Sunday, April 7, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 23


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ബോംബിങ്ങിനെ തുടർന്ന് പുകപടലങ്ങൾ നിറഞ്ഞ് നിൽക്കുന്ന അന്തരീക്ഷം. നഗരവീഥിയിലൂടെ ഹാരിയും മോളിയും നടക്കവെ മഴ എത്തിയത് പെട്ടെന്നായിരുന്നു. മോളി തന്റെ കൈയിൽ കരുതിയിരുന്ന കുട നിവർത്തി.

ശരിക്കും നിങ്ങൾ കഷ്ടപ്പെടുന്നുണ്ടായിരിക്കും അല്ലേ...?” ഹാരി ചോദിച്ചു. “ആയിരക്കണക്കിന് ആളുകളല്ലേ കൊല്ലപ്പെടുന്നത്... ബോംബിങ്ങും നാശനഷ്ടങ്ങളും... നിങ്ങളുടെ ഹോസ്പിറ്റൽ നിറഞ്ഞ് കവിഞ്ഞിരിക്കുമല്ലോ ഇതിനോടകം...”

ശരിയാണ്... മിക്കവാറും എല്ലാ രാത്രികളും ദുരിതപൂർണ്ണം തന്നെ... എങ്കിലും ഞങ്ങൾ മാനേജ് ചെയ്യുന്നു... ഇവിടുത്തെ ജനങ്ങളെ സമ്മതിക്കണം... ‘ലണ്ടൻ പ്രൈഡ്എന്നല്ലേ നോയൽ കൊവാർഡ് തന്റെ ഒരു ഗാനത്തിൽ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്...”

നിന്റെ പിതാവ്... വാർ ഡിപ്പാർട്ട്മെന്റിൽ ഒരു കേണൽ ആയിരുന്നുവെന്നാണ് മൺറോ എന്നോട് പറഞ്ഞത്...” ഹാരി പറഞ്ഞു.

ശരിയാണ്... നിങ്ങളെപ്പോലെ ഒരു വൈമാനികനായിരുന്നു... ബോംബർ വിമാനത്തിൽ...”

നിന്റെ അമ്മ രണ്ട് മാസം മുമ്പുണ്ടായ ജർമ്മൻ ബോംബിങ്ങിൽ കൊല്ലപ്പെട്ടു... വല്ലാത്തൊരു ദുരന്തം തന്നെ...”

ങ്ഹും... ഒന്ന് കരയാൻ പോലും എനിക്ക് സമയം കിട്ടിയില്ല എന്ന് പറയുന്നതായിരിക്കും ശരി... കാഷ്വാലിറ്റി ഡിപ്പാർട്ട്മെന്റിൽ തിരക്കൊഴിഞ്ഞിട്ട് നേരമില്ലായിരുന്നു...” അവൾ പറഞ്ഞു.

നടന്ന് നടന്ന് നദീ തീരത്ത് എത്തിയിരുന്നു അവർ. ഇരുദിശകളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടുകൾ... മഴ ശക്തിയാർജ്ജിച്ചതും അടുത്തു കണ്ട ഒരു ഷെഡ്ഡിലേക്ക് ഇരുവരും കയറി നിന്നു. ഹാരി, കോട്ടിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് പുറത്തെടുത്തു.

സിഗരറ്റ് വലിക്കുന്ന ശീലമുണ്ടോ...?” ഹാരി അവളോട് ചോദിച്ചു.

അത്ര വലിയ താല്പര്യമൊന്നുമില്ല... എന്നാലും...” പാക്കറ്റിൽ നിന്ന് അവൾ വലിച്ചെടുത്ത സിഗരറ്റിന് ഹാരി തീ കൊളുത്തിക്കൊടുത്തു. “അതിരിക്കട്ടെ, ലുഫ്ത്‌വാഫിലുള്ള നിങ്ങളുടെ ആ സഹോദരനെക്കുറിച്ച് പറയൂ...” അവിടെ കണ്ട ബെഞ്ചിൽ ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.

എന്റെ ഇരട്ട സഹോദരൻ... മാക്സ്... ഞങ്ങളുടെ പിതാവ് ഒരു അമേരിക്കക്കാരനായിരുന്നു... വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞു... അല്ല, നിങ്ങളുടെ അമ്മാവൻ മൺറോ എന്റെ അമ്മ ദി ബാരണെസ്സ് വോൺ ഹാൾഡറിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പറഞ്ഞു തന്ന് കാണണമല്ലോ...”

ഉവ്വ്... നിങ്ങളുടെ സഹോദരൻ ബാരണെക്കുറിച്ചും...”

അതെ... ദി ബ്ലാക്ക് ബാരൺ... മാക്സ് ശരിക്കും ഒരു യോദ്ധാവ് തന്നെയാണ്...” ഹാരി പറഞ്ഞു.    

നിങ്ങളെന്താ മോശമാണോ...? അതേ കഴിവുകളും യോഗ്യതകളും തന്നെയല്ലേ നിങ്ങൾക്കുമുള്ളത്...? എന്നിട്ടും ഇവിടെ ഇങ്ങനെ കഴിയുന്നതിൽ വിഷമമില്ലേ നിങ്ങൾക്ക്...? ”

എന്തിന്, മാക്സ് അവിടെയും ഞാൻ ഇവിടെയും കഴിയുന്നതിനോ...? എല്ലാം ഒരുപോലെ തന്നെ... ഒരു പത്ത് മിനിറ്റ് നേരത്തെയാണ് ജനിച്ചിരുന്നതെങ്കിൽ ഞാൻ ഇപ്പോൾ അവിടെയായേനെ... അവൻ ഇവിടെയും...”

അല്ല... ഒരിക്കലും ഒരുപോലെ ആവില്ല... നിങ്ങളുടെ സഹോദരൻ ജർമ്മനിയിലാണ് വളർന്നത്... അമേരിക്കയിൽ വളരാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല, പക്ഷേ, നിങ്ങൾക്കത് ലഭിച്ചു... നിങ്ങളൊരു അമേരിക്കക്കാരനാണ്... പക്ഷേ, ഇവിടെ ജീവിക്കുവാൻ നിങ്ങൾ തീരുമാനിച്ചു... അതിൽ വ്യത്യാസമുണ്ട്...”

എന്നെ മഹത്വവത്ക്കരിക്കാൻ നിൽക്കല്ലേ... ഞാനൊരു വൈമാനികൻ മാത്രമാണ്... അതെന്റെ തൊഴിൽ... ഫിൻലണ്ടിന് വേണ്ടി ഞാൻ പൊരുതിയിട്ടുണ്ട്... ഇപ്പോൾ ബ്രിട്ടന് വേണ്ടിയും... നോക്കൂ.... ലുഫ്ത്‌വാഫിലുള്ള വൈമാനികരിൽ ഭൂരിഭാഗവും ഫെയർലി ഫീൽഡിൽ എന്റെ സ്ക്വാഡ്രണിലുള്ള ആ ചെറുപ്പക്കാരെപ്പോലെ തന്നെയാണ്... ഫ്ലൈയേഴ്സ് ആർ ഫ്ലൈയേഴ്സ്...” അദ്ദേഹം എഴുന്നേറ്റു. “എനി വേ... വരൂ, നമുക്ക് പോകാം.... ഐ ലൈക്ക് വാക്കിങ്ങ് ഇൻ ദി റെയ്‌ൻ...”

അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. “യൂ ലുക്ക് ടയേഡ്...”

ടയേഡ്...?” ഹാരി പൊട്ടിച്ചിരിച്ചു. “അയാം എക്സ്‌ഹോസ്റ്റഡ്... ന്നോർത്താൽ നമ്മൾ എല്ലാം അതേ അവസ്ഥയിൽ തന്നെയല്ലേ...? അവശേഷിച്ചിരിക്കുന്നവർ എല്ലാം തന്നെ...?”

നിങ്ങളുടെ സേനയിലെ മരണ നിരക്ക് എത്രയാണ്...?”

ഫൈറ്റർ കമാൻഡ് മൊത്തമായി നോക്കിയാൽ അമ്പത് ശതമാനം... പിന്നെ എന്റെ സ്ക്വാഡ്രൺ... തുടക്കത്തിൽ ഉണ്ടായിരുന്നവരിൽ ഞാൻ മാത്രമേ ഇപ്പോൾ ജീവനോടെ അവശേഷിക്കുന്നുള്ളൂ... നിങ്ങളൊരു പ്രേതത്തിന്റെ കൂടെയാണ് ഇപ്പോൾ നടക്കുന്നത് ഡോക്ടർ... അതാ, അവിടെ ആ റോഡിനപ്പുറം ഒരു പബ്ബ് ഉണ്ട്... ബോംബിങ്ങ് കാരണം അവരുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് കേട്ടത്... വരൂ, നമുക്ക് അല്പം ഡ്രിങ്ക്സ് ആയാലോ...?”

സ്കോച്ച് ഒന്നും ഉണ്ടാവാൻ സാദ്ധ്യതയില്ല...” അവൾ പറഞ്ഞു.

കിട്ടുന്നത് എന്താണെന്ന് വച്ചാൽ അത് കഴിക്കാം...” ഒന്ന് പുഞ്ചിരിച്ചിട്ട് അവളുടെ കൈ പിടിച്ച് അദ്ദേഹം റോഡിന് മറുവശത്തേക്ക് ഓടി.

ഉച്ച തിരിഞ്ഞ് അവർ വീണ്ടും നടക്കുവാനിറങ്ങി. വെസ്റ്റ് എൻഡിൽ ബോംബിങ്ങ് വരുത്തിയ നാശനഷ്ടങ്ങൾ അവർ നോക്കിക്കണ്ടു. പിന്നെയും പലയിടങ്ങളിലുമായി ചുറ്റിക്കറങ്ങിയതിന് ശേഷം ഹേസ്റ്റൻ പ്ലേസിൽ എത്തിയപ്പോൾ സായഹ്നമായിരുന്നു. മദ്ധ്യത്തിൽ പൂന്തോട്ടമൊക്കെയുള്ള മനോഹരമായ ഒരു ചത്വരം.

നൈസ്...” ഹാരി പറഞ്ഞു. “മൺറോ എന്നോട് പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ എന്ന്...”

ശരിയാണ്... ബേക്കർ സ്ട്രീറ്റിലെ SOE ഓഫീസിൽ നിന്നും...”

  SOE എന്ന് വച്ചാൽ... എന്താണവരുടെ ജോലി...?”

സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ്... ഒരു തരം ഇന്റലിജൻസ് യൂണിറ്റ്...”

ജോർജ്ജിയൻ രീതിയിലുള്ള നിർമ്മിതിയായിരുന്നു ആ കെട്ടിടത്തിന്റേത്. വിശാലമായ ഫ്ലാറ്റ്. സിറ്റിങ്ങ് റൂമിൽ ഒരറ്റത്തായി വലിയൊരു നെരിപ്പോട്. ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കളിൽ അധികവും ഈജിപ്തിൽ നിന്നുള്ളവയായിരുന്നു.

നിന്റെ അമ്മാവൻ ഒരു ആർക്കിയോളജിസ്റ്റ് ആയിരുന്നെന്ന് തോന്നുന്നു...?”

കൃത്യമായി പറഞ്ഞാൽ ഒരു ഈജിപ്റ്റോളജിസ്റ്റ്... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം...” വിസ്കി ബോട്ട്‌ൽ എടുത്ത് അവൾ രണ്ട് ഗ്ലാസുകളിലേക്ക് പകർന്നു. “എനിക്ക് ആ ചെറുത് മതി... ഇന്ന് അവധിയാണെങ്കിലും ആവശ്യം വന്നാൽ എപ്പോൾ വേണമെങ്കിലും ഡ്യൂട്ടിക്ക് ചെല്ലണമെന്നാണ്...”അവൾ ചിയേഴ്സ് പറഞ്ഞു. “എന്തായാലും ഒരു കാര്യം ഞാൻ പറയാം... നിങ്ങളുടെ സഹോദരൻ ഒരു വീരയോദ്ധാവാണെന്നല്ലേ പറഞ്ഞത്...? നിങ്ങളും അങ്ങനെ തന്നെയാണല്ലോ... മാത്രവുമല്ല, എന്നെ പോലെ പാതി അമേരിക്കനും... അയാം ഡാംൻ പ്രൗഡ് ഓഫ് യൂ...”

അവൾ ഗ്ലാസ് കാലിയാക്കി. അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഗ്ലാസ് താഴെ വച്ചിട്ട് ഹാരി ഇരുകൈകളും അവളുടെ ചുമലിൽ വച്ചു. “മോളീ, മൈ ലവ്... നോക്കൂ, നിന്നെ പൊതിഞ്ഞിരിക്കുന്ന ആ ചിപ്പിയുണ്ടല്ലോ... അതാണ് നിന്നെ നീ ആക്കി നിർത്തുന്നത്... അത് ഉടയാൻ അനുവദിക്കരുത്... ഓരോ ദിനവും മരണത്തിന്റേതാണ്... നിന്റെ അമ്മയെയും അത് കൊണ്ടുപോയി... നരകത്തിൽ പോയി തിരികെയെത്തിയവളാണ് നീ...”

ഇപ്പോഴും നരകത്തിൽ തന്നെയാണ് ഞാൻ...”

ഒരിക്കലുമല്ല...ഒരു സൈനികന്റെ മകളാണ് നീ... എ റിയൽ ട്രൂപ്പർ... നിനക്ക് ഇനിയും ജീവിക്കാനുള്ളതാണ്... എന്നെയോർത്ത് പാഴാക്കാനുള്ളതല്ല നിന്റെ ജീവിതം... ഒരിക്കലും ഇവിടെയുണ്ടാവേണ്ടവനല്ല ഞാൻ...”

ദാറ്റ്സ് എ ടെറിബ്‌ൾ തിങ്ങ് റ്റു സേ...”

പക്ഷേ, അതാണ് സത്യം... വരൂ, എന്റെ റൂം ഏതാണെന്ന് കാണിച്ചു തരൂ... എനിക്കൊന്ന് കുളിക്കണം...”

 (തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

23 comments:

  1. That's a terrible thing to say. എന്നിട്ട്? ഇനി ഇത്രേം gap വേണ്ടാട്ടോ അടുത്ത ഭാഗത്തിന്

    ReplyDelete
    Replies
    1. ഇല്ല സുചിത്രാജീ... അത് കഥാപുസ്തകം എടുക്കാൻ മറന്നു പോയത് കൊണ്ടാണ്...

      Delete
    2. Vinuvetta, no... don't forget your story book again!

      Delete
    3. @ മുബി‌ : പറ്റിപ്പോയി... ക്ഷമി... :)

      Delete
  2. ഇങ്ങനെ ഒരു മുഹൂർത്തത്തിനുവേണ്ടിയല്ലെ കാത്തിരുന്നത്.ഇനി കഥയൊന്നു ചൂടാകും.

    ReplyDelete
  3. യുദ്ധകാലത്തെ പ്രണയം..
    യാതൊരു ഉറപ്പുകളും വാഗ്‌ദാനങ്ങളുമില്ലാത്ത പ്രണയം. പ്രണയം മാത്രം

    ReplyDelete
    Replies
    1. പക്ഷേ, തീ പിടിച്ച പ്രണയം...

      Delete
  4. കുറിഞ്ഞിApril 8, 2019 at 12:33 PM

    മഴയും പ്രണയവും നല്ല കോമ്പിനേഷൻ

    ReplyDelete
  5. സഹോദരങ്ങളായാൽ ഇങ്ങനെ വേണം. ഹാരിയും മാക്സും😍

    ReplyDelete
    Replies
    1. അതെ... അവരുടെ സ്നേഹം കാണാനിരിക്കുന്നതേയുള്ളൂ...

      Delete
  6. ഉഷാറാകട്ടെ!👍

    ReplyDelete
    Replies
    1. ആയിക്കൊണ്ടിരിക്കുന്നു...

      Delete
  7. ഒരുഷാറില്ലല്ലോ വിനുവേട്ടാ, യുദ്ധമായതോണ്ടാ?

    ReplyDelete
    Replies
    1. ദേ ഇപ്പ ശരിയാക്കിത്തരാം... :)

      Delete
  8. പ്രണയവും യുദ്ധവും
    ഒരു നല്ല കോമ്പിനേഷൻ തന്നെയാണാല്ലെ

    ReplyDelete
  9. ദാറ്റ്സ് എ ടെറിബ്‌ൾ തിങ്ങ് റ്റു സേ.. അതാണു

    ReplyDelete
  10. ഒരു പ്രണയമാവുമ്പോൾ ഇത്തിരി ടെറിബിൾ തിങ്സ് ഒക്കെയുണ്ടാവും.. അതാ അതിന്റെ ഒരു ഇത്..

    ReplyDelete
  11. ഇത്തിരി സങ്കടമായല്ലോ.. ... രണ്ടുപേരും രണ്ടുവഴിക്ക് പിരിയേണ്ടവർ .....

    ReplyDelete