Saturday, December 28, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 45


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ക്രോയ്ഡണിൽ കനത്ത മൂടൽമഞ്ഞാണ്. ഒട്ടും രുചികരമല്ലാത്ത കോഫിയും നുകർന്നു കൊണ്ട് ഇടമുറിയാതെ പെയ്യുന്ന മഴയെ നോക്കി, തനിക്ക് അനുവദിച്ച് തന്ന താൽക്കാലിക ടെന്റിൽ ആബെ കെൽസോ ഇരുന്നു. അല്പം അകലെ ഏപ്രണിൽ കിടക്കുന്ന ലൈസാൻഡർ വിമാനത്തിന് സമീപം രണ്ട് മെക്കാനിക്കുകൾ കാര്യമായി എന്തൊക്കെയോ ജോലികൾ  ചെയ്തുകൊണ്ടിരിക്കുന്നു. റെയ്‌ൻകോട്ടും ബൂട്ട്സും ധരിച്ച് കുടയും ചൂടി നിൽക്കുന്ന ഹാരി ഇടയ്ക്കിടെ അവർക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

എയർസ്ട്രിപ്പിലേക്ക് ഓടിയെത്തുന്ന സ്റ്റാഫ് കാർ ശ്രദ്ധയിൽപ്പെട്ട ഹാരി അങ്ങോട്ട് നോക്കി. അവർക്കരികിൽ വന്നു നിന്ന കാറിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവർ, ജനറൽ ഐസൻ‌ഹോവറിന് പിൻസീറ്റിന്റെ ഡോർ തുറന്നു കൊടുത്തു. മറുവശത്തു നിന്നും പുറത്തിറങ്ങിയ ചെറുപ്പക്കാരനായ  ഒരു മേജർ ഓടി അദ്ദേഹത്തിനരികിൽ വന്നു. ഹാരി തന്റെ കുടയുമായി കാറിനരികിലേക്ക് ചെന്നു.

“വെൽ... താങ്ക് യൂ സൺ...” ഹാരിയോടൊപ്പം ആബെയുടെ ടെന്റിലേക്ക് നടക്കവെ ജനറൽ ഐസൻഹോവർ പറഞ്ഞു.

“ഗുഡ് മോണിങ്ങ് ആബെ... കോഫിയാണോ അത്...?” കപ്പിലേക്ക് നോക്കി ഐസൻഹോവർ ചോദിച്ചു.

“അതെ... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശം... എങ്കിലും ചൂടുണ്ട്...”

“എന്നാൽ കുറച്ച് ആയിക്കോട്ടെ...” ഒരു സെർജന്റ് നീട്ടിയ കപ്പ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇത് എന്റെ ഒരു സഹായിയാണ്... മേജർ ഹിൽ...” ഒപ്പമുണ്ടായിരുന്ന യുവാവിനെ അദ്ദേഹം പരിചയപ്പെടുത്തി.

പൈലറ്റ്സ് വിങ്ങ്സും DFC, പർപ്പിൾ ഹാർട്ട് എന്നീ മെഡലുകളും അയാളുടെ യൂണിഫോമിൽ ഉണ്ടായിരുന്നു. “പരിചയപ്പെടാനായതിൽ സന്തോഷം, സെനറ്റർ...”

“ഇന്നിനി എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ നമ്മൾ...?” ഐസൻഹോവർ പുറത്തെ മൂടൽമഞ്ഞിലേക്കും മഴയിലേക്കും സംശയത്തോടെ നോക്കി. “എന്തു പറയുന്നു മേജർ...?”

“ഉറപ്പില്ല ജനറൽ... പൈലറ്റിനോട് ചോദിച്ചു നോക്കട്ടെ...” ഹിൽ പറഞ്ഞു.

ആ സമയത്താണ് മാപ്പ് റൂമിൽ നിന്നും ഹാരി പുറത്തേക്ക് വന്നത്. “എന്ത് പറയുന്നു...? നമുക്ക് പറക്കാൻ സാധിക്കുമോ...? ഒരു കംപ്ലീറ്റ് വൈപ്പ് ഔട്ട് ആയിട്ടാണ് എനിക്ക് തോന്നുന്നത്...” ഹിൽ പറഞ്ഞു.

ഹാരി പുറത്തേക്ക് എത്തി നോക്കി. “നോ പ്രോബ്ലം... ടേക്ക് ഓഫിന്റെ സമയത്ത് മൂടൽമഞ്ഞ് ഒരു പ്രശ്നമേയല്ല മേജർ... താങ്കൾക്ക് അത് അറിയേണ്ടതാണല്ലോ...”

ആ പ്രസ്താവന മേജർ ഹില്ലിന് അത്ര പിടിച്ചില്ല. “ലിസൺ... സുപ്രീം കമാൻഡർ ആണ് ഇവിടെ യാത്രക്കാരൻ... നിങ്ങൾ ഒരു ട്രാൻസ്പോർട്ട് ഡ്രൈവർ മാത്രം... അദ്ദേഹത്തിന്റെ മുന്നിൽ വലിയ ആളാകാനാണ് നിങ്ങളുടെ ശ്രമമെങ്കിൽ എനിക്കത് അനുവദിക്കാനാവില്ല...”

“വെൽ... നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചല്ലേ പറ്റൂ മേജർ... പിന്നെ, കുറേക്കൂടി മാന്യമായ ഭാഷ ഉപയോഗിക്കുന്നത് നന്നായിരിക്കും... റാങ്ക് വച്ച് നോക്കിയാൽ നിങ്ങളുടെ മുകളിലാണ് ഞാൻ...” ഹാരി പറഞ്ഞു.

റെയ്‌ൻകോട്ട് ഊരി മാറ്റിയ ശേഷം ഹാങ്കറിൽ നിന്നും ഹാരി തന്റെ ഫ്ലൈയിങ്ങ് ജാക്കറ്റ് എടുത്തു. ഐസൻഹോവറുടെ ശ്രദ്ധ അവരുടെ നേർക്ക് തിരിഞ്ഞു. ഹാരിയുടെ യൂണിഫോമിലെ മെഡലുകളും ഷോൾഡർ ടാബ്സും കണ്ട ഹിൽ ശ്വാസതടസ്സം വന്നത് പോലെ വിക്കി വിക്കി പറഞ്ഞു. “അയാം സോറി വിങ്ങ് കമാൻഡർ... എനിക്ക്  മനസ്സിലായില്ലായിരുന്നു...”

“ഇപ്പോൾ മനസ്സിലായല്ലോ...”

ഹാരി തന്റെ ഫ്ലൈയിങ്ങ് ജാക്കറ്റ് അണിയവെ ജനറൽ ഐസൻഹോവർ ചോദിച്ചു. “നിങ്ങൾ അമേരിക്കക്കാരനാണോ...?”

“ഹാരി കെൽസോ, സർ...”

ഹസ്തദാനത്തിനായി ഐസൻഹോവർ കൈ നീട്ടി. “അങ്ങനെ ഒടുവിൽ നാം കണ്ടുമുട്ടി അല്ലേ വിങ്ങ് കമാൻഡർ...? ഇതൊരു ബഹുമതി തന്നെയാണെനിക്ക്...” അദ്ദേഹം മേജർ ഹില്ലിന് നേർക്ക് തിരിഞ്ഞു. “ഹാരിയെ അറിയില്ലേ...? സെനറ്റർ കെൽസോയുടെ പൗത്രനാണ്...”

ആശ്ചര്യത്താൽ അയാളുടെ വായ് തുറന്നു പോയി. ഒരേ ഫീൽഡിലുള്ളവർ ഹാരി കെൽസോയെ പരിചയപ്പെടുമ്പോൾ സ്വാഭാവികമായും അവരുടെ മുഖത്ത് കാണാറുള്ള ഭാവം...

“താങ്കൾ ബാറ്റ്‌ൽ ഓഫ് ബ്രിട്ടണിൽ ഉണ്ടായിരുന്നു... ഓർസിനിയെ മുക്കിയത് താങ്കളല്ലേ...?” ഹില്ലിന് അത്ഭുതം അടക്കാനായില്ല.

“അതെല്ലാം ജോലിയുടെ ഭാഗം മാത്രം, മേജർ...” ഹാരി ഐസൻഹോവറിന് നേർക്ക്  തിരിഞ്ഞു. “കനത്ത മഴയുണ്ട്... അതൊഴിച്ചാൽ സൗത്ത്‌വിക്ക് ഹൗസ് പ്രദേശത്ത് എല്ലാം ക്ലിയർ ആണ്... മഴയുണ്ടെങ്കിലും ഏതാണ്ട് നാല്പത് മിനിറ്റ് കൊണ്ട് താങ്കളെ അവിടെയെത്തിക്കാൻ എനിക്കാവും...”

“ദാറ്റ്സ് ഫൈൻ ബൈ മീ...” ജനറൽ ഐസൻഹോവർ പറഞ്ഞു.

അത്ര സുഗമമായ ഒരു യാത്രയായിരുന്നില്ല അത്. കനത്ത മഴത്തുള്ളികൾ ക്യാനോപ്പിയുടെ മുകളിൽ ചരൽക്കല്ലുകൾ പോലെ പതിച്ച് ശബ്ദമുണ്ടാക്കി. പലപ്പോഴും രൂക്ഷമായ എയർപോക്കറ്റുകളിൽ പെട്ട് താഴോട്ട് ഇറങ്ങിയും ഉയർന്നും ദുർഘടമായ യാത്ര. എന്നാൽ പോർട്ട്സ്മൗത്ത് കഴിഞ്ഞതോടെ മഴയ്ക്ക് ശമനമുണ്ടായി. ഹാരി പറഞ്ഞത് പോലെ കൃത്യസമയത്ത് തന്നെ സൗത്ത്‌വിക്ക് എയർസ്ട്രിപ്പിൽ സുരക്ഷിതമായി അവർ ലാന്റ് ചെയ്തു. അവരെ കാത്ത് ഒരു സ്റ്റാഫ് കാർ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.

കാറിന് നേർക്ക് നടക്കവെ ഐസൻഹോവർ ഹാരിയോട് ചോദിച്ചു. “നാലു മണിക്ക് തിരിച്ച് പോകാൻ എന്തെങ്കിലും അസൗകര്യമുണ്ടോ വിങ്ങ് കമാൻഡർ...?”

“നോട്ട് അറ്റ് ഓൾ... എൻജിൻ പരിശോധിക്കാൻ അവർ ക്രൂവിനെ നിയോഗിച്ചു കഴിഞ്ഞു. പിന്നെ ഇന്ധനം നിറയ്ക്കുവാനുള്ള ഏർപ്പാടും ചെയ്തിട്ടുണ്ട്... നമുക്കതിന്റെ ആവശ്യമില്ലെങ്കിൽക്കൂടി... എങ്കിലും ഒരു മുൻകരുതൽ നല്ലതാണല്ലോ ജനറൽ... ഞാൻ ഇവിടെത്തന്നെയുണ്ടാകും...”

“ഇല്ല... നിങ്ങൾ ഇവിടെ നിൽക്കുന്നില്ല... ഞങ്ങളോടൊപ്പം സൗത്ത്‌വിക്ക് ഹൗസിലേക്ക് വരൂ...” ഐസൻഹോവർ സ്റ്റാഫ് കാറിലേക്ക് കയറി.

പത്തൊമ്പതാം നൂറ്റാണ്ടിലെ നിർമ്മിതിയായിരുന്നു സൗത്ത്‌വിക്ക് ഫോർട്ട്. നിരവധി ടണലുകളുള്ള ആ കോട്ട ഓവർലോർഡിലെ കംബൈൻഡ് അണ്ടർഗ്രൗണ്ട് ഓപ്പറേഷൻസ് ഹെഡ്ക്വാർട്ടേഴ്സ് ആയി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. അധികം വൈകാതെ നടക്കാൻ പോകുന്ന യൂറോപ്യൻ അധിനിവേശത്തെക്കുറിച്ചുള്ള എല്ലാ സന്ദേശങ്ങളും ഇതു വഴിയാണ് കടന്നു പോകുന്നത്. നേവൽ പ്ലോട്ടിങ്ങ് റൂം ആണ് അതിന്റെ ഹൃദയം എന്ന് പറയാം. രണ്ടാം ലോക മഹായുദ്ധകാലത്തെ ഏറ്റവും വലിയ രഹസ്യ സങ്കേതമായിരുന്നു സൗത്ത്‌വിക്ക് ഹൗസ്.

ഓവർലോർഡിലെ ഹെഡ്‌ക്വാർട്ടേഴ്സ് ആയി സൗത്ത്‌വിക്ക് ഹൗസിനെ തെരഞ്ഞെടുക്കുവാനുണ്ടായ കാരണം കോട്ടയുമായി വളരെ അടുത്താണ് അത് സ്ഥിതി ചെയ്യുന്നത് എന്നതായിരുന്നു. ഗ്രൗണ്ടിൽ ഏതാണ്ട് മുഴുവനായും ടെന്റുകളും കാരവനുകളും നിറഞ്ഞിരിക്കുന്നു. അത്രയധികം സൈനിക ഉദ്യോഗസ്ഥർ അവിടെ തങ്ങുന്നു എന്നത് തന്നെയായിരുന്നു കാരണം. മോൺഗോമറിയ്ക്കും ഒരു കാരവൻ ഉണ്ടായിരുന്നുവെങ്കിലും അന്നേ ദിവസം അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. പിറ്റിമൂർ ലെയ്നിനോട് ചേർന്നായിരുന്നു ഐസൻഹോവറിന് വേണ്ടിയുള്ള വളരെ വലിയ ആ കാരവൻ. കമ്മ്യൂണിക്കേഷൻ റൂം, സിറ്റിങ്ങ് റൂം, ബെഡ്റൂം, ബാത്ത്‌ റൂം എന്നിങ്ങനെ സർവ്വസൗകര്യങ്ങളും ഉള്ള ഒരു കാരവൻ.

ഐസൻഹോവർ ആബെയോട് പറഞ്ഞു. “ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്...” അദ്ദേഹം ഹില്ലിന് നേർക്ക് തിരിഞ്ഞു. “വിങ്ങ് കമാൻഡറെയും കൂട്ടി ഒന്ന് നടന്നിട്ട് വരൂ... എല്ലായിടങ്ങളും കൊണ്ടു നടന്ന് കാണിക്കൂ... ഉച്ചഭക്ഷണ സമയത്ത് വീണ്ടും കാണാം നമുക്ക്... ഏതാണ്ട് ഒരു  മണിയോടെ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

20 comments:

  1. എന്താവുമോ ചർച്ച ... ഇത്തവണ ആദ്യവായനക്കാരിയായി .
    ആശംസകൾ

    ReplyDelete
    Replies
    1. ചർച്ച കാര്യമായിത്തന്നെ നടക്കുന്നു... കാത്തിരിക്കാം നമുക്ക്...

      Delete
  2. നടക്കാൻ കൊണ്ടു പോകലും ചർച്ചയും... എന്തിനാണാവോ?

    ReplyDelete
    Replies
    1. ഹാരിയുടെ ട്രാൻസ്ഫർ തന്നെ വിഷയം...

      Delete
  3. ഹാരി യേ പോലെ ഒരു വിംഗ് Commander ullappo പറക്കാൻ എന്തിന് പേടിക്കണം?

    ReplyDelete
  4. ഹാരിയുടെ കാര്യത്തിൽ തീരുമാനമാകുമോ? ചർച്ച എന്തായോ എന്തോ..

    ReplyDelete
    Replies
    1. ഹാരിയെ ട്രാൻസ്ഫർ ചെയ്യാതിരിക്കാൻ ബ്രിഗേഡിയർ ഡോഗൽ മൺറോ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്...

      Delete
  5. ഹാരിയെ മുൻ വിധിയോടെ കണ്ടത്‌ അബദ്ധം പിണഞ്ഞ്‌ മേജർ ഹിൽ

    ReplyDelete
    Replies
    1. അതെ... ചമ്മിപ്പോയി അങ്ങേര്...

      Delete

  6. പലപ്പോഴും രൂക്ഷമായ എയർപോക്കറ്റുകളിൽ പെട്ട് താഴോട്ട് ഇറങ്ങിയും ഉയർന്നും ദുർഘടമായ യാത്ര. എന്നാൽ പോർട്ട്സ്മൗത്ത് കഴിഞ്ഞതോടെ മഴയ്ക്ക് ശമനമുണ്ടായി. ഹാരി പറഞ്ഞത് പോലെ കൃത്യസമയത്ത് തന്നെ സൗത്ത്‌വിക്ക് എയർസ്ട്രിപ്പിൽ സുരക്ഷിതമായി അവർ ലാന്റ് ചെയ്തു!!
    ഹായ്...
    നാട്ടിലെ ബസ്സ് യാത്രപോലും ഇത്ര ലളിതമായി തോന്നില്ല..

    ReplyDelete
    Replies
    1. അത് കലക്കി മുഹമ്മദ്ക്കാ...

      Delete
  7. മുൻപ് വായിച്ചതായിരുന്നു. എവിടെയോ വെച്ച് നിർത്തിയപ്പോൾ ഫ്ലോ പോയി. ഇനി ഫസ്റ്റ് മുതൽ വീണ്ടും തുടങ്ങിയാലേ ഫ്ലോ കിട്ടുള്ളു. ഫസ്റ്റ് മുതൽ വായിച്ച് വന്ന് ബാക്കി പറയാട്ടോ വിനുവേട്ട.

    ReplyDelete
  8. രണ്ടാം ലോക മഹായുദ്ധകാലത്തെ
    ഏറ്റവും വലിയ രഹസ്യ സങ്കേതമായിരുന്നു
    സൗത്ത്‌വിക്ക് ഹൗസ്. യുദ്ധതന്ത്രജ്ഞർ ഇവിടെയിരുന്നുകൊണ്ടാണ്  യുദ്ധത്തിന്റെ ഓരോ പ്ലാനുകളും തയ്യാറാക്കിയിരുന്നത് ...!

    ReplyDelete
    Replies
    1. അതെ... എന്തെല്ലാം തന്ത്രങ്ങൾ അവിടെ ഉരുത്തിരിഞ്ഞു...!

      Delete
  9. ഹാരിയെ എങ്ങോട്ട് ട്രാൻസ്ഫർ ചെയ്യുന്ന കാര്യമാണ്?

    ReplyDelete
    Replies
    1. അമേരിക്കൻ എയർഫോഴ്സിലേക്ക്... ഇതിനാണ് പറയുന്നത് സ്ഥിരമായി ക്ലാസിൽ വരണമെന്ന്... :)

      Delete
    2. രണ്ടുമൂന്നു ക്ലാസ്സുകളിൽ വന്നില്ലായിരുന്നു സർ.

      ഇന്നാ ലീവ് ലെറ്റർ. ക്ലാസിൽ കേറിക്കോട്ടെ !!!!😜

      Delete