണ്ടതും അവർ ആഹ്ലാദം കൊണ്ട് ഉച്ചത്തിൽ നൂറ് കൂട്ടം സംസാരിക്കാൻ തുടങ്ങി.

മൂട്ടീ, ഒന്ന് മിണ്ടാതിരിക്കുമോ...? എനിക്ക്  ചില കാര്യങ്ങൾ പറയാനുണ്ട്...” മാക്സ് പറഞ്ഞു.

മാക്സ് പറഞ്ഞത് മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ എൽസ അത്ഭുതസ്തബ്ധയായി ഇരുന്നു പോയി. “മൈ ഗോഡ്...! ഹാരീ... വല്ലാത്തൊരു രക്ഷപെടലായിരുന്നല്ലോ നിന്റേത്... അത്ഭുതം തന്നെ...”

അതെ... ജീവനോടെ രക്ഷപെട്ടു എന്നത് തന്നെയാണ് കാര്യം... പക്ഷേ, ഹിംലറെക്കുറിച്ച് അവൻ പറഞ്ഞ കാര്യം... എന്ത് തോന്നുന്നു മൂട്ടീ...?”

ഇവിടുത്തെ കാര്യങ്ങൾ അവന് എങ്ങനെ അറിയാം...?”

എന്റെ ഊഹം മാത്രമാണ്... ഒരു ലൈസാൻഡർ വിമാനത്തിന് അകമ്പടി സേവിക്കുകയായിരുന്നു അവൻ... സഖ്യ കക്ഷികളുടെ ഏജന്റുമാരെ ഫ്രാൻസിൽ  ഡ്രോപ്പ് ചെയ്യുകയും തിരികെ കൊണ്ടുവരികയും ആണ് അവരുടെ ദൗത്യം... അതായത് സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ... എന്ന് വച്ചാൽ ഇന്റലിജൻസ് വിഭാഗത്തിന് കീഴിലാണ് അവൻ വർക്ക് ചെയ്യുന്നത്... അങ്ങനെ ലഭിച്ച വിവരം ആയിരിക്കും എന്നാണ് ഞാൻ ഊഹിക്കുന്നത്...”

ഇതാദ്യമായി എൽസയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു. “ഞാനിപ്പോൾ എന്ത് ചെയ്യണമെന്നാണ്...?”

സൂക്ഷിക്കണം മൂട്ടീ... വളരെ സൂക്ഷിക്കണം... ഗൂറിങ്ങിനെ പോയി കാണുക... എല്ലാവരോടും വളരെ സൗഹൃദത്തിൽ പെരുമാറുക... ഏതെങ്കിലും ചടങ്ങുകളിലോ മറ്റോ വച്ച് ഫ്യൂററെ കാണുവാനോ സംസാരിക്കുവാനോ ഇട വന്നാൽ അദ്ദേഹത്തിന്റെ മഹത്വത്തിൽ അങ്ങേയറ്റം മയങ്ങിയിരിക്കുകയാണ് നിങ്ങൾ എന്ന് അഭിനയിക്കുക... ഇത്രയേ എനിക്ക് പറയാൻ കഴിയൂ...”

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “അയാം സോറി മാക്സ്... സോ സോറി...”

സാരമില്ല മൂട്ടീ... നമുക്കെല്ലാവർക്കും തെറ്റു പറ്റാമല്ലോ... അങ്ങനെ കരുതിയാൽ മതി... വളരെ ലളിതം... ആ വന്യമൃഗത്തിനെ വളരാൻ നാം അനുവദിച്ചു... എന്നിട്ട് ഇപ്പോഴോ, നമ്മെ കടിച്ചു കീറുമെന്ന് അത് ഭീഷണിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു...”

                                                            ***

മൂന്ന് നാളുകൾക്ക് ശേഷം ബുബി ഹാർട്മാൻ ഒരു സ്റ്റോർക്ക് വിമാനത്തിൽ വിവൽസ്ബർഗിലേക്ക് തിരിച്ചു. പത്ത്  മൈൽ അകലെയുള്ള ലുഫ്ത്‌വാഫ് ഫീഡർ സ്റ്റേഷനിൽ ലാന്റ് ചെയ്യുമ്പോൾ ഇരുട്ട് പരന്നിരുന്നു. അദ്ദേഹത്തെ കൊണ്ടുപോകാനായി ഒരു മെഴ്സിഡിസ് കാറും ഡ്രൈവറും അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

എന്തിനാണ് അത്യാവശ്യമായി ഹിംലർ കാണണമെന്ന് ആവശ്യപ്പെട്ടതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഒരാഴ്ച്ചയായി വിവൽസ്ബർഗിൽത്തന്നെ തങ്ങിക്കൊണ്ടിരിക്കുകയാണ് റൈഫ്യൂറർ. SS സേനയുടെ എല്ലാ പ്രൗഢിയും തുളുമ്പും വിധം മാറ്റിയെടുത്തിരിക്കുകയാണ് അദ്ദേഹം വിവൽസ്ബർഗ് കൊട്ടാരത്തിനെ. തനിക്കും തന്റെ വിശ്വസ്തരായ പന്ത്രണ്ട് അനുയായികൾക്കും വേണ്ടി വലിയൊരു വട്ടമേശയും കസേരകളും അറേഞ്ച് ചെയ്തിരിക്കുന്നു. ആർതർ രാജാവിന്റെയും യോദ്ധാക്കളുടെയും കഥയിലെ വട്ടമേശ കുറച്ചൊന്നുമല്ല അദ്ദേഹത്തെ സ്വാധീനിച്ചിരുന്നത്. മാത്രവുമല്ല, വംശീയമായ ഗവേഷണങ്ങൾക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു കേന്ദ്രം കൂടിയായിരുന്നു ആ കൊട്ടാരം.

ആ മെഴ്സെഡിസ് കാർ അങ്ങോട്ട് അടുക്കവെ കോട്ടമതിലും ഗോപുരവും കൂടുതൽ വ്യക്തതയോടെ കാണുവാനായി. യുദ്ധകാലമാണെങ്കിലും ബ്ലാക്ക് ഔട്ട് അവിടെ ബാധകമല്ലെന്ന് തോന്നുന്നു. ജാലകങ്ങളിലൂടെ വെളിച്ചം ഒഴുകിയെത്തുന്നു. കോട്ടമതിലിന്റെ കവാടത്തിൽ മിന്നിക്കത്തുന്ന വലിയ വിളക്കുകൾ. എല്ലാം കൂടി ഒറ്റ നോട്ടത്തിൽ ഒരു പഴയ ചലച്ചിത്രത്തിന്റെ സെറ്റ് പോലെ തോന്നി ഹാർട്മാന്. കാണുമ്പോൾ എന്തോ വല്ലാത്ത വെറുപ്പ്.

ഹാളിന്റെ കവാടത്തിൽ നിന്നിരുന്ന സെർജന്റ് ഹാർട്മാന്റെ കോട്ട് ഊരി വാങ്ങി. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വാൾട്ടർ പിസ്റ്റളും. “റൈഫ്യൂറർ സൗത്ത് വിങ്ങിലെ തന്റെ സിറ്റിങ്ങ് റൂമിൽ ഉണ്ട് കേണൽ... കൂടെ ആരെയെങ്കിലും വിടണോ...?”

നിഷേധാർത്ഥത്തിൽ തലയാട്ടിയിട്ട് ബുബി മുകളിലേക്കുള്ള പടവുകൾ കയറി. അവിടെ എമ്പാടും നാസി പതാകകൾ കൊണ്ട് അലങ്കരിച്ചിരുന്നു. സീലിങ്ങുകളിൽ സ്വസ്തിക അടയാളം പതിച്ചിരിക്കുന്നു. നിഴലുകൾ പറ്റി മുന്നോട്ട് നീങ്ങിയ അദ്ദേഹം സിറ്റിങ്ങ് റൂമിന്റെ മുന്നിലെത്തി ഒന്ന് സംശയിച്ചിട്ട് വാതിലിൽ മുട്ടി. പിന്നെ ഉള്ളിലേക്ക് കടന്നു.

നിറയെ പതാകകൾ കൊണ്ട് അലങ്കരിച്ച ആ മുറിയിൽ നെരിപ്പോടിനരികിൽ തന്റെ ഡെസ്കിന് പിറകിൽ ഇരിക്കുന്നുണ്ടായിരുന്നു ഹെൻട്രിച്ച് ഹിംലർ. കട്ടിയുള്ള കമ്പിളിത്തുണി കൊണ്ടുള്ള ഒരു സ്യൂട്ട് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ശബ്ദം കേട്ട അദ്ദേഹം തലയുയർത്തി. “അവസാനം എത്തിയല്ലേ...?”

ബെർലിനിൽ മഞ്ഞും മഴയുമാണ് റൈഫ്യൂറർ... എന്ത് സേവനമാണ് ഞാൻ ചെയ്യേണ്ടത് ...?”

ഇന്നലെ നിങ്ങൾ അയച്ചു തന്ന ആ മെയിൽ ഞാൻ വിശദമായി വായിച്ചു... ലണ്ടനിലെ ആ ഡിക്സൺ എന്ന സ്ത്രീയുടെ റിപ്പോർട്ട് ഇന്ററസ്റ്റിങ്ങ് ആയി തോന്നി... ബ്രിഗേഡിയർ മൺറോയുടെയും കോൾഡ് ഹാർബറിലെ അദ്ദേഹത്തിന്റെ ബേസിന്റെയും കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്...”

പറഞ്ഞാലും റൈഫ്യൂറർ...”

ബാരൺ വോൺ ഹാൾഡറിന്റെ സഹോദരൻ നമ്മുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട ആ സംഭവം... മൺറോയ്ക്ക് വേണ്ടിയുള്ള എന്തോ മിഷനിൽ ആയിരുന്നു അയാൾ... എന്നിട്ട്, വെടിയേറ്റ വിമാനത്തിൽ നിന്നും പാരച്യൂട്ടിൽ കടലിൽ ഇറങ്ങുന്നു... യാതൊരു ബുദ്ധിമുട്ടും കൂടാതെ ഒരു ലൈഫ്ബോട്ട് അയാളെ രക്ഷപെടുത്തുന്നു... എത്ര കൃത്യതയോടെയുള്ള ഒരു മെലോഡ്രാമ...!”

ഞാൻ യോജിക്കുന്നു...” ബുബി പറഞ്ഞു. കാരണം അതല്ലാതെ വേറൊന്നും അദ്ദേഹത്തിന് പറയാനാകുമായിരുന്നില്ല എന്നത് തന്നെ.

എന്നിട്ട് കെൽസോ ഇപ്പോൾ US എയർഫോഴ്സിൽ ഒരു ലെഫ്റ്റ്നന്റ് കേണൽ ആയി സ്ഥാനക്കയറ്റത്തോടെ സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രണിൽ ജോയ്‌ൻ ചെയ്തിരിക്കുന്നു... ഐസൻഹോവറിനെയും കൊണ്ട് പറക്കുവാൻ... എല്ലാം കൂടി നോക്കുമ്പോൾ വിചിത്രമായിരിക്കുന്നു... ശരിയല്ലേ...?”

എന്ന് തോന്നുന്നു...” നിസ്സഹായനായി ബുബി പറഞ്ഞു.

അതിലും വിചിത്രമായത്... നിങ്ങൾ വിട്ടു പോയ ഒരു കാര്യം കേണൽ... ആ മൂന്നാമത്തെ വിമാനം... ആക്രമണത്തിൽ നിന്നും രക്ഷപെട്ട നമ്മുടെ ആ വിമാനം... ആരായിരുന്നു അതിന്റെ പൈലറ്റ് എന്നറിയാൻ താല്പര്യമുണ്ടോ നിങ്ങൾക്ക്...?”

ആ തണുപ്പിലും വിയർക്കുകയായിരുന്നു ബുബി ഹാർട്മാൻ. താൻ ഭയപ്പെട്ട ദിശയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ തൊണ്ട വരണ്ടു. “ആരായിരുന്നു റൈഫ്യൂറർ...?”

ബാരൺ വോൺ ഹാൾഡർ ആയിരുന്നു അത്... തികച്ചും യാദൃച്ഛികമെന്ന് തോന്നുന്നുണ്ടോ...? എങ്കിൽ അങ്ങനെ വിട്ടുകളയാൻ പാടില്ല എന്നാണ് എനിക്ക് തോന്നുന്നത്...”

ബുബി തന്റെ ശ്വാസോച്ഛ്വാസം നിയന്ത്രിക്കുവാൻ പാടുപെട്ടു. “ഞാൻ എന്തു ചെയ്യണമെന്നാണ് റൈഫ്യൂറർ പറഞ്ഞു വരുന്നത്...?”

ഒന്നുമില്ല കേണൽ... ഒന്നുമില്ല... നമ്മുടെ എൽസ പ്രഭ്വിയുടെ മേൽ ഒരു അധിക ശ്രദ്ധ ഉണ്ടായിരിക്കണം... ഒരിക്കൽ അവരുടെ ദിനവും വരും... അതു പോട്ടെ, മറ്റൊരു കാര്യം ചർച്ച ചെയ്യാനാണ് ഞാൻ വിളിപ്പിച്ചത്... ഐസൻഹോവറിനെ വധിക്കുന്നതിനെക്കുറിച്ച് ഫ്യൂറർ ഒരിക്കൽ സൂചിപ്പിച്ചിരുന്നത് ഓർക്കുന്നുണ്ടോ...? ഇംഗ്ലണ്ടിൽ അതിന് പറ്റിയ ആരെങ്കിലും ഉണ്ടോ എന്ന് അന്ന് നിങ്ങളോട് ഞാൻ ചോദിച്ചിരുന്നു...”

അതെ... IRA യുടെ കാര്യം ഞാൻ അന്ന് പറയുകയും ചെയ്തിരുന്നു...”

യൂസ്‌ലെസ്...” ഹിംലർ പറഞ്ഞു. “ടോട്ടലി യൂസ്‌ലെസ്... നമ്മുടെ ആൾക്കാരെ നിയോഗിക്കാൻ ഒരു മാർഗ്ഗവുമില്ലെന്നാണോ നിങ്ങൾ പറയുന്നത്...? ഒരു ട്രെയിൻഡ് സ്പെഷലിസ്റ്റ്...?”

തോന്നുന്നില്ല റൈഫ്യൂറർ... പ്രത്യേകിച്ചും ഈ അവസരത്തിൽ... എനിക്ക് ഏതാനും ചില ആൾക്കാർ ഉണ്ട് ഇംഗ്ലണ്ടിൽ... റോഡ്രിഗ്സിനെയും  സാറാ ഡിക്സണെയും പോലെ... വളരെ നന്നായി അവർ തങ്ങളുടെ ജോലി ചെയ്യുന്നുമുണ്ട്... പക്ഷേ, വിശാലമായ ഒരു ശൃംഖല അവർക്കില്ല... അതുപോലുള്ള ഒരു ഏജന്റിനെ പാരച്യൂട്ട് വഴി ഡ്രോപ്പ് ചെയ്യുന്നത് തൽക്കാലം വളരെ അപകടകരമായിരിക്കും...”

മറ്റൊരു മാർഗ്ഗത്തിലൂടെ അയാളെ അവിടെ എത്തിക്കുകയാണെങ്കിൽ എങ്ങനെയുണ്ടാകും...? ഉദാഹരണത്തിന് ഒരു നിഷ്പക്ഷ രാഷ്ട്രമെന്ന നിലയിൽ പോർച്ചുഗീസുകാർ ഇംഗ്ലണ്ടിലേക്ക് ഷിപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്... യാത്രാവിമാനങ്ങളും... ആ വഴിയിൽ ഒരു ഏജന്റിനെ നമുക്ക് ഇംഗ്ലണ്ടിലേക്ക് കടത്തി വിട്ടു കൂടേ...? ലിസ്ബനിൽ എനിക്ക് അടുത്ത കണക്ഷനുകൾ ഉണ്ട്... അവരുടെ വിദേശകാര്യ മന്ത്രി ന്യൂൺസ് ഡസിൽവ വർഷങ്ങളായി എന്റെ പോക്കറ്റിലാണ്... 1940ൽ വിൻഡ്‌സർ ഡ്യൂക്കിനെ തട്ടിക്കൊണ്ടു വരാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും അതിനുള്ള എല്ലാ സഹായവും നൽകിയത് അയാളായിരുന്നു... വളരെ നല്ല പ്രതിഫലമാണ് അന്ന് അയാൾ പറ്റിയത്... അതു കൊണ്ട് പറ്റില്ല എന്ന് പറയാൻ അയാൾക്ക് കഴിയില്ല... പിന്നെ ഒരു സ്വവർഗ്ഗാനുരാഗി കൂടിയാണ് അയാൾ... അതുമായി ബന്ധപ്പെട്ട അയാളുടെ ചില ചിത്രങ്ങളും നമ്മുടെ പക്കലുണ്ട്...”

അത് നടക്കില്ല റൈഫ്യൂറർ...” ബുബി പറഞ്ഞു.

റിയലി...? എങ്കിൽ പിന്നെ എന്തെങ്കിലും ഒരു വഴി ആലോചിക്കൂ കേണൽ... ഫ്യൂററെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല... ശരി, നിങ്ങൾക്കിപ്പോൾ ബെർലിനിലേക്ക് തിരിച്ചു പോകാം... വാരാന്ത്യത്തോടെ ഞാനും അവിടെയെത്തുന്നതായിരിക്കും...”

എങ്ങനെയാണ് അവിടെ നിന്നും പുറത്തു കടന്നതെന്ന് ബുബിയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അത്രയും ആശ്വാസമാണ് വെളിയിലെത്തിയ അദ്ദേഹത്തിന് തോന്നിയത്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

16 comments:

  1. റൈഫ്യൂറർ ആരെ ആണാവോ ഉദ്ദേശിക്കുന്നത്? മൂട്ടി പ്രശ്നത്തിൽ ആവുമോ?

    ReplyDelete
    Replies
    1. മാക്സിനെത്തന്നെ... ഒരു ആൾമാറാട്ടമാണ് റൈഫ്യൂറർ ഉദ്ദേശിക്കുന്നത്...

      Delete
  2. എല്ലാ നോവലും വായിക്കുമ്പോ ഏറ്റോം വെറുക്കപ്പെടേണ്ട ഒരു പേരേ ഉള്ളു.-ഹിംലർ
    സത്യത്തിൽ ഈ ഒരുത്തനെ ആദ്യമേ തട്ടിയിരുന്നെങ്കി ലോകമഹായുദ്ധം നേരത്തെ തീർന്നേനെ !!

    ReplyDelete
    Replies
    1. തീർച്ചയായും... വല്ലാത്തൊരു ജന്മം തന്നെയായിരുന്നു അത്...

      Delete
  3. ഫ്യൂററെ ചാക്കിട്ടിട്ട് ഒരു കാര്യവുമില്ല. റൈഫ്യൂെററെ മയക്കാനുള്ള വല്ല വഴിയുമുണ്ടോന്നു നോക്കേണ്ടി വരും.

    ReplyDelete
    Replies
    1. കുറുക്കനാണയാൾ... കുറുക്കൻ...

      Delete
  4. റൈഫ്യൂററുടെ മുന്നിൽ പതറി ബൂബി

    ReplyDelete
    Replies
    1. അതെ... കഷ്ടിച്ച് രക്ഷപെട്ടു...

      Delete
  5. ഇതെന്തൊരു ജന്മമാണ്!!

    ReplyDelete
    Replies
    1. വല്ലാത്തൊരു ജന്മം തന്നെ...

      Delete
  6. സത്യം തന്നെ... എന്തൊരു കുടില ബുദ്ധി ആണ്...

    ReplyDelete
    Replies
    1. മനുഷ്യത്വം തൊട്ടു തീണ്ടാത്തവൻ...

      Delete
  7. “അവസാനം എത്തിയല്ലേ...?”

    ReplyDelete
    Replies
    1. എന്താ ജിമ്മാ, ഈയിടെയായി ഒരു ശുഷ്കാന്തിക്കുറവ്...?

      Delete
  8. തനി ബലിയാടുകളായി രഹസ്യം
    ചോർത്താനും മറ്റുള്ളവരെ കൊല്ലാനും 
    വിധിക്കപ്പെടുന്ന ഏജന്റുമാരാണ് യുദ്ധമുഖത്തുള്ള
    ഓരോ ചാരന്മാരും ചാരത്തികളും... 

    ഇവരെ പിന്നാമ്പുറത്തിരുന്ന് ഇതിലേക്ക് നയിക്കുവാൻ  ഹിംലറെപ്പോലുള്ള
    അതി കുശാഗ്ര ബുദ്ധിയുള്ള ഏമാന്മാരും ഏത് യുദ്ധരംഗത്തും ഉണ്ടാകും ..!

    ReplyDelete
    Replies
    1. ചാരപ്രവർത്തനത്തിന്റെ പിന്നാമ്പുറങ്ങൾ...

      Delete