ലണ്ടനിൽ മൺറോയൊടൊപ്പം തങ്ങിയ ഹാരി രണ്ട്
ദിവസം കഴിഞ്ഞ് ഒരു ടാക്സി പിടിച്ച് ഗൈസ് ഹോസ്പിറ്റലിലേക്ക് തിരിച്ചു. മോളി മുഖേന
കാഷ്വാലിറ്റി ഡിപ്പാർട്ട്മെന്റിൽ ഒരു അപ്പോയ്ൻമെന്റ്
ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു അദ്ദേഹം.
റിസപ്ഷനിൽ റിപ്പോർട്ട് ചെയ്തിട്ട് അവിടെ
കണ്ട ബെഞ്ചുകളിലൊന്നിൽ ഹാരി ഇരിപ്പുറപ്പിച്ചു. ആശുപത്രിയിൽ
എമ്പാടും തിരക്ക് തന്നെ. ഒഴിഞ്ഞ ഇടങ്ങൾ എവിടെയുമില്ല. എങ്കിലും അധികം
താമസിയാതെ തന്നെ ഒരു നേഴ്സ് അദ്ദേഹത്തിനരികിലെത്തി.
“ഇതിലെ വന്നോളൂ,
വിങ്ങ് കമാൻഡർ...”
ഇടനാഴിയിലൂടെ അവളെ അനുഗമിച്ച ഹാരി ഒരു
സർജിക്കൽ തീയേറ്ററിലാണ് എത്തിയത്. വെള്ള കോട്ട് ധരിച്ച മോളി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
“ആഹ്, എത്തിയല്ലോ...
എങ്ങനെയുണ്ടെന്ന് നോക്കാം നമുക്ക്... പ്രൊഫസർ
ജോസഫിനോട് ഞാൻ റെഡിയാണെന്ന് പറഞ്ഞേക്കൂ...”
അവൾ നേഴ്സിനെ നോക്കി പറഞ്ഞു.
“വേദനിക്കുമോ...?
ഹാരി ചോദിച്ചു.
“തീർച്ചയായും...
അതുകൊണ്ട് ഏറ്റവും നല്ല വഴി, വച്ച്
താമസിപ്പിക്കാതെയിരിക്കുക എന്നതാണ്...”
ചടുലമായ നീക്കത്തിൽ ഹാരിയുടെ മുഖത്തെ
ടേപ്പ് ഇളക്കി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. “വേദനിച്ചൊന്നും
ഇല്ലല്ലോ അല്ലേ...?”
“പിന്നെ... എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട...”
വാതിൽ തുറന്ന് വെള്ള സർജിക്കൽ കോട്ട്
ധരിച്ച നരച്ച താടിയുള്ള പ്രസന്നവദനനായ ഒരു ഡോക്ടർ പ്രവേശിച്ചു. “റൈറ്റ്, മോളീ... പറയൂ, എന്താണ് സംഭവം...?”
“ഇത് വിങ്ങ് കമാൻഡർ കെൽസോ... ആകാശത്ത്
വച്ചുള്ള യുദ്ധത്തിനിടയിൽ അൽപ്പം പരിക്ക്...” അവൾ പറഞ്ഞു. “വിമാനത്തിന് തീ
പിടിച്ചതിനെത്തുടർന്ന് കടലിൽ ചാടേണ്ടി വന്നു... അതുകൊണ്ട്
മുറിവൊക്കെ നന്നായി വൃത്തിയായി...”
“ശരി, നോക്കട്ടെ...” ഹാരിയുടെ മുഖം പരിശോധിച്ചിട്ട് അദ്ദേഹം തല കുലുക്കി. “വെരി നൈസ് മോളീ... ഇദ്ദേഹത്തിന്റെ
മുഖത്തുള്ള ഈ എംബ്രോയ്ഡറി എടുത്ത് മാറ്റിക്കോളൂ... പിന്നെ, വിങ്ങ് കമാൻഡർ, ഒരിക്കലും
മായാത്ത ഒരു മുറിപ്പാട് നിങ്ങളുടെ മുഖത്ത് ഉണ്ടായിരിക്കും എന്നതിന് ഒരു സംശയവും
വേണ്ട...”
“അതിനെന്താ... മോളിയ്ക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ എനിക്കും
കുഴപ്പമൊന്നുമില്ല...”
“ഓഹോ, അങ്ങനെയാണോ...?
എക്സലന്റ്...” ജോസഫ് അവളുടെ
ചുമലിൽ കൈ വച്ചു. “ഇവളെ പെട്ടെന്നങ്ങനെ കൊണ്ടുപോയേക്കല്ലേ വിങ്ങ് കമാൻഡർ... യുദ്ധം നടന്നു
കൊണ്ടിരിക്കുകയാണെന്നത് ഓർമ്മ വേണം...”
അദ്ദേഹം പുറത്ത് പോയതും മോളി പറഞ്ഞു. “ഇനിയിപ്പോൾ
ടേപ്പിന്റെ ആവശ്യമൊന്നുമില്ല... ഉപ്പുവെള്ളത്തിൽ വീണതു കൊണ്ട് മുറിവ് ഉണങ്ങാൻ എളുപ്പമായി... ഉണങ്ങിത്തുടങ്ങുകയും
ചെയ്തു... ഇനി ശുദ്ധവായുവാണ് വേണ്ടത്...” അവൾ ഒരു ചെറിയ
ക്യാൻ എടുത്തു. “അല്പം ആന്റിസെപ്റ്റിക് സ്പ്രേ... അതോടെ പെട്ടെന്ന്
ഉണങ്ങിക്കോളും...”
എല്ലാം കഴിഞ്ഞപ്പോൾ ഹാരി ചോദിച്ചു. “ഇനി എന്താണ്...? ലഞ്ച് കഴിക്കാൻ
വരുന്നോ എന്റെ കൂടെ...?”
“വാസ്തവത്തിൽ ഞാൻ ഫ്രീ ആണ്... പക്ഷേ, അമ്മാവന്റെ ഒരു
കോൾ ഉണ്ടായിരുന്നു... നിങ്ങളോട് ഹേസ്റ്റൻ പ്ലേസിലേക്ക് ഉടൻ ചെല്ലാൻ ആവശ്യപ്പെട്ടിരിക്കുന്നു... എയർവൈസ് മാർഷൽ
വെസ്റ്റിന് എന്തോ സംസാരിക്കനുണ്ടത്രെ...”
“ഓകേ... എന്നാൽ ഭക്ഷണം പിന്നീടാവാം...”
“വീ വിൽ സീ... ഒരു നിമിഷം,
ഞാൻ ഇപ്പോൾ വരാം...” അവൾ റൂമിന്
പുറത്തേക്ക് നടന്നു.
***
ഹേസ്റ്റൻ പ്ലേസിൽ എത്തിയ അവർ മുകളിലത്തെ
നിലയിലുള്ള ബ്രിഗേഡിയർ മൺറോയുടെ ഫ്ലാറ്റിലേക്ക് നടന്നു. മോളിയാണ്
കോളിങ്ങ് ബെൽ അമർത്തിയത്. വാതിൽ തുറന്ന് എത്തി നോക്കിയ ജാക്ക് കാർട്ടർ മോളിയുടെ
കവിളിൽ ഒരു മുത്തം നൽകിയിട്ട് ഹാരിയുടെ കരം കവർന്നു.
“ജീവനോടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം...” കാർട്ടർ പറഞ്ഞു.
“ശരിക്കും... വല്ലാത്തൊരു രക്ഷപെടൽ തന്നെയായിരുന്നു അത്...” ഹാരി പറഞ്ഞു.
ഉള്ളിൽ സിറ്റിങ്ങ് റൂമിൽ നിന്നും ആരുടെയോ
പൊട്ടിച്ചിരി കേൾക്കാമായിരുന്നു. കാർട്ടർ അവരെ ഉള്ളിലേക്ക് ആനയിച്ചു. മൺറോയും
വെസ്റ്റും പിന്നെ പൈലറ്റ്സ് വിങ്ങ്സ് ഉള്ള ഒരു അമേരിക്കൻ മേജർ ജനറലും
അവിടെയുണ്ടായിരുന്നു. ജാലകത്തിനരികിൽ ഇരിക്കുന്ന ജനറൽ ഐസൻഹോവറിന്റെ കണ്ടതും ഹാരി
അത്ഭുതപരതന്ത്രനായി.
“എന്താണിത്..? ഗൂഢാലോചന വല്ലതുമാണോ...?” ഹാരി മോളിയോട്
ചോദിച്ചു.
“ഒരിക്കലുമല്ല...”
മൺറോ പറഞ്ഞു. “സുപ്രീം കമാൻഡർ
ഇവിടെയുള്ള കാര്യം മോളിക്ക് അറിയില്ലായിരുന്നു...”
“അയാം സോറി ഹാരീ...”
ഹാരിയുടെ കാതിൽ മന്ത്രിച്ചിട്ട് അവൾ മേജർ
ജനറലിന്റെ അരികിലെത്തി അദ്ദേഹത്തിന്റെ കവിളിൽ മുത്തമിട്ടു. “ഹലോ ഡാഡ്...”
ഐസൻഹോവർ എഴുന്നേറ്റ് ഹാരിയുടെ അരികിൽ
വന്ന് കൈ നീട്ടി. “വിങ്ങ് കമാൻഡർ...
നിങ്ങളൊരു അസാധാരണ മനുഷ്യനാണ്... മോളിയുടെ അച്ഛനെ
നിങ്ങൾ കണ്ടിട്ടില്ലല്ലോ... മേജർ ജനറൽ ടോം സോബെൽ...”
ശരാശരി ഉയരവും കറുത്ത തലമുടിയും കട്ട
മീശയും ഉള്ള അദ്ദേഹത്തിന്റെ മുഖം മറ്റേതൊരു ഉന്നത മിലിട്ടറി ഉദ്യോഗസ്ഥന്റെയും പോലെ
കാർക്കശ്യമുള്ളതായിരുന്നു. ഒട്ടും ദാക്ഷിണ്യമില്ലാത്ത രൂപഭാവം. അദ്ദേഹത്തിന്റെ
ഹസ്തദാനത്തിന് പോലും കാരിരുമ്പിന്റെ ഉറപ്പായിരുന്നു.
“ഇറ്റ്സ് ആൻ ഓണർ റ്റു മീറ്റ് യൂ സൺ...”
“ഫൈൻ... പരിചയപ്പെടലൊക്കെ കഴിഞ്ഞല്ലോ... നൗ ബാക്ക് റ്റു
ബിസിനസ്...” ഐസൻഹോവർ പറഞ്ഞു.
“ഞാൻ ഒരാഴ്ച്ച സമയം തന്നിരുന്നു...”
“എന്റെ നിലപാട് ഞാൻ പറഞ്ഞിരുന്നല്ലോ ജനറൽ...” ഹാരി പറഞ്ഞു.
“ലിസൻ റ്റു മീ...”
സോബെൽ പറഞ്ഞു. “ഒന്നാം മഹായുദ്ധ
കാലത്ത് ലഫായത്ത് സ്ക്വാഡ്രണിൽ ആയിരുന്നു ഞാൻ... അമേരിക്കൻ
എയർഫോഴ്സിലേക്ക് മാറുവാൻ ആവശ്യപ്പെട്ട് നമ്മുടെ ആൾക്കാർ എന്നെ സമീപിച്ചപ്പോൾ
എനിക്ക് ഒട്ടും സമ്മതമായിരുന്നില്ല... പക്ഷേ, എന്നിട്ടും ഞാൻ
ട്രാൻസ്ഫർ വാങ്ങി... കാരണം എന്നെ
അവർക്ക് ആവശ്യമുണ്ടായിരുന്നു... നിങ്ങളുടെ കാര്യത്തിലും അതു തന്നെയാണ്... RAF ന് വേണ്ടി ഗംഭീര
സേവനമാണ് ഇതുവരെ നിങ്ങൾ കാഴ്ച്ച വച്ചിരിക്കുന്നത്... എന്നാൽ ഇപ്പോൾ
സ്വന്തം രാജ്യത്തിന്റെ യൂണിഫോം അണിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്...”
കുറേ നേരത്തേക്ക് ആരും ഒന്നും
ഉരിയാടിയില്ല. പിന്നെ ഐസൻഹോവർ പറഞ്ഞു. “വേണമെങ്കിൽ ഒരു
ഡയറക്റ്റ് ഓർഡർ വഴി നിങ്ങളെ ട്രാൻസ്ഫർ ചെയ്യാൻ എനിക്ക് കഴിയും...”
എയർ വൈസ് മാർഷൽ വെസ്റ്റ് ആണ് ആ
പിരിമുറുക്കത്തിന് അൽപ്പം അയവ് വരുത്തിക്കൊണ്ട് മറുപടി പറഞ്ഞത്. “RAF ൽ ഉള്ള
അമേരിക്കക്കാർ എല്ലാം അമേരിക്കൻ എയർഫോഴ്സിലേക്ക് ട്രാൻസ്ഫർ ചെയ്തിരിക്കണമെന്ന്
നമ്മുടെ എഗ്രിമെന്റിൽ ഉള്ളതാണെന്ന് സമ്മതിക്കുന്നു ജനറൽ... അമേരിക്കൻ
യൂണിഫോമും തത്തുല്യ റാങ്കും സഹിതം... പക്ഷേ, RAF ന്റെ ഏതെങ്കിലും ടൂറിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെങ്കിൽ
ആ ദൗത്യം പൂർത്തീകരിക്കുന്നത് വരെ അവിടെത്തന്നെ തുടരണമെന്നും ഉണ്ട്... വിങ്ങ് കമാൻഡർ
കെൽസോ ഉൾപ്പെട്ടിരിക്കുന്ന ടൂർ പൂർത്തിയാകുവാൻ ഏതാനും നാൾ കൂടി വേണ്ടി വരുമെന്നാണ്
എന്റെ കണക്കു കൂട്ടൽ...”
ഐസൻഹോവർ അദ്ദേഹത്തെ രൂക്ഷമായി ഒന്ന്
നോക്കി. “ഓകേ... റ്റെൽ മീ ദി വേഴ്സ്റ്റ്...”
“വിങ്ങ് കമാൻഡർ കെൽസോ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്പെഷൽ
ഡ്യൂട്ടീസ് സ്ക്വാഡ്രണിൽ ഒരു ടൂറിന്റെ ചാർജ് എടുത്തിട്ട് അധികം ആയിട്ടില്ല...”
“എത്ര മിഷൻസ് കഴിഞ്ഞു...?” സോബെൽ ചോദിച്ചു.
“സത്യം പറഞ്ഞാൽ ഒന്ന്... സ്പെഷൽ ഡ്യൂട്ടീസ്
സ്ക്വാഡ്രന്റെ കാര്യം പറയുകയാണെങ്കിൽ ഒരു ടൂറിൽ അറുപത് മിഷനുകൾ വരെ ഉണ്ടാകാറുണ്ട്... കെൽസോയ്ക്ക്
ഇനിയും അമ്പത്തിയൊമ്പത് മിഷൻസ് ബാക്കിയുണ്ട്...”
അദ്ദേഹം ഐസൻഹോവറിന് നേർക്ക് തിരിഞ്ഞു. “പിന്നെ, വിവിധ ഘട്ടങ്ങളിലായി താങ്കളെയും കൊണ്ട് പറക്കുക എന്നതും ഈ മിഷനുകളിൽ പെട്ടതാണ്
സർ... കൊറിയർ സർവീസ്
എന്ന നിലയിൽ...”
ഒരു നീണ്ട മാത്ര വെസ്റ്റിനെ തുറിച്ച്
നോക്കി ഐസൻഹോവർ ഇരുന്നു. പിന്നെ നിയന്ത്രണം
വിട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. സോബെലിന്റെ
മുഖത്തും പുഞ്ചിരി പരന്നു. “പറയാതിരിക്കാനാവില്ല... നിങ്ങളൊരു
കുറുക്കൻ തന്നെ...” ഐസൻഹോവർ പറഞ്ഞു.
“ബ്രിഗേഡിയർ, നിങ്ങളെയും ചേർത്താണ് പറഞ്ഞത്... ശരി, ഇത്തവണ നിങ്ങൾ
വിജയിച്ചിരിക്കുന്നു... പക്ഷേ, എനിക്ക് ഇയാളെ അമേരിക്കൻ യൂണിഫോമിൽ കാണണം... ഇന്നു
തന്നെ...” അദ്ദേഹം ഹാരിയുടെ നേർക്ക് തിരിഞ്ഞു. “ദാറ്റ്സ് ആൻ ഓർഡർ, കേണൽ...”
മൺറോ
പുഞ്ചിരിച്ചു. “അക്കാര്യം എല്ലാം ഏർപ്പാടാക്കിക്കഴിഞ്ഞു ജനറൽ... വിങ്ങ് കമാൻഡർ
കെൽസോയുടെ ടെയ്‌ലറുമായി ഞാനും എയർ വൈസ് മാർഷലും ഇന്നലെ സംസാരിച്ചിരുന്നു... യൂണിഫോം
അടിയന്തിരമായി തയ്ച്ചു തരാമെന്ന് അവർ ഏറ്റിട്ടുണ്ട്...”
ഐസൻഹോവർ
മന്ദഹസിച്ചു. “ഇയാളുടെ കാര്യത്തിൽ നിങ്ങൾ ഇരുവർക്കും നല്ല ശ്രദ്ധയാണല്ലോ...”
“വെൽ...
ഇദ്ദേഹത്തിന്റെ വേഷവിധാനം നന്നായിരിക്കണമെന്ന് ഞങ്ങൾക്ക് നിർബ്ബന്ധമുണ്ട്...
താങ്കൾക്കറിയാമല്ലോ മൂന്നു മണിക്ക് കൊണാട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ജനറൽ
ചാൾസ് ഡിഗോൾ ഇദ്ദേഹത്തെ ലെജിയൻ ഓഫ് ഓണർ ബഹുമതി നൽകി ആദരിക്കുന്ന കാര്യം...”
“മൈ ഗോഡ്...!”
ഹാരി വായ് പൊളിച്ചു.
“പിന്നെ നാളെ
രാവിലെ പതിനൊന്ന് മണിക്ക് ബക്കിങ്ങ്‌ഹാം പാലസിൽ വച്ച് രണ്ടാമത്തെ DSO ബഹുമതിയും...”
ഐസൻഹോവർ
പുഞ്ചിരിച്ചു കൊണ്ട് ഹാരിയുടെ നേർക്ക് തിരിഞ്ഞു. “ഹാരീ, ഇപ്പോൾ മനസ്സിലായല്ലോ
നിങ്ങളെ നോക്കുവാനും ശ്രദ്ധിക്കുവാനും ആളുകളുണ്ടെന്ന്...?”
മൺറോ മോളിയുടെ
നേർക്ക് തിരിഞ്ഞു. “ഹോസ്പിറ്റലിലേക്ക് പോകുന്നതിന് മുമ്പ് സമയമുണ്ടെങ്കിൽ ഹാരിയെയും
കൂട്ടി സാവൈൽ റോയിൽ ടെയ്‌ലറുടെ അടുത്ത് ചെന്ന് യൂണിഫോം ഒക്കെ ഭംഗിയായി
തയ്ച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക... ജനറൽ ഡിഗോളിന്റെ മുന്നിൽ ഹാരി ചെല്ലുന്നത്
നല്ല വേഷത്തിലായിരിക്കണം... അക്കാര്യത്തിലൊക്കെ വളരെ നിർബ്ബന്ധമുള്ളയാളാണ് അദ്ദേഹം...”
“യൂ ക്യാൻ ഓൾ ഗോ
റ്റു ഹെൽ...” രോഷത്തോടെ ഹാരി പുറത്തേക്ക് നടന്നു. ചാടിയെഴുന്നേറ്റ മോളി അദ്ദേഹത്തിന്
പിന്നാലെ പാഞ്ഞു.
“അയാളുടെ മേൽ
ഒരു കണ്ണ് വേണം ഡോക്ടർ...” ഐസൻഹോവർ വിളിച്ചു പറഞ്ഞു.
Harry തൽക്കാലം ഒഴിവാക്കപ്പെട്ടു മിഷൻ ന്ന്.
ReplyDeleteമിഷനിൽ നിന്നല്ല... അമേരിക്കൻ എയർഫോഴ്സിലേക്കുള്ള ട്രാൻസ്ഫറിൽ നിന്ന്...
Deleteഇപ്രാവശ്യം ആദ്യം തന്നെ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നു.യാത്രക്കായി ഒരുങ്ങിക്കഴിഞ്ഞു..
ReplyDeleteസന്തോഷം മുഹമ്മദ്‌ക്കാ...
Delete“യൂ ക്യാൻ ഓൾ ഗോ റ്റു ഹെൽ...” രോഷത്തോടെ ഹാരി പുറത്തേക്ക് നടന്നു. ചാടിയെഴുന്നേറ്റ മോളി അദ്ദേഹത്തിന് പിന്നാലെ പാഞ്ഞു.
ReplyDeleteവന്ന് വന്ന് ഒട്ടും സമയമില്ലാതായി അല്ലേ? :)
Deleteബഹുമതികൾ ഏറ്റുവാങ്ങാൻ ഹാരിയുടെ ജീവിതം പിന്നെയും ബാക്കി.
ReplyDeleteപാവം ഹാരി... അല്ലേ...?
Deleteഅങ്ങനെ നൈസ് ആയി ഒഴിവാക്കാനാകുമോ ഹാരിയെ. കുതന്ത്രങ്ങൾ ഇങ്ങനെയും
ReplyDeleteപക്ഷേ, അവർ വിടില്ല... പിന്നാലെ ഉണ്ടാകും..
Delete"പറയാതിരിക്കാനാവില്ല... നിങ്ങളൊരു കുറുക്കൻ തന്നെ...”
ReplyDeleteഎന്തായിരിക്കും ...
ആശംസകൾ
സന്തോഷം തങ്കപ്പേട്ടാ...
Deleteബഹുമതിക്കും കുതന്ത്രങ്ങൾക്കുമിടയിൽ ഹാരിയും മോളിയും!
ReplyDeleteപാവം കമിതാക്കൾ... എന്തു ചെയ്യാം...
Deleteഒരാവശ്യവും ഇല്ലാത്ത ബഹുമതികൾ...
ReplyDeleteഅതെ... ജീവന് പോലും ഒരു ഉറപ്പില്ലാത്തപ്പോൾ എന്ത് ബഹുമതി അല്ലേ ശ്രീ...?
Deleteഹൌ ...
ReplyDeleteമുത്തങ്ങളുടെ ഒരു ആറാട്ടാണല്ലോ ഈ ചാപ്റ്റർ മുഴുവൻ ...
പിന്നെ
പ്രണയ നാഥനും പ്രണയിനിയും കണ്ടുമുട്ടിയ ഈ സംഗതികൾ നടന്നത് ലണ്ടൻ ബ്രിഡ്‌ജിനടുത്തുള്ള ഗൈസ് ഹോസ്പിറ്റലിൽ ആണ് .
മുരളിഭായിയുടെ ഒരു ഭാഗ്യം... ഈ കഥാപാത്രങ്ങളൊക്കെ കാലടികൾ പതിഞ്ഞ പാതകളിലൂടെ നടക്കുവാനും കാണുവാനും ഉള്ള അവസരം... എല്ലാവർക്കും ലഭിക്കുന്നതല്ലല്ലോ അതൊന്നും...
Delete