Saturday, October 24, 2020

ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 80

 

ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

സൗത്ത്‌വിക്ക് എയർസ്ട്രിപ്പിൽ ലാന്റ് ചെയ്ത ലൈസാൻഡർ സുരക്ഷിതമായി ഹാൾട്ട് ചെയ്തു. ജനറൽ സ്റ്റാഫ് ഓഫീസർമാരും RAF ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു സംഘം വിമാനത്തിനരികിലേക്ക് ഓടിയെത്തി. ഐസൻഹോവർ അവർക്ക് കൈ ഉയർത്തി വീശി അഭിവാദ്യം നൽകി.

 

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വ്യോമ വൈദഗ്ദ്ധ്യം... അതിന്റെ മികവിൽ ഞാനും ജനറൽ സോബെലും ജീവനോടെയിരിക്കുന്നു...” മൗനിയായിരുന്ന മാക്സിന് നേർക്ക് ജനറൽ ഐസൻഹോവർ തിരിഞ്ഞു. “കേണൽ ഹാരി കെൽസോ... സുപ്രീം കമാൻഡർ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് നിങ്ങൾക്ക് ഒരു Distinguished Service Cross അവാർഡ് തരുവാൻ തീരുമാനിച്ചിരിക്കുന്നു...” അദ്ദേഹം മാക്സിന്റെ കൈ പിടിച്ച് കുലുക്കിയിട്ട് ടോം സോബെലിന് നേർക്ക് തിരിഞ്ഞു. “വരൂ, നമുക്ക് പെട്ടെന്ന് നീങ്ങാം... ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്...”

 

സോബെൽ മാക്സിന്റെ ചുമലിലൂടെ കൈയിട്ട് ചേർത്തു പിടിച്ചു. “നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു മകനേ... അതു പോലെ തന്നെ മോളിയും... ലുക്ക്... രാവിലെ തന്നെ ഒരുപാട് ജോലിയുണ്ട്... നീ എന്തായാലും ഓഫീസേഴ്സ് മെസ്സിൽ ചെന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്... ജസ്റ്റ് ടേക്ക് ഇറ്റ് ഈസി... ഐസൻഹോവർ പിന്നീടെപ്പോഴെങ്കിലും നിന്നെ വിളിപ്പിക്കും...”

 

ഫൈൻ... എന്നാൽ പിന്നെ പറഞ്ഞത് പോലെ...” മാക്സ് പറഞ്ഞു.

 

ഐസൻഹോവറിനും സംഘത്തിനും പിന്നാലെ സോബെലും നടന്നു നീങ്ങി. വിമാനത്തിനരികിൽ എത്തിയ RAF ക്രൂ, ലൈസാൻഡറിന് സംഭവിച്ച കേടുപാടുകൾ പരിശോധിക്കുവാൻ ആരംഭിച്ചു. മാക്സ് ഒരു സിഗരറ്റിന് തീ കൊളുത്തി. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. മൂട്ടിയ്ക്കും ഹാരിയ്ക്കും ഇപ്പോൾ എന്തു സംഭവിച്ചിട്ടുണ്ടാകും...? അതേക്കുറിച്ച് ചിന്തിക്കവെ അദ്ദേഹത്തിന്റെ മനസ്സിൽ പുതിയ ആശയങ്ങൾ നാമ്പ് നീട്ടുവാൻ തുടങ്ങി. പെട്ടെന്നാണ് മഴ കോരിച്ചൊരിഞ്ഞു തുടങ്ങിയത്. ഒരു റോയൽ മിലിട്ടറി പോലീസ് മേജർ അദ്ദേഹത്തിനരികിലെത്തി കുട നിവർത്തി.

 

താങ്കൾ നനയാൻ പാടില്ല കേണൽ... ബ്രിഗേഡിയർ മൺറോയ്ക്ക് വേണ്ടി... ഉടൻ തന്നെ അദ്ദേഹം എത്തും...” അയാൾ പറഞ്ഞു.

 

കളി അവസാനിച്ചിരിക്കുന്നു... ഇവർ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ആ നിമിഷം തന്നെ മാക്സിന് മനസ്സിലായി. “എന്താണ് സംഭവം...?” ഒന്നുമറിയാത്ത മട്ടിൽ അദ്ദേഹം ചോദിച്ചു.

 

എന്റെ പേര് വെറേക്കർ... ഇവിടുത്തെ സെക്യൂരിറ്റി ഇൻ ചാർജ് ആണ്... ആ നിൽക്കുന്ന രണ്ട് കോർപ്പറൽമാർ എന്നോടൊപ്പമുള്ളവരാണ്...” അയാൾ പറഞ്ഞു. മാക്സ് അവരെ ശ്രദ്ധിച്ചു. റോയൽ മിലിട്ടറി പോലീസിന്റെ ചുവന്ന് ക്യാപ്പ് ധരിച്ച ഓഫീസർമാരാണ്. “എന്താണ് സംഭവം എന്ന് എനിക്കറിയില്ല... പക്ഷേ, ഇവിടെയെത്തിയ ഉടൻ ഡിഫൻസ് ഓഫ് റീം ആക്റ്റ് പ്രകാരം താങ്കളെ അറസ്റ്റ് ചെയ്യുവാനാണ് മുകളിൽ നിന്നുള്ള ഓർഡർ...”

 

കൊള്ളാമല്ലോ...” മാക്സ് പറഞ്ഞു.

 

താങ്കളുടെ കൈവശം ആയുധം ഉണ്ടാകുമെന്ന് എനിക്കറിയാം കേണൽ... വിവേകപൂർവ്വം അതിങ്ങ്  തന്നാൽ  ഉപകാരമായേനെ...”

 

, ഞാനെന്നും വിവേകശാലി തന്നെയായിരുന്നു...” മാക്സ് ഫ്ലൈയിങ്ങ് ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും വാൾട്ടറും സ്പെയർ ക്ലിപ്പും എടുത്ത് അയാൾക്ക് കൈമാറി. “ഇതാ പിടിച്ചോളൂ...”

 

വെറേക്കർ അവ തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. “ബുദ്ധിപരമായ തീരുമാനം, കേണൽ...”

 

എന്റെ ജീവിതത്തിൽ ബുദ്ധിപരമായി ഒന്നും തന്നെ ഞാനിതു വരെ ചെയ്തിട്ടില്ല...” മാക്സ് പറഞ്ഞു. “ഇനിയെന്താണ്...?”

 

താങ്കൾ ഇതുവരെ ഒരു പ്രതിഷേധം പോലും പ്രകടിപ്പിച്ചില്ലല്ലോ...”

 

അതിൽ നിന്നും നിങ്ങൾക്ക് എന്തു മനസ്സിലായി...?”

 

കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ സർവ്വീസിലുണ്ട്... സ്കോട്ട്‌ലണ്ട് യാർഡിലും ആർമിയിലുമായി... താങ്കൾ എന്ത് കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് എനിക്കറിയില്ല... ഇങ്ങനെയൊരു ഓർഡർ അവർ തരണമെങ്കിൽ അത് എന്തോ വലിയ കുറ്റം തന്നെ ആയിരിക്കാനാണ് സാദ്ധ്യത... പക്ഷേ, ഞാനല്ല അത് തീരുമാനിക്കേണ്ടത്... ബ്രിഗേഡിയർ മൺറോയാണ്...” വെറേക്കർ പറഞ്ഞു.

 

അപ്പോൾ, അദ്ദേഹം എത്തുന്നത് വരെ നാം എന്തു ചെയ്യും...?”

 

 മെസ്സിൽ പോയി അല്പം ഡ്രിങ്ക്...?”

 

എന്നെ വിശ്വസിക്കാമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്...?” മാക്സ് ചോദിച്ചു.

 

തീർച്ചയായും... അല്ലെങ്കിൽത്തന്നെ എങ്ങോട്ട് ഓടിപ്പോകാനാണ് താങ്കൾ...?”

 

സത്യം, മേജർ...” മാക്സ് പുഞ്ചിരിച്ചു. “എങ്കിൽ ശരി മെസ്സിലേക്ക് പോകാം...”

 

മെസ്സിൽ എത്തിയ വെറേക്കർ മാക്സിനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിട്ടിട്ട് ബാർ കൗണ്ടറിനരികിൽ നിന്ന് ഒരു വിസ്കിയും ദി ടൈംസ്ദിനപത്രവും എടുത്തു. ജാലകത്തിനരികിൽ ഇരുന്ന് വിസ്കി നുണഞ്ഞുകൊണ്ടിരിക്കെ മാക്സ് ചിന്തിക്കുകയായിരുന്നു. എല്ലാം അവസാനിച്ചിരിക്കുന്നു... എന്താണ് മൺറോ കണ്ടുപിടിച്ചത്...? അതും എങ്ങനെ...? പക്ഷേ, അതിനല്ലല്ലോ പ്രാധാന്യം... ഐസൻഹോവർ വധിക്കപ്പെടുന്നില്ലെങ്കിൽ മൂട്ടിയുടെയും ഹാരിയും കാര്യം തീർന്നത് തന്നെ... മുഖത്തെ മുറിവിന്റെ വേദന അസഹ്യമായിത്തുടങ്ങിയിരിക്കുന്നു. ബാറ്റ്‌ൽ പായ്ക്ക്  തുറന്ന് മാക്സ് മോർഫിൻ ആംപ്യൂൾ പുറത്തെടുത്തു. ഒരു നിമിഷം പോലും വൈകാതെ വെറേക്കർ പാഞ്ഞെത്തി.

 

എന്താണിത്...?”

 

മോർഫിൻ...” മാക്സ് പറഞ്ഞു. “മുഖത്തെ മുറിവ് കണ്ടില്ലേ...? അടുത്തയിടെ സംഭവിച്ചതാണ്... നല്ല വേദനയുണ്ട്... നിങ്ങൾ തന്നെ ഒന്ന്  ഇൻജക്റ്റ് ചെയ്ത് തരണം...”

 

വെറേക്കർ ആ പാക്കറ്റ് പരിശോധിച്ചു. “ഇത് ജർമ്മൻ ആണല്ലോ...”

 

അതെ... SS സേനയുടേതാണ്... കിട്ടാവുന്നതിൽ ബെസ്റ്റ്...”

 

ഒന്ന്  സംശയിച്ചിട്ട് വെറേക്കർ അതിന്റെ അറ്റം നഖം കൊണ്ട് പൊട്ടിച്ച് മാക്സിന്റെ കൈത്തണ്ടയിൽ കുത്തി. “എന്റെ ദൈവമേ, എന്തൊക്കെയാണിതെന്ന് ഒന്ന് മനസ്സിലായിരുന്നെങ്കിൽ...”

 

എന്റെയും ആഗ്രഹം അതു തന്നെയാണ്...” മാക്സ് പറഞ്ഞു.

 

ആ നിമിഷമാണ് ഡോഗൽ മൺറോ മെസ്സ് ഹാളിലേക്ക് പ്രവേശിച്ചത്. ചുറ്റും ഒന്ന് നോക്കിയിട്ട് അദ്ദേഹം അവരുടെ അടുത്തേക്ക് വന്നു.

 

ബ്രിഗേഡിയർ...” ആഹ്ലാദത്തോടെ മാക്സ് വിളിച്ചു.

 

എന്നാൽ മാക്സിനെ അവഗണിച്ച് അദ്ദേഹം വെറേക്കറുടെ അരികിലെത്തി. “മേജർ... ഈ നിമിഷം മുതൽ നിങ്ങൾ ഒഫിഷ്യൽ സീക്രറ്റ്സ് ആക്റ്റ് പാലിക്കുവാൻ ബാദ്ധ്യസ്ഥനാണ്... വരൂ നിങ്ങളുടെ ഓഫീസിലേക്ക് പോകാം...”

 

വെറേക്കറുടെ കസേരയിൽ ഇരുന്ന ശേഷം മൺറോ പോക്കറ്റിൽ നിന്നും മടക്കിയ ഒരു ഫയൽ എടുത്ത് അയാൾ നീട്ടി. “മേജർ, ഇദ്ദേഹത്തിനുള്ള അറസ്റ്റ് വാറന്റ്... ഡിഫൻസ് ഓഫ് റീം ആക്റ്റ് പ്രകാരം...”

 

അത് വാങ്ങി വായിച്ച ശേഷം അമ്പരപ്പോടെ അയാൾ തലയുയർത്തി. “പക്ഷേ, ഇത് ഏതോ ഒരു ഓബർസ്റ്റ് ലെഫ്റ്റനന്റ് ബാരൺ വോൺ ഹാൾഡറിന്റെ പേരിലാണല്ലോ...”

 

ശരിയാണ്... കഴിഞ്ഞയാഴ്ച്ചയാണ് കേണൽ ഹാരി കെൽസോ ബ്രിട്ടനിയിൽ ക്രാഷ് ലാന്റ് ചെയ്തത്... ഏതാനും ദിവസങ്ങൾക്ക് ശേഷം, മോഷ്ടിച്ച ഒരു ലുഫ്ത്‌വാഫ് സ്റ്റോർക്ക് വിമാനത്തിൽ അത്ഭുതകരമായി അവിടെ നിന്നും രക്ഷപെട്ടു... പക്ഷേ, അത് ഹാരി കെൽസോ ആയിരുന്നില്ല... അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ ആയിരുന്നുവെന്ന് മാത്രം...”

 

വെറേക്കർ അത്ഭുത സ്തബ്ധനായി വായ് തുറന്ന് നിന്നു. ഹാരി കെൽസോയുടെ സഹോദരനെക്കുറിച്ച് അദ്ദേഹം ഇതിന് മുമ്പ് കേട്ടിരുന്നു. “പക്ഷേ, എന്തിന്...?”

 

ജനറൽ ഐസൻഹോവറിനെ വധിക്കുവാൻ...”

 

പക്ഷേ, അവിശ്വസനീയം ബ്രിഗേഡിയർ... ആരെയും ത്രസിപ്പിക്കുന്ന അതിവിദഗ്ദ്ധമായ പറപ്പിക്കലിലൂടെ ഒരു ജർമ്മൻ വിമാനത്തിന്റെ ആക്രമണത്തിൽ നിന്നും ജനറൽ ഐസൻഹോവറിന്റെ ജീവൻ രക്ഷിച്ച് ഇതാ ഇപ്പോൾ ലാന്റ് ചെയ്തതേയുള്ളൂ ഇദ്ദേഹം...”

 

വിചിത്രം, അല്ലേ...?” മൺറോ മാക്സിന് നേർക്ക് തിരിഞ്ഞു. “എന്തു പറ്റി...? കാര്യത്തോടടുത്തപ്പോൾ നിങ്ങൾക്കതിന് കഴിഞ്ഞില്ല അല്ലേ...? ശരിയല്ലേ...?”

 

, അതേക്കുറിച്ച് ഞാൻ ആലോചിക്കായ്കയല്ല... പിറകോട്ട് തിരിഞ്ഞ് അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുക... അങ്ങനെ ചെയ്താൽ സ്വാഭാവികമായും സോബെലിന് നേർക്കും വെടിയുതിർക്കേണ്ടി വരും... പക്ഷേ, മോളിയുടെ പിതാവിനെ കൊല്ലുവാൻ എനിക്കാവുമായിരുന്നില്ല... ഹാരി അത്രയ്ക്കും അവളെ സ്നേഹിക്കുന്നു...” മാക്സ് ഒരു സിഗരറ്റിന് തീ കൊളുത്തി. “അപ്പോഴാണ് ജങ്കേഴ്സ് പ്രത്യക്ഷപ്പെട്ടത്... വിചിത്രമെന്നേ പറയേണ്ടൂ... വിധിയിൽ വിശ്വസിക്കുന്നവനാണ് ഞാനെങ്കിൽ അത് സംഭവിക്കുവാൻ ഞാൻ അനുവദിക്കുമായിരുന്നു... ഞങ്ങൾ മൂവരും ഒരുമിച്ച് പോയേനെ... പെർഫെക്റ്റ് സൊലൂഷൻ...”

 

അപ്പോൾ നിങ്ങൾ വിധിയിൽ വിശ്വസിക്കുന്നില്ലേ...?”

 

ഒരിക്കലും ഇല്ല... അവസാനം വരെയും പൊരുതി പിടിച്ചു നിൽക്കാനാണ് എന്നും എനിക്കിഷ്ടം... ബാസ്റ്റഡ് എന്റെ പിന്നാലെ കൂടിയപ്പോൾ...” അദ്ദേഹം ചുമൽ വെട്ടിച്ചു. “ഞാനൊരു ഫൈറ്റർ പൈലറ്റാണ്... സ്വാഭാവികമായും വന്ന ഒരു പ്രതികരണമായിരുന്നു എന്റേത്...” മാക്സ് ചിരിച്ചു. “അതാണ് എന്റെ പ്രവൃത്തിയായി പരിണമിച്ചത്... ജങ്കേഴ്സ് വനത്തിൽ തകർന്നു വീണപ്പോൾ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത ഞാൻ എന്നോട് തന്നെ പറഞ്ഞത് എന്താണെന്നറിയുമോ...? മാക്സ്, ഇതാണ് നീ... ഒരു പൈലറ്റാണ് നീ... അല്ലാതെ, ഘാതകനല്ല... നീ കൊന്നിട്ടുണ്ടാവാം... പക്ഷേ, ഒരു കൊലയാളിയല്ല നീ...” അദ്ദേഹം പൊട്ടിച്ചിരിച്ചു. “മുന്നൂറ്റിയൊമ്പത് ആയിരുന്നു എന്റെ ഒഫിഷ്യൽ സ്കോർ... ഇപ്പോൾ അത് മുന്നൂറ്റിപ്പത്ത് ആയിരിക്കുന്നു... അത്ര മാത്രം...”

 

എനിക്കിപ്പോൾ മനസ്സിലാവുന്നു...” മൺറോ പറഞ്ഞു.

 

പക്ഷേ, അതുകൊണ്ട് എന്റെ സഹോദരനും അമ്മയും ഇപ്പോൾ വിഷമവൃത്തത്തിലായിരിക്കുന്നു...” മാക്സ് പുരികം ചുളിച്ചു. “ഒരു മിനിറ്റ് ബ്രിഗേഡിയർ... എങ്ങനെയാണ് എന്നെ കുടുക്കിലാക്കിയത് എന്ന് താങ്കൾ പറഞ്ഞില്ലല്ലോ...”

 

റോഡ്രിഗ്സ് സഹോദരന്മാരെ ആദ്യം മുതലേ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു... അവരെ അറിയില്ല എന്ന് മാത്രം പറഞ്ഞേക്കരുത്... അങ്ങനെ ഞങ്ങൾ സാറാ ഡിക്സണിലേക്കെത്തി... നിർഭാഗ്യവശാൽ അവർ ഞങ്ങളുടെ SOE ഹെഡ്ക്വാർട്ടേഴ്സിൽത്തന്നെ ആയിരുന്നു ജോലി നോക്കിയിരുന്നത്... അവരുടെ ഫ്ലാറ്റ് സമുച്ചയം സന്ദർശിക്കുന്നവരുടെയെല്ലാം ചിത്രങ്ങൾ പകർത്താൻ ഒരു പോലീസ് ക്യാമറാമാനെ ഞങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു... അക്കൂട്ടത്തിൽ നിങ്ങളുടെ ചിത്രവും പതിഞ്ഞു... നിങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ച മണ്ടത്തരം...”

 

വെൽ... ഇത്തരം കാര്യങ്ങളിൽ എനിക്ക് പരിചയം അല്പം കുറവാണെന്ന് കൂട്ടിക്കോളൂ...”

 

പിന്നീടാണ് മൊർലെയ്ക്സ് ഏരിയയിലുള്ള ഞങ്ങളുടെ ചീഫ് ഏജന്റിന്റെ റിപ്പോർട്ട് ലഭിച്ചത്... ഇപ്പോൾ കാര്യങ്ങൾ എല്ലാം വ്യക്തം... ഹിംലർ, ബുബി ഹാർട്മാൻ... അതെ... ബുബിയെയും നിങ്ങളുടെ അമ്മയെയും ഹാരിയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും... അമ്മയുടെ ജീവൻ വച്ച് നിങ്ങൾ ഇരുവരെയും എത്ര ദയനീയമായ അവസ്ഥയിൽ ഹിംലർ കൊണ്ടെത്തിച്ചിരിക്കുന്നു എന്നുള്ളതടക്കം...”

 

താങ്കൾ ഇതൊക്കെ എങ്ങനെ അറിയുന്നു...? മൊർലെയ്ക്സ് കൊട്ടാരത്തിലേക്ക് എന്നെ ട്രാൻസ്ഫർ ചെയ്തത് വളരെ രഹസ്യമായിട്ടായിരുന്നു... അതുപോലെ തന്നെ ബെർലിനിൽ നിന്നും വിമാനത്തിൽ എന്റെ അമ്മയെ അങ്ങോട്ടെത്തിച്ചതും അതീവ രഹസ്യമായിട്ടായിരുന്നു...”

 

നിങ്ങളുടെ അമ്മയുടെ പരിചാരിക റോസാ സ്റ്റൈൻ അവിടെയുള്ള വനത്തിനുള്ളിൽ ദിശയറിയാതെ ഉഴലുന്നുണ്ടായിരുന്നു... ഭാഗ്യത്തിന് എന്റെ ഏജന്റിന്റെ കൈകളിലാണ് അവൾ എത്തിപ്പെട്ടത്... അയാളുടെ മുന്നിൽ അവൾ വെളിപ്പെടുത്തിയ വിവരങ്ങൾ എല്ലാം തന്നെ ഇന്നു രാവിലെ എന്റെ ഡെസ്കിൽ എത്തി...”

 

റോസ...? വനത്തിനുള്ളിലോ...? താങ്കൾ എന്തൊക്കെയാണീ പറയുന്നത്...?”

 

മാക്സിന് മുന്നിൽ മൺറോ സംഭവങ്ങളുടെ കെട്ടഴിച്ചു.

 

                                                      ***

 

അവിശ്വസനീയമായ വാർത്ത കേട്ട് മാക്സ് പരവശനായി ഇരുന്നു പോയി. വെറേക്കർ കബോർഡ് തുറന്ന് ബ്രാണ്ടി എടുത്ത് ഗ്ലാസിലേക്ക് പകർന്ന് അദ്ദേഹത്തിന് നേർക്ക് നീട്ടി. ഒറ്റയിറക്കിന് അത് അകത്താക്കിയിട്ട് മാക്സ് തലയുയർത്തി വിഷാദം കലർന്ന പുഞ്ചിരിയോടെ വെറേക്കറെ നോക്കി.

 

ആരോട്, എന്തിനു വേണ്ടിയാണ് നിങ്ങൾ പൊരുതുന്നതെന്ന് ഇപ്പോൾ മനസ്സിലായല്ലോ...” മാക്സ് പറഞ്ഞു.

 

അയാം സോറി, കേണൽ...”

 

ആരുടെ പക്ഷത്തായാലും നന്മ എപ്പോഴും വിജയിക്കുന്നു എന്ന് ഉറപ്പ് വരുത്തുക... അല്പം ബ്രാണ്ടി കൂടി...” മാക്സ് ഗ്ലാസ് നീട്ടി. വെറേക്കർ അത് നിറച്ചു കൊടുത്തു.

 

അയാം സോറി റ്റൂ മാക്സ്...” മൺറോ പറഞ്ഞു.

 

എല്ലാം ഞങ്ങളുടെ തെറ്റ് എന്നേ പറയാനാവൂ... പറക്കുക എന്നതിനെക്കുറിച്ച് മാത്രമേ എനിക്ക് ചിന്തയുണ്ടായിരുന്നുള്ളൂ... അമ്മയ്ക്കാകട്ടെ, വോൺ ഹാൾഡർ എന്ന പേരും സമൂഹത്തിലെ സ്ഥാനവും നിലനിർത്തുക എന്ന ചിന്ത മാത്രവും... ഹിറ്റ്ലർ അധികാരത്തിൽ ഏറിയപ്പോൾ എല്ലാം കണ്ടുകൊണ്ട് നിസ്സംഗരായി ഒഴുക്കിനൊപ്പം ഞങ്ങൾ നീന്തി...” അദ്ദേഹം വെറേക്കറുടെ നേർക്ക് തിരിഞ്ഞു. “ഞങ്ങൾ ഒരിക്കലും നാസികൾ ആയിരുന്നില്ല മേജർ... പലവട്ടം അത് ഞങ്ങൾ ഞങ്ങളോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു... എന്നിട്ടോ... മൂന്നാം സാമ്രാജ്യത്തിനു വേണ്ടി മുന്നൂറിലധികം വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയ സ്കോറുമായി അവസ്ഥയിൽ ഞാനിവിടെ ഇരിക്കുന്നു...”

 

ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. വെറേക്കർ ബ്രാണ്ടിക്കുപ്പി തിരികെ കബോർഡിനുള്ളിൽ വച്ചു.

 

എന്നിട്ടും ഇതിനൊരവസാനമായില്ല എന്നതാണ് വേദനിപ്പിക്കുന്നത്... ഹാരി ഇപ്പോഴും ബാസ്റ്റഡുകളുടെ തടങ്കലിലാണ്...” മാക്സ് പറഞ്ഞു.

 

മാത്രമല്ല, ബുബി ഹാർട്മാൻ നിങ്ങളോട് നുണ പറയുകയുമായിരുന്നു...”

 

യെസ്... ബുബി നുണ പറയുകയായിരുന്നു... പക്ഷേ, എനിക്കദ്ദേഹത്തെ മനസ്സിലാക്കാനാവുന്നു... അദ്ദേഹം പാതി ജൂതനാണ്... അത് ഹിംലർ കണ്ടുപിടിക്കുകയും ചെയ്തു... ഞങ്ങളെപ്പോലെ തന്നെ ബുബിയും ഹിംലറുടെ നോട്ടപ്പുള്ളിയായിരുന്നു... അദ്ദേഹത്തിന്റെ പിതാവിനെയും പിതൃസഹോദരിയെയും അവർ ഭീഷണിപ്പെടുത്തി... റൈഫ്യൂറർ നടപ്പിലാക്കുന്ന ശിക്ഷ എന്താണെന്നറിയുമോ നിങ്ങൾക്ക്...? പിയാനോ വയറിൽ കെട്ടിത്തൂക്കിയുള്ള മരണം...”

 

മൈ ഗോഡ്...!” വെറേക്കർ പറഞ്ഞു. “ദി ബ്ലഡി സ്വൈൻ...”

 

അതെ... ഒരു ഇംഗ്ലീഷുകാരന്റെ സ്വാഭാവിക പ്രതികരണം...” മാക്സ് ഒരു സിഗരറ്റ് എടുത്തു. അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. വെറേക്കർ സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തു. മാക്സ് തുടർന്നു. “എന്റെ കാര്യം ഇനി എങ്ങനെയാണ്...? യുദ്ധത്തടവുകാരനായി ലണ്ടൻ ടവറിലേക്ക്...?”

 

നോ... നേരെ കോൾഡ് ഹാർബറിലേക്ക്...” മൺറോ പറഞ്ഞു. “കഥ ആവശ്യത്തിലധികം നീണ്ടു പോയിരിക്കുന്നു... ഐസൻഹോവർ കാണണമെന്ന് പറയുന്നതിന് മുമ്പ് നിങ്ങളെ ഇവിടെ നിന്നും  പുറത്തെത്തിക്കണം... ഞാൻ വന്ന ലൈസാൻഡറിൽ നമുക്ക് തിരികെ പോകാം...”

 

നിങ്ങളോടൊപ്പം ഞാനും വരേണ്ടതുണ്ടോ ബ്രിഗേഡിയർ...?” വെറേക്കർ ചോദിച്ചു.

 

ഇല്ല... ഇപ്പോൾ ആവശ്യമില്ല... ഐസൻഹോവറിനോട് പറയണം, തകർന്ന ജങ്കേഴ്സിന്റെ അവശിഷ്ടങ്ങൾ എനിക്ക് പരിശോധിക്കേണ്ടതുണ്ടെന്നും അതിന് കേണൽ കെൽസോയുടെ വൈദഗ്ദ്ധ്യം ആവശ്യമുണ്ടെന്നും... എനിക്ക് വേണ്ടി ഇങ്ങനെയൊരു നുണ പറയുന്നതിൽ ബുദ്ധിമുട്ടുണ്ടോ നിങ്ങൾക്ക്...?”

 

നോ സർ...”

 

ഗുഡ് മാൻ... പിന്നെ, ഒഫിഷ്യൽ സീക്രറ്റ്സ് ആക്റ്റ് ഓർമ്മയിരിക്കട്ടെ... ദിസ് നെവർ ഹാപ്പെൻഡ്... ഓകേ...?”

 

അതാണ് താങ്കളുടെ ആഗ്രഹമെങ്കിൽ പിന്നെ ഓകെ ബ്രിഗേഡിയർ...”

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

15 comments:

  1. പാവം മാക്‌സ്...മൂട്ടിയുടെ വിവരം അറിഞ്ഞ് തകർന്നുപോയി...

    ReplyDelete
  2. അങ്ങനെ മാക്സ് പിടിക്കപ്പെട്ടു. പാവം മൂട്ടി യുടെ കാര്യം അറിഞ്ഞു തകർന്നു പോയി. ��ഇനി ഹാരി യുടെ കാര്യം എന്താവുമോ?

    ReplyDelete
    Replies
    1. ഇനി ഹാരിയെ എങ്ങനെ രക്ഷപെടുത്താം എന്നാണ് ചിന്തിക്കേണ്ടത്...

      Delete
  3. കഷ്ടം. മാക്സ്❤️. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.

    ReplyDelete
    Replies
    1. മൂട്ടിയുടെ ജീവനെയോർത്ത് ഇറങ്ങിത്തിരിച്ച മാക്സ് എല്ലാം നഷ്ടപ്പെട്ട് വേദനയോടെ...

      Delete
  4. ആരുടെ പക്ഷത്തായാലും നന്മ വിജയിക്കട്ടെ. മാക്സും ഹാരിയും മൂട്ടിയും നൊമ്പരമാവുന്നു

    ReplyDelete
    Replies
    1. ഒന്നും ചെയ്യാനാവാതെ മാക്സ്...

      Delete
  5. "ആരുടെ പക്ഷത്തായാലും നന്മ വിജയിക്കട്ടെ.."

    ReplyDelete
  6. ഇത്ര പെട്ടെന്ന് പൊളിഞ്ഞു പിടിയിൽ ആയല്ലോ

    ReplyDelete
    Replies
    1. അല്ലെങ്കിലും മാക്സിന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല ശ്രീക്കുട്ടാ...

      Delete
  7. ഇനി ഹാരിയെ എത്രയും പെട്ടെന്ന് കണ്ടുമുട്ടിയാൽ മതിയായിരുന്നു...

    ReplyDelete
    Replies
    1. അത് മാത്രമാണ് ഒരു പ്രതീക്ഷ...

      Delete
  8. അങ്ങനെ മൂട്ടിയുടെ ദുരന്തനത്തിന് പിന്നാലെ ഒരു ഹീറോ കൂടി പിടിയിലായി ...

    ReplyDelete