Monday, December 7, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 89

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

ഗ്രാൻസെസ്റ്റർ ബംഗ്ലാവിൽ എത്തിയ സെക്ക്, ഫ്രണ്ട് ഡോർ അവഗണിച്ച് ചാറ്റൽ മഴയും നനഞ്ഞ് മുറ്റത്തു കൂടി കെട്ടിടത്തിന്റെ മറുഭാഗത്തേക്ക് നടന്നു. കല്ല് പാകിയ മുറ്റത്ത് മഴനീർക്കണങ്ങൾ ചിന്നിത്തെറിക്കുന്നുണ്ടായിരുന്നു. റോസാച്ചെടികൾ പൂത്തു നിൽക്കുന്ന മട്ടുപ്പാവുള്ള കെട്ടിടത്തിന്റെ ഫ്രഞ്ച് ജാലകങ്ങൾ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ അനുഗമിച്ച ഞങ്ങൾ ചെന്നെത്തിയത് ലൈബ്രറി പോലെ തോന്നിക്കുന്ന ഒരു ഹാളിലാണ്. അവിടെ നെരിപ്പോടിനരികിലെ സോഫയിൽ അവർ ഇരിക്കുന്നുണ്ടായിരുന്നു.

 

നരച്ച മുടിയാണെങ്കിലും മുഖത്ത് ഒട്ടും പ്രായം തോന്നുന്നതേയില്ലായിരുന്നു. ലളിതമെങ്കിലും മനോഹരമായ ഫ്രോക്കും ധരിച്ച് യുവത്വം തുളുമ്പുന്ന മുഖവുമായി ഇരിക്കുന്ന അവരെ കണ്ടാൽ ഒരു എൺപത് വയസ്സുകാരിയാണെന്ന് വിശ്വസിക്കുക പ്രയാസം. വായിച്ചുകൊണ്ടിരുന്ന ടൈപ്പ്സ്ക്രിപ്റ്റിൽ നിന്നും മുഖമുയർത്തിയ അവർ അത് ഒരു വശത്തേക്ക് നീക്കി വച്ചു. ഞാൻ സെക്കിന് കൊടുത്ത സ്ക്രിപ്റ്റ് ആയിരുന്നു അത്.

 

മൂന്നാം വട്ടമാണ് ഞാനിത് വായിക്കുന്നത്... പുസ്തകങ്ങളുടെ പിൻചട്ടയിലെ ഫോട്ടോകളിൽ കണ്ട് താങ്കളെ നല്ല പരിചയമുണ്ട്...” അവർ പറഞ്ഞു.

 

ലേഡി മോളി...” അവർ നീട്ടിയ കരം ഞാൻ ഗ്രഹിച്ചു. “ഇത് എന്റെ പത്നി ഡെനിസ്...”

 

ഡെനിസിന്റെ കൈകളിൽ പിടിച്ച് വലിച്ച് അവർ തന്റെ അരികിൽ ഇരുത്തി. “മൈ ഡിയർ, അത്ഭുതകരമായ ഒരു രക്ഷപെടലായിരുന്നല്ലോ നിന്റേത്... മിടുക്കിയായ ഒരു പൈലറ്റാണ് നീ എന്നാണ് ഇവർ എന്നോട് പറഞ്ഞത്...”

 

താങ്ക് യൂ...” ഡെനിസ് പറഞ്ഞു.

 

വെള്ളത്തിന് മുകളിലൂടെയും നടക്കാൻ കഴിവുള്ളവർ... അങ്ങനെയാണ് ഹാരി പണ്ട് പറയാറുള്ളത്...” അവർ ഡെനിസിന്റെ ചുമലിൽ അഭിനന്ദനപൂർവ്വം തട്ടി. “ പുസ്തകം വായിച്ച് അന്തം വിട്ടിരിക്കുകയാണ് ഞാൻ... ഞാൻ അറിയാത്ത പല കാര്യങ്ങളും...” അവർ ഒന്ന് സംശയിച്ചു. “ടർക്വിനെ ഒന്ന് കാണാൻ പറ്റുമോ എനിക്ക്...?”

 

ബാഗ് തുറന്ന് അവനെ പുറത്തെടുത്ത് ഡെനിസ് അവരുടെ കൈകളിൽ  കൊടുത്തു. അത്ഭുതത്തോടെ അവനെ ഉറ്റുനോക്കിയ ലേഡി മോളി പെട്ടെന്ന് വിവിധ വികാരങ്ങൾക്ക് അടിപ്പെട്ടത് പോലെ തോന്നി. “, ടർക്വിൻ...” അവർ അവനെ നെഞ്ചോട് ചേർത്തു പിടിച്ചു. കണ്ണുകൾ ഈറനണിഞ്ഞിരുന്നു. “ഇവനെ എവിടെ നിന്നാണ് നിങ്ങൾക്ക് ലഭിച്ചത്...? ഫ്രാൻസിൽ വച്ചുണ്ടായ അന്നത്തെ ലൈസാൻഡർ ക്രാഷിൽ ഇവനെ നഷ്ടപ്പെട്ടു എന്നാണ് ഹാരി കരുതിയിരുന്നത്...”

 

യുദ്ധാനന്തരം ഇവനെക്കുറിച്ച് ബ്രിട്ടനിയിലുള്ള തന്റെ ഏജന്റായ ജക്കോദിന്റെ അടുത്ത് മൺറോ അന്വേഷണം നടത്തിയിരുന്നു എന്നാണ് മനസ്സിലായത്...” ഞാൻ പറഞ്ഞു. “ജക്കോദിന്റെ റേഡിയോ ഓപ്പറേറ്റർ ആയ മേരി എന്ന ഒരു വനിത അപകടം നടന്നയിടത്തു നിന്നും ടർക്വിനെ കണ്ടെടുത്തുവെന്നും തന്റെ മകൾക്ക് കളിക്കുവാനായി കൊണ്ടുപോയി എന്നും അദ്ദേഹം മൺറോയെ അറിയിച്ചു....”

 

എന്നിട്ട്...?”

 

“D-Day യ്ക്ക് ശേഷമുണ്ടായ ചെറുത്തു നിൽപ്പുമായി ബന്ധപ്പെട്ട സംഘട്ടനത്തിൽ മേരി കൊല്ലപ്പെട്ടു... അതോടെ അനാഥയായ അവരുടെ മകളെ ബന്ധുക്കൾ കൊണ്ടുപോയി എന്നാണ് അറിഞ്ഞത്... അതായിരുന്നു അവസാനം... ടർക്വിനെക്കുറിച്ച് പിന്നീട് കേട്ടിട്ടേയില്ല...” ഞാൻ പറഞ്ഞു.

 

ബ്രൈറ്റനിലെ ഒരു പുരാവസ്തു ഷോപ്പിന്റെ ഷെൽഫിന് മുകളിൽ ഞങ്ങൾ ഇവനെ കണ്ടെത്തും വരെ...” ഡെനിസ് പറഞ്ഞു. “എങ്ങനെ ഇവൻ അവിടെയെത്തി എന്ന് ആർക്കും അറിയില്ല... പക്ഷേ, അത്ഭുതകരമെന്ന് പറയട്ടെ, ബാഗിൽ രേഖപ്പെടുത്തിയിരുന്ന ഇവന്റെ നാമം ഇവനോടൊപ്പം എന്നും സഞ്ചരിച്ചു...”

 

നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം തെല്ലൊരു സന്ദേഹത്തോടെ ഞാൻ പറഞ്ഞു. “പക്ഷേ, ഇനിയും ഒരു ഗ്യാപ്പ് കൂടിയുണ്ട്... വാസ്തവത്തിൽ, അതിന് ശേഷം ഹാരിയ്ക്ക് എന്താണ് സംഭവിച്ചത്...? അത് കണ്ടുപിടിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങളൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല എന്നതാണ് സത്യം...”

 

അവർ പുഞ്ചിരിച്ചു. “വെൽ... ഐസൻഹോവറിനോട് സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് പറയാതിരിക്കാനാവില്ലായിരുന്നു... ടോപ്പ് സീക്രറ്റ് ആയി അദ്ധ്യായം അടച്ചു വയ്ക്കുവാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം... D-Day യോട് അടുക്കുന്ന നാളുകളിൽ സുപ്രീം കമാൻഡറുടെ ജീവൻ തന്നെ അപകടത്തിന്റെ നിഴലിൽ ആയിരുന്നു എന്ന് പുറംലോകം അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന അപമാനം ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല... ഒന്നും തന്നെ സംഭവിക്കാത്ത മട്ടിൽ കാര്യങ്ങൾ മുന്നോട്ട് പോയി... തന്റെ ജീവൻ രക്ഷിച്ചതിന് മാക്സിന് അദ്ദേഹം വാഗ്ദാനം ചെയ്ത DSO മെഡൽ ഹാരി ഏറ്റുവാങ്ങി... അതിനു ശേഷം ഹാരി കൊറിയർ സർവ്വീസിൽത്തന്നെ തുടർന്നു... കൂടാതെ, വല്ലപ്പോഴുമൊക്കെ മൺറോയ്ക്ക് വേണ്ടി സ്പെഷൽ ഡ്യൂട്ടി ഫ്ലൈറ്റുകളും പറത്തുമായിരുന്നു...”

 

പക്ഷേ, ഹാരി അതുകൊണ്ടൊന്നും തൃപ്തനല്ലായിരുന്നു... ഫുൾ കേണൽ പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തിയെങ്കിലും പിന്നെയും എന്തിനൊക്കെയോ വേണ്ടി അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു... ചാനലിൽ വച്ചുണ്ടായ വിമാനാപകടത്തെത്തുടർന്ന് മാക്സ് പോയതോടെ പഴയ ഹാരിയെ ഞങ്ങൾക്ക് നഷ്ടമായി... ഡെഡ് മാൻ വാക്കിങ്ങ് എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്... അത് അന്വർത്ഥമാക്കാൻ അദ്ദേഹം ശ്രമിച്ചു കൊണ്ടിരിക്കുന്നതു പോലെ തോന്നി... മാക്സിനടുത്തെത്താൻ തിടുക്കപ്പെടുന്നത് പോലെ... നിങ്ങൾക്കറിയുമോ, അവർ ഒന്നായിരുന്നു... ആൾമാറാട്ടം നടത്തുവാൻ അവർ മിടുക്കരായിരുന്നു... ഒരു പക്ഷേ, നമുക്കൊക്കെ ഉൾക്കൊള്ളാനാവാത്ത വിധം... മാക്സ് ഹാരിയായിരുന്നുവോ...? അതോ ഇനി ഹാരി മാക്സ് ആയിരുന്നുവോ...?”

 

ഡെനിസ് പൊടുന്നനെ മോളിയുടെ കരം ഇരുകൈകളിലും ചേർത്തു പിടിച്ചിട്ട് പതുക്കെ ചോദിച്ചു. “എന്താണ് സംഭവിച്ചത്...?”

 

മണ്ടത്തരം... അല്ലാതെന്തു പറയാൻ... യുദ്ധം അവസാനിക്കാറായ സമയമായിരുന്നു... നാസി വിരുദ്ധനായ ഒരു ജർമ്മൻ ജനറലുമായി എന്റെ അമ്മാവന് ചില കണക്ഷനുകളൊക്കെ ഉണ്ടായിരുന്നു... ലുഫ്ത്വാഫ് അടയാളങ്ങൾ വഹിക്കുന്ന ഒരു അരാഡോ വിമാനത്തിൽ ഇവിടെ നിന്നും ഫ്രാൻസിലേക്ക് പറക്കാനുള്ള ദൗത്യം ഹാരി ഏറ്റെടുത്തു... അവിടെ ലാന്റ് ചെയ്ത് ജർമ്മൻ ജനറലിനെയും പിക്ക് ചെയ്ത് മടങ്ങവെയാണ് ഒരു RAF മൊസ്ക്വിറ്റോ ഫൈറ്ററിന്റെ ആക്രമണം ഉണ്ടായത്... വ്യാപകമായ കേടുപാടുകളാണ് വിമാനത്തിന് സംഭവിച്ചത്...”

 

വിമാനവുമായി അദ്ദേഹം കടലിൽ പതിച്ചുവോ...?” ഞാൻ ചോദിച്ചു.

 

, നോ... അത്ര നല്ല കാലാവസ്ഥ ആയിരുന്നില്ല അന്ന്... താഴ്ന്ന് പറന്ന് ഫൈറ്റർ വിമാനത്തെ കടലിൽ വീഴ്ത്തിയ ശേഷം ഹാരി തിരികെ കോൾഡ് ഹാർബറിൽ എത്തി... അമ്മാവനോടും ജാക്കിനോടും ജൂലിയോടുമൊപ്പം ഞാനും ഉണ്ടായിരുന്നു അന്ന് ഇവിടെ... മൂടൽമഞ്ഞും മഴയും ഇടകലർന്ന അന്തരീക്ഷത്തിൽ ലാന്റ് ചെയ്ത അരാഡോ വിമാനം ഞങ്ങളുടെ അരികിലെത്തി നിന്നു... എൻജിൻ ഓഫ് ആയി... ആരെയും കാണാത്തതിനാൽ ഞങ്ങൾ ചെന്ന് ഡോർ തുറന്നു... പിൻസീറ്റിൽ ഇരുന്നിരുന്ന ജർമ്മൻ ജനറൽ അവ്യക്തമായി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... പൈലറ്റ് സീറ്റിൽ കൺട്രോൾ കോളവും പിടിച്ച് ഇരുന്നിരുന്ന ഹാരിയ്ക്ക് ജീവൻ ഉണ്ടായിരുന്നില്ല...”

 

കറുത്ത ദിനത്തിന്റെ ഓർമ്മകളിൽ മുഴുകി ഇരിക്കുന്ന അവരുടെ മനോവേദന മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഡെനിസ് അവരെയും ടർക്വിനെയും ചേർത്തു പിടിച്ച് ആലിംഗനം ചെയ്തു. അല്പനേരത്തിന് ശേഷം പരിസരബോധം വീണ്ടെടുത്ത ലേഡി മോളി ആലിംഗനത്തിൽ നിന്നും മോചിതയായി. “ടർക്വിനെ വീണ്ടും കണ്ടപ്പോൾ പലതും ഓർത്തുപോയി... അത്രയ്ക്ക് അടുപ്പമുണ്ട് എനിക്കവനോട്...”

 

ഒടുവിൽ അവൻ എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു...” ഡെനിസ് പറഞ്ഞു. “നിങ്ങളോടൊപ്പമാണ് ഇനി അവൻ കഴിയേണ്ടത്...”

 

, നോ... അയാം വെരി ഗ്രേറ്റ്ഫുൾ...” ലേഡി മോളി ഒന്ന് സംശയച്ചു നിന്നിട്ട് തുടർന്നു. “കുറച്ചു ദിവസത്തേക്ക് അവനെ എന്റെ കൂടെ നിർത്താൻ പറ്റുമെങ്കിൽ... ബുദ്ധിമുട്ടാവുമോ...? ഒരു താൽക്കാലിക ലോൺ പോലെ...?”

 

ബുദ്ധിമുട്ടോ...? ഒരിക്കലുമില്ല...” ഡെനിസ് പറഞ്ഞു.

 

ലേഡി മോളി തല കുലുക്കി. “അയാം സോ ഗ്രേറ്റ്ഫുൾ...” അവർ എഴുന്നേറ്റു. “ഇനി എന്നോടൊപ്പം ഒന്ന് വരൂ... ചിലതെല്ലാം നിങ്ങളെ കാണിക്കാനുണ്ട്...”

 

ഒരു റെയിൻകോട്ട് എടുത്ത് ചുമലിൽ ഇട്ട് ടർക്വിനെ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ ഇടതു കൈയ്യിൽ മാറോട് ചേർത്തു പിടിച്ച് മോളി പുറത്തേക്ക് നടന്നു. ഹാളിലെ സ്റ്റാൻഡിൽ നിന്നും രണ്ട് കുടകൾ എടുത്ത സെക്ക് ഒരെണ്ണം ഞങ്ങൾക്ക് തന്നു. എന്നിട്ട് കുട നിവർത്തി, ശക്തി പ്രാപിച്ചു തുടങ്ങിയ മഴത്തുള്ളികളിൽ നിന്നും ലേഡി മോളിയെ സംരക്ഷിച്ചു കൊണ്ട് അവർക്കൊപ്പം നടന്നു. അവരെ അനുഗമിക്കവെ ഡെനിസ് എന്റെ കൈകളിൽ പതുക്കെ കൈ കോർത്തു.

 

കരിങ്കൽ മതിലിനപ്പുറം സൈപ്രസ് മരങ്ങളും ബീച്ച് മരങ്ങളും തലയുയർത്തി നിൽക്കുന്ന കോമ്പൗണ്ടിൽ മാർബിൾ പതിച്ച ചുവരുള്ള ഒരു ദേവാലയം ഉണ്ടായിരുന്നു. ഗേറ്റ് തുറന്ന് സെക്ക് ഞങ്ങളെ കോമ്പൗണ്ടിനുള്ളിലേക്ക് ആനയിച്ചു. സാധാരണ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന തരത്തിലുള്ള ഒരു ദേവാലയമായിരുന്നു അത്. തികച്ചും ശാന്തമായിരുന്ന അന്തരീക്ഷത്തിന് ഭംഗം വരുത്തി കലപില കൂട്ടിക്കൊണ്ട് ബീച്ച് മരങ്ങളിൽ നിന്നും ഒരു കൂട്ടം കാക്കകൾ പറന്നുയർന്നു.

 

ശല്യങ്ങൾ...” സെക്ക് പറഞ്ഞു.

 

സ്മാരകശിലകളുടെ ഇടയിലെ ഒറ്റയടിപ്പാതയിലൂടെ അദ്ദേഹത്തെ ഞങ്ങൾ പിന്തുടർന്നു. അവയിൽ പലതും അതിപുരാതനമായിരുന്നു. ചിലതിലെല്ലാം വിചിത്രമായ മരണദേവതയുടെ രൂപവും ഗോഥിക്ക് രീതിയിലുള്ള സ്മാരകങ്ങളും കാണാമായിരുന്നു. ഒടുവിൽ സെമിത്തേരിയുടെ അറ്റത്തായി നിലകൊള്ളുന്ന സൈപ്രസ് മരത്തിന് ചുവട്ടിൽ ഞങ്ങൾ നടത്തം അവസാനിപ്പിച്ചു. വളരെ നന്നായി പരിപാലിച്ചു പോന്നിരുന്ന കല്ലറയുടെ മുകളിൽ അർപ്പിച്ചിരുന്ന പൂക്കൾ ഇനിയും വാടിത്തുടങ്ങിയിട്ടില്ല. കുഴിമാടത്തിന് ചുറ്റുമുള്ള പുല്ല് വൃത്തിയായി വെട്ടിയൊതുക്കിയിരിക്കുന്നു. ഭംഗിയുള്ള സ്മാരകശിലയിൽ കൊത്തിവച്ച ലിഖിതങ്ങൾ സുവർണ്ണ നിറത്തിലുള്ളതായിരുന്നു. അടുത്ത കാലത്തായി അതെല്ലാം വൃത്തിയാക്കി നിറം പിടിപ്പിച്ചതു പോലെ കാണപ്പെട്ടു.

 

ഹിയർ വീ ആർ...” പുഞ്ചിരിച്ചു കൊണ്ട് ലേഡി മോളി ടർക്വിനെ ഒന്നു കൂടി നെഞ്ചോട് ചേർത്തു പിടിച്ചു.

 

സ്മാരകശിലയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. “March 1945. In loving memory of Colonel Harry Kelso and his brother, Oberstleutnant Baron Max von Halder. Together at last. Brothers in Arms.”

 

മഴ ശക്തി പ്രാപിച്ചു. കുടക്കീഴിൽ ലേഡി മോളിയെ തന്നോട് ചേർത്തു നിർത്തി മഴയിൽ നിന്നും സംരക്ഷിച്ചു കൊണ്ട് ഒരു അജയ്യനെപ്പോലെ സെക്ക് കല്ലറയിലേക്ക് നോക്കി നിന്നു. എന്റെ കുടക്കീഴിൽ എന്നോട് ഒട്ടിച്ചേർന്ന് സ്മാരകശിലയിലേക്ക് നോക്കി നിർന്നിമേഷയായി നിൽക്കുന്ന ഡെനിസ് കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു.

 

ലേഡി മോളി തിരിഞ്ഞു. “വിഷമിക്കാതിരിക്കൂ കുട്ടീ... അതെല്ലാം കഴിഞ്ഞിട്ട് വർഷങ്ങൾ എത്രയോ ആയിരിക്കുന്നു... ഇനിയിപ്പോൾ വേദനിച്ചിട്ടെന്തു കാര്യം...? നിങ്ങളുടെയെല്ലാം മുന്നിൽ ഞാൻ ഒരു രഹസ്യം വെളിപ്പെടുത്താൻ പോകുകയാണ്... നിൽക്കുന്ന സെക്കിന് പോലും അറിയാത്ത ഒരു  രഹസ്യം...”

 

ആശ്ചര്യത്തോടെ അതിലേറെ അമ്പരപ്പോടെ സെക്ക് പുരികം ചുളിച്ചു. മഴ ഒന്നു കൂടി ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. രഹസ്യം എന്തെന്നറിയാൻ ആകാംക്ഷയോടെ ഞങ്ങൾ കാത്തു നിന്നു.

 

താങ്കളുടെ അന്വേഷണത്തിൽ കണ്ടെത്തിയതു പോലെ 1930 തങ്ങളുടെ പിതാവ് മരണമടയുന്ന സമയത്ത് ഹാരിയ്ക്കും മാക്സിനും വയസ്സ് പന്ത്രണ്ട്... മൂത്ത മകൻ മാക്സ് ബാരൺ വോൺ ഹാൾഡറുമായി ജർമ്മനിയിലേക്ക് മടങ്ങണമെന്ന് എൽസ തന്റെ ഭർതൃപിതാവ് ആബെ കെൽസോയുടെ അടുത്ത് വാശി പിടിച്ചു. എങ്കിൽ ഹാരി തന്നോടൊപ്പം നിൽക്കണമെന്ന് ആബെയും നിലപാടെടുത്തു...”

 

അതെ...” ഞാൻ പറഞ്ഞു.

 

എന്നാൽ ഹാരി എന്നോട് പറഞ്ഞ കഥ മറ്റൊന്നാണ്... മരിക്കുന്നതിന് ഏതാനും ദിനങ്ങൾ മുമ്പ്... മരണം ഏതു നിമിഷവും തന്നെ തേടിയെത്തുമെന്നൊരു ചിന്ത അദ്ദേഹത്തെ ആവേശിച്ചു കഴിഞ്ഞിരുന്നു... യുദ്ധം ഇല്ലാത്തൊരു അവസ്ഥയിൽ താൻ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് ഒരു രൂപവുമില്ല എന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു...”

 

മൈ ഗോഡ്... നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്...?” ഞാൻ ചോദിച്ചു.

 

സ്ത്രീസഹജമായ ഉൾക്കാഴ്ച്ചയാൽ എന്തോ മുൻകൂട്ടി കണ്ടതു പോലെ ഒന്ന് തേങ്ങിയിട്ട് ഡെനിസ് എന്റെ കൈയ്യിൽ മുറുകെ പിടിച്ചു.

 

ലേഡി മോളി തുടർന്നു. “തീരുമാനം കുട്ടികൾക്ക് വിട്ടു കൊടുത്തതോടെ മറ്റൊരു പ്രശ്നം ഉദിച്ചു... വേർപിരിയുക എന്ന വിഷയം അവർക്ക് ആലോചിക്കാവുന്നതിനും അപ്പുറമായിരുന്നു... മറ്റൊരു പ്രശ്നം കൂടിയുണ്ടായിരുന്നു... ഫ്രാൻസിൽ അവരുടെ പിതാവിനൊപ്പം എല്ലായിടത്തും പറന്നു നടന്നിരുന്ന ടർക്വിൻ... ആർക്കായിരിക്കണം ടർക്വിന്റെ ഉടമസ്ഥത...? ഇതെല്ലാം കുട്ടികൾക്കിടയിൽ മാത്രം ഒതുങ്ങി നിന്ന കാര്യങ്ങളായിരുന്നു... മുത്തശ്ശൻ ആബെയ്ക്കോ അവരുടെ പ്രീയപ്പെട്ട മൂട്ടിയ്ക്കോ  ഇതേക്കുറിച്ച് ഒന്നും തന്നെ അറിവുണ്ടായിരുന്നില്ല...”

 

അതിനു മാത്രം എന്താണവർ ചെയ്തത്...?” ഞാൻ ആരാഞ്ഞു.

 

ടർക്വിൻ ആരോടൊപ്പം ആയിരിക്കണമെന്ന കാര്യത്തിൽ അവർ ഇരുവരും ഒരു ധാരണയിലെത്തി. തങ്ങളുടെ പിതാവിന്റെ ജന്മസ്ഥലമായ അമേരിക്കയിലെ വീട്ടിൽത്തന്നെയായിരിക്കണം അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ടർക്വിനും കഴിയേണ്ടതെന്ന് ആയിരുന്നു അത്. അപ്പോൾ പിന്നെ ആരായിരിക്കണം മൂട്ടിയോടൊപ്പം ജർമ്മനിയിലേക്ക് പോകേണ്ടത് എന്നതായി അടുത്ത പ്രശ്നം... അതറിയാൻ ഒരു കോയിൻ ടോസ് ചെയ്യാൻ ഇരുവരും തീരുമാനിച്ചു...”

 

, മൈ ഗോഡ്...!”സെക്ക് അമ്പരന്ന് നിൽക്കവെ ഡെനിസ് പറഞ്ഞു.

 

യെസ്, മൈ ഡിയർ...” മോളി പറഞ്ഞു. “ഹാരി കെൽസോ ആയിരുന്നു ബാരൺ വോൺ ഹാൾഡർ... മാക്സ്, ഹാരി കെൽസോയും...”

 

എന്റെ ജീവിതത്തിൽ അതുവരെ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും അമ്പരപ്പിക്കുന്ന വസ്തുതയായിരുന്നു അത്. ഏതാനും നിമിഷ നേരത്തേക്ക് ശ്വാസം നിലച്ചതു പോലെ എനിക്ക് തോന്നി. ഡെനിസ് ആയിരുന്നു മൗനത്തിന് ഭംഗം വരുത്തിക്കൊണ്ട് വായ് തുറന്നത്. “ഒടുവിൽ അവർ ഒരുമിച്ച്... ഒന്നോർത്താൽ എന്നും അവർ ഒരുമിച്ചായിരുന്നുവല്ലോ...”

 

എക്സാക്റ്റ്ലി...” മോളി പുഞ്ചിരിച്ചു. “എന്നാലിനി നമുക്ക് തിരിച്ചു പോയാലോ...?” ഞങ്ങളുടെ മുന്നിൽ നടന്നു തുടങ്ങിയ അവർക്ക് കുട പിടിച്ചു കൊടുത്തു കൊണ്ട് സെക്ക് ഒപ്പം നടന്നു.

 

                                                            ***

 

ബംഗ്ലാവിൽ എത്തിയ അവർ ചായ എടുക്കാൻ തുനിഞ്ഞെങ്കിലും ഞങ്ങൾ നിരസിച്ചു. “കാലാവസ്ഥ മോശമാകുന്ന ലക്ഷണമാണ്...” ഡെനിസ് പറഞ്ഞു. “അതിന് മുമ്പ് ടേക്ക് ഓഫ് ചെയ്യുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു..”

 

അവരോട് യാത്ര പറഞ്ഞിട്ട് ഞങ്ങൾ ലാൻഡ് റോവറിന് നേർക്ക് നടന്നു. സെക്ക് ഞങ്ങളെ എയർ സ്ട്രിപ്പിൽ എത്തിച്ചു. പുറത്തിറങ്ങിയ ഞങ്ങൾക്ക് ഹസ്തദാനം നൽകിയിട്ട് അദ്ദേഹം ഡെനിസിന്റെ കവിളിൽ ഒരു മുത്തം നൽകി.

 

ടേക്ക് കെയർ, ഗേൾ...”

 

ലേഡി മോളി പറഞ്ഞതു കേട്ട് വല്ലാത്ത ഷോക്ക് ആയിപ്പോയി അല്ലേ...?” ഞാൻ ചോദിച്ചു.

 

എന്ന് ചോദിച്ചാൽ ഇല്ല... അവർ ഇരുവരും ഇന്ന് ജീവനോടെയില്ല... ഇനിയിപ്പോൾ അതിനെന്ത് പ്രസക്തി...?” സെക്ക് നെടുവീർപ്പിട്ടു.

 

ഞങ്ങൾ വിമാനത്തിനുള്ളിൽ കയറി. ഡെനിസ് ഇടതുഭാഗത്തെ സീറ്റിൽ ഇരുന്നു. ഞാൻ ഡോർ ലോക്ക് ചെയ്തു. അവൾ സ്വിച്ച് ഓൺ ചെയ്ത എൻജിൻ ഇരമ്പിത്തുടങ്ങവെ വിൻഡ് സ്ക്രീനിൽ മഴത്തുള്ളികൾ അതിന്റെ ശക്തി പ്രകടിപ്പിക്കുവാനാരംഭിച്ചു. ദൂരെ കടലിൽ അപ്പോഴും മൂടൽമഞ്ഞ് ഉണ്ടായിരുന്നു.

 

നമുക്ക് നീങ്ങാൻ നോക്കാം...” അവൾ പറഞ്ഞു. “മാനം തെളിയുന്നതിന് മുമ്പ് ചിലപ്പോൾ ഒന്നു കൂടി വഷളാവാൻ സാദ്ധ്യതയുണ്ട്...”

 

റൺവേയിലൂടെ ഇരമ്പിക്കൊണ്ട് കുതിച്ച വിമാനം നരച്ച ആകാശത്തേക്ക് ഉയർന്നു. ആയിരം അടി ഉയരത്തിലെത്തിയതും അവൾ പെട്ടെന്ന് വിമാനം ഇടത്തോട്ട് വളച്ചു.

 

നീയിതെന്താണ് ചെയ്യുന്നത്...?” ഞാൻ ചോദിച്ചു.

 

അവസാനമായി ഒരു നോക്കു കൂടി കാണണമെനിക്ക്...”

 

എന്നാൽ കടലിൽ നിന്നും തിരികെ കരയുടെ മുകളിലേക്ക് കയറിയപ്പോഴേക്കും മൂടൽമഞ്ഞ് പടർന്നു കഴിഞ്ഞിരുന്നു. കോൾഡ് ഹാർബറിന്റെ യാതൊരു അടയാളവും താഴെ കാണാനുണ്ടായിരുന്നില്ല. ഒരിക്കലും അങ്ങനെയൊരു സ്ഥലമേ അവിടെ ഉണ്ടായിരുന്നില്ല എന്നത് പോലെ...

 

(അവസാനിച്ചു)

29 comments:

 1. അനാഥനായ ടർക്വിനിൽ നിന്ന് തുടങ്ങിയതുകൊണ്ട് ശുഭകരമായ ഒരന്ത്യം ആയിരിക്കില്ല എന്ന് ഓരോ ലക്കം വായിക്കുമ്പോഴും മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. എങ്കിലും അവസാനം വരെ ചെറിയൊരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ഇപ്പോൾ ഒന്നും ബാക്കിയില്ല. വെറും ശൂന്യത...

  ReplyDelete
  Replies
  1. ജാക്ക് ഹിഗ്ഗിൻസിന്റെ ഏത് നോവൽ അവസാനിക്കുമ്പോഴും‌ നമ്മുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കും... ഈ ശൂന്യത...

   Delete
 2. ഹാരി മാക്സ് ഇങ്ങനെയും ഒരു രഹസ്യം

  ReplyDelete
  Replies
  1. അതെ... നാം ആരും പ്രതീകിക്കാത്ത ഒരു ട്വിസ്റ്റ്...

   Delete
 3. അങ്ങനെ രണ്ടു വർഷമായി നമ്മുടെ സന്തത സഹചാരി ആയിരുന്ന ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസിന്റെ യാത്ര ഇവിടെ അവസാനിക്കുകയാണ്... എന്റെ വിവർത്തന യജ്ഞത്തിലെ ആറാമത്തെ നോവലും... വർഷങ്ങളോളം എന്നോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പ്രീയപ്പെട്ട കൂട്ടുകാർക്കെല്ലാം ഒത്തിരി നന്ദി...

  ഇനി മറ്റൊരു യജ്ഞത്തിന്‌ തുനിയണമോ വേണ്ടയോ എന്ന് പ്രിയ വായനക്കാർ പറയുക...

  സ്നേഹത്തോടെ...
  വിനുവേട്ടൻ

  ReplyDelete
 4. ടർക്വിൻ എത്തേണ്ടിടത്ത് എത്തി

  ReplyDelete
  Replies
  1. അതെ... ഹാരിയുടെ അതോ മാക്സിന്റെയോ...? പ്രീയപ്പെട്ട മോളിയുടെ അരികിൽ...

   Delete
  2. സംശയം വേണ്ട, മോളിക്കുട്ടി രണ്ടുപേർക്കും പ്രിയപ്പെട്ടവളായിരുന്നു..

   Delete
 5. അപ്പോ ഇനിയും ഹിഗ്ഗിൻസ് ൻറ നോവലുമായി വരില്ലേ

  ReplyDelete
  Replies
  1. വായനക്കാർ എല്ലാവർക്കും താല്പര്യമാണെങ്കിൽ...

   Delete
 6. അപ്രതീക്ഷിതമായ ട്വിസ്റ്റായി... വിനുവേട്ടാ വിവർത്തനത്തിന് അഭിനന്ദനങ്ങൾ 👏❤️🙏👌

  ReplyDelete
 7. നല്ലൊരു വിവർത്തനത്തിന് അഭിനന്ദനങ്ങൾ

  ReplyDelete
 8. അങ്ങനെ ടർക്വീൻ തിരിച്ചെത്തി...

  ഹരിയും മാക്‌സും... ആ ട്വിസ്റ്റിൽ ഇനിയിപ്പോ എല്ലാം അവസാനിച്ച ആ അവസ്ഥയിൽ വ്യത്യാസം ഒന്നുമല്ലല്ലോ...
  ____
  അങ്ങനെ ഒരു യജ്‌ഞം കൂടെ അവസാനിച്ചു!!!

  ReplyDelete
  Replies
  1. ഹാരിയും മാക്സും നമ്മുടെയും പ്രീയപ്പെട്ടവരായി...

   Delete
 9. വല്ലാത്ത ശൂന്യത !!
  വിനുവേട്ടന്റെ ഓരോ നോവലും തീരുമ്പോ ഇത് തന്നെയാണ് അവസ്ഥ ...
  ഇനിയും ഇനിയും എന്തോ കൂടെ അറിയാൻ ഉള്ള പോലെ..
  ഹിഗ്ഗിൻസ് എഴുതാൻ മറന്ന എന്തേലും വിനുവേട്ടന്റെ വക ആഡ് ചെയ്യുന്നില്ലേ ?? കഴിഞ്ഞ നോവലിലെ പോലെ ..
  എന്തായാലും കാത്തിരിക്കുന്നു വേഗം അടുത്ത നോവലും ആയി വാ..
  അത് വരേയ്ക്കും എല്ലാ വിധ മംഗളാശംസകളും

  ReplyDelete
  Replies
  1. അതെ.. അങ്ങനെ ഒരു ‘കാണാക്കാഴ്ച’ ഞാനും പ്രതീക്ഷിക്കുന്നു..

   Delete
  2. ഈ നോവലിൽ ഒരു കാണാക്കാഴ്ചയ്ക്ക് ഒരു സ്കോപ്പും അവശേഷിപ്പിക്കാതെയല്ലേ ജാക്കേട്ടനും ഡെനിസ് ചേച്ചിയും കൂടി ടേക്ക് ഓഫ് ചെയ്തത്...

   Delete
 10. അതിശയിപ്പിക്കുന്ന ട്വിസ്റ്റിൽ നോവലിന്റെ അവസാനം. ഗംഭീരം. അങ്ങനെ ജാക്ക്‌ ഹിഗ്ഗിൻസിന്റെ ഒരു നോവൽ കൂടി വിവർത്തനം പൂർത്തിയാക്കിയ വിനുവേട്ടന്‌ അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. വളരെ സന്തോഷം സുകന്യാജീ...

   Delete
 11. ഒരു ദീർഘനിശ്വാസത്തിനൊടുവിൽ അവശേഷിക്കുന്ന ശൂന്യത ! ജാക്കേട്ടൻസ് ബ്രില്ല്യൻസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല… ഹാരിയും മാക്സും ഉടനെയൊന്നും മനസ്സിൽ നിന്ന് മായുമെന്ന് തോന്നുന്നില്ല.

  മനോഹരമായ നോവൽ, അതിമനോഹരമായി വിവർത്തനം ചെയ്ത വിനുവേട്ടന് ഹൃദയം നിറഞ്ഞ നന്ദി.. സ്നേഹം..

  അടുത്ത കഥയുടെ വരവിനായി, മറ്റ് കൂട്ടുകാർക്കൊപ്പം ഞാനും കാത്തിരിക്കുന്നു..

  ReplyDelete
  Replies
  1. ജാക്കേട്ടൻ റോക്ക്സ്... ഹാരിയും മാക്സും മോളിയും എന്നും നമ്മുടെ ഹൃദയങ്ങളിലുണ്ടാകും... വളരെ സന്തോഷം ജിമ്മാ...

   Delete
 12. തീരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയിരുന്നു മോളി യുടെ വെളിപ്പെടുത്തൽ. ഒടുവിൽ ഹാരിയും മാക്സും മരണത്തിൽ ഒന്നിച്ചു..... ടർക്വിൻ അവർക്കു പ്രിയപ്പെട്ട മോളിയെ തേടി എത്തി. ഹാരി യും മാക്സും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മനോഹരമായൊരു നോവൽ തന്ന ഹിഗിൻസിനും വിനുവേട്ടനും നന്ദി 😊👍

  ReplyDelete
  Replies
  1. എല്ലാം ഹിഗ്ഗിൻസിന്റെ മായാജാലങ്ങൾ... എന്റേതായ ഭാഷയിൽ ഞാനത് പകർത്തുന്നുവെന്നേയുള്ളൂ...

   വളരെ നന്ദി ഈ അഭിനന്ദനത്തിന്... സന്തോഷം...

   Delete
 13. അതി സാഹസങ്ങളിലൂടെയുള്ള ഒരു പ്രയാണം തന്നെയായിരുന്നു ഈ നോവൽ . ആംഗലേയ സാഹിത്യത്തിലേത് പോലെ തന്നെ മലയാളത്തിലും വിനുവേട്ടൻ ആയത് നിർവ്വഹിച്ചു ...!
  അഭിനന്ദനങ്ങൾ ...!!
  അവസാനം നൊമ്പരങ്ങളുടെ ഒരു കൂമ്പാരമായി ഓരോ കഥാപാത്രങ്ങളും മാറിയെങ്കിലും ,ലോകമഹായുദ്ധങ്ങളുടെ പല പിന്നണി കഥകളും വായനക്കാർക്ക് അറിയുവാൻ സാധിച്ചു ...!  അടുത്ത യജ്‌ഞം പോരട്ടെ....

  ReplyDelete
  Replies
  1. വളരെ സന്തോഷം മുരളിഭായ്... അടുത്ത യജ്ഞവുമായി ഉടൻ എത്തുന്നതാണ്...

   Delete