Tuesday, February 12, 2019

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് - 18

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ബ്ലിറ്റ്സ് എന്ന പേരിൽ ജർമ്മനി ലണ്ടന് മേൽ നടത്തിയ വ്യോമാക്രമണത്തിന്റെ സംഹാരശക്തി അതിഭീകരമായിരുന്നു. ബോംബിങ്ങിനാൽ പ്രകാശമാനമായ ആകാശത്തിന്റെ തിളക്കം  ലുഫ്ത്‌വാഫ് വിമാനങ്ങളുടെ പൈലറ്റുമാർക്ക് ഫ്രാൻസിൽ നിന്നും ടേക്ക് ഓഫ് ചെയ്യുമ്പോൾത്തന്നെ ഗോചരമായിരുന്നു. ദിനം ചെല്ലുംതോറും യുദ്ധവിമാനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നതിന്റെ വെള്ള വരകൾ കൊണ്ട് ചക്രവാളം നിറഞ്ഞു.  RAF ന്റെയും ലുഫ്ത്‌വാഫിന്റെയുമായി നൂറ് കണക്കിന് യുദ്ധവിമാനങ്ങളാണ് ആകാശത്ത് പരസ്പരം പൊരുതിക്കൊണ്ടിരുന്നത്. 

ഇരുപതിന് മേൽ വിമാനങ്ങളെ വെടിവെച്ചിടുന്ന വൈമാനികർക്ക് Knight's Cross അവാർഡുകൾ നൽകപ്പെട്ടു. ഗാലന്റിന് നേരത്തെ തന്നെ അത് ലഭിച്ചിരുന്നതിനാൽ രണ്ടാമതൊരു ബഹുമതിയായി Oak Leaves ഉം കൂടി ലഭിച്ചു. മാക്സിന്‌ Knight's Cross ലഭിക്കുന്നത് സെപ്റ്റംബർ പത്തിനാണ്. അപ്പോഴേക്കും അദ്ദേഹം ചുരുങ്ങിയത് ഒരു മുപ്പത് വിമാനങ്ങൾ എങ്കിലും വെടിവെച്ച് വീഴ്ത്തിക്കഴിഞ്ഞിരുന്നു.

ഹാരിയും അദ്ദേഹത്തിന്റെ ഹോക്ക് സ്ക്വാഡ്രണും ദിനവും ആറോ ഏഴോ ദൗത്യങ്ങളുമായി എല്ലായ്പ്പോഴും തിരക്കിലായിരുന്നു. കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും കനത്ത നഷ്ടമാണ് അവർക്ക് നേരിടേണ്ടി വന്നത്. ഒരു ഘട്ടം എത്തിയപ്പോഴേക്കും അവരുടെ സ്ക്വാഡ്രണിൽ തുടക്കത്തിൽ ഉണ്ടായിരുന്നവരിൽ ജീവനോടെ അവശേഷിക്കുന്ന ഏക അംഗമായി മാറി ഹാരി. പിന്നെയാണ് ആ ഗംഭീര പോരാട്ടം നടന്നത്. സെപ്റ്റംബർ 15 ന്. സൗത്ത് ഇംഗ്ലണ്ടിനും ലണ്ടനും മേൽ ബോംബ് വർഷിക്കാൻ എത്തിയത് 400 ലുഫ്ത്‌വാഫ് ഫൈറ്റർ വിമാനങ്ങൾ ആയിരുന്നു. അവയെ നേരിടുവാനായി RAF ന്റെ പക്കൽ ഉണ്ടായിരുന്നത് സ്പിറ്റ്ഫയറുകളും ഹരിക്കേനുകളും ചേർത്ത് വെറും 300 വിമാനങ്ങൾ മാത്രം.

എന്നാൽ വിചിത്രമെന്ന് പറയട്ടെ, ആർക്കും വിജയം അവകാശപ്പെടാനായില്ല. ഇംഗ്ലീഷ് ചാനൽ പിന്നെയും തർക്ക പ്രദേശമായി തുടർന്നു. രാത്രി കാലങ്ങളിൽ ലണ്ടനിലും മറ്റ് നഗരങ്ങളിലും ലുഫ്ത്‌വാഫിന്റെ ബ്ലിറ്റ്സ് പ്രഹരം തുടർന്നു കൊണ്ടിരുന്നു. ഹിറ്റ്‌ലറുടെ സ്വപ്നപദ്ധതിയായ ഓപ്പറേഷൻ സീ ലയൺ - അതായത് ബ്രിട്ടീഷ് അധിനിവേശം ഉപേക്ഷിക്കേണ്ടി വന്നു. ഒറ്റയ്ക്കാണെങ്കിലും ബ്രിട്ടൺ പിടിച്ചു നിൽക്കുക തന്നെയായിരുന്നു. ഫ്യൂറർ ആകട്ടെ ക്രമേണ തന്റെ ശ്രദ്ധ റഷ്യയുടെ മേൽ കേന്ദ്രീകരിക്കുവാനും തുടങ്ങി.

                                       ***

നവംബറിന്റെ ആരംഭം. ബെർലിനിൽ സകല ശക്തിയുമെടുത്ത് മഴ കോരിച്ചൊരിയുകയാണ്. കാറിൽ നിന്നും പുറത്തിറങ്ങിയ ഹെൻട്രിച്ച് ഹിംലർ, പ്രിൻസ് ആൽബസ്ട്രാസയിലെ ഗെസ്റ്റപ്പോ ഹെഡ്‌ക്വാർട്ടേഴ്സിലേക്ക് കയറി. കറുപ്പ് നിറമുള്ള SS യൂണിഫോം അണിഞ്ഞ റൈഫ്യൂറർ ഇടനാഴിയിലൂടെ തന്റെ ഓഫീസിലേക്ക് നടക്കവെ ഗാർഡുകളും ഓഫീസ് സ്റ്റാഫും തിടുക്കത്തിൽ അദ്ദേഹത്തെ അനുഗമിച്ചു. പതിവ് പോലെ സിൽവർ ഫ്രെയിമുള്ള കണ്ണട ധരിച്ച് പ്രൗഢഗംഭീരനായി മാർബിൾ പടികൾ ചാടിക്കയറി അദ്ദേഹം തന്റെ ഓഫീസിന്‌ മുന്നിലെത്തി. SS ഓക്സിലറി യൂണിഫോം അണിഞ്ഞ  മദ്ധ്യവയസ്സ് തോന്നിക്കുന്ന വനിത ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റു. അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു അവർ.

"സുപ്രഭാതം, റൈഫ്യൂറർ..."

"സ്റ്റംബാൻഫ്യൂറർ ഹാർട്ട്മാനോട് വരാൻ പറയൂ..."

"തീർച്ചയായും, റൈഫ്യൂറർ..."

വിചിത്രമായ യൂണിഫോം ആയിരുന്നു ഹാർട്ട്മാൻ ധരിച്ചിരുന്നത്. ലുഫ്ത്‌വാഫ് സ്റ്റൈലിൽ ഉള്ള ഫ്ലൈയിങ്ങ് ജാക്കറ്റും ബാഗി പാന്റ്സും... പക്ഷേ ഫീൽഡ് ഗ്രേ ആയിരുന്നു നിറം. ലുഫ്ത്‌വാഫ് പൈലറ്റ് ബാഡ്ജും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് അയേൺ ക്രോസ് ബഹുമതികളും അണിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ കോളർ ടാബിൽ SS സേനയിലെ മേജർ പദവിയെ സൂചിപ്പിക്കുന്ന ചിഹ്നം കാണാം. ഇവയെ കൂടാതെ ജർമ്മൻ ക്രോസ്സിന്റെ തങ്കപ്പതക്കവും അണിഞ്ഞിട്ടുണ്ട്. യൂണിഫോമിന്റെ സിൽവർ കഫ് ടൈറ്റിലിൽ RFSS എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. അതായത് റൈഫ്യൂറർ SS. ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾക്കുള്ള പ്രത്യേക തിരിച്ചറിയൽ അടയാളമാണത്. അതിന് തൊട്ടു മുകളിലായി SD ബാഡ്ജും ധരിച്ചിട്ടുണ്ട് അദ്ദേഹം. SS ന് കീഴിലുള്ള ഇന്റലിജൻസിന്റെ ഭാഗം കൂടിയാണ്‌ അദ്ദേഹം എന്ന് സൂചിപ്പിക്കുന്നു അത്.

"ആജ്ഞാപിച്ചാലും, റൈഫ്യൂറർ..."

മുപ്പത് വയസ്സ് പ്രായം വരുന്ന, ആറടിയോളം ഉയരം തോന്നിക്കുന്ന ഒരു സുമുഖനായിരുന്നു ഹാർട്ട്മാൻ. ഒരു എയർക്രാഷിനെ തുടർന്നുണ്ടായ മുറിപ്പാട് തെളിഞ്ഞ് കാണുന്ന നാസികയും പരുക്കൻ മുഖവും എന്തോ ഒരു ആകർഷകത്വം അദ്ദേഹത്തിന് നൽകി. പ്രഷ്യൻ സ്റ്റൈലിൽ പറ്റെ വെട്ടിയ മുടിക്ക് ബ്രൗണിനെക്കാൾ ചുവപ്പ് നിറത്തോടായിരുന്നു അടുപ്പം. ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്ത് ഒരു ഫൈറ്റർ പൈലറ്റ് ആയിരുന്ന അദ്ദേഹത്തിന്റെ വിമാനം ഒരിക്കൽ ഫ്രാൻസിൽ വച്ച് തകർന്ന് വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പിന്നീട് എയർ കൊറിയർ സർവീസിലേക്ക് നിയമിക്കുകയായിരുന്നു. ഉന്നത പദവിയിലുള്ള സൈനികോദ്യോഗസ്ഥരെ ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ആ അവസരത്തിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടാകുന്നത്.

അബ്‌വില്ലെ സന്ദർശനത്തിനായി ഹിംലർക്ക് വേണ്ടി ഏർപ്പാടാക്കിയിരുന്ന ജങ്കേഴ്സ് വിമാനത്തിന് മോശം കാലാവസ്ഥയെ തുടർന്ന് എത്തിച്ചേരാനായില്ല. ഒരു ജനറലിനെ ഡ്രോപ്പ് ചെയ്തിട്ട് തന്റെ സ്റ്റോർക്ക് വിമാനവുമായി ഹാർട്ട്മാൻ അപ്പോൾ എയർഫീൽഡിൽ ഉണ്ടായിരുന്നത് തികച്ചും യാദൃച്ഛികമായിരുന്നു. തന്നെ ലക്ഷ്യസ്ഥാനത്ത്  എത്തിക്കുവാൻ ഹിംലർ അദ്ദേഹത്തോട് ആജ്ഞാപിച്ചു.

പിന്നീട് ഉണ്ടായ സംഭവങ്ങൾ ഹിംലറിന് ഒരു ദുഃസ്വപ്നം പോലെ ആയിരുന്നു. മഴമേഘങ്ങൾ തുളച്ച് മുകളിൽ കയറിയതും അപ്രതീക്ഷിതമായി എത്തിയ ഒരു സ്പിറ്റ്ഫയറിൽ നിന്നുമുള്ള വെടിയുണ്ടയേറ്റ് അവരുടെ വിമാനം ഒന്നുലഞ്ഞു. തുടർച്ചയായി വെടിയുണ്ടകൾ ചിറകുകളിൽ ഏറ്റു തുടങ്ങിയതോടെ താഴെ മഴയിലേക്കും ശക്തമായ കാറ്റിലേക്കും തിരികെ പോകാൻ തീരുമാനിക്കുകയായിരുന്നു ഹാർട്ട്മാൻ. തൊട്ടു പിന്നിൽത്തന്നെ ഉണ്ടായിരുന്നു ആ സ്പിറ്റ്ഫയർ. അടുത്ത നിമിഷം മറ്റൊരു വെടിയുണ്ട അദ്ദേഹത്തിന്റെ വിൻഡ് സ്ക്രീൻ കൂടി തകർത്തു. ഒരിക്കൽക്കൂടി വിമാനം ആടിയുലഞ്ഞു.

"സമയമായി അല്ലേ...?" അസാധാരണമാം വിധം ശാന്തമായിരുന്നു ഹിംലറുടെ സ്വരം.

"ഒരിക്കലുമില്ല റൈഫ്യൂറർ, ഒരു ചൂതാട്ടത്തിന് താങ്കൾ തയ്യാറാണെങ്കിൽ..."

"എങ്കിൽ പിന്നെ എന്തിന് താമസിക്കുന്നു...?" ഹിംലർ  അനുവാദം കൊടുത്തു.

ഹാർട്ട്മാൻ ആൾട്ടിറ്റ്യൂഡ് കുറച്ച് പുകമഞ്ഞിനൊപ്പം പെയ്യുന്ന മഴയത്തേക്കിറങ്ങി. 2000, 1000, വീണ്ടും താഴ്ന്ന് 500 അടി ഉയരത്തിൽ ലെവൽ ചെയ്ത് കൺട്രോൾ കോളത്തിൽ അദ്ദേഹത്തിന്റെ വിദഗ്ദ്ധ കരങ്ങൾ ചലിച്ചു. തൊട്ടു പിന്നിൽത്തന്നെ ഉണ്ടായിരുന്ന സ്പിറ്റ്ഫയറിന് ആലോചിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു അത്. അത്രയും മോശമായ കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനാവാതെ ആ വിമാനം മുകളിലേക്കുയർന്ന് തിരിച്ചു പോയി.

അന്ധവിശ്വാസങ്ങൾക്ക് കുപ്രസിദ്ധി ആർജ്ജിച്ചവനാണ് തികഞ്ഞൊരു ഈശ്വര വിശ്വാസിയായ ഹിംലർ. തന്റെ ജീവൻ രക്ഷിക്കാൻ ദൈവം കണ്ടെത്തിയ ഒരു ഉപകരണമാണ് ഹാർട്ട്മാൻ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ഹാർട്ട്മാനെക്കുറിച്ച് കൂടുതൽ അന്വേഷിച്ച ഹിംലർ, വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ളയാളാണ് ആ ചെറുപ്പക്കാരൻ എന്നറിഞ്ഞ് ആഹ്ലാദചിത്തനായി. അതിന്റെ പരിണിത ഫലം ഉടൻ തന്നെയായിരുന്നു. SS സേനയിൽ ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലേക്ക് അദ്ദേഹത്തിന്റെ പൈലറ്റ് ആയി ഹാർട്ട്മാൻ ട്രാൻസ്ഫർ ചെയ്യപ്പെട്ടു. മാത്രവുമല്ല, നിയമ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള പരിജ്ഞാനം കണക്കിലെടുത്ത് SS ഇന്റലിജൻസിൽ റൈഫ്യൂററുടെ പേഴ്സണൽ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുവാനും ആവശ്യപ്പെട്ടു.

"ലണ്ടന് മേലുള്ള ബ്ലിറ്റ്സ് നാം തുടരുക തന്നെ ചെയ്യുന്നു..." ഹിംലർ പറഞ്ഞു. "ഫ്യൂററോട് സംസാരിച്ചിട്ടാണ് ഞാൻ വരുന്നത്... അന്തിമ വിജയം തീർച്ചയായും നമുക്ക് തന്നെയാണ്... നമ്മുടെ ടാങ്കുകൾ ബക്കിങ്ങ്ഹാം പാലസിന്റെ മുറ്റത്ത് എത്തുക തന്നെ ചെയ്യും..."

"യാതൊരു സംശയവുമില്ല റൈഫ്യൂറർ..." ഉള്ളിലെ വിയോജിപ്പ് മറച്ച് വച്ചു കൊണ്ട് ഹാർട്ട്മാൻ പറഞ്ഞു.

"അതെ... തൽക്കാലം ബ്രിട്ടീഷുകാരെ അവരുടെ വഴിക്ക് വിട്ട് നാം റഷ്യക്ക് മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു... ഫ്യൂറർ പറയുന്നതിലും കാര്യമുണ്ട്... ഏറിയാൽ ആറ് മാസം... അതിനുള്ളിൽ ആ ചെമ്പടയുടെ ഭീഷണി എന്നെന്നേക്കുമായി നമുക്ക് ഇല്ലാതാക്കാം..."

ആ പ്രസ്താവനയുടെ പ്രായോഗികതയിൽ സംശയം ഉണ്ടായിരുന്നിട്ടും ഹാർട്ട്മാൻ മൊഴിഞ്ഞത് ഇപ്രകാരമായിരുന്നു.  "തീർച്ചയായും..."

"എന്നിരുന്നാലും..." ഹിംലർ തുടർന്നു. "ഇംഗ്ലണ്ടിലെ ഇന്റലിജൻസ് പ്രവർത്തനങ്ങളെക്കുറിച്ച് അഡ്മിറൽ കാനറീസുമായി ഞാൻ സംസാരിച്ചിരുന്നു... സത്യം പറഞ്ഞാൽ അത്ര നല്ല നിലയിലല്ല ഇപ്പോൾ കാര്യങ്ങൾ..." ജർമ്മൻ മിലിട്ടറി ഇന്റലിജൻസ് ആയ അബ്ഫെറിന്റെ മേധാവിയാണ് അഡ്മിറൽ വിൽഹെം കാനറീസ്. "എന്റെ ഊഹം ശരിയാണെങ്കിൽ ബ്രിട്ടനിലുള്ള നമ്മുടെ അബ്ഫെർ ഏജന്റുമാർ എല്ലാവരും ഇപ്പോൾ അവരുടെ കസ്റ്റഡിയിലാണ്..."

"ശരിയാണ്, റൈഫ്യൂറർ..."

"എന്നിട്ട് ഒന്നും തന്നെ ചെയ്യാൻ നമുക്ക് ആകുന്നുമില്ല..." ഹിംലർ രോഷാകുലനായി. "എന്തൊരു നാണക്കേടാണത്..‌!"

"അങ്ങനെയങ്ങ് നിരാശപ്പെടേണ്ട റൈഫ്യൂറർ..." ഹാർട്ട്മാൻ പറഞ്ഞു. "താങ്കൾക്കറിയാമല്ലോ മേജർ ക്ലെയ്‌ൻ ക്യാൻസർ ബാധിതനായി കഴിഞ്ഞ വർഷം മരണമടഞ്ഞതിനെ തുടർന്ന് ഡിപ്പാർട്ട്മെന്റ് 13ന്റെ ചുമതല ഞാൻ ഏറ്റെടുത്ത കാര്യം... ആ വഴി ഒരു കാര്യം ഞാൻ മനസ്സിലാക്കി. യുദ്ധം ആരംഭിക്കുന്നതിനും മുമ്പ് രഹസ്യമായി അദ്ദേഹം ഏതാനും ഏജന്റുമാരെ റിക്രൂട്ട് ചെയ്തിരുന്നു..."

"സത്യമോ...? ആരാണ് ആ ആൾക്കാർ...?"

"അധികവും ഐറിഷുകാരാണ്... ബ്രിട്ടീഷ് ഭരണത്തിൽ അതൃപ്തിയുള്ളവർ... എന്തിന് പറയുന്നു, അബ്ഫെറിന് പോലും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുമായി രഹസ്യ ധാരണയുണ്ടായിരുന്നു..."

"ആഹ്... ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവരാണ് അവർ..." ഹിംലർ പറഞ്ഞു.

"താങ്കളോടുള്ള ബഹുമാനത്തോടുകൂടി തന്നെ പറയട്ടെ, എല്ലാവരും അങ്ങനെയല്ല റൈഫ്യൂറർ... നിഷ്പക്ഷരായ ചിലരെക്കൂടി ക്ലെയ്‌ൻ റിക്രൂട്ട് ചെയ്തിരുന്നു..  ഏതാനും സ്പാനിഷ് - പോർച്ചുഗീസ് നയതന്ത്ര പ്രതിനിധികളെ..."

ഹിംലർ എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. കൈകൾ പുറകിൽ കെട്ടി ഒരു നിമിഷം നിന്നിട്ട് അദ്ദേഹം തിരിഞ്ഞു. "നിങ്ങൾ പറഞ്ഞു വരുന്നത് അബ്ഫെറിന്റെ അറിവിൽ പെടാത്ത ഡീപ്പ് കവർ ഏജന്റുമാർ നമുക്കവിടെ ഉണ്ടെന്നാണോ...?"

"എക്സാക്റ്റ്‌ലി, റൈഫ്യൂറർ..."

ഹിംലർ തല കുലുക്കി. "അതേതായാലും നന്നായി ഹാർട്ട്മാൻ... മറ്റ് ചുമതലകളോടൊപ്പം ഈ വകുപ്പ് കൂടി നിങ്ങൾ കൈകാര്യം ചെയ്യണം... നമുക്ക് ആവശ്യമുള്ളപ്പോൾ ഉപകരിക്കുന്നതിനായി അവർ അവിടെത്തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തണം... ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ...?"

"താങ്കളുടെ ആജ്ഞ പോലെ, റൈഫ്യൂറർ..."

"ശരി, നിങ്ങൾക്ക് പോകാം..."

ഹാർട്ട്മാൻ തന്റെ ഓഫീസിലേക്ക് മടങ്ങി. ഡെസ്കിന് പിറകിൽ നിന്നും അദ്ദേഹത്തിന്റെ സെക്രട്ടറി ട്രൂഡി ബ്രൗൺ തലയുയർത്തി നോക്കി. നാൽപ്പതിനോട് അടുത്ത് പ്രായം വരുന്ന വിധവയായ അവരായിരുന്നു ഹാർട്ട്മാനെ ഔദ്യോഗിക വിഷയങ്ങളിൽ സഹായിച്ചു കൊണ്ടിരുന്നത്. ധീരയോദ്ധാവാണെങ്കിലും ഒരു ദുരന്ത നായകന്റെ പരിവേഷമായിരുന്നു ട്രൂഡിയുടെ മനസ്സിൽ അദ്ദേഹത്തിന് . ബെർലിന് മേൽ ഉണ്ടായ ആദ്യ RAF വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെടുന്നത്. എന്നാൽ ട്രൂഡിക്ക് അറിയില്ലായിരുന്നു ഭാര്യയുടെ മരണത്തോടെ വലിയൊരു ആശ്വാസമാണ് ഹാർട്ട്മാന് അനുഭവപ്പെട്ടതെന്ന്. വിവാഹം കഴിഞ്ഞ  നാൾ മുതൽ ഹാർട്ട്മാന്റെ പണത്തിലും സമ്പത്തിലും മാത്രമായിരുന്നു അവർക്ക് താൽപ്പര്യം.

"എന്തെങ്കിലും പ്രശ്നങ്ങൾ, മേജർ...?" അവർ ചോദിച്ചു.

"എന്ന് വേണമെങ്കിൽ പറയാം ട്രൂഡീ... തൽക്കാലം നീ ഒരു കോഫി തയ്യാറാക്കി കൊണ്ടുവരൂ..."

തന്റെ ഡെസ്കിന് പിന്നിലെ കസേരയിൽ ഇരുന്ന് അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് രണ്ട് കപ്പ് കോഫിയുമായി എത്തിയ ട്രൂഡി അദ്ദേഹത്തിന് എതിരെയുള്ള കസേരയിൽ ഇരുന്നു.

"എന്താണ് ഇപ്പോഴത്തെ പ്രശ്നം...?" അവർ ചോദിച്ചു.

ഡ്രോ തുറന്ന് ഒരു ബ്രാണ്ടി ബോട്ട്‌ൽ എടുത്ത് അദ്ദേഹം തന്റെ കോഫിയിലേക്ക് അൽപ്പം ഒഴിച്ചു. അന്നത്തെ പ്ലെയ്‌ൻ ക്രാഷിൽ പരിക്കേറ്റ ഇടതുകാലിന് വീണ്ടും വേദന അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.

"ട്രൂഡീ... ദൈവം നമ്മുടെ പക്ഷത്താണെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് റൈഫ്യൂറർ എന്ന് എനിക്കറിയാം... എന്നാൽ ഇപ്പോൾ മറ്റൊരു കാര്യം കൂടി അദ്ദേഹം വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു... ഓപ്പറേഷൻ സീ ലയൺ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന്..."

"ശരിക്കും, സർ...?" വാസ്തവത്തിൽ ട്രൂഡിക്ക് ഇത്തരം വിഷയങ്ങളിൽ പ്രത്യേകിച്ചൊരു അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല.

"ക്ലെയ്‌നിന്റെ ഒരു ലിസ്റ്റിനെക്കുറിച്ച് അന്ന് നീ പറഞ്ഞിരുന്നില്ലേ...? അദ്ദേഹത്തിന് വേണ്ടി നീ പ്രവർത്തിച്ചിരുന്ന സമയത്തുള്ളത്... അതിന്റെ സകല വിശദാംശങ്ങളും എനിക്ക് വേണം... പ്രത്യേകിച്ചും ആ ലിസ്റ്റിലുള്ള സ്പാനിഷുകാരെയും പോർച്ചുഗീസുകാരെയും കുറിച്ചുള്ള വിവരങ്ങൾ..."

"അവരിപ്പോഴും അവിടെത്തന്നെയുണ്ട് മേജർ..."

"വെൽ... അവരെ പ്രയോജനപ്പെടുത്തേണ്ട സമയം ആയിരിക്കുന്നു... കമോൺ ട്രൂഡി..."

"അവരിൽ ഒരാൾ... ഒരു പോർച്ചുഗീസുകാരൻ... ഫെർണാണ്ടോ റോഡ്രിഗ്സ് എന്നാണ് പേര്... അയാൾ ഇടയ്ക്കൊക്കെ ചെറിയ ചെറിയ ഇൻഫർമേഷനൊക്കെ ഇപ്പോഴും നമുക്ക് തന്നു കൊണ്ടിരിക്കുന്നുണ്ട്... ലണ്ടനിലുള്ള പോർച്ചുഗീസ് എംബസിയിലാണ് അയാൾ ജോലി ചെയ്യുന്നത്..."

"കൊള്ളാമല്ലോ... പിന്നെ ആരൊക്കെയാണ്...?" ഹാർട്ട്മാൻ ചോദിച്ചു.

"ഡിക്സൺ എന്ന് പേരുള്ള ഒരു സ്ത്രീ... സാറാ ഡിക്സൺ... ലണ്ടനിലെ വാർ ഓഫീസിൽ ക്ലർക്കാണ് അവർ..."

ഹാർട്ട്മാൻ ഒന്ന് നിവർന്ന് ഇരുന്നു. "കാര്യമായിട്ടണോ നീ ഈ പറയുന്നത്...? വാർ ഓഫീസിൽ നമ്മുടെ ഒരു ഏജന്റ്...! എന്നിട്ട് അവർ ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ അവിടെത്തന്നെ ജോലി നോക്കുന്നുവെന്നോ...?"

"അതെ... കാരണം, അവർ ഒരിക്കലും അബ്ഫെറിന്റെ ഭാഗമായിരുന്നില്ല... താങ്കൾ ഇവിടെ ചാർജ്ജ് എടുക്കുന്നതിന് മുമ്പുള്ള കാര്യങ്ങൾ പറയുകയാണെങ്കിൽ, വിദേശത്ത് ചാരപ്രവർത്തനം നടത്തുവാൻ അബ്ഫെറിന്‌ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ... SDയ്ക്ക് വേണ്ടി മേജർ ക്ലെയ്‌ൻ നടത്തിയിരുന്ന ഓപ്പറേഷനുകളെല്ലാം യഥാർത്ഥത്തിൽ അനധികൃതമായിരുന്നു... അതുകൊണ്ടാണ് ബ്രിട്ടീഷ്  അധികാരികൾ അബ്ഫെറിൽ നുഴഞ്ഞു കയറി സകല ഏജന്റുമാരെയും കസ്റ്റഡിയിൽ എടുത്തിട്ടും നമ്മുടെ ആളുകൾ സുരക്ഷിതരായിത്തന്നെ ഇരുന്നത്... ഇപ്പോഴും അങ്ങനെ തന്നെ..."

"അത് ശരി..." ഹാർട്ട്മാൻ ഉത്സാഹഭരിതനായി. "ആ ഫയലുകളൊക്കെ പെട്ടെന്ന് കൊണ്ടുവരൂ..."

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

30 comments:

  1. അപ്പൊ ആദ്യത്തെ തേങ്ങാ എന്റെ വക!

    ഹാർട്മാനും മോശക്കാരൻ അല്ലല്ലോ

    ReplyDelete
    Replies
    1. ആരും നിസ്സാരരല്ല ശ്രീക്കുട്ടാ...

      Delete
  2. കലക്കി !! ഹിംലര്‍, കാനറീസ് ,,,നുമ്മടെ ആള്‍ക്കാരൊക്കെ എത്തിയല്ലാ. ഇനി തകര്‍ക്കും !!

    ReplyDelete
    Replies
    1. പരിചയമുള്ള കഥാപാത്രങ്ങളെ കാണുമ്പോൾ ഒരു രോമാഞ്ചം, അല്ലേ ഉണ്ടാപ്രീ...?

      Delete
  3. ആ ഫയലിൽ ഇനിയാരെല്ലാമാണോ?

    ReplyDelete
  4. ഹാൾട്ട്മാൻ ചരിതം കലക്കി. പിന്നെ സത്യത്തിൽ പല നാടുകളിലും ഇതുപോലെ ഉള്ള ഏജൻറ്സ് ഒളിച്ചു ഇരിക്കുന്നുണ്ട്. സണ്ണിച്ചായൻ എന്ന് കോഡ് നെയിം ഉള്ള ഒരു ഏജന്റിന്റെ കൂടെ ഞാൻ 14 വയസ്സ് മുതൽ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ ഏജൻസിയുടെ പേര് അബ്‌ഫെർ എന്നല്ല..
    ആ കിട്ടി....
    "മനോരമ"

    ReplyDelete
  5. എന്താ...ല്ലേ..
    ഓരോ യുദ്ധത്തിന്റേയും പിന്നിലുള്ള നടപടികൾ ... നേരിട്ടുള്ള ഏറ്റുമുട്ടലുകൾ...
    മാക്സ് 30വിമാനങ്ങളെങ്കിലും നശിപ്പിച്ചിരിക്കും എന്നു പറയുന്നിടത്ത് എന്ത് ധീരത ..!
    പക്ഷേ, ആ വിമാനങ്ങളിൽ ഉണ്ടായിരുന്ന മനുഷ്യരെപ്പറ്റി ചിന്തിക്കുന്നേയില്ല ...

    ReplyDelete
    Replies
    1. അതിനെയാണല്ലോ യുദ്ധം എന്ന് വിളിക്കുന്നത് അശോകേട്ടാ... :(

      Delete
  6. "ബെർലിന് മേൽ ഉണ്ടായ ആദ്യ RAF വ്യോമാക്രമണത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെടുന്നത്. എന്നാൽ ട്രൂഡിക്ക് അറിയില്ലായിരുന്നു ഭാര്യയുടെ മരണത്തോടെ വലിയൊരു ആശ്വാസമാണ് ഹാർട്ട്മാന് അനുഭവപ്പെട്ടതെന്ന്.."

    ReplyDelete
  7. അതെ. പരിചയമുള്ളവരൊക്കെ വീണ്ടും എത്തി.

    ReplyDelete
    Replies
    1. ഇവരൊക്കെ കേവലം കഥാപാത്രങ്ങൾ അല്ല, ചരിത്രപുരുഷന്മാരായിരുന്നു എന്ന് കൂടി ഓർക്കണം...

      Delete
  8. അന്ധവിശ്വാസങ്ങൾക്ക് കുപ്രസിദ്ധി ആർജ്ജിച്ചവനാണ് തികഞ്ഞൊരു ഈശ്വര വിശ്വാസിയായ ഹിംലർ. തന്റെ ജീവൻ രക്ഷിക്കാൻ ദൈവം കണ്ടെത്തിയ ഒരു ഉപകരണമാണ് ഹാർട്ട്മാൻ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.
    വിശ്വാസം രക്ഷിക്കട്ടേ!
    ആശംസകൾ

    ReplyDelete
  9. ബ്ലിറ്റ്സ് എന്ന പേരിൽ ജർമ്മനി ലണ്ടന് മേൽ നടത്തിയ വ്യോമാക്രമണത്തിന്റെ സംഹാരശക്തി അതിഭീകരമായിരുന്നു...

    ആയതിന്റെയൊക്കെ തിരുശേഷിപ്പുകൾ ആ യുദ്ധത്തിന്റെ സ്മാരകങ്ങളായി ലണ്ടനിലെ മൂന്നാലുസ്ഥലങ്ങളിൽ ഇപ്പോഴും സൂക്ഷിച്ചു സംരംക്ഷിക്കുന്നുണ്ട്..

    ReplyDelete
    Replies
    1. മുരളിഭായിക്ക് അതൊക്കെ കാണാനുള്ള ഭാഗ്യം ഉണ്ടല്ലോ...

      Delete
  10. കുറിഞ്ഞിFebruary 16, 2019 at 9:04 AM

    ഹിംലർ ഇവിടെയും ഉണ്ടോ?. ഇതു ശരിയാവില്ല. ഇയാളെ ഓടിക്കാനെന്താ മാർഗം

    ReplyDelete
    Replies
    1. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിംലർ ഇല്ലാതെ എവിടെപ്പോകാൻ കുറിഞ്ഞീ...

      Delete
  11. Spitfire ന് വിചാരിക്കാൻ പററാത്ത move. യുദ്ധ തന്ത്രം ഫലിച്ചു. ഇന്നേ വായിക്കാൻ പററീള്ളു

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. ഇതുവരെയുള്ള എല്ലാം വായിച്ചു ഞനും ഇവിടെയെത്തി. ഇനി എല്ലാ ആഴ്ചയും കൂടെ കാണാൻ ശ്രമിക്കും.

    പുതിയ ഒരു മേഖലയിലെക്കു ജോലിയിൽ പ്രവേശിക്കുന്നതിൻ്റെ ഭാഗമായി കുറച്ചു തിരക്കുകൾ ആയതിനാലാണു വായിക്കുവാൻ കഴിയാതെ ഇരുന്നതു. ഇപ്പൊൾ ഇൻഫൊ പാർക്കിൽ ആണു ജോലി. അതായതു വീണ്ടും ആഫിക്ക നിരങ്ങാൻ സാധിക്കില്ല എന്നുസാരം.

    പിന്നെ ശ്രീ കൊച്ചിയിലെക്കു വരുന്നുവെന്നു കേട്ടു. ഇൻഫൊ പാർക്കിൽ തന്നെ ആണല്ലൊ അല്ലെ?

    പിന്നെ നോവലും വിവർത്തനവും എപ്പൊഴും പൊലെ അതി ഗംഭീരമായിരിക്കുന്നു.

    അടുത്ത ആഴച കാണാം.

    ReplyDelete
    Replies
    1. തിരക്കെല്ലാം കഴിഞ്ഞ് തിരികെയെത്തിയതിൽ വളരെ സന്തോഷം ശ്രീജിത്ത്... ഇനി നാട്ടിലുണ്ടല്ലോ... നേരിലും കാണണം...

      Delete
  14. ഫയലുകളൊക്കെ വരട്ടെ.

    ReplyDelete
  15. വിനുവേട്ടാ ഹാപനിങ്‌സ് വരാൻ വേണ്ടി വെയ്റ്റ് ചെയ്യുന്നു..ലണ്ടന് മോളിലെ യുദ്ധം ഒന്നുകൂടി കൊഴുക്കും ന്ന് വിചാരിച്ചു

    ReplyDelete
    Replies
    1. ഇനി എന്തെല്ലാം കാണാനിരിക്കുന്നു കൂട്ടുകാരാ... അടുത്ത ലക്കത്തിലേക്ക് ചെല്ലൂ...

      Delete