Sunday, February 9, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 48


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വ്യോമപഥം യാതൊരു തടസ്സമോ ബുദ്ധിമുട്ടോ ഇല്ലാത്തതായിരുന്നു. കോൾഡ് ഹാർബർ എയർസ്ട്രിപ്പിന് മുകളിലെത്തിയ ഹാരി അനായാസമായി ലാന്റ് ചെയ്ത് ഹാങ്കറിന് നേർക്ക് ടാക്സി ചെയ്യുമ്പോഴേക്കും കടലിൽ നിന്നും മഴ ഇരച്ചെത്തിയിരുന്നു. വിമാനത്തിനരികിലേക്ക് നടന്നു വന്ന ഫ്ലൈറ്റ് ക്രൂവിലെ അംഗങ്ങൾ ധരിച്ചിരുന്നത് ലുഫ്ത്‌വാഫ് ഓവറോൾ ആയിരുന്നുവെങ്കിലും ഇത്തവണ അവരുടെ തലയിൽ RAF ന്റെ സൈഡ് ക്യാപ് ആണെന്നത് ഹാരി ശ്രദ്ധിച്ചു. കോക്ക്പിറ്റിന്റെ ക്യാനോപ്പി പിറകിലേക്ക് തള്ളി മാറ്റിയിട്ട് തന്റെ ബാഗേജ് എടുത്ത് അദ്ദേഹം അതിൽ ഒരു കോർപ്പറലിന്റെ നേർക്ക് എറിഞ്ഞു കൊടുത്തു. വിമാനത്തിൽ നിന്നും താഴെയിറങ്ങിയപ്പോഴാണ് ഹാങ്കറിൽ കിടക്കുന്ന ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തെ ഹാരി ശ്രദ്ധിച്ചത്.

ഒന്ന് മൂരി നിവർത്തിയിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തവെ ജൂലി ലെഗ്രാൻഡ് ഒരു ജീപ്പുമായി വിമാനത്തിനരികിൽ വന്ന് ബ്രേക്ക് ചെയ്തു. “ഹലോ ഹാരീ... പെട്ടെന്ന് കയറിക്കോളൂ... മഴ നനയണ്ട...” അവൾ പറഞ്ഞു. “ഒരു ദൗത്യത്തിന് പോകാനും മാത്രം നല്ല കാലാവസ്ഥ ആണെന്ന് തോന്നുന്നില്ല...”

“ശരിയാണ്... അത്ര നന്നല്ല...”

“എങ്കിലും വരാൻ പോകുന്ന ദിവസങ്ങളിൽ മെച്ചപ്പെടും എന്നാണ് ഫൊർകാസ്റ്റിൽ പറയുന്നത്...” അവൾ പറഞ്ഞു.

“പക്ഷേ, എപ്പോൾ വേണമെങ്കിലും മാറാമല്ലോ... അതൊക്കെ പോട്ടെ, എന്തു പറയുന്നു...? സുഖമാണോ...?”

“സുഖം തന്നെ... അമേരിക്കക്കാർ നിങ്ങളുടെ പിന്നാലെയാണെന്ന് കേട്ടല്ലോ...?”

“ശരിയാണ്...”  നിസ്സംഗതയോടെ ഹാരി  പറഞ്ഞു.

“പക്ഷേ, നിങ്ങൾ ഒട്ടും വഴങ്ങുവാൻ തയ്യാറല്ല അല്ലേ...?”

“എന്തോ, എനിക്കൊട്ടും തന്നെ താല്പര്യമില്ല അങ്ങോട്ട് മാറുവാൻ...” കുന്നിൻമുകളിലെ ഹൈ സ്ട്രീറ്റിലേക്ക് അവൾ ജീപ്പ് തിരിക്കുന്നതു ശ്രദ്ധിച്ച ഹാരി സംശയത്തോടെ ചോദിച്ചു. “നമ്മൾ എങ്ങോട്ടാണ് പോകുന്നത്...?”

“സ്ഥിരം കോട്ടേജ് കുറച്ച് കഴിഞ്ഞിട്ട് ഫ്രീ ആകൂ... പിന്നെ ലൈസാൻഡർ ഇവിടെയെത്താൻ ഇനിയും ഒരു മണിക്കൂർ വേണ്ടി വരുമെന്ന് സന്ദേശം ഉണ്ടായിരുന്നു... എനിക്കിപ്പോൾ പബ്ബിൽ എത്തേണ്ടതുണ്ട്... ലൈഫ്ബോട്ട് ക്രൂവിനുള്ള ലഞ്ച് തയ്യാറാക്കണം... ഒപ്പം നിങ്ങൾക്ക് എന്തെങ്കിലും കഴിക്കാനും പറ്റും...”

“അത് നന്നായി... പിന്നെ, എങ്ങനെയാണ് ഇപ്പോഴും ഒരു ലൈഫ്ബോട്ട് ക്രൂവിനെ ഇവിടെ നിലനിർത്തിക്കൊണ്ട് പോകാൻ പറ്റുന്നത്...? ഗ്രാമവാസികളെയെല്ലാം ഇവിടെ നിന്നും പുറത്താക്കിയിരുന്നു എന്നാണല്ലോ ഞാനറിഞ്ഞത്...”

“പുറത്താക്കിയിരുന്നു... എന്നാൽ പിന്നീട് കാര്യങ്ങളൊക്കെ മാറി... ടോപ്പ് സീക്രറ്റ് ആണ്... ക്രൂ ഇവിടുത്തെ കോട്ടേജുകളിൽ  താമസിക്കുന്നുണ്ട്... അവരുടെ കുടുംബങ്ങളെയെല്ലാം ഗ്രാമത്തിന്റെ പരിസരങ്ങളിലായി വിന്യസിച്ചിരിക്കുന്നു... കൃഷിയിടങ്ങളിലും മറ്റുമായി... ഓരോരുത്തരുടെയും ഊഴം അനുസരിച്ച് വാരാന്ത്യങ്ങളിൽ അവർ തങ്ങളുടെ കുടുംബത്തെ സന്ദർശിക്കാൻ പോകും...” ജൂലി പറഞ്ഞു.

“അതൊരു സുരക്ഷാ ഭീഷണി ആവില്ലേ...?”

“ലൈഫ്ബോട്ടിൽ ജോലി  ചെയ്യുന്നവരെക്കുറിച്ച് നിങ്ങൾക്ക് ശരിക്കറിയില്ല എന്ന് തോന്നുന്നു... മറ്റ് ഏത് രംഗത്തുള്ളവരെക്കാളും അച്ചടക്കശീലമുള്ളവരാണ് അവർ... വേതനമില്ലാതെ വളണ്ടിയർമാരായി പ്രവർത്തിക്കുന്നവർ... എന്നാൽ ഇവിടെ അവർക്ക് വേതനം നൽകുന്നുണ്ട്... കാരണം മറ്റ് തൊഴിലുകളിൽ ഏർപ്പെടാൻ അവർക്ക് അനുവാദമില്ലാത്തതു കൊണ്ട്...”

ഹാങ്ങ്ഡ് മാൻ എന്ന ആ പബ്ബിന്റെ മുന്നിൽ അവൾ ജീപ്പ് നിർത്തി. പുറത്തിറങ്ങിയ ഹാരി പബ്ബിന്റെ മുകളിലെ ബോർഡിൽ ഉള്ള ആ ലോഗോയിൽ നോക്കി. “ദാറ്റ്സ് നൈസ്... ഇതൊരു ടററ്റ് സിംബൽ ആണല്ലോ... എവിടുന്ന് കിട്ടി ഇത്...?”

“ഞാൻ തന്നെ വരച്ചതാണ്...”

“ടററ്റ് നിങ്ങളുടെ ഒരു ഹോബിയാണെന്ന് തോന്നുന്നു...?”

“ടററ്റ് എന്ന് പറയുന്നത് ഒരു ഹോബിയല്ല വിങ്ങ് കമാൻഡർ...”

“എന്നാൽ പിന്നെ എന്റെ ഭാവി എന്താണെന്ന് ഒന്ന് നോക്കി പറഞ്ഞു തരൂ...” തന്റെ ഫ്ലൈയിങ്ങ് ജാക്കറ്റ് ജീപ്പിനുള്ളിലേക്ക് എറിഞ്ഞിട്ട് ഹാരി പറഞ്ഞു.

“അത് ശരിയാവില്ല... നിങ്ങളെക്കുറിച്ച് കുറേ കാര്യങ്ങൾ എനിക്ക് അറിയാവുന്നതല്ലേ...” അവൾ ഹാരിയെ പബ്ബിനുള്ളിലേക്ക് നയിച്ചു.

തുറസ്സായ നെരിപ്പോടിൽ വിറക് കഷണങ്ങൾ എരിയുന്നുണ്ടായിരുന്നു. മൊത്തം എട്ട് പേരുണ്ടായിരുന്നു അവിടെ. നാല്  പേർ ചീട്ട് കളിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ നെരിപ്പോടിനരികിലിരുന്ന് ന്യൂസ് പേപ്പർ വായിക്കുന്നു. മറ്റുള്ളവർ ബാറിൽ ഇരുന്നു ബിയർ കുടിക്കുന്നു.

“കമോൺ ജൂലീ... ഞങ്ങൾക്ക് വിശന്നിട്ട് വയ്യ...” അവരിലൊരുവൻ വിളിച്ചു പറഞ്ഞു.

“പേടിക്കണ്ട... ഞാൻ നേരത്തെ വന്നിരുന്നു ഇവിടെ... ഭക്ഷണമെല്ലാം അടുപ്പത്തുണ്ട്... പൊട്ടാറ്റോ പൈയും കാബേജ് പൈയും... സമാധാനമായോ...?”

ന്യൂസ് പേപ്പർ വായിച്ചു കൊണ്ടിരുന്നയാൾ വിളിച്ചു പറഞ്ഞു. “അവളെ അവളുടെ പാട്ടിന് വിട്ടേക്കൂ... അല്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്...” അതു കേട്ട് മറ്റുള്ളവർ ആർത്തു ചിരിച്ചു.

“അങ്ങനെ പറഞ്ഞു കൊടുക്കൂ സെക്ക്... അതാണതിന്റെ ശരി...” ചിരിച്ചു കൊണ്ട് അവരിലൊരുവൻ പറഞ്ഞു.

അവർ എല്ലാവരും തന്നെ ഹാരിയെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ജൂലി അദ്ദേഹത്തെ നെരിപ്പോടിനരികിലേക്ക് കൊണ്ടു പോയി. “ഇത് സെക്ക് ആക്‌ലന്റ്... ലൈഫ് ബോട്ടിന്റെ സ്രാങ്കാണ്...” അവൾ പരിചയപ്പെടുത്തി.

ഏതാണ്ട് മുപ്പത്തിയഞ്ച് വയസ്സ് മതിക്കുന്ന ആകർഷകമായ ഒരു വ്യക്തിത്വം. കടലിലെ വെയിലേറ്റ് കരുവാളിച്ചതാണെങ്കിലും ഊർജ്ജസ്വലമാണ് അയാളുടെ മുഖം. ബാല്യം മുതൽ കടലിനോട് മല്ലിട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കരുത്ത് അയാളിൽ ദൃശ്യമായിരുന്നു.

“വിങ്ങ് കമാൻഡർ ഹാരി കെൽസോ...” ജൂലി പരിചയപ്പെടുത്തി.

“ആഹ്... ഹരിക്കെയ്ൻ പൈലറ്റ്...” ഗ്രാനൈറ്റ് പോലെ തഴമ്പുള്ള തന്റെ കൈ നീട്ടിക്കൊണ്ട് സെക്ക് അദ്ദേഹത്തെ സ്വീകരിച്ചു. “മൈ ഗോഡ്... നിന്റെ യൂണിഫോമിൽ ഇല്ലാത്തതായി എന്തെങ്കിലും മെഡലുകൾ ഇനിയുണ്ടോ മകനേ...?”

“ലണ്ടനിലെ കാംഡെൻ മാർക്കറ്റിൽ നിന്നും വാങ്ങിയതാണ് ഇതെല്ലാം...” ചിരിച്ചു കൊണ്ട് ഹാരി പറഞ്ഞു.

“അതെയതെ... തീർച്ചയായും... ഒരു സംശയവുമില്ല...” ആ ക്രൂവിൽ ഉണ്ടായിരുന്നവർ എല്ലാം കൂടി ആർത്തു ചിരിച്ചു. തന്റെ ജംപ് ബാഗ് എടുത്ത് ശ്രദ്ധാപൂർവ്വം മേശപ്പുറത്ത് വച്ചിട്ട് ഹാരി ഇരുന്നു.

അത് ശ്രദ്ധിച്ച സെക്ക് ആകാംക്ഷാഭരിതനായി. “എന്തെങ്കിലും സ്പെഷൽ ആണോ അതിനകത്ത്...?”

“ആഹ്, ഒരു കരടി...” സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഹാരി പറഞ്ഞു.

എല്ലാവരുടെയും സംസാരം പൊടുന്നനെ നിലച്ചു. പിന്നെ അതിലൊരുവൻ പൊട്ടിച്ചിരിച്ചു. “കരടിയോ...?”

“ഓ, അതു ശരി... ഭാഗ്യവസ്തുവാണല്ലേ...?” സെക്ക് ചോദിച്ചു.

“ഇല്ല... അതിനുമപ്പുറം... ഒന്നാം ലോകമഹായുദ്ധകാലത്ത് എന്റെ പിതാവിനൊപ്പം അവൻ പറന്നിട്ടുണ്ട്... ഇപ്പോൾ എന്നോടൊപ്പം എല്ലാ മിഷനുകളിലും...”

ആരോ വീണ്ടും ഉറക്കെ ചിരിച്ചു. ബാറിന് പിന്നിൽ നിന്ന് രണ്ട് പൈന്റുമായി ജൂലി തിരികെയെത്തി. “ഞാൻ ഒരു നേവി ഉദ്യോഗസ്ഥനായിരുന്നു...” സെക്ക് പറഞ്ഞു. “ഇത്തരം ഭാഗ്യവസ്തുക്കൾക്ക് ടോർപ്പിഡോ ബോട്ടിൽ ഒരു സ്ഥാനവുമില്ല...”

മദ്യക്കുപ്പികൾ മേശപ്പുറത്ത് വച്ചിട്ട് ജൂലി അവരെ നോക്കി. “ഓർസിനിയെ മുക്കിയത് ഈ നിൽക്കുന്ന വിങ്ങ് കമാൻഡറാണ്...”

ആ ഹാൾ എമ്പാടും പൊടുന്നനെ നിശ്ശബ്ദമായി. അവരുടെ എല്ലാം കണ്ണുകൾ അപ്പോൾ ഹാരിയുടെ നേർക്കായിരുന്നു. “നീയാണോ അത് ചെയ്തത്...?” സെക്ക് ചോദിച്ചു.

“അതെ...”

“കുറേയേറെ നാവികർ അതോടൊപ്പം കടലിനടിത്തട്ടിലേക്ക് പോയി...”

“എഴുനൂറ്റി നാൽപ്പത്തിയെട്ട്...” മദ്യം രുചിച്ചു നോക്കിയിട്ട് ഹാരി പറഞ്ഞു. “ഇത് കൊള്ളാം കേട്ടോ... അല്ല, നിങ്ങളെന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നത്...? ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ...?”

“ഇവിടെ ഇരിക്കുന്നവർ എല്ലാം തന്നെ നാവികരാണ്... ഞങ്ങളിൽ ഏതാണ്ട് എല്ലാവരും തന്നെ നേവിയിൽ ജോലി നോക്കിയിട്ടുമുണ്ട്... നാവികർ എന്നാൽ നാവികർ തന്നെയാണ് വിങ്ങ് കമാൻഡർ... ഏത് രാജ്യക്കാരായാലും... അതാണതിന്റെ ശരി... ഞങ്ങളുടെയെല്ലാം ശത്രു ഒന്ന് മാത്രമായിരുന്നു... കടൽ...”

“യുദ്ധം... യുദ്ധം... ഹൊ... നശിച്ച ഈ യുദ്ധം...” ജൂലി പറഞ്ഞു.

“അതെ... അതാണ് കാര്യം... നിങ്ങളുടെ കുറ്റമല്ല വിങ്ങ് കമാൻഡർ... യുദ്ധമാണ് ഇതിനെല്ലാം കാരണക്കാരൻ... ആട്ടെ, ആ കപ്പൽ മുക്കുമ്പോഴും ഈ കരടി നിങ്ങളോടൊപ്പമുണ്ടായിരുന്നോ...?”

“ഓ, യെസ്...”

“എന്നാൽ അവനെയൊന്ന് കാണട്ടെ ഞങ്ങൾ...”

ബാഗ് തുറന്ന് ടർക്വിനെ പുറത്തെടുത്ത് ഹാരി ബാർ കൗണ്ടറിന് മുകളിൽ വച്ചു. ആരും ചിരിക്കുന്നുണ്ടായിരുന്നില്ല അപ്പോൾ. ഏതാനും നിമിഷനേരത്തെ മൗനം. പിന്നെ, ചുരുണ്ട മുടിയും താടിയുമുള്ള ബലിഷ്ഠകായനായ ഒരു നാവികൻ അവർക്ക് വേണ്ടി സംസാരിച്ചു.

“സുന്ദരൻ കരടിക്കുട്ടാ... നിന്നെപ്പോലെ ഒരുത്തനെ ഇതുവരെ ഞാൻ കണ്ടിട്ടില്ല...”

എല്ലാവരും ടർക്വിന് ചുറ്റും കൂടി. അവനെ കാണാനായി ജൂലിയും ബാർ കൗണ്ടറിനപ്പുറത്ത് നിന്നും എത്തി നോക്കി. “വാട്ട് എ ഡാർലിങ്ങ്... ഇവനെ കുറച്ച് നേരം ഇവിടെ ഇരുത്തിക്കൂടേ...?”

“തീർച്ചയായും...” ഹാരി പറഞ്ഞു. “പക്ഷേ, ഇന്ന് രാത്രിയിലെ യാത്രയുടെ സമയമാകുമ്പോഴേക്കും വിട്ടു തന്നേക്കണം...”

“ഇന്ന് രാത്രി നീ എവിടെയും പോകുന്നില്ല മകനേ...” സെക്ക് പറഞ്ഞു. “കാലാവസ്ഥ ഇനിയും മോശമാകുകയേയുള്ളൂ...”

“ഇത് കേട്ടാൽ മൺറോയ്ക്ക് അത്ര പിടിക്കുമെന്ന് തോന്നുന്നില്ലല്ലോ...” ഹാരി പറഞ്ഞു. ആ നിമിഷമാണ് വാതിൽ തുറന്ന് മൺറോയും മോളിയും ജാക്ക് കാർട്ടറും ഗ്രാന്റും കൂടി അകത്തേക്ക് പ്രവേശിച്ചത്.

“നല്ല മണം വരുന്നുണ്ടല്ലോ ജൂലീ, മൈ ലവ്...” മൺറോ പറഞ്ഞു. “ഭക്ഷണത്തിന്റെ കൃത്യ സമയത്ത് തന്നെ ഞങ്ങൾ എത്തിയല്ലേ...? വിഭവങ്ങളെല്ലാം എടുത്തോളൂ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

19 comments:

  1. ഓർക്കുന്നില്ലേ സെക്ക് ആക്‌ലന്റിനെയും ജൂലി ലെഗ്രാന്റിനെയും...? കഥാകൃത്ത് ജാക്ക് ഹിഗ്ഗിൻസും പത്നിയും കൂടി കോൾഡ് ഹാർബറിന് സമീപം കടലിൽ ക്രാഷ് ലാന്റ് ചെയ്തപ്പോൾ രക്ഷപെടുത്തിയ ലൈഫ്ബോട്ടിന്റെ സ്രാങ്ക് സെക്ക് ആക്‌ലന്റ് എന്ന വൃദ്ധനെ...? ഹാങ്ങ്ഡ് മാൻ എന്ന പബ്ബിന്റെ നടത്തിപ്പുകാരി ജൂലി ലെഗ്രാൻഡ് എന്ന മദ്ധ്യവയസ്സ് പിന്നിട്ട വനിതയെ...?

    അതേയിടത്ത് ഹാരിയും ഡോഗൽ മൺറോയും മോളിയും ജാക്ക് കാർട്ടറും എത്തുന്നു...

    ReplyDelete
  2. അപ്പോ അങ്ങനെ ആണ് അവർക്ക് ടർ ക്വിൻ നേ അറിയുന്നത്

    ReplyDelete
    Replies
    1. അതെ... നോക്കൂ, ജാക്ക് ഹിഗ്ഗിൻസ് എങ്ങനെ കഥ കണക്റ്റ് ചെയ്യുന്നു എന്ന്...

      Delete
  3. ഇതും മുഴുവൻ തർജ്ജമ കഴിഞ്ഞാൽ ഫേസ്ബുക്ക് ല് തുടരൻ ആക്കണം

    ReplyDelete
    Replies
    1. തീർച്ചയായും സുചിത്രാജീ...

      Delete
  4. വല്ലാത്തൊരു ക്രാഫ്റ്റ് തന്നെ! അവിടെയുമിവിടെയുമായി നിന്നവർ എല്ലാവരും ഒരിടെത്തെത്തുന്നു...

    ReplyDelete
    Replies
    1. അതെ... ഇവർ എത്തിയത് രണ്ടാം ലോകമഹായുദ്ധ കാലത്ത്... ജാക്ക് ഹിഗ്ഗിൻസും പത്നിയും എത്തുന്നത് ദശകങ്ങൾക്ക് ശേഷവും...

      Delete
  5. എല്ലാവരും ഒരേയിടത്ത്‌ എത്തി. ഇതുപോലെ കണക്റ്റ്‌ ചെയ്യുമ്പോൾ കഥ രസകരമാവുന്നു.

    ReplyDelete
    Replies
    1. സന്തോഷായി സുകന്യാജീ... ഇവരെയൊക്കെ മറന്നു പോയിരിക്കുമോ എന്ന ആധിയുണ്ടായിരുന്നു...

      Delete
  6. “യെല്ലാവരും കൂടെ ജോയന്റായ സ്ഥിതിക്ക് ഒരു സെല്പികളൊക്കെ എടുത്താട്ടെ..” (രാജമാണിക്യം)

    വനിതാരത്നങ്ങളൊക്കെ നേരത്തെ കാലത്തെ വന്ന് ഹാജർ വച്ചല്ലോ!!

    ReplyDelete
    Replies
    1. സെല്പിയെടുക്കാം നമുക്ക്... ഭക്ഷണം ഒന്ന് കഴിഞ്ഞോട്ടെ...

      കുറച്ച് നാളുകളായി വനിതാരത്നങ്ങൾക്കേ വായനയിൽ ശുഷ്കാന്തിയുള്ളൂ.. :)

      Delete
  7. നല്ലൊരു ഒത്തു ചേരൽ...

    കാലാവസ്‌ഥ മോശമായത് കാരണം ഫുഡ് അസ്വദിയ്ക്കാൻ സമയം കിട്ടിയല്ലോ...

    ഒരു പ്ളേറ്റ് ഇങ്ങോട്ടും കൂടെ...

    ReplyDelete
    Replies
    1. പൊട്ടറ്റോ പൈയും കാബേജ് പൈയും... ആർക്ക് വേണം.. വല്ല പൊറോട്ടയും ബീഫും ആയിരുന്നേൽ ഞാനും വരായിരുന്നു...

      Delete
  8. waiting for അടുത്ത ഭാഗം...
    നാനാഭാഗത്തും ഉള്ളവർ ഒത്തുചേർന്നല്ലേ?
    ഇഷ്ടം

    ReplyDelete
    Replies
    1. സംഭവ ബഹുലമാണ് ഇനിയുള്ള ലക്കങ്ങൾ...

      Delete
  9. ഭാവി പ്രവചനം ഇവിടെയും ഉണ്ടോ?

    ReplyDelete
    Replies
    1. ഇൽസ് ഹബ്ബർ പണ്ട് കേണൽ കുർട്ട് സ്റ്റെയ്നറുടെ ഭാവി പ്രവചിച്ചത് പോലെ അല്ലേ...?

      Delete
  10. പഴയ കഥാപാത്രങ്ങൾ ,
    പുതു  കഥാപാത്രങ്ങളുമായി കൂട്ടിമുട്ടുന്നു .
    ഇവിടെ നിന്നും എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല ...!
    മ് ...ടെ ജാക്കേട്ടനല്ലേ ... മോൻ ...! !

    ReplyDelete
  11. മുരളിഭായിയാണ് യഥാർത്ഥ ചാരൻ... ഇവിടെ നിന്നാണ് ത്രസിപ്പിക്കുന്ന രംഗങ്ങൾ ആരംഭിക്കാൻ പോകുന്നത്...

    ReplyDelete